Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

പാശ്ചാത്യരില്‍ ആഴ്ന്നിറങ്ങിയ ഇസ്‌ലാം വിരുദ്ധതയുടെ വേരുകള്‍

കാരന്‍ ആംസ്‌ട്രോംഗ് /സംഭാഷണം

ബ്രിട്ടീഷ് മതതാരതമ്യമേഖലയിലെ അറിയപ്പെട്ട പണ്ഡിതയായ കാരന്‍ ആംസ്‌ട്രോംഗ്  ഇസ്‌ലാമിന്റെ പേരില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തീവ്രവാദത്തിന് പാശ്ചാത്യരുടെ കാലങ്ങളായുള്ള ഇസ്‌ലാമിക നിന്ദയും കാരണമാണെന്ന് സമര്‍ഥിക്കുന്നു. മതത്തിന്റെ പേരിലാണെങ്കില്‍ ഇസ്‌ലാമിനേക്കാള്‍ തീവ്രവാദ സ്വഭാവമുള്ളത് ക്രിസ്തുമതത്തിനാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവ്വിഷയകമായി ക്ലോഡിയ മെന്‍ഡെക്ക് അവര്‍ അനുവദിച്ച അഭിമുഖത്തില്‍ നിന്ന് :

മിസ് ആംസ്‌ട്രോംഗ്, ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച താങ്കളുടെ ലേഖനത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അരുതായ്മകള്‍ക്ക് പിന്നില്‍ നാം പാശ്ചാത്യരുടെ ഇസ്‌ലാമികനിന്ദയും പങ്കുവഹിച്ചിട്ടുണ്ടാവുമെന്ന് വാദിക്കുന്നു. പാരീസ് ആക്രമണത്തിന് ശേഷവും താങ്കളിത് ആവര്‍ത്തിക്കുന്നുണ്ടോ?

തീര്‍ച്ചയായും, ഷാര്‍ലി എബ്‌ദോ ആക്രമണത്തിന് പിന്നില്‍ അല്‍ ഖാഇദക്ക് നേരിട്ട് പങ്കോ, അവരുടെ സ്വാധീനമോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ആക്രമണം രാഷ്ട്രീയമായും മതപരമായും പ്രചോദിതമായിട്ടുള്ളതാണ്. പാരീസില്‍ ആക്രമണം ഉന്നം വെച്ചത് ആധുനിക മതേതര പാശ്ചാത്യ സംസ്‌കാരത്തിന്റെ പുണ്യപ്രതീകത്തെയാണ്; അതായത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ. നവോത്ഥാന കാലത്തെ ഉന്നത പ്രതീകമായാണ് ആവിഷ്‌കാര സ്വാതന്ത്ര്യം വിലയിരുത്തപ്പെടുന്നത്. പുരോഹിത സഭയുടെയോ മറ്റോ നിയന്ത്രണങ്ങളൊന്നും കൂടാതെയും വര്‍ഗ, വര്‍ണ വിവേചനമൊന്നുമില്ലാതെയും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം  ഓരോ വ്യക്തിയുടെയും ജന്മാവകാശമാണെന്നത് മുതലാളിത്ത ഘടനയില്‍ അധിഷ്ഠിതമായ പാശ്ചാത്യ സമൂഹത്തിന് നിര്‍ബന്ധമാണ്. പാരിസില്‍ ഭീകരവാദികള്‍ പറയാതെ പറയുന്നുണ്ടായിരുന്നു; നിങ്ങള്‍ ഞങ്ങളുടെ പുണ്യാത്മാവിനെ തൊട്ട് കളിച്ചു; പകരം ഞങ്ങള്‍ നിങ്ങളുടേതിനെയും. ഇപ്പോള്‍ നിങ്ങളറിയുന്നുണ്ടാവും അതിന് പോറലേല്‍ക്കുമ്പോഴുണ്ടാവുന്ന മനോവേദന.''

താങ്കള്‍ പറഞ്ഞ് വന്നതും താങ്കള്‍ വാദിക്കുന്ന പാശ്ചാത്യരുടെ ഇസ്‌ലാമിക നിന്ദയും തമ്മില്‍ ബന്ധം?

കുരിശു യുദ്ധകാലം മുതല്‍ക്ക് തന്നെ നാം ഇസ്‌ലാമിനെയും പ്രവാചകന്‍ മുഹമ്മദിനെയും ഭീകരതയുടെയും അക്രമത്തിന്റെയും വക്താക്കളായി നിന്ദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജൂതന്മാരെ യൂറോപ്പിന് ഭീഷണിയായി ചിത്രീകരിക്കാന്‍ തുടങ്ങിയ സെമിറ്റിക് വിരുദ്ധ കാലത്ത് തന്നെ ഇസ്‌ലാം വിരുദ്ധതയും നമ്മില്‍ ആഴ്ന്നിറങ്ങിയിരുന്നു. അതിനാല്‍ കാലങ്ങളായുള്ള പടിഞ്ഞാറിന്റെ ഇസ്‌ലാമിക നിന്ദക്ക് മറുപടിയായാണ് പാരിസ് ആക്രമണം സംഭവിച്ചത്. സമാനമായി ജൂത സൂപ്പര്‍മാര്‍ക്കറ്റിന് നേരെ ഇസ്‌ലാമിക് സ്‌റ്റേറ്റ് നടത്തിയ ആക്രമണവും പാശ്ചാത്യരുടെ മുസ്്‌ലിം നിന്ദക്കുള്ള മതവികാരം വ്രണിതമായ ഒരു വിഭാഗം മുസ്‌ലിംകളുടെ മറുപടിയായാണ് ഞാന്‍ കാണുന്നത്. ഇസ്രയേലിന്റെ ആക്രമണത്തില്‍  ഫലസ്ത്വീനിലെ പിഞ്ചു കുഞ്ഞുങ്ങളടക്കം ആയിരങ്ങള്‍ കൊല്ലപ്പെട്ടപ്പോഴും പരിപൂര്‍ണ നിസ്സംഗത പുലര്‍ത്തിയ പടിഞ്ഞാറിന്റെ നിലപാടായിരുന്നു ഇവിടെ നിന്ദയായി അവര്‍ മനസ്സിലാക്കിയത്; അതായത്, ഫലസ്ത്വീനിലെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ജീവനുകള്‍ തങ്ങളുടേത് പോലെ വിലയുള്ളതല്ലെന്ന പടിഞ്ഞാറിന്റെ ഭാവത്തെ.

മറ്റുള്ളവരെ അപമാനിക്കുന്ന പടിഞ്ഞാറിന്റെ ഈ നയത്തിന്റെ തുടക്കമെവിടെയാണ്?

നവോത്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് അത് മുന്നോട്ട് വെച്ച സ്വാതന്ത്ര്യവും അവകാശബോധവുമായിരുന്നു. അമേരിക്കയുടെ സ്ഥാപക നേതാക്കളെ ഈ ആശയങ്ങള്‍ ഏറെ സ്വാധീനിക്കുകയും അത് വഴി എല്ലാ മനുഷ്യരും സമന്മാരാണെന്നും, സ്വത്തിലും സ്വാതന്ത്ര്യത്തിലും ഓരോരുത്തര്‍ക്കും പ്രകൃതി നല്‍കിയ അവകാശങ്ങളുണ്ടെന്നും ഇതിലധിഷ്ഠിതമായ നയമായിരിക്കും അമേരിക്കയുടേതെന്നും അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ സ്വതന്ത്ര്യവും സമത്വദര്‍ശനവുമെല്ലാം യൂറോപ്യന്മാര്‍ക്ക് മാത്രമാണെന്ന് ധരിച്ചിടത്ത് നിന്നാണ് മറ്റുള്ളവരെ നിന്ദിക്കാനും അപമാനിക്കാനും അവര്‍ തുടക്കം കുറിച്ചത്. അതിനാല്‍ ആഫ്രിക്കന്‍ വംശജരെ അടിമകളാക്കാനും അവരുടെ നാട് കട്ട്മുടിക്കാനും അമേരിക്കയിലെ ആദിമനിവാസികളെ അവരുടെ പൂര്‍വികരുടെ നാട്ടില്‍ നിന്ന് തന്നെ ആട്ടിയോടിക്കാനുമൊന്നും ഈ സമത്വബോധം അവര്‍ക്ക് പ്രശ്‌നമായില്ല.

സഹിഷ്ണുതയുടെ അപ്പോസ്‌തലനായി വാഴ്ത്തപ്പെടുന്ന ജോണ്‍ ലോക്ക് എഴുതി. 'ഒരുടമക്ക് തന്റെ അടിമയുടെ മേല്‍ സര്‍വസ്വാതന്ത്ര്യവുമുണ്ട്. അവനെ ഏത് സമയത്തും കൊല്ലാന്‍ വരെ ഇത് ഉടമയെ അനുവദിക്കുന്നു.'

ഇസ്‌ലാമിസ്റ്റ് തീവ്രവാദത്തെ മനസ്സിലാക്കാന്‍ ചില ഖുര്‍ആന്‍ സൂക്തങ്ങളെയും ചരിത്രത്തിലുടനീളം അതിന് നല്‍കിയ വ്യത്യസ്ത വ്യാഖ്യാനങ്ങളെയും വിശകലനം ചെയ്യേണ്ടി വരില്ലേ?

ഇസ്‌ലാമിക ചരിത്രത്തിലൊരിടത്തും ഖുര്‍ആനിക വചനങ്ങള്‍  അക്രമത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും പ്രചോദനമായതായി കാണാനാവില്ല. ഒരു സാമ്രാജ്യമെന്ന നിലക്ക് ഇസ്‌ലാമിക ഭരണകൂടങ്ങളും ഇത്തരം സമീപനങ്ങള്‍ സ്വീകരിച്ചിരിക്കാം, എന്നാല്‍ സമാനമായ നയങ്ങള്‍ ഇന്ത്യന്‍, ചൈനീസ്, പേര്‍ഷ്യന്‍, റോമന്‍, ഹെല്ലനിസ്റ്റിക്, ബ്രിട്ടീഷ് സാമ്രാജ്യങ്ങളൊക്കെയും കൈക്കൊണ്ടിരുന്നു. എന്തു തന്നെയായാലും ക്രിസ്തുമതത്തേക്കാള്‍ എന്തുകൊണ്ടും സഹിഷ്ണുത ഇസ്‌ലാമിന് തന്നെയാണെന്നാണ് എന്റെ പക്ഷം; കുരിശ് സൈന്യം അല്‍ഖുദ്‌സ് കീഴടക്കിയപ്പോള്‍ മധ്യേഷ്യ അതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഭീകര കൂട്ടക്കൊലകളും ബീഭത്സമായ കൊള്ളിവെപ്പുമായിരുന്നു അവിടെ അരങ്ങേറിയത്. ആയിരക്കണക്കിന് മുസ്്‌ലിംകളും ജൂതരും അതില്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇസ്‌ലാം അവിടം കീഴടക്കിയത് ഒരു തുള്ളി ചോര പോലും പൊടിയാതെയായിരുന്നു. 50 വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്‌ലിംകള്‍ വീണ്ടും ഖുദ്‌സ് കീഴടക്കിയപ്പോഴും ക്രിസ്തുമതവിശ്വാസികള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. 

മാത്രമല്ല, ഖുര്‍ആനിലുള്ളതിനേക്കാള്‍ കൂടുതല്‍ അക്രമസമീപനം ഹീബ്രു ബൈബിളിലും സുവിശേഷങ്ങളിലുമുണ്ടെന്നത് ഒരു വസ്‌തുത തന്നെയാണ്.

ഇക്കാര്യത്തില്‍ അധിക ക്രിസ്ത്യന്‍ പണ്ഡിതരും വിയോജിക്കും?

ഖുര്‍ആനിലെ രണ്ടാം അധ്യായം 191-193 വരെയുള്ള സുക്തങ്ങളില്‍ ഇസ്‌ലാമിന്റെ ശത്രുക്കളോട് യുദ്ധം ചെയ്യണമന്നത് പോലെ ബൈബിള്‍ പുതിയ നിയമത്തിലില്ലെന്ന് പറയുന്നവര്‍ അന്ത്യനാളില്‍ ദൈവത്തിന്റെ ശത്രുക്കള്‍ക്കെതിരെ പടപ്പുറപ്പാട് നടത്താന്‍ ക്രിസ്ത്യന്‍ മതമൗലികവാദികള്‍ തെളിവായി അവലംബിക്കുന്ന വെളിപാട് ഗ്രന്ഥത്തെ വിസ്മരിച്ച് കളഞ്ഞിട്ടുണ്ടാവും. എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ അവരേറ്റവും കൂടുതല്‍ ഉദ്ധരിക്കുന്ന ബൈബിള്‍ സൂക്തങ്ങളിലൊന്നായിരിക്കുമിത്. ഖുര്‍ആനില്‍ ശത്രുസംഹാരത്തെക്കുറിച്ച് പ്രതിപാദിച്ച സൂക്തങ്ങള്‍ ഇങ്ങനെയാണ് അവസാനിക്കുന്നത്, ''അവര്‍ ശത്രുതക്ക് അറുതി വരുത്തിയാല്‍, ശേഷം നിങ്ങളില്‍ നിന്ന് ശത്രുത ഉണ്ടാവാന്‍ പാടില്ല.'' എന്നാല്‍ യുദ്ധം ചെയ്യാനല്ലാതെ നിര്‍ത്താനുള്ള ഒരു സാഹചര്യവും ബൈബിള്‍ പരാമര്‍ശിക്കുന്നില്ല.

ഇവ്വിഷയകമായി നടക്കുന്ന സംവാദങ്ങളിലൊന്നും ഈ വസ്തുത പരാമര്‍ശിക്കപ്പെടാത്തതെന്തുകൊണ്ടാണ്?

പുതിയ നിയമം മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ഇത് അപ്രസക്തമായിത്തോന്നുമെന്നാണതിനുള്ള മറുപടി.  എന്നാല്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ വന്ന സൂക്തങ്ങള്‍ക്കും  ഇത് ബാധകമാണ്. ഉദാഹരണത്തിന്, സ്വന്തം ശത്രുക്കളെപ്പോലും സ്‌നേഹിക്കണമെന്നും അവര്‍ മുഖത്തൊരുഭാഗത്ത് അടിച്ചാല്‍ ഇതര ഭാഗവും കാണിച്ച് കൊടുക്കണമെന്നും തന്റെ ശിഷ്യരെ ഉപദേശിച്ച അതേ ക്രിസ്തു തന്നെയാണ് 'ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനാണ് ഞാന്‍ നിയോഗിതനായതെന്ന് നിങ്ങളാരും ധരിക്കരുത്. ഞാന്‍ നിയോഗിതനായത് വാളുപയോഗിക്കാനാണ്' (മത്തായി 10:14) എന്നും പറഞ്ഞത്.

എല്ലാ വേദഗ്രന്ഥങ്ങളിലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തോന്നിക്കുന്ന ഖണ്ഡികകളുണ്ടാകും. അവയെ സമയ സാഹചര്യത്തിന് പുറത്ത് നിന്ന് വ്യാഖ്യാനിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തണമെങ്കില്‍ അവ സന്ദര്‍ഭോചിതമായി വ്യാഖ്യാനിക്കാന്‍ സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്. 

ഇസ്‌ലാമിന്റെ ആദ്യകാലം മുതല്‍ക്ക് തന്നെ അക്രമസ്വഭാവം മതവുമായി ഇഴുകിച്ചേര്‍ന്നിരുന്നുവെന്ന ഒരു വീക്ഷണമുണ്ട്. ഇതിനെക്കുറിച്ച് എന്തുപറയുന്നു?

ഇസ്‌ലാമിനെക്കുറിച്ചുള്ള ഈ ആരോപണം കുരിശുയുദ്ധകാലത്താണ് ആദ്യമായി ഉന്നയിക്കപ്പെടുന്നത്. പടിഞ്ഞാറന്‍ ക്രിസ്ത്യാനികള്‍ പശ്ചിമേഷ്യയിലെ മുസ്‌ലിംകളെ ആക്രമിക്കുന്നതോടെയാണ് കുരിശുയുദ്ധത്തിന് ആരംഭം കുറിക്കുന്നത്. തങ്ങള്‍ ചെയ്യുന്നത് ശത്രുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു. അത് മുസ്‌ലിംകളുടെ തലയിലും കെട്ടിവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇസ്‌ലാം അക്രമത്തിന്റെ മതമാണെന്ന പ്രചാരണം അവര്‍ അഴിച്ചുവിട്ടത്.

ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ തുടക്കത്തില്‍ യുദ്ധങ്ങളുണ്ടായിരുന്നില്ലേ?

മക്കയില്‍ ചെറിയൊരു ന്യൂനപക്ഷമായ കാലത്ത് ശത്രുക്കളുടെ അക്രമത്തിനെതിരെ തിരിച്ചടിക്കുന്നതിന് അനുമതി നല്‍കിയിരുന്നില്ല; അവരോട് ക്ഷമ കൈക്കൊള്ളാനായിരുന്നു ഖുര്‍ആന്റെ ആഹ്വാനം. മക്കയില്‍ പീഡനം സഹിക്കവയ്യാതെ മദീനയിലേക്ക് പലായനം ചെയ്യുകയും തുടര്‍ന്ന് അവിടെ ഇസ്‌ലാമിക റിപ്പബ്ലികിന് അസ്ഥിവാരമിടുകയും ചെയ്തതോടെ മറ്റുള്ളവരെപ്പോലെ സാമ്രാജ്യ വിസ്തൃതിക്ക് ഖുര്‍ആന്റെ നിര്‍ദേശപ്രകാരം യുദ്ധം ചെയ്യേണ്ടതായി വന്നു. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം വാളിനേക്കാള്‍ നയതന്ത്രത്തിലൂടെയായിരുന്നു ഇസ്‌ലാമിക സാമ്രാജ്യത്തിന് കൂടുതല്‍ വിസ്തൃതി കൈവന്നത് എന്നതാണ്. പരസ്പരം സംഘട്ടനത്തിലേര്‍പ്പെട്ടിരുന്ന വ്യത്യസ്ത ഗോത്രങ്ങളായി ചിതറിക്കിടന്നിരുന്ന അറേബ്യന്‍ ഉപഭൂഖണ്ഡം ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായതില്‍ പ്രവാചകന്‍ മുഹമ്മദിനും, മധ്യേഷ്യയെ ഭരണത്തോടു കൂട്ടിച്ചേര്‍ത്തതില്‍ നാല് ഖലീഫമാര്‍ക്കുമുള്ള നയതന്ത്ര മികവ് നമുക്ക് ദര്‍ശിക്കാനാവും.

പടിഞ്ഞാറും കിഴക്കും തമ്മിലെ മറ്റൊരു വ്യത്യാസം പടിഞ്ഞാറ് മതവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നതാണ്. ഇതില്‍ നിന്ന് വിരുദ്ധമായി രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും സംഗമവേദിയാണ് അറബ് ലോകം. പടിഞ്ഞാറിന്റെ മതേതരത്വം എന്തുകൊണ്ടാണ് ഇത്തരമൊരു ദുഷ്‌കരമായ സമീപനം സ്വീകരിക്കുന്നത്?

നവോത്ഥാന കാലം വരെ ലോകത്തൊന്നാകെ മതവും രാഷ്ട്രീയവും പരസ്പര ബന്ധിതമായിരുന്നു. മാനുഷികമായ സര്‍വതലങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു മതം. ഇവ രണ്ടും രണ്ടാക്കി വിഭജിക്കാന്‍ അവര്‍ക്ക് കഴിയാതിരുന്നതുകൊണ്ടായിരുന്നില്ല ഇത്. മറിച്ച്, പാവങ്ങളെ പരിപാലിക്കലും, നീതിയും നിയമവും ഉറപ്പ് വരുത്തലും പവിത്രമായ പ്രവര്‍ത്തനങ്ങളായി അക്കാലത്ത് വിലയിരുത്തപ്പെട്ടിരുന്നതിനാലായിരുന്നു ഇത്. എന്നാല്‍, 18-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ വികാസം കൊണ്ട മതേതരത്വം ഈ സാമൂഹിക ഘടനയെ പൂര്‍ണമായും ഉടച്ച് വാര്‍ക്കുകയാണുണ്ടായത്. തുടര്‍ന്നാണ് നാമിന്ന് കാണുന്ന മതേതരത്വം രൂപപ്പെട്ടത്.

അപ്പോള്‍ മതേതരത്വം അടിസ്ഥാനപരമായി ഒരു യൂറോപ്യന്‍ ആശയമാണോ?

തീര്‍ച്ചയായും, മറ്റാരുടെയും ആശയമോ ആദര്‍ശമോ അല്ലാത്ത പൂര്‍ണ യൂറോപ്യന്‍ ആശയം തന്നെയാണ് മതേതരത്വം. ആധുനികവത്കരണത്തിലേക്കുള്ള യൂറോപ്പിന്റെ ഗമനത്തിന് ഇത് തീര്‍ത്തും അത്യാവശ്യമായിരുന്നു. എന്നാല്‍, അറബ് രാജ്യങ്ങളെ സംബന്ധിച്ചേടത്തോളം ഇതൊരു വിദേശ ഉല്‍പന്നമായിരുന്നു. അറബ് ലോകമാവട്ടെ മതേതരത്വം പരിചയപ്പെട്ടത് കോളനിവത്കരണത്തിലൂടെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് പകരം രാഷ്ട്രീയ വിധേയത്വത്തിലൂടെയുമായിരുന്നു. കോളനിവത്കരണം അവസാനിപ്പിച്ച് യൂറോപ്യന്മാര്‍ മടങ്ങിയതാവട്ടെ ബലമായി മതേതരത്വം അടിച്ചേല്‍പിച്ചും. ഉദാഹരണത്തിന്, ഖിലാഫത്ത് തകര്‍ച്ചക്ക് ശേഷം തുര്‍ക്കിയില്‍ മതേതരത്വം നടപ്പിലാക്കിയ കമാല്‍ പാഷ ആദ്യം ചെയ്തത് മദ്‌റസകള്‍ അടച്ചുപൂട്ടുകയായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് അര്‍മീനിയന്‍ വംശജരെ കൂട്ടക്കൊല ചെയ്ത മതേതരവാദികളായ യുവ തുര്‍ക്കികളുടെ അധികാരാരോഹണത്തിനും, തുടര്‍ന്ന് മതേതര സംസ്ഥാപനത്തിന്റെ പേരില്‍  ഇവര്‍ നടത്തിയ അതിക്രമങ്ങള്‍ക്കും ഇത് വഴിവെച്ചു. തങ്ങളുടെ നാടും യൂറോപ്യന്‍ രാജ്യങ്ങളുടേത് പോലെയാവണമെന്ന ദുര്‍വാശിയില്‍ നിന്നാണ് പൈതൃകം പൂര്‍ണമായും തച്ചുതകര്‍ക്കുന്ന ഭരണാധികാരികളുടെ ഇത്തരം നയസമീപനം രൂപംകൊള്ളുന്നത്.

(മത താരതമ്യ പഠന വിഭാഗത്തിലെ പ്രമുഖ ബ്രിട്ടീഷ് പണ്ഡിതയാണ് കാരന്‍ ആംസ്‌ട്രോംഗ്. ഇവ്വിഷയത്തില്‍ അവര്‍ രചിച്ച പല ഗ്രന്ഥങ്ങളും ബെസ്റ്റ് സെല്ലറുകളായിരുന്നു. ഇസ്‌ലാം, ജൂത, ക്രിസ്ത്യന്‍ മതങ്ങളിലെ അക്രമങ്ങളെക്കുറിച്ചുള്ളതാണ് അവരുടെ പുതിയ ഗ്രന്ഥമായ ഫീല്‍ഡ്‌സ് ഓഫ് ബ്ലഡ്: റിലീജ്യന്‍ ആന്റ് ദ ഹിസ്റ്ററി ഓഫ് വയലന്‍സ്).

വിവ: മുഹമ്മദ് റാഷിദ് 

ഓത്തുപുരക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍