Prabodhanm Weekly

Pages

Search

2015 ജൂലൈ 31

പൊതുമുതലുകളുടെ കൈകാര്യം എങ്ങനെ?

അബ്ദുല്ലത്വീഫ് കൊടുവള്ളി /ലേഖനം

         ജനകീയാസൂത്രണം നടപ്പിലായതോടെ അധികാരം കൂടുതല്‍ ജനകീയമായി, അതോടൊപ്പം പൊതുമുതലുകളുടെ ദുരുപയോഗവും വര്‍ധിച്ചു. സമൂഹത്തിലെ മേലേക്കിടയിലുള്ളവരിലൊതുങ്ങിയിരുന്ന പൊതുമുതലപഹരണം അടിത്തട്ടിലുള്ളവരിലേക്കും സംക്രമിച്ചു. കേരളത്തിലെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതികളെ കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ പൊതുമുതലുകളുടെ അപഹരണത്തിന്റെ സര്‍വ വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരുണത്തില്‍, പൊതു മുതലുകളുടെ കൈകാര്യം സംബന്ധിച്ച ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണിവിടെ.

പൊതുമുതലുകള്‍ ജനകീയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ''അല്ലാഹു അവന്റെ ദൂതന് വിവിധ രാജ്യക്കാരില്‍ നിന്ന് കൈവരുത്തിക്കൊടുത്തതെന്തോ അത് അല്ലാഹുവിനും ദൂതന്നും അടുത്ത കുടുംബാംഗങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത് (ധനം) നിങ്ങളിലെ ധനികന്മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്...'' (അല്‍ഹശ്ര്‍ 7). നബി(സ) പ്രഖ്യാപിച്ചു: ''മുസ്‌ലിംകള്‍ മൂന്നു വസ്തുക്കളില്‍ പങ്കാളികളാണ്: പുല്ല്, വെള്ളം, തീ'' (ബൈഹഖി, അബൂദാവൂദ്). ഖലീഫാ ഉമര്‍ ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴില്‍ വന്ന ഭൂനിലങ്ങള്‍ വ്യക്തികള്‍ക്ക് വീതിച്ചു നല്‍കാതെ ഭാവി തലമുറകള്‍ക്ക് പ്രയോജനപ്പെടുംവിധം നിക്ഷിപ്ത ഭൂമിയാക്കി പ്രഖ്യാപിക്കുകയുണ്ടായി (അബൂ ഉബൈദുബ്‌നു സലാം, അല്‍ അംവാല്‍, പേജ് 413). പൊതുമുതലുകളുടെ സവിശേഷതകള്‍ ഇവയാണ്:

1. അവ അല്ലാഹുവിന്റെ സൃഷ്ടിയാണ്. ''ഭൂമിയിലുള്ളതൊക്കെയും നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചത് അല്ലാഹുവാണ്'' (അല്‍ബഖറ 29).

2. പൊതുമുതലുകളുടെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കണം. ''അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കിത്തന്നവന്‍. അതിനാല്‍, അതിന്റെ 'ചുമലു'കളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്തുകൊള്ളുക'' (അല്‍മുല്‍ക് 15).

3. സമ്പത്തിന്റെ യഥാര്‍ഥ അവകാശി അല്ലാഹുവാകുന്നു.  ''അറിയുക, തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു'' (യൂനുസ് 55).

4. പൊതുമുതലുകള്‍ കൈയേറുന്നത് കുറ്റകരമാണ്. ''ആരെങ്കിലും അന്യായമായി ഭൂമി തട്ടിയെടുത്താല്‍, അന്ത്യനാളില്‍ ഏഴു ഭൂമിയോളം അയാള്‍ ആഴ്ത്തപ്പെടും'' (ബുഖാരി).

5. പൊതുമുതലുകളുടെ കുത്തകാവകാശം ഗവണ്‍മെന്റിനായിരിക്കും.

6. പൊതു പ്രാധാന്യമുള്ള പൊതു മുതലുകള്‍ ഏതെങ്കിലും വ്യക്തിക്ക് മാത്രമായി പതിച്ചു നല്‍കരുത്. പതിച്ചു നല്‍കിയാല്‍ തിരികെ വാങ്ങാം. ഒരു നിവേദക സംഘത്തോടൊപ്പം വന്ന അബ്‌യദുബ്‌നു ഹമ്മാല്‍ ആവശ്യപ്പെട്ടതു പ്രകാരം നബി(സ) മഅ്‌രിബിലെ ഉപ്പുപാടങ്ങള്‍ അദ്ദേഹത്തിനു പതിച്ചു നല്‍കി. അബ്‌യദ് പോയപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഒരാള്‍ നബി(സ)യോട് പറഞ്ഞു: ''താങ്കള്‍ അദ്ദേഹത്തിന് പതിച്ചുനല്‍കിയത് ഒരിക്കലും ക്ഷയിക്കാത്ത ഉപ്പളങ്ങളാണ്''. അവിടുന്ന് അവ തിരികെ വാങ്ങി (അബൂദാവൂദ്).

സ്ഥല-കാലാന്തരങ്ങള്‍ക്കനുസൃതമായി പൊതു മുതലുകളുടെ വിനിയോഗത്തില്‍ നയപരമായ നിലപാടു മാറ്റങ്ങളുണ്ടാവും. ഉമര്‍(റ) പറയുന്നു: ''പൊതു മുതലില്‍ എല്ലാവര്‍ക്കും അവകാശമുണ്ടായിരിക്കും. ഞാന്‍ അത് കൊടുത്തെന്നിരിക്കും, തല്‍ക്കാലം തടഞ്ഞെന്നുമിരിക്കും. ഒരാള്‍ക്കും മറ്റൊരാളേക്കാള്‍ അവകാശമുണ്ടാവില്ല; അടിമകള്‍ക്കല്ലാതെ. പൊതു സ്വത്തുക്കളുടെ വിഷയത്തില്‍ എനിക്ക് നിങ്ങളെ പോലെ മാത്രമേ അവകാശമുള്ളൂ. അല്ലാഹുവിന്റെ ഗ്രന്ഥവും നബി(സ)യുടെ ചര്യയും പരിഗണിച്ചാണ് നാം മുന്നോട്ടു പോവുക. ദൈവമാണ, ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ യമനിലെ സ്വന്‍ആഇലെ മലയില്‍ കഴിയുന്ന ഇടയന് ഈ സ്വത്തിലുള്ള അവന്റെ അവകാശം കിട്ടിയിരിക്കും'' (താരീഖുത്ത്വബ്‌രി 2/571).

പൊതുമുതലുകള്‍ സ്വന്തമാക്കല്‍

സ്വഹാബി വനിത ഖൗല അന്‍സ്വാരിയ്യ പറയുന്നു: നബി(സ) പ്രസ്താവിക്കുന്നത് ഞാന്‍ കേട്ടു: ''അല്ലാഹുവിന്റെ സ്വത്തുക്കളില്‍ (പൊതുമുതലുകളില്‍) അന്യായമായി ഇടപെടുന്നവര്‍ക്ക് അന്ത്യനാളില്‍ നരകശിക്ഷയുണ്ടായിരിക്കും'' (ബുഖാരി, അഹ്മദ്). ''തീര്‍ച്ചയായും ഈ സ്വത്തുക്കള്‍ (പൊതു സ്വത്തുക്കള്‍) ഹരിതാഭമാണ്. മധുരതരമാണ്. ന്യായമായി എടുക്കുന്നവര്‍ക്ക് അതില്‍ ബര്‍ക്കത്ത് ലഭിക്കും. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സ്വത്തുക്കളില്‍ തങ്ങളുദ്ദേശിക്കുന്ന വിധം ഇടപെടുന്നവര്‍ക്ക് അന്ത്യനാളില്‍ നരകമല്ലാതെ ഉണ്ടാവില്ല'' (തിര്‍മിദി, അഹ്മദ്, ഇബ്‌നു ഹിബ്ബാന്‍). 'അല്ലാഹുവിന്റെ സ്വത്തുക്കള്‍ ഞാന്‍ അനാഥയുടെ സ്വത്തുക്കള്‍ പോലെയാണ് കൈകാര്യം ചെയ്യുക.അതിന്റെ പരിപാലനത്തിന് പോലും അതെടുക്കാതെ കഴിയുമെങ്കില്‍ ഞാന്‍ എടുക്കാതിരിക്കും. ആവശ്യം വന്നാല്‍ ന്യായാനുസൃതം മാത്രം ഞാന്‍ അനുഭവിക്കും' എന്ന് ഉമര്‍(റ) പറഞ്ഞിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ നിസ്സാരമായത് പോലും അവിഹിതമായി സ്വന്തമാക്കുന്നത് ചതിയാണ്. ''നാം നിങ്ങളെ ആരെയെങ്കിലും ഒരു ജോലി ഏല്‍പിക്കുകയും എന്നിട്ടയാള്‍ ഒരു സൂചിയോ, അതിനും മുകളിലുള്ള വസ്തുവോ നമ്മില്‍ നിന്ന് മറച്ചുവെക്കുകയുമാണെങ്കില്‍ അന്ത്യനാളില്‍ അവന്‍ അതുമായി വരുന്നതായിരിക്കും'' (മുസ്‌ലിം). ഒരാളുടെ മയ്യിത്ത് നമസ്‌കരിക്കാനായി ക്ഷണിക്കപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ ആള്‍ക്ക് നമസ്‌കരിച്ചോളൂ. അയാള്‍ ചില വസ്തുക്കള്‍ ചതിപ്പെടുത്തിയിരിക്കുന്നു.'' അങ്ങനെ നബിയുടെ അനുചരന്മാര്‍ അയാളുടെ വാഹനം പരിശോധിച്ചു. അതില്‍ രണ്ടു ദിര്‍ഹം പോലും വിലയില്ലാത്ത ചില ചെറു ആഭരണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് (അബൂദാവൂദ്, ഇബ്‌നുമാജ, ഹാകിം).

അയോഗ്യരെ നിയമിക്കല്‍

''അല്ലാഹുവിന് ഏറ്റവും തൃപ്തിയുള്ളയാള്‍ നിലവിലുണ്ടായിരിക്കെ, അയാളേക്കാള്‍ നിലവാരക്കുറവുള്ളയാളെ ജോലിയില്‍ നിയമിക്കുന്നയാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയും വഞ്ചിച്ചിരിക്കുന്നു'' (ഹാകിം).

''അല്ലാഹുവിന്റെ കിതാബിനെയും നബിയുടെ സുന്നത്തിനെയും കുറിച്ച് ജ്ഞാനവും അര്‍ഹതയും കൂടുതലുള്ളവരുണ്ടായിരിക്കെ, അതില്ലാത്തവരെ നിയമിക്കുന്നവന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും എല്ലാ മുസ്‌ലിംകളെയും വഞ്ചിരിച്ചിരിക്കുന്നു'' (ബൈഹഖി).

സര്‍ക്കാര്‍ സൗകര്യങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കല്‍

ഔദ്യോഗിക വാഹനങ്ങള്‍, ടെലിഫോണ്‍ മുതലായവ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കുറ്റകരമാണ്. ''നിഷിദ്ധം ഭുജിച്ചുണ്ടായ മാംസത്തിന് ഏറ്റവും അര്‍ഹം നരകമാണ്'' (തിര്‍മിദി). ''അനുവദനീയമല്ലാത്ത രീതിയില്‍ ഒരു ദിര്‍ഹം സമ്പാദിച്ച് അത് കുടുംബത്തിനു വേണ്ടി ചെലവഴിച്ചാല്‍ അതില്‍ ബര്‍ക്കത്തുണ്ടാവില്ല, സ്വദഖ ചെയ്താല്‍ സ്വീകരിക്കപ്പെടില്ല, മരണാനന്തരം വിട്ടേച്ചുപോയാല്‍ അത് നരകത്തില്‍ ഭക്ഷണമാവാതിതിരിക്കില്ല'' (അഹ്മദ്). ''നമുക്ക് വേണ്ടി വല്ല ഉത്തരവാദിത്തവുമേറ്റെടുത്ത ആള്‍ക്ക് വീടില്ലെങ്കില്‍ അയാള്‍ വീടെടുത്തുകൊള്ളട്ടെ, വിവാഹം ചെയ്തിട്ടില്ലാത്തവന്‍ വിവാഹം ചെയ്യട്ടെ, വേലക്കാരനില്ലാത്തവന്‍ വേലക്കാരനെ വെച്ചുകൊള്ളട്ടെ, സവാരി മൃഗമില്ലെങ്കില്‍ മൃഗത്തെ സംഘടിപ്പിച്ചുകൊള്ളട്ടെ. അതിനപ്പുറം ആരെങ്കിലും നേടിയാല്‍ അയാള്‍ ചതിച്ചു വശത്താക്കിയവനായാണ് പരിഗണിക്കപ്പെടുക'' (അഹ്മദ്). ''അന്ത്യനാളില്‍ ശബ്ദിച്ചുകൊണ്ടിരിക്കുന്ന ആടിനെ, ഒട്ടകത്തെ, കുതിരയെ ചുമന്നുകൊണ്ട് ചില ആളുകള്‍ വരും. 'എന്നെ സഹായിക്കണ'മെന്ന് അവര്‍ ഓരോരുത്തരും ആവശ്യപ്പെടും. അപ്പോള്‍ ഞാന്‍ (നബി)പറയും: പൊതുമുതല്‍ സ്വന്തമാക്കരുതെന്ന് ഞാന്‍ നിന്നോട് പറഞ്ഞില്ലായിരുന്നോ?'' (ബുഖാരി). മുആദുബ്‌നു ജബല്‍(റ) പറയുന്നു: ''നബി(സ) എന്നെ യമനിലേക്ക് അയച്ചു. ഞാന്‍ യാത്ര തുടങ്ങിയപ്പോള്‍ എന്നെ തിരിച്ചുവിളിച്ചിട്ട് അവിടുന്ന് പറഞ്ഞു: ''ഞാന്‍ എന്തിനാണ് നിങ്ങളെ തിരിച്ചുവിളിച്ചതെന്ന് അറിയാമോ? എന്റെ സമ്മതമില്ലാതെ ഒന്നും എടുക്കരുത്. അങ്ങനെ എടുക്കുന്നത് ചതിയാണ്. ഇതുപറയാനാണ് വിളിച്ചത്. ഇനി ജോലിക്ക് പോയിക്കൊള്ളൂ'' (തിര്‍മിദി). അബൂറാഫിഅ് പറയുന്നു: ''നബി(സ) ഒരിക്കല്‍ ബഖീഅ് ശ്മശാനത്തിനരികിലൂടെ കടന്നുപോകവെ, 'നിനക്ക് നാശം, നിനക്ക് നാശം' എന്നു പറഞ്ഞു. എന്നെ ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞതെന്നു തോന്നിയതിനാല്‍ ഞാന്‍ അവിടെ നിന്നു. നബി(സ): 'നിനക്കെന്തുപറ്റി? നടക്കൂ!' ഞാന്‍: 'താങ്കള്‍ എന്നോട് ഛെ എന്നു പറഞ്ഞില്ലേ?' നബി(സ): 'ഇല്ല. പൊതുമുതല്‍ ശേഖരിക്കാനായി ഞാന്‍ നിയോഗിച്ച ഒരാളുടെ ഖബ്‌റാണിത്. അയാള്‍ ഒരു വസ്ത്രം വഞ്ചിച്ചെടുത്തു. ഇപ്പോള്‍ അയാള്‍ ഖബ്‌റില്‍ അത്തരം ഒരു നരക വസ്ത്രം അണിയിക്കപ്പെട്ടിരിക്കുന്നു' (അഹ്മദ്). നബി(സ) യുദ്ധമുതലുകളില്‍ പെട്ട ഒരു ഒട്ടകത്തിന്റെ ശരീരത്തില്‍ നിന്ന് ഒരു രോമം എടുത്തുകൊണ്ട് പറഞ്ഞു: ''ഇതില്‍ നിങ്ങള്‍ക്കില്ലാത്ത ഒരവകാശവും എനിക്ക് പ്രത്യേകമായി ഇല്ല. നിങ്ങള്‍ (പൊതുമുതലുകള്‍) ചതിച്ചെടുക്കുന്നത് സൂക്ഷിക്കണം.കാരണം, ചതി അന്ത്യനാളില്‍ അതു നടത്തുന്നയാള്‍ക്ക് നിന്ദ്യതയായിരിക്കും'' (അബ്ദുല്ലാഹിബ്‌നു അഹ്മദ്). ഖൈബര്‍ യുദ്ധവേളയില്‍ ചില സ്വഹാബികള്‍ ഒരാളെ രക്തസാക്ഷിയായി വാഴ്ത്തിപ്പറഞ്ഞു. അപ്പോള്‍ നബി(സ): ''അയാള്‍ കട്ടെടുത്ത വസ്ത്രവുമായി നരകത്തില്‍ ശിക്ഷയനുഭവിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു'' (മുസ്‌ലിം).

ഉദ്യോഗസ്ഥന്മാരെ നിയമിക്കുമ്പോള്‍ ഉമര്‍(റ) അവരുടെ സ്വത്തു വിവരങ്ങള്‍ രേഖപ്പെടുത്തുകയും, തിരിച്ചുവരുമ്പോള്‍ അതില്‍ കൂടുതലുണ്ടെങ്കില്‍ ഈടാക്കുകയും ചെയ്തിരുന്നു (ഖുദാമ ബ്‌നു ജഅ്ഫര്‍, അല്‍ ഖറാജ്, പേജ് 339). പൊതുമുതല്‍ കൊണ്ടു വാങ്ങിയ എണ്ണ ഉപയോഗിച്ച് കത്തുന്ന വിളക്ക് ഉമര്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദില്‍ അസീസ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നില്ല. സകാത്ത് ശേഖരിക്കാനായി നബി(സ) നിയോഗിച്ച ഇബ്‌നുല്ലുത്ബിയ്യയുടെ സംഭവം ഇവ്വിഷയകമായി പ്രസിദ്ധമാണ്. സകാത്ത് മുതലുകളുമായി എത്തിയ ഇബ്‌നുല്ലുത്ത്ബിയ്യ പറഞ്ഞു: ''ഇത് താങ്കള്‍ക്ക് കിട്ടിയ വഹകളാണ്. ഇതൊക്കെ എനിക്ക് കിട്ടിയതും.'' അപ്പോള്‍ നബി(സ) മിമ്പറില്‍ കയറിയിട്ടു പറഞ്ഞു: ''നാം നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ അവസ്ഥ എന്ത്? അയാള്‍ വന്നിട്ട് പറയുകയാണ്, 'ഇത് നിങ്ങള്‍ക്കുള്ളതാണ്, ഇത് എനിക്ക് പാരിതോഷികം കിട്ടിയതാണ്' എന്നൊക്കെ. എങ്കില്‍ അയാള്‍ അയാളുടെ പിതാവിന്റെയോ മാതാവിന്റെയോ വീട്ടില്‍ ഇരുന്നാല്‍ പോരായിരുന്നോ? അങ്ങനെ വീട്ടില്‍ കഴിഞ്ഞാല്‍ പാരിതോഷികം കിട്ടുമോ ഇല്ലയോ എന്നറിയാമായിരുന്നുവല്ലോ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ, അവനാണ! അത്തരം വല്ലതും നിങ്ങളിലാരെങ്കിലും ചെയ്താല്‍ അയാള്‍ അതുമായി വരാതിരിക്കില്ല'' (അഹ്മദ്).

ഉദ്യോഗസ്ഥര്‍ പൊതു ആവശ്യത്തിനായി ചെലവഴിക്കേണ്ടുന്ന സമയം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കുറ്റകരമാണ്. കുറഞ്ഞ സമയം കൊണ്ട് ചെയ്തു കൊടുക്കാവുന്ന കാര്യങ്ങള്‍ കൂടുതല്‍ സമയം എടുത്ത് ചെയ്തു കൊടുക്കുന്നതും, നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കുന്നതും അതുപോലെത്തന്നെ. ജോലി സമയത്ത് പത്രം വായിക്കുന്നതും ടി.വി കാണുന്നതും സ്വകാര്യ ട്യൂഷനെടുക്കുന്നതും മറ്റും തെറ്റുതന്നെയാണ്. ഗവണ്‍മെന്റുകള്‍ തങ്ങളുടെ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതും ഉദ്യോഗസ്ഥരെ ചൂഷണം ചെയ്യുന്നതും ശരിയല്ല. സര്‍ക്കാര്‍ ഉടമയിലുള്ള വാഹനങ്ങള്‍, വസ്തുക്കള്‍, കെട്ടിടങ്ങള്‍ മുതലായവ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം നശിച്ചുപോകുന്നതു നാം കാണുന്നു. ഇതും പൊതുമുതല്‍ ദുരുപയോഗത്തിന്റെ നിര്‍വചനത്തിലാണ് വരിക. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ ജനസേവനത്തിനിറങ്ങുന്ന മുസ്‌ലിംകള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് തങ്ങളുടെ പാരത്രിക ഭാവിക്കും ജനങ്ങളുടെ ഐഹിക നന്മക്കും അനിവാര്യമാണ്. ''താങ്കള്‍ പറയുക. നിങ്ങള്‍ പ്രവര്‍ത്തിക്കൂ. തീര്‍ച്ചയായും അല്ലാഹുവും അവന്റെ ദൂതനും സത്യവിശ്വാസികളും നിങ്ങളുടെ പ്രവര്‍ത്തനം കാണുകതന്നെ ചെയ്യും'' (അത്തൗബ 105). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /42-46
എ.വൈ.ആര്‍