Prabodhanm Weekly

Pages

Search

2015 ജൂലൈ 31

വികസിക്കേണ്ട ഘടനയും വ്യാപിക്കേണ്ട പ്രസ്ഥാനവും

മുഹമ്മദ് റോഷന്‍ പറവൂര്‍ /പ്രസ്ഥാനം

         നവീകരിക്കുന്നതിലും പുതുമകള്‍ കണ്ടെത്തുന്നതിലും വര്‍ഷങ്ങളായി മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ഗൂഗ്ള്‍. സ്ഥിരമായി ഗൂഗ്‌ളിന് ഇതെങ്ങനെ നിലനിര്‍ത്തുവാന്‍ കഴിയുന്നു? സ്ഥാപനത്തിന്റെ വിഷനും മിഷനും, നേതൃത്വത്തിന്റെ മികവും കൊണ്ടുമാത്രം സാധ്യമായ സംഗതിയാണോ ഇത്? തീര്‍ച്ചയായും അല്ല. മറിച്ച്, ഗൂഗ്ള്‍ എന്ന സ്ഥാപനത്തിന്റെ ഘടനയും പ്രവര്‍ത്തന ശ്രേണിയും സംവിധാനം ചെയ്തിരിക്കുന്ന രീതിയാണ് അവരെ വേറിട്ട് നിര്‍ത്തുന്നത്. 

ഗൂഗ്‌ളില്‍ ജോലി ചെയ്യുന്ന ഏഴായിരത്തി അഞ്ഞൂറില്‍ പരം എഞ്ചിനീയര്‍മാരില്‍ ഓരോ എഞ്ചിനീയറും ആഴ്ചയിലെ അഞ്ചു പ്രവൃത്തി ദിനങ്ങളില്‍ ഒരു ദിവസം തങ്ങളുടെ സ്വന്തം പ്രൊജക്ടിലാണ് ജോലി ചെയ്യേണ്ടത്. അതായത് തന്റെ സ്വപ്നങ്ങളും ആശയങ്ങളും വികസിപ്പിച്ചു കൊണ്ടുള്ള, അതോടൊപ്പം സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് സഹായകവുമാകുന്ന തരത്തിലുള്ള പ്രൊജക്ടുകള്‍. ഓരോ എഞ്ചിനീയറില്‍ നിന്നും വ്യത്യസ്തവും നൂതനവുമായ ആശയങ്ങള്‍ നിരന്തരമായി ഈ പ്രക്രിയയിലൂടെ ഗൂഗ്‌ളിന് ലഭിക്കുന്നു. ഒരേ സമയം ചുരുങ്ങിയത് ഏഴായിരത്തി അഞ്ഞൂറില്‍ പരം ആശയങ്ങള്‍! മാത്രമല്ല, എഞ്ചിനീയര്‍മാര്‍ക്ക് പ്രചോദനം നല്‍കി ദീര്‍ഘകാലം സൃഷ്ടിപരമായ അവരുടെ സേവനം ഉപയോഗപ്പെടുത്തുവാനും ഇതിലൂടെ ഗൂഗ്‌ളിന് കഴിയുന്നു.

പറഞ്ഞുവരുന്നത് ആശയങ്ങള്‍ കേവലം നേതൃത്വ ഗുണമുള്ള വ്യക്തികളില്‍ നിന്നു മാത്രമല്ല രൂപപ്പെട്ട് വരുന്നത്. സംവിധാനങ്ങള്‍ ഒരുക്കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏതൊരു ശ്രേണിയിലുള്ള വ്യക്തികളില്‍ നിന്നും ആശയങ്ങള്‍ രൂപപ്പെട്ട് വരും. ഇതിന് സാധിക്കുമാറുള്ള രീതിയിലാണോ ഘടനയും പ്രവര്‍ത്തന രീതികളും രൂപകല്‍പന ചെയ്തിരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും സ്ഥാപനങ്ങളിലും, സംഘടനകളിലുമുള്ള നവീകരണ യത്‌നങ്ങളില്‍ വ്യക്തികള്‍ വഹിക്കുന്ന പങ്കാളിത്തം.

ഘടന അഥവാ സ്ട്രക്ചര്‍ എന്നാല്‍ എന്താണ്? ഒരു സ്ഥാപനത്തിന്റെ/ സംഘടനയുടെ മനുഷ്യവിഭവം അടക്കമുള്ള ശേഷികള്‍ കൊണ്ട്, നിര്‍ണയിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയും കാര്യക്ഷമതയോടെയും നിര്‍വഹിക്കപ്പെടുന്നു എന്ന് ചുമതലപ്പെട്ടവര്‍ക്ക് ഉറപ്പുവരുത്താനുള്ള ഔദ്യോഗിക സംവിധാനമാണ് ഘടന.

സാധാരണയായി രണ്ട് തരത്തിലുള്ള ഘടനയിലാണ് സ്ഥാപനങ്ങളും സംഘടനകളും സംവിധാനിച്ചിട്ടുള്ളത്. കാലങ്ങളായി തുടര്‍ന്നുവരുന്നതും പ്രചാരത്തിലുള്ളതുമായ ഘടനയാണ് ഒന്നാമത്തേത്. അതായത് സ്ഥാപനത്തിന്റെ വിഷനും, മിഷനും, പോളിസിയുമനുസരിച്ച് മേലേതട്ടില്‍ നിന്ന് വിവിധ ശ്രേണികളിലായി താഴേതട്ടിലേക്ക് കേന്ദ്രീകൃത സ്വഭാവത്തില്‍ ആശയവിനിമയങ്ങളും കാര്യനിര്‍വഹണവും നടത്തപ്പെടുന്ന ഘടന. ഇത്തരം ഘടനയിലധിഷ്ഠിതമായ സ്ഥാപനങ്ങള്‍ നേരത്തെ നിര്‍ണയിക്കപ്പെട്ട രീതികളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ പൊതുവെ നിലവാരം പുലര്‍ത്തുന്നവയായിരിക്കും. എന്നിരുന്നാലും രീതിശാസ്ത്രത്തില്‍ കാര്യമായ നവീകരണങ്ങള്‍ നടത്താത്തതിനാല്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ പ്രയാസമായിരിക്കും.

വീകേന്ദ്രീകൃതമായ, അയവോട് കൂടിയ ഘടനയാണ് രണ്ടാമത്തേത്. ഈ ഘടനയില്‍ മേലേ തട്ടില്‍ നിന്ന് വിവിധ ശ്രേണികളിലായി താഴേ തട്ടിലേക്കുള്ള ആശയവിനിമയങ്ങള്‍ക്കും കാര്യനിര്‍വഹണത്തിനും പകരമായി ഓരോ ഡിപ്പാര്‍ട്ട്‌മെന്റും / വകുപ്പും സ്ഥാപനത്തിന്റെ വിഷനും മിഷനും പോളിസിയയുമനുസരിച്ച് സ്വതന്ത്രമായി / അയവോട് കൂടി പ്രവര്‍ത്തിക്കും. സാമൂഹിക മാറ്റങ്ങളെ ഉള്‍ക്കൊണ്ടും, നൈസര്‍ഗികമായ കഴിവുകള്‍ ഉപയോഗപ്പെടുത്തിയുമുള്ള രീതിശാസ്ത്രങ്ങളും സമീപനങ്ങളുമായിരിക്കും ഇത്തരം സ്ഥാപനങ്ങളില്‍ സംജാതമാകുക. അത് കൊണ്ട് തന്നെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും നൂതന രീതിയിലുള്ളതും, സ്ഥാപനത്തിന്റെ ഗണ്യമായ വളര്‍ച്ചക്ക് സഹായകമാകുന്നതുമായിരിക്കും. 

മുകളില്‍ സൂചിപ്പിച്ച രണ്ട് ഘടനകള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതിനാല്‍ വികാസവും നിലവാരവും മികച്ച കാര്യക്ഷമതയും അതോടൊപ്പം നവീകരണവും ലക്ഷ്യമിടുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതല്ലെങ്കില്‍ കൂടി, രണ്ട് ഘടനകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള സന്തുലിതമായ രീതിയാണ് സ്വീകരിക്കേണ്ടത്. 

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പൊതുവെ ആദ്യം സൂചിപ്പിച്ച വിവിധ ശ്രേണികളിലായി താഴെ തട്ടിലേക്ക് കേന്ദ്രീകൃത സ്വഭാവത്തില്‍ ആശയവിനിമയങ്ങളും കാര്യനിര്‍വഹണവും നടത്തപ്പെടുന്ന ഘടനയിലധിഷ്ഠിതമായവയാണ്. പ്രസ്ഥാനത്തെ ഭദ്രമായ ഒരു കോട്ട പോലെ കേഡര്‍ സ്വഭാവത്തില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഈ ഘടന വളരെയധികം സഹായകമാകും. എന്നാല്‍, പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ഘടന കാര്യക്ഷമതയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും റിസള്‍ട്ടുകളുണ്ടാക്കുന്നതിനും സഹായകമാകുന്നതാണോ? ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ വിവിധ വകുപ്പുകളെയും അവ ലക്ഷ്യമാക്കുന്ന പദ്ധതികളെയും, ലഭ്യമായ വിഭവങ്ങളുമായി താരതമ്യം ചെയ്ത് ശാസ്ത്രീയമായി അപഗ്രഥിക്കുകയാണെങ്കില്‍ നിലവില്‍ അനുവര്‍ത്തിച്ചു പോരുന്ന ഘടന വേണ്ടത്ര സഹായകമാവുന്നില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും.

നവീകരണം

മനുഷ്യന്‍ എന്ന അമൂല്യമായ വിഭവശേഷിയുടെ ശാരീരിക ശേഷി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുമ്പോള്‍ അവരുടെ ബൗദ്ധിക ശേഷിയെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തി പുതിയ ചിന്തകളും പദ്ധതികളുമായി മുന്നോട്ട് പോകുന്നതില്‍ ഇനിയും വേണ്ടത്ര വിജയം കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്ന് മനസ്സിലാകുന്നു. ചിന്ത മുഴുവന്‍ നേതൃത്വത്തിന്റെ ബാധ്യതയാണെന്ന ധാരണയോടെ പ്രവര്‍ത്തന മണ്ഡലത്തില്‍ വ്യാപൃതരാവുന്ന പ്രവര്‍ത്തകര്‍ക്ക് അവരുടെ ആശയങ്ങളും പദ്ധതികളും പങ്കുവെക്കാനും അവതരിപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ സംഘടനയില്‍ സാധ്യമാകുമ്പോള്‍ നേതൃത്വത്തെ പോലും വിസമയിപ്പിക്കുന്ന ആശയങ്ങളുടെ വിസ്‌ഫോടനങ്ങള്‍ ഉണ്ടായെന്ന് വരും. 

പ്രസ്ഥാനങ്ങളുടെ ആഭ്യന്തര യോഗങ്ങളില്‍ ക്ലാസുകള്‍ക്കും പ്രവര്‍ത്തനങ്ങളുടെ ആസൂത്രണങ്ങള്‍ക്കുമുപരിയായി പുതിയ ആശയങ്ങളും പദ്ധതികളും പങ്കുവെക്കാനും ചര്‍ച്ച ചെയ്യാനുമുള്ള അവസരം ഒരു അജണ്ടയായി മാറുന്നതോടുകൂടി യോഗങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലവും ക്രിയാത്മകവുമായിത്തീരുന്നു. കൂടാതെ പ്രസ്ഥാനത്തിനകത്തെ തിങ്ക്-ടാങ്കുകളെ ഉപയോഗപ്പെടുത്തി ഇനോവേഷന്‍ ലാബുകള്‍ക്ക് രൂപം കൊടുക്കുകയും, വര്‍ഷത്തില്‍ മൂന്നോ നാലോ തവണകളിലായി ജില്ലാ-സംസ്ഥാന തലങ്ങളില്‍ വ്യത്യസ്ത ചിന്തകളുടെയും പദ്ധതികളുടെയും ചര്‍ച്ചകളും സമര്‍പ്പണങ്ങളും നടത്തുകയും ചെയ്യേണ്ടതുണ്ട്.

വികേന്ദ്രീകരണം

കേന്ദ്രീകൃത ഘടനയിലധിഷ്ഠിതമായ പ്രസ്ഥാനങ്ങളില്‍ വകുപ്പുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഘടന സ്വാഭാവികമായും സങ്കീര്‍ണമായി തീരുന്നു. തീരുമാനങ്ങളെടുക്കുന്നതില്‍ കാലതാമസം വരുന്നു. പ്രസരണചോര്‍ച്ചയില്ലാതെയുള്ള ആശയവിനിമയം പ്രയാസകരമാവുന്നു. വികേന്ദ്രീകരണത്തിലൂടെ ഇതിനൊരു പരിഹാരം കാണാവുന്നതാണ്. ഓരോ വകുപ്പും പ്രസ്ഥാനത്തിന്റെ പോളിസിയും മുന്‍ഗണനാക്രമവുമനുസരിച്ച് സ്വന്തമായ ആസൂത്രണങ്ങളോടെയും കര്‍മപദ്ധതികളോട് കൂടിയും പ്രവര്‍ത്തിക്കുമ്പോള്‍ സങ്കീര്‍ണതയും കാലതാമസവും ഒഴിവാക്കാന്‍ കഴിയുന്നു. മാത്രമല്ല, നേതൃത്വത്തിന്റെ ഭാരം താരതമ്യേന കുറയുകയും കൂടുതല്‍ പ്രാധാന്യമേറിയതും ഗൗരവമുള്ളതുമായ സംഗതികളില്‍ നേതൃത്വത്തിന് ഫോക്കസ് ചെയ്യാനും കഴിയുന്നു. ചെറുതും വലുതുമായ ഏതൊരു കാര്യത്തിനും കേന്ദ്രീകൃത ഘടനയില്‍ മുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ കാത്തുനില്‍ക്കുന്നതിന് പകരമായി വിവിധ ശ്രേണികളിലുള്ള നേതൃത്വം അനുയോജ്യമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകുന്നത് അവരെ ശാക്തീകരിക്കുന്നതിനും ശുഭാപ്തി വിശ്വാസത്തോട് കൂടി പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിനും സഹായിക്കുന്നു. 

വികാസം

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചു പോരുന്ന ഘടന സ്വാഭാവിക വളര്‍ച്ചക്കുമപ്പുറം വികാസം ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണോ? വ്യക്തികളുടെ സാമൂഹിക നിലവാരമനുസരിച്ച് അവരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാനുതകുന്ന സംവിധാനങ്ങളാണോ പ്രസ്ഥാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്? പ്രസ്ഥാനങ്ങള്‍ പൊതുവെ ഒരു പിരമിഡ് തലകീഴായുള്ള മാതൃകയിലാണ്. താഴെ കുറച്ച് പ്രവര്‍ത്തകരും അവര്‍ക്ക് മുകളില്‍ ഭാരമേറിയ കുറെ ഉത്തരവാദിത്തങ്ങളും പ്രവര്‍ത്തനങ്ങളും. സമകാലീന ലോകത്ത് പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെ അതിജയിച്ച് മുന്നേറാന്‍ കരുത്തുള്ള 'ഉമറു'മാര്‍ സമൂഹത്തില്‍ ധാരാളമുണ്ട്. നിപുണരായ അത്തരമാളുകളെ ഉള്‍ക്കൊള്ളാനും പ്രയോജനപ്പെടുത്താനും കഴിയുമാറ് സംഘടനാ സംവിധാനങ്ങള്‍ ക്രമീകരിക്കുമ്പോള്‍ മഹത്തായ ലക്ഷ്യങ്ങളുടെ കാലതാമസം കൂടാതെയുള്ള സാക്ഷാത്കരണം സാധ്യമാകുന്നു.

സ്ഥാപനങ്ങളും സംഘടനകളും മികച്ച റിസള്‍ട്ട് ഉണ്ടാക്കുന്നതിനായി ചുരുങ്ങിയത് പത്ത് വര്‍ഷം കൂടുമ്പോഴെങ്കിലും ഘടനയിലും പ്രവര്‍ത്തന രീതികളിലും സാമൂഹികാവസ്ഥക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുന്നത് കാണാം. ഇതിന് വേണ്ട പഠനങ്ങളും പരീക്ഷണങ്ങളും അനുസ്യൂതമായി നടത്തപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ കാലഭേദമന്യേ ലോകാവസാനം വരെ ജനത്തെ മുന്നില്‍ നിന്ന് നയിക്കേണ്ട ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ അത്തരത്തിലുള്ള നവീകരണ പ്രക്രിയകള്‍ രൂപീകരണ ശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആവശ്യമായ തോതില്‍ സംഭവിക്കുന്നില്ല എന്നുള്ളത് ഗൗരവമേറിയ പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /42-46
എ.വൈ.ആര്‍