ഇറാന് ആണവ കരാര് അകവും പുറവും
പരിഷ്കൃത ലോകം ആണവായുധം കണ്ടെത്തിയ കാലം മുതലേ മാനവിക ദര്ശനങ്ങളും സമാധാന പ്രേമികളും ഈ സര്വനാശ ഭീഷണിക്കെതിരെ ശക്തിയുക്തം ശബ്ദിച്ചുവരുന്നുണ്ട്. അണുബോംബുകള് പോലുള്ള കൂട്ട നശീകരണായുധങ്ങളുടെ ഉല്പാദനവും വിപണനവും അത്തരം വ്യവസായങ്ങളില് മുതല്മുടക്കി പങ്കാളിയാകുന്നതും ഇസ്ലാമിക ശരീഅത്ത് നിരോധിക്കുന്നതായി ആധുനിക മുസ്ലിം പണ്ഡിതന്മാര് സിദ്ധാന്തിക്കുന്നു. കൃഷി നശീകരണത്തിലൂടെയും വംശവിഛേദനത്തിലൂടെയും ഭൂമിയുടെ സുസ്ഥിതി-ഇസ്വ്ലാഹ്- താറുമാറാക്കുന്നതി-ഇഫ്സാദ്-നെതിരെ വിശുദ്ധ ഖുര്ആന് ആവര്ത്തിച്ചു താക്കീത് ചെയ്യുന്നുണ്ട്. കൂട്ട നശീകരണശേഷിയുള്ള ആണവ-രാസായുധങ്ങളുടെ നിര്മാര്ജനത്തിനുതകുന്ന ഏതു നീക്കത്തെയും ഇസ്ലാം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആ നിലക്ക് ജൂണ് 14-ന് ആസ്ട്രിയന് തലസ്ഥാനമായ വിയന്നയില് വന്ശക്തി രാഷ്ട്രങ്ങളും ഇറാനും തമ്മില് ഒപ്പുവെച്ച ആണവ നിയന്ത്രണ കരാര് സ്വാഗതാര്ഹമാകുന്നു. യു.എന് ജനറല് അസംബ്ലി അത് അംഗീകരിച്ചുകഴിഞ്ഞു. യു.എസ് സെനറ്റു കൂടി പാസാക്കിയ ശേഷമായിരിക്കും കരാര് പ്രാബല്യത്തില് വരിക.
തങ്ങളുടെ റിയാക്ടറുകള് രാജ്യത്തിന്റെ ഊര്ജാവശ്യം പരിഹരിക്കാന് മാത്രമുള്ളതാണെന്നും ആണവായുധ നിര്മാണം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും തുടക്കം മുതലേ ഇറാന് അവകാശപ്പെട്ടു പോന്നിരുന്നു. പാശ്ചാത്യ ശക്തികള് ആ അവകാശവാദം മുഖവിലക്കെടുക്കാന് കൂട്ടാക്കിയില്ല. ഇറാന് ആണവായുധോല്പാദന ശേഷി കൈവരിക്കാന് പാടില്ലെന്ന് അവര് ശഠിച്ചു. ഒന്നര പതിറ്റാണ്ടുകാലമായി തുടരുന്ന ഈ തര്ക്കം ഇറാന് -വന്ശക്തി ബന്ധം സംഘര്ഷ ഭരിതമാക്കിയിരുന്നു. സമവായ ചര്ച്ചകളുടെ കണ്ണിയറ്റുപോകാതിരിക്കാന് ഇരു കക്ഷികളും ശ്രദ്ധിച്ചതിലൂടെ വിനാശകരമായ ഒരു യുദ്ധം ഒഴിവാക്കപ്പെടുകയായിരുന്നു. ഉഭയകക്ഷി ചര്ച്ചയുടെ പര്യവസാനമാണ് വിയന്നയില് ഒപ്പുവെക്കപ്പെട്ട കരാര്. ആണവശക്തി വികസനം തല്ക്കാലം മരവിപ്പിക്കുമെന്നും നിലവിലുള്ള ആണവശേഷിയുടെ മൂന്നിലൊന്ന് വെട്ടിക്കുറക്കുമെന്നും ഇറാന് സമ്മതിച്ചിരിക്കുന്നു. പകരം പതിമൂന്നു കൊല്ലമായി വന്ശക്തികള് ഇറാനെതിരെ ഏര്പ്പെടുത്തിയിട്ടുള്ള കടുത്ത ഉപരോധം പടിപടിയായി നീക്കം ചെയ്യും. ഇതാണ് കരാറിന്റെ സാരാംശം. ഇതുവഴി ഇറാനും പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംഘര്ഷം നീങ്ങിപ്പോകുമെന്നും പരസ്പര സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുതുയുഗം പിറക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉപരോധമില്ലാതാകുന്നതോടെ ഇറാന്റെ ശുഷ്കമായ സമ്പദ്ഘടന ഉത്തേജിതമാകും. പാശ്ചാത്യ സഹകരണം രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക മണ്ഡലങ്ങളെയും പുഷ്കലമാക്കും. ഇറാനില് നിന്ന് കുറഞ്ഞ ചെലവില് എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നത് ഉപരോധം മൂലം വിലക്കപ്പെട്ടിരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്ക്കും ഈ കരാര് സാമ്പത്തികമായി ഗുണം ചെയ്യും. പശ്ചിമേഷ്യയില് ഇറാന്റെ പ്രസക്തിയും പ്രാമുഖ്യവും ഗണ്യമായി വര്ധിക്കുമെന്നത് ആ രാജ്യത്തിനുണ്ടാകുന്ന മറ്റൊരു നേട്ടമാണ്. അമേരിക്ക അറബികളെ കൈവിട്ട് ഇറാനുമായി കൈകോര്ക്കുന്നു എന്ന മട്ടിലാണ് അന്താരാഷ്ട്ര നിരീക്ഷകര് ആണവകരാറിനെ വായിക്കുന്നത്. ഐ.എസിനെ നേരിടാന് അറബികളെക്കാള് ഇറാന്റെ സഹകരണമായിരിക്കും ഇനി അമേരിക്ക പരിഗണിക്കുക. ആ ബന്ധം സിറിയയിലെ ബശ്ശാറുല് അസദിനോടും, ലബനാന് മിലീഷ്യയായ ഹിസ്ബുല്ലയോടുമുള്ള അമേരിക്കന് സമീപനത്തിലും മാറ്റം വരുത്തിയേക്കാം. അതിനാല് അറബ് രാജ്യങ്ങളില് ഈ കരാര് ആശങ്കയും രോഷവും ഉളവാക്കിയിരിക്കുകയാണ്. ജി.സി.സി നേതൃത്വം അതിന്റെ ഉത്കണ്ഠ വന്ശക്തികളെ അറിയിച്ചുകഴിഞ്ഞു. അറബ് രാജ്യങ്ങള് പ്രതിഷേധിച്ച് പുറംതിരിഞ്ഞു നിന്നതുകൊണ്ട് കാര്യമില്ല. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിലുളവാകുന്ന പരിവര്ത്തനങ്ങള് ഉള്കൊണ്ട് ഇറാനുമായി സമവായത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്ക്ക് തുടക്കം കുറിക്കുകയാണ് അറബ് ഇസ്ലാമിക രാജ്യങ്ങള്ക്ക് ഇപ്പോള് കരണീയമായിട്ടുള്ളത്. ഇറാന്റെ അയല്രാജ്യമായ ഒമാന് ആ പാതയിലാണ്.
ഇറാന് ആണവ കരാറിനെ കൊണ്ടാടുമ്പോള് വിസ്മൃതമാകുന്ന ഒരു യാഥാര്ഥ്യമുണ്ട്. ലോകത്തെ ഞൊടിയിടയില് ഭസ്മമാക്കാന് പര്യാപ്തമായ ആണവായുധങ്ങള്ക്കു മീതെ അടയിരുന്നുകൊണ്ടാണ് 'സുരക്ഷിത' ലോകത്തിനു വേണ്ടി ഇതര രാഷ്ട്രങ്ങളെ ആണവായുധ മുക്തമാക്കാന് വന് ശക്തികള് പാടുപെടുന്നത്. അവര് സ്വന്തം ആയുധങ്ങള് നശിപ്പിക്കാന് തയാറല്ല. ഇനിയും ഉണ്ടാക്കുകയില്ല എന്നു പറയാനേ തയാറുള്ളൂ. ഇനിയും ആണവായുധങ്ങള് അവര്ക്കാവശ്യമില്ല എന്നതാണ് വാസ്തവം. ധാരാളം അണുബോംബുകളുണ്ടാക്കുകയും അതുപയോഗിച്ച് ജനലക്ഷങ്ങളെ ചുട്ടെരിക്കുകയും ചെയ്തവര് ഇനിയാരും അതുണ്ടാക്കരുതെന്ന് പറയുന്നതിനര്ഥം ആണവായുധത്തിനുടമകള് തങ്ങള് മാത്രമായിരിക്കണമെന്നാണ്. ഈ കുത്തകാവകാശം സ്ഥാപിച്ചെടുക്കാനുള്ള വിദ്യയാണ് അവരുടെ ആണവായുധ നിര്വ്യാപന സേവനങ്ങള്. ആണവ മുക്ത സുരക്ഷിതലോകം സംജാതമാവുക ഒരിക്കല് ആണവായുധം ഉപയോഗിച്ച് മഹാ നാശമുണ്ടാക്കിയവരുടെ കൈകളില് അത് പരിമിതമാകുമ്പോഴല്ല; ആരും ആണവായുധമുണ്ടാക്കാതെയും ഉപയോഗിക്കാതെയും ഇരിക്കുമ്പോഴാണ്. വന്ശക്തികള്ക്ക് പുറമെ ഇസ്രയേലും ഇന്ത്യയും പാകിസ്താനും ദക്ഷിണാഫ്രിക്കയും ഉത്തര കൊറിയയുമൊക്കെ അണുബോംബുകള് നിര്മിച്ചുവെച്ചിട്ടുണ്ട്. അവരെല്ലാം വിമര്ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും ഇറാന് നേരിടേണ്ടിവന്ന എതിര്പ്പിനോളം രൂക്ഷമായിരുന്നില്ല. ഇസ്രയേലിന്റെ കൈവശം നൂറുകണക്കില് അണുബോംബുകളാണുള്ളത്. ആ രാജ്യം അയല് രാജ്യങ്ങളുടെ ഭൂപ്രദേശങ്ങള് വെട്ടിപ്പിടിക്കുന്നു. ആയിരക്കണക്കില് ഫലസ്ത്വീനികളെ ബോംബെറിഞ്ഞു കൊന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും ഇസ്രയേലിന്റെ അണുബോംബുകള് ആര്ക്കും പ്രശ്നമാകുന്നില്ല. ഏതോ കാലത്ത് ഇറാന് നിര്മിക്കാന് സാധ്യമായേക്കാവുന്ന സാങ്കല്പിക ബോംബിനെക്കുറിച്ചാണ് പാശ്ചാത്യരുടെ ബേജാറത്രയും. കാരണം ഇസ്രയേലിന്റെ അണുബോംബുകളുടെ ലക്ഷ്യം അറബ് ലോകമാണ്. ഉചിത സന്ദര്ഭത്തില് അവിടെ അത് വിക്ഷേപിക്കാന് തന്നെയാണ് മേഖലയില് ഇസ്രയേല് എന്ന കൃത്രിമ രാഷ്ട്രം സ്ഥാപിതമായിരിക്കുന്നത്. ഇറാന് ഒരുവേള ബോംബുണ്ടാക്കുകയും വിക്ഷേപിക്കുകയുമാണെങ്കില് അത് ചെന്നു വീഴുന്നത് ഇസ്രയേലിലായിരിക്കും. എന്തു വിലകൊടുത്തും ഇസ്രയേലിനു പോറലേല്ക്കാതെ കാത്തുസൂക്ഷിക്കേണ്ടത് അതിന്റെ സ്രഷ്ടാക്കളുടെ ബാധ്യതയാണ്. എന്നാല്, അമേരിക്ക ഇറാനുമായി ആണവകരാറുണ്ടാക്കിയത് ഇസ്രയേലിനെ രോഷം കൊള്ളിച്ചിരിക്കുകയാണ്. മേഖലയില് രാഷ്ട്രീയ സ്ഥിരതയും ഭദ്രമായ സൈന്യവുമുള്ളതായി ഇപ്പോള് അവശേഷിക്കുന്ന ഏക രാഷ്ട്രമാണ് ഇറാന്. ഇറാഖിനെയെന്ന പോലെ ആ രാജ്യത്തെയും ചതച്ചരച്ചു ശിഥിലീകരിക്കുകയാണ് ഇസ്രയേലിന്റെ ആവശ്യം. പാശ്ചാത്യരും ഇറാനും തമ്മിലുള്ള ആണവത്തര്ക്കം തങ്ങളുടെ ആഗ്രഹത്തിന്റെ സഫലീകരണത്തിലാണ് കലാശിക്കുകയെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഈ സയണിസ്റ്റ് സ്വപ്നം തല്ക്കാലം പൊലിഞ്ഞുപോയതിലുള്ള ഇഛാഭംഗമാണ് ഇസ്രയേല് പ്രകടിപ്പിക്കുന്നത്. അതാണ് ആണവ കരാറിലൂടെ ഇറാന് നേടിയ ഏറ്റവും വലിയ വിജയം. ആഗോള സമൂഹത്തിന് ആശ്വാസമേകുന്നതും അതുതന്നെ.
Comments