Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

ഭീകരത ആരുടെ പ്രശ്‌നമാണ് ?

വി.എം ഇബ്‌റാഹീം /കുറിപ്പ്

         ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകരപ്രതിഭാസത്തിനു പിന്നില്‍ ആരാണ്, അതിനൊരുത്തരം ഈ സമ്മേളനത്തില്‍ നിന്നു കിട്ടിയിട്ടു വേണം സമാധാനത്തോടെ തിരിച്ചുപോകാന്‍ എന്നായിരുന്നു ഇന്ത്യയില്‍ നിന്നെത്തിയ അസ്ഗറലി ഇമാം സലഫിയുടെ മട്ട്. സദസ്സില്‍ നിന്ന് അദ്ദേഹം ഉന്നയിച്ച സംശയത്തിനു ഉടനെ വന്നു അമേരിക്കന്‍ ഇമാംസ് കൗണ്‍സിലിന്റെ അധ്യക്ഷന്‍ ഉമര്‍ അഹ്മദ് ശാഹീന്റെ മറുപടി: ''അത് കൃത്യമായി ഹിലരി ക്ലിന്റന്റെ 'ഹാര്‍ഡ് ചോയ്‌സ്' എന്ന കൃതിയിലുണ്ടല്ലോ.'' ഇത്തരം പ്രതിഭാസങ്ങളുടെ നിഗൂഢതകള്‍ക്കും മാധ്യമഗോസിപ്പുകള്‍ക്കും പിറകെ പോകുകയല്ല, വര്‍ത്തമാന സാഹചര്യത്തെ നേരിടാന്‍ മുസ്‌ലിം സമൂഹത്തെ പ്രാപ്തമാക്കുകയാണ് പണ്ഡിതനേതൃത്വത്തിന്റെ മുഖ്യപരിപാടിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഫെബ്രുവരി 22 മുതല്‍ 25 വരെ മക്കയില്‍ മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി) സംഘടിപ്പിച്ച, ഭീകരതക്കെതിരായ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഭീകരതയുടെ സാമ്പത്തിക, സാമൂഹിക കാരണങ്ങള്‍ ചികയുന്ന സെഷനിലായിരുന്നു ഈ ചോദ്യവും മറുപടിയും. സമ്മേളനത്തിനിടെ പിന്നീട് കണ്ടുമുട്ടിയപ്പോള്‍ ഉമര്‍ ശാഹീനും മറ്റു പലരും പങ്കുവെച്ചതും ഇതേ വികാരം തന്നെ. ബോകോ ഹറമിന്റെ കെടുതികളെക്കുറിച്ച ചോദ്യത്തിന് നൈജീരിയയില്‍ നിന്നെത്തിയ മുന്‍ ചീഫ് ജസ്റ്റിസും ഇസ്‌ലാമിക് എജുക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റുമായ അഹ്മദ് ലിമു, ഐ.എസും ആനുകാലിക ഭീകരസംഘങ്ങളും സൃഷ്ടിക്കുന്ന പ്രബോധനരംഗത്തെക്കുറിച്ച് പരാമര്‍ശിക്കെ ഇന്ത്യയിലെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ സാകിര്‍ നായിക്, ആഗോള ഇസ്‌ലാമിക പണ്ഡിതസഭയുടെ അമരക്കാരിലൊരാളായ ഡോ. അലി ഖുര്‍റദാഗി, പാക് താലിബാനുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ വിശദീകരിച്ച പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി ഫോറിന്‍ അഫയേഴ്‌സ് ഡയറക്ടര്‍ അബ്ദുല്‍ഗഫാര്‍ അസീസ്, ലോക മതപാര്‍ലമെന്റിന്റെ അധ്യക്ഷനായ അമേരിക്കയില്‍ നിന്നുള്ള ഡോ. അബ്ദുല്‍മലിക് മുജാഹിദ് തുടങ്ങി പലരും പങ്കുവെച്ച വികാരവും ഇതുതന്നെ. അഥവാ, പ്രതിയോഗികള്‍ കൊണ്ടുപിടിച്ചു നടത്തുന്ന പ്രചാരണ ബഹളങ്ങളിലല്ല, കാലവും ലോകവുമറിഞ്ഞ് ഇസ്‌ലാമിനെ വ്യക്തിജീവിതത്തിലും പൊതുമണ്ഡലത്തിലും പ്രതിനിധാനം ചെയ്യേണ്ടതെങ്ങനെയെന്ന് പ്രാമാണികമായി ഉരുത്തിരിച്ചെടുക്കുകയും അതിന്റെ പ്രയോഗതലങ്ങള്‍ കണ്ടെത്തി സമൂഹത്തിനു ദിശാബോധം നല്‍കുകയുമാണ് ഇസ്‌ലാമിക പണ്ഡിത നേതൃത്വത്തിന്റെ അടിയന്തര ഉത്തരവാദിത്തം എന്ന തീര്‍പ്പിലാണ് നാലുനാള്‍ നീണ്ട സമ്മേളനം എത്തിച്ചേര്‍ന്നത്. ഇത്തരത്തില്‍ കൃത്യമായ നിലപാടും തദടിസ്ഥാനത്തിലുള്ള അടിയന്തര കര്‍മപദ്ധതികളും ആവിഷ്‌കരിച്ചു എന്നതാണ് മുസ്‌ലിം വേള്‍ഡ് ലീഗിന്റെ മക്കാ സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നതും. 

സുഊദി അറേബ്യന്‍ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് മുസ്‌ലിം വേള്‍ഡ് ലീഗ്. രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിനുള്ള സുഊദിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പ്രമുഖ പങ്കാളിയാണ് റാബിത്വ. ഐ.എസിന്റെ രംഗപ്രവേശത്തോടെ ഭീകരത അറബ് സമൂഹത്തിനിടയിലേക്ക് അര്‍ബുദം കണക്കെ വ്യാപിക്കുന്നുവെന്ന തിരിച്ചറിവില്‍ അതിനെ രാഷ്ട്രീയ, സായുധ പ്രതികരണങ്ങളിലൂടെ നേരിടുമ്പോള്‍ തന്നെ ബൗദ്ധിക, സാംസ്‌കാരികതലങ്ങളിലും പ്രതിരോധം തീര്‍ക്കണമെന്നും സുഊദി തീരുമാനമെടുത്തിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം യമന്‍ അതിര്‍ത്തിയായ അല്‍വദീഅയിലും കിഴക്കന്‍ പ്രവിശ്യയായ അല്‍അഹ്‌സയിലും നടന്ന ഭീകരാക്രമണങ്ങളും മധ്യ സുഊദിയിലെ ചിലയിടങ്ങളില്‍ നടന്ന ഭീകരവേട്ടകളും ഈ തീരുമാനത്തിന് ഗതിവേഗം പകര്‍ന്നു. അതിന്റെ പശ്ചാത്തലത്തില്‍ അന്തരിച്ച ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിര്‍ദേശാനുസാരം വിദ്യാഭ്യാസ, വൈജ്ഞാനിക, സാംസ്‌കാരികതലങ്ങളില്‍ സമ്മേളനങ്ങള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിച്ചഭീകരതക്കെതിരായ ബോധവത്കരണം തീവ്രയത്‌നപരിപാടിയായി ആവിഷ്‌കരിച്ചിരുന്നു. മക്കയില്‍ 117 രാജ്യങ്ങളിലെ 438 പണ്ഡിതന്മാരെ ക്ഷണിച്ച് 'ഇസ്‌ലാമും ഭീകരതക്കെതിരായ പ്രതിരോധവും' എന്ന തലക്കെട്ടില്‍ അന്താരാഷ്ട്ര സമ്മേളനവും ഇതിന്റെ തുടര്‍ച്ചയാണെന്നു പറയാം. ആനുകാലിക വിഷയങ്ങളില്‍ ആഗോള മുസ്‌ലിം സമൂഹവുമായി വീക്ഷണപ്പൊരുത്തം ഉണ്ടാക്കിയെടുക്കുകയും സമവായത്തിനു ശ്രമിക്കുകയുമാണ് റാബിത്വയുടെ ബാനറില്‍ ഇത്തരം സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നതിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മൂന്നു നാള്‍ നീണ്ടýഇസ്‌ലാമിക ഐക്യദാര്‍ഢ്യസമ്മേളനം സംഘടിപ്പിച്ചിരുന്നു. ആഗോള ഇസ്‌ലാമികസമൂഹം നേരിടുന്ന വെല്ലുവിളികളായിരുന്നു അന്ന് ചര്‍ച്ചാവിഷയം. അന്നത്തെ വാഗ്‌ധോരണികളും ലോകത്തിന്റെ കുറ്റാരോപണങ്ങളെ സ്വന്തം ചുമലില്‍ നിന്നു കുടഞ്ഞെറിയാനുള്ള വ്യഗ്രതയുമല്ല ഇത്തവണ മക്കയിലെ റാബിത്വ ആസ്ഥാനത്ത് കണ്ടത്. ഇസ്‌ലാമികസമൂഹം അഭിമുഖീകരിക്കുന്ന ഗുരുതരമായ വര്‍ത്തമാനത്തെ വസ്തുനിഷ്ഠമായും യാഥാര്‍ഥ്യബോധത്തോടെയും നേരിടാനുള്ള ഉറച്ച കാല്‍വെപ്പുകളാണ് മക്കാ സമ്മേളനത്തെ വ്യതിരിക്തമാക്കിയത്. ഇസ്‌ലാമിക രാഷ്ട്രങ്ങള്‍, മതസ്ഥാപനങ്ങളും പണ്ഡിതന്മാരും, വിദ്യാഭ്യാസ, മാധ്യമസ്ഥാപനങ്ങള്‍, കുടുംബം തുടങ്ങി വിവിധ വിഭാഗങ്ങള്‍ പുതുകാലത്തിന്റെ സ്പന്ദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനരീതി ഉടച്ചുവാര്‍ക്കേണ്ടതിന്റെ ആവശ്യകത സമ്മേളനത്തില്‍ സജീവ ചര്‍ച്ചാവിഷയമാവുകയും അതിന്റെ വെളിച്ചത്തില്‍ ചില സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും തീരുമാനമെടുക്കുകയും ചെയ്തു. 

ഭീകരകൃത്യങ്ങള്‍ സജീവമാവുകയും കുറ്റാരോപണം മുഴുവന്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മേല്‍ വെച്ചുകെട്ടിയുള്ള പ്രചാരണം കൊടുമ്പിരിക്കൊള്ളുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വൈകാരിക പ്രതികരണത്തിനു മുതിരാതെ ലോകം അഭിമുഖീകരിക്കുന്ന ഭീഷണിയെ ചെറുക്കാന്‍ ദൈവികമതത്തിന്റെ വക്താക്കള്‍ എന്ന നിലക്കുള്ള ക്രിയാത്മകമായ പര്യാലോചനക്കാണ് സമ്മേളനം മിനക്കെട്ടത്. ഭീകരതയുമായി ഇസ്‌ലാമിനെ ചേര്‍ത്തുകെട്ടി പറയുന്നതിന്റെ പൊരുളെന്ത്, തീവ്രവാദത്തിലേക്ക് ചെറുപ്പക്കാര്‍ വഴിതെറ്റിക്കപ്പെടുന്നതെന്തു കൊണ്ട്, അതിനെ ചെറുക്കാന്‍ ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിക്കേണ്ടത് എന്നീ വിഷയങ്ങളിലുള്ള സൂക്ഷ്മതല ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടന്നത്. ഭീകരതയെ എങ്ങനെ നിര്‍വചിക്കാം, അതിലേക്ക് യുവാക്കളെ തള്ളിവിടുന്ന ഭരണപരവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങള്‍, വിദ്യാഭ്യാസ, സാംസ്‌കാരിക മാധ്യമ മേഖലകളിലെ ദുഃസ്വാധീനം, ഭീകരവാദ കെടുതികള്‍ മുസ്‌ലിം രാജ്യങ്ങളെയും പുറം സമൂഹങ്ങളെയും എങ്ങനെ ബാധിക്കുന്നു, പ്രതിലോമചിന്തകളിലേക്ക് മുസ്‌ലിം തലമുറ വശംവദരാകാതിരിക്കാന്‍ കുടുംബ ജീവിതത്തിലും കലാലയാന്തരീക്ഷത്തിലും അക്കാദമികരംഗത്തുമൊക്കെ എന്തു ചെയ്യാനാവും തുടങ്ങിയ ചര്‍ച്ചകളാണ് ആറു മുഖ്യ ശീര്‍ഷകങ്ങളില്‍ നാലു ദിവസത്തെ ശില്‍പശാലകളില്‍ നടന്നത്. വിവിധ രാജ്യങ്ങളിലെ സംഘടനകളും സ്ഥാപനങ്ങളും ഭരണകൂടവുമൊക്കെ പുത്തന്‍പ്രവണതകളെ എങ്ങനെ നേരിടുന്നു എന്ന അനുഭവ പങ്കുവെപ്പിന്റെ വേദി കൂടിയായിരുന്നു സമ്മേളനം. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരായ കുറ്റാരോപണങ്ങളില്‍ നിന്നു മാപ്പുസാക്ഷികളായി ഓടിയൊളിക്കുകയല്ല, പ്രബോധകസമൂഹമെന്ന നിലയില്‍ പുതിയ വെല്ലുവിളികളെ ക്രിയാത്മകമായി എങ്ങനെ നേരിടാം എന്ന ഗൗരവതരമായ ചര്‍ച്ച ലോകമെങ്ങും സജീവമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു നാലുനാള്‍ പരിപാടി.

താജികിസ്താനില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ഒരു പരിപാടിയുടെ അജണ്ടയുമായി സമീപിച്ചപ്പോള്‍ ഡോ. സാകിര്‍ നായിക് അവരോട് പറഞ്ഞു, 'താനും പുറംനാടുകളില്‍ നിന്നുള്ള പ്രഭാഷകരും പ്രബോധകരും വന്നു പരിപാടി സംഘടിപ്പിച്ചതുകൊണ്ടു മാത്രമായില്ല, നിങ്ങളുടെ നാടറിയുന്ന, ഭാഷയറിയുന്ന നിങ്ങളില്‍ തന്നെയുള്ളവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന്'. അതുപോലെ ഇസ്‌ലാമിക നിയമസംഹിതയുടെ പഴയകാല സങ്കേതങ്ങള്‍ വെച്ച് പുതുകാലത്തെ വായിക്കുന്നതിലെ അപഹാസ്യതയും അപകടവും അനാവരണം ചെയ്ത് ജിഹാദ്/ഖിതാലിനെ കുറിച്ചും ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം പദവിയെക്കുറിച്ചും സുഡാനിലെ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി അധ്യക്ഷന്‍ ഡോ. ഇസാമുദ്ദീന്‍ ബിന്‍ അഹ്മദ് അല്‍ ബശീര്‍ നടത്തിയ പ്രൗഢമായ രണ്ടു പ്രഭാഷണങ്ങളും അതിനെ പിന്തുടര്‍ന്ന് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ പസഫിക് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ഉന്നയിച്ച സംശയങ്ങളും നിര്‍ദേശങ്ങളും പ്രമാണങ്ങളിലുറച്ചു തന്നെ പ്രയോഗത്തിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ മുസ്‌ലിം ലോകത്ത് സജീവമാണെന്ന ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പുതുകാല പ്രശ്‌നങ്ങളെ വിശകലനം ചെയ്ത് തീര്‍പ്പിലെത്താനുതകുന്ന ഒരു ഫിഖ്ഹ് അക്കാദമി, മാധ്യമരംഗത്തെ ദയനീയാവസ്ഥ മറികടന്ന് മുസ്‌ലിംതലമുറയെ ആ രംഗത്ത് പരിശീലിപ്പിച്ചെടുക്കാനുള്ള മാധ്യമ അക്കാദമി എന്നിവക്ക് രൂപം നല്‍കാനുള്ള നിര്‍ദേശങ്ങള്‍ പ്രതിനിധികളുയര്‍ത്തുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍ ഭീകരതയുടെ പേരില്‍ വംശവെറി പൂണ്ട പടിഞ്ഞാറിന്റെ ഒറ്റതിരിഞ്ഞാക്രമണത്തിനു മറുപടി കൊടുക്കാന്‍ മിനക്കെടുന്നതിനു പകരം വര്‍ത്തമാനപ്രതിസന്ധിയെ വിജയകരമായി തരണം ചെയ്യാന്‍ മുസ്‌ലിംസമൂഹത്തെ പ്രാപ്തമാക്കുകയാണ് അടിയന്തര ഉത്തരവാദിത്തം എന്ന തിരിച്ചറിവും അതേത്തുടര്‍ന്നുള്ള മുന്നൊരുക്കങ്ങളും ആഗോളവ്യാപകമാണെന്ന് സമ്മേളനം വ്യക്തമാക്കുന്നു. ഇക്കണ്ട നരമേധങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും അധിനിവേശങ്ങളുടെയും ഇടക്കു തന്നെ കരുതലോടു കൂടിയ അതിജീവനപ്രവര്‍ത്തനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ ആവേശപൂര്‍വം നടന്നുവരുന്നത്. 

ഭീകരവാദവും വിധ്വംസകപ്രവര്‍ത്തനങ്ങളും മുസ്‌ലിംപ്രശ്‌നമല്ലെന്ന് സമ്മേളനം ശക്തമായ ഭാഷയില്‍ അന്താരാഷ്ട്ര സമൂഹത്തോട് തുറന്നുപറഞ്ഞു. തീവ്രവാദത്തിനും ഭീകരതക്കുമൊന്നും മതമില്ല. ഇസ്‌ലാമിനോട് യുദ്ധം ചെയ്തും ഇസ്‌ലാം ഭീതി വിതച്ചുമല്ല, ഒരൊറ്റ ലോകത്ത് ഒരുമിച്ച് ജീവിതം പുലര്‍ത്തേണ്ടവരാണെന്ന ബോധത്തോടെ മുസ്‌ലിം രാഷ്ട്രങ്ങളെയും പണ്ഡിതരെയും സംഘടനകളെയും കൂടി സഹകരിപ്പിച്ചുകൊണ്ടേ ഈ ആഗോളപ്രതിഭാസത്തെ നേരിടാനാവൂ എന്ന് സമ്മേളനത്തിനൊടുവില്‍ പുറപ്പെടുവിച്ച മക്ക പ്രഖ്യാപനം അന്താരാഷ്ട്ര സമൂഹത്തെ ഓര്‍മിപ്പിച്ചു. ഇസ്‌ലാമിനെ ആദിമവിശുദ്ധിയോടെ അവതരിപ്പിക്കാനും പിഴച്ച ചിന്തകളിലേക്ക് യുവാക്കള്‍ വഴിതെറ്റാതിരിക്കാനും പണ്ഡിതന്മാര്‍ മുന്‍കൈയെടുക്കുക, മാനവികഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമിക തത്ത്വങ്ങളില്‍ ഭരണക്രമത്തെ ഉറപ്പിച്ചുനിര്‍ത്താനും മനുഷ്യാവകാശങ്ങളെ മാനിക്കാനും മുസ്‌ലിം ഭരണകൂടങ്ങള്‍ തയാറാവുക, അക്രമത്തിനും ആഭാസത്തിനും പ്രചാരം കുറച്ച് ഇസ്‌ലാമിന്റെ മഹിതമൂല്യങ്ങള്‍ക്കു കൂടുതല്‍ പ്രചാരം നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുക, അധിനിവേശവും അതിക്രമവും മാറ്റിവെച്ച് മാനവികനാഗരികതയുടെ പൊതുതാല്‍പര്യങ്ങള്‍ക്കു വേണ്ടി സമൂഹങ്ങള്‍ തമ്മില്‍ സഹജീവനത്തിനു അവസരമൊരുക്കാന്‍ അന്താരാഷ്ട്ര സമൂഹം തയാറാവുക എന്നീ ആഹ്വാനങ്ങളും മക്കാ പ്രഖ്യാപനത്തിലുണ്ട്. സമ്മേളനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അത്തുര്‍ക്കിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണ്ഡിതന്മാര്‍, സര്‍വകലാശാലകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഭീകരത അടക്കമുള്ള ആനുകാലിക വിഷയങ്ങളിലെ ഇസ്‌ലാമിന്റെ നയനിലപാടുകള്‍ക്ക് ആഗോളവ്യാപകമായ പ്രചാരണം നല്‍കുകയാണ് സമിതിയുടെ മുഖ്യപ്രവര്‍ത്തനമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ഭീകരത ആഗോള പ്രതിഭാസമാണെന്നു വ്യക്തമാക്കിയ സമ്മേളനം അതിനെ പ്രതിരോധിക്കാന്‍ ഇസ്‌ലാമികസമൂഹം സ്വീകരിച്ചുവരുന്ന മാര്‍ഗങ്ങള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു. ഒപ്പം ഇക്കാര്യത്തില്‍ ആരോപണങ്ങളുടെ കുന്തമുനയുമായി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ തിരിയുന്നവര്‍ എന്തെടുക്കുകയാണ് എന്ന ശക്തമായ മറുചോദ്യം ഉന്നയിക്കുകയും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍