ഏത് ഭൗതികവാദിയെയും അലോസരപ്പെടുത്തുന്ന ലളിതമല്ലാത്ത ചോദ്യങ്ങള്‍
ഏത് ഭൗതികവാദിയെയും അലോസരപ്പെടുത്തുന്ന
ലളിതമല്ലാത്ത ചോദ്യങ്ങള്‍
മരിച്ചവരാരും ഇന്നുവരെ തിരിച്ചുവന്നിട്ടില്ല. ജനനത്തിനും മരണത്തിനും മധ്യേയുള്ള ഹ്രസ്വമായ ഒരു കാലയളവ് മാത്രമല്ല ജീവിതമെന്നത് പ്രവാചകന്മാരെല്ലാം ഒരേ സ്വരത്തില്‍ വേദഗ്രന്ഥങ്ങളിലൂടെ ഖണ്ഡിതമായ തെളിവുകള്‍ നിരത്തി നമ്മോട് വിശദീകരിക്കുന്നു. മൃത്യുവോടെ എല്ലാം അവസാനിച്ചാല്‍ എങ്ങനെയാണ് നീതി പുലരുക? ധര്‍മത്തിന്റെ വിജയമെന്ന് പറയുന്നതെവിടെയാണ്? ലളിതമല്ലാത്ത ഇത്തരം ചോദ്യങ്ങള്‍ ഏതൊരു ഭൗതികവാദിയെയും അലോസരപ്പെടുത്തുന്നതാണ്.
പിഞ്ചു കുട്ടികളുള്‍പ്പെടെ പത്തു പേരെ വധിച്ച കുറ്റവാളിയെ കടുത്ത ശിക്ഷ തന്നെ നല്‍കിയാലും എത്ര തവണ വധശിക്ഷ നടപ്പാക്കാന്‍ കഴിയും? മീഥൈല്‍ ഐസോ സൈനേഡ് ഒഴുക്കി ഭോപ്പാലില്‍ മനുഷ്യക്കുരുതി നടത്തിയ കമ്പനിയുടമക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി ശിക്ഷ എത്രയാണ്? ഹിരോഷിമയിലും നാഗസാക്കിയിലും ജനിച്ചു വീഴുന്ന കുരുന്നുകള്‍ക്കും പിറക്കാന്‍ പോകുന്ന ഭ്രൂണങ്ങള്‍ക്കും വരെ വൈകല്യം വരുത്തുന്ന ആണവ ശക്തികള്‍ക്ക് എന്ത് ശിക്ഷ നല്‍കിയാലാണ് നീതി പുലരുക? ഒരു നാടാകെ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ച കമ്പനിക്ക് അര്‍ഹമായ ശിക്ഷാ മുറകള്‍ എന്തുണ്ട് നമ്മുടെ കൈയില്‍? നമ്മുടെ ഭൗതിക സംവിധാനത്തിന്റെ പരിമിതിയുടെ ആഴമാണിത് വ്യക്തമാക്കുന്നത്.
''ഭൗതിക ലോകത്തെ അവര്‍ക്ക് ഉദാഹരിച്ചു കൊടുക്കുക: നാം മാനത്ത് നിന്ന് ഇറക്കുന്ന വെള്ളം പോലെയാണത്. വെള്ളം ഭൂമിയിലെ സസ്യങ്ങളുമായി ചേര്‍ന്ന് ഭൂമി ശ്യാമള പുഷ്‌കലമാകുന്നു. പിന്നീടത് ഉണങ്ങിക്കരിഞ്ഞ ചണ്ടിയായി കാറ്റില്‍ ചിതറിപ്പോകുന്നു.'' ഈ കാണുന്ന ഭൗതികലോകം, എത്തിപ്പെടാനുള്ള ലോകത്തെ അപേക്ഷിച്ച് നൈമിഷികവും ക്ഷുദ്രവുമാണെന്ന് ദൈവത്തിന്റെ പുസ്തകം വെളിപ്പെടുത്തുന്നത് സത്യത്തില്‍ ആരെയാണ് വ്യാകുലപ്പെടുത്താത്തത്!
നമ്മുടെ പ്രിയപ്പെട്ടവര്‍ ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവര്‍ എത്തിപ്പെടുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നമ്മുടെ കൂടി സാന്നിധ്യമാഗ്രഹിക്കുമെന്ന് തീര്‍ച്ച. വരൂ ഈ താഴ്‌വരയിലേക്ക് വരൂ, ഈ കാഴ്ച ആസ്വദിക്കൂ... എന്ന് അവര്‍ ആഹ്ലാദചിത്തരായി ഓരോ നിമിഷവും വിളിച്ചു പറയും. കാരണം അത്രയധികം അവര്‍ നമ്മെ പ്രണയിക്കുന്നുണ്ടായിരുന്നുവല്ലോ. അപൂര്‍വമായ ചില അപവാദങ്ങളതിനുണ്ട്. ദൈവത്തിന്റെ മാര്‍ഗത്തില്‍ ജീവത്യാഗം ചെയ്തവര്‍ ഒരുവേള ഭൂമിയിലേക്ക് തിരിച്ചുവന്നെങ്കില്‍ എന്നാശിക്കുന്നുണ്ട്. അദമ്യമായ അവരുടെ ആ ആഗ്രഹം വളച്ചുകെട്ടില്ലാതെ ദൈവത്തോടവര്‍ വിളിച്ചുപറയുന്നുണ്ട്. വേദഗ്രന്ഥത്തില്‍ ഒട്ടും മറച്ചുവെക്കാതെ പടച്ചവന്‍ നമ്മോട് അത്തരമൊരു രംഗത്തെക്കുറിച്ച് പങ്കുവെക്കുന്നുണ്ട്. മരണമെന്നത് സുകൃതികളെ സംബന്ധിച്ചേടത്തോളം ജീവിതാനന്ദത്തിന്റെ തുടക്കം മാത്രമാണെന്ന് സാരം.
മുഹമ്മദ് കുനിങ്ങാട്
മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റം ആഘോഷമാക്കുമ്പോള്‍
അടുത്തകാലത്തായി മുസ്‌ലിം സമുദായം വിദ്യാഭ്യാസ പുരോഗതിയില്‍ അഭിമാനകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റം ഭൂതകാല പിന്നാക്കാവസ്ഥയില്‍ നിന്നുള്ള ഒരു കുതിച്ചു ചാട്ടമാണ്. എന്നാല്‍, മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം വിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ട ശ്രദ്ധാര്‍ഹമായ ചില വിഷയങ്ങളാണ് പ്രഫ. ബദീഉസ്സമാനും സദ്‌റുദ്ദീന്‍ വാഴക്കാടും ലക്കം 2904-ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസുകളിലെ എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ തുടങ്ങിയ ഉയര്‍ന്ന തലങ്ങളിലേക്ക് നമ്മുടെ വിദ്യാഭ്യാസ യത്‌നങ്ങള്‍ എത്തേണ്ടതുണ്ടെന്ന് ലേഖകന്മാര്‍ ഊന്നിപ്പറയുന്നു.
ദീര്‍ഘവീക്ഷണത്തോടു കൂടിയ വിദ്യാഭ്യാസ വീക്ഷണത്തിന്റെയും കാഴ്ചപ്പാടിന്റെയും അഭാവം ഇപ്പോഴും ഈ സമുദായത്തില്‍ നിലനില്‍ക്കുന്നു എന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ് പ്രസ്തുത ലേഖനങ്ങള്‍.
മുഹമ്മദ് വെട്ടത്ത് പെരുമ്പാവൂര്‍
മതേതരത്വവും നമ്മുടെ പൊതുബോധവും
എല്ലാ മതങ്ങളും സഹിഷ്ണുതയോടെയും സമാധാനത്തോടെയും കഴിയുക എന്നതാണ് മതേതരത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറയുമെങ്കിലും ഏകത്വത്തെ നാനാവിധത്തില്‍ സ്ഥാപിക്കും വിധമാണ് നമ്മുടെ ദേശീയത ഇന്ന് മുന്നേറുന്നത്.
സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ മേല്‍ക്കോയ്മയാണ് സകല രംഗത്തും നിറഞ്ഞുനില്‍ക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലാതായിക്കൊണ്ടിരിക്കുന്നു. പൊതുപരിപാടികളില്‍ നിലവിളക്കുകള്‍ കാലങ്ങളായി അണയാതെ കത്തികൊണ്ടിരിക്കുന്നു എന്നത് തന്നെ നമ്മുടെ മതേതര വ്യവസ്ഥിതി എത്ര രോഗാതുരമാണെന്ന് വ്യക്തമാക്കുന്നു.
റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ തേങ്ങയുടക്കുന്നതും, പൂജ നടത്തിയ ശേഷം മാത്രം ബസ്സുകള്‍ നിരത്തില്‍ ഇറങ്ങുന്നതും മുസ്‌ലിം സംവിധായകന്മാര്‍ വരെ പൂജക്ക് ശേഷം മാത്രം ഷൂട്ടിങ്ങുകള്‍ ആരംഭിക്കേണ്ടിവരുന്നതും അതുകൊണ്ടുതന്നെയാണ്.
തീര്‍ത്തും അപകടകരമായ ഈയൊരു പൊതുബോധം ഇവിടെ നിലനില്‍ക്കുന്നു എന്നതാണ്, ഒരു മതേതര വ്യവസ്ഥിതിയില്‍ ഒരു മതത്തിന്റെ ചിഹ്നങ്ങള്‍ക്ക് മാത്രം സ്വീകാര്യത കിട്ടുന്നു എന്നതിന്റെ അര്‍ഥം. മതേതരത്വത്തിന്റെ മൊത്തകച്ചവടക്കാര്‍ എന്നവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ പോലും ഈ സവര്‍ണ ഹൈന്ദവ പൊതുബോധത്തിന്റെ അമ്മിക്കടിയില്‍ തലവെച്ചു കൊടുക്കുന്ന കാഴ്ചയാണ് നിരന്തരമായി നമുക്ക് കാണേണ്ടിവരുന്നത്. ഈ സവര്‍ണ പൊതുബോധത്തിന്റെ ആദായം പറ്റുന്നത് ഹൈന്ദവ ഫാസിസ്റ്റുകളാണ്.
ജുവൈരിയ നബീല്‍, ഇര്‍ഷാദിയ കോളേജ് ഫറോക്ക്
അഭിനവ മുസ്‌ലിംലോകം പഠിച്ചിട്ടില്ലാത്ത ഉഹുദ്
ഉഹുദിന്റെ പാഠത്തെ സൂക്ഷ്മ വിശകലനം ചെയ്യുന്ന അബ്ദുല്‍ വാസിഅ് ധര്‍മഗിരിയുടെ ലേഖനം (ലക്കം 2908) ശ്രദ്ധേയമായി. വിമര്‍ശനമോ നിരൂപണമോ ഇഷ്ടപ്പെടാത്ത മനുഷ്യന്റെ പൊതു പ്രകൃതിയായിരിക്കാം ഒരുപക്ഷേ ബദ്‌റിനോളം ഉഹുദിന് 'ഈണം' ഇല്ലാതെ പോയത്. വിജയഗാഥകള്‍ നീട്ടിപ്പാടി വീരസ്യം കൊള്ളലില്‍ പരിമിതമാക്കാതെ, പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടും പരീക്ഷണങ്ങളില്‍ പതറാതിരുന്നും കൊണ്ട് മാത്രമേ പുതിയ പാതകള്‍ പണിയാനാകൂ എന്ന ഖുര്‍ആനിക തിരിച്ചറിവിലേക്ക് തിരിച്ചുവിട്ട് കൊണ്ടാവണം നമ്മുടെ പുതുകാല പഠനങ്ങള്‍ പുരോഗമിക്കേണ്ടത്.
നാസര്‍ കാരക്കാട്
റമദാനും വ്രതവും
വിശ്വമാനവികതയുടെ ശംഖൊലികള്‍ ഇന്ന് എല്ലാ മത വിഭാഗങ്ങളിലും അലയടിച്ചുകൊണ്ടിരിക്കുമ്പോഴും അതിന്റെ പ്രസക്തിയെ കുറിച്ച് ഇന്നും പലരും അജ്ഞരാണ്. മുസ്‌ലിം സമുദായത്തിന്റെ മനസ്സും ശരീരവും ആത്മാവും തൊട്ടറിയുന്ന ദിനങ്ങളാണ് റമദാനില്‍ വന്നുചേരുന്നത്. ഇവിടെ മതങ്ങളില്ല... ജാതിയില്ല.. വര്‍ഗീയതയില്ല... പരസ്പരം സ്‌നേഹിക്കുന്ന മനസ്സുകള്‍ മാത്രം.
ഇത്രയേറെ പവിത്രത കാത്തുസൂക്ഷിക്കുന്ന മറ്റൊരു മതവിഭാഗം ഇന്ത്യയില്‍ തന്നെയുണ്ടാവില്ല. മത വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ രാജ്യത്തുടനീളം അഴിഞ്ഞാടുമ്പോഴും മതത്തിന്റെയും സ്‌നേഹബന്ധത്തിന്റെയും സൗരഭ്യങ്ങള്‍ ജനമനസ്സുകളില്‍ എക്കാലവും കാത്തുസൂക്ഷിക്കാന്‍ റമദാന്‍ പോലുള്ള പുണ്യ മാസങ്ങള്‍ വഴികഴിയുന്നുവെന്നതും ഒരു യാഥാര്‍ഥ്യമാണ്.
ഭൗതികത മനുഷ്യ ജീവിതത്തിലെ പ്രധാന ഘടകമാണ്. ഭക്തിപരമായും ആത്മീയമായും ചിന്തിക്കുമ്പോള്‍ മനുഷ്യ സമൂഹത്തെ ഒന്നാക്കുന്നതില്‍ ഭൗതികതക്കും സ്ഥാനമുണ്ട്. ആത്മാവ് ശരീരത്തോട് പൊരുതുമ്പോള്‍ ഉപവാസം ആനന്ദദായകമായ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. നോമ്പ് കൊണ്ട് ആത്മാവിലും ശരീരത്തിലും കാതലായ മാറ്റങ്ങള്‍ പ്രത്യക്ഷമാകുന്നുവെങ്കില്‍ അത് കര്‍മങ്ങള്‍ക്ക് പ്രചോദനം തന്നെയാണ്.
ആചാരി തിരുവത്ര ചാവക്കാട്
ബദ്‌റും സമകാലിക മുസ്‌ലിം ലോകവും
'ബദ്‌റും സമകാലിക മുസ്‌ലിം ലോകവും' എന്ന പി.പി അബ്ദുര്‍റസ്സാഖിന്റെ ലേഖനം (ലക്കം 2908) ഇസ്‌ലാമിന്റെ ബഹുസ്വരതയും സമുദായ സഹകരണവും വ്യക്തമാക്കുന്നതായിരുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനത്തെക്കുറിച്ച ചര്‍ച്ചകളില്‍ മദീനയിലെ പ്രഥമ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ബഹുസ്വര സ്വഭാവത്തെക്കുറിച്ച് ഇതിന് മുമ്പും കേട്ടിട്ടുണ്ട്. ബഹുസ്വരത ഒരു അടവുനയമല്ല, മറിച്ച് ഇസ്‌ലാമിന്റെ മൗലിക സ്വഭാവം തന്നെയാണെന്ന് അടിവരയിടുന്നതായിരുന്നു പി.പി അബ്ദുര്‍റസ്സാഖിന്റെ ലേഖനം.
സി.എച്ച് മുഹമ്മദാലി കൂട്ടിലങ്ങാടി
കണ്ണീരുപ്പു പുരട്ടിയ നോമ്പുതുറ
ഉത്തരേന്ത്യയിലെ പാവങ്ങളുടെ നോമ്പനുഭവങ്ങള്‍ വായിച്ചപ്പോള്‍ മനസ്സ് വിതുമ്പിപ്പോയി. ഈ പട്ടിണിക്കോലങ്ങളെക്കുറിച്ച് ബോധമുള്ളപ്പോള്‍ തന്നെ വിനോദയാത്ര പോലെ കൂടെക്കൂടെ ഹജ്ജിനും ഉംറക്കും പോകുന്ന കേരളീയരെക്കുറിച്ചും ഓര്‍ത്തുപോയി. പുണ്യമെന്നു കരുതി ചെയ്യുന്ന കര്‍മങ്ങള്‍ അധര്‍മങ്ങളാകുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. പാവങ്ങളെ മറന്നുകൊണ്ടുള്ള ഇത്തരം യാത്രകള്‍ പുണ്യങ്ങളുടെ പട്ടികയിലെഴുതാന്‍ ഏത് മാലാഖയാണ് തയാറാവുക? ഖുര്‍ആന്‍ ഓതുന്നുണ്ടെങ്കിലും ഖുര്‍ആനിന്റെ ആത്മാവ് ഉള്‍ക്കൊള്ളാന്‍ തയാറില്ലാത്തവരാണ് മുസ്‌ലിംകളേറെപ്പേരും. പേരും പെരുമയും മാത്രം കൊതിക്കുന്ന മുസ്‌ലിം നാമധാരികള്‍ക്ക് ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങളായ റിക്ഷാവാലകളെക്കുറിച്ച് ഓര്‍ക്കാന്‍ എവിടെ നേരം? ഖുര്‍ആന്‍ പറഞ്ഞതുപോലെ അവര്‍ മുസ്‌ലിം നാമധാരികളായിരിക്കാം. പക്ഷേ, ഹൃദയത്തില്‍ ഈമാനില്ല.
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍
Comments