Prabodhanm Weekly

Pages

Search

2015 ജൂലൈ 31

ആത്മീയ വിദ്യാഭ്യാസം അത്യാവശ്യം

വി.പി അബൂബക്കര്‍ കരിങ്കല്ലത്താണി /കുറിപ്പ്

         ഇസ്‌ലാമിക ശരീഅത്തിന്റെ അടിത്തറ ഖുര്‍ആനും സുന്നത്തുമാണ്; ഇസ്‌ലാമിക പാഠ്യപദ്ധതിയുടെ കാതല്‍. പിന്നീടാണ് ഫിഖ്ഹും അനുബന്ധ വിഷയങ്ങളും ക്രോഡീകരിക്കപ്പെടുന്നത്. ഇന്ന് ശരീഅത്ത് എന്ന തലക്കെട്ടില്‍ ഏറ്റവും കൂടുതല്‍ പഠിപ്പിക്കപ്പെടുന്നത് ഫിഖ്ഹ് ഗ്രന്ഥങ്ങളാണ്; വിശിഷ്യ കേരളത്തില്‍. അവക്ക് അനുഗുണമായാണ് ഖുര്‍ആനും ഹദീസും ചരിത്രം പോലും പഠിപ്പിക്കുന്നത്.

ഈ സമ്പ്രദായം പല നിലക്കും ശരീഅത്ത് നിയമങ്ങളുടെ മുന്‍ഗണനാ ക്രമം തെറ്റിക്കുന്നുണ്ട്. മുസ്‌ലിംകളിലെ എല്ലാ അവാന്തര വിഭാഗങ്ങളിലും കണ്ടുവരുന്ന പ്രവണതയാണിത്. ഇത് സമുദായത്തിന്റെ ശക്തി, വളര്‍ച്ച, നിലനില്‍പ് എന്നിവയെ ബാധിക്കുന്നുണ്ട്. സാമൂഹിക ശക്തിയെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന് ഫിഖ്ഹ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തുന്ന ഗ്രന്ഥങ്ങളും വിജ്ഞാനീയങ്ങളും സ്വായത്തമാക്കാന്‍ നിരവധി വര്‍ഷങ്ങളെടുക്കും. ഇക്കാലമത്രയും നമസ്‌കാരാദി ഇബാദത്തുകളുടെ ജഡികമായ ആകാര രൂപങ്ങള്‍ മാത്രമാണ് പഠിക്കുന്നത്. അതിന്റെ ലക്ഷ്യമായ തഖ്‌വ (ദൈവസ്മരണയും ആത്മീയ വളര്‍ച്ചയും) അതുള്‍ക്കൊള്ളുന്നില്ല.

അലസമായി നമസ്‌കരിച്ചാല്‍ ദൈവസ്മരണ മാത്രമല്ല, ഭൗതികമായ (ശാരീരികവും മാനസികവുമായ) പ്രതിഫലവും നഷ്ടപ്പെടും. ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ''നിശ്ചയം നമസ്‌കാരം മ്ലേഛ കൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നു. ദൈവസ്മരണ ഇതിലുമേറെ മഹത്തരമത്രേ'' (29:45).

ദൈവസ്മരണയും പരലോക ചിന്തയും മനുഷ്യ മനസ്സില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ മുസ്‌ലിം ശക്തനും ഊര്‍ജസ്വലനുമായിത്തീരുന്നു, കുറഞ്ഞു വരുമ്പോള്‍ അശക്തനും അലസനുമായിത്തീരുന്നു. ദൈവചിന്ത നഷ്ടമാകുമ്പോള്‍ ദുഷ്ചിന്തയും തദനുസൃതമായ പ്രവര്‍ത്തനങ്ങളും മനസ്സിനെ കീഴടക്കുകയും കച്ചവടത്തിലും മറ്റു വ്യവഹാരങ്ങളിലും ചതിയും കൃത്രിമവും കൂടി വരികയും ചെയ്യുന്നു. അങ്ങനെ സമൂഹം നാശത്തിലേക്ക് കൂപ്പുകുത്തുന്നു. ഭൗതികാസക്തിയുടെ പ്രളയത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുന്നു. ഇതിന് തടയിടാന്‍ ദൈവസ്മരണയും പരലോക ചിന്തയും അതിന്റെ ചൈതന്യത്തോടെ സമൂഹത്തില്‍ നിലനില്‍ക്കേണ്ടതുണ്ട്. ഖുര്‍ആനും സുന്നത്തും മൊത്തം പഠിപ്പിക്കുന്നതുകൊണ്ടു മാത്രം ഈ ആവശ്യങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കപ്പെടുകയില്ല.

നമസ്‌കാരം തന്നെ ദൈവസ്മണക്കു വേണ്ടിയാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പഠിപ്പിക്കുന്നു: ''എന്നെ സ്മരിക്കുന്നതിന് വേണ്ടി നമസ്‌കാരം നിലനിര്‍ത്തുക'' (20:14), ''നമസ്‌കാരം ഭാരിച്ച കര്‍മം തന്നെ, ഭയഭക്തിയില്ലാത്തവര്‍ക്ക്'' (2:45), ''സത്യവിശ്വാസികള്‍ വിജയം വരിച്ചിരിക്കുന്നു. അവരോ, തങ്ങളുടെ നമസ്‌കാരങ്ങളില്‍ ഭയഭക്തി കൈക്കൊള്ളുന്നവരാകുന്നു'' (23:1,2). പാരത്രിക ചിന്തയും ദൈവഭയവുമില്ലാത്തവരുടെ നമസ്‌കാരത്തിന് രക്ഷയല്ല, ശിക്ഷയാണ് നല്‍കപ്പെടുക. ''നമസ്‌കാരക്കാര്‍ക്ക് നാശമാണുള്ളത്; തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി അശ്രദ്ധരാകുന്ന നമസ്‌കാരക്കാര്‍ക്ക്'' (107:4,5). അലസന്മാരായി നമസ്‌കരിക്കുന്നവര്‍ മുസ്‌ലിംകളല്ല, മുനാഫിഖുകളാണ്. ''നമസ്‌കാരത്തിന് നില്‍ക്കുമ്പോള്‍ അവര്‍ അലസന്മാരായി, ജനത്തെ കാണിക്കാന്‍ വേണ്ടി മാത്രമാണ് നില്‍ക്കുന്നത്. വളരെ കുറച്ചു മാത്രമേ അവര്‍ അല്ലാഹുവിനെ സ്മരിക്കുന്നുള്ളൂ'' (4:142).

നമസ്‌കാരത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം തഖ്‌വ കൂടിയേ തീരൂ. ദൈവസ്മരണ, പരലോക ചിന്ത, നരകത്തെയും ഖബ്‌റിനെയും പറ്റിയുള്ള ഭയം എന്നിവ മനസ്സിനെ മഥിക്കുകയും നിറഞ്ഞുനില്‍ക്കുകയും ചെയ്യുമ്പോള്‍ സത്യവിശ്വാസി ഭക്തനും ശക്തനുമായിത്തീരുന്നു. കേവലം ജഡികമായ ആരാധനാ കര്‍മങ്ങള്‍ മനുഷ്യ മനസ്സിലോ കര്‍മങ്ങളിലോ യാതൊരു ചലനവും സൃഷ്ടിക്കുകയില്ല തന്നെ.

മേലുദ്ധരിച്ച കാര്യങ്ങള്‍ നമ്മെ ഉണര്‍ത്തുകയും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. എന്തുകൊണ്ട് അവ പ്രത്യേക വിഷയമായി പഠിപ്പിക്കപ്പെടുന്നില്ല? ഇത് ഫിഖ്ഹ് വിഷയമോ ചിന്തയോ അല്ല. ഖുര്‍ആന്‍ പഠിപ്പിച്ചു തന്ന അഖീദയുമായി ബന്ധപ്പെട്ട വിഷയമാണ്.

ചുരുക്കത്തില്‍ ഫിഖ്ഹ് ശരീരവും ഭയഭക്തി അതിന്റെ ആത്മാവുമാണ്. ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങള്‍. ഇതു രണ്ടും സമമായി, സജീവമായി നിലനില്‍ക്കുമ്പോള്‍ മാത്രമേ ജീവത്തായ ആരാധനാ കര്‍മങ്ങള്‍ നമുക്ക് നിര്‍വഹിക്കാനാവൂ. അതുകൊണ്ട് നിര്‍ബന്ധമായും ഫിഖ്ഹിനേക്കാള്‍ ദൈവസ്മരണ ഉണര്‍ത്തുന്ന ആയത്തുകളും ഹദീസുകളും അനുഗുണമായ ചരിത്ര സംഭവങ്ങളും ഒരു പ്രത്യേക വിഷയമായി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /42-46
എ.വൈ.ആര്‍