Prabodhanm Weekly

Pages

Search

2015 ജൂലൈ 31

ഗ്രീക്ക് ദുരന്തം ഒരു തുടര്‍ക്കഥ

വി. ശരീഫ് സിംഗപ്പൂര്‍ /കവര്‍‌സ്റ്റോറി

         തുര്‍ക്കിയും ഗ്രീസും  അയല്‍പക്ക രാജ്യങ്ങളാണ്. കൂടാതെ നീണ്ട 400 വര്‍ഷങ്ങള്‍ ഗ്രീസ് തുര്‍ക്കി കേന്ദ്രമായുള്ള ഉഥ്മാനി ഭരണത്തിനു കീഴിലായിരുന്നു. ഇപ്പോള്‍ ഈ രണ്ടു രാജ്യങ്ങളെയും വ്യത്യസ്തമാക്കുന്നത്    സാമ്പത്തിക രംഗത്തെ ജയപരാജയങ്ങളാണ്. തുര്‍ക്കി ഐ.എം.എഫില്‍ നിന്നെടുത്ത കടം പൂര്‍ണമായും സമയത്ത് തന്നെ തിരിച്ചടച്ചു. ഗ്രീസാകട്ടെ, ഇക്കഴിഞ്ഞ ജൂണ്‍ 30-നു അടക്കേണ്ട 1.5 ബില്യന്‍ ഡോളറിന്റെ ഐ.എം.എഫ് കടം തിരിച്ചടക്കുന്നതില്‍ പരാജയപ്പെട്ടു. കൂടാതെ ജൂലൈ 20-നു യൂറോപ്യന്‍ കേന്ദ്ര ബാങ്കിനു കൊടുക്കേണ്ട തുകയുടെ ഗഡുക്കളിലൊന്നായ 3.2 ബില്യന്‍ ഡോളറും ഒരു വിധത്തിലും ഗ്രീസിനു അടക്കാന്‍ കഴിയുകയില്ല എന്നുറപ്പായ പശ്ചാത്തലത്തിലാണ്  ഇ.യുവിന്റെയും  യൂറോ സോണിന്റെയും നേതാക്കള്‍ വീണ്ടും ഒരു സാമ്പത്തിക രക്ഷാ പാക്കേജ് മുന്നോട്ടുവെക്കുകയും ഗ്രീസിനെ കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തത്. അങ്ങനെ 2010-ല്‍ 143 ബില്യന്‍ ഡോളറിന്റെ കടത്തില്‍ നിന്ന് തുടങ്ങി 2015 ജൂലൈ ആകുമ്പോഴേക്കും 402 ബില്യന്‍ ഡോളര്‍ കടക്കെണിയിലാണ് ഗ്രീസ് കുടുങ്ങികിടക്കുന്നത്. കടം വാങ്ങിയ തുകയുടെ പ്രഥമ ഗഡുക്കള്‍ പോലും തിരിച്ചടക്കാന്‍ കഴിയാതായപ്പോള്‍ ഗ്രീസ്  വികസിത രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്ന, എന്നാല്‍ ഇത്തരത്തില്‍ വീഴ്ച വരുത്തിയ പ്രഥമ രാജ്യമായി മാറി. യൂറോപ്യന്‍ യൂനിയന്‍ അംഗ രാജ്യമായിട്ടും, 2010-2015 കാലയളവില്‍ 353 ബില്യന്‍ ഡോളര്‍ സാമ്പത്തിക സഹായം ലഭ്യമായിട്ടും ഗ്രീക്ക് സാമ്പത്തിക  ദുരന്തം ഒരു തുടര്‍ക്കഥയായി തന്നെ നിലനില്‍ക്കുന്നു. ഈ അടുത്തൊന്നും  ഗ്രീസ് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറുന്ന ലക്ഷണം കാണുന്നുമില്ല. 

വികസിത രാജ്യം എന്ന വിശേഷണം നല്‍കി ഗ്രീസിന് യൂറോപ്യന്‍ യൂനിയനില്‍ പ്രവേശനം നല്‍കുകയും, തുര്‍ക്കിയെ 'രോഗി' ആയതു കൊണ്ട് പുറത്തു നിര്‍ത്തുകയും ചെയ്തു പോരുകയായിരുന്നു ഇതുവരെ. ഈ യു.വിലെ അംഗ രാജ്യമായതുകൊണ്ടുതന്നെ ഇ.യുവിന്റെ ധനസഹായമുണ്ട്.  യൂറോ എന്ന പൊതു കറന്‍സിയുടെ ബലവുമുണ്ട്. എന്നിട്ടും ഗ്രീസ് സാമ്പത്തികമായി വമ്പിച്ച പതനത്തിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ തുര്‍ക്കി വലിയ സാമ്പത്തിക ശക്തിയായി മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു. 2013-ല്‍ തുര്‍ക്കി 59 ബില്യന്‍ ഡോളര്‍ വരുന്ന ഐ.എം.എഫ് കടം അടച്ചു എന്നു മാത്രമല്ല, ഐ.എം.എഫിനു 5 ബില്യന്‍ ഡോളര്‍ കടമായി കൊടുക്കുക കൂടി ചെയ്തു. 1961 മുതല്‍ ഉണ്ടാക്കിയ കടങ്ങളാണ് 2001-ല്‍ അധികാരത്തില്‍ വന്ന ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ എ.കെ പാര്‍ട്ടി 12 വര്‍ഷങ്ങള്‍ കൊണ്ട് അടച്ചു തീര്‍ത്തത്. ഇപ്പോള്‍ തുര്‍ക്കിയാകട്ടെ  തങ്ങളുടെ അയല്‍പക്ക രാജ്യമായ ഗ്രീസിനെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. 'യൂറോപ്പിന്റെ രോഗി' എന്നാക്ഷേപിക്കപ്പെട്ട തുര്‍ക്കി ഇപ്പോള്‍ 'യൂറോപ്പിന്റെ ഡോക്ടര്‍' ആയിരിക്കുകയാണ്.

ജൂണ്‍ അവസാന വാരം, ഗ്രീസില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ദുരന്ത നാടകം അരങ്ങേറുകയായിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്ചകളോളം മരവിപ്പിച്ചു.  ഒരാള്‍ക്ക് എ.ടി.എം വഴി തന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരമാവധി 60 യൂറോ മാത്രമേ എടുക്കാന്‍ പാടുള്ളൂ എന്ന കര്‍ശന നിയമം നടപ്പാക്കി. മൂലധന വ്യവഹാരവും നിയന്ത്രണത്തിലാക്കി. അക്കൗണ്ടുകളില്‍ നിന്ന് വിദേശത്തേക്ക് പണം അയക്കുന്നതും നിര്‍ത്തല്‍ ചെയ്തു. ഗ്രീസിനു കടം നല്‍കിയ ഇ.യു രാജ്യങ്ങളും ഐ.എം.എഫും ഗ്രീസിനോട് ഭീകരതയാണ് ചെയ്യുന്നതെന്ന്, രാജിവെച്ച ഗ്രീക്ക് ധന മന്ത്രി തുറന്നടിച്ചു. പൊതു റഫറണ്ടം നടത്തിയപ്പോള്‍ ഇ.യുവിന്റെ സാമ്പത്തിക അച്ചടക്ക നിയന്ത്രണങ്ങളെ ഗ്രീക്ക് ജനത തള്ളിക്കളഞ്ഞു.

എങ്കിലും ആഗോള ധനകാര്യ ഭീമന്മാരുടെ ഊരാക്കുടുക്കില്‍ വീണു പോയ ഗ്രീസിനു മറ്റൊരു വഴി പിന്തുടരാനുള്ള സാവകാശമോ ഇഛാ ശക്തിയോ ഇല്ല. അതുകൊണ്ട് തന്നെയാണ് യൂറോപ്യന്‍ യൂനിയന്റെ ചരിത്രത്തിലെ ഏറ്റവും അപമാനകരമെന്നു വിശേഷിപ്പിക്കപ്പെടുന്ന സാമ്പത്തിക അച്ചടക്ക നടപടികള്‍ക്ക് ഗ്രീസിനു വഴങ്ങേണ്ടി വന്നത്.

പുതിയ വ്യവസ്ഥ പ്രകാരം വാറ്റ്  ടാക്‌സ് ഇപ്പോഴുള്ള 13 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി ഉയര്‍ത്തുക,  പെന്‍ഷന്‍ വെട്ടിച്ചുരുക്കുക, സമ്പന്നരുടെയും കോര്‍പ്പറേറ്റുകളുടെയും നികുതി വര്‍ധിപ്പിക്കുക, സബ്‌സിഡികളും സര്‍ക്കാര്‍ ചെലവുകളും വെട്ടിച്ചുരുക്കുക, നിരവധി പൊതു സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഗ്രീക്ക് പാര്‍ലമെന്റ് ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. ഐ.എം.എഫിന്റെയും ഇ.യുവിന്റെയും ഇത്തരത്തിലുള്ള കര്‍ശന നിര്‍ദേശങ്ങള്‍ക്കെതിരെയാണ് ജനങ്ങള്‍ ഹിത പരിശോധനയില്‍ വോട്ടു ചെയ്തതെങ്കിലും അല്‍പം ഭേദഗതിയോടെയാണെങ്കിലും വഴങ്ങുകയല്ലാതെ ഗ്രീസിന്റെ മുന്നില്‍ മറ്റൊരു വഴിയില്ല എന്നതാണ് ഗ്രീക്ക് ഭരണകക്ഷിയുടെ നിലപാട്. ഇ.യു ഉന്നത തലത്തിന്റെ  അംഗീകാരവും  ലഭിച്ചതോടെ ഈ തുക ഗ്രീസിനു ലഭിക്കും എന്നുറപ്പായി. ഇതോടെ 50 ബില്യന്‍ ഡോളറിന്റെ  പുതിയ കടം ഗ്രീസിനു ലഭിച്ചു തുടങ്ങും. മുന്‍ അച്ചടക്ക വ്യവസ്ഥകളൊക്കെ  ഗ്രീസിനെ കൊണ്ടാണ് ചെയ്യിച്ചതെങ്കില്‍ ഇത്തവണ  ഗ്രീസിന് കടം നല്‍കിയവര്‍ക്ക് ഗ്രീക്ക് എക്കോണമിയില്‍ നേരിട്ട് ഇടപെടാനും വ്യവസ്ഥയുണ്ട്. ഇതു പ്രകാരം ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനും സ്വകാര്യവത്കരിക്കാനും ഗ്രീസിന്റെ കടക്കാരായ ട്രോയിക്ക(ഗ്രീസിന് കടം കൊടുത്തവരുടെ കൂട്ടായ്മയെയാണ് ട്രോയിക്ക എന്ന് വിളിക്കുന്നത്)ക്കു സാധിക്കും. ഇതുകൊണ്ടാണ് രാജിവെച്ച ഗ്രീക്ക് ധനകാര്യമന്ത്രി പറഞ്ഞത് ജര്‍മനിയുടെ നേതൃത്വത്തില്‍ ഗ്രീസിനെതിരെ അട്ടിമറിയാണ് നടന്നതെന്ന്. എന്നാല്‍ ഗ്രീസിനെ സഹായിച്ചില്ലെങ്കില്‍ യൂറോ സോണില്‍ നിന്ന് ഗ്രീസിനു പുറത്തുപോവുക മാത്രമേ വഴിയുള്ളൂ. മാത്രമല്ല, ഗ്രീസ് കൊടുക്കാനുള്ള കടം എഴുതി തള്ളേണ്ടിയും വരും. ഇതാകട്ടെ ഇ.യുവിന്റെ പ്രതിഛായ കളങ്കപ്പെടുത്തുക മാത്രമല്ല, അതിന്റെ തകര്‍ച്ചക്ക് വരെ വഴിതെളിക്കും. മാത്രമല്ല  ഗ്രീസെങ്ങാനും ഇ.യു സോണില്‍ നിന്ന് പുറത്തായാല്‍ സാമ്പത്തിക രക്ഷാ പാക്കേജുകള്‍ ലഭിച്ച സ്‌പെയിന്‍, ഇറ്റലി, അയര്‍ലണ്ട്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളും ഗ്രീസിന്റെ വഴി സ്വീകരിച്ചേക്കാം.  ഈ രക്ഷാ പാക്കേജുകളൊന്നും തന്നെ ഗ്രീസിനെ രക്ഷപ്പെടുത്തും എന്ന് കരുതാനാവില്ല; അല്‍പം ആയുസ്സ് നീട്ടിക്കിട്ടും എന്നല്ലാതെ.

കടക്കെണി എന്ന ഊരാക്കുടുക്ക്

ഒരു വ്യക്തി കടക്കെണിയില്‍  കുടുങ്ങുന്നതെങ്ങനെയാണ്? അതിന്റെ വലിയ രൂപമായാണ് രാജ്യങ്ങളും കടക്കെണിയില്‍ കുടുങ്ങുന്നത്. നമ്മുടെ നാട്ടിലെ ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തന രീതി എങ്ങനെയാണ്? കടം എളുപ്പത്തില്‍ ലഭിക്കും എന്നുള്ളതാണ് അതിന്റെ രീതി. ഇതാകട്ടെ ആളുകളെ കടം വാങ്ങാന്‍ പ്രേരിപ്പിക്കും, തിരിച്ചടക്കാന്‍ കഴിയാതിരിക്കുമ്പോള്‍ വീണ്ടും വീണ്ടും കടം വാങ്ങും.  ഇതോടെ കടക്കാരന്റെ ബാധ്യത പലിശയടക്കം വലിയ തുകയിലെത്തും.  ഇതാകട്ടെ കടക്കാരനു താങ്ങാവുന്നതില്‍ അപ്പുറം എത്തുമ്പോള്‍ പലരും ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു. രാജ്യങ്ങള്‍ ആകുമ്പോള്‍ ഇങ്ങനെ ആത്മഹത്യ ചെയ്യാന്‍ കഴിയുകയില്ല എന്നു മാത്രം.  പിന്നെ എന്താണ് പോംവഴി? കടക്കാരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തങ്ങളുടെ നാടുകളിലെ ജനങ്ങളെ പ്രയാസത്തിലാക്കി കടം വീട്ടുക.  ഇതോടെ സംഭവിക്കുന്നത്, സാധാരണക്കാരന്റെ  പെന്‍ഷന്‍ തുകയിലും, പാവപ്പെട്ടവന് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങളിലും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിലും, അമിത ടാക്‌സ് വഴി ലഭിക്കുന്ന വരുമാനത്തിലുമെല്ലാം കടക്കെണിയില്‍ അകപ്പെട്ട രാജ്യങ്ങള്‍ കടം തിരിച്ചടക്കാന്‍ (പലപ്പോഴും പലിശ മാത്രം) കൈയിട്ടു വാരുന്നു. ഇത് ചെയ്യണമെന്നാണ് ഗ്രീസിനോട് ഇ.യുവും ആവശ്യപ്പെടുന്നത്. 

രക്ഷാ പാക്കേജുകള്‍ (Rescue Packages) ഗ്രീക്ക് ജനതയുടെ രക്ഷക്കല്ല.  വലിയ സാമ്പത്തിക സഹായം എന്ന് പ്രഖ്യാപിച്ച് നല്‍കുന്ന പാക്കേജുകള്‍ യഥാര്‍ഥത്തില്‍ ഗ്രീക്ക് ജനതയുടെ രക്ഷക്കാണെന്നാണ് വെപ്പെങ്കിലും ഇത് പക്ഷേ ഗ്രീസിനു, പ്രലോഭിപ്പിച്ചു കടം നല്‍കിയ ബാങ്കുകളുടെ കടം വീട്ടാനാണ് ഉപയോഗിക്കുക. രക്ഷാ പാക്കേജായി നല്‍കിയ തുകയുടെ 90 ശതമാനവും ബാങ്കുകള്‍ നല്‍കിയ കടം വീട്ടാനാണ്. ബാക്കി വരുന്ന 10 ശതമാനം മാത്രമാണ് ഗ്രീക്ക് ജനതയുടെ സാമ്പത്തിക മേഖലക്ക് ലഭിച്ചത്. വന്‍ പ്രലോഭനത്തിലൂടെയാണ് വന്‍കിട ബാങ്കുകള്‍ രാഷ്ട്രങ്ങള്‍ക്ക് കടം നല്‍കുന്നത്. ഇത്തരത്തില്‍ കടം നല്‍കുമ്പോള്‍ കടം കൊടുത്ത തുകകള്‍ പ്രത്യുല്‍പാദന മേഖലയിലാണോ രാഷ്ട്രങ്ങള്‍ ഉപയോഗിച്ചത് എന്നൊന്നും ബാങ്കുകള്‍ നോക്കാറില്ല. കാരണം അവര്‍ക്കറിയാം തങ്ങള്‍ കൊടുക്കുന്ന കടം പലിശയടക്കം തിരിച്ചു കിട്ടുമെന്ന്. ഇല്ലെങ്കില്‍ അന്താരാഷ്ട്ര കൂട്ടായ്മ, കടം കൊടുത്ത രാജ്യങ്ങളിലെ ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയിട്ടെങ്കിലും തങ്ങളുടെ തുക തിരിച്ചു പിടിക്കും എന്ന്.

ഇനി ഈ സാമ്പത്തിക  രക്ഷാ പാക്കേജുകളെ ഒന്ന് വിശകലനം ചെയ്താല്‍ വെടക്കാക്കി തനിക്കാക്കുക എന്ന രീതിശാസ്ത്രം തന്നെയാണ് ഗ്രീസിന് കടം നല്‍കിയ ഇ.യുവും ഐ.എം.എഫും യൂറോപ്യന്‍ കേന്ദ്ര ബാങ്കും മറ്റു ബാങ്കുകളും പിന്തുടരുന്നത് എന്നു കാണാന്‍ പ്രയാസമില്ല. 402 ബില്യന്‍ ഡോളര്‍ ഗ്രീസിനു കടം കൊടുത്ത ഈ ആളുകളൊക്കെ പലിശയിനത്തില്‍ വലിയ തുകകളാണ് ലാഭമായി ഈടാക്കുന്നത്. യൂറോപ്യന്‍ കമീഷനും  യൂറോപ്യന്‍ കേന്ദ്ര ബാങ്കും പുറത്തു വിട്ട ഒരു റിപ്പോര്‍ട്ട് പറയുന്നത് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് തന്നെ  3.2 ബില്യന്‍ ഡോളറിന്റെ ലാഭം 2014-ല്‍ ഗ്രീസില്‍ നിന്ന് വാങ്ങിക്കൂട്ടിയ കടപത്രങ്ങള്‍ വഴി നേടിയിട്ടുണ്ടെന്നാണ്. ഗ്രീക്ക് കടപത്രം വാങ്ങുക വഴി ഫ്രാന്‍സ് 800 മില്യന്‍ ഡോളര്‍ ലാഭം ഉണ്ടാക്കിയതായി വെളിപ്പെടുത്തി. ഫ്രാന്‍സ് ആകട്ടെ, ചെറിയ പലിശ നിരക്കിനു കടം വാങ്ങി കൂടുതല്‍ പലിശക്ക് ഗ്രീസിനു കൊടുക്കുകയാണുണ്ടായത്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ആയ ഇ.സി.ബി  2010-2014 കാലയളവില്‍ ഗ്രീസില്‍ നിന്ന് വര്‍ഷാവര്‍ഷം 2.2 ബില്യന്‍ ഡോളര്‍ പലിശ ഇനത്തില്‍ മാത്രം വരുമാനം ഉണ്ടാക്കി. ഐ.എം.എഫും മോശമാക്കിയില്ല. 1.5 ബില്യന്‍ ഡോളറാണ് പലിശ വകയില്‍ ഈ ലോക സ്ഥാപനം  ഗ്രീസില്‍ നിന്ന് അടിച്ചുമാറ്റിയത്.  ഈ കണക്കുകളൊന്നും ഗ്രീക്ക് പ്രതിസന്ധി വിശകലനം ചെയ്യുമ്പോള്‍ ചര്‍ച്ചയാകാറില്ല എന്നുള്ളതാണ് വാസ്തവം; 'ധനസഹായം', 'രക്ഷാ പാക്കേജുകള്‍', 'വിട്ടുവീഴ്ച', 'കടാശ്വാസം', 'തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കല്‍' എന്നൊക്കെയുള്ള മനസ്സിനു സുഖം നല്‍കുന്ന വാക്കുകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കിലും. സത്യത്തില്‍ ഈ ആളുകളൊക്കെ ചെയ്യുന്നത്, മുച്ചീട്ട് കളിക്കാരന്റെ 'വെയ് രാജാ വെയ്', '10 വെച്ചാല്‍ നൂറ്, നൂറ് വെച്ചാല്‍ ആയിരം' കളികള്‍ തന്നെയാണ്. 

രക്ഷാ പാക്കേജുകള്‍ ലഭ്യമാകുമ്പോള്‍ അത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം കൂടുതല്‍    വഷളാക്കുകയാണ് ചെയ്യുന്നത്. പരിഹാരത്തിന് പകരം ക്ലേശം കൂട്ടുകയും 2010-ലെ രക്ഷാ പാക്കേജുകളുടെ കാര്യമെടുക്കുക. അഞ്ചു വര്‍ഷം ചെലവ് ചുരുക്കല്‍ നടത്തിയിട്ടും ബാക്കിയായത് ദേശീയ വരുമാനം 26 ശതമാനമായി കുറഞ്ഞതും കടവും പലിശയും കുന്നുകുടിയതും തൊഴിലില്ലായ്മ 50 ശതമാനത്തില്‍ എത്തിയതും മാത്രം. മെച്ചമുണ്ടാക്കിയതാകട്ടെ കടം നല്‍കിയ ബാങ്കുകളും. പുതിയ 'രക്ഷാ പദ്ധതി' 3 വര്‍ഷം പിന്നിട്ടാലും ഇത് തന്നെയാകും സ്ഥിതി.

പിന്നെ എന്തുകൊണ്ടാണ് ഗ്രീസിനെ ഇ.യുവില്‍ നിന്ന് പുറത്തു കടക്കാന്‍ അനുവദിക്കാത്തത്? ഗ്രീക്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മീഡിയയില്‍   ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെടുന്ന യൂറോപ്യന്‍ നേതാവ് ജര്‍മന്‍ ചാന്‍സലര്‍ മേര്‍കില്‍ ആണ്. ഇതിനു കാരണം ഗ്രീക്ക് സര്‍ക്കാറിന് ഗ്രീസിനു പുറത്തു നിന്ന്  കടം കൊടുത്ത ബാങ്കുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ജര്‍മന്‍ ബാങ്കുകളാണ് എന്നുള്ളതാണ്. ഗ്രീസ് പാപ്പരാവുകയാണെങ്കില്‍ ഇ.യുവിലെ ഏറ്റവും സമ്പന്ന രാജ്യമായ ജര്‍മനി  തന്നെയാണ് അതിന്റെ ഭാരം താങ്ങേണ്ടതും.

ലാഭം വന്നാല്‍ ബാങ്കിന്, നഷ്ടം വന്നാല്‍ ജനങ്ങള്‍ക്ക്!

ഇങ്ങനെ രക്ഷാ പാക്കേജുകള്‍ വഴി സംഭവിക്കുന്നത്, കുത്തക  സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന കടങ്ങള്‍ പലിശയടക്കം തിരിച്ചു നല്‍കിക്കൊണ്ട് ഈ കടം മുഴുവനും   പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലേക്ക് വഴിമാറ്റി വിടുന്നു എന്നുള്ളതാണ്. ഇത്തരത്തില്‍ ഗ്രീസിന്റെ 78 ശതമാനം കടങ്ങളും ഇപ്പോള്‍  ഐ.എം.എഫ്, ഇ.യു രാജ്യങ്ങള്‍, യൂറോപ്യന്‍   കേന്ദ്ര ബാങ്ക് എന്നിവയിലേക്ക് രക്ഷാ പാക്കേജുകള്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യുകയാണുണ്ടായത്. ചുരുക്കത്തില്‍ രാജ്യങ്ങളുടെ പൊതു മുതലില്‍ നിന്ന് കുത്തക ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുക; അതും സാമ്പത്തിക കുതിരക്കച്ചവടം നടത്തിയ സ്വകാര്യ കുത്തക സ്ഥാപനങ്ങള്‍ ഒരു ഭാരവും വഹിക്കാതെ!! അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ പ്രശസ്തമായ ഒരു ചൊല്ലുണ്ടായിരുന്നു: ''സ്വകാര്യ കുത്തക ധനകാര്യ സ്ഥാപനങ്ങള്‍ ലാഭം ലഭിക്കുമ്പോള്‍ സ്വന്തമാക്കുകയും നഷ്ടം വരുമ്പോള്‍ പൊതുമുതലില്‍ നിന്ന് (സര്‍ക്കാര്‍ രക്ഷാ പാക്കേജുകള്‍വഴി) നഷ്ടം നികത്തുകയും ചെയ്യുന്നു.'' ഗ്രീസിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. എത്ര പ്രതിസന്ധികള്‍ ഉണ്ടായാലും ഇത്തരം കുത്തക ധനകാര്യ സ്ഥാപനങ്ങള്‍ പിന്നോട്ടടിക്കാത്തത്, രക്ഷാ പാക്കേജുകള്‍ വഴി തങ്ങള്‍ ഒരു പോറലും പറ്റാതെ രക്ഷപ്പെടും എന്നുള്ള ഉറപ്പുകൊണ്ടാണ്. അല്ലെങ്കില്‍ വന്‍  ലാഭം ഉണ്ടാക്കാന്‍ പലിശ, ഊഹക്കച്ചവടം എന്നിവയെ മാത്രം ആശ്രയിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ കൂടുതല്‍ സുക്ഷ്മത കാണിച്ചേനേ.

ചില ലളിതമായ പരിഹാരങ്ങള്‍

2009-ല്‍ ദുബൈ സാമ്പത്തിക പ്രതിസന്ധി നേരിടുകയുണ്ടായി. വികസനത്തിനും മറ്റു സ്വപ്ന പദ്ധതികള്‍ക്കും വേണ്ടി  വന്‍ തുകകള്‍ കടമെടുത്തിട്ടാണ് ദുബൈ ഫണ്ട് സ്വരുപിച്ചത്. ഇതാകട്ടെ പിന്നീട്  തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയപ്പോള്‍, ദുബൈ പ്രതിസന്ധിയില്‍ അകപ്പെട്ടു. അബൂദബി തക്ക സമയത്ത് ദുബൈക്ക് സഹായം നല്‍കിയത് കാരണം ദുബൈ പ്രതിസന്ധി തരണം ചെയ്തു. പക്ഷേ ഇപ്പോള്‍ ഗ്രീക്ക് പ്രശ്‌നത്തില്‍ ഇ.യു ഇടപെട്ടു സഹായിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി പലിശയില്‍ കെട്ടി കുരുക്കാതെ ദീര്‍ഘകാല വായ്പ നല്‍കിയാണ് അബൂദബി ദുബൈയുടെ സഹായത്തിനെത്തിയത്. ഇസ്‌ലാമിക സാമ്പത്തിക തത്ത്വങ്ങളുടെ സ്വാധീന ഫലമാകാം, കടക്കാരന് ആശ്വാസം നല്‍കണമെന്ന നിലക്കാണ് അബൂദബി സഹായങ്ങള്‍ നല്‍കിയത്. അല്ലെങ്കില്‍ അബൂദബിക്ക് വലിയ പലിശ ഈടാക്കി ദുബൈയെ വരിഞ്ഞുമുറുക്കി ലാഭം കൊയ്യാമായിരുന്നു. ഇസ്‌ലാമിക സാമ്പത്തിക കാഴ്ചപ്പാടാണ് ഇത്തരത്തില്‍ കടം നല്‍കാനും, നല്‍കിയ കടം തന്നെ പലിശ ഭാരമില്ലാതെ നീട്ടികൊടുക്കാനും അബൂദബിയെ പ്രേരിപ്പിച്ചത് എന്നാണ് അമേരിക്ക ആസ്ഥാനമായുള്ള സെവന്‍ പില്ല്യേര്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിലയിരുത്തല്‍. പലിശ ഭാരമില്ലാതെ കൊടുക്കാനുള്ള കടം നീട്ടിയതു കാരണം ദുബൈ സ്വപ്ന പദ്ധതികള്‍ ഉപേക്ഷിക്കുകയും സാമ്പത്തിക വളര്‍ച്ച നേടാനുള്ള ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പിന്തുണയുള്ളത് കൊണ്ടാകണം ഈ കാലഘട്ടത്തില്‍ (2009-ല്‍) 1.25 ബില്യന്‍ ഡോളറിന്റെ ഇസ്‌ലാമിക കടപത്രവും വിജയകരമായി ദുബൈക്ക് പുറത്തിറക്കാന്‍ കഴിഞ്ഞത്. ഇതുകൊണ്ട് തന്നെ ദുബൈയുടെ വളര്‍ച്ചാ നിരക്ക് 2012-2015 കാലയളവില്‍ 4.6 ശതമാനത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നും പ്രസ്തുത സ്ഥാപനം വിലയിരുത്തിയിട്ടുണ്ട്. ഇതിനു വിപരീതമായി ഇ.യു അംഗ രാജ്യമായിട്ടും ഗ്രീസിനു ഇത്തരത്തിലുള്ള കടാശ്വാസങ്ങള്‍ ലഭിക്കാത്തേടത്തോളം  കാലം ആ രാജ്യത്തിനു ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കഴിയുകയില്ല എന്നും, ദുബൈക്ക് ലഭിച്ച സാമ്പത്തിക രക്ഷാ പാക്കേജിനെ ഉദാഹരണമായെടുത്ത് ഗ്രീസിനും യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഇത്തരം ധാര്‍മിക അടിസ്ഥാനത്തിലുള്ള സാമ്പത്തിക സഹായം ലഭിച്ചാലേ ആ രാജ്യത്തിന് കടക്കെണിയില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ കഴിയുകയുള്ളൂ എന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടം കുറച്ചൊക്കെ വെട്ടി ചുരുക്കി ഗ്രീസിനു ആശ്വാസം നല്‍കണമെന്നും അല്‍പം മാനുഷിക പരിഗണന വേണമെന്നും ഇന്ത്യയും ഇറാനും ഐ.എം.എഫ് പോലുള്ള വേദികളില്‍ നിര്‍ദേശങ്ങള്‍ വെച്ചിരുന്നു.

ഇ.യുവില്‍നിന്ന് ഗ്രീസിനു പുതിയ കടം ലഭിച്ച സാഹചര്യത്തില്‍ കുറച്ചു കാലത്തേക്ക് ആ രാജ്യത്തിനു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും വളരെ പ്രയാസമേറിയ നാളുകളായിരിക്കും ഗ്രീക്ക് ജനതയെ കാത്തിരിക്കുന്നത്. മുണ്ട് മുറുക്കി അരപ്പട്ടിണിയുമായി ഇ.യുവിന്റെയും  ഐ.എം.എഫിന്റെയും കടം തീര്‍ക്കാന്‍ എത്രകാലം ഗ്രീക്ക് ജനതക്ക് കഴിയും എന്ന് കാത്തിരുന്നു കാണാം. ഈ അവസ്ഥയേക്കാള്‍ ഗ്രീസിനു ഭേദം ഇ.യു വിട്ടുപോവുകയാകും. അങ്ങനെയായാല്‍ തുടക്കത്തില്‍ ഒന്നു രണ്ടു വര്‍ഷം പ്രതിസന്ധി ഉണ്ടാവുമെങ്കിലും തുടര്‍ന്നങ്ങോട്ടു  ഗ്രീസിനു സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാനാവും.  ലോകത്തിലെ ഏറ്റവും മികച്ച കപ്പല്‍  നിര്‍മാണ കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമായി ഗ്രീസിനെ മാറ്റാനും കഴിഞ്ഞേക്കും. ശക്തമായ സാമ്പത്തിക അടിത്തറയുള്ള  അയല്‍പക്ക രാജ്യമായ തുര്‍ക്കി എല്ലാവിധ സഹായവും ഗ്രീസിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍  യൂറോപ്യന്‍ യൂനിയന്‍ എന്ന ഏക ശക്തി സ്വപ്നം അതോടെ തകിടം മറിയും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /42-46
എ.വൈ.ആര്‍