Prabodhanm Weekly

Pages

Search

2015 ജൂലൈ 31

വിണ്ണ് കവിഞ്ഞ് പരക്കുന്ന ഇശ്ഖിന്റെ വരികള്‍

പ്രഫ. ബദീഉസ്സമാന്‍ /കവര്‍‌സ്റ്റോറി

         ഉത്തരേന്ത്യന്‍ വാസക്കാലത്ത് കേട്ട അസംഖ്യം ഇഖ്ബാല്‍ കാവ്യങ്ങളിലൊന്ന് ഇങ്ങനെ: കവിയോടൊരാള്‍ ചോദിച്ചു:'ബുദ്ധിയുടെ അറ്റമേത്?' 'അത്ഭുത'മെന്ന് മറുപടി. വീണ്ടും ചോദിച്ചു: 'അല്‍ഭുതത്തിന് അറ്റമേത്?' 'ഇശ്‌ഖെ'ന്ന് മറുപടി. വീണ്ടും ചോദ്യം: 'ഇശ്ഖിന്ന് അറ്റമേത്?' കവിയരുളി: 'ഇശ്ഖിന് അറ്റമേയില്ലല്ലോ.'

ജമീല്‍ അഹ്മദ് രചിച്ച് മലപ്പുറം ഗ്രീന്‍ കണ്‍സപ്റ്റ്‌സ് പുറത്തിറക്കിയ മുഹമ്മദ് റസൂലുല്ലാ ഗസലുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലെത്തിയത് മേല്‍ ഉദ്ധരിച്ചതാണ്. നിശ്ചിതമായ ഏതെങ്കിലും കള്ളികളില്‍ ഒതുക്കാവുന്ന വികാരമല്ല പ്രണയം. ബോധത്തിന്റെ മറ്റു തലങ്ങളില്‍ സംഗതമല്ലെന്ന് തോന്നുന്ന ഭാവങ്ങള്‍, പ്രണയത്തിന്റെ ഉത്തുംഗതയില്‍ സമര്‍പ്പണത്തിന്റെയും ഇഴുകിച്ചേരലിന്റെയും അവശ്യ ഘടകമായി മാറുന്നു. അര്‍ഥ ശൂന്യമെന്ന് മറ്റൊരാള്‍ക്ക് തോന്നാവുന്ന വിളിപ്പേരുകളും വിശേഷണങ്ങളും സ്‌നേഹ പ്രകാശനത്തിന്റെ വഴികളായി മാറുന്നു.

ഇല്‍മ് നേ മുഝ് സേ കഹാ
ഇശ്ഖ് ഹെ ദീവാന പന്‍
ഇശ്ഖ് നെ മുഝ് സേ കഹാ
ഇല്‍മ് ഹെ തഖ്മീനോ സന്‍ 
-ഇല്‍മോ ഇശ്ഖ്- ഇഖ്ബാല്‍

 (അറിവ് എന്നോട് പറഞ്ഞു; പ്രണയം ഭ്രാന്താണെന്ന്. പ്രണയം എന്നോട് പറഞ്ഞു; അറിവ് കണക്കുകൂട്ടലാണെന്ന്).

അതിരുകളില്ലാത്ത സ്‌നേഹം മനസ്സ് കവിഞ്ഞ് തുളുമ്പുമ്പോള്‍ അത് പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ, എഴുതി ഫലിപ്പിക്കാന്‍ അക്ഷരങ്ങള്‍ മതിയാകാതെ പ്രണയിതാവ് (ആശിഖ്) ഉഴറുന്നു. പക്ഷെ തന്റെ മനസ്സ് തുറക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ, അക്ഷരങ്ങളിലേക്കും വാക്കുകളിലേക്കും തന്നെ ആശിഖ് തിരിയുന്നിടത്ത്, അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ കാവ്യഭാഷയായി ഗസല്‍ പിറക്കുന്നു.

എന്തുകൊണ്ടെന്നറിയില്ല, ദീനുമായി ബന്ധപ്പെട്ടതിനൊക്കെ ആവശ്യമുള്ളതിനേക്കാള്‍ വലിയ ഗൗരവ ഭാവമാണ് ഇസ്‌ലാം പക്ഷത്ത് നിന്നുള്ള അവതരണങ്ങളില്‍ പൊതുവെ. അല്ലാഹു, റസൂല്‍, ഖുര്‍ആന്‍ തുടങ്ങി സകല ദീനി ശിആറുകളോടും, നനുത്ത സ്‌നേഹ ബന്ധത്തെക്കാള്‍, വരണ്ട നിയമ ബന്ധമാണ് നമുക്ക്. കരുണാമയനായ ദൈവം എന്ന സങ്കല്‍പം പോലും നാം എന്നേ ക്രിസ്ത്യാനിറ്റിക്ക് പതിച്ചു കൊടുത്തു കഴിഞ്ഞു. കരുണാവാരിധി എന്നതിനെക്കാള്‍ ദണ്ഡകനായ അല്ലാഹു; സ്വര്‍ഗീയാരാമങ്ങളെ സംബന്ധിച്ച സ്വപ്നങ്ങള്‍ക്ക് പകരം നരകീയ ഭീകരതയുടെ പേടിപ്പെടുത്തലുകള്‍... എന്തേ നമ്മുടെ മതാവതരണങ്ങളുടെ ഊന്നലുകളില്‍ സ്‌നേഹ പ്രണയ കാരുണ്യങ്ങളുടെ പോസിറ്റീവ് രീതിക്ക് പകരം കാര്‍ക്കശ്യത്തിന്റെയും ഭയാശങ്കകളുടെയും നെഗറ്റീവ് ശൈലി? അല്ലാഹുവിനോടുള്ള സ്‌നേഹ കൃതജ്ഞത ബോധങ്ങളില്‍ നിന്നും അതുണ്ടാക്കുന്ന അടുപ്പത്തില്‍ നിന്നും മാത്രമാണ് അടിമ എന്ന ഭാവം നമുക്ക് പൂര്‍ണമായും കൈവരിക എന്ന് ഉസ്താദ് ഖുറം മുറാദ് പലവുരു തെര്യപ്പെടുത്തിയിട്ടുണ്ട്.

സ്‌നേഹത്തിന്റെ അലിവും പ്രണയാനുഭൂതിയുടെ മധുരവുമില്ലാതാവുമ്പോള്‍ മനുഷ്യന് അല്ലാഹുവോടും റസൂലിനോടുമുള്ള ബന്ധം, പശിമ ചോര്‍ന്ന ഔദ്യോഗിക ബന്ധം മാത്രമാവുന്നു. ഇബാദത്തുകള്‍, ആത്മാവ് നഷ്ടപ്പെട്ട ബാധ്യതാ നിര്‍വഹണമായി ചുരുങ്ങുന്നു. അതിരു കവിഞ്ഞ സൂക്ഷ്മതാ ബോധത്താലോ, പ്രവാചകര്‍ക്ക് ദിവ്യത്വം കല്‍പിച്ച പൂര്‍വ സമുദായങ്ങളുടെ മാര്‍ഗഭ്രംശം ആവര്‍ത്തിക്കപ്പെടുന്നതിലെ ആശങ്കയാലോ, സ്‌നേഹ ഭാവത്തിന് വിശ്വാസ മേഖലയില്‍ വേണ്ട ഇടം നല്‍കാന്‍ നാം മടിച്ചപ്പോള്‍ ഈ വരണ്ടുണക്കം നമ്മുടെ വിധിയായി. ഇങ്ങനെ നനവ് വറ്റിയ മലയാളി വിശ്വാസ മണ്ണില്‍ പ്രണയ മഴയായി പെയ്യുന്നവയാണ് ജമീല്‍ അഹ്മദിന്റെ കവിതകള്‍. 

ഖുര്‍ആനികാശയങ്ങളെയും, ദൈവിക സന്ദേശങ്ങളെയും കവിതകളാക്കി മനസ്സില്‍ സന്നിവേശിപ്പിക്കുന്നതില്‍ ഒരു പ്രത്യേക ശക്തി തന്നെയുണ്ട് ജമീല്‍ രചനകള്‍ക്ക്.

എന്നുടെ വാക്കും വിരലുകളും
പൊടിമണ്ണാണെങ്കിലും സുബ്ഹാനേ
നിന്നുടെ സ്തുതികളുരയ്ക്കുമ്പോളത്
പൊന്നായ് മാറുകയാണല്ലൊ.

എന്നാണ് ജമീല്‍ തന്നെ പറയുന്നത്. ആദം-കുട്ടികള്‍ക്കായുള്ള അറിവിന്റെ പാട്ടുകള്‍, അല്ലാഹുവിന് സ്തുതിയുടെ പാട്ടുകള്‍, കുട്ടികള്‍ക്കായി അല്ലാഹുവിന്റെ പാഠങ്ങള്‍ എന്നീ നേരത്തേ പുറത്തിറങ്ങിയ ഗാനസമാഹാരങ്ങളുടെ തുടര്‍ച്ചയായാണ് ഈ മെയ് അവസാനം പ്രകാശനം ചെയ്യപ്പെട്ട മുഹമ്മദ് റസൂലുല്ലാഹ് ഗസലുകള്‍.

മുസ്‌ലിമിന് എത്ര പറഞ്ഞാലും പാടിയാലും മതിവരാത്തതാണ് റസൂലിന്റെ ജീവിതം. കഴിഞ്ഞ 1400 കൊല്ലമായി മുസ്‌ലിം സമൂഹമത് പല രീതിയില്‍ ആവിഷ്‌കരിക്കുന്നു; അനുഭവിപ്പിക്കുന്നു. 'ഗുലാമോന്‍ കോ ജുലാത്തീ ഹെ മേരീ സര്‍ക്കാര്‍ കീ ഗലിയാന്‍...' എന്ന് ഹുരിയ റഫീഖ് പാടുമ്പോള്‍, മക്കയിലെ പീഡനപര്‍വം താണ്ടി മദീനയിലെത്തിയ റസൂലുല്ലാഹ് അനുഭവിച്ച ആശ്വാസത്തണുപ്പിലേക്ക് മദീന നമ്മെയും മാടി വിളിക്കുന്നു. റൗദാ ശരീഫിന്റെ സ്മരണ നമ്മില്‍ ഒരേ സമയം, റസൂലിനെ കാണാന്‍ കഴിയാത്ത വിഷമവും, മദീനയിലെത്തി റൗദ കാണാനുള്ള അഭിനിവേശവും വളര്‍ത്തുന്നു. ഈ വികാര തീവ്രത ഒട്ടും ചോരാതെ, കേള്‍വിക്കാരില്‍ എത്തിക്കുന്നു എന്നതാണ് മുഹമ്മദ് റസൂലുല്ലാഹ് ഗസലുകളെ പ്രിയതരമാക്കുന്നത്.

ഫിര്‍ദൗസിലെത്തിയാല്‍ ആദ്യം റസൂലിന്റെ പുഞ്ചിരി പൂമുഖം ദര്‍ശിക്കണം-- എന്ന ഷാനവാസിന്റെ അതിമനോഹര ശബ്ദത്തില്‍ തുടങ്ങുന്ന സമാഹാരത്തില്‍ 9 ഗസലുകളാണുള്ളത്. സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവരാണ് മറ്റു ഗായകര്‍. ജമീല്‍ കവിതകളില്‍ ആവര്‍ത്തിച്ചു വരുന്ന ഒന്നാണ് ഫിര്‍ദൗസ്.

അല്ലാഹുവിന്‍ കലിമനിന്‍ ഒടുക്കത്തെ മിടിപ്പിലും
തെളിയുമാറുള്ളിലെന്നുമുറപ്പിക്കുമ്പോള്‍
അല്ലാഹു നിന്‍ മരവിച്ച് മണ്ണില്‍ വെച്ച മുഖം തന്റെ
ഫിര്‍ദൗസില്‍ തണുപ്പത്തായ് അണച്ചു വെയ്ക്കും
(അല്ലാഹുവിന് സ്തുതിയുടെ പാട്ടുകള്‍)

അന്ത്യനിമിഷങ്ങളില്‍ കലിമയുടെ രണ്ടാം ഖണ്ഡം ഓര്‍മയിലെത്തുന്നതിനെ പറ്റി ഗസലുകളില്‍ ഇങ്ങനെ:

മരിക്കുമ്പോള്‍ ഒടുക്കത്തെ ജൈവ ബിന്ദുവെത്തേടി
വരണ്ടുള്ളം 'മുഹമ്മദെ'ന്നുരച്ച് പോകും
അപ്പോള്‍,
ചിരിക്കുന്ന വദനത്താല്‍ മലക്കുകള്‍ പ്രാണ
ഞരക്കവും മദ്ഹായി എഴുതിവെക്കും.

സ്തുതിയുടെ പാട്ടുകളിലെ, ദൈവസ്മരണ ഹൃദയത്തിലേറ്റിയവന്റെ ഖബറുകള്‍ സ്വര്‍ഗത്തിലെ തിളങ്ങും തോരണങ്ങളാല്‍ അലങ്കരിക്കപ്പെടുന്നതിനെ കുറിച്ച വരികള്‍ കേള്‍ക്കുമ്പോള്‍, ഇടുക്കത്തിന്റെയും ഭീതിയുടെയും ഇരുള്‍ നിറഞ്ഞ ഖബര്‍, പ്രിയപ്പെട്ട റബ്ബിന്റെ ആദ്യ സ്വീകരണ കേന്ദ്രമായി നമുക്ക് മുന്നില്‍ പ്രത്യക്ഷമാകുന്നു.

അല്ലാഹുവില്‍ പെരുമ നിന്‍ കൊതികളെ കിനാക്കളെ 
കവിഞ്ഞുള്ളിന്‍ നിറമായി പടര്‍ന്നീടുമ്പോള്‍
അല്ലാഹു നിന്‍ ഉയിരിനെ ഒടുങ്ങാത്ത വിരുന്നിന്റെ 
ഫിര്‍ദൗസിന്‍ തണുപ്പിനാല്‍ പൊതിഞ്ഞു വെക്കും

എന്ന വരികള്‍ 'വേണ്ടും കനികളകത്താക്കാം സുഖം കൊണ്ടിളം മെത്തയില്‍ തല ചായ്ക്കാം' (ആദം-കുട്ടികള്‍ക്കായുള്ള അറിവിന്റെ പാട്ടുകള്‍) എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഗ്ദത്ത ഭവനത്തിന് വേണ്ടി ഇച്ഛകളെ നിയന്ത്രിക്കാന്‍ പ്രേരണ നല്‍കും.

കലിമയുറപ്പിച്ച് മരിച്ച് ഫിര്‍ദൗസിലെത്തിയാല്‍ കാണേണ്ട ഒരുപാടു പേര്‍ നമുക്കൊക്കെയുണ്ടാകും. പക്ഷെ എല്ലാറ്റിലും മുന്നെ കാണേണ്ടത് റസൂലിനെയും, ഏറ്റവുമാദ്യം ചെയ്യേണ്ടത് തിങ്കള്‍ സമാനം തിളങ്ങുന്ന ആ മുഖത്ത് ചുംബിക്കലുമാണ് എന്ന് കേള്‍ക്കുമ്പോള്‍, ആ മോഹം നമ്മുടേത് കൂടിയായി മാറുന്നു.

തന്റെ ദൗത്യകാലം മുഴുവന്‍ പാപങ്ങളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ പ്രയത്‌നിച്ച തിരു റസൂലിനെ, പാപച്ചുമടും കൊണ്ടെങ്ങനെ കാണാന്‍ പോവും എന്നോര്‍ത്ത് ലജ്ജിക്കുന്ന ആശിഖ്, പ്രവാചക പ്രകീര്‍ത്തന ഗാനങ്ങളുടെ ഒരു പൊതു പ്രമേയമാണ്, പ്രത്യേകിച്ചും മദ്ഹ് ഗാനങ്ങള്‍ നഅ്ത് (നാത് എന്ന് വാമൊഴി) എന്ന പേരില്‍ ഒരു ഗാന ശാഖയായി വികസിച്ച ഉര്‍ദുവില്‍. മേം ഗുനാഹ്ഗാര്‍ ഗുനാഹോം കേ സിവാ ക്യാ ലാതാ... എന്ന് ചോദിക്കുന്നു ഒരിടത്ത് (നിന്നെ കാണാന്‍ വരുമ്പോള്‍ പാപിയായ ഞാന്‍ പാപമല്ലാതെ മറ്റെന്താണ് കൊണ്ടുവരിക) എന്ന്.

ബേ അമല്‍ ഹം സറാപാ ഗുനാഹ്ഗാര്‍ ഹെ
രന്‍ജിഷോന്‍ മുഷ്‌ക്കിലോന്‍ മേം ഗീരഫ്താര്‍ ഹെ

(ഞങ്ങള്‍ കര്‍മ ശൂന്യരും, അടിമുടി പാപികളുമാണല്ലോ. വിഷമങ്ങളുടെയും പ്രയാസങ്ങളുടെയും പിടിയിലകപ്പെട്ടവരും) എന്ന് സങ്കടപ്പെടുന്നു മറ്റൊരിടത്ത്. ഇതേ ആശയം ഇമാം മജ്ബൂറിന്റെ ശബ്ദത്തില്‍ ഇങ്ങനെ കേള്‍ക്കാം.

പാപം ചൊല്ലി ദുഷിച്ചൊരു നാവാല്‍
മുത്തു റസൂലിന്‍ തിരുനാമം
പാടുവതെങ്ങനെ സുബ്ഹാനേ ഞാന്‍
പൊറുമ തരുന്നവന്‍ നീയല്ലോ

പ്രവാചക പ്രകീര്‍ത്തനങ്ങളെ സംബന്ധിച്ച ഏത് ചര്‍ച്ചയും ദൗര്‍ഭാഗ്യവശാല്‍ വിവാദങ്ങളില്‍ കറങ്ങാറാണ് പതിവ്. റസൂലിനോടുള്ള സ്‌നേഹാഭിനിവേശങ്ങള്‍ ഈമാനിന്റെ പ്രാഥമികോപാധികളില്‍ ഒന്നാണ്. പക്ഷെ, അവിടുത്തോടുള്ള ഹുബ്ബ്, ചില പ്രത്യേക തീയതികളില്‍, പ്രത്യേക വരികളില്‍, നിയതമായ ചില ചിട്ടവട്ടങ്ങളോടെ മാത്രമേ പ്രകടിപ്പിക്കാനാവൂ എന്ന് ഒരു കൂട്ടര്‍. അങ്ങനെ ചെയ്യാത്തവര്‍ക്ക് റസൂലിനോട് സ്‌നേഹമില്ലെന്നും ശഠിച്ചു ഇവര്‍. മറുപക്ഷത്തെ അക്ഷര പൂജക്കാരാവട്ടെ, വാക്കുകളോരോന്നും തിരഞ്ഞ് പ്രശ്‌നവല്‍ക്കരിച്ച് അവസാനം റസൂല്‍ മദ്ഹ് തന്നെ തെറ്റാണെന്ന് തെറ്റിദ്ധരിച്ച ഒരു തലമുറയെ സൃഷ്ടിച്ചു. റസൂലിനെ സ്‌നേഹിക്കുക എന്നത്, റസൂല്‍ പഠിപ്പിച്ച ആരാധനാ ക്രമങ്ങള്‍ ചട്ടപ്പടി അനുഷ്ഠിക്കല്‍ മാത്രമാണ് എന്നൊരു വാദവുമുയര്‍ത്തി. ശരിയാണ്; പൂര്‍വ സമുദായക്കാരാല്‍ അവരുടെ പ്രവാചകര്‍ വിഗ്രഹവല്‍ക്കപ്പെട്ടത് പോലെ താന്‍ ആയിക്കൂടാ എന്ന തിരുവരുള്‍ കൂടി പാലിക്കപ്പെടുമ്പോഴാണ് ആശിഖിന്റെ ഇശ്ഖ് പൂര്‍ണമാവുക. ആദരവും സ്‌നേഹവും കൂടി ആരാധനയിലേക്ക് വഴുതി മാറാതിരിക്കാന്‍ സൂക്ഷ്മത വേണമെന്ന നിലപാട് വലിയ ഒരു ശരിയാണ്. പക്ഷെ ഈ നിര്‍ബന്ധബുദ്ധി മദ്ഹ് ആവോളം പാടാനും പറയാനും തടസ്സമാണെന്ന് എങ്ങനെയാണ് നമുക്ക് തോന്നിയത്? അല്ലാഹുവിന്റെ ഹബീബായ റസൂലിനെ, അല്ലാഹുവിന്റെ സമാന്തര സാമ്രാജ്യത്തിന്റെ അധിപനാക്കി അവരോധിക്കുന്ന അപകടങ്ങളെ മറികടക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ഗസലുകളുടെ ഏറ്റവും വലിയ സൗന്ദര്യം.

ഉദ്ദേശ്യങ്ങള്‍ക്കപ്പുറത്ത് അക്ഷരങ്ങളെ മാത്രം കാണാന്‍ ശീലിക്കുകയും, പ്രവാചക പ്രകീര്‍ത്തനങ്ങളെ ഒരു തര്‍ക്ക വിഷയമായി മാത്രം കാണാന്‍ പഠിക്കുകയും ചെയ്തവര്‍ ചില വരികളില്‍ പ്രശ്‌നങ്ങളുന്നയിച്ചേക്കും. അവരോടൊരഭ്യര്‍ഥന: ശാന്തമായിരുന്ന് ഈ ഗസലുകളൊന്ന് കേള്‍ക്കുക. അത് തീര്‍ച്ചയായും നിങ്ങളില്‍ റസൂലിനോടുള്ള ഹുബ്ബ് വളര്‍ത്തും. അപ്പോള്‍ നിങ്ങളുടെ സ്‌നേഹഭാജനം അല്ലാഹുവിലേക്കും അവന്റെ സ്‌നേഹത്തിലേക്കും നിങ്ങളെ വഴി നടത്തും. ഇന്‍ കുന്‍തും തുഹിബ്ബൂനല്ലാഹ ഫത്തബിഊനീ... അനുഭവം എന്തായാലും ഒരു തര്‍ക്ക വിഷയമല്ലല്ലോ.

സംഭവ വിവരണങ്ങളിലൊതുങ്ങുന്ന നബിചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് ഭിന്നമായി, നബി ജീവിതത്തെ നമ്മുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന പുസ്തകമാണ് ഉസ്താദ് ഇനായത്തുല്ലാ സുബ്ഹാനിയുടെ 'മുഹമ്മദെ അറബി'. ഇപ്രകാരം റസൂലുല്ലയോടുള്ള സ്‌നേഹത്താല്‍, നിങ്ങളുടെ ധമനികളാല്‍ മധുര സങ്കീര്‍ത്തനം പൊഴിപ്പിക്കും ഈ മനോഹര ഗസലുകള്‍. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ മനസ്സില്‍ തോന്നിയതിങ്ങനെ:

വെറുതെയായില്ല നിന്‍ കൈപ്പട - ഈ കവിത നീ തിരുനബിക്കായ് കുറിച്ചുവല്ലോ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /42-46
എ.വൈ.ആര്‍