പാഴായിപ്പോകുന്ന സംവാദ സാധ്യതകള്
ഉത്തരേന്ത്യന് മുസ്ലിംകള്ക്കിടയില് കുറച്ചുനാളായി ഒരു വിവാദം കൊഴുക്കുന്നുണ്ട്. അതിന് തുടക്കം കുറിച്ചവര് ഇപ്പോള് നിശ്ശബ്ദരാണ്. വിഷയം മതവിശ്വാസത്തോട് ബന്ധപ്പെട്ടതായതിനാല് ജനങ്ങളില് അനഭിലഷണീയമായ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുന്നു. മൗലാനാ മുഫ്തി ഇല്യാസ് ബല്റാംപൂരി അയോധ്യയില് നടത്തിയ ഒരു പ്രസ്താവനയാണ് വിവാദത്തിന്റെ തുടക്കം. അദ്ദേഹം പറഞ്ഞു: ''സഹോദര സമുദായം വിശുദ്ധ ഉണ്മയായി കരുതുന്ന ശിവശങ്കരന് മുസ്ലിംകളുടെ പ്രവാചകനാണ്, പ്രവാചകന്മാരില് പ്രഥമനാണ്, നമ്മുടെ ആദിപിതാവാണ്. അദ്ദേഹത്തെ ആദം എന്നു വിളിക്കേണ്ടവര്ക്ക് ആദം എന്നും വിളിക്കാം. മനു എന്നു വിളിക്കേണ്ടവര്ക്ക് മനു എന്നു വിളിക്കാം... ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണ്.'' മുഫ്തി തന്റെ പ്രസ്താവന ലഖ്നൗവില് ചെന്ന് ആവര്ത്തിക്കുകയും ചെയ്തു. മാനവ ചരിത്രവുമായും മതങ്ങളുമായും ബന്ധപ്പെട്ട ഇത്തരം കണ്ടെത്തലുകളവതരിപ്പിക്കുമ്പോള് ആധികാരികമായ തെളിവുകളുദ്ധരിക്കേണ്ടതുണ്ടെന്ന് മുഫ്തിക്ക് തോന്നിയില്ല. ഹിന്ദുത്വത്തോടനുഭാവമുള്ള വേദിയിലായിരുന്നു മേല് പ്രസ്താവന എന്നത് സംശയങ്ങള്ക്കും വിമര്ശനങ്ങള്ക്കും കൂടുതല് അവസരമൊരുക്കുകയും ചെയ്തു. സമുദായത്തിന്റെ നാനാ തലങ്ങളില് നിന്ന് വൈവിധ്യമാര്ന്ന പ്രസ്താവനകള് പുറത്തുവന്നുകൊണ്ടിരുന്നു. അതാണ് തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും പരക്കാന് കാരണമായത്. മുഫ്തിയുടെ പ്രസ്താവനയോട് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ പ്രതികരിച്ചതിങ്ങനെയാണ്: ''ഏത് അഭിപ്രായത്തിനും തെളിവുണ്ടായിരിക്കണം. ഭഗവാന് ശങ്കരനും മറ്റൊരു ഭഗവാന് ഉണ്ടായിരുന്നുവെന്നും ആ ഭഗവാന്റെ ദൂതനായിട്ടാണ് ശങ്കരന് ഭൂമിയില് ആഗതനായതെന്നും നമ്മുടെ ശാസ്ത്രങ്ങളില് എവിടെയും പറയുന്നില്ല. മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്ആനിലും അങ്ങനെ പറയുന്നില്ല. അതിനാല് ഈ വീക്ഷണം അസ്വീകാര്യവും പ്രമാണ വിരുദ്ധവുമാകുന്നു. നിങ്ങള് ഒരസ്തിത്വത്തെ ഭഗവാന് എന്നു വിളിക്കുന്നുവെങ്കില്, ഭഗവാന്റെ ദൂതനായി ഭഗവാന് തന്നെ വരുന്നതെങ്ങനെ? മറ്റാരെങ്കിലുമല്ലേ ദൂതനായി വരേണ്ടത്?... നമ്മുടെ വീക്ഷണത്തില് ദൈവത്തിന്റെ സന്ദേശവുമായി വന്ന മനുഷ്യനാണ് മുഹമ്മദ്. അദ്ദേഹം ദൈവമല്ല. അദ്ദേഹത്തിന്റെ ആരാധ്യനാണ് ദൈവം. ദൈവത്തിന്റെ കല്പനകള് കൊണ്ടുവന്ന ദൂതനാണ് മുഹമ്മദ് സാഹിബ്.''
വാസ്തവത്തില് ഈ പ്രസ്താവനകള് ആരോഗ്യകരമായ മത സംവാദത്തിന് കളമൊരുക്കേണ്ടതായിരുന്നു. ഇടക്ക് അങ്ങനെയൊരു നീക്കം നടക്കാതിരുന്നില്ല. സുന്നീ ഉലമാ കൗണ്സിലിന്റെ ഒരു പ്രതിനിധി സംഘം കാണ്പൂരിലെ ആര്.എസ്.എസ് പ്രചാരകും ന്യൂനപക്ഷ കാര്യ വിഭാഗം തലവനുമായ ഇന്ദ്രേഷുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളോ ആക്ഷേപ ശകാരങ്ങളോ ഉന്നയിക്കാതെ വളരെ സൗഹാര്ദപരമായിരുന്നു ചര്ച്ചയെന്നാണ് പത്രങ്ങള് റിപ്പോര്ട്ട് ചെയ്തത്. വൈവിധ്യമാര്ന്ന മത സങ്കല്പങ്ങള് തമ്മില് ഇത്തരം സംവാദങ്ങളുണ്ടാകുന്നത് രാജ്യത്ത് മത സഹിഷ്ണുതയും സമുദായ സൗഹാര്ദവും ശക്തിപ്പെടാന് ഏറെ സഹായകമാകുമെന്ന് അഭിപ്രായപ്പെട്ട പത്രങ്ങള്, ആര്.എസ്.എസ് ലക്ഷ്യമാക്കുന്ന 'ഹിന്ദുത്വ രാഷ്ട്ര'ത്തിന് കൃത്യമായ നിര്വചനം നല്കണമെന്നും ഇസ്ലാമിനോടുള്ള അതിന്റെ നിലപാടെന്തായിരിക്കുമെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുകയുമുണ്ടായി. പക്ഷേ, കാണ്പൂര് ചര്ച്ചക്ക് തുടര്ച്ചയുണ്ടായില്ല. പകരം നിഷേധാത്മകമായ ചര്ച്ചകളാണ് സമൂഹത്തില് കൊഴുക്കുന്നത്. വിവാദത്തിന് തുടക്കമിട്ടവര് തന്നെയാണ് ചര്ച്ച വഴിമാറാന് പ്രധാന കാരണം.
മുഫ്തി ഇല്യാസിന്റെ, ശിവശങ്കരന് പ്രവാചകനാണെന്ന വാദം തെളിവില്ലാതെയാണവതരിപ്പിച്ചതെങ്കിലും ഇരു മതങ്ങളുടെയും വേദപ്രമാണങ്ങളെ ആധാരമാക്കി ആഴത്തില് ചര്ച്ച ചെയ്താല് ഇസ്ലാമിലെ പ്രവാചകത്വ സങ്കല്പത്തിനും ഹിന്ദുമതത്തിലെ അവതാര സങ്കല്പത്തിനുമിടയില് ആരോഗ്യകരമായ പരസ്പര ധാരണ രൂപപ്പെടുത്താന് കഴിയുമായിരുന്നില്ലേ? ശിവശങ്കരന്റെ പ്രവാചകത്വം അസ്വീകാര്യവും പ്രമാണവിരുദ്ധവുമാണെന്ന് ഒറ്റയടിക്ക് പ്രസ്താവിച്ചതിലൂടെ ശങ്കരാചാര്യ സ്വരൂപാനന്ദ ആ ദിശയിലേക്കുള്ള വാതില് കൊട്ടിയടച്ചുകളഞ്ഞു. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന മുഫ്തിയുടെ വാദം കുറെകാലമായി ആര്.എസ്.എസ് ഉന്നയിച്ചുവരുന്നതാണ്. മോദി അധികാരത്തില് വന്ന ശേഷം അവരത് കൂടുതല് ഉച്ചത്തില് പറയുക മാത്രമല്ല, ഹിന്ദുക്കളല്ലാത്ത ഇന്ത്യക്കാരെ ബലാല്ക്കാരം ഹിന്ദുക്കളാക്കാന് ആസൂത്രിതമായ പരിപാടികള് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില് മുഫ്തി അതിന്റെ വക്കാലത്ത് ഏറ്റെടുത്തത് അദ്ദേഹത്തെക്കുറിച്ച് സംശയങ്ങളുണരാനും വിമര്ശനങ്ങളുയരാനും മാത്രമേ ഉപകരിച്ചുള്ളൂ. 'ഹിന്ദു' എന്ന ശബ്ദത്തെക്കുറിച്ച് പേഴ്സണല് ലോ ബോര്ഡ് വൈസ് ചെയര്മാന് മൗലാനാ കല്ബെ സ്വാദിഖ് നേരത്തേ വ്യക്തമായ വിശദീകരണം നല്കിയിട്ടുള്ളതാണ്. ഹിന്ദി എന്നോ ഹിന്ദുസ്ഥാനി എന്നോ മുസ്ലിംകളെ വിളിക്കുന്നതില് ആര്ക്കും ഒരെതിര്പ്പുമില്ല. ആ രണ്ട് പദങ്ങളും ഒരു പ്രത്യേക പ്രദേശത്ത് വസിക്കുന്ന ജനങ്ങളെയാണ് കുറിക്കുന്നത്. ഹിന്ദി അറബിയും ഹിന്ദുസ്ഥാനി പാര്സിയുമാണ്. ഹിന്ദു എന്ന പദം ഹിന്ദു മതവിശ്വാസികളെ കുറിക്കാനാണ് ചരിത്രത്തില് ഇന്നോളം ഉപയോഗിച്ചുവന്നിട്ടുള്ളത്. ഇന്ത്യാ രാജ്യത്ത് വസിക്കുന്നവന് എന്ന അര്ഥത്തില് ഒരിക്കലും അത് ഉപയോഗിച്ചിരുന്നില്ല.
മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കുകയും അവരില് ഒരു ഹിന്ദുത്വ അനുകൂല ഘടകം രൂപപ്പെടുത്തുകയും ചെയ്യുക സര്ക്കാറിന്റെയും സംഘ്പരിവാറിന്റെയും അജണ്ടയാണ്. വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടിയും ഭരണ വര്ഗത്തിന്റെ കണ്ണില് നല്ലപിള്ള ചമഞ്ഞ് ആനുകൂല്യങ്ങള് നേടാനും അവസരവാദപരമായ പ്രസ്താവനകളിറക്കുന്ന മുസ്ലിം പണ്ഡിതന്മാരും നേതാക്കളും ഉത്തരേന്ത്യയില് മാത്രമല്ല, ഈ പ്രബുദ്ധ കേരളത്തില് വരെയുണ്ട്. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില് അരങ്ങേറിയ മുസ്ലിം വംശഹത്യയെക്കുറിച്ച് ചില പണ്ഡിത കേസരികള് കേട്ടിട്ടു പോലുമില്ലത്രേ! ഭരണവര്ഗത്തിന്റെ ചെയ്തികളെ വിമര്ശിച്ച് നോട്ടപ്പുള്ളികളാകുന്നതിനെക്കാള് ബുദ്ധിപൂര്വകമായിട്ടുള്ളത് അരികുപറ്റി കിട്ടാവുന്ന ആനുകൂല്യം നേടിയെടുക്കുകയാണെന്ന് ചിലര്. കേന്ദ്ര സര്ക്കാറിന് നദ്വത്തുല് ഉലമയുടെ അനുഭാവം നേടിക്കൊടുക്കുക എന്ന ദൗത്യമേറ്റെടുത്ത്, ഹൈദരാബാദിലെ മൗലാനാ ആസാദ് ഉര്ദു യൂനിവേഴ്സിറ്റി ചാന്സലറായി നരേന്ദ്രമോദി നിയമിച്ച സഫര് സരേഷ് കഴിഞ്ഞ മാസം ലഖ്നൗവില് ചെന്ന് മുസ്ലിം പേഴ്സണല് ലോ ബോര്ഡ് ചെയര്മാന് മൗലാനാ സയ്യിദ് റബീഉല് ഹസന് നദ്വിയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. സഫര് സരേഷിന് ലക്ഷ്യം നേടാനായില്ല. അതില് ക്ഷുഭിതനായ അദ്ദേഹം മുസ്ലിം നേതാക്കളെ ഒന്നടങ്കം ആക്ഷേപിച്ചത് വാര്ത്താ മാധ്യമങ്ങളെപ്പോലും അത്ഭുതപ്പെടുത്തി. എല്ലാ മുസ്ലിം നേതാക്കളും കഴിവുകെട്ടവരും ജനങ്ങളില് ഒരു സ്വാധീനവുമില്ലാത്തവരും സമുദായത്തിനു വേണ്ടി ഫലപ്രദമായി വല്ലതും ചെയ്യാന് അപ്രാപ്തരായവരുമാണെന്നായിരുന്നു സഫര് സാഹിബിന്റെ പ്രസ്താവന. എങ്കില് ഈ കഴിവുകെട്ടവരെത്തേടി ചാന്സലര് ഹൈദരാബാദില് നിന്ന് ലഖ്നൗ വരെ പോയതെന്തിന് എന്നൊരു ചോദ്യമുണ്ട്. അതല്ല കാര്യം, സര്ക്കാറിന്റെ സ്ഥാനമാനങ്ങള് നേടുന്നവര് അതിന്റെ പേരില് സമുദായത്തെ തന്നെ തള്ളിപ്പറയാന് ധൃഷ്ടരാകുന്നുവല്ലോ എന്നതാണ് ഏറെ ദുഃഖകരമായിട്ടുള്ളത്.
Comments