ആടുജീവിതങ്ങളിലൂടെ ഒരു തീര്‍ഥ യാത്ര
'തീര്‍ഥയാത്ര' എന്നാല്‍ നിഘണ്ടുവില്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള സഞ്ചാരം എന്നര്‍ഥം. ജീവിത സുഖങ്ങള്‍ വെടിഞ്ഞ ത്യാഗികള്‍ നാടിനും സമൂഹത്തിനും വേണ്ടി സുകൃതം ചെയ്തു കഴിയുന്ന സ്ഥലങ്ങളാണല്ലോ പുണ്യസ്ഥലങ്ങള്‍. ഈ അര്‍ഥത്തില്‍ ആടുജീവിതങ്ങളിലേക്കുള്ള മരുഭൂയാത്ര ഒരു തീര്‍ഥ യാത്ര തന്നെ. ദുര്‍ഘടമായ പാതകള്‍ താണ്ടി അഗതികള്‍ക്കന്നമെത്തിക്കുന്നത് വേദത്തിന്റെ വെളിച്ചത്തില്‍ ദൈവ മാര്‍ഗത്തിലെ പുണ്യയാത്ര തന്നെയാണല്ലോ.
പുണ്യ റമദാന്റെ ഇരുപതാം ദിവസം സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റിയെങ്കിലും തീ തുപ്പുന്ന നാക്കുമായി അത് പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. കൊടും ചൂടിനും ദുബൈ നഗരത്തിന്റെ ആഢ്യപ്രതാപത്തിന് ഒട്ടും മങ്ങലേല്‍പ്പിക്കാന്‍ കഴിയുന്നില്ല. അംബര ചുംബിയായ ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍, സിഗ്നല്‍ ലൈറ്റുകള്‍ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. ഒരു മുഖക്കുരുവിന്റെ കുഴി പോലുമില്ലാത്ത ദുബൈ രാജവീഥികളിലൂടെ രാജസുന്ദരികള്‍ ചീറിപ്പായുന്നു. മറുഭാഗത്ത് നീലത്തിമിംഗലങ്ങളെ പോലെ മെട്രോ ട്രെയിന്‍ നിശ്ശബ്ദമായി അങ്ങുമിങ്ങും നീന്തിത്തുടിക്കുന്നു.
ദുബൈ-അബൂദബി രാജവീഥിയിലൂടെ അതിവേഗം മുന്നോട്ട് പോകുന്ന രണ്ട് വാഹനങ്ങള്‍ ഒരു ആധ്യാത്മിക യാത്രയിലാണ്. മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ഊരകവും കോഴിക്കോട് രാമനാട്ടുകര സ്വദേശി വിജയ്മുഹമ്മദും തീര്‍ഥാടക വാഹനത്തെ അതിവേഗം മുന്നോട്ട് നയിച്ചു. മരുഭൂമിയിലെ മണലിനും കാറ്റിനും മരുപ്പച്ചകള്‍ക്കും എന്തൊക്കെ കഥകള്‍ പറയാനുണ്ടാകും! കഥയല്ല. ജീവിക്കുന്ന പച്ചമനുഷ്യരുടെ രക്തം വിയര്‍പ്പുതുള്ളികളാക്കുന്ന ബാഷ്പീകരണത്തിന്റെ പച്ച യാഥാര്‍ഥ്യങ്ങള്‍. ഇരുവാഹനങ്ങളും ഏകദേശം 120 കി.മീറ്ററോളം പിന്നിട്ടുകാണും. ഉടനെ വലതുഭാഗം തിരിഞ്ഞ് ഒട്ടകപ്പാതയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. എക്‌സ്പ്രസ് ഹൈവേയുടെ യാത്രാ സുഖം നഷ്ടപ്പെട്ടു തുടങ്ങി. കുണ്ടും കുഴികളും നിറഞ്ഞ വീഥികളിലൂടെ ചാഞ്ഞും ചരിഞ്ഞും വണ്ടി മുന്നോട്ട്.
പൊടി മണലില്‍ കൊടുങ്കാറ്റ് ചിത്രം വരച്ച് കളിച്ചത് പോലെ തോന്നും മരുഭൂമിയുടെ ഉപരിതലം കണ്ടാല്‍. തപിക്കുന്ന മരുഭൂമി. ജലകണികകള്‍ പൊതിഞ്ഞു വെച്ച ഒറ്റപ്പെട്ട മരുപ്പച്ചകള്‍. വിദൂരതയില്‍ നിന്ന് കഴുത്തുയര്‍ത്തി എത്തി നോക്കുന്ന ഒട്ടകക്കൂട്ടങ്ങള്‍. വലിയ കുരുമുളക് പോലെയുള്ള ആട്ടിന്‍ കാട്ടങ്ങള്‍ മരുഭൂമിയുടെ വെളുത്ത കവിളുകളില്‍ കറുത്ത മറുക് ചാര്‍ത്തിയ പോലെ. ചവച്ചുണങ്ങിയ ജാതിക്ക പോലെ ഒട്ടകം അതിന്റെ അടയാളപ്പെടുത്തലുകള്‍ ആടിനെയും കടത്തി വെട്ടിയിരിക്കുന്നു.
മുള്ളുവേലി കെട്ടിത്തിരിച്ച വിശാലമായ 'മസറകള്‍'. ബെന്യാമിന്റെ ആടുജീവിതത്തിലെ അതേ മസറകള്‍ തന്നെ. പക്ഷെ ഇവിടെ 'ഉസ്ബ' എന്നാണ് പറയുക. ആളുകളുടെ ആരവങ്ങളില്‍ നിന്നു മാറി ആടുകളുമായി ഒറ്റപ്പെട്ട് കഴിഞ്ഞ് കൂടുന്നവന്‍ എന്നര്‍ഥം. ബെന്യാമിന്റെ പോലെ ആടുജീവിതം പറയാന്‍ എനിക്കറിയില്ല. ഞാന്‍ കഥാകൃത്തോ നോവലിസ്റ്റോ അല്ല. ആടുജീവിതം വായിച്ച് കണ്ണുനനഞ്ഞ വായനാനുഭവം വെച്ച് പച്ചമനുഷ്യരുടെ ജീവിതയാഥാര്‍ഥ്യം പകര്‍ത്താന്‍ ഞാന്‍ ഒരു നോവലിസ്റ്റാകണമെന്നില്ലല്ലോ.
മരുഭൂമിയില്‍ കെട്ടിയുണ്ടാക്കിയ ഒരു പള്ളിക്ക് മുന്നില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി. ഉദാരമതികളായ അറബികള്‍ കേരളത്തില്‍ പണിതുകൊടുക്കുന്ന പള്ളികളുടെ പത്രാസു പോലും ഈ അറേബ്യന്‍ മരുഭൂമിയിലെ പള്ളിക്കില്ല. ആടുജീവിതങ്ങള്‍ക്കു ആത്മ സായൂജ്യം നേടാന്‍ ആകാശം മുട്ടുന്ന മിനാരങ്ങള്‍ വേണ്ടല്ലോ. പള്ളിയില്‍ നിന്നല്‍പ്പം മാറി കെട്ടിയുണ്ടാക്കിയ ചെറിയ ഷെഡിന്റെ വാതിലില്‍ ഞങ്ങള്‍ മെല്ലെ മുട്ടി. വെളുത്ത കന്തൂറയും ഷാളുമണിഞ്ഞ് ഇമാം ഇറങ്ങി വന്നു. ബംഗ്ലാദേശുകാരന്‍ മുഹമ്മദ് സനാഉല്ല. ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് വദനം പ്രസന്നഭാവത്തിലേക്കു മാറി. ജീവിതത്തിന്റെ ഒറ്റപ്പെടലും ജീവിത പ്രാരബ്ധങ്ങളും മുഖത്ത് നിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ജനസേവന രംഗത്ത് ഒരു പടയാളിയെ പോലെ ജീവിതം ഉഴിഞ്ഞ് വെച്ച കൊടുങ്ങല്ലൂര്‍ സ്വദേശി സ്വാബിര്‍ പള്ളിയിലെത്തുന്നവര്‍ക്കുള്ള ഇഫ്ത്വാറിനെ കുറിച്ചന്വേഷിച്ചു. ചുറ്റുവട്ടത്തുള്ള ഉസ്ബകളില്‍ നിന്ന് അമ്പതോളം ആളുകള്‍ മഗ്‌രിബ് നമസ്‌കാരത്തിനെത്തുമെന്ന് ഇമാം പറഞ്ഞു. നാടും വീടും വിട്ട് മരുഭൂമിയുടെ വിജനതയില്‍ ജീവിതം വലിച്ചെറിയപ്പെട്ട മനുഷ്യ ജന്മങ്ങള്‍ക്കു വേണ്ടി സുമനസ്സുകള്‍ സംഭാവന ചെയ്ത വിഭവ സമൃദ്ധമായ ഇഫ്താര്‍ കിറ്റുകള്‍ ഞങ്ങള്‍ പള്ളിയില്‍ ഇറക്കി വെച്ചു. മരുഭൂമിക്ക് കിട്ടിയ ആലിപ്പഴ വര്‍ഷം പോലെ ഇമാം ഓരോന്നോരോന്നായി അവ ഏറ്റുവാങ്ങുമ്പോള്‍ മുഖത്ത് ചെന്താമര വിരിഞ്ഞ പ്രസന്നത. ഇവിടെ ചെലവഴിക്കാന്‍ അധിക സമയമില്ല. മരുഭൂ സഞ്ചാരത്തിന്റെ പാതകള്‍ പഠിച്ച് വെച്ച്, ഒരു ഗൈഡായി മുന്നില്‍ നില്‍ക്കുന്ന ആലുവ സ്വദേശി താജുദ്ദീന്‍ പറഞ്ഞതും വണ്ടി മുന്നോട്ടെടുത്തതും ഞൊടിയിടയില്‍.
ലക്ഷ്യം വെച്ച ഉസ്ബകള്‍ ഓരോന്നും അടുത്തടുത്ത് വരുന്നു. ക്ഷമയുടെ പര്യായങ്ങളായ ഒട്ടകങ്ങള്‍ ആ മണല്‍ക്കാട്ടില്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്നു. കഴുത്തുകള്‍ ഉയര്‍ത്തി തലനീട്ടി കമ്പിവേലിക്കു മുകളിലൂടെ കണ്ണിമ വെട്ടിച്ച് അവ ഞങ്ങളെ സ്വീകരിച്ചു. ഒരു ഉസ്ബക്കു മുന്നില്‍ വണ്ടി ഒതുക്കി നിര്‍ത്തി ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു. വിദൂരദിക്കില്‍ നിന്ന് പൊടിപിടിച്ച് മെല്ലിച്ചൊരു മനുഷ്യന്‍ നടന്നുവന്നു. ഒട്ടിയ കവിളുകള്‍. കുഴിഞ്ഞ് പോയ കണ്ണുകള്‍. അത് കുറ്റിപ്പുറം സ്വദേശി സൈതാലി. ചൂട് കൊണ്ട് ചുരുങ്ങിപ്പോയ നെഞ്ചകത്ത് നിന്ന് കുളിര്‍മഴ പെയ്യുന്ന വാക്കും നിര്‍ഗമിച്ചു. നാടും വീടും കുടുംബവും. കെട്ടിച്ചയച്ച മകള്‍. പഠിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞു മക്കള്‍. സെയ്താലിക്കാക്ക് നമ്മുടെ നൊസ്റ്റാള്‍ജിയ ഒന്നുമറിയില്ല. എന്നാലും കുറ്റിപ്പുറത്ത് വിമാനമിറങ്ങിയ പോലെ വാചാലമായി വാക്കുകള്‍. ഹൃദയത്തിലെ ഗൃഹാതുരത്വം അണപൊട്ടി ഒഴുകി. തനിക്കും സഹചാരിക്കുമുള്ള കിറ്റുകള്‍ തലയില്‍ വെച്ച് പോകുന്നതിനു മുമ്പ് ഒരോര്‍മപ്പെടുത്തല്‍. ''അങ്ങകലെയും കുറേ ആളുകളുണ്ട് കേട്ടോ, അവര്‍ക്കും നിങ്ങളിതെത്തിക്കണം.'' മരുഭൂമി നിര്‍ജലമെങ്കിലും ആ മനസ്സില്‍ കാരുണ്യത്തിന്റെ അലകടല്‍.
വിദൂരതയില്‍ പരന്നുകിടക്കുന്ന ഉസ്ബകള്‍. ബംഗ്ലാദേശികള്‍, പാക്കിസ്താനികള്‍, ഉത്തരേന്ത്യക്കാര്‍... ജീവിതം ചിറകെട്ടി നിര്‍ത്താന്‍ ജീവന്‍ കമ്പിവേലിക്കകത്ത് ആടുകളോടും ഒട്ടകങ്ങളോടുമൊപ്പം തളച്ചിട്ടവര്‍. മക്കളെ പോറ്റാന്‍ ആട്ടിന്‍കുട്ടികളെ തീറ്റിപ്പോറ്റുന്നവര്‍. വണ്ടി മുന്നോട്ട് നീങ്ങി. മറ്റൊരു ഉസ്ബയുടെ അടുത്ത് മുന്‍ധാരണ പോലെ കാത്തുനില്‍ക്കുന്ന ഒരു ആടുജീവിതം. അത് ഗള്‍ഫുകാരനാണെങ്കിലും കാണാന്‍ പ്രൗഢിയും പത്രാസുമൊന്നും ആടുജീവിതങ്ങള്‍ക്കില്ലല്ലോ. എങ്കിലും ഞങ്ങളുടെ അടുത്ത് വന്നു കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശി കുഞ്ഞുമുഹമ്മദ്ക്ക. മറുനാട്ടില്‍ ചെന്നാല്‍ പിന്നെ കേരളക്കാര്‍ മൊത്തവും ഒരു നാട്ടുകാരാണല്ലോ. ജില്ലകളുടെ അതിരുകള്‍ ലംഘിച്ച് കുഞ്ഞുമുഹമ്മദ്ക്ക കൈ തന്നു സ്വീകരിച്ചു. മരക്കുറ്റികള്‍ കെട്ടിയുണ്ടാക്കിയ ഒരു പലകക്കൂരയില്‍ ഞങ്ങളെ ഇരുത്തി. ഇരമ്പുന്ന എയര്‍കൂളറുകളില്ല. ജനാലയില്‍ ചാക്ക് വിരിച്ച് പൊടിക്കാറ്റ് തടഞ്ഞ് നിര്‍ത്തി ചെറിയ സുഷിരങ്ങളിലൂടെ കാറ്റ് കടത്തിവിടുന്ന എ.സി.യുടെ പേറ്റന്റ് കുഞ്ഞുമുഹമ്മദ്ക്കാക്ക് സ്വന്തം. ആത്മസംതൃപ്തിയുടെ കുഞ്ഞുകുഞ്ഞു സ്വപ്നങ്ങള്‍ അന്തിയുറങ്ങുന്ന ആ പലകക്കൊട്ടാരമാണ് കുഞ്ഞുമുഹമ്മദ്ക്കയുടെ 'ബുര്‍ജ് ഖലീഫ'. കുഞ്ഞുമുഹമ്മദ്ക്ക തന്നെയാണ് അവിടുത്തെ 'രാജാവ്'. ആട്ടിന്‍പറ്റങ്ങള്‍ അനുസരണയുള്ള 'പ്രജകളും'.
സൂര്യന്‍ അസ്തമയത്തോടടുക്കാന്‍ തുടങ്ങി. കിറ്റുകള്‍ ഇനിയും ഒരുപാട് ബാക്കി. യാത്രയുടെ നായകത്വം താജുദ്ദീനില്‍ നിന്ന് കുഞ്ഞുമുഹമ്മദ്ക്ക ഏറ്റെടുത്തു. അദ്ദേഹമാണല്ലോ ഇവിടത്തെ കിരീടം വെക്കാത്ത രാജാവ്. വിദൂരതയില്‍ അകന്നകന്ന് കിടക്കുന്ന ഉസ്ബകളിലേക്ക് അദ്ദേഹം വഴി കാണിച്ചു കൊണ്ടേയിരുന്നു. ആട്ടിന്‍ പറ്റങ്ങള്‍. ഒട്ടകക്കൂട്ടങ്ങള്‍. കോഴികള്‍. ഒരിറ്റു വെള്ളമില്ലാത്ത മരുഭൂമിയില്‍ താറാവിന്‍ കൂട്ടങ്ങള്‍. മരുഭൂമിയുടെ അവകാശം അവരെല്ലാവരും പങ്കുവെക്കുന്നു. അവര്‍ക്ക് നാഗരികതയും വികസനവും അറിയില്ല. അതിനാല്‍ അവര്‍ക്ക് ആരെയും കുടിയൊഴിപ്പിക്കാനുമറിയില്ല.
ആടുകളുടെയും ഒട്ടകങ്ങളുടെയും ലോകത്ത് ഒറ്റപ്പെട്ട് കഴിയുന്ന കുറെ മനുഷ്യജീവിതങ്ങളിലേക്കാണ് കുഞ്ഞുമുഹമ്മദ്ക്ക ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. ഒറ്റപ്പെട്ടുകിടക്കുന്ന ഉസ്ബകളെ വിളക്കിച്ചേര്‍ക്കുന്ന ആധുനിക വലക്കണ്ണികളില്ല. വെള്ളവും വെളിച്ചവുമില്ലാത്തിടത്ത് എന്ത് സോഷ്യല്‍ മീഡിയ! വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും അതിലെ ലൈക്കുകളും ഷെയറുമില്ലെങ്കിലും അദ്ദേഹത്തിന് കിട്ടിയ വിഭവങ്ങള്‍ ഷെയര്‍ ചെയ്യാനും തന്നെപ്പോലെ ഒറ്റപ്പെട്ടവരുമായി നല്ലവണ്ണം ലൈക്കുചെയ്യാനുമറിയാം. മരുഭൂമിയിലും വറ്റിപ്പോകാത്ത നെഞ്ചിലെ കനിവിന്റെ മൂല്യബോധമാണല്ലോ കുഞ്ഞുമുഹമ്മദ്ക്കയെ ഞങ്ങളുടെ മുന്നില്‍ നടത്തിയത്. ഒട്ടകത്തിന്റെ ക്ഷമയും ആട്ടിന്‍ പറ്റങ്ങളുടെ സഹനവും നെഞ്ചില്‍ ചേര്‍ത്ത് വെച്ച കുറെ മനുഷ്യര്‍. പാദം പൂണ്ട് പോകുന്ന മരുഭൂമിയിലെ പൊടിമണലുകള്‍ താണ്ടി ബഹുദൂരം നടന്ന് ഫീറൂഖാനും അന്‍വര്‍ സാദത്തും കൊടുങ്ങല്ലൂര്‍ മുബാറക്കും അഡ്വ. അസ്‌ലമും ഓരോ ഉസ്ബയും കയറിയിറങ്ങി.
സൂര്യന്‍ ഫിനിഷിംഗ് പോയിന്റിലെത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. പൊടിപടലങ്ങള്‍ പാറിച്ച് മുന്നോട്ട് നീങ്ങിയ വണ്ടി വീണ്ടും കുഞ്ഞുമുഹമ്മദക്കയുടെ 'കൊട്ടാര'മുറ്റത്തെത്തി. മരുഭൂമി കറുത്തു തുടങ്ങി. നോമ്പുതുറക്കാനുള്ള സമയമടുത്തു. ആട്ടിന്‍പറ്റങ്ങള്‍ ഒച്ചവെക്കുന്നു. കുഞ്ഞുമുഹമ്മദ്ക്ക മധുര മാമ്പഴം കഴുകി തളികയില്‍ കൊണ്ടുവന്നു വെച്ചു. അര്‍ബാബിന്റെ വീട്ടില്‍ ഉണ്ടായ മാമ്പഴമാണെന്ന് പറയുമ്പോള്‍ ആ മുഖത്ത് ആയിരം പൗര്‍ണമിയുടെ പ്രസരിപ്പ്. ഇഫ്ത്വാര്‍ വിഭവങ്ങള്‍ നിരത്തിവെച്ച് കുഞ്ഞുമുഹമ്മദ്ക്ക കൂടെയിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഒരു മഹാസമ്മേളനത്തില്‍ സംബന്ധിച്ച സന്തോഷം! ആ കണ്ണുകള്‍ ആളുകളെക്കാള്‍ ആടുകളെയാണല്ലോ കാണുന്നത്. ബാങ്കിനായി എല്ലാവരും കാതോര്‍ത്തു. ആടുകളുടെ നിലവിളിക്കിടയില്‍ ബാങ്ക് വിളി എവിടെ കേള്‍ക്കാന്‍! സമയം 7.17. മൊബൈല്‍ ബാങ്ക് വിളിച്ചു. ഈത്തപ്പഴം ചുണ്ടില്‍ പതിഞ്ഞു. വെള്ളം നാഡീ ഞരമ്പുകളെ നനച്ചു. അധരങ്ങള്‍ പ്രാര്‍ഥന ചൊല്ലി. നാഥാ നിനക്ക് വേണ്ടി നോമ്പെടുത്തു. നിന്റെ വിഭവത്താല്‍ നോമ്പുമുറിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ നാട്ടുവിശേഷവും വീട്ടുവിശേഷവും പറയവെ വാക്കുകള്‍ പെട്ടെന്ന് ഇടറി. ഉമ്മ അസുഖമായി കിടക്കുകയാണ്. അടുത്തമാസമെങ്കിലും ഉമ്മയെ പോയി കാണണം. അര്‍ബാബ് സമ്മതിക്കുമോ ആവോ. ആ ചുടുനിശ്വാസത്തിന് കൊടുങ്കാറ്റിന്റെ ശക്തി.
ജനസേവനത്തിന്റെ വിയര്‍പ്പുതുള്ളികളോടെ പ്രാര്‍ഥനക്കായി മുസ്വല്ല വിരിച്ചു. അഡ്വ. അസ്‌ലം മഗ്‌രിബിന് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ദീനിനെ കളവാക്കിയവനെ നീ കണ്ടുവോ? അവന്‍ അനാഥനെ ആട്ടിയകറ്റിയവന്‍. അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തവന്‍... ഖുര്‍ആനിക വചനങ്ങള്‍ മരുഭൂമിയില്‍ വചനപ്രസാദമൊഴുക്കി. മരുഭൂമിയില്‍ ശിരസ്സ് പതിഞ്ഞപ്പോള്‍ ആത്മാവ് ദിവ്യസന്നിധിയിലേക്ക് പറന്നുയര്‍ന്നു.
വേദത്തിന്റെ പൊരുളറിഞ്ഞ തീര്‍ഥയാത്രക്ക് വിട. കുഞ്ഞുമുഹമ്മദ്ക്കയോട് യാത്ര ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരപേക്ഷ: ''മക്കളേ, ഞാനുണ്ടാക്കിയ സുലൈമാനി കുടിച്ചിട്ടേ നിങ്ങള്‍ പോകാവൂ.'' സമ്പാദിക്കാന്‍ വേണ്ടി മരുഭൂമിയോടു മല്ലിടുമ്പോഴും, കൊടുക്കാനുള്ള വലിയ മനസ്സ്. അതാണല്ലോ നോമ്പിന്റെ കതിരും പൊരുളും. യാത്ര പറഞ്ഞിറങ്ങവെ എല്ലാവരുടെയും മുഖത്ത് രാവുപോലെത്തന്നെ വിഷാദഛായ. കൈകൊടുത്ത് നെഞ്ചോട് ചേര്‍ത്ത് വെച്ച് കുഞ്ഞുമുഹമ്മദ്ക്കയോട് വിടചൊല്ലുമ്പോള്‍ ആ നെഞ്ചില്‍ നിന്ന് മഞ്ഞുമലകള്‍ ഉരുകിയൊലിച്ചു. ''കണ്‍നിറയെ നിങ്ങളെക്കണ്ട്, നിങ്ങളോടൊപ്പം നോമ്പുതുറന്നപ്പോള്‍ പകലിലെ എന്റെ എല്ലാ ക്ഷീണവും പറപറന്നു മക്കളേ..'' എത്രയെത്ര ആടുജീവിതങ്ങള്‍ ഈ സാന്നിധ്യം കൊതിക്കുന്നുണ്ടാവും അനന്തമായ ഈ മരുഭൂമികളില്‍! വണ്ടി മുന്നോട്ട് പായുമ്പോഴും കണ്ണെടുക്കാതെ നോക്കി നില്‍ക്കുകയായിരുന്നു കുഞ്ഞുമുഹമ്മദ്ക്ക.
കൂരിരുട്ടിലൂടെ വാഹനം വഴിതെറ്റാതെ ജാഗ്രതയോടെ രാജവീഥി തേടി മുന്നോട്ട് കുതിച്ചു. മടങ്ങി പള്ളിയിലെത്തുമ്പോള്‍ ഇമാം റോഡുവക്കില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വിഭവസമൃദ്ധമായ ഇഫ്ത്വാറീ രുചിക്കൂട്ടുള്ള പുഞ്ചിരി. അതാണല്ലോ നോമ്പുതുറപ്പിച്ചവന്റെ നിര്‍വൃതി. ഈ ആടുജീവിതങ്ങളെ ഉദാരമതികളുടെ കണ്ണിലെത്തിച്ച, ഉദാരമതികളുടെ സഹാനുഭൂതിയെ സഹജീവികളുടെ കരങ്ങളിലെത്തിക്കാന്‍ മുന്നില്‍ നിന്ന വടുതല സ്വദേശി സുല്‍ഫിക്കറിന്റെയും തിരൂര്‍ സ്വദേശി റഫീക്കിന്റെയും മുഖത്ത് ഒരു സംവല്‍സരം ജീവിച്ച് തീര്‍ത്ത സേവനത്തിന്റെ അനുഭൂതി. ഈ തീര്‍ഥയാത്രയില്‍ ഒരു മുഖം മറക്കാന്‍ വയ്യ. സഹയാത്രികനായി കൂടെയില്ലെങ്കിലും രാവേറെ ഉറക്കമിളച്ച് ഭക്ഷണവിഭവങ്ങള്‍ കിറ്റുകളിലാക്കി ഒരുക്കി വെച്ച സിറാജ് ശിവപുരം. ദുബൈ രാജ വീഥിയെ അതിവേഗം താണ്ടി ബെര്‍ദബൈ മന്‍ഖൂല്‍ മസ്ജിദില്‍ രാത്രി നമസ്‌കാരത്തിനെത്തുമ്പോള്‍ എല്ലാവരുടെയും മുഖത്ത് സംതൃപ്തിയുടെ നക്ഷത്രത്തിളക്കം. മരുഭൂമിയില്‍ ഒറ്റപ്പെട്ട് പോയ സ്വന്തം സഹോദരന്മാര്‍ക്ക് ഇഫ്ത്വാര്‍ വിഭവങ്ങള്‍ പകര്‍ന്നു കൊടുത്തതിന്റെ ആത്മഹര്‍ഷം. ജനസേവനം ദൈവാരാധനയെന്നു പഠിപ്പിച്ച പ്രവാചകവചനം എത്ര ഉദാത്തം!
Comments