Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

സീസിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയോ?

സലീം അസൂസ് /കവര്‍സ്‌റ്റോറി

         ഇഖ്‌വാനും അട്ടിമറി ഭരണകൂടവും തമ്മിലുള്ള അനുരഞ്ജന വാര്‍ത്തകള്‍ വീണ്ടും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തവണ അതിന് ശക്തി കൂടിയിട്ടുണ്ട്. മുന്നേക്കാള്‍ അതിന് ഗൗരവമുണ്ട് എന്നതാണ് ഇപ്പോഴത്തെ പുതുമ. തടവില്‍ കഴിയുന്ന മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഡോ. സഅദ് അല്‍ കത്താനിയുടെ പ്രസ്താവനകളാണ് ഇതു സംബന്ധമായി ഉദ്ധരിക്കപ്പെടുന്നത്. ഒത്തുതീര്‍പ്പിന് തയാറായാല്‍ ജയിലില്‍ നിന്ന് ഇഖ്‌വാന്‍കാരെ വിട്ടയക്കാമെന്നും അട്ടിമറിയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും വാഗ്ദാനം ചെയ്യപ്പെട്ടു എന്നാണ് വാര്‍ത്ത. പക്ഷേ, ഓഫര്‍ ഇഖ്‌വാന്‍ തള്ളിക്കളഞ്ഞുവത്രേ.

അറബ് മേഖലയിലുണ്ടായ മാറ്റങ്ങളാണ് ഇവിടെ പ്രധാനം. സുഊദി അറേബ്യയില്‍ മുന്‍ ഭരണകൂടത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമെന്ന് തോന്നുന്ന പുതിയൊരു ഭരണകൂടത്തിന്റെ രംഗപ്രവേശത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ മാറ്റങ്ങള്‍. സംഗതികള്‍ ഇമ്മട്ടില്‍ വിടുന്നത് ശരിയല്ല എന്നൊരു ബോധവും പൊതുവേ ഉണ്ടായിട്ടുണ്ട്. ഈജിപ്ഷ്യന്‍ പ്രതിസന്ധിയില്‍ കക്ഷികളായ ചില രാഷ്ട്ര നേതാക്കളെ രിയാദ് സന്ദര്‍ശനത്തിന് ക്ഷണിക്കാനുണ്ടായ കാരണം ഈ ബോധമാണ്. അട്ടിമറി നേതാവ് അബ്ദുല്‍ ഫത്താഹ് സീസിയും റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ സുഊദിയില്‍ കൂടിക്കാഴ്ച നടക്കുമെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ചില ശുഭകാംക്ഷികള്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയുണ്ടായെങ്കിലും ഉര്‍ദുഗാന്‍ അത് നിഷേധിക്കുകയാണുണ്ടായത്. ഒടുവില്‍ മൂന്ന് മണിക്കൂര്‍ മാത്രം സുഊദിയില്‍ കഴിഞ്ഞ ശേഷം സീസി സ്ഥലം വിട്ടു. ഒരു ദിവസം മുമ്പ് എത്തിയ ഉര്‍ദുഗാന്‍ അവിടെ തന്നെ തങ്ങുകയും ചെയ്തു. രണ്ടാളും തമ്മില്‍ കണ്ടതുമില്ല.

ആദ്യമായാണ് സീസി അനുരഞ്ജനത്തെ കുറിച്ച് വാതുറക്കുന്നത്. രിയാദ് സന്ദര്‍ശനത്തിന് മുമ്പ് മുന്‍കൂട്ടി ചോദിക്കാന്‍ ഏര്‍പ്പാട് ചെയ്ത അടിസ്ഥാനത്തില്‍ ബോധപൂര്‍വം ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുള്ള ഉത്തരമായാണ് ആ സംസാരം പുറത്ത് വന്നത്. സത്യത്തില്‍  ഈജിപ്തിനകത്തെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നില്ല ആ ചോദ്യവും മറുപടിയും. ലക്ഷ്യം സുഊദിയിലെ പുതിയ ഭരണകൂടമായിരുന്നു. ഈജിപ്ഷ്യന്‍ പ്രതിസന്ധി അവിരാമം തുടരുന്നതില്‍ ഒട്ടും സംതൃപ്തമല്ല സുഊദി അറേബ്യ. ഈയിടെ സീസിയില്‍ നിന്നുതന്നെ ചോര്‍ന്ന സംസാരത്തെക്കുറിച്ച വാര്‍ത്തയില്‍ വെളിവായ പോലെ ഒരിക്കലും ഈജിപ്ഷ്യന്‍ ജനതയിലേക്ക് എത്തിച്ചേരാത്ത സാമ്പത്തിക സഹായം ചെയ്യുന്നതില്‍ സുഊദി അറേബ്യക്ക് ഇനി താല്‍പര്യമില്ല.

സുഊദിയിലെ പുതിയ ഭരണം ആദ്യദിനം തന്നെ പൂര്‍ണ ശ്രദ്ധ പതിപ്പിച്ചത് ഈജിപ്ഷ്യന്‍ പ്രതിസന്ധിയായിരുന്നെങ്കിലും മറുവശത്ത് ഇറാനിയന്‍ സ്വാധീനം ഗള്‍ഫ് ദേശീയ സുരക്ഷക്ക് ഭീഷണിയായി യമന്‍ വരെ എത്തിക്കഴിഞ്ഞ അവസ്ഥയുമുണ്ട്.  ആ ഭീഷണി അറബ് മേഖലയെ മൊത്തം ഗ്രസിച്ചിട്ടില്ലെങ്കിലും ഏറെക്കാലം അതങ്ങനെ തുടര്‍ന്നുകൊള്ളണമെന്നില്ല.

ഒത്തുതീര്‍പ്പിനെക്കുറിച്ച് സീസി സംസാരിച്ചത് 'പന്ത് ഈജിപ്ഷ്യന്‍ ജനതയുടെ കോര്‍ട്ടി'ലേക്ക് എറിഞ്ഞുകൊണ്ടാണ്-ജനത്തിന് സമ്മതമെങ്കില്‍ തനിക്കും വിരോധമില്ലെന്ന്. ജനത്തിന് സമ്മതമല്ലെന്ന് വന്നാല്‍ പിന്നെ തന്നെ കുറ്റപ്പെടുത്തരുതെന്നര്‍ഥം.

മറ്റൊരു വശത്ത് ഈജിപ്തില്‍ അസ്ഥിരത തുടരുന്നതില്‍ അമേരിക്കയും അസ്വസ്ഥരാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിലുള്ള ഭരണകൂടത്തിന്റെ അവശതയും പരാജയവും അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. തുര്‍ക്കിയില്‍ രൂപീകരിക്കപ്പെട്ട നിയമാനുസൃത ഈജിപ്ഷ്യന്‍ പ്രവാസ പാര്‍ലമെന്റ് പ്രതിനിധി സംഘത്തിന്റെയും വിപ്ലവ സമിതിയുടെയും വാഷിംഗ്ടണ്‍ പര്യടനം ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാകുന്നു. അമേരിക്കയിലെ ഈജിപ്ഷ്യന്‍ സമൂഹത്തെ കാണുകയായിരുന്നു പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം. അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെയും കാണാമെന്നതിലപ്പുറം മറ്റൊന്നും അവര്‍ സ്വപ്നം കണ്ടിരുന്നില്ല. പക്ഷേ, ജനുവരി 25 വിപ്ലവത്തില്‍ പ്രകടമായ ജനമുന്നേറ്റം കൂടിക്കാഴ്ചയില്‍ സ്വന്തം പ്രതിനിധിയെ അയക്കാന്‍ വൈറ്റ് ഹൗസിന് പ്രേരകമായി. കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയും അതില്‍ പങ്കെടുത്തു. വിദേശകാര്യ വകുപ്പിലെ ജൂനിയര്‍ ഉദ്യോഗസ്ഥനല്ല ഡെപ്യൂട്ടി മന്ത്രി തന്നെയാണ് പങ്കെടുത്തത്. കൂടിക്കാഴ്ചക്കിടയില്‍ സായുധ ഓപ്പറേഷനുകളിലുള്ള തങ്ങളുടെ അസ്വസ്ഥതയും നിരാശയും, ഇഖ്‌വാന്‍കാരെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചിരിക്കാനുള്ള ആശങ്കയും പ്രതിനിധിസംഘത്തോട് യു.എസ് പ്രതിനിധികള്‍ തുറന്നു പറഞ്ഞു. അത്തരം സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇഖ്‌വാനല്ല എന്നായിരുന്നു മറുപടി. എന്നാല്‍, അട്ടിമറി ഭരണകൂടത്തെ താഴെയിറക്കുന്നതിലും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ പ്രതിരോധിക്കുന്നതിലും സമാധാനപരമായ മാര്‍ഗങ്ങള്‍ വിജയപ്രദമല്ലെന്ന് കരുതുന്ന, ഇഖ്‌വാന്‍കാരല്ലാത്ത മറ്റു യുവ ധാരകള്‍ ഉണ്ടെന്നത് വ്യക്തമാണ്.

തങ്ങള്‍ ഇഖ്‌വാന്റെ താല്‍പര്യങ്ങള്‍ക്കനുകൂലമായി നിന്നിട്ടും ഇഖ്‌വാന്‍കാര്‍ തങ്ങളെ അട്ടിമറിക്ക് പിന്തുണ നല്‍കിയവരായി ആരോപിച്ചതില്‍ യു.എസ് പ്രതിനിധികള്‍ നീരസം പ്രകടിപ്പിച്ചപ്പോള്‍, 'ഞങ്ങള്‍ അധികാരത്തിലേറി സദ്ഭരണത്തിന് തുനിഞ്ഞപ്പോള്‍ ഞങ്ങളുടെ സുരക്ഷിതത്വത്തിലായിരുന്നില്ലല്ലോ നിങ്ങളുടെ താല്‍പര്യം' എന്നായിരുന്നു അവരുടെ പ്രതികരണം. സീസി രംഗം വിടണമെന്നും, നിരപരാധികളെ കൂട്ടക്കൊല നടത്തുകയും നിയമാനുസൃത ഭരണകൂടത്തെ അട്ടിമറിക്കുകയും ചെയ്തവരെ വിചാരണ ചെയ്യണമെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇഖ്‌വാന്‍. അതിനു ശേഷമാകാം സംഭാഷണമെന്നാണ് നിലപാട്. പ്രതിസന്ധി സൈന്യത്തിലും ഇഖ്‌വാനിലും ചുരുക്കിക്കെട്ടുന്നതിലാണ് എല്ലാവര്‍ക്കും താല്‍പര്യം. അപര രാഷ്ട്രീയക്കാരെ, അവര്‍ ലിബറലുകളാകട്ടെ ഇടതുപക്ഷമാകട്ടെ, ഉള്‍ക്കൊള്ളാന്‍ ഇഖ്‌വാന്‍കാര്‍ക്ക് മടിയാണ്. അപരര്‍ ഇസ്‌ലാമികരാവുമ്പോള്‍ അതിനേക്കാള്‍ കടുപ്പമേറിയതാണ് മറു വിഭാഗങ്ങളുടെ നിലപാട്.

'ഇഖ്‌വാന്‍കാരുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുക' എന്നായിരുന്നു സുഊദി സന്ദര്‍ശനത്തില്‍ സീസിക്ക് കിട്ടിയ ഉപദേശം. ''മുന്‍ ഭരണാധികാരിയില്‍ നിന്ന് കിട്ടിയ പിന്തുണയും ധനസഹായവും മറന്നേക്കുക. രേഖാമൂലമുള്ള വല്ല കരാറുമുണ്ടെങ്കില്‍ തങ്ങളത് പാലിക്കാം.'' ഇതായിരുന്നു പുതിയ സുഊദി ഭരണകൂടത്തിന്റെ നിലപാട്. പക്ഷേ, അത്തരം രേഖാമൂലമുള്ള ഒരു ഇടപാടുമുണ്ടായിരുന്നില്ല. എല്ലാം മേശക്കടിയിലൂടെയായിരുന്നു. സീസിയോട് സുഊദി ആവശ്യപ്പെട്ടത് എന്തെങ്കിലും നടന്നോ എന്ന് കൃത്യമായി അറിയില്ല.

ഇഖ്‌വാന്‍ വിരോധത്തിലാണ് സീസിയുടെ നിയമപരമായ നിലനില്‍പ്. അട്ടിമറിയെ ശക്തമായി പിന്തുണച്ച പ്രബല രാഷ്ട്രം തന്നെ ഇഖ്‌വാനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സീസിയോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. സീസി തടവറയിലെ ഇഖ്‌വാന്‍കാരുടെ മേല്‍ അനുരഞ്ജനത്തിനായി സമ്മര്‍ദം ചെലുത്തുകയാണ്. അവര്‍ക്ക് വീട്ടിലേക്ക് മടങ്ങാം. പക്ഷേ, ഭരണം തനിക്കായിരിക്കും. ഇതാണ് സീസി അതിന് നല്‍കാനുദ്ദേശിക്കുന്ന വില. പിന്നീട് ഏതാനും സീറ്റുകള്‍ പാര്‍ലെമന്റില്‍ അവര്‍ക്ക് ലഭ്യമാക്കാം. ഇഖ്‌വാന്‍ ഇതിന് വഴങ്ങുന്ന കാര്യം വിദൂരമാണ്. ഇനി മുര്‍സിയുടെ തിരിച്ചുവരവ് എന്ന ആശയത്തില്‍ തന്നെ വിട്ടുവീഴ്ച ചെയ്ത് ഒരു ഒത്തുതീര്‍പ്പിന് അവര്‍ സന്നദ്ധരായാല്‍ തന്നെ സംശുദ്ധമായ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ സീസിയുടെ കാര്യം അവസാനിച്ചത് തന്നെ. കുറ്റമറ്റ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇസ്‌ലാമിസ്റ്റുകള്‍ ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. അതോടെ താന്‍ മുമ്പ് പ്രസിഡന്റായി നിയമിച്ച അദ്‌ലി മന്‍സൂറിന്റെ ഗതി തന്നെയായിരിക്കും സീസിക്കുമുണ്ടാവുക.

അട്ടിമറി ഭരണകൂടത്തിന്റെ സ്ഥിതി വളരെ പരുങ്ങലിലാണിപ്പോള്‍. 2013 ജൂലൈ 30-ന് നടന്ന അട്ടിമറിക്ക് ശേഷം ഏറ്റവും മോശമായ നാളുകളിലൂടെയാണ് ഇപ്പോള്‍ ഭരണം കടന്നുപോകുന്നത്. സുഊദിയിലെ ഭരണമാറ്റം തന്നെ നിമിത്തം. ഇനി അവിടെ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ വകയില്ല. ആഭ്യന്തര പ്രതിസന്ധിയും രൂക്ഷമാവുകയാണ്. അട്ടിമറിയുടെ ഉപജ്ഞാതാക്കളിലൊരാളും ആഭ്യന്തരമന്ത്രിയുമായ ജനറല്‍ മുഹമ്മദ് ഇബ്‌റാഹീമിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ് സീസി. സ്വന്തം പ്രസിഡന്റായ മുര്‍സിയെ വഞ്ചിച്ച സീസിക്ക് ആരെയും വിശ്വാസമില്ല എന്നാണ് ഈ നടപടി വ്യക്തമാക്കുന്നത്. വിദേശ ബന്ധങ്ങളില്‍ ഏതാണ്ട് ഒറ്റപ്പെട്ട സീസി എവിടെ നിന്നാണ് തനിക്കെതിരെ ഉപജാപം വരിക എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതിനാല്‍ സ്വന്തം കൂട്ടുകാരില്‍ നിന്ന് തന്നെ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അദ്ദേഹം. കൃത്യ നിര്‍വഹണത്തിലെ വീഴ്ച കൊണ്ടൊന്നുമല്ല ആഭ്യന്തരമന്ത്രിയെ അദ്ദേഹം പുറത്താക്കിയിട്ടുള്ളത്. അല്ലെങ്കിലും ഒരിക്കലും വിജയിച്ച മന്ത്രിയായിരുന്നില്ല മുഹമ്മദ് ഇബ്‌റാഹീം. അദ്ദേഹത്തിന്റെ കാലത്ത് നടന്ന സ്‌ഫോടനങ്ങളില്‍ തെളിഞ്ഞു കഴിഞ്ഞതാണ് ആ കഴിവുകേട്. സ്‌ഫോടനത്തിന്റെ കാരണക്കാരായി അദ്ദേഹം പുറത്തുവിട്ട പേരുകാരൊക്കെ അപ്പോള്‍ തടവിലായിരുന്നു. ഫലസ്ത്വീനികളാകട്ടെ എന്നോ മരണമടഞ്ഞവരും; ബാക്കി പേര്‍ ഇസ്രയേല്‍ ജയിലില്‍ കഴിയുന്നവരും. മന്ത്രിയെ മാത്രമല്ല ആഭ്യന്തര മന്ത്രാലയത്തിലെ ഇരുപതോളം ഉന്നതോദ്യോഗസ്ഥരെയും സീസി പുറത്താക്കുകയുണ്ടായി. ആഭ്യന്തര മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം ഉന്നതര്‍ ഒരേ ദിവസം പുറത്താക്കപ്പെട്ട ഒരു സംഭവം മുമ്പുണ്ടായിട്ടില്ല.

പുറത്താക്കല്‍ നടപടി ഇതോടെ അവസാനിച്ചു എന്നും കരുതിക്കൂടാ. ഇത് ആദ്യ റൗണ്ട് മാത്രമാണ്. മുര്‍സിയെ ചതിച്ച സീസി താനും ചതിക്കപ്പെടുമെന്ന പേടിയിലാണ്. സായുധ സേനാ ഉന്നത സമിതിയിലെ പാതി അംഗങ്ങള്‍ അടുത്ത ഘട്ടത്തില്‍ ഒഴിവാക്കപ്പെടാന്‍ പോവുകയാണെന്ന് വാര്‍ത്ത പരന്നിട്ടുണ്ട്. തന്നെയല്ലാതെ മറ്റാരെയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സീസി.

അട്ടിമറിയുടെ കൈയാളുകളായി നിന്ന രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും തന്നോട് ആത്മാര്‍ഥമായ കൂറില്ലെന്ന വസ്തുത സീസിക്കറിയാം. അവര്‍ തന്നോടൊപ്പം നിന്നത് ഇഖ്‌വാന്നും വിപ്ലവത്തിനും നിയമാനുസൃത ഭരണകൂടത്തിനുമെതിരായിട്ടാണ്. പലതരം കൂറുള്ളവരുമായിരുന്നു അവര്‍. പുറത്ത് നിന്നുള്ള അട്ടിമറി സന്ദേശത്തിനനുസരിച്ചായിരുന്നു അവരുടെ പ്രവര്‍ത്തനം. അട്ടിമറിയെ അനുകൂലിച്ച അല്‍വത്വന്‍ പത്രം അട്ടിമറിക്ക് നേതൃത്വം നല്‍കിയ രണ്ടു പേരുടെ ലേഖനം ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. അല്‍ വത്വന്‍ പത്രാധിപര്‍ മജ്ദി ജല്ലാദ് തന്നെയാണ് ഒരു ലേഖന കര്‍ത്താവ്. മറ്റൊരാള്‍ മഹ്മൂദ് കര്‍ദൂസിയും. ഈജിപ്ത് ഇപ്പോള്‍ ഒരു രാജ്യമല്ലാത്ത അവസ്ഥയിലാണെന്നാണ് മജ്ദി എഴുതിയത്; കര്‍ദൂസി ഈജിപ്തിനെ വിശേഷിപ്പിച്ചത് 'സ്‌പെഗാതി മക്രോണി തളിക' എന്നാണ്. മുന്‍ പ്രധാനമന്ത്രി അഹ്മദ് ശഫീഖിനെ  ഈജിപ്തിലേക്ക് മടങ്ങാന്‍ അനുവദിക്കാത്തതിലാണ് കര്‍ദൂസിയുടെ വിമ്മിട്ടം. ഇഖ്‌വാന്‍ ഭരണം നിലം പൊത്തിയിട്ടും, അഴിമതി ആരോപണങ്ങളില്‍ നിന്ന് കുറ്റമുക്തി നേടിയിട്ടും ശഫീഖ് ഇപ്പോഴും രാജ്യത്തിന് പുറത്ത് തന്നെ കഴിയുകയാണ്.

അപ്പോള്‍ ശഫീഖാണ് അട്ടിമറി ആസൂത്രണം ചെയ്തവര്‍ക്ക് ഇപ്പോള്‍ രാജ്യത്തിന് പുറത്ത് നിന്ന് കളിക്കാനുള്ള ചീട്ട്. അയാള്‍ ഈജിപ്തില്‍ ഇറങ്ങുന്നത് മുതല്‍ സീസിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങും. ഡോ. മുര്‍സിയുടെ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ് ശഫീഖ്. പഴയ ഭരണകൂടത്തിന്റെ കണ്ണില്‍ ഇതേവരെ സീസിക്ക് നിറഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ശഫീഖിലാണ് അവരുടെ കണ്ണ്. പഴയ ഭരണ പ്രമാണിമാരുടെ ദൃഷ്ടിയില്‍ അയാള്‍ക്കൊരു ഗരിമയുണ്ട്.  പെണ്ണുങ്ങളുടെ ആകര്‍ഷണ കേന്ദ്രമായ സീസിക്ക് അതില്ല.

ഒരു പ്രക്ഷോഭം അട്ടിമറി ഭരണകൂടത്തെ താഴെയിടുകയും സീസിയെ കൈയൊഴിയാന്‍ അമേരിക്കക്കാര്‍ തീരുമാനിക്കുകയും ചെയ്താല്‍ ബേനസീറിന്റെ റോളിലായിരിക്കും ശഫീഖ്. കയ്‌റോ വിമാനത്താവളത്തിലിറങ്ങുമ്പോള്‍ പതിനായിരങ്ങള്‍ അയാളെ വരവേല്‍ക്കാനെത്തും. അയാള്‍ അവരെ അഭിസംബോധന ചെയ്യും. അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അയാള്‍ സ്വയം നേതാവായി അവതരിക്കും. സീസിയെ മുര്‍സി തൂത്തുവാരുമെന്നുറപ്പാണ്. പക്ഷേ, പഴയ ഭരണകൂടവും പിണയാളുകളും ശഫീഖിന്റെ ചുറ്റും അണിനിരക്കും. അതാണ് സീസിയെ അലോസരപ്പെടുത്തുന്നത്. അതിനാല്‍ പ്രക്ഷോഭകാരികളെ മാത്രമല്ല സീസിക്ക് നേരിടാനുണ്ടാവുക. വ്യത്യസ്ത കൂറുകാരെയൊക്കെ ഉന്മൂലനം ചെയ്ത് സീസിക്ക് സ്വന്തം ആള്‍ക്കാരെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. പക്ഷേ, സ്വന്തമെന്ന് പറയാന്‍ എവിടെയാണ് സീസിക്ക് പിണയാളുകളുള്ളത്? രാഷ്ട്രീയകക്ഷികളെയൊക്കെ അടിച്ചമര്‍ത്തി സ്വന്തം പ്രതിനിധി ജനറല്‍ സാമിഹ് അസഫിന്റെ പട്ടികയിലുള്ളവര്‍ക്ക് രാഷ്ട്രീയത്തിലേക്ക് വഴിയൊരുക്കിയിട്ടും സീസിയുടെ പേടി മാറിയിട്ടില്ല. ബദവിയുടേതില്‍ നിന്ന് ഒട്ടും കുറയാത്ത തോതില്‍ മറ്റൊരു ബിസിനസ് ടൈകൂണായ നജീബ് സാവീറസിന്റെ കളികളും സീസിയെ ആശങ്കപ്പെടുത്തുന്നുണ്ട്. വന്‍കിട ബിസിനസ്സുകാരനായ സ്വലാഹ് ദയ്യാബിനെ അരികിലാക്കാനുള്ള പദ്ധതികളെക്കുറിച്ച വാര്‍ത്തകള്‍ ഈ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്. ഇതര ബിസിനസ്സുകാരെ പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിനെക്കുറിച്ചും ഭാവി പദ്ധതിയെക്കുറിച്ചും ഭരണഭദ്രതയെക്കുറിച്ചുമുള്ള നിരന്തര വായ്ത്താരികള്‍ക്കിടയിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇപ്പോള്‍ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്. ഭരണം അത്ര സുഗമമായല്ല മുന്നോട്ടുപോകുന്നതെന്ന് ചുരുക്കം. 

(കടപ്പാട്: അര്‍റായ, ദോഹ- ഈജിപ്ഷ്യന്‍ കോളമിസ്റ്റാണ് ലേഖകന്‍)

വിവ: വി.എ.കെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍