അനുസ്മരണം
പെരിങ്ങൊളം പി.പി മുഹമ്മദ്
പെരിങ്ങൊളം കാര്‍ക്കൂന്‍ ഹല്‍ഖാ സെക്രട്ടറിയായിരുന്നു പി.പി മുഹമ്മദ്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ അഞ്ചു സഹോദരിമാരുടെയും മാതാവിന്റെയും ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ചുമലില്‍ വന്നു ചേര്‍ന്നു. പിതാവ് വിട്ടേച്ചു പോയ ഒരു പെട്ടിക്കട മാത്രമായിരുന്നു വരുമാന മാര്‍ഗം. അന്ന് ആ കടയില്‍ എത്തിയ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഒരു സ്‌ക്വാഡ് വഴിയാണ് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയെ പരിചയപ്പെടുന്നത്. അതോടെ അദ്ദേഹം പ്രസ്ഥാന മാര്‍ഗത്തില്‍ സജീവമായി. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും നിരന്തര ശ്രമത്തിലൂടെയും ആ വലിയ കുടുംബത്തെയും പ്രസ്ഥാനവത്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
പ്രസ്ഥാനത്തിലേക്ക് പ്രവേശിച്ചതോടെ പ്രദേശത്തെ മഹല്ലിന്റെ എതിര്‍പ്പുകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. മഹല്ലില്‍ നിന്ന് പുറത്താക്കപ്പെട്ടു. മാതാവിനും സഹോദരിമാര്‍ക്കും ദിനേനയെന്നോണം ഭീഷണികള്‍ മഹല്ല് കാരണവന്‍മാരില്‍ നിന്ന് നേരിടേണ്ടിവന്നു. അദ്ദേഹത്തിനും കുടുംബത്തിനും മറ്റു പ്രവര്‍ത്തകര്‍ക്കുമെതിരെ ഭ്രഷ്ടും നിസ്സഹകരണവും ശക്തിപ്പെട്ടു. പ്രവര്‍ത്തകരുടെ മക്കള്‍ക്ക് മദ്രസാ പഠനം പോലും വിലക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഒരു സഹോദരി മരണപ്പെട്ടപ്പോഴും പിന്നീട് മാതാവ് മരിച്ചപ്പോഴും സന്ദര്‍ഭമുപയോഗിച്ച് കണക്ക് തീര്‍ക്കാന്‍ മഹല്ല് നേതൃത്വം കിണഞ്ഞു ശ്രമിച്ചു. പക്ഷെ പ്രസ്ഥാനത്തെ സ്‌നേഹിച്ചു പോയ അദ്ദേഹത്തിന് അതെല്ലാം കൂടുതല്‍ ആവേശം പകരുകയാണുണ്ടായത്. അത് മറ്റു പ്രവര്‍ത്തകര്‍ക്ക് കൂടി കരുത്തേകാന്‍ കാരണമായി. പിന്നീട് സമീപ പ്രദേശമായ കുന്ദമംഗലത്ത് ജമാഅത്ത് മഹല്ല് നിലവില്‍ വന്നപ്പോള്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു.
വര്‍ഷങ്ങളോളം പ്രദേശത്തെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം അദ്ദേഹത്തിന്റെ വീടായിരുന്നു. തന്റെ കുടുംബത്തെ മുഴുവന്‍ പ്രസ്ഥാന രംഗത്ത് സജീവരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ മക്കളാണ് ഇന്ന് പ്രാദേശിക തലത്തിലെ വിവിധങ്ങളായ ഇസ്‌ലാമിക, സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.
ഭാര്യ: റസിയാബാനു. മക്കള്‍: മുസ്ഫര്‍ അലവി, മുസ്‌ലിഹുദ്ദീന്‍ അലവി, മുഷ്താഖ് അലവി, മുസമ്മില്‍ അലവി, മുസ്അബ് അലവി.
പി.പി അബ്ദുല്‍ ഖാദര്‍
പെരിങ്ങൊളം
അബ്ദുല്‍ മജീദ് ചീരക്കുഴി
മലപ്പുറം ജില്ലയിലെ ചീരക്കുഴി ഹല്‍ഖയിലെ കാര്‍ക്കൂനായിരുന്ന അബ്ദുല്‍ മജീദ് സാഹിബ് തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തിലാണ് പ്രസ്ഥാനത്തിലേക്ക് വന്നത്. കുടുംബത്തിനകത്തും പുറത്തും നിന്ന് ഒരുപാട് പ്രയാസങ്ങളെ അദ്ദേഹം അഭിമുഖീകരിച്ചു. എല്ലാ പ്രതിസന്ധികളെയും ഇച്ഛാശക്തി കൊണ്ടും സമര്‍പ്പണ മനസ്സ് കൊണ്ടും അദ്ദേഹം മറികടന്നു. ഔപചാരിക വിദ്യാഭ്യാസം വേണ്ടത്രയില്ലെങ്കിലും പ്രാസ്ഥാനിക ക്ലാസുകള്‍ വഴി ഖുര്‍ആനിലും ഇസ്‌ലാമിക വിഷയങ്ങളിലും നല്ല കാഴ്ചപ്പാട് നേടിയെടുത്തിരുന്നു. നാട്ടിലെ പള്ളിപരിപാലനത്തിന് മുന്നില്‍ നിന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മൂന്ന് പെണ്‍മക്കള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനും, പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അവരെ വിവാഹം ചെയ്തുകൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു.
അബൂബക്കര്‍ കരുളായി
ബി. അബ്ദുല്‍ കരീം
1965 കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം തിരുവനന്തപുരത്ത് കാലുറപ്പിക്കുമ്പോള്‍ ദഖ്‌നി വിഭാഗത്തില്‍ നിന്ന് പ്രസ്ഥാനത്തില്‍ ഒന്നാമനായെത്തിയത് കരീം സാഹിബായിരുന്നു. പാളയത്തെ അക്കാലത്തെ എമ്പോറിയം എന്ന സ്റ്റേഷനറി കടയുടെ കോലായില്‍ പേന, കണ്ണട തുടങ്ങിയവ റിപ്പയര്‍ ചെയ്തു നിത്യവൃത്തിക്കുള്ള വക കണ്ടെത്തുമായിരുന്നു 'പെന്‍ റിപ്പയര്‍' കരീം സാഹിബ്. പ്രബോധനം വാരിക, റേഡിയന്‍സ് ദൈ്വവാരിക തുടങ്ങിയവ വിതരണത്തിനെത്തിയത് കരീം സാഹിബിന്റെ പേരിലായിരുന്നു. ഉര്‍ദു ഭാഷ അറിയുന്നതിനാല്‍ ദഅ്‌വത്ത് ത്രൈദിനപത്രത്തിലെ പ്രധാന വാര്‍ത്തകള്‍ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കുമായിരുന്നു. മൗദൂദി സാഹിബിന്റെ 'പര്‍ദ്ദ' എന്ന കൃതി അദ്ദേഹം അക്കാലത്ത് മലയാളത്തില്‍ മൊഴിമാറ്റം നടത്തിയിരുന്നു. കുറച്ചു കാലം എം.ജി റോഡിലെ പ്ലാറ്റ്‌ഫോമില്‍ ചെരുപ്പ് കച്ചവടം നടത്തിയിരുന്നു കരീം സാഹിബ്. 82കാരനായ അദ്ദേഹം അവസാനകാലത്ത് പാളയത്തെ ഇസ്‌ലാമിക് സെന്ററില്‍ രാത്രികാല ചുമതല നിര്‍വഹിച്ചുവരികയായിരുന്നു. പാളയം പ്രാദേശിക ജമാഅത്തിലെ കാര്‍ക്കൂനായ അദ്ദേഹം രോഗബാധിതനായി അര്‍ധബോധാവസ്ഥയില്‍ കിടക്കുമ്പോഴും ഇസ്‌ലാമിക് സെന്ററിന്റെ കാര്യങ്ങളാണ് അന്വേഷിച്ചിരുന്നത്. പരിശുദ്ധ റമദാന്‍ മാസത്തിലെ ആദ്യ വാരത്തിലാണ് പടച്ചവനിലേക്ക് അദ്ദേഹം യാത്രയായത്.
Comments