Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

ദൈവകാരുണ്യത്തിന്റെ വിളംബരവുമായി മുഹമ്മദ് മുസ്‌ലിം

ഡോ. എ.എം വാസുദേവന്‍ പിള്ള /പുസ്തകം

         പത്രപ്രവര്‍ത്തനം ജനസമൂഹത്തിന്റെ ജീവസ്പന്ദമായി തിരിച്ചറിഞ്ഞ പത്രാധിപരാണ് മുഹമ്മദ് മുസ്‌ലിം. ആ പ്രതിഭയെക്കുറിച്ചുള്ള അന്വേഷണാത്മക പഠനമാണ് വി.എ കബീറിന്റെ 'ഒരു പത്രാധിപരുടെ അസാധാരണ ജീവിതകഥ.'

''ഇസ്‌ലാമിന്റെ ആദിമ തലമുറയില്‍പെട്ടവരുടെ ചരിത്രത്തില്‍നിന്ന് ഇറങ്ങിവന്ന മനുഷ്യനെപ്പോലെയായിരുന്നു മുസ്‌ലിം സാഹിബ്. ജീവിതത്തില്‍ അവിശ്വസനീയമാംവിധം വിശുദ്ധി പുലര്‍ത്തിയ ജാജ്വല്യ മാതൃക.... നമ്മുടെ സ്വഭാവ ഘടനയുടെ നിര്‍മാണത്തിന്റെ അടിസ്ഥാന സ്രോതസ് ഖുര്‍ആനും പ്രവാചകനും ആയിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു'' (പേജ് 102) എന്നിപ്രകാരം കബീര്‍ മുഹമ്മദ് മുസ്‌ലിമിന്റെ വ്യക്തിത്വത്തിനു ഭാഷ്യം എഴുതി. ഈ ജീവചരിത്രം വായിക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ രചനയില്‍ ശരത്കാലാകാശ വെണ്‍മേഘ സൗന്ദര്യം മനസ്സില്‍ തെളിയും. മറ്റു ചിലപ്പോള്‍ ജീവിതമെന്ന മഹാപ്രഹേളികയുടെ അത്ഭുതങ്ങളറിഞ്ഞ അദൃശ്യനായൊരാളിന്റെ ശബ്ദം കേള്‍ക്കും. പരസ്പര വിരുദ്ധങ്ങളായ ആശയങ്ങളുയര്‍ത്തി പോര്‍വിളി മുഴക്കുന്ന വ്യത്യസ്ത മതങ്ങളുടെ മുന്നില്‍ അസാധാരണ സമചിത്തതയോടെ നല്‍ക്കുന്ന പത്രപ്രവര്‍ത്തകനെ വേറൊരിടത്തു കാണാം. ഇനിയുമുണ്ടു ചിത്രം. എരിഞ്ഞു പടരുന്ന ധാര്‍മിക ച്യുതിയില്‍ സത്യം വെണ്ണീറാകാതിരിക്കാന്‍ സദാചാര ശുദ്ധമായ നീര്‍ധാരകളൊഴുക്കുന്ന പാരമ്പര്യ പൗരന്‍. കബീര്‍ വിടര്‍ത്തുന്ന ജീവിത ചരിത്രങ്ങളില്‍ ഓരോ ഋതുവും മനോഹരമാണ്.

ഈ ജീവചരിത്ര രചനക്ക് ഒരു പുത്തന്‍ രീതിയുണ്ട്. കുല്‍ദീപ് നയ്യാര്‍ ഉള്‍പ്പെട്ട അതിപ്രഗത്ഭരായവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ഇതിന്റെ പൂര്‍ണതക്കായി ചേര്‍ത്തുവെക്കുക; അവ ഓരോന്നും സന്ദര്‍ഭമനുസരിച്ച് പ്രമേയ ഗാത്രത്തിന്റെ സിരാരന്ധ്രിയായി പരിവര്‍ത്തിപ്പിക്കുക. വായിക്കുമ്പോള്‍ ഒരു ക്രിയാസൃഷ്ടിയുടെ സുഖം തോന്നും. ലാഹോറില്‍ നിന്ന് ദല്‍ഹിയിലേക്ക് വിഭജന കാലത്ത് കുല്‍ദീപ് നയ്യാര്‍ എത്തിയത് യാദൃഛികമാണ്. ലാഹോറിലെ പൈസേ അഖ്ബാര്‍ എന്ന പത്രത്തില്‍ കുറച്ചുകാലം നിന്നു. പിന്നെ ദല്‍ഹിയിലേക്ക്. പത്രപ്രവര്‍ത്തനത്തിലേക്കു താന്‍ അവിചാരിതമായെത്തിപ്പെട്ടതാണെന്ന് കുല്‍ദീപ് നയ്യാര്‍ ബിയോണ്ട് ദ ലൈന്‍സില്‍ പറയുന്നു. അദ്ദേഹത്തോട് അടുത്ത ബന്ധമുള്ള മുഹമ്മദ് മുസ്‌ലിം ഈ രംഗത്തു വന്നത് ജന്മവാസനയുടെ പ്രേരണ മൂലമാണെന്നാണ് കബീറിന്റെ വിശ്വാസം. ഓരോ സംഭവവും മൗലികമാണ്. പത്രാധിപരുടെ സ്ഥാനത്തിരുന്നു കൊണ്ട് മതപ്രചാരകന്റെയോ രാഷ്ട്രീയാശയ പ്രചാരകന്റെയോ ജോലി മുഹമ്മദ് മുസ്‌ലിം ഏറ്റെടുത്തിരുന്നില്ല. ''ഉര്‍ദു പത്രങ്ങളുടെ അംബരവീഥിയില്‍ പുതിയൊരു താരോദയമുണ്ടായി''-പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫീസറായിരുന്ന ജി.ഡി ചന്ദന്റെ വാക്കുകള്‍. മുഹമ്മദ് മുസ്‌ലിം ദഅ്‌വത്ത് പത്രത്തില്‍ ചേര്‍ന്നതിന്റെ പ്രതികരണം (പേജ് 33). ഉര്‍ദു പത്രപ്രവര്‍ത്തനത്തിന് പുതിയൊരു ദിശാബോധം നല്‍കിയത് ഭോപാലില്‍ നിന്ന് ദല്‍ഹിയിലെത്തി കിഷന്‍ഗഞ്ചിലെ ദഅ്‌വത്ത് പത്രത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുഹമ്മദ് മുസ്‌ലിമാണ്.

മാനവികതയുടെ സന്ദേശം

ഭാരതത്തിലെ ഏറ്റവും ധീരരായ പത്രാധിപന്മാരിലൊരാളായിരുന്നു മുഹമ്മദ് മുസ്‌ലിം. താന്‍ അംഗമായ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്ക് എല്ലാ വിഭാഗങ്ങള്‍ക്കുമിടയില്‍ അംഗീകാരം നേടിക്കൊടുക്കണമെന്ന് മുഹമ്മദ് മുസ്‌ലിം ആഗ്രഹിച്ചു. പ്രവാചകന്റെ ദര്‍ശനം മനുഷ്യ മോചനമായിരുന്നു. ആ ദര്‍ശനത്തിന്റെ സംവേദന മാധ്യമമാണ് ജമാഅത്തെ ഇസ്‌ലാമി. മനുഷ്യരെയെല്ലാം ഒന്നായി കാണാന്‍ നിയുക്തനായ പ്രവാചകനാണു താനെന്ന വിശ്വാസം മുഹമ്മദ് നബിക്കുണ്ടായിരുന്നു. അതിന്റെ സാധ്യതകള്‍ ലോകമെമ്പാടും ജനങ്ങളിലെത്തിക്കുക സ്വധര്‍മമായി മുഹമ്മദ് മുസ്‌ലിം ഏറ്റെടുത്തു. നേതൃസ്ഥാനത്ത് നില്‍ക്കുന്ന ആളിന് ലാളിത്യവും ആത്മാര്‍ഥതയും ഉണ്ടെങ്കില്‍ ജനങ്ങള്‍ വേഗം അതു തിരിച്ചറിയും. ഇന്ത്യന്‍ മുസ്‌ലിംകളുടെ ബലമില്ലായ്മ വിഘടിച്ചുനില്‍ക്കുക മൂലമുണ്ടായതാണ്. ഒരുമിച്ചു നിന്നാല്‍ ശക്തി അറിയും. മുഹമ്മദ് മുസ്‌ലിമിന്റെ ഈ ആഹ്വാനം മുസ്‌ലിംകള്‍ ഉള്‍ക്കൊണ്ടു. ''സംഘടനാപരവും വിഭാഗീയവുമായ താല്‍പര്യങ്ങള്‍ക്കതീതമായി വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരേ വേദിയില്‍ ഒന്നിച്ചിരിക്കുന്നതിന് മുസ്‌ലിം നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവേദിയായ 'മുസ്‌ലിം മജ്‌ലിസെ മുശാവറ' രൂപം കൊള്ളുന്നത്.''

ഒരു സാധാരണ ജീവചരിത്രകാരന്റെ യഥാതഥ വിവരണ രീതിയല്ല കബീറിന്റേത്. ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളറിയാം. അവിടങ്ങളിലെ രാഷ്ട്രീയമറിയാം. രാജ്യത്തിനകത്തും പുറത്തുമുള്ള വിഘടനവാദങ്ങളെയും വാദികളെയും നേരെ ചൊവ്വെ കണ്ടിട്ടുണ്ട്. ഒരു നിസ്സംഗന്റെ മട്ടില്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടിടത്ത് അങ്ങനെ ചെയ്യും. എരിവും പുളിയും ചേര്‍ക്കണമെങ്കില്‍ അതുമാകും. ശരിക്കുള്ള പത്രധര്‍മം 'ന്യൂസ് ഫിക്ഷന്‍' തയാറാക്കലല്ല. സാമൂഹിക ധര്‍മമാണ് പത്രപ്രവര്‍ത്തനം. കബീറിലെ ക്രിയാത്മകനായ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് മുസ്‌ലിമില്‍ ഭാരത സംസ്‌കൃതി തേടുന്ന ഒരു പത്രപ്രവര്‍ത്തകനെ കണ്ടെത്തി. ആ ശ്രേഷ്ഠ വ്യക്തിയുടെ ഹൃദ്‌സ്പന്ദനം കബീര്‍ തൊട്ടറിഞ്ഞു. നോവലിസ്റ്റിന് കഥാനായകനെപ്പോലെയാണ് ജീവചരിത്രകാരന് തന്റെ ജീവചരിത്രത്തിലെ നായകനും. സര്‍ഗാത്മക ജീവചരിത്ര രചനയുടെ സവിശേഷതയാണിത്.

മുറാദാബാദില്‍ 1980-ല്‍ അതിരൂക്ഷമായ വര്‍ഗീയ കലാപം നടന്നു. ജീവഹാനി കൂടുതലും മുസ്‌ലിംകള്‍ക്കായിരുന്നു. കലാപത്തിന്റെ ഉച്ചാവസ്ഥയിലൊരു ദിവസം ഭാരതത്തിന്റെ അതിഥിയായി കുവൈത്ത് അമീര്‍ എത്തി. രാഷ്ട്രപതി അദ്ദേഹത്തിന് വിരുന്നു നല്‍കി. ഒരിടത്ത് രാജ്യത്തിന്റെ ജനസഞ്ചയം കൊലചെയ്യപ്പെടുന്നു. മറ്റൊരിടത്ത് ഭരണത്തലവന്മാര്‍ വിരുന്നുണ്ണുന്നു. പ്രവാചകനെ വിമര്‍ശിക്കുന്ന കൃതികള്‍ പ്രചരിപ്പിച്ചതാണ് കലാപ കാരണം. വിവാദ പുസ്തകങ്ങളെ എതിര്‍ക്കേണ്ടത് എതിര്‍ പുസ്തകങ്ങളെഴുതിക്കൊണ്ടാവണം, കലാപം നടത്തിയല്ല എന്ന് നെഹ്‌റു പ്രസ്താവിച്ചു. അതിന് മുഹമ്മദ് മുസ്‌ലിം ഉചിതമായ ഉത്തരം കൊടുത്തു. വൈജ്ഞാനിക വിഷയങ്ങള്‍ അതിന്റെ വായനക്കാരില്‍ ഒതുങ്ങും. പൊതുജനങ്ങളെ സ്പര്‍ശിക്കില്ല. കലാപത്തിന്റെ നിയന്ത്രണം ആള്‍ക്കൂട്ടത്തിനാണ്. കലാപങ്ങള്‍ ഭരണകേന്ദ്രത്തെ ഞെട്ടിപ്പിക്കുന്നതിനുള്ള തന്ത്രമാണ്. വര്‍ഗീയ കലാപങ്ങള്‍ക്കു വിവേചനമില്ല. കലാപവും ആള്‍ബഹളവും മതവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അടങ്ങുകയും പിന്നെ ആവര്‍ത്തിക്കുകയും ചെയ്യും. 'ക്രൗഡ്‌സ് ആന്റ് പവ്വര്‍' എന്ന ഗ്രന്ഥത്തിലെ ഏലിയാസ് കെന്നറ്റിയുടെ ഈ വീക്ഷണം തന്നെയായിരുന്നു മുഹമ്മദ് മുസ്‌ലിമിനും. ലളിതമായിരുന്നു മുഹമ്മദ് മുസ്‌ലിമിന്റെ ജീവിതം. ഭാരതത്തിലെ രാഷ്ട്രത്തലവന്മാരെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു ആ മഹാനുഭാവന്റെ കുറഞ്ഞ ജീവിത സൗകര്യങ്ങള്‍. 10 x 10 അടി വിസ്തീര്‍ണമുള്ള ഒരു വാടക വീട്ടില്‍ ഭാര്യയും പതിനൊന്നു മക്കളുമൊത്ത് മുപ്പത്തഞ്ചു വര്‍ഷം അദ്ദേഹം ജീവിച്ചു.

മുഹമ്മദ് മുസ്‌ലിമിന് ജീവിതപാഠങ്ങളായിരുന്നത് പ്രവാചകന്റെ മനഷ്യസ്‌നേഹ മന്ത്രങ്ങളാണ്. തമ്മില്‍ അടുപ്പമുള്ളൊരു ആര്‍.എസ്.എസ്സുകാരന്‍ മരിച്ചപ്പോള്‍ അയാളുടെ ശവമഞ്ചവും ചുമന്ന് ശ്മശാനത്തിലേക്കു പോയ മുഹമ്മദ് മുസ്‌ലിമിനെപ്പറ്റി ഈ ഗ്രന്ഥത്തിലുണ്ട്. ഈ ഗ്രന്ഥത്തില്‍ കബീര്‍ അടിവരയിടുന്നൊരു വിശേഷണം എടുത്തുപറയണം-ദൈവകാരുണ്യത്തിന്റെ വിളംബരവുമായി വന്ന വര്‍ഷമേഘമാണ് മുഹമ്മദ് മുസ്‌ലിം. ''പ്രവാചകന്റെ അധ്യാപനങ്ങളില്‍ നിന്നും നേടിയെടുത്ത ജ്ഞാനം തനിക്കും തന്റെ സമുദായത്തിനും വേണ്ടി ഫലപ്രദമായി വിനിയോഗിച്ച'' (പേജ് 102) മുഹമ്മദ് മുസ്‌ലിമിന്റെ ജീവചരിത്രം പൂര്‍വസൂരിയോടു കബീറിനുള്ള കൃതജ്ഞതയുടെ പ്രമാണമാണ്. മനുഷ്യ മഹത്വത്തിന്റെ ജീവിതരേഖകള്‍ ക്രിയാസൃഷ്ടിയായി വാക്കുകളുടെ ശേഖരത്തിനു കബീര്‍ മുതല്‍ക്കൂട്ടാക്കിയിരിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍