അബൂസ്വാലിഹ
തുര്‍ക്കി വീണ്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ?
കഴിഞ്ഞയാഴ്ച ആസര്‍ബീജാന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മില്ലിയ്യത്ത് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു: ''വീണ്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുകയല്ലാതെ വേറെ വഴിയില്ല.'' കഴിഞ്ഞ മാസം നടന്ന തുര്‍ക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 41 ശതമാനം വോട്ട് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി(അക്)യുടെ സ്ഥാപക നേതാവ് കൂടിയാണ് ഉര്‍ദുഗാന്‍. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു അക് പാര്‍ട്ടി. ഇത്തവണ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. എട്ടര ശതമാനം വോട്ട് കുറഞ്ഞു. പ്രതിപക്ഷ കക്ഷികളായ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി(132 സീറ്റ്)യുമായോ, നാഷ്‌നലിസ്റ്റ് പാര്‍ട്ടി(81 സീറ്റ്)യുമായോ, കുര്‍ദ് പീപ്പ്ള്‍സ് ഡമോക്രീറ്റിക് പാര്‍ട്ടി(79 സീറ്റ്)യുമായോ സഖ്യമുണ്ടാക്കാതെ മന്ത്രിസഭയുണ്ടാക്കാന്‍ കഴിയില്ല. മൂന്നു പാര്‍ട്ടികളും അക് പാര്‍ട്ടിയുമായി യാതൊരു സഖ്യത്തിനും തയാറല്ലെന്ന് നിരന്തരം പ്രസ്താവനയിറക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസത്തിനകം മന്ത്രിസഭയുണ്ടാക്കിയില്ലെങ്കില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ആ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന ഉര്‍ദുഗാന്റെ മുന്നറിയിപ്പ്. മുന്നണി ഭരണത്തിന് സാധ്യതകളൊന്നും നിലനില്‍ക്കുന്നില്ലെന്നര്‍ഥം.
തുര്‍ക്കിയിലെ 81 പ്രവിശ്യകളില്‍ നടത്തിയ സര്‍വേയില്‍ 51 ശതമാനം വോര്‍ട്ടര്‍മാരും ഇടക്കാലെ തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നു എന്നാണ് വ്യക്തമായത്. കൂട്ടുകക്ഷി ഭരണം ആഗ്രഹിക്കുന്നത് 41 ശതമാനം പേര്‍ മാത്രം. നാഷ്‌നലിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുചേരണമെന്നാണ് ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. അക് പാര്‍ട്ടിക്ക് ഏറക്കുറെ ഒത്തുപോകാന്‍ കഴിയുക അവരുമായാണ്. കുര്‍ദു പാര്‍ട്ടിയുമായുള്ള സഖ്യം തങ്ങളുടെ ദേശീയവാദികളായ വലിയൊരു വിഭാഗം വോട്ടര്‍മാരെ അകറ്റിയേക്കുമെന്ന് അക് പാര്‍ട്ടി ന്യായമായും ഭയപ്പെടുന്നുണ്ട്. ആശയപരമായി ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്ന കമാലിസ്റ്റ് റിപ്പബ്ലിക്കന്മാരുമായി യാതൊരു സഖ്യസാധ്യതയും നിലനില്‍ക്കുന്നുമില്ല.
സഖ്യത്തിന് വേണ്ടി കൊണ്ടുപിടിച്ച ശ്രമമൊന്നും അക് പാര്‍ട്ടി നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. സഖ്യം തട്ടിക്കൂട്ടിയാല്‍ തന്നെ അത് പരാജയമായിരിക്കുമെന്നും അതിന്റെ പാപഭാരം തങ്ങള്‍ പേറേണ്ടിവരുമെന്നും അവര്‍ക്ക് നന്നായറിയാം. അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ക്ക് തന്നെ പാര്‍ട്ടി ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിയിരുന്നു. ഒരു തരത്തിലുള്ള സഖ്യത്തിനുമില്ല എന്ന പ്രതിപക്ഷകക്ഷികളുടെ തീര്‍ത്തും നിഷേധാത്മകമായ നിലപാട് അക് പാര്‍ട്ടിക്ക് അനുഗ്രഹമായിത്തീരുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ സഹകരണമില്ലായ്മയാണ് ഇടക്കാല തെരഞ്ഞെടുപ്പിന് വഴിവെച്ചതെന്ന് പറഞ്ഞുനില്‍ക്കാം. ആ പ്രചാരണം ഏറ്റാല്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കുക പ്രതിപക്ഷത്തിനായിരിക്കും. അടുത്ത തെരഞ്ഞെടുപ്പിലും കേവല ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ അക് പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന പ്രതിസന്ധിയായി അത് പരിണമിക്കാനും ഇടയുണ്ട്.
തെരഞ്ഞെടുപ്പ് ഫലങ്ങളെ മണ്ഡലം തിരിച്ച് വിശകലനം ചെയ്ത് വരികയാണ് അക് പാര്‍ട്ടി. പാര്‍ലമെന്റ് അംഗങ്ങളോട് അതത് മണ്ഡലത്തില്‍ തന്നെ തങ്ങാനും അവലോകനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അക് പാര്‍ട്ടി നേതാവ് ദാവൂദ് ഒഗ്‌ലു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തങ്ങളുടെ തന്നെ ചില കാര്‍ക്കശ്യങ്ങളും പ്രവര്‍ത്തന രീതികളുമാണ് തിരിച്ചടിക്ക് കാരണമെന്ന് അക് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രനായകനായ പ്രസിഡന്റ്, അദ്ദേഹം ഏത് പാര്‍ട്ടിക്കാരനായാലും, പ്രത്യക്ഷത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കാറുണ്ടായിരുന്നത്. ഇത്തവണ അതില്‍ മാറ്റം വന്നു. അക് പാര്‍ട്ടിയുടെ മുഖ്യ പ്രചാരകന്‍ തുര്‍ക്കി പ്രസിഡന്റ് കൂടിയായ ഉര്‍ദുഗാന്‍ തന്നെയായിരുന്നു. ഇത് ജനം പൊതുവെ ഇഷ്ടപ്പെട്ടിരുന്നില്ല. പ്രസിഡന്റ് തന്നെ നേരിട്ടിറങ്ങിയതോടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ ദാവൂദ് ഒഗ്‌ലു ചിത്രത്തിലുണ്ടായിരുന്നില്ല. ഇതൊരു തെറ്റായ പ്രവര്‍ത്തന രീതിയാണ്. ഉര്‍ദുഗാന്‍ പ്രതിപക്ഷങ്ങളുമായി കൂടിയാലോചന നടത്താത്തതും മീഡിയയോട് അസഹിഷ്ണുതയോടെ പെരുമാറുന്നതും അഴിമതി ആരോപണം ഉയര്‍ന്ന നാല് മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്താതിരിക്കുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. ഇതേക്കുറിച്ചൊക്കെ ആത്മവിമര്‍ശനം നടത്തി പൊതു സ്വീകാര്യമായ ഒരു പ്രവര്‍ത്തന രീതി ആവിഷ്‌കരിക്കാന്‍ അക് പാര്‍ട്ടി തയാറാകുമെന്നാണ് പ്രതീക്ഷ.
മുസോളിനിക്ക് സീസി വഴികാട്ടുന്നു
ഭീകരതാ വിരുദ്ധ ഭീകര നിയമങ്ങളുടെ കാലമാണല്ലോ. ഒന്ന് രണ്ടിടത്ത് സ്‌ഫോടനങ്ങളുണ്ടായാല്‍ (ചിലപ്പോള്‍ ഉണ്ടാക്കിയും) മൗലികമായ മനുഷ്യാവകാശങ്ങളെപ്പോലും ചവിട്ടിമെതിക്കുന്ന കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കുകയായി. ഇതില്‍ ഒരുപക്ഷേ ഏറ്റവും ഭീകരമായത് ഈജിപ്തില്‍ സീസിയുടെ അട്ടിമറി ഭരണകൂടം ചുട്ടെടുത്തതാവും. ഇത് ഭീകരര്‍ക്കല്ല, ഭീകരര്‍ അല്ലാത്തവര്‍ക്കാണ് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രമുഖ അറബ് കോളമിസ്റ്റ് ഫഹ്മീ ഹുവൈദി മുന്നറിയിപ്പ് നല്‍കുന്നു. പുതിയ നിയമപ്രകാരം, ഔദ്യോഗിക വിശദീകരണങ്ങള്‍ക്ക് എതിരായി വരുന്ന മുഴുവന്‍ വാര്‍ത്തകളും വിശകലനങ്ങളും ഭീകരവൃത്തിയായി കണക്കാക്കപ്പെടും. ഭീകരപ്രവൃത്തി നടത്തി എന്നല്ല, അതിന് പ്രേരണ നല്‍കി എന്നാവും അപ്പോള്‍ ചാര്‍ത്തപ്പെടുന്ന വകുപ്പ്. രണ്ടായാലും ശിക്ഷയില്‍ ഇളവൊന്നുമില്ല. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ കൊലക്കയറാണ് ഈ നിയമമെന്ന് മാധ്യമലോകം ഒന്നടങ്കം വിലയിരുത്തുന്നു.
സീനായില്‍ പട്ടാളക്കാര്‍ക്കെതിരെ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളാണ് ഈ കരിനിയമത്തെ ഇറക്കിക്കൊണ്ട് വരാന്‍ നിമിത്തമായത്. സീനായില്‍ കളി കൈവിട്ടുപോയിട്ടുണ്ട് എന്നതാണ് വസ്തുത. ഏതൊക്കെ നാടുകളിലെ സായുധ സംഘങ്ങളാണ് ആ മരുഭൂമിയില്‍ ഒത്തുകൂടിയിട്ടുള്ളത് എന്ന് പറയുക വയ്യ. അവിടത്തെ ഈജിപ്ഷ്യന്‍ സൈനിക ഓപ്പറേഷന്‍ തികഞ്ഞ പരാജയമായിരുന്നു. അത് മറച്ചുവെക്കാന്‍ സീനായ് ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറി കണ്ണില്‍ കണ്ട സകലതും ഇടിച്ചുതകര്‍ക്കുകയായിരുന്നു ഈജിപ്ഷ്യന്‍ സൈന്യം. ആ പരാജയത്തെ മറച്ചുവെക്കാന്‍ തന്നെയാണ് പുതിയ ഭീകര നിയമവും കൊണ്ടുവന്നിരിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഈജിപ്തില്‍ പലയിടത്തും ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ 1996-ല്‍ ഇതിന് സമാനമായ ഒരു കരിനിയമം കൊണ്ടുവന്നിരുന്നു. ഇതിനെക്കുറിച്ച് നിയമവിശാരദനായ സമീര്‍ ഹാഫിദ് ഒരു പഠനം നടത്തിയിട്ടുണ്ട്. ഇറ്റലിയിലെ ഫാഷിസ്റ്റ് ഏകാധിപതി മുസോളിനി തന്റെ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാന്‍ തൊള്ളായിരത്തി മുപ്പതുകളില്‍ കൊണ്ടുവന്ന കാടന്‍ നിയമങ്ങളുടെ പകര്‍പ്പാണ് ഇതെന്നായിരുന്നു സമീറിന്റെ കണ്ടെത്തല്‍. അത് പ്രകാരം ഏതൊരാളുടെ ഏത് പ്രവൃത്തിയെയും 'ദേശസുരക്ഷയെ അപകടപ്പെടുത്തല്‍' ആയി വ്യാഖ്യാനിക്കാമായിരുന്നു. ഈജിപ്തില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ആ കരിനിയമം കാലക്രമേണ റദ്ദാക്കേണ്ടിവന്നു.
മുസോളിനിയെ കടത്തിവെട്ടുന്ന ഭീകരനിയമമാണ് സീസി കൊണ്ടുവന്നിരിക്കുന്നത്. ഇത് പ്രകാരം സകല പൊതു പ്രവര്‍ത്തനവും ദേശസുരക്ഷക്ക് ഭീഷണിയായിരിക്കും. മുതലാളി കൂലി കൊടുക്കാത്തതിനാല്‍ പത്ത് തൊഴിലാളികള്‍ പ്രതിഷേധിക്കാനായി റോഡിലേക്കിറങ്ങിയാല്‍ മതി ഈ ഭീകര നിയമ പ്രകാരം അകത്തായിട്ടുണ്ടാവും. ഈ നിയമത്തിലെ ഏറ്റവും അപകടകരമായ വാക്കാണ് 'പ്രേരണ.' ഔദ്യോഗിക വിശദീകരണത്തിനപ്പുറം നിങ്ങള്‍ ഒരക്ഷരം മിണ്ടുന്നത് ഭീകര പ്രവൃത്തിക്കുള്ള പ്രേരണയായിത്തീരും. ഇഖ്‌വാന്‍ നേതാക്കളെ പിടികൂടി വെടിവെച്ചു കൊന്ന ശേഷം അവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന കള്ളക്കഥകള്‍ മെനയുന്ന പോലീസിന് സംരക്ഷണകവചം തീര്‍ക്കുന്നതും ഈ കരിനിയമം തന്നെ. ഇനി അത്തരം കേസുകള്‍ കോടതിയില്‍ പോലും എത്തില്ല. ഔദ്യോഗിക ഭാഷ്യത്തെ ചോദ്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്നും ശിക്ഷ ഉറപ്പ്.
'ഭീകരത' മുസ്‌ലിംകള്‍ക്ക് മാത്രമുള്ളത്
അമേരിക്കയിലെ ചരിത്ര പ്രധാനമായ ചാര്‍ലസ്റ്റന്‍ ചര്‍ച്ചില്‍ പ്രാര്‍ഥനയിലായിരുന്ന കറുത്ത വര്‍ഗക്കാരായ ഒമ്പത് അമേരിക്കക്കാരെ ഡിലന്‍ റൂഫ് എന്ന വെള്ളക്കാരനായ കൗമാരക്കാരന്‍ വെടിവെച്ചുകൊന്നു. അബദ്ധത്തില്‍ സംഭവിച്ചതൊന്നുമല്ല. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകം. മാനസിക രോഗമോ വ്യക്തിവൈരാഗ്യമോ ഒന്നുമല്ല കാരണം. കറുത്ത വര്‍ഗക്കാരോടുള്ള വംശീയമായ വെറുപ്പും വിദ്വേഷവും മാത്രമാണ് അതിന് കാരണമെന്ന് എല്ലാവരും സമ്മതിക്കുന്നു. കുറ്റവാളിക്ക് എന്തെങ്കിലും തരത്തിലുള്ള കുറ്റബോധം ഇന്നുവരെ തോന്നിയിട്ടില്ല. താന്‍ തന്റെ ജീവിതനിയോഗം പൂര്‍ത്തീകരിച്ചു എന്ന ആത്മസംതൃപ്തി പോലും ആ കൗമാരക്കാരന്റെ മുഖഭാവത്തില്‍ നിന്ന് വായിച്ചെടുക്കാം. വംശീയ വിദ്വേഷം അത്രയധികം ആഴത്തില്‍ ഈ ഇളം മനസ്സില്‍ വേരോടിയിരിക്കുന്നു.
പക്ഷേ, ഈ കൊടും പാതകത്തെ അമേരിക്കന്‍ ഭരണകൂടമോ മാധ്യമ ശൃംഖലയോ 'ഭീകരത'യായി കാണുന്നേയില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഒരു റിപ്പോര്‍ട്ട് പ്രകാരം, 2001 സെപ്റ്റംബറിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെതിനേക്കാള്‍ ഇരട്ടിയിലധികം പേര്‍ അതിനു ശേഷം വെള്ള വംശീയ വെറിയന്മാരുടെ കൈകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗീര്‍ട്ട് വില്‍ഡേഴ്‌സ്, പാമില ജെല്ലര്‍, ബില്‍ മഹര്‍, സാം ഹാരിസ് പോലുള്ള വംശീയവാദികളുടെ വിഷലിപ്തമായ പ്രചാരണങ്ങളാണ് കറുത്തവര്‍ക്കും ലാറ്റിനോകള്‍ക്കും ഏഷ്യന്‍ വംശജര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ തിരിയാന്‍ വര്‍ണവെറിയന്മാര്‍ക്ക് പ്രേരണയായിത്തീരുന്നത്. ഇത്തരക്കാരെയൊന്നും അമേരിക്കയുടെ ലിബറല്‍ മാധ്യമങ്ങള്‍ പോലും ഇന്നുവരെ 'ഭീകരര്‍' എന്നോ അവരുടെ പ്രവൃത്തിയെ 'ഭീകരത' എന്നോ മുദ്ര കുത്തിയിട്ടില്ല.
തൊട്ടടുത്ത ഒരു ദിവസമാണ് തുനീഷ്യയിലും ഫ്രാന്‍സിലും കുവൈത്തിലും ആക്രമണങ്ങളുണ്ടായത്. ആ സംഭവങ്ങളുടെ റിപ്പോര്‍ട്ടിംഗിലും വിശകലനങ്ങളിലുമെല്ലാം ഭീകരതയും ഭീകരരും നിറഞ്ഞാടി. പാശ്ചാത്യ ഭരണകൂടങ്ങളുടെയും മാധ്യമങ്ങളുടെയും ഇരട്ടത്താപ്പും പക്ഷപാതിത്വവും കാപട്യവുമാണ് അത് തുറന്നുകാട്ടിയത്. വെളുത്ത തൊലിയുള്ളവന്‍ തീവ്ര മത വംശീയ ചിന്തകളാല്‍ വഴിതെറ്റിക്കപ്പെട്ട് എത്ര പേരെ വെടിവെച്ചു കൊന്നാലും അയാള്‍ ഭീകരവാദിയാവുന്നില്ല. 1980-ന് ശേഷം അമേരിക്ക 14 മുസ്‌ലിം രാഷ്ട്രങ്ങളെ അധിനിവേശപ്പെടുത്തുകയോ അവിടങ്ങളില്‍ ബോംബിടുകയോ ചെയ്തിട്ടുണ്ട്. പതിനായിരങ്ങളെ കൊല്ലുകയും ലക്ഷങ്ങളെ വഴിയാധാരമാക്കുകയും ചെയ്തിട്ടുണ്ട്. ബുദ്ധിജീവികള്‍ പോലും ഇതൊന്നും ഭീകര പ്രവൃത്തിയായി എണ്ണുന്നില്ല. അപ്പോള്‍ കാര്യം വളരെ വ്യക്തമാണ്. ഭീകരന്‍, ഭീകരത എന്നീ പദാവലികളൊക്കെ മുസ്‌ലിമിനെയും ഇസ്‌ലാമിനെയും മാത്രം കുറിക്കാനുള്ളതാണ്. ഇസ്രയേല്‍ കൊന്നൊടുക്കുകയും കുടിയിറക്കുകയും ചെയ്ത ഫലസ്ത്വീനികള്‍ മുഴുവന്‍ ഭീകരരാവുന്നത് അതുകൊണ്ടാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് നാം ഇത്തരം പദാവലികള്‍ കടംകൊള്ളുന്നതെന്ന് ഹാമിദ് ദബാശി എഴുതുന്നു (അല്‍ജസീറ നെറ്റ്, 2015 ജൂലൈ 2).
Comments