Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

ഏകധ്രുവ മുതലാളിത്തമോ?

പ്രഫ. ഖുര്‍ശിദ് അഹ്മദ് /പഠനം

ആഗോള മുതലാളിത്തം ഇസ്‌ലാമിക വായന-4

         ആഗോളീകരണം, മുതലാളിത്തത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങള്‍ ധാര്‍മിക തലത്തില്‍ നിന്നുകൊണ്ട് നോക്കിക്കാണാന്‍ എല്ലാ സംസ്‌കാരങ്ങളിലും പെട്ട ബുദ്ധിജീവികള്‍ തയാറാവുന്നു എന്നത് ആരോഗ്യകരമായ പ്രവണതയാണ്. മുതലാളിത്തത്തിന്റെ കോട്ടങ്ങള്‍ എന്തുതന്നെ ആകട്ടെ, അതിന്റെ ചരിത്രം പരിശോധിക്കുന്ന ഒരാള്‍ക്കും ആന്തരികവും ബാഹ്യവുമായ പ്രേരണകളാല്‍ സ്വയം നവീകരിക്കാനും പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്താനുമുള്ള അതിന്റെ ശേഷിയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഉയര്‍ച്ച താഴ്ചകള്‍ മാറിമാറി വന്ന അതിന്റെ ചരിത്രത്തില്‍ മുതലാളിത്തം പലതരം രൂപങ്ങള്‍ സ്വീകരിക്കുന്നത് നാം കാണുന്നു. ഉള്‍ക്കൊള്ളാനും അതിജീവിക്കാനുമുള്ള അതിന്റെ ശേഷിയെ ആണിത് കാണിക്കുന്നത്.

മുതലാളിത്തത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു സോഷ്യലിസം. വേരുറപ്പുള്ള, സുസ്ഥിരമായ ഒരു ബദലായി മാറാന്‍ സോഷ്യലിസത്തിന് കഴിഞ്ഞില്ലെങ്കിലും, മുതലാളിത്തത്തെ പല രീതിയില്‍ മാറ്റിപ്പണിയാനും നവീകരിക്കാനും അതിന്റെ സാന്നിധ്യം ഉതകിയിട്ടുണ്ട്. മുതലാളിത്തത്തിനെതിരെ സോഷ്യലിസത്തിന്റെ പക്ഷത്ത് നിന്നുള്ള വെല്ലുവിളി തുടക്കത്തില്‍ സാമ്പത്തിക കാര്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല. സോഷ്യലിസ്റ്റ് ചിന്തകരായ റോബര്‍ട്ട് ഓവനും സെന്റ് സിമണും സമത്വവിഭാവനയിലും നൈതിക തലത്തിലുമുള്ള മുതലാളിത്തത്തിന്റെ പരാജയങ്ങളെയാണ് ചോദ്യം ചെയ്തത്. വിമര്‍ശത്തിന് തീര്‍ത്തും വ്യത്യസ്തമായ മാനങ്ങള്‍ നല്‍കിയവരാണ് മാര്‍ക്‌സും എംഗല്‍സും. ശാസ്ത്രീയ സോഷ്യലിസം എന്ന് വിളിക്കപ്പെടുന്ന പ്രവണതയുടെ ആവിര്‍ഭാവത്തോടെ വിമര്‍ശത്തിന്റെ ഭാഷയും ഉള്ളടക്കവും തീര്‍ത്തും ഭൗതികവും ചരിത്രപരവുമായ സംജ്ഞകളിലേക്ക് മാറി. മനുഷ്യേഛയല്ല, ബാഹ്യകാരണങ്ങളാണ് ചരിത്രത്തിന്റെയും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെയും ഗതി നിര്‍ണയിക്കുന്നതെന്ന പുതിയ വാദം (Economic and Historical Determinism) ശാസ്ത്രത്തിന്റെ പേരില്‍ അവതരിപ്പിക്കപ്പെട്ടു. ജര്‍മനിയിലെയും ഇറ്റലിയിലെയും സ്‌പെയിനിലെയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയതായിരുന്നു മറ്റൊരു വെല്ലുവിളി. അവിടങ്ങളിലെ ലിബറല്‍ ഭരണകൂടങ്ങള്‍ സാമൂഹികമായി കൂടുതല്‍ സ്വീകാര്യമായതും ക്ഷേമരാഷ്ട്ര സാമ്പത്തിക രീതികള്‍ സ്വാംശീകരിക്കുന്നതുമായ നയങ്ങളിലൂടെയാണ് ഈ വെല്ലുവിളികളെ പ്രതിരോധിച്ചത്. സമ്മിശ്ര സമ്പദ്ഘടന (Mixed Economy) അതിന്റെ ഫലമായി രൂപപ്പെട്ടതാണ്. മുതലാളിത്തത്തിന്റെ വിവിധ രൂപങ്ങളില്‍ നിന്ന് കടംകൊണ്ട അംശങ്ങള്‍ ചേര്‍ത്ത് വെച്ചുകൊണ്ടുള്ള പരീക്ഷണങ്ങളും സോഷ്യലിസം ഉയര്‍ത്തിയ വെല്ലുവിളികളില്‍ നിന്ന് ജന്മം കൊണ്ടതാണ്.

നിലവിലുള്ള ആഗോള മുതലാളിത്തത്തെയും പല വീക്ഷണകോണുകളിലൂടെ വിശകലനം ചെയ്യാവുന്നതാണ്. നൈതിക-ധാര്‍മിക തലങ്ങള്‍ കൂടി ചേര്‍ത്തുവെച്ചുള്ള വിമര്‍ശം സംവാദത്തെ പുഷ്ടിപ്പെടുത്തുകയാണ് ചെയ്യുക. 1950-കളിലും '60-കളിലും ലാറ്റിനമേരിക്കയില്‍ ഉയര്‍ന്നുവന്ന മതാത്മക വിപ്ലവ പ്രസ്ഥാനങ്ങള്‍ (Revolutionary Theology), രണ്ടാം ലോക യുദ്ധാനന്തരം യൂറോപ്പില്‍ ആവിര്‍ഭവിച്ച ക്രിസ്ത്യന്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍, പരിസ്ഥിതി ഗ്രീന്‍ ഗ്രൂപ്പുകള്‍, ഒട്ടേറെ ദുരിതാശ്വാസ-മനുഷ്യ കാരുണ്യ കൂട്ടായ്മകള്‍ ഇവയൊക്കെ ഉയര്‍ത്തിയ ആശങ്കകള്‍ ന്യായമായിരുന്നു. അവക്ക് ആഗോള ജനസമ്മതിയാര്‍ജിക്കാനും കഴിഞ്ഞു. സിയാറ്റിലിലും വാഷിംഗ്ടണിലും ഒട്ടാവയിലും ജനീവയിലുമൊക്കെ സംഘടിപ്പിക്കപ്പെട്ട സാമ്പത്തിക ഉച്ചകോടികളില്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തിന്റെയും മറ്റും ആഭിമുഖ്യത്തില്‍ നടന്ന സംവാദങ്ങളാണ് ദര്‍ബനില്‍ യു.എന്‍ സംഘടിപ്പിച്ച ഉച്ചകോടി(2001)യിലും, ലോക വ്യാപാര സംഘടനയുടെ ദോഹ ഉച്ചകോടി(2002)യിലും ഒരു സമവായത്തിന് വഴിതുറന്നത്. വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളും ഈ സന്ദര്‍ഭത്തില്‍ അനുസ്മരിക്കാം. പല വിട്ടുവീഴ്ചകള്‍ക്ക് ലോക സാമ്പത്തിക വേദികള്‍ തയാറാവുകയുണ്ടായി. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ആന്തരികവും ബാഹ്യവുമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ മുതലാളിത്തം പ്രദര്‍ശിപ്പിക്കുന്ന ഇലാസ്തികതയിലേക്കാണ്.

ഇപ്പോള്‍ ആഗോള മുതലാളിത്തം രണ്ട് തലങ്ങളില്‍ വെല്ലുവിളി നേരിടുന്നുണ്ട്. ഒന്ന്, അതിന്റെ ആന്തരികമായ ദൗര്‍ബല്യങ്ങളും ആ ഘടനയിലെ വൈരുധ്യങ്ങളും അസമത്വങ്ങളും. രണ്ട്, മുസ്‌ലിം-മൂന്നാം ലോകങ്ങളുടെ പ്രതികരണങ്ങള്‍. സാംസ്‌കാരികമായും നാഗരികമായും വ്യത്യസ്ത ലോക വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരാണ് ആ രാജ്യങ്ങളിലെ ജനവിഭാഗങ്ങള്‍. അവര്‍ക്ക് അവരുടേതായ സാമൂഹിക, ധാര്‍മിക ലക്ഷ്യങ്ങളുണ്ട്. സ്വന്തമായ നാഗരിക പാരമ്പര്യങ്ങളുണ്ട്. ലോക ജനസംഖ്യയില്‍ അഞ്ചില്‍ നാലിനെയും പ്രതിനിധീകരിക്കുന്നത് അവരാണ്. മുതലാളിത്തം ആഗോളീകരണത്തിന്റെ തേരിലേറി പടനയിക്കുമ്പോള്‍ 'വൈവിധ്യങ്ങളില്‍ ഏകത്വം' ഉണ്ടാക്കിയെടുക്കലല്ല യഥാര്‍ഥ വെല്ലുവിളി; മറിച്ച്, ഒരു തുറന്ന സമൂഹത്തെ ഉണ്ടാക്കിയെടുക്കുക എന്നതാണ്. അവിടെ ബഹുസ്വരതക്കും, ഇഷ്ടമുള്ള സംവിധാനം തെരഞ്ഞെടുക്കാനുമുള്ള ഇടം ഉണ്ടായിരിക്കണം. പൊതു മൂല്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടി ഒത്തൊരുമിക്കുമ്പോള്‍ തന്നെ, സഹകരണത്തിനും വൈവിധ്യത്തിനും പരിധികളില്ലാത്ത കവാടങ്ങള്‍ തുറന്നുവെക്കുന്നതുമാകണം. ഈ സന്ദര്‍ഭത്തില്‍ അധീശത്വ(Hegemony)മെന്നത് സംബന്ധിച്ച് ചിലത് സൂചിപ്പിക്കുന്നത് സംഗതമായിരിക്കും. ആഗോളതലത്തില്‍ ഉണ്ടായി വരേണ്ടത് എല്ലാ സാംസ്‌കാരിക വൈവിധ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു ഘടനയാണ്. ഇതേക്കുറിച്ച് ജോണ്‍ റോള്‍സ് (John Rawls), Law of Peoples എന്ന കൃതിയില്‍ തന്റെ ചിന്തകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ അദ്ദേഹം 'ന്യായമാണ് നീതി' (Justice is Fairness) എന്ന ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചിരുന്നു (Rawls 1972). പിന്നീട് അദ്ദേഹം പാശ്ചാത്യ ചിന്തകരുടെ 'രാഷ്ട്രീയ ലിബറലിസ'ത്തിന്റെ പരിധിയില്‍ വരാത്ത മറ്റു ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ആ പരികല്‍പനയെ വികസിപ്പിച്ചു. നാഗരിക സമൂഹങ്ങളുടെ ബഹുസ്വരതയെ അംഗീകരിക്കുന്ന റോള്‍സ്, അതത് സമൂഹങ്ങളുടെ രീതിയനുസരിച്ചാണ് അവയെ സ്ഥാനപ്പെടുത്തുന്നതും. 'ലിബറലുകള്‍', 'ലിബറലുകളെന്ന് പറയാവുന്നവര്‍' എന്നീ ഇനങ്ങള്‍ക്കൊപ്പം 'മാന്യരായ ജനത' (Decent People) എന്ന ഒരു വിഭാഗത്തെ കൂടി റോള്‍സ് പരിചയപ്പെടുത്തുന്നു. അദ്ദേഹം എഴുതി: ''ഞാന്‍ വിവരിച്ച ഘടനയില്‍ വരാത്ത വേറെയും മാന്യരായ ജനസമൂഹങ്ങള്‍ ഉണ്ടാകും. അവര്‍ക്കും അര്‍ഹമായ അംഗത്വം നല്‍കണം.'' അദ്ദേഹം തുടരുന്നു: ''എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒറ്റ നിയമം അസാധ്യമാണ്. പരസ്പരം പൊരുത്തപ്പെടുന്ന അത്തരം നിയമങ്ങളുടെ ഒരു കൂട്ടം തന്നെ ഉണ്ടായിവരട്ടെ. എല്ലാ അവസ്ഥകളെയും മാനദണ്ഡങ്ങളെയും ഉള്‍ക്കൊള്ളാന്‍ അപ്പോഴേ സാധ്യമാകൂ.''

റോള്‍സ് സൂചിപ്പിച്ച ലിബറലിസത്തിന്റെ ഈ തലം വളരെ പ്രധാനമാണ്. യഥാര്‍ഥ ബഹുസ്വരത പുലരുന്ന ഒരു സംവിധാനമാണ് അദ്ദേഹം സ്വപ്നം കാണുന്നത്. സഹകരണത്തിനും സഹവര്‍ത്തിത്വത്തിനും ആരോഗ്യകരമായ മത്സരത്തിനും അവസരവും ഇടവുമുള്ള ഒരു ആഗോള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ഘടനയാണത്. 'സയുക്തിക ബഹുസ്വരത' (Reasonable Pluralism) എന്ന് റോള്‍സ് അതിനെ വിളിക്കുന്നു. യുക്തിബദ്ധമായി ചിന്തിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും ചിന്താ പാരമ്പര്യങ്ങളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന മടിത്തട്ടാണത്. അതില്‍ മതപരവും അല്ലാത്തതുമായ അംശങ്ങള്‍ ഉണ്ടായിരിക്കും.

ഇതര വ്യവസ്ഥകളുമായും സംസ്‌കാരങ്ങളുമായും മുതലാളിത്തത്തിന് സഹവര്‍ത്തിത്വം സാധ്യമാണ് എന്ന വീക്ഷണമാണ് ചര്‍ച്ചക്ക് വേണ്ടി ഞാന്‍ മുന്നോട്ട് വെക്കുന്നത്. ഇതര സംസ്‌കാരങ്ങളും വ്യവസ്ഥകളും മുതലാളിത്തത്തിന്റെ തന്നെ മറ്റൊരു പരിപ്പായി തീര്‍ന്നെങ്കില്‍ മാത്രമേ അംഗീകരിക്കാനാവൂ എന്ന് അതിന്റെ വക്താക്കള്‍ വാശിപിടിക്കേണ്ടതില്ല. എല്ലാവരും പങ്കുവെക്കുന്ന പൊതു മൂല്യങ്ങളുടെയും താല്‍പര്യങ്ങളുടെയും പ്രതീക്ഷകളുടെയും ഒരു വിശാല ലോകം തന്നെ അപ്പോള്‍ തുറന്നുവരും; സഹകരണത്തിനും ഇടപഴക്കത്തിനും മത്സരത്തിനും വരെ ഇടമനുവദിച്ചുകൊണ്ടുതന്നെ. സമ്പദ്ഘടനകള്‍ ഒരു പരിധിവരെ പരസ്പരാശ്രിതമായി നിലകൊള്ളുന്നതിനും തടസ്സമേതുമില്ല. ഒരു സംവിധാനത്തിന്റെ മാത്രം അധീശത്വത്തെയാണ് നാം ചോദ്യം ചെയ്യുന്നത്; ഒരു രാഷ്ട്രത്തിന്റെ ആശ്രിതത്വം അതിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും സാംസ്‌കാരിക ഉദ്ഗ്രഥനത്തിനും സാമ്പത്തിക സ്വയം പര്യാപ്തതക്കും, അതിനേക്കാളൊക്കെ ഉപരിയായി, അതിന്റെ ധാര്‍മിക ആത്മീയ സ്വത്വത്തിനും ഭീഷണിയായി തീരുന്നതിനെയും.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍