Prabodhanm Weekly

Pages

Search

2015 ജൂലൈ 31

ചോദ്യങ്ങളിലെ ശരിയും തെറ്റും

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         നമ്മുടെ മക്കളെ കുറിച്ച് നാം പലപ്പോഴും പരാതിപ്പെടുന്നത് അവര്‍ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങള്‍ നമ്മളുമായി പങ്കുവെക്കുന്നില്ലെന്നാണ്. ഈ പ്രശ്‌നം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരു കാര്യം നമുക്ക് ബോധ്യപ്പെടും. അതായത് അവരോടുള്ള നമ്മുടെ ചോദ്യവും അന്വേഷണവും തെറ്റായ രീതിയിലായിരുന്നു. തുറന്നടിച്ച വിധത്തില്‍ നാം ഇങ്ങനെ ചോദിക്കുമെന്ന് വെക്കുക: ''നീ ഇന്ന് സ്‌കൂളില്‍ എന്താണ് ചെയ്തത്?'' സ്വാഭാവികമായും അവന്റെ മറുപടി ഇങ്ങനെയാവും. ''ഒന്നും ചെയ്തില്ല.'' ''ഞങ്ങള്‍ പഠിച്ചു.'' എന്ന് മാത്രം ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞെന്നും വരാം. ദൈനംദിനകാര്യങ്ങളില്‍ വിശദീകരിച്ച് മറുപടി തന്നില്ല എന്ന് അന്നേരം നാം ധരിക്കും. 

ഇനി ചോദിക്കുന്ന രീതി ഒന്ന് ഇങ്ങനെയാക്കി നോക്കുക: ''കണക്ക് അധ്യാപകന്‍ എന്താണ് നിന്നോട് ഇന്ന് പറഞ്ഞത്; ഒഴിവുവേളയില്‍ നീ എന്തൊക്കെയാണ് കളിച്ചത്?''

മറുപടി വേറൊരു വിധത്തിലാവും. കുട്ടി വായാടിത്തത്തോടെ അന്നത്തെ അനുഭവങ്ങളോരോന്നും വിശദീകരിച്ചു പറയും. ഇവിടെ സംഭവിച്ചത് ഒന്ന് മാത്രം. ചോദ്യത്തിന്റെ ശൈലിയും രീതിയും നിങ്ങള്‍ മാറ്റി. ഫലവും വ്യത്യസ്തമായി. ഇനി മറ്റൊരു ഉദാഹരണം. നിങ്ങള്‍ മകനോട് ഇങ്ങനെ ചോദിച്ചു നോക്കൂ: ''നിന്റെ പിതാവില്‍ നീ മാനിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ്?'' അവന്‍ ഒരു പൊതുവായ മറുപടി തരും: ''എല്ലാം.'' ഇനി ഇതേ കാര്യം മറ്റൊരു വിധത്തിലും ചോദിച്ചു നോക്കൂ: ''നിന്റെ പിതാവില്‍ നീ കാണുന്ന മൂന്ന് മികച്ച ഗുണങ്ങള്‍ പറയാമോ?'' ഇങ്ങനെ ചോദിച്ചാല്‍ അവന്റെ വിശദമായ മറുപടി വരും. അപ്പോള്‍ ചോദ്യത്തിന്റെ രീതിയാണ് കുട്ടിയെ മൗനിയാക്കുന്നതും വായാടിയാക്കുന്നതും. ചോദ്യത്തിന്റെ സ്വഭാവവും ശൈലിയും രീതിയും അനുസരിച്ചാവും മറുപടിയും എന്ന് ചുരുക്കം. 

ഒരു വിഷയം അവതരിപ്പിക്കുന്നതിന് മുമ്പ്, ശ്രദ്ധ പിടിച്ചു പറ്റാന്‍ ചില ചോദ്യങ്ങളുന്നയിച്ചു തുടങ്ങുന്ന രീതിയുണ്ട്. സംസാരം ചോദ്യം ഉന്നയിച്ചുകൊണ്ടാവുമ്പോള്‍ സ്വീകര്‍ത്താവിന്റെ ശ്രദ്ധയേറും. ചോദ്യം ശ്രദ്ധ ശക്തിപ്പെടുത്തുകയും ബുദ്ധിയെ പ്രചോദിപ്പിക്കുകയും ചെയ്യും. മികച്ച ശ്രദ്ധ കിട്ടാനാണ് ചില കാര്യങ്ങള്‍ നബി(സ) ചോദ്യങ്ങള്‍ ആമുഖമാക്കി അവതരിപ്പിക്കുന്നത്. ഉദാഹരണം: ''മുആദേ! അല്ലാഹുവിന് ജനങ്ങളോടുള്ള ബാധ്യത എന്തെന്ന് നിനക്കറിയുമോ? ജനങ്ങള്‍ക്ക് അല്ലാഹുവിനോടുള്ള കടമ എന്തെന്ന് നിനക്കറിയുമോ?'' ഈ ചോദ്യരീതി മുആദിന്റെ ശ്രദ്ധ പൂര്‍ണമായി നബിയിലേക്ക് തിരിയ്ക്കും. ചിലപ്പോള്‍ ഇങ്ങനെയാവും ചോദ്യം: ''കൊടിയ പാപം എന്തെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?'' അപ്പോള്‍ സ്വഹാബിമാരെല്ലാം ഉത്തരത്തിന് വേണ്ടി കാത് കൂര്‍പ്പിച്ചിരിക്കും. അവരുടെ മുഴുശ്രദ്ധയും തന്നിലാണെന്ന് കാണുമ്പോള്‍ നബിയുടെ തന്നെ മറുപടി വരും. ചില നേരങ്ങളില്‍ ഇങ്ങനെയാവും: ''നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞതെന്ന് അറിയുമോ?'' ''നിങ്ങളിലെ ഏറ്റവും ഉത്തമന്മാര്‍ ആരെന്ന് ഞാന്‍ പറഞ്ഞ് തരട്ടെയോ?'' എന്ന് ചോദിച്ചുകൊണ്ടാവും മറ്റു ചിലപ്പോള്‍ നബി(സ) സംസാരം തുടങ്ങുക. 

അനുചരന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വ്യത്യസ്ത ചോദ്യ ശൈലികള്‍ നബി(സ) എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് സൂചിപ്പിക്കാന്‍ ചില ഉദാഹരണങ്ങള്‍ കുറിച്ചതാണ്. തന്റെ കുരുവി ചത്തതില്‍ ദുഃഖിച്ച് ഏകാകിയായിരിക്കുന്ന കൊച്ചുകുട്ടിയായ ഉമൈറിനോട് നബി(സ) ചോദിച്ചത് ഇങ്ങനെ: ''അബാ ഉമൈര്‍, മാ ഫഅലന്നുഗൈര്‍?'' (അബൂ ഉമൈര്‍, കുഞ്ഞുകുരുവിക്കെന്ത് പറ്റി?).

അറിവ് പകര്‍ന്ന് നല്‍കാനുള്ള മാധ്യമമായി ചോദ്യം ചോദിക്കുന്നതിനെ പരിചയപ്പെടുത്തുന്നുണ്ട്. 'നിങ്ങള്‍ക്ക് അറിഞ്ഞ് കൂടെങ്കില്‍ അറിവുള്ളവരോട് ചോദിക്കൂ' എന്ന് ഖുര്‍ആന്‍. മൂന്ന് മുതല്‍ അഞ്ച് വയസ്സു വരെയുള്ള പ്രായത്തില്‍ ഒരു കുഞ്ഞ് ദിവസത്തില്‍ ശരാശരി മുന്നൂറ് ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. കുഞ്ഞ് കൂടുതല്‍ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ പഠിക്കേണ്ടി വരുന്നു. ''എന്ത് കൊണ്ട്?'' എന്ന അന്വേഷണവും ചോദ്യവുമാണ് ഈ പ്രായത്തില്‍ കുഞ്ഞില്‍ നിന്ന് ഏറെയുണ്ടാവുക. ജീവിതം കണ്ടെത്താന്‍ ശ്രമിക്കുകയാണവര്‍ ഈ ചോദ്യങ്ങളിലൂടെ. ചോദ്യങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ സാധാരണ രണ്ട് തെറ്റുകള്‍ ചെയ്യാറുണ്ട്. ഒന്ന്, ചോദ്യങ്ങള്‍ പെരുകുമ്പോള്‍ ''ഒന്ന് മിണ്ടാതെ അടങ്ങിയിരിക്ക്'' എന്ന് ശാസിക്കുക. രണ്ട്, ചോദ്യങ്ങള്‍ക്കൊന്നും മറുപടി കൊടുക്കാതിരിക്കുക. 

നല്ല ചോദ്യത്തിനും നല്ല മറുപടിക്കും സമ്മാനം കൊടുക്കുകയാണ് യഥാര്‍ഥ രീതി. ഇത്‌കൊണ്ടാണ് നല്ല വാക്കുകള്‍ മൊഴിഞ്ഞവന് നബി(സ) പ്രശംസയുടെ വിലപ്പെട്ട സമ്മാനം നല്‍കിയത്. നമസ്‌കാരത്തിനുള്ള സ്വഫ്ഫില്‍ ആദ്യമെത്താന്‍ ഒരാള്‍ ഓടിക്കിതച്ചെത്തി. സ്വഫ്ഫില്‍ കയറി നിന്ന ശേഷം അയാള്‍ 'അല്‍ഹംദുലില്ലാഹി ഹംദന്‍ കസീറന്‍ ത്വയ്യിബന്‍ മുബാറകന്‍ ഫീഹി' എന്നു പറഞ്ഞു. നമസ്‌കാരം കഴിഞ്ഞപ്പോള്‍ നബി(സ): ''ആരാണ് അങ്ങനെ പറഞ്ഞ ആള്‍?'' ആരും  ഒന്നും മിണ്ടിയില്ല. അപ്പോള്‍ അയാള്‍ തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. നബി(സ): ''ആരാണ് അയാള്‍? അയാള്‍ ദോഷമൊന്നും പറഞ്ഞില്ല. എന്ന് മാത്രമല്ല പറഞ്ഞതൊക്കെ നല്ലതാണ് താനും.''

നബി(സ)യുടെ വാക്കുകള്‍ ശ്രവിച്ച അയാള്‍: ''റസൂലേ, ഞാന്‍ ഓടിക്കിതച്ച് സ്വഫ്ഫില്‍ അണിചേരാന്‍ വന്നതാണ്. പകച്ച എന്റെ മനസ്സാണ് എന്നെ ഇങ്ങനെയൊക്കെ പറയാന്‍ പ്രേരിപ്പിച്ചത്.'' അപ്പോള്‍ നബി(സ)യുടെ മറുപടി അയാളെ കൂടുതല്‍ പ്രചോദിപ്പിച്ചു. ''പന്ത്രണ്ടായിരം മലക്കുകള്‍ ഈ വചനം അല്ലാഹുവിലേക്ക് ഉയര്‍ത്താന്‍ മത്സരിക്കുകയായിരുന്നു അപ്പോള്‍. നിങ്ങളാരെങ്കിലും നമസ്‌കാരത്തിന് വരികയാണെങ്കില്‍ സാവധാനം നടന്നു വന്നാല്‍ മതി. കിട്ടിയത് നമസ്‌കരിക്കുക. നഷ്ടപ്പെട്ടത് വീട്ടുക.'' തന്റെ തെറ്റ് ഈ വിധമാണ് നബി(സ) തിരുത്തുകയെന്നും തന്റെ നല്ല വചനങ്ങള്‍ക്ക് ഈ വിധം നബി(സ) ഉപഹാരം നല്‍കുമെന്നും ആ സ്വഹാബി ഒരിക്കലും നിനച്ചിട്ടുണ്ടാവില്ല. ചോദ്യവും ഉത്തരവും നാം പഠിച്ചെടുക്കേണ്ട ഒരു കലയാണ്. എങ്ങനെ ഇങ്ങനെ വിജ്ഞാനമാര്‍ജ്ജിച്ചു എന്ന ചോദ്യത്തിന് ഇബ്‌നുഅബ്ബാസ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ''ചോദിക്കുന്ന നാവില്‍ നിന്നും ചിന്തിക്കുന്ന ഹൃദയത്തില്‍ നിന്നും.'' 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /42-46
എ.വൈ.ആര്‍