Prabodhanm Weekly

Pages

Search

2015 ജൂലൈ 31

മരുഭൂമിയില്‍ ഒരു ദിവസം

അനീസുദ്ദീന്‍.സി.എച്ച് കൂട്ടിലങ്ങാടി /ഗള്‍ഫ് അനുഭവം

         'ഞാന്‍ ജനസേവകന്‍' എന്ന മുദ്രാവാക്യവുമായി യൂത്ത് ഇന്ത്യ യു.എ.ഇയില്‍ ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ നടത്തിയ ജനസേവന കാമ്പയിനിന്റെ ഭാഗമായി, യൂത്ത് ഇന്ത്യ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങള്‍, മൂന്ന് വാഹനങ്ങളിലായി തങ്ങള്‍ ശേഖരിച്ച ഭക്ഷണ സാമഗ്രികളടങ്ങുന്ന കിറ്റുകളുമായി അങ്ങകലെയുള്ള മരുഭൂമിയിലേക്ക് നടത്തിയ യാത്ര, സംഘത്തിലെ ഓരോ അംഗത്തിനും ഏറെ ജീവിത പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു. വൈദ്യുതിയും ശീതീകരണ യന്ത്രങ്ങളുമില്ലാതെ, മരുഭൂമിയുടെ ഊഷരതയില്‍ ആടുകളോടും ഒട്ടകങ്ങളോടും കിന്നാരം പറഞ്ഞ് ജീവിക്കുന്ന നിരവധി ആടുജീവിതങ്ങളെ ഞങ്ങളവിടെ കണ്ടു. മരുഭൂമിയുടെ ഏകാന്തതയില്‍, ഞങ്ങളുടെ സാമീപ്യമായിരുന്നു ആ കിറ്റുകളേക്കാള്‍ അവര്‍ ആഗ്രഹിച്ചിരുന്നത് എന്ന് അവരുടെ മുഖഭാവങ്ങളില്‍ നിന്ന് ഞങ്ങള്‍ വായിച്ചറിഞ്ഞു. മരുഭൂമിയുടെ തുടക്കത്തില്‍തന്നെ കെട്ടിയുണ്ടാക്കിയ പള്ളിയിലെ ബംഗ്ലാദേശ് സ്വദേശിയായ ഇമാമിന്റേയും, സ്ഥിരം മരുഭൂ സന്ദര്‍ശകനായ റഹ്ബ യൂത്ത് ഇന്ത്യയിലെ സഫറുവിന്റേയും നേതൃത്വത്തില്‍ മരുഭൂമിയുടെ അകങ്ങളിലേക്ക് കടന്നുചെന്നപ്പോള്‍, ആ മരുഭൂമിപോലെതന്നെ പൊടിപിടിച്ച ഒട്ടനവധി മനുഷ്യജീവിതങ്ങളാണ് ഞങ്ങളെ വരവേറ്റത്. ആ കാഴ്ചകള്‍ നമ്മളനുഭവിക്കുന്ന സൗഭാഗ്യങ്ങളെ കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്താന്‍ എമ്പാടും പര്യാപ്തമായിരുന്നു. 

32 വര്‍ഷമായി മരുഭൂമിയില്‍ വസിക്കുന്ന പാകിസ്ഥാന്‍ സ്വദേശി; തത്തുല്യമായ അവസ്ഥയില്‍ കഴിയുന്ന ഒട്ടനവധി ജീവിതങ്ങള്‍. കറന്റും എ.സിയുമില്ലാത്ത, കെട്ടിയുണ്ടാക്കിയ ടെന്റിനുള്ളില്‍ ഒരു കൊച്ചു എമര്‍ജന്‍സി ലൈറ്റിനു മുമ്പിലിരുന്ന് തന്റെ സൗഭാഗ്യങ്ങളെ കുറിച്ച് മാത്രം സംസാരിച്ച മലപ്പുറത്തെ പറപ്പൂരുകാരനായ മുഹമ്മദ് കാക്ക 'ഉള്ളത് കൊണ്ട് തൃപ്തിപ്പെടല്‍ ഒരിക്കലും നശിക്കാത്ത നിധിയാണ്' എന്ന അറബി വാക്യത്തെയാണ് ഓര്‍മ്മപ്പെടുത്തിയത്. തന്റെ പട്ടിണിയും പരിവട്ടവുമൊക്കെ പറഞ്ഞാല്‍ എന്തെങ്കിലും കിട്ടുമെന്നറിഞ്ഞിട്ടും തന്റെ സുഖങ്ങളെക്കുറിച്ച് മാത്രം വാചാലനായ ആ സഹോദരനെ ഏറെ ആദരവുകളോടെയാണ് ഞങ്ങള്‍ കണ്ടത്. മാസാമാസം കൃത്യമായി ശമ്പളം നല്‍കുന്ന തന്റെ സ്‌പോണ്‍സറോടുള്ള ബഹുമാനാദരവുകള്‍ ആ വാക്കുകളില്‍ പ്രകടമായിരുന്നു. കുറച്ചകലെ ബംഗ്ലാദേശ് സ്വദേശി ജോലിചെയ്യുന്ന ഒരു ടെന്റില്‍ രാവിലെ 9 മുതല്‍ 11 വരെ ജനറേറ്റര്‍ ഓണാക്കുമ്പോള്‍ അവിടെ പോയാണ് ഇദ്ദേഹം തന്റെ മൊബൈലും ആ കൊച്ചു എമര്‍ജന്‍സിയുമൊക്കെ ചാര്‍ജ് ചെയ്യുന്നത്. ഓരോരുത്തരുടെയും കൈകള്‍ കൂട്ടിപ്പിടിച്ച് സംസാരിച്ച മുഹമ്മദ് കാക്ക കുറച്ചുദൂരം ഞങ്ങളെ യാത്രയാക്കാന്‍ കൂടെ പോരുകയും ചെയ്തു. 

രാത്രി ഒമ്പതുമണിക്ക് ശേഷം ഞങ്ങളുടെ ശബ്ദം കേട്ട് ടോര്‍ച്ചും കത്തിച്ച് ഓടിവന്ന കുറ്റിപ്പുറത്തുകാരന്‍ സൈദലവി കാക്ക പറഞ്ഞു, ഈ ഭക്ഷണ സാമഗ്രികളല്ല എനിക്കാവശ്യം; ഒന്ന് മലയാളത്തില്‍ സംസാരിക്കാനുള്ള കൊതികൊണ്ടാണ് ഞാന്‍ ഓടിവന്നത്. വാതോരാതെ സംസാരിച്ചു സൈദലവിക്ക. താന്‍ വിസയെടുത്ത് കൊണ്ടുവന്ന് അബൂദബിയില്‍ ജോലിയിലാക്കിയ തന്റെ അനിയനെ കാണാന്‍ നാളുകള്‍ക്ക് ശേഷം അവന്റെ ഫ്‌ളാറ്റിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന അവന്റെ ഭാര്യയുടെ കുടുംബത്തിലുള്ളവരോടും കൂട്ടുകാരോടുമൊക്കെ ജ്യേഷ്ഠനെ ചൂണ്ടിക്കാണിച്ച് 'എന്റെ ഒരു അകന്ന ബന്ധുവാണ്' എന്ന് പറഞ്ഞപ്പോള്‍ തന്റെ ഹൃദയം പൊട്ടിപ്പോയി എന്ന് ആ സഹോദരന്‍ വിതുമ്പി. തന്റെ ആടുജീവിതം കാരണം സ്വന്തം കൂടപ്പിറപ്പുകള്‍ പോലും മാറിനടക്കുമ്പോഴും, അന്നം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ച്, നിഷിദ്ധം കലരാത്ത ഭക്ഷണം ലഭിക്കുന്ന ഏത് ജോലിയും സംതൃപ്തിദായകമാണെന്ന് വിശ്വസിക്കുന്ന പ്രിയ സഹോദരന്‍ നമുക്കുമുന്നില്‍ വെക്കുന്നത് ഒരു വലിയ സന്ദേശമാണ്.  

സമയമേറെ വൈകിയതിനാല്‍ അടുത്ത ടെന്റുകളും തേടിയിറങ്ങിയ ഞങ്ങളെ കാഴ്ചയില്‍ നിന്ന് മറയുന്നതുവരെ ആ സഹോദരന്‍ നോക്കിനില്‍ക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. യാത്രയുടെ അവസാനത്തില്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി ഒട്ടകപ്പാലും, നല്ല നാടന്‍ കോഴിമുട്ട പുഴുങ്ങിയതും നല്‍കി മരുഭൂമിയുടെ ആതിഥ്യം പകര്‍ന്നു നല്‍കാനും അവര്‍ മറന്നില്ല. ജീവിതത്തില്‍ എന്നും ഓര്‍ക്കാനും, കിട്ടിയ അനുഗ്രഹങ്ങളേയോര്‍ത്ത് അല്ലാഹുവിനെ സ്തുതിക്കാനുമുള്ള അനുഭവങ്ങള്‍ മനസ്സില്‍ ചേര്‍ത്തുവെച്ചുകൊണ്ടാണ് രാത്രി പത്തുമണി കഴിഞ്ഞ് ആ മരുഭൂമിയില്‍ നിന്ന് ഞങ്ങള്‍ തിരിച്ചിറങ്ങിയത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /42-46
എ.വൈ.ആര്‍