Prabodhanm Weekly

Pages

Search

2015 ജൂലൈ 31

തമിഴ് - മലയാള ഇസ്‌ലാമിക ഗാന പാരമ്പര്യത്തിലേക്ക് രണ്ടു നോട്ടങ്ങള്‍

ഡോ. ജമീല്‍ അഹ്മദ് /കവര്‍‌സ്റ്റോറി

നോട്ടം - ഒന്ന്

അറബിത്തമിഴും മാപ്പിളസാഹിത്യവും

മുഹമ്മദ് റസൂലുല്ലാഹിയുടെ കാലത്തുതന്നെ ദക്ഷിണേന്ത്യയിലെ കിഴക്കും പടിഞ്ഞാറുമുള്ള തീരങ്ങളില്‍ കാലുകുത്തിയ ഇസ്‌ലാമിന്റെ തേജസ്സ് ഈ നാടിന്റെ ഭാഷയെയും സംസ്‌കാരത്തെയും ചേര്‍ത്തെടുത്താണ് ഇവിടെ വികസിച്ചത്. സംസ്‌കാരത്തിന്റെ വാഹകമായ ഭാഷയുടെ വ്യവഹാരതലത്തിലും ആവിഷ്‌കാരതലത്തിലുമുള്ള മുസ്‌ലിംകളുടെ സര്‍ഗാത്മകമായ ഇടപെടലുകളാണ് ഇതിന്റെ ഒന്നാമത്തെ തെളിവ്. തമിഴും മലയാളവും എഴുതാനും വായിക്കാനും തങ്ങളുടെ വ്യവഹാരഭാഷയുമായി അതിനെ ചേര്‍ത്ത് സ്വന്തമായ എഴുത്തും ലിപിയും ആവിഷ്‌കരിക്കാനും കേരളത്തിലെന്നപോലെ തമിഴകത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ അറബി-മലയാളംപോലെയുള്ള ആ എഴുത്ത് അറിയപ്പെട്ടത് 'അര്‍വി' എന്നാണ്. കേവലമായി അറബിലിപിയില്‍ തമിഴ് എഴുതുക മാത്രല്ല, അറബിമലയാളത്തിലെന്നപോലെ  ഒട്ടേറെ ഗ്രന്ഥങ്ങളും കാവ്യങ്ങളും ആ ലിപി ഉപയോഗിച്ച് തമിഴ്ഭാഷയിലേക്ക് അവര്‍ സംഭാവന ചെയ്യുകയും ചെയ്തു. 'ചിന്നമക്ക' എന്നുതന്നെ കേളിപ്പെട്ട കായല്‍പട്ടണം, പ്രാചീന നഗരമായ നാഗൂര്‍, വ്യാപാരതുറമുഖങ്ങളായ തേങ്ങാപ്പട്ടണം, തിരുച്ചിറപ്പള്ളി, കീഴൈക്കര തുടങ്ങിയ കിഴക്കന്‍ തീരപ്രദേശങ്ങളാണ് തമിഴകത്തിലെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളായത്. തുലുക്കത്തമിഴ്, അറബിത്തമിഴ് എന്നും പേരുണ്ടായിരുന്ന ഈ എഴുത്തുരൂപത്തെ അറബിമലയാളത്തെപ്പോലെത്തന്നെ പ്രത്യേകമായൊരു ഭാഷാമിശ്രമായി കണക്കാക്കാനും മുഖ്യധാരാ സാഹിത്യ പ്രവാഹത്തില്‍ നിന്ന് അവഗണിക്കാനുമാണ് അല്‍പകാലം മുമ്പുവരെ തമിഴ് സാഹിത്യവിശകലന മേഖലകളും ഉത്സാഹിച്ചത്. മധുര കാമരാജ് സര്‍വകലാശാലയിലെ ഡോ. ഉവൈസ്, ഡോ. പി. എം അജ്മല്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നു 1986-ല്‍ നടത്തിയ ഗവേഷണപഠനങ്ങളാണ് തമിഴ് പുലവര്‍ കൃതികളുടെ ആഴവും പരപ്പും 'തമിഴ് ഇലക്കിയ വരലാറി'നുമുന്നില്‍ വെളിപ്പെടുത്തിക്കൊടുത്തത്. 

ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രാചീനമായ കാവ്യപാരമ്പര്യം തമിഴിനുണ്ട്. സംഘകാലത്തമിഴ് കൃതികളുടെ കാവ്യാനുശീലത്തില്‍ ഊട്ടപ്പെട്ട ഒരു ജനതയുടെ മതപരവും ആത്മീയവുമായ ഏതൊരുല്‍ക്കര്‍ഷവും സാഹിത്യത്തിന്റെ മതിലിനു പുറത്തുകടന്ന് സാധ്യമാവുകയില്ല. സംഘകാല കാവ്യരചനകളുടെ ശരിയായ മാതൃക ജാഹിലിയ്യാ അറബിക്കവിതകളിലും കാണാനാകും. അത്തരമൊരു താരതമ്യം കൗതുകകരമാണെങ്കിലും, പ്രണയം, രതി, പോരാട്ടം, കുടുംബം, ഭരണം എന്നിവയെ കവിതയിലൂടെ ആവിഷ്‌കരിച്ച സംഘകാലരചനകള്‍ ആ ജനതയെപ്പോലെത്തന്നെ സാഹിത്യത്തിലും പ്രാചീന അറബികളോടൊപ്പം നില്‍ക്കുന്നവയാണെന്ന് കാണാം. അറബി കാവ്യരചനകളുമായി അടുപ്പം പുലര്‍ത്തിയ ദ്രാവിഡ മുസ്‌ലിം ആലിമുകള്‍ ഈ രണ്ടു കാവ്യപ്രസ്ഥാനങ്ങളെയും തങ്ങളുടെ ഭാഷാ-ദര്‍ശനങ്ങളിലൂടെ കൈപിടിച്ചു നടത്തിയതിന്റെ വിലപ്പെട്ട ഈടുവെയ്പ്പുകളാണ് തമിഴ് ഇസ്‌ലാമിക കാവ്യപ്രസ്ഥാനം. തമിഴ് ഭാഷയിലെ ഏറ്റവും പ്രമുഖ ഇസ്‌ലാമിക കാവ്യകൃതിയായ ഉമര്‍പുലവരുടെ 'സീറാപുരാണ'ത്തെ തമിഴ് ഭാഷാ - സാഹിത്യ പഠനമേഖലകള്‍ പൊതു മഹാകാവ്യങ്ങളിലൊന്നായാണ് ഇന്ന് കണക്കാക്കുന്നത്. 

മലയാളത്തിലുണ്ടായ ഏതാണ്ടെല്ലാ അറബിമലയാള സാഹിത്യപ്രസ്ഥാനങ്ങളുടെയും വഴികാട്ടി അര്‍വി- തമിഴ് രചനകളാണ്. ഇസ്‌ലാം പ്രചരിക്കാന്‍ ദ്രാവിഡദേശത്തെത്തിയ ഓരോ ശൈഖും ഇമാമും ആദിദ്രാവിഡരെ സംബന്ധിച്ചേടത്തോളം അല്ലാഹുവിലേക്ക് തങ്ങളെ കൈപ്പിടിച്ചു നടത്തിയ ഔലിയാക്കളായിരുന്നു. ആ സ്വൂഫീപണ്ഡിതരുടെ മദ്ഹ്ഗാനങ്ങളാല്‍ മുഖരിതമാണ് ആദ്യകാല തമിഴ് ഇസ്‌ലാമിക കാവ്യപാരമ്പര്യത്തിലെ മുഖ്യ കൃതികളത്രയും. ഇത്തരം കാവ്യങ്ങള്‍ രചിക്കുന്നവരെ 'പുലവര്‍' എന്നു വിളിച്ചാദരിക്കാനും അവര്‍ മടിച്ചില്ല. മലയാളത്തില്‍ മുഹിയിദ്ദീന്‍ മാല എഴുതപ്പെടുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ അര്‍വിയില്‍ മാലപ്പാട്ടുകള്‍ രചിക്കപ്പെട്ടിരുന്നു. കണ്ടെടുക്കപ്പെട്ട ആദ്യത്തെ അറബി - തമിഴ് കാവ്യമായ 'പല്‍ചന്തുമാലൈ'യുടെ എട്ട് ഖണ്ഡങ്ങളേ ലഭ്യമായിട്ടുള്ളൂ. ക്രി. 1350 ലാണ് ഇത് രചിക്കപ്പെട്ടത്.  മധുര വാണ  സുല്‍ത്താന്റെ മദ്ഹുകളാണ് കണ്ടെടുക്കപ്പെട്ട എട്ടു ഖണ്ഡങ്ങളിലെയും കാവ്യസത്ത. രചയിതാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലതാനും. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ രചിക്കപ്പെട്ട യാക്കോബ് ചിത്തരുടെ പാടലുകളും 1572 ല്‍ രചിക്കപ്പെട്ട, വണ്ണ പരിമള പുലവരുടെ 'ആയിരംസാല' എന്ന 'അതിശയപുരാണ'വും മുഹ്‌യിദ്ദീന്‍ മാലക്കുമുമ്പേ തമിഴില്‍ എഴുതപ്പെട്ട ഇസ്‌ലാമിക കൃതികളാണ്. പതിനാറാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ രചിക്കപ്പെട്ട അലി പുലവരുടെ 'മിഅ്‌റാജ്മാല' ഏറക്കുറെ കൃത്യമായ രചനാകാലവും കാണിക്കുന്നുണ്ട്. പീരുമുഹമ്മദ് സാഹിബ് പുലവരുടെ 'തിരുനെറിനീതം' (1613), കനക കവിരായരുടെ 'കനകാഭിഷേകമാല' (1648), വരിശൈ മുഹ്‌യിദ്ദൂന്‍ പുലവരുടെ 'സകൂന്‍ പടൈ പോര്‍' (1686) തുടങ്ങിയവ തുടര്‍ന്ന് ഒരു നൂറ്റാണ്ടു കാലത്തിനിടയില്‍ അര്‍വിയിലുണ്ടായ ഇസ്‌ലാമിക കാവ്യ കൃതികളില്‍ പ്രധാനപ്പെട്ടവയാണ്. അബ്ദുല്‍ ഖാദിര്‍ നൈനാര്‍ ലബ്ബയുടെ 'തിരുമണിമാലൈ', മുഹമ്മദ് ഇബ്‌റാഹീം സാഹിബിന്റെ 'കാസിംമാലൈ', മുഹിയിദ്ദീന്‍മാലയുടെ സമാനപ്രമേയം കൈകാര്യംചെയ്യുന്ന ഹൈദ്രോസ് നൈനാര്‍ പുലവരുടെ 'നവമണിമാലൈ', ഔലിയാക്കളുടെ മദ്ഹുകള്‍ കോര്‍ത്തിണക്കിയ 'കേശാദിപാദമാലൈ', 'മുതുമൊഴിമാലൈ', 'അരുമൈകരുണമാലൈ', 'പുകഴ്പ്പ്മാലൈ', 'ആടിക്കളമാലൈ', 'ശരീഅത്തുമാലൈ' തുടങ്ങി, എണ്ണത്തിലും വിഷയവൈവിധ്യത്തിലും മലയാളത്തിലുണ്ടായ പാട്ടുകളെ കവച്ചുവെക്കുന്ന ധാരാളം മാലപ്പാട്ടുകളും പടപ്പാട്ടുകളും തമിഴിലാണ് രചിക്കപ്പെട്ടത്. ആയിരം ഹദീസുകളെ 1191 ഈരടികളിലായി കോര്‍ത്തിണക്കിയ, ശാം ശിഹാബുദ്ദീന്‍ വലിയുല്ലയുടെ 'പെരിയഹദീസു മാണിക്യമാല', ഇസ്‌ലാമിക ജീവിതക്രമം പ്രതിപാദിക്കുന്ന 'അദബ്മാല' എന്നീ വിഷയവൈവിധ്യങ്ങള്‍ മലയാള മാലകളില്‍ ഇനിയും കണ്ടെടുക്കപ്പെട്ടിട്ടില്ലല്ലോ. ചരിത്രകഥകള്‍ വിവരിക്കുന്ന പുരാണം, മദ്ഹ് ഗാനങ്ങളായ നായകം, യുദ്ധവര്‍ണനകളായ കലമ്പകം, ലോകോക്തികള്‍ നിറഞ്ഞ തിരുപ്പകള്‍, പടപ്പാട്ടുകളായ പടൈപ്പോര്‍, മതാനുഷ്ഠാനങ്ങള്‍ വിവരിക്കുന്ന മസാല തുടങ്ങി അമ്പതോളം തരം ഗാനവൈവിധ്യങ്ങള്‍ തമിഴ് ഇസ്‌ലാമിക കാവ്യ പാരമ്പര്യത്തിലുണ്ട്.  

മലയാള മാലപ്പാട്ടുകളില്‍  സവിശേഷമായും മാപ്പിളപ്പാട്ടുകളില്‍ പൊതുവെയും കാണപ്പെടുന്ന കവിഞ്ഞ തമിഴ് ഭാഷാസ്വാധീനം മാത്രം വിശകലനം ചെയ്ത് മലയാള മാലപ്പാട്ടുകളുടെ മാതൃകകള്‍ ഈ തമിഴ് മാലപ്പാട്ടുകളാണെന്ന് സമര്‍ഥിക്കാന്‍ കഴിയും. ഈ സ്വാധീനം അതിന്റെ സ്വരൂപഘടനയില്‍ മാത്രമല്ല  ഭാഷയിലും വിഷയസ്വീകരണത്തിലും ഉണ്ട്. മാപ്പിള കലകളിലുപയോഗിക്കുന്ന പാട്ടുകളിലും തമിഴിന്റെ നേരിട്ടുള്ള സ്വാധീനം കാണാം. പാട്ടുകെട്ടുന്നതിലെ മുറകളുമായി ബന്ധപ്പെട്ട കോര്‍വ, മാല, കമ്പി, ഇശല്‍ തുടങ്ങി, മാപ്പിളപ്പാട്ടു വൃത്തങ്ങളുടെ പേരുകള്‍ പോലും പലതും തമിഴാണ്.  മുഹിയിദ്ദീന്‍ മാലയിലെ അമ്പതു ശതമാനത്തോളം പദങ്ങള്‍ തനിത്തമിഴാണ്. കുഞ്ഞായിന്‍ മുസ്‌ലിയാരുടെ 'നൂല്‍മദ്ഹും കപ്പപ്പാട്ടും' അവയിലെ ഇശലുകള്‍ മുതല്‍ ഭാഷാരീതിവരെ പലയിടത്തും സാമാന്യവായനയില്‍ പോലും പിടികിട്ടാത്ത കൊടുന്തമിഴില്‍ മുങ്ങിയതാണ്. കുളങ്ങരവീട്ടില്‍ മൊയ്തു മുസ്‌ലിയാരുടെ 'സഫലമാല'യില്‍ തമിഴ് പുലവര്‍ കൃതികളുടെ സ്വാധീനം നേരിട്ടു കാണാം. മാപ്പിള കലയായ വട്ടപ്പാട്ടില്‍ ഉപയോഗിക്കുന്ന ഏതാണ്ടെല്ലാ ഗാനങ്ങളും ചെന്തമിഴാണ്. അന്യഭാഷാപദങ്ങള്‍ക്ക് ആരിയച്ചിതൈവ് വരുത്തി പ്രയോഗിക്കുന്ന തമിഴ് ഭാഷാരീതി മുഹ്‌യിദ്ദീന്‍മാല മുതല്‍ മോയിന്‍കുട്ടി വൈദ്യര്‍ വരെയുള്ള പാരമ്പര്യ മാപ്പിള  സാഹിത്യ രചയിതാക്കളൊക്കെ ശീലിക്കുന്നുണ്ട്.  

സലീഖത്ത് പടപ്പാട്ടിന്റെ തുടക്കത്തില്‍ മോയിന്‍കുട്ടി വൈദ്യര്‍ ഈ കെട്ടുമുറ വിശദമാക്കുന്നത് -

''വകകള്‍ മുത്‌നൂല്‍ ചിറ്റെളുത്തും കമ്പി
വാലും തല ചന്തം കുനിപ്പും തമ്പി
സകല കവി രാജര്‍ ഇതിനൈ പാര്‍പ്പീന്‍
ത്വബീബ് പയല്‍ എന്‍ വാക്കനര്‍ഥം തീര്‍പ്പീന്‍'' (മൂന്നാം പാട്ട്) എന്നാണ്.

 തമിഴ് വൈയാകരണന്മാര്‍ സാഹിത്യത്തിനു മുഴുവന്‍ ചേര്‍ത്ത് പറഞ്ഞിരുന്ന പേരാണ് നൂല്‍ എന്നത്. ശാസ്ത്രത്തെയും ഗ്രന്ഥത്തെയും സൂചിപ്പിക്കാനും തമിഴില്‍ നൂല്‍ എന്നുതന്നെ ഉപയോഗിക്കാറ്. 'നന്നൂല്‍' പവനന്തിയാര്‍ രചിച്ച പ്രാചീന തമിഴ് വ്യാകരണ-കാവ്യശാസ്ത്രഗ്രന്ഥമാണ്. ഇതില്‍ ഉത്തമഗ്രന്ഥങ്ങളുടെ തരംതിരിവ് മൂന്നുവിധമെന്ന് വ്യക്തമാക്കുന്നുണ്ട്. മുത്‌നൂല്‍, വഴിനൂല്‍, ചാര്‍പ്പ് നൂല്‍ എന്നിങ്ങനെയാണവ. 'വിനൈയില്‍ നീങ്കി വിളങ്കിന അറിവിന്‍ മുനൈവര്‍' (കര്‍മബന്ധങ്ങളില്‍ നിന്ന് മുക്തരായി വിളങ്ങുന്ന അറിവിന്റെ അധിപന്മാര്‍ - ആരിഫുകള്‍) എഴുതിവെച്ചവയാണ് മുത്‌നൂല്‍കള്‍. തന്റെ കാവ്യപ്രമാണമായി വൈദ്യര്‍ സ്വീകരിച്ച പാരമ്പര്യങ്ങളുടെ പല പൊരുളിലേക്കും ഈ 'മുത്‌നൂല്‍കള്‍' സൂചന നല്‍കുന്നുണ്ട്.

കേരളത്തിലെ സാമാന്യമുസ്‌ലിം ജനവിഭാഗത്തിന്റെ മുന്‍ഗാമികളുടെ ആന്തരികബോധത്തില്‍ ഇത്രയധികം തമിഴ് കലരാനുള്ള കാരണങ്ങള്‍ ഇനിയും പരിശോധിക്കേണ്ടതുണ്ട്. ത്വരീഖത്തുകളിലൂടെയും സ്വൂഫി ദേശസഞ്ചാരങ്ങളിലൂടെയും പണ്ഡിത കുടുംബങ്ങളുടെ ദേശാടനങ്ങളിലൂടെയും ഈ ധാര കണ്ണിമുറിയാതെ കേരളത്തിന്റെ തെക്കും വടക്കും ഒരേപോലെ സംഭവിച്ചിട്ടുണ്ടെന്നത് അത്ഭുതകരമാണ്. ത്വരീഖത്തുകളുടെ അനുഷ്ഠാനമുറയായി കേരളത്തില്‍ പ്രചരിക്കപ്പെട്ട 'ഖുതുബിയ്യത് ബൈത്ത്' രചിച്ചത് സ്വദഖത്തുല്ലാഹില്‍ കാഹിരി (കായല്‍പട്ടണം) എന്ന തമിഴ് പുലവരാണ്. ഏറക്കുറെ എല്ലാ തമിഴ് പുലവര്‍മാരും ഏതെങ്കിലുമൊരു സ്വൂഫീ ത്വരീഖത്ത് ധാരയില്‍ ചേര്‍ന്നവരോ ചിലരെങ്കിലും അത്തരം ധാരകളുടെ ഖലീഫമാരോ ആയിരുന്നു. ഗുണങ്കുടി മസ്താന്‍, ഗന്ത പുലവര്‍, ആലിം ലബ്ബ, ഹസ്സനലി പുലവര്‍ തുടങ്ങിയവരെഴുതിയ ഗാനങ്ങള്‍ കേരളത്തിലെ ത്വരീഖത്തുകാര്‍ക്കിടയില്‍ അന്നും ഇന്നും ഏറെ പ്രചാരം നേടിയവയാണ്. ഇച്ചമസ്താനെപ്പോലുള്ളവര്‍ രചിച്ച മലയാളത്തിലെ സ്വൂഫി രഹസ്യാര്‍ഥ ഗാനങ്ങള്‍പോലും ഏറെയും എഴുതപ്പെട്ടത് തമിഴ് ലിപിയിലായിരുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മദ്ഹുകള്‍ മാത്രമല്ല ഇസ്‌ലാമിക ചരിത്രത്തോട് ചായ്‌വ് പ്രകടിപ്പിക്കുന്ന ഭാവനാനിര്‍മിത കഥാഗാനങ്ങളും സ്വൂഫീ ആശയങ്ങള്‍ നിഗൂഢനംചെയ്ത വിചിത്രഗാനങ്ങളും ദക്ഷിണേന്ത്യയിലെ മാപ്പിള- തമിഴ് സാഹിത്യത്തിന്റെ സംഭാവനകളാണ്. മലയാളത്തിലെ മാലപ്പാട്ടുകളും സബീനപ്പാട്ടുകളും ഒന്നാമത്തെ മദ്ഹ്കാവ്യ വിഭാഗത്തിലും,  'പക്ഷിപ്പാട്ട്' തുടങ്ങിയ കാവ്യങ്ങള്‍ രണ്ടാമത്തെ വിഭാഗമായ കല്‍പിതകഥാഗാനങ്ങളിലും പെട്ടതാണെങ്കില്‍ ഇച്ചമസ്താന്റെ വിരുത്തങ്ങള്‍ മൂന്നാമത്തെ ഗൂഢാര്‍ഥഗാനങ്ങളിലാണ് പെടുന്നത്. ഈ മൂന്ന് ഗാനശൈലികള്‍ക്കും വഴികാട്ടിയായത് തമിഴ് പുലവര്‍മാരാണ്. 

ആധുനിക മലയാള മാപ്പിള സാഹിത്യത്തില്‍ മോയിന്‍കുട്ടി വൈദ്യര്‍ തുടങ്ങിവെച്ച പടപ്പാട്ടുകള്‍ക്കും മുന്‍ഗാമികള്‍ തമിഴ് കാവ്യങ്ങളാണ്. മോയിന്‍കുട്ടി വൈദ്യരുടെ 'സഖൂം പടപ്പാട്ടി'നു നൂറ്റാണ്ടുകള്‍ക്കു മുമ്പേ (ക്രി. 1686) വരിസൈ മുഹമ്മദ് പുലവര്‍ രചിച്ച 'സഖൂം പടൈപ്പോര്‍' ദക്ഷിണേന്ത്യയിലെങ്ങും പ്രസിദ്ധമായിരുന്നു. ചേറ്റുവായി പരീക്കുട്ടിഹാജിയുടെ ഫത്ഹുശ്ശാമിനു മുമ്പേ അബ്ദുല്‍ ഖാദര്‍ നൈനാര്‍ ലബ്ബ എന്ന ശൈഖുനാ പുലവരുടെ 'ഫത്ഹുശ്ശാം പടൈ' തമിഴില്‍ പ്രസിദ്ധമായിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ മിഅ്‌റാജ് കാവ്യത്തിനു മുമ്പേ ആലി പുലവരുടെ മിഅ്‌റാജ് മാല തമിഴില്‍ രചിക്കപ്പെട്ടിരുന്നു. മാപ്പിളപ്പാട്ടുകളുടെ പാരമ്പര്യം, കെട്ടുമുറ, ഭാഷ, വിഷയസ്വീകരണം എന്നിവയിലുള്ള ഏതൊരു പഠനഗവേഷണങ്ങളും തമിഴിലുള്ള ഇസ്‌ലാമിക കാവ്യപാരമ്പര്യത്തെ ചേര്‍ത്തുനിര്‍ത്താതെ നിഗമനങ്ങളിലെത്തിച്ചേരുന്നത് വരുംകാല ഗവേഷകരെ വഴിതെറ്റിക്കുമെന്ന യാഥാര്‍ഥ്യമാണ് ഇതില്‍ വെളിപ്പെടുന്നത്.

മാപ്പിളപ്പാട്ടുകളിലെ സവിശേഷവിഭാഗമായ സ്വൂഫീഗൂഢാര്‍ഥഗാനങ്ങള്‍ പൊതു മാപ്പിളപ്പാട്ടുകളെപ്പോലെ ജനപ്രിയമല്ല. അതിനു കാരണം അത് എഴുതപ്പെട്ടതും അവതരിപ്പിക്കപ്പെടുന്നതും പരിമിതമായ ആസ്വാദകരെ മാത്രം ലക്ഷ്യംവെച്ചാണെന്നതാണ്. ആ പാട്ടുകള്‍ സമാഹരിച്ച് പുറത്തിറക്കിയ ഒ ആബു സാഹിബുപോലും അവയുടെ സാരാംശത്തിലേക്ക് കടന്നുചെല്ലാനുള്ള പരിമിതികളാണ് ചൂണ്ടിക്കാണിക്കുന്നത്. തമിഴിലെ സ്വൂഫീ ഗാന രചനാശൈലിയിലാണ് ഈ ഗാനങ്ങള്‍ മലയാളത്തിലെ കവികളും ചിട്ടപ്പെടുത്തിയത്. ഈ ഗാനങ്ങളെഴുതിയവരുടെ മതജീവിതവും കാവ്യജീവിതവും തമ്മില്‍ വേര്‍തിരിച്ചറിയാത്തവിധം കെട്ടുപിണഞ്ഞതായിരുന്നു. തമിഴിലെ ഗുണംകുടി മസ്താനാണ് ഇതില്‍ അഗ്രഗാമി. ആധുനിക നവോത്ഥാന ഇസ്‌ലാമികാശയങ്ങളോട് ചില മദ്ഹ് ഗാനങ്ങളെപ്പോലെ ഈ കാവ്യങ്ങളും പലപ്പോഴും ഇടഞ്ഞുനിന്നു. അല്ലാഹുവെ പ്രാപിക്കാനുള്ള ആഗ്രഹത്തെ പ്രണയിനിയെ പ്രാപിക്കാനുള്ള ആഗ്രഹത്തോട് കാവ്യാത്മകമായി ബന്ധിപ്പിക്കുന്ന ഈ ഗാനരീതി ഭാരതീയമായ മത- കാവ്യ സങ്കല്‍പങ്ങളോടാണ് ഇണങ്ങിനില്‍ക്കുന്നതെന്നും കാണാം. പാരസിക സ്വൂഫി കവിതകളിലും ഉര്‍ദു സ്വൂഫി കവിതകളിലും ഈ ദിവ്യപ്രണയത്തിന്റെ കാമുക - കാമുകി ഭാവം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.

''എന്നൈ വിട്ടാല്‍ മാപ്പിളമാര്‍ എത്തനയോ ഉണ്ട് ഉന-
ക്കുന്നൈ വിട്ടാല്‍ പെണ്ണ് എനൈക്കുണ്ടോ മനോമണിയേ...'' എന്ന് ഗുണംകുടിമസ്താന്‍ അല്ലാഹുവോട് ചോദിക്കുന്നു.  
''ആണിപ്പെണ്ണായിരം കോടി പലതൂക്കം ആണത്തമുള്ളവരേ
ആദിയുമന്തം അകമിയം കാട്ടുവാന്‍ ആദത്തെ പെറ്റവരേ ...'' എന്നാണ് ഇച്ചമസ്താന്‍ അല്ലാഹുവെ സ്തുതിക്കുന്നത്.

ഭാവങ്ങളോടൊപ്പം അഭാവങ്ങളും പരിശോധിക്കണമല്ലോ. തമിഴ് കാവ്യങ്ങളുടെയും, ഗാനങ്ങളുടെ രചനയിലുള്ള പ്രാദേശികത്തനിമകളുടെയും ഹൈന്ദവഭാവനകളുടെയും ഈ സ്വാധീനം പൊതു മാപ്പിളപ്പാട്ടുകളിലെത്തുമ്പോള്‍ വളരെ കുറവായിക്കാണുന്നു. സാംസ്‌കാരികമായി മാപ്പിള മുസ്‌ലിംകള്‍ തമിഴ് മുസ്‌ലിംകളെക്കാള്‍ വ്യക്തിത്വവും സ്വത്വവും പ്രകടിപ്പിക്കാന്‍ ഉത്സുകരായിരുന്നു എന്നതുകൊണ്ടായിരിക്കുമോ ഇത്? മുഖ്യ തമിഴ് കാവ്യങ്ങളുടെ കൂട്ടത്തില്‍ പെടുത്തിത്തന്നെ പഠിക്കപ്പെടുന്ന 'സീറാപുരാണ'മാണ് ഈ ഹൈന്ദവ സ്വാധീനത്തിന് ഏറ്റവും നല്ല ഉദാഹരണം. റസൂലിന്റെ ചരിത്രം വിവരിക്കുന്ന ഈ കാവ്യം അറേബ്യയെ  വര്‍ണിക്കുന്നത് ഒരു മരുപ്രദേശമായല്ല, മറിച്ച് ഐന്തിണകളുമിണങ്ങിയ ഒരു ദ്രാവിഡഭൂമിയായിട്ടാണ്. ഇടയ്ക്കിടയ്ക്കുള്ള അറബി പദങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ കൃതിയെ ഇക്കാലത്തുള്ള ഒരു ഹൈന്ദവ പുരാണമായി തെറ്റിദ്ധരിച്ചേക്കും എന്ന് 'തമിഴ് സാഹിത്യ ചരിത്ര'ത്തില്‍ ഡോ. ടി.പി മീനാക്ഷി സുന്ദരന്‍ പോലും ചൂണ്ടിക്കാണിക്കുന്നു. ഇതിനു സമാനമായ ഹൈന്ദവ സ്വാധീനം വലുതായി കാണുന്നത് മലയാള സ്വൂഫീ ഗൂഢാര്‍ഥ ഗാനങ്ങളില്‍ മാത്രമാണ്.

''ഹൂ എണ്ട താമരയില്‍ ഹാ ഹീ ധ്വനിത്ത തിരി

ലെങ്കിത്തോ നിന്റെ ശിവനാ'' എന്ന് ഇച്ചമസ്താന്‍ പാടുന്നു. സ്വൂഫിസത്തിന്റെ ആത്മഭാവമായ വഹ്ദത്തുല്‍ വുജൂദിനെ ഭാരതീതാദൈ്വതമായി പലരും ശരിയായോ തെറ്റായോ ധരിച്ചതിന് അടിസ്ഥാനമായോ കാരണമായോ ഈ സ്വൂഫീ ഗൂഢാര്‍ഥഗാനങ്ങളെ ആരെങ്കിലും കണ്ടാല്‍ പഴിപറയാനാവില്ല. ശൈവ - വൈഷ്ണവ - ബുദ്ധ - ജൈന മതജ്ഞാന തത്ത്വങ്ങളുടെ സംഗമഭൂമിയായ ആദിത്തമിഴകമാണ് മലയാളത്തിലെ ഹൈന്ദവമാമറകള്‍ക്കും വഴികാണിച്ചത് എന്ന നിഗമനങ്ങളും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

ഉഥ്മാന്‍ നൈനാര്‍ പുലവര്‍, ഉമര്‍ വലിയ്യുല്ലാഹി, അല്ലി മരൈക്കായര്‍, ഉഥ്മാന്‍ ലബ്ബൈ മശാഇഖ്, ശൈഖ് നൈനാര്‍ ഖാന്‍, ഐദ്രോസ് നൈനാര്‍ പുലവര്‍, ശൈഖ് തമ്പി പാവലര്‍, പീര്‍ മുഹമ്മദ് അപ്പാ, നൂഹ് ലബ്ബൈ തുടങ്ങി പതിനാറുമുതല്‍ പത്തൊമ്പത് വരെ നൂറ്റാണ്ടുകളില്‍ തമിഴ്‌നാടിന്റെ വിവിധ കുടിയിരുപ്പുകളില്‍ ഇസ്‌ലാമിന്റെ അഗാധസൗന്ദര്യങ്ങള്‍ പാടി നടന്ന കവികള്‍ നൂറുകണക്കാണ്. ഈ സാഹിത്യ - സംഗീത സമ്പത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാം മാപ്പിളമാര്‍ കൊട്ടിഘോഷിക്കുന്ന സാഹിത്യ - ഗാന പാരമ്പര്യം എത്ര തുച്ഛമാണെന്ന് ബോധ്യപ്പെടും. ഇങ്ങനെത്തുടങ്ങി, മാപ്പിളപ്പാട്ടുകളിലെ തമിഴ് അളവുകളെ സ്വരൂപിച്ചെടുത്താല്‍ മാപ്പിള സാഹിത്യത്തിന്റെ പാരമ്പര്യത്തിലേക്കും പരിചരണങ്ങളിലേക്കുമുള്ള പുതിയ വാതിലുകള്‍ തുറന്നു കിട്ടും. പതിനഞ്ച് - പതിനാറ് നൂറ്റാണ്ടുകളില്‍ മലബാറിലും തെക്കന്‍ കേരളത്തിലുമുണ്ടായ സകലമാന ഇസ്‌ലാമിക ബൗദ്ധിക - ഭൗതിക മുന്നേറ്റങ്ങളും തമിഴകത്തുനിന്ന് കുടിയേറിവന്ന പണ്ഡിത കുടുംബങ്ങളുടെ നേതൃത്വത്തിലാണുണ്ടായത് എന്നും ഇതിനോട് ചേര്‍ത്ത് വായിക്കണം. മുഹിയിദ്ദീന്‍ മാലയടക്കമുള്ള അറബിമലയാള കൃതികളെ മലബാറിന്റെ സവിശേഷമായ ദേശ- രാഷ്ട്രീയ ഭാവങ്ങള്‍ക്കകത്തുവെച്ച് മാത്രം വിശകലനം ചെയ്യാനുള്ള ശ്രമങ്ങളാണ് ഈ ഗവേഷണരംഗത്ത് പലപ്പോഴും നടന്നിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ മുസ്‌ലിംകള്‍ പതിനഞ്ചാം നൂറ്റാണ്ടിലേ ആരംഭിച്ച വര്‍ധിച്ച തോതിലുള്ള ദേശാന്തരഗമനങ്ങളുടെ ചരിത്രം കൂടി മുന്‍നിറുത്തിയാണ് മലയാളത്തിലെ മുസ്‌ലിം പാരമ്പര്യ ഭാഷാ - സാഹിത്യങ്ങളെ മനസ്സിലാക്കേണ്ടത് എന്നു മാത്രം സാന്ദര്‍ഭികമായി കുറിക്കുന്നു.

നോട്ടം - രണ്ട്

തമിഴ് ഗാനപാരമ്പര്യവും നാഗൂര്‍ ഹനീഫയും

മലയാള കവിതപോലെത്തന്നെ മലയാളത്തിലെ ഇസ്‌ലാമിക ഗാനശാഖയുടെയും മാതാവ് തമിഴ് ഗാനപാരമ്പര്യമാണ്. മാപ്പിളപ്പാട്ടുകളുടെ ഇശല്‍ വഴക്കം മുതല്‍ ആധുനിക ഇസ്‌ലാമിക ഗാനങ്ങളുടെ ചൊല്‍വഴക്കം വരെ തമിഴ് വിത്തില്‍ നിന്ന് ഉരുവംകൊണ്ടതാണ്. ഇസ്‌ലാമിക ഗാനങ്ങള്‍ ആ രീതി സ്വീകരിച്ചത് നേരിട്ടല്ല, മറിച്ച് സിനിമാഗാനങ്ങള്‍ വഴിയാണ് എന്നുമാത്രം. ആധുനിക തമിഴ് ഇസ്‌ലാമിക ഗാനങ്ങളും പിന്തുടര്‍ന്നത് സിനിമാഗാനങ്ങളുടെ അവതരണവഴക്കം തന്നെയാണ്. നാഗൂര്‍ ഇ എം ഹനീഫയാണ് ആ സമ്പ്രദായത്തിന് തുടക്കം നല്‍കുകയും അതിനെ പോറ്റിവളര്‍ത്തുകയും ചെയ്തത്. ഒരു ജീവിതംമുഴുവന്‍ ഇസ്‌ലാമിക ഗാനാവതരണത്തിന് ഉഴിഞ്ഞുവെച്ച ആ പ്രതിഭ കഴിഞ്ഞ ഏപ്രില്‍ 9 -ന് തന്റെ താരശ്രുതിയിലുള്ള ആലാപനഭംഗി ആസ്വാദകമനസ്സുകളില്‍ ബാക്കിയാക്കി പടച്ചവനിലേക്ക് പോയി. നാഗൂര്‍ ഹനീഫയെ മുന്‍നിറുത്തി തമിഴ് ഇസ്‌ലാമിക ഗാനശാഖയുടെ ആധുനിക പരിണാമങ്ങളെ കണ്ടെടുക്കാനുള്ള ശ്രമമാണിനി.

പ്രാചീന പുലവര്‍ കാവ്യങ്ങളില്‍ നിന്ന് തമിഴ് ഇസ്‌ലാമിക ഗാനശാഖ അതിന്റെ ജനപ്രിയതയുടെ മാറിയ സ്വരം വീണ്ടെടുക്കുന്നത് നാഗൂര്‍ ഹനീഫയുടെ പാട്ടുകളിലൂടെയാണ്. ചലച്ചിത്രഗാനങ്ങള്‍ പാട്ടിന്റെ വഴക്കങ്ങളെ ഇളക്കി പ്രതിഷ്ഠിച്ച കാലത്തേ മാപ്പിളപ്പാട്ട് മോയിന്‍കുട്ടി വൈദ്യരിലൂടെ ഇത് നേടിയെടുത്തിരുന്നു എന്നു മാത്രമല്ല, അക്കാര്യത്തില്‍ തമിഴ് മുസ്‌ലിംഗാന സംസ്‌കാരത്തിന് മുന്നേ നടക്കാനും തുടങ്ങിയിരുന്നു. പിന്നീടാണ് സിനിമ വരുന്നത്. ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായിരുന്നു പാട്ടുകള്‍. ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും ജനപ്രിയമായ പ്രകടനമായിരുന്ന സിനിമ പാട്ടിന്റെ ജനപ്രിയവഴികള്‍ തെരഞ്ഞെടുത്തത് നാടന്‍പാട്ടുകളുടെ താളത്തെയും ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടകളെയും രസകരമായി കലര്‍ത്തിക്കൊണ്ടാണ്. തമിഴ് സംസ്‌കാരത്തിന്റെ സിരകളില്‍ ചെന്തമിഴ് കാവ്യസംസ്‌കാരത്തിനു സമാന്തരമായിത്തന്നെ ചൊല്‍വടിവ് തമിഴിന്റെയും ഇണക്കം പ്രകടമാണ്. 'വട്ടാരം തമിഴ്' എന്ന പേരിലാണ് ഇത്തരം വാമൊഴി തമിഴ് ആഖ്യാനങ്ങള്‍ അറിയപ്പെട്ടത്. സിനിമാഗാനങ്ങളിലൂടെ ഒരു ജനതയുടെ ആദര്‍ശവും രാഷ്ട്രീയവും മതവും മനസ്സും നിശ്ചയിക്കപ്പെട്ട കൗതുകചരിത്രമാണ് തമിഴ് സിനിമാഗാനങ്ങളുടേത്. സിനിമാഗാനങ്ങള്‍ ജനപ്രിയമായി വളര്‍ന്നപ്പോഴും തമിഴ് ഇസ്‌ലാമിക ഗാനശാഖ പഴയ ബൈത്തുഗാനാവതരണങ്ങളിലും മദ്ഹ് ഗാനശൈലിയിലും തങ്ങിനിന്നു.

ആ ബൈത്തുസംഘങ്ങള്‍ പാടിയിരുന്ന കല്യാണസദസ്സുകളില്‍ ഉറക്കെപ്പാടിയാണ് നാഗൂര്‍ ഹനീഫ പാട്ടിന്റെ വഴികളിലേക്കെത്തുന്നത്. ബൈത്തുഗാനങ്ങളെ സിനിമാചിട്ടയില്‍ മാറ്റിപ്പാടിയാണ് ആ ശബ്ദം നാടൊട്ടുക്കും വ്യത്യസ്തവും പ്രസിദ്ധവുമായത്. 1974 ല്‍ നാഗൂര്‍ഹനീഫയുടെ ഭക്തിഗാനങ്ങള്‍ക്ക് സിനിമാപാട്ടിന് തുല്യമായ സംഗീതംനല്‍കിയാണ് ജ്ഞാനദേശികന്‍ എന്ന ഇളയരാജ സിനിമാപിന്നണിസംഗീതജീവിതത്തിന്റെ ആരംഭംകുറിക്കുന്നത് എന്ന സംഭവം ഈ നിഗമനങ്ങളോട് ചേര്‍ത്താണ് വായിക്കേണ്ടത്. പിന്നീട് ഹനീഫ നിര്‍മിച്ച ഇസ്‌ലാമികാശയമുള്ള എല്ലാ ഗാനങ്ങളും സിനിമാപ്പാട്ടിന്റെ ഈണവും താളവും പശ്ചാത്തലസംഗീതവും അതേപടി അനുകരിച്ചുകൊണ്ടായിരുന്നു.

'ഖാന്‍സാഹിബ് ശണ്‌ഠൈ' എന്ന പേരിലറിയപ്പെട്ട നാടന്‍പാട്ടുകളാണ് തമിഴ് നാടന്‍പാട്ടുകളിലെത്തന്നെ പ്രധാനപ്പെട്ട ഒരു വിഭാഗം. നവാബിന്റെ അതൃപ്തി സമ്പാദിച്ച് അന്യായമായി തൂക്കിലേറ്റപ്പെട്ട ആ മുസ്‌ലിം വീരനായകനെക്കുറിച്ചുള്ള പാട്ടുകള്‍ 'വീരപാണ്ട്യ കട്ടബൊമ്മന്‍' പാട്ടുകളെപ്പോലെ തമിഴ് ജനത പാടിനടന്നിരുന്നു. നാഗൂര്‍ഹനീഫയുടെ മുഹമ്മദ് നബിയെയും സ്വഹാബിമാരെയും ശൈഖുമാരെയും കുറിച്ചുള്ള പാട്ടുകളുടെ രചനയിലും ആലാപനത്തിലും ഈ വീരഗാനാവിഷ്‌കാരങ്ങളുടെ സ്വാധീനം കാണാം. ദ്രാവിഡ സൗന്ദര്യബോധത്തിന്റെ ഉള്‍ക്കനമായ ഉച്ചസ്ഥായി, കടുത്ത ആലാപനം, ദ്രുതതാളം എന്നിവ അതിവിദഗ്ധമായി ഹനീഫ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിവേഗം തമിഴ് ജനതയുടെ ശബ്ദത്തിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1924-ല്‍ നാഗൂര്‍ സ്വദേശി ഇസ്മായിലിന്റെയും മറിയംബീവിയുടെയും മകനായാണ് ഇസ്മാഈല്‍ മുഹമ്മദ് ഹനീഫ ജനിക്കുന്നത്. 'ഇശൈ മുരശ്' എന്നാണ് ആ ഗായകന്‍ അറിയപ്പെട്ടത്. സംഗീതത്തിന്റെ പെരുമ്പറനാദം തന്നെയായിരുന്നു ആ ശബ്ദം. തമിഴ് ഹൈന്ദവ ഭക്തിഗാനങ്ങളായ തേവാരം കീര്‍ത്തനങ്ങളുടെ ചൊല്‍പ്പടിയില്‍ നിന്നു മാറി മുസ്‌ലിം ഗാനശാഖക്ക് തനതായ വഴിയൊരുക്കുവാന്‍ ആ ശബ്ദത്തിനു കഴിഞ്ഞു. ദക്ഷിണേന്ത്യന്‍ ശാസ്ത്രീയസംഗീതധാരയായ കര്‍ണാടക സംഗീതത്തിന്റെ പ്രധാന പരിചരണഭൂമികയായിരുന്ന തമിഴ്‌നാട്ടില്‍ ആ രംഗത്ത് പേരെടുത്ത ധാരാളം മുസ്‌ലിം സംഗീതജ്ഞരുമുണ്ടായിരുന്നു. കര്‍ണാടകസംഗീതത്തിന്റെ ത്രിമൂര്‍ത്തികളെന്നറിയപ്പെടുന്ന മുത്തുസ്വാമിദീക്ഷിതരുടെയും ശ്യാമശാസ്ത്രികളുടെയും ത്യാഗരാജസ്വാമികളുടെയും ജന്മഭൂമിയാണ് നാഗൂര്‍ ഹനീഫയുടെ സംഗീതജീവിതം തെഴുത്ത തിരുവാവൂര്‍ പട്ടണം.  തഞ്ചാവൂരും മധുരയും കേന്ദ്രമാക്കിയ ആലാപനധാരകളിലും ഉപകരണ സംഗീതത്തിലും വൈദഗ്ധ്യവും പ്രസിദ്ധിയും നേടിയ ചിന്നമൗലാനയെപ്പോലുള്ള മുസ്‌ലിംകളും തമിഴകത്ത് ഉണ്ടായിരുന്നു. പക്ഷേ, ആശയതലത്തിലും രൂപഘടനയിലും ഹൈന്ദവമായിരുന്ന കര്‍ണാടകസംഗീതത്തോടല്ല, നാടന്‍ സംഗീതത്തിന്റെയും സിനിമാഗാനങ്ങളുടെയും സ്വാതന്ത്ര്യവും ജനപ്രിയതയുമുള്ള പാട്ടുവേദികളോടായിരുന്നു നാഗൂര്‍ ഹനീഫ പ്രിയം കാണിച്ചത്. 

കക്ഷിരാഷ്ട്രീയത്തിന്റെ പ്രഭ ചിതറുന്ന പൊതുയോഗവേദികളിലാണ് അദ്ദേഹം പാടിത്തുടങ്ങിയത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ നെടുംതൂണുകളായ പട്ടുക്കോട്ടൈ അഴഗിരി, പെരിയാര്‍, അണ്ണാദുരൈ, കരുണാനിധി എന്നിവരോടുള്ള നിത്യസൗഹൃദവും ഡി.എം.കെ യോടുള്ള ചായ്‌വും ദ്രാവിഡരാഷ്ട്രീയത്തിന്റെ മതനിരാസത്തെ പുറത്തുനിറുത്തി മാത്രമേ അദ്ദേഹം പുലര്‍ത്തിയുള്ളൂ. ഖാഇദേ മില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെയും അടുത്ത സുഹൃത്തായിരുന്നു ഹനീഫ. എം.ജി.ആറിനെയും കരുണാനിധിയെയും ജയലളിതയെയും പോലെ സിനിമയെയും പാട്ടിനെയും പക്ഷേ, രാഷ്ട്രീയവിജയത്തിനുപയോഗിക്കാന്‍ നാഗൂര്‍ ഹനീഫക്കായില്ല. ലക്ഷക്കണക്കിന് ഇഷ്ടക്കാരുണ്ടായിട്ടും എന്തുകൊണ്ട് രാഷ്ട്രീയഗോദയില്‍ അദ്ദേഹം തോറ്റുപോയി എന്നതും നാഗൂര്‍ഹനീഫയുടെ വിമര്‍ശകരെയും അനുകൂലികളെയും ഒരുപോലെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്

കല്യാണപ്പന്തലുകളിലും പെരുന്നാളാഘോഷങ്ങളിലും പാടിപ്പതിഞ്ഞ ആ ശബ്ദം ദര്‍ഗാനുബന്ധ ആഘോഷവേളകളിലെ പതിവു ഖവാലി സദസ്സുകളിലൂടെ തമിഴരുടെ മനം കവര്‍ന്നു. തമിഴ് പുലവര്‍ പാട്ടുകളോടൊപ്പം ഉര്‍ദു ഖവാലികളും ആലപിക്കപ്പെട്ടിരുന്ന ദര്‍ഗാമുറ്റങ്ങളില്‍ ആദ്യമായി സിനിമാപ്പാട്ടിന്റെ ഈണവും ഖവാലിയുടെ ചടുലതയും ഇസ്‌ലാമിക പ്രമേയങ്ങളുമുള്ള  തമിഴ്പാട്ടുകള്‍ മുഴങ്ങി. ഹിന്ദിക്കു ബദലായ തമിഴ്ഭാഷാവാദം ഉയര്‍ത്തിയ ദ്രാവിഡ രാഷ്ട്രീയത്തില്‍ തമിഴ്‌നാട് മുസ്‌ലിംകള്‍ക്കിടയില്‍ ഇന്നും തുടരുന്ന തമിഴ് - ഉര്‍ദു ഭാഷാ ദേശീയതകളുടെ മറ്റൊരു ഉണര്‍ത്തലായിരുന്നു അത്. ഹിന്ദി വിരുദ്ധ സമരത്തിലൂടെയാണ് നാഗൂര്‍ ഹനീഫയുടെ രാഷ്ട്രീയ പ്രവേശം എന്ന വസ്തുതയും ഇതോടുകൂടി ചേര്‍ത്തുവായിക്കണം. ആധുനികമായ പാട്ടുപ്രചാരണത്തിന്റെ എല്ലാ വഴികളിലൂടെയും ഇസ്‌ലാമിക പ്രമേയങ്ങള്‍ നാഗൂര്‍ഹനീഫയുടെ പാട്ടുകളിലൂടെ ലോകമെങ്ങും ഒഴുകി.   ആചാര - ആഘോഷങ്ങളോടനുബന്ധിച്ച നാട്ടരങ്ങുകള്‍, ഗാനമേളകള്‍, ഗ്രാമഫോണ്‍ റെക്കോഡുകള്‍, കാസറ്റുകള്‍, സി ഡികള്‍ തുടങ്ങി ആധുനികാന്തര സംഗീത പ്രചാരണമാര്‍ഗങ്ങളിലൂടെയും തമിഴിന്റെ ഇസ്‌ലാമികഗാനസൗന്ദര്യം ഇന്ന് ഒഴുകുന്നത് നാഗൂര്‍ഹനീഫയുടെ ശബ്ദത്തിലൂടെയും അദ്ദേഹം രൂപീകരിച്ച ഗാനാലാപന സംസ്‌കാരത്തിലൂടെയും ആണ്.

ഗൗസിയ്യാ ബൈത്തു പുലവര്‍ ആബിദീന്‍ എഴുതിയ ഗാനങ്ങള്‍ പാടിക്കൊണ്ടാണ് ഹനീഫ പാട്ടുവേദികളെ ആദ്യകാലങ്ങളില്‍ പിടിച്ചടക്കുന്നത്. പിന്നീട് അദ്ദേഹം സ്വയം ഗാനങ്ങള്‍ രചിക്കാന്‍ തുടങ്ങി. തമിഴ് ഇസ്‌ലാമിക ഗാനങ്ങളില്‍ വിപ്ലവകരമായ ആസ്വാദന മേഖലകളെയാണ് ഹനീഫ സൃഷ്ടിച്ചത്. പൊതുവേദികളിലും രാഷ്ട്രീയ സദസ്സുകളിലും ആഘോഷവേളകളിലും ഇസ്‌ലാമിക ഗാനങ്ങള്‍ നിറക്കാന്‍ അദ്ദേഹത്തിനായി. മലയാളത്തിലെ മാപ്പിളകാവ്യ രംഗത്ത് മോയിന്‍കുട്ടിവൈദ്യര്‍ നടത്തിയ മാറ്റം ആധുനികതയുടെ മധ്യകാലത്ത് തമിഴകത്ത് രൂപപ്പെടുത്തിയത് നാഗൂര്‍ഹനീഫയാണെന്നു പറയാം. പാട്ടുകളുടെ ദാര്‍ശനികവും ഭാഷാപരവുമായ ആഴത്തിലും ചരിത്ര പശ്ചാത്തലത്തിലും ആ താരതമ്യം ഒട്ടും യോജിക്കുകയില്ലെങ്കിലും. 

അവലംബം

-  ഇസ്‌ലാമിക വിജ്ഞാനകോശം (വാ. 12) 'തമിഴ് ഭാഷയും സാഹിത്യവും' 

- അറബിത്തമിഴ്,  തോപ്പില്‍ മുഹമ്മദ് മീരാന്‍, അറബിമലയാള സാഹിത്യപഠനങ്ങള്‍, ലീഡ് ബുക്‌സ്, കോഴിക്കോട് (2014) 

- വട്ടപ്പാട്ട് (2008). ഇഖ്ബാല്‍ കോപ്പിലാന്‍. സ്‌കാര്‍ഫ്. മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകം.

- ഇച്ച അബ്ദുല്‍ ഖാദര്‍ മസ്താന്‍ രചിച്ച വിരുത്തങ്ങള്‍. (1997) സമ്പാ. ഒ. അബു. ആമിനാ ബുക്സ്റ്റാള്‍ തൃശൂര്‍. 

- കേരളത്തിലെ സ്വൂഫി ഗാന പാരമ്പര്യം. സമീര്‍ ബിന്‍സി (ലേഖനം). കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഗ്രസ്സ് പ്രബന്ധസമാഹാരം (2015). കേരള മുസ്‌ലിം ഹെരിറ്റേജ് ഫൗണ്ടേഷന്‍. ഐ പി എച്ച്. കോഴിക്കോട്.

- തമിഴ് സാഹിത്യ ചരിത്രം (1999). ഡോ. ടി.പി മീനാക്ഷി സുന്ദരന്‍. കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്. തിരുവനന്തപുരം. 

- ഈ ശബ്ദ സാഗരത്തിലെ അലയൊതുങ്ങി, ആരുമറിയാതെ (ലേഖനം). കെ.എ സൈഫുദ്ദീന്‍. മാധ്യമം ആഴ്ചപ്പതിപ്പ്. 2011. ഫെബ്രുവരി 7

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /42-46
എ.വൈ.ആര്‍