Prabodhanm Weekly

Pages

Search

2015 ജൂലൈ 31

ഒരു ഘര്‍വാപസിയുടെ ഓര്‍മ

മുഅ്മിന തബസ്സം /അനുഭവം

         2003-ലെ ഒരു തണുപ്പുള്ള പ്രഭാതം. ഏകദേശം 9 മണിയോടെ ഞാന്‍ എന്റെ ചെറുമകള്‍ സ്മിതയെ ഒക്കത്തെടുത്ത് കാണ്‍പൂരില്‍ നിന്ന് ലഖ്‌നൗവിലേക്കുള്ള ബസ്സില്‍ കയറിപ്പറ്റി. കുറച്ചധികം വെയ്റ്റുള്ള ലഗേജുണ്ട് കൂടെ. ബസ് നീങ്ങിത്തുടങ്ങി. കണ്ടക്ടര്‍ യാത്രക്കാരെ സമീപിച്ച് ടിക്കറ്റ് കൊടുക്കുന്നുണ്ട്. ഞാന്‍ ടിക്കറ്റെടുക്കാന്‍ വേണ്ടി പേഴ്‌സു തുറന്നു നോക്കുമ്പോള്‍ കരുതിയ പണമില്ല അതില്‍. എന്റെ എല്ലാ ആവേശവും ചോര്‍ന്നു പോയി. കൈയും കാലും വിറക്കാന്‍ തുടങ്ങി. ശ്വാസം മുട്ടുന്നതായി തോന്നി. ആകെ ബേജാറ്. പേഴ്‌സു തിരിച്ചും മറിച്ചും നോക്കി. ആകെ 32 രൂപ മാത്രം. ടിക്കറ്റിനാവട്ടെ 38 രൂപ വേണം. ആറു രൂപ കമ്മി. ടിക്കറ്റ്!  ടിക്കറ്റ്! കണ്ടക്ടര്‍ ഒച്ച വെച്ച് കൊണ്ടിരുന്നു. 

ഞാന്‍ പേടിച്ചു. ഉള്ള 32 രൂപ കൊടുത്ത് കാഴ്ചകള്‍ കാണുന്ന മട്ടില്‍ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. ''മുഴുവന്‍ കാശ് കൊട്.'' കണ്ടക്ടര്‍ അലറി. ഞാന്‍ കേട്ടഭാവം നടിച്ചില്ല. അപ്പോള്‍ മനസ്സില്‍ കുറെ ചിതറിയ ചിന്തകള്‍ കടന്നു പോയി. മുഴുവന്‍ പൈസ കൊടുത്തില്ലെങ്കില്‍ യാത്ര ചെയ്യാനൊക്കില്ല. അല്ലെങ്കില്‍ ബസ്സ് മുന്നോട്ട് പോകില്ല. കണ്ടക്ടര്‍ വിസില്‍ അടിച്ച് ബസു നിര്‍ത്തിച്ചു. ആകെ ബഹളം. യാത്രക്കാര്‍ എല്ലാവരും എന്നെ തുറിച്ചു നോക്കി. ആ തണുപ്പുള്ള ദിവസവും ഞാന്‍ ആകെ വിയര്‍ത്തു കുളിച്ചു. 

ഈ സമയം ഡ്രൈവറുടെ സീറ്റിന് പിറകിലിരുന്ന് കറുത്ത കോട്ടിട്ട ഒരാള്‍ പത്രം വായിക്കുന്നുണ്ടായിരുന്നു. അയാള്‍ കണ്ടക്ടറോട് കാര്യമെന്തെന്ന് തിരക്കി. ''ഈ മാഡം ബസ് ചാര്‍ജ് തരാന്‍ കൂട്ടാക്കുന്നില്ല. എന്നാല്‍ ബസില്‍ നിന്ന് ഇറങ്ങാനും തയ്യാറല്ല.'' അയാള്‍ എന്നെ ചെറുതായൊന്ന് നോക്കി. തുടര്‍ന്ന് കണ്ടക്ടറോട്:''എത്ര രൂപ കമ്മിയുണ്ട്?'' ''ആറു രൂപ.''-കണ്ടക്ടര്‍ പറഞ്ഞു. 

അയാള്‍ കണ്ടക്ടറുടെ നേരെ പത്ത് രൂപാ നീട്ടിക്കൊണ്ട് ''ഇതാ ഇതില്‍ നിന്നെടുത്തോളൂ'' എന്ന് പറഞ്ഞു. അതോടെ ബസ് വിടാനുള്ള വിസില്‍ മുഴങ്ങി. വീടുകളെയും മരങ്ങളെയും നാടുകളെയും പിന്നിലാക്കി അതിവേഗം ബസ് മുന്നോട്ട് കുതിച്ചു. എന്നാല്‍ എന്റെ മനസ്സ് ചിതറുകയായിരുന്നു. അതിനിടെ ബസ് ലഖനൗവിലെത്തി. ഞാന്‍ പെട്ടെന്ന് ബസ്സില്‍ നിന്നിറങ്ങി. ആ നല്ല മനുഷ്യനോട് ഒരു നന്ദിയെങ്കിലും പറയേണ്ടേ? ഞാന്‍ ചിന്തിച്ചു.

അയാള്‍ ഇറങ്ങിയ ഉടനെ ഞാനയാളോട് 'ശുക്‌രിയ' പറഞ്ഞു. ഞാന്‍ കണ്ണീര്‍ തുടച്ചു. ''സഹോദരീ, അത് സാരമില്ല, ഇതെല്ലാം സാധാരണയാ.'' ഇത്രയും പറഞ്ഞ് അയാള്‍ തിരിഞ്ഞു നടന്നു. പെട്ടെന്ന് തിരിഞ്ഞു നിന്ന് എന്തായിരുന്നു കാര്യമെന്ന് അയാള്‍ അന്വേഷിച്ചു. എന്റെ സൗന്ദര്യവും ആടയാഭരണങ്ങളും കണ്ടായിരിക്കാം ഈ അന്വേഷണമെന്ന് എനിക്ക് വെറുതെ തോന്നി. ഞാന്‍ പറഞ്ഞു: ''സാബ്, വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ പേഴ്‌സില്‍ കാശുണ്ടെന്ന് ഞാന്‍ കരുതി. എന്ത് സംഭവിച്ചു എന്നറിയില്ല. പൈസ കാണുന്നില്ല.''

''അങ്ങനെ ചിലപ്പോള്‍ സംഭവിക്കാറുണ്ട്. യാത്രയില്‍ അത്തരം പല സംഭവങ്ങളും പതിവാണ്. താങ്കള്‍ക്ക് പോകേണ്ടത് എങ്ങോട്ടാണ്?''

''ഞാന്‍  ഹസൈന്‍ ഗഞ്ചിലാണ്. നടന്നു പോകാനേയുള്ളൂ.''

''കുട്ടിയെയുമെടുത്ത് ഈ ഭാരം കൂടിയ ലഗേജുമായി അത് പ്രയാസകരമാവുമല്ലോ.'' അയാള്‍ 20 രൂപ എന്റെ നേരെ നീട്ടി. 

വാസ്തവത്തില്‍ ബേഗ് ഒരു ഭാരമായിരുന്നു. ഇരുപത് രൂപ വാങ്ങാന്‍ ആദ്യം മടിച്ചു. നിര്‍ബന്ധിച്ച് രൂപ തന്നിട്ട് അയാള്‍ വളരെ വേഗം നടന്നകന്നു.ഒരു ഓട്ടോയില്‍ കയറി ഞാന്‍ വീടണഞ്ഞു. 

എന്നാല്‍ മനസ്സില്‍ പതിഞ്ഞ ചിത്രം അതൊരിക്കലും മാഞ്ഞ് പോയില്ല. വൈകിട്ട് ഭര്‍ത്താവ് അമിത് കുമാര്‍ വന്നപ്പോള്‍ ഞാന്‍ അന്നത്തെ യാത്രാനുഭവം മുഴുവന്‍ വിവരിച്ചു. ആ സംഭവം അദ്ദേഹത്തെയും വല്ലാതെ സ്വാധീനിച്ചു. ''ആ നല്ല മനുഷ്യന്റെ ഊരോ പേരോ ഫോണോ ഒന്നുമില്ലേ?'' അമിത് ചോദിച്ചു. ''അതൊന്നും അന്വേഷിച്ചില്ലല്ലോ'' എന്ന് ഞാനും അസ്വസ്ഥപ്പെട്ടു. അന്നേരത്തെ മാനസികാവസ്ഥയില്‍ എല്ലാം മറന്നു പോയതാണ്. പിന്നീട് പലപ്പോഴും മനസ്സ് കൊതിച്ചു കൊണ്ടിരുന്നു, ആ നല്ല മനുഷ്യനെ ഒന്ന് കണ്ട് കിട്ടിയെങ്കില്‍! ഭര്‍ത്താവും ഞാനും ഇടക്കിടെ അയാളെ അനുസ്മരിക്കും. ഷേര്‍വാനിയും തൊപ്പിയും ധരിച്ച് താടി വെച്ച് പോകുന്ന പലരെയും ശ്രദ്ധിച്ചു നോക്കും. ഇയാളോ അയാള്‍?! അമിത് ആള്‍ക്കൂട്ടം കാണുമ്പോള്‍ ചോദിക്കും, അക്കൂട്ടത്തിലുണ്ടോ അന്ന് സഹായിച്ച ആ ആള്‍! 

ഏകദേശം മൂന്ന് മാസം കഴിഞ്ഞുകാണും. ഞങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കച്ചേരി റോഡിലെ അമീനാബാദിലൂടെ നീങ്ങുകയാണ്. പെട്ടെന്ന് എന്റെ ശ്രദ്ധ ഒരാളില്‍ പതിഞ്ഞു. അയാള്‍ കുര്‍തയും പൈജാമയും ധരിച്ചിട്ടുണ്ട്. അയാള്‍ തന്നെ ഈ മനുഷ്യന്‍. ഞാന്‍ കണ്ടപാടെ ഭര്‍ത്താവിനോട് പറഞ്ഞു. അപ്പോഴേക്കും അയാള്‍ നടന്ന് ഞങ്ങള്‍ക്കരികിലൂടെ വന്നു. ഞാന്‍ അമിതിനോട് പറഞ്ഞു: ''അയാളോട് ആ കാര്യം ചോദിച്ചു നോക്കൂ.''

അന്ന് എന്നെ സഹായിച്ച അതേ മനുഷ്യന്‍. ഞങ്ങള്‍ അദ്ദേഹത്തോട് നമസ്‌തേ പറഞ്ഞു. അയാള്‍ അത്ഭുതത്തോടെ ഞങ്ങളെ നോക്കി. ഞാന്‍ ചോദിച്ചു: ''താങ്കള്‍ എന്നെ തിരിച്ചറിയുന്നുണ്ടോ?'' 

''ക്ഷമിക്കണം, എനിക്കറിയില്ലല്ലോ.''

ഞാന്‍ വിസ്മയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ മനസ്സില്‍ താലോലിച്ച് നടന്നത് ഈ മനുഷ്യന്റെ രൂപമായിരുന്നു. എന്നാല്‍ ഇയാള്‍ എന്നെ തിരിച്ചറിയുന്നുമില്ല! അമിത് അയാളോട് പറഞ്ഞു: ''ആലോചിച്ച് നോക്കൂ. നിങ്ങള്‍ക്കറിയും.'' 

''ഇല്ല, എനിക്കിവരെ ഒരോര്‍മയുമില്ല. പറയൂ. ആരാണ്?''

ഞാന്‍ പറഞ്ഞു: ''മൂന്ന് മാസം മുമ്പ് കാണ്‍പൂരില്‍ നിന്ന് വരുന്ന ബസില്‍ ഞാനുണ്ടായിരുന്നു. താങ്കളും അതേ ബസ്സില്‍ യാത്രക്കാരനായിരുന്നു. അന്ന് താങ്കള്‍ എന്നെ സഹായിച്ചത് ഓര്‍ക്കുന്നില്ലേ?''

അപ്പോള്‍ അദ്ദേഹം ചിരിച്ചു.

''വരൂ! നമുക്ക് ചായ കഴിക്കാം.'' അദ്ദേഹം ഞങ്ങളെ അടുത്തുള്ള ഹോട്ടലിലേക്ക് ക്ഷണിച്ചു.

ഹൃദയം തുറന്ന നന്ദി പറയാനാണ് ചായ സല്‍കാരത്തില്‍ ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരുന്നത്. അപ്പോഴത്തെ അവസ്ഥയും മറ്റും കാരണം ഒരു നന്ദി വാക്ക് പോലും പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹമാകട്ടെ, ''സഹോദരീ, അത് വിടൂ. അതെല്ലാം ചെറിയ കാര്യങ്ങള്‍'' എന്നാണ് പ്രതികരിച്ചത്. 

അമിത് കുമാര്‍ ഡയറി എടുത്ത് നീട്ടി പറഞ്ഞു: ''ഭായ് സാബ്! താങ്കളുടെ പേരും വിലാസവും ഫോണ്‍ നമ്പരും കുറിച്ച് തന്നാലും.'' അദ്ദേഹം വിശദമായി എല്ലാം കുറിച്ച് തന്നു.

ഇയാള്‍ ശരിക്കും യു.പി.യിലെ അഅ്‌സംഗഢ് സ്വദേശിയായ ഒരു ഡോക്ടറാണെന്ന് അപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത്. ചായക്കാശ് കൊടുക്കാന്‍ അമിതിനോട് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ സാബ് അത് സമ്മതിക്കുന്ന മട്ടില്ല. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം മൗനം പാലിച്ചു. 

പിന്നീട് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു: ''ഡോക്ടര്‍ സാബ്! താങ്കള്‍ ഒന്നും മറുത്ത് പറയരുത്. ആ പഴയ 26 രൂപ താങ്കള്‍ ദയവ് ചെയ്ത് എന്നില്‍ നിന്ന് സ്വീകരിക്കണം.'' ഡോക്ടര്‍ ശബ്ദമുയര്‍ത്തി: ''എന്താണ് നിങ്ങള്‍ പറയുന്നത്? ഇത് നമ്മുടെ ആദ്യത്തെയോ അവസാനത്തെയോ കൂടിക്കാഴ്ചയാണോ? ഇനിയും കാണേണ്ടവരല്ലേ നമ്മള്‍?'' അതിനിടെ അമിത് കുമാര്‍ നിര്‍ബന്ധപൂര്‍വം ആ 26 രൂപ അദ്ദേഹത്തിന്റെ പോക്കറ്റില്‍ വെച്ച് കൊടുത്തു. ഞാന്‍ പറഞ്ഞു: '' ഡോക്ടര്‍ സാബ്! വല്ലപ്പോഴും താങ്കള്‍ ഞങ്ങളുടെ വീട്ടില്‍ വരണം.'' അദ്ദേഹം സമ്മതിച്ചില്ല. ''ആദ്യം നിങ്ങള്‍ എന്റെ വീട്ടില്‍ വരിക.''  കുറഞ്ഞ നേരത്തെ സംസാരത്തിന് ശേഷം അന്ന് ഞങ്ങള്‍ പിരിഞ്ഞു. 

പിറ്റെ ഞായറാഴ്ച അമിത് കുമാര്‍ പറഞ്ഞു: ''ശരി, ഇന്ന് നമുക്ക് ഡോക്ടറുടെ വീട്ടില്‍ പോകാം.'' ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ ഡോക്ടര്‍ ഞങ്ങളെ സ്വാഗതം ചെയ്തു. ''വരൂ, ഞാന്‍ കാത്തിരിക്കുകയാണ്.'' 

പറഞ്ഞ പ്രകാരം വൈകുന്നേരം ഞങ്ങള്‍ ഡോക്ടറുടെ വീട്ടിലേക്ക് പുറപ്പെട്ടു. എനിക്ക് നേരിട്ടുള്ള സഹോദരനോ സഹോദരിയോ ഇല്ല. മാതാപിതാക്കളും നേരത്തേ മരണപ്പെട്ടുപോയി. എനിക്കീ യാത്ര സ്വന്തം സഹോദരന്റെ വീട്ടിലേക്ക് പോകുന്ന പോലെ അനുഭവപ്പെട്ടു. 

ഞങ്ങള്‍ എത്തുമ്പോള്‍ ഡോക്ടറും കുടുംബവും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഡോക്ടര്‍ സ്‌നേഹപൂര്‍വം ഞങ്ങളെ സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു. കുടുംബിനിയെ വിളിച്ച് ഞങ്ങളെ പരിചയപ്പെടുത്തി. ഏകദേശം ഞാനും ഡോക്ടറുടെ ഭാര്യയും ഒരേ പ്രായക്കാര്‍. ഒന്നോ രണ്ടോ വയസ്സിന് എന്നിലും ചെറുപ്പം. അവരെ കണ്ടപ്പോള്‍ എനിക്ക് ഏറെ സന്തോഷം തോന്നി. പുഞ്ചിരിക്കുന്ന വദനം, ഹൃദ്യമായ പെരുമാറ്റം-ഇതായിരുന്നു ഡോക്ടറുടെ ഭാര്യ. അതിഥി സല്‍കാരത്തിന് സവിശേഷമായ ഒരുക്കമുണ്ടായിരുന്നു ആ വീട്ടില്‍. പലഹാരമുണ്ടാക്കാന്‍ ഞാനും സഹായിക്കാന്‍ ഒരുങ്ങി. കുട്ടികള്‍ കരയുന്നത് കണ്ടാണ് ഞാനങ്ങനെ ചെയ്തത്. എന്നാല്‍ ''എന്റെ ജ്യേഷ്ഠ ഭാര്യയുടെ സമ്മതമുണ്ടെങ്കില്‍ ചെയ്‌തോളൂ.'' ഡോക്ടര്‍ ഈ ഉദ്യമം തടഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു. ''ഇത് നിങ്ങളുടെ കൂടെ വീടാണെന്ന് കരുതിയാല്‍ മതി.'' അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കൂടി വീടാണെന്ന ഡോക്ടറുടെ പരാമര്‍ശം എനിക്ക് ഏറെ സന്തോഷം പകര്‍ന്നു. 

എന്നാല്‍ ഭക്ഷണം പാകം ചെയ്യാന്‍ അവരുടെ കൂടെ കൂടാന്‍ എത്ര ശ്രമിച്ചിട്ടും ഡോക്ടറുടെ ജേഷ്ഠ ഭാര്യ സമ്മതിച്ചില്ല. 

''ഇപ്രാവശ്യം വേണ്ട, അടുത്ത തവണ വരുമ്പോള്‍ നോക്കാം.'' അവര്‍ പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ തമ്മില്‍ കുറെ വര്‍ത്തമാനങ്ങള്‍ പറഞ്ഞു. ഡോക്ടര്‍ സാഹിബ് ഈ സമയം എന്റെ ഭര്‍ത്താവിന് കുറെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. പുസ്തകങ്ങള്‍ അമിതിന് വലിയ ഹരമാണ്. ഏകദേശം രണ്ട് രണ്ടര മണിക്കൂര്‍ അവിടെ ചെലവഴിച്ച് ഞങ്ങള്‍ മടങ്ങുമ്പോള്‍ പത്തോളം ഗ്രന്ഥങ്ങള്‍ അമിത് വായനക്കെടുത്തിരുന്നു. ഇറങ്ങുമ്പോള്‍ ഡോക്ടറുടെ മൂത്തച്ചി ഒരു പാക്കറ്റ് ഞങ്ങളെ ഏല്‍പിച്ചു. വീട്ടിലെത്തിയിട്ട് തുറന്നാല്‍ മതി എന്നും അവര്‍ പറഞ്ഞു. 

ഞങ്ങള്‍ മടങ്ങി വീട്ടിലെത്തുമ്പോള്‍ സമയം രാത്രി 10 മണി. പാക്കറ്റ് തുറന്ന് നോക്കുമ്പോള്‍ ആഹ്ലാദവും അത്ഭുതവും. ഒരു സാരി, ഒരു ബ്ലൗസ്, മകള്‍ സ്മിതക്ക് ഒരു ഫ്രോക്ക്, പിന്നെ കുറെ മധുര പലഹാരങ്ങളും. 

പിന്നെ പല പ്രാവശ്യം അമിത്, ഡോക്ടര്‍ സാബിനെ കണ്ടുമുട്ടി. പുസ്തകങ്ങള്‍ എടുത്ത് വായിച്ചുകൊണ്ടിരുന്നു. രാത്രി കുത്തിയിരുന്നു വായിക്കും അമിത്. വായിച്ചു കഴിഞ്ഞവ മടക്കിക്കൊടുക്കാനും മറന്നില്ല. അവയില്‍ ചില ബുക്കുകള്‍ ഞാനും വായിച്ചിരുന്നു. ശാന്തി മാര്‍ഗ്, മുക്തി മാര്‍ഗ്, ജീവിതവും മരണവും, ഇസ്‌ലാം മതം, ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം, നാല്‍പത് ഹദീസുകള്‍, ഖുര്‍ആനെ പരിചയപ്പെടുക, ഖുര്‍ആന്‍ തര്‍ജുമ തുടങ്ങിയവ ഞാനും വായിച്ചു. ഇതിനിടെ നാലഞ്ച് വട്ടം ഞാന്‍ ഡോക്ടറുടെ അഅ്‌സംഗഡിലെ വീട്ടില്‍ പോയിട്ടുണ്ട്. എപ്പോള്‍ ചെന്നാലും ഡോക്ടറുടെ സഹോദരഭാര്യയുടെ വക വസ്ത്രങ്ങളോ, മിഠായികളോ മറ്റെന്തെങ്കിലുമോ വീട്ടിലേക്ക് തന്ന് വിടും. മൂന്ന് തവണ അവരും ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ട്.  അങ്ങനെ ഞങ്ങള്‍ പരസ്പരം അടുത്തു. അമിത് കുമാര്‍ ഇടക്കിടെ ഡോക്ടറെ കാണും. ഡോക്ടര്‍ പലപ്പോഴും അമിതിന് ഫോണ്‍ ചെയ്യും. 

ഇങ്ങനെ ഒരു വര്‍ഷം കടന്നു പോയിട്ടുണ്ടാവും. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഒരിക്കലും ഡോക്ടര്‍ സാബ് ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നില്ല. ഓരോ തവണയും ഓരോ പ്രതിബന്ധം പറയും. അടുത്ത പ്രാവശ്യമാകാം എന്ന് വാക്ക് തരും. ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന് ശാരീരിക സുഖമില്ലായിരുന്നു. ശരീരം വിറക്കുന്നു. ജേഷ്ഠ ഭാര്യ അദ്ദേഹത്തെ ആക്ഷേപിക്കുന്നുണ്ട്. ഇന്നും ഏതോ അപരിചിതന് രക്തദാനം നല്‍കി വന്നിരിക്കയാ. രണ്ട് മാസം മുമ്പാണ് ഇതുപോലെ ഒരു രോഗിക്ക് രക്തം നല്‍കിയത്. ''രക്തം നല്‍കിയിട്ട് ഒരു രോഗി രക്ഷപ്പെട്ടാലോ.'' അദ്ദേഹം ചോദിച്ചു.

എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ജേഷ്ഠ ഭാര്യയെ അനുകൂലിച്ചു സംസാരിച്ചു. അമിത് ഓരോ തവണയും ഡോക്ടറെ കണ്ട് വന്നാല്‍ എന്തെങ്കിലും കൗതുകം പറയാനുണ്ടാവും. ഇന്ന് ഡോക്ടറെ കണ്ടു. അദ്ദേഹം ഒരു ലിസ്റ്റുമായി ഇരിക്കുന്നു. ആട്ട, പരിപ്പ്, അരി തുടങ്ങിയ സാധനങ്ങള്‍ വാങ്ങണം. ഞാന്‍ ചെന്നപ്പോള്‍ തുടങ്ങിയ ഇരുത്തം. ലിസ്റ്റ് തയാറാക്കലും വെട്ടും തിരുത്തും. അതിനിടക്ക് വര്‍ത്തമാനം തുടരുന്നു. അപ്പോള്‍ നദ്‌വയില്‍ നിന്ന് ഒരു വിദ്യാര്‍ഥി കയറി വന്നു. കുറച്ച് നേരം അവന്റെ പ്രശ്‌നങ്ങള്‍ കേട്ടു. ഡോക്ടര്‍ അവന് 400 രൂപ നല്‍കി. അന്ന് സാധനങ്ങള്‍ വാങ്ങുന്നത് വേണ്ടെന്ന് വെച്ചു. 

ഒരിക്കല്‍ അമിത് പറഞ്ഞു: '' ഇന്ന് ഞാന്‍ ഡോക്ടറെ കണ്ടു. അദ്ദേഹത്തോടൊപ്പം അമീനാബാദിലും പോയി. അവിടെ നിന്ന് അദ്ദേഹം 350 രൂപ കൊടുത്ത് ഒരു കമ്പിളി പുതപ്പ് വാങ്ങി. അതുമായി വീട്ടിലേക്ക് മടങ്ങുമ്പോള്‍ മുഖം മൂടി (നിഖാബ്) അണിഞ്ഞ ഒരു സ്ത്രീയെ വഴിയില്‍ വെച്ച് കണ്ടുമുട്ടി. അവര്‍ പറഞ്ഞു: ''മൗലാനാ, ഭയങ്കര തണുപ്പാണ്. മക്കള്‍ തണുത്ത് വിറക്കുന്നു. ഒരു പുതപ്പോ കമ്പിളിയോ കിട്ടുമോ?'' കൈയിലുണ്ടായിരുന്ന ആ കമ്പിളിയുടെ കിറ്റ് അവര്‍ക്ക് നേരെ നീട്ടി. വെറും കൈയോടെ വീട്ടിലേക്ക് പോരുകയും ചെയ്തു. 

ഒരു ദിനം രാത്രി 11 മണിയായിട്ടുണ്ടാവും. ഡോക്ടര്‍ ഞങ്ങളുടെ ഗല്ലിയിലൂടെ നടന്നു വരുന്നു. ഇരു കൈയിലും പലവ്യഞ്ജനങ്ങളുടെ കിറ്റുണ്ട്. അമിത് ഉടനെ ഡോക്ടറുടെ അടുക്കലെത്തി. ''താങ്കളിതും കൊണ്ട് ഈ നേരത്ത് എങ്ങോട്ട് പോകുന്നു?'' ആദ്യമൊക്കെ ഡോക്ടര്‍ സാബ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കാര്യം പറഞ്ഞു: ''അടുത്തുള്ള ഗല്ലിയില്‍ ഒരു വൃദ്ധ സ്ത്രീയുണ്ട്. അവര്‍ക്ക് സഹായികളാരുമില്ല. ഞാന്‍ ചിലപ്പോള്‍ ഇങ്ങനെ വല്ലതും കൊണ്ട് പോയി കൊടുക്കും.'' പിന്നീട് അമിതിനെയും കൂടെ കൊണ്ട് പോയി. ആ സാധനങ്ങളും കുറച്ച് പണവും വൃദ്ധക്ക് കൈമാറിയ ശേഷം അവര്‍ മടങ്ങി. തിരിച്ച് പോകുമ്പോള്‍ വീട്ടില്‍ കയറി പോകാന്‍ അമിത് നിര്‍ബന്ധിച്ചെങ്കിലും  ഡോക്ടര്‍ 'ഇപ്പോള്‍ സമയം ഏറെ വൈകി, ഇനി ഒരിക്കലാകാ'മെന്ന് പറഞ്ഞു. എന്നാല്‍ അമിത് വിട്ടില്ല. അവസാനം ഡോക്ടര്‍ സമ്മതിച്ചു. ഡോക്ടറെ വീടിനു മുന്നില്‍ കണ്ടപ്പോള്‍ എനിക്ക് വിസ്മയം. ഇതാദ്യമായാണ് അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ വരുന്നത്. ഞാന്‍ വളരെ വേഗം ഭക്ഷണം ശരിയാക്കാന്‍ അടുക്കളയില്‍ പോയി. എന്നാല്‍ ഡോക്ടര്‍ ''ഒരു ചായ മാത്രം മതി. ഭക്ഷണം കഴിച്ചതാണ്'' എന്നറിയിച്ചു. ഏതായാലും അവിടെ ഉള്ള വിഭവങ്ങള്‍ കൊണ്ട് സല്‍കരിച്ചു. കൊച്ചു വര്‍ത്തമാനങ്ങളും പറഞ്ഞു. അതിനിടക്ക് അമിത് ചോദിച്ചു: ''ഇപ്പോള്‍ കുറെ നാളായി. എത്ര കാലം ഈ പോക്ക് പോകും?'' അപ്പോള്‍ ഡോക്ടര്‍: ''സമയമുണ്ടല്ലോ. ധൃതി എന്തിനാണ്?'' ''ഞങ്ങള്‍ അതിനിടക്ക് മരണപ്പെട്ടാലോ?'' ഇത് കേട്ടപ്പോള്‍ ഡോകടര്‍ മൗനം പാലിച്ചു. രാത്രി ഒരു മണിയായിട്ടുണ്ടാവും. ഡോക്ടറെ വീട്ടില്‍ കൊണ്ട് വിടാനായി അമിത് അദ്ദേഹത്തിന്റെ കൂടെപ്പോയി. മടങ്ങി വന്ന് കിടക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉറക്കം വന്നില്ല. ഈമാന്‍, ഇസ്‌ലാം, സ്വര്‍ഗം, നരകം, ഡോക്ടര്‍ സാബ്, വൃദ്ധ സ്ത്രീ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ ആ പാതിരാത്രിയില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. 

മൂന്നോ നാലോ മാസം പിന്നെയും കഴിഞ്ഞു. പുസ്തകത്തിലൂടെയും ഡോക്ടറുടെ ജ്യേഷ്ഠ ഭാര്യയില്‍ നിന്നും നമസ്‌കാരം പോലുള്ള കര്‍മങ്ങള്‍ പഠിക്കുകയും അവ കൃത്യമായി നിര്‍വഹിച്ചുപോരുകയും ചെയ്തു. ഇതിനിടക്ക് അമിതിന് ജോലിയില്‍ മാറ്റം കിട്ടി. ഞങ്ങള്‍ ദല്‍ഹിയില്‍ നിന്ന് ഗാസിയാബാദിലെത്തി. ഇവിടെ വെച്ച് ഞങ്ങള്‍ ഒരു പുതിയ ജീവിതം നയിക്കാന്‍ തുടങ്ങി. 

ഞാന്‍ അര്‍ച്ചന എന്നതിന് പകരം മുഅ്മിന തബസ്സും എന്നും അമിത് കുമാര്‍ എന്നത് അബ്ദുല്‍ കരീം എന്നും സ്മിത എന്നത് ഉള്മാ എന്നും പേരുകള്‍ മാറ്റി. ജീവിതനദി പിന്നെയും ഒഴുകി. ഡോക്ടര്‍ സാബ് രണ്ട് വര്‍ഷമായി പെരുന്നാളിന് പുതിയ വസ്ത്രങ്ങളും വിഭവങ്ങളും അയച്ച് കൊണ്ടിരുന്നു. രണ്ട് പ്രാവശ്യം ഞാന്‍ ലഖ്‌നൗവില്‍ ഡോക്ടറുടെ വീട്ടില്‍ പോയിരുന്നു. അദ്ദേഹത്തിന്റെ വീട് എനിക്ക് സ്വന്തം വീടു പോലെയാണ്. പോക്കുവരവുകള്‍ അങ്ങനെയായിരുന്നു. 

ഈ ബന്ധം നിലനിര്‍ത്താന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞങ്ങളെ പരലോകത്ത് വിജയിപ്പിക്കേണമേ നാഥാ! ഡോക്ടര്‍ എപ്പോഴും ഒരു കവിത ചൊല്ലാറുണ്ടായിരുന്നു: 

''നിന്റെ ജീവിത സരണി സരളമാക്കുകയാണ് എന്റെ ജീവിതലക്ഷ്യം; അതിന് വേണ്ടിയാണ് ഞാന്‍ സമര്‍പ്പിതനായിട്ടുള്ളത്. അതിന് വേണ്ടിയാണല്ലോ എന്റെ തപസ്സും.''

(നസീം ഗാസി ഫലാഹിയുടെ 'ദഅ്‌വത്തീ തജുറുബാത്തി'ല്‍ നിന്ന്).

വിവ: സഈദ് മുത്തനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /42-46
എ.വൈ.ആര്‍