പനിച്ച ജലാശയങ്ങള്‍
കവിതയിലേക്കുള്ള വേറിട്ട അന്വേഷണങ്ങളാണ് വി. ഹിക്മത്തുല്ലയുടെ പനിച്ച ജലാശയങ്ങള്‍ എന്ന കവിതാ സമാഹാരത്തിലെ മുഗളേ അഅ്‌സം, കുമ്പസാരം, ശില്‍പശാലയിലെ ട്രൗസര്‍, കുളം/കര, കര/കുളം, നിത്യസമാസം, വിവേകി, ലൗകിക ബന്ധനം, ഉറുമ്പിന്‍ വഴി, പനിച്ച ജലാശയങ്ങള്‍ തുടങ്ങിയ കവിതകള്‍.
അക്കാദമിക അന്തരീക്ഷങ്ങളുടെ പൊള്ളത്തരങ്ങളെ കുടഞ്ഞു വെളിയിലിടുകയാണ് കുമ്പസാരം, ശില്‍പശാലയിലെ ട്രൗസര്‍ എന്നീ കവിതകള്‍. വെള്ളം ചോരാത്ത - ചേരാത്ത - അറകളില്‍ നിന്നും പൊരിച്ച പ്രമേയങ്ങള്‍ പൊങ്ങുന്നത് ഓസോണ്‍ വിള്ളലുകള്‍ക്ക് കാരണമാകുന്നു (കുമ്പസാരം), ശില്‍പശാലകളുടെ ബാനറുകൊണ്ട് തയ്ച്ച ട്രൗസറുടുത്ത്, നൂറ്റൊന്നാമത്തെ ഫയലും പേനയും പെട്ടിയിലടുക്കി വച്ച അയാള്‍.... (ശില്‍പശാലയിലെ ട്രൗസര്‍).
ശ്മശാനങ്ങള്‍ക്കു മുകളില്‍ മാത്രംഒരു പതിഞ്ഞ ഈണത്തില്‍
നിലാവിന്റെ മേല്‍പ്പാട കാണാമായിരുന്നു
(കടപുഴകുമ്പോള്‍)
മരണത്തെ ശാന്തതകൊണ്ട് അഭിമുഖീകരിക്കുന്ന ഒരു ദാര്‍ശനികത തുളുമ്പി നില്‍ക്കുന്ന കവിതയാണ് 'കടപുഴകുമ്പോള്‍'. ഇതേ ശാന്തത ആത്മ സത്തയുടെ ആഖ്യാനമായി വരുന്ന വേറെയും കവിതകളുണ്ട്. വരണ്ട മണ്ണ്, യൂസുഫ് നബിയുടെ കുപ്പായം തുടങ്ങിയ കവിതകള്‍ ഉദാഹരണങ്ങളാണ്.
എത്ര കനല്‍ക്കട്ടകള്‍ വിഴുങ്ങിയാണ്നീ എനിക്കായി
ആലിപ്പഴം കൊണ്ടുതന്നത്
എത്ര ആഴത്തില്‍ പൊള്ളിയാണ്
നീ ഈ പൂക്കളൊക്കെയും വിരിയിച്ചെടുത്തത്
(യൂസുഫ് നബിയുടെ കുപ്പായം)
എന്നീ വരികള്‍ ദാര്‍ശനികതയുടെ ആത്മസത്തയെ വ്യക്തമാക്കിത്തരുന്നു. വിദൂരമാകും തോറും കൂടുതല്‍ കൂടുതല്‍ അണഞ്ഞടുക്കുന്നതിന്റെയും (യൂസുഫ് നബിയുടെ കുപ്പായം), ഇടി മിന്നലിനും അലോസരപ്പെടുത്താനാവാതെ പോകുന്നതിന്റെ (കട പുഴകുമ്പോള്‍) ആത്മബലവും, പലയിനം മേല്‍ക്കൂരകള്‍ക്ക് കീഴെ, പലയിനം വയസ്സന്‍മാരായി, നാം ഭാഗം വെച്ച് പിരിയും (വരണ്ട മണ്ണ്) എന്ന ദാര്‍ശനികതയും, ആരെങ്കിലും ഒന്ന് പ്രശംസിച്ചിരുന്നെങ്കില്‍ അവനാപുഴയില്‍ മുങ്ങിത്താഴില്ലായിരുന്നു (വിവേകി) എന്ന തിരിച്ചറിവും കവിതയുടെയും ദര്‍ശനങ്ങളുടെയും ഒരു വഴി തുറന്നിടുന്നുണ്ട്. ജീവന്‍ഗഢിലെ കടുകുപാടങ്ങള്‍ ഹോട്ടല്‍ത്തൊഴിലാളിയായ ആ മുഗളപ്പെണ്‍ക്കുട്ടിക്ക് സാന്ത്വനമാകും എന്ന് എഴുതുന്നിടത്ത് പ്രത്യാശ കടന്നുവരുന്നു.
കര്മവ്യാപൃതരായിരുന്നഉറുമ്പിന് നിര
ഇടയ്ക്കു പാതയിടിഞ്ഞതിന്റെ
സ്തബ്ധതയില്‍
വിപരീതത്തിലേക്ക് ചിതറുന്നത് പോലെ
ഒരാള്‍ മരിക്കുമ്പോള്‍
അയാള്‍ക്കു പിറകെ, ഉണ്ടായിരുന്നവര്‍
നിശ്ചലരാവുന്നു
(ഉറുമ്പിന്‍ വഴി)
'ഉറുമ്പിന്‍ വഴി' എന്ന കവിതയില്‍ ആ വഴിയുടെ തുടര്‍ച്ചയാണ് നാം കാണുന്നത്. പാതയടഞ്ഞയവസ്ഥയില്‍ വിപരീതത്തിലേക്കുള്ള ഒരു ചിതറല്‍ നാം കാണുന്നു. ഒരാളുടെ മരണം ചിലരെയെങ്കിലും നിശ്ചലരാക്കുന്നു. പിന്നെയും ഉറുമ്പുകള്‍ക്ക് അന്നം വീണുകിട്ടുന്നു. ഇടിയാന്‍ പാകത്തില്‍ വീണ്ടും വഴികള്‍ തുറക്കപ്പെടുന്നു. അനിശ്ചിതത്വത്തെ ദാര്‍ശനികമായി കാണാന്‍ കഴിയുന്ന ഒരു പ്രാപ്തതയാണ് ഈ കവിത നല്‍കുന്ന കരുത്ത്.
പല അര്‍ഥത്തിലും വി. ഹിക്മത്തുല്ലയുടെ കവിതകള്‍ പുതുരചനാനുഭവങ്ങള്‍ സാധ്യമാക്കുന്നുണ്ട്. ദാര്‍ശനികമായ ഒരു ശാന്തത കവിതകളില്‍ ഉടനീളം പ്രതിഫലിക്കുന്നുണ്ട്. ആത്മസത്താപരമായ വഴികള്‍ അവയിലുണ്ട്. ദേശീയതയുടെ സന്ദിഗ്ധതകളെ അത് അഭിമുഖീകരിക്കുന്നുണ്ട്. ചരിത്രത്തെയും വര്‍ത്തമാന കാലത്തെയും അത് കണ്ടെടുക്കുന്നുണ്ട്. പ്രശ്‌നപ്പെടുത്തുന്നുണ്ട്. ഉമ്മയും ഭാര്യയും, ശിശുക്കളും, സുഹൃത്തുക്കളും പ്രവാചകന്‍മാരും കവിതയില്‍ സ്ഥാനപ്പെടുന്നുണ്ട്. വിഭ്രമങ്ങളുടെയും സന്ദിഗ്ധതകളുടെയും അനിശ്ചിതത്വത്തിന്റെയും ലോകം കവിതകളില്‍ പലയിടങ്ങളിലായി വായനക്കാരെ പിടിച്ചുലയ്ക്കുന്നുണ്ട്.
Comments