Prabodhanm Weekly

Pages

Search

2015 ജൂലൈ 31

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കൊപ്പം ഒരു പെരുന്നാള്‍

സുബൈര്‍ ഓമശ്ശേരി /റിപ്പോര്‍ട്ട്

         ലോകത്ത് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന വിഭാഗം റോഹിങ്ക്യന്‍ മുസ്‌ലിംകളാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അവര്‍ കഴിയുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ചാല്‍ നമുക്കത് ബോധ്യമാവുകയും ചെയ്യും. ദല്‍ഹിയില്‍ ശ്രം വിഹാര്‍, മദന്‍പൂര്‍ കാദര്‍ എന്നീ രണ്ട് ക്യാമ്പുകളിലായി 110 കുടുംബങ്ങള്‍ താമസിക്കുന്നു. കുടുംബങ്ങളിലെ അംഗസംഖ്യ ശരാശരിയാണ്. മാതാപിതാക്കളില്ലാത്ത തീര്‍ത്തും അനാഥരായ കുട്ടികളും അക്കൂട്ടത്തിലുണ്ട്. വളരെ അടുത്തടുത്ത് കീറിയ ഷീറ്റുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ, പൊളിഞ്ഞുവീഴാറായ കൂരകളിലാണ് അവര്‍ താമസിക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനം പോലും അതിലില്ല. കഷ്ടപ്പാടിന്റെ അടയാളം അവരുടെ മുഖത്ത് നിഴലിച്ച് കാണാം. പോഷകാഹാരത്തിന്റെ കുറവ് കുട്ടികളെ പട്ടിണിക്കോലങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഓരോ ക്യാമ്പിനും ലീഡറും അസിസ്റ്റന്റ് ലീഡറും ഉണ്ടായിരിക്കും. അവര്‍ വഴിയാണ് ക്യാമ്പുമായി ബന്ധപ്പെടുന്നതും സഹായമെത്തിക്കുന്നതും. വല്ലപ്പോഴും ചില ഏജന്‍സികള്‍ മുഖേന ചെറിയ ചെറിയ സഹായങ്ങള്‍ അവര്‍ക്ക് ലഭ്യമാകുന്നുണ്ട്. സ്‌നേഹത്തോടെ കഴിയുന്നവരാണെങ്കിലും സ്വാഭാവികമായ ചില കലഹങ്ങള്‍ അവര്‍ക്കിടയിലും ഉണ്ടാകാറുണ്ട്.

ഈ വര്‍ഷത്തെ പെരുന്നാള്‍ അവര്‍ക്കൊപ്പം ആഘോഷിക്കാന്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചു. ആഘോഷങ്ങള്‍ ഭംഗിയാക്കുന്ന കാര്യം ജമാഅത്തെ ഇസ്‌ലാമി ദല്‍ഹി മലയാളി ഹല്‍ഖ ഏറ്റെടുത്തു. താരതമ്യേന പുറത്തു നിന്നുള്ള സഹായം അധികമൊന്നും ലഭിക്കാത്ത ശ്രം വിഹാര്‍ ക്യാമ്പിലാണ് ആഘോഷം തീരുമാനിച്ചത്. മൊത്തം 280 പേരാണ് ക്യാമ്പിലെ അന്തേവാസികള്‍. പെരുന്നാളിന് ഒരു ദിവസം മുമ്പേ ക്യാമ്പിലെ പത്തുവയസ്സ് വരെയുള്ള 130 കുട്ടികള്‍ക്ക് പുതുവസ്ത്രം വിതരണം ചെയ്തു. ഒരിക്കല്‍ ധരിച്ച വസ്ത്രം മാസങ്ങളായി അഴിക്കുക പോലും ചെയ്യാത്ത കുട്ടികള്‍ക്ക് പുതുവസ്ത്രം ലഭിച്ചപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ആ നിമിഷത്തില്‍ തന്നെ പലരും പുത്തനുടുപ്പ് അണിയാന്‍ തുടങ്ങി. നാളെ പെരുന്നാളിനാണ് ഉടുക്കേണ്ടതെന്ന് പറഞ്ഞ് അഴിപ്പിച്ചു വെക്കുകയായിരുന്നു ഞങ്ങള്‍.

പെരുന്നാള്‍ ദിവസം ബിരിയാണിയും മധുരപലഹാരവും വിതരണം ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു. രാവിലെ 9 മണിക്ക് ദല്‍ഹി മര്‍കസ് പള്ളിയിലെ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും ദല്‍ഹി മലയാളി സെന്ററില്‍ ഒത്തൊരുമിച്ചു. പല കോളേജുകളിലായി പഠിക്കുന്നവരും, പുതുതായി അഡ്മിഷന്‍ ലഭിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രത്യേകം തയാറാക്കിയ പായസം കുടിച്ച ശേഷം തക്ബീര്‍ മുഴക്കിയും ചെറിയ കലാപരിപാടികള്‍ നടത്തിയും നാട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയാത്ത ദുഃഖം മറക്കുകയായിരുന്നു ഞങ്ങള്‍. 11 മണിയോടു കൂടി എല്ലാവരും ക്യാമ്പില്‍ എത്തിചേര്‍ന്നു.

സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും ഒരിടത്ത് ഒരുമിച്ചു കൂടി കലാപരിപാടികള്‍ അവതരിപ്പിച്ചു. ചെറിയ കുട്ടികള്‍ അവരുടെ ബര്‍മീസ് ഭാഷയിലുള്ള ഗാനങ്ങള്‍ അവതരിപ്പിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ പലരും പരിപാടികള്‍ അവതരിപ്പിച്ചു. അവരുടെ കൂട്ടത്തില്‍നിന്നു തന്നെ ഗിത്താര്‍ വായിക്കുന്ന ഒരാള്‍ ഉപകരണവുമായി ഓടിയെത്തി. എല്ലാവരും ഭംഗിയായി ആസ്വദിച്ചു. അവരെ സംബന്ധിച്ചേടത്തോളം ഒരു പുത്തന്‍ അനുഭവമായിരുന്നു ഇതെന്ന് പറയേണ്ടതില്ല. തുടര്‍ന്ന് ഞങ്ങള്‍ കരുതിവെച്ച മധുരപലഹാരം ഞങ്ങളുടെ കൂട്ടത്തിലെ സ്ത്രീകള്‍ വിതരണം നടത്തി. കൂരകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് അവിടേക്ക് എത്തിച്ചു കൊടുത്തു. പാക്കറ്റുകളിലാക്കി കൊണ്ടുവന്ന ബിരിയാണി അവര്‍ക്കൊപ്പം ഒന്നിച്ചിരുന്ന് കഴിക്കുമ്പോള്‍ നാട്ടില്‍ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ നിര്‍വൃതി ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നു. നാടും വീടും താങ്ങും തണലുമില്ലാത്ത ഈ മനുഷ്യരുടെ കൂടെ ചേര്‍ന്നു നിന്ന് പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ഉണ്ടായ സന്തോഷം വിവരണാതീതമായിരുന്നു. എല്ലാവരെയും നിര്‍ത്തി ഗ്രൂപ്പ് ഫോട്ടോയെടുത്ത് ഞങ്ങള്‍ യാത്രപറയുമ്പോള്‍ 3 മണി കഴിഞ്ഞിരുന്നു.

നോമ്പുകാലത്ത് ഓരോ കുടുംബത്തിനും ഒരു മാസത്തേക്കുള്ള സാധനങ്ങള്‍ 'വിഷന്‍ 2016' നല്‍കിയിരുന്നു. രണ്ട് സമൂഹ നോമ്പുതുറകളും ക്യാമ്പില്‍ സംഘടിപ്പിച്ചിരുന്നു. അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും സഹായങ്ങള്‍ ലഭ്യമാക്കാനും ജമാഅത്തെ ഇസ്‌ലാമി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ഏര്‍പ്പാടുകളും ആരംഭിച്ചു കഴിഞ്ഞു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /42-46
എ.വൈ.ആര്‍