ഇ.പി അബു
ഇ.പി അബു
എടയൂര്‍ മാവണ്ടിയൂര്‍ യൂനിറ്റിലെ സജീവ അനുഭാവിയായിരുന്നു ഇ.പി അബു സാഹിബ്. പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ പേരില്‍ ധാരാളം പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. നാട്ടിലെ പ്രമാണിയും കൂട്ടരും അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോഴും, സ്വന്തം കുടുംബം തന്നെ തള്ളിപ്പറഞ്ഞപ്പോഴും ഒരുവേള തന്റെ മാനസിക നില തകരാറിലാകുമെന്ന് ആശങ്കിച്ചപ്പോള്‍ പോലും 'ഇതെല്ലാം എന്റെ റബ്ബ് കാണുന്നുണ്ട്, പ്രസ്ഥാന പ്രവര്‍ത്തന മേഖലയില്‍ ഇതൊന്നും വലിയ കാര്യമല്ല' എന്ന് പറഞ്ഞ് ഞങ്ങളെ സമാധാനിപ്പിക്കുമായിരുന്നു. കാന്‍സറിന്റെ വേദന മൂര്‍ധന്യാവസ്ഥയിലെത്തിയ തന്റെ അറുപതാം വയസ്സിലും കൃത്യമായി ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തുമായിരുന്നു.
ടി.പി സ്വാലിഹ് മാവണ്ടിയൂര്‍
തെച്ച്യാട് ഉണ്ണിമോയി
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്ത തെച്ച്യാടിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനും കച്ചവടക്കാരനുമായിരുന്നു കോഴിക്കന്‍ തൊടിക ഉണ്ണിമോയി സാഹിബ്. നിശ്ശബ്ദ സേവനത്തിലൂടെ ഒരു ഗ്രാമത്തിന്റെ ആദരവ് നേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. സാധാരണക്കാരില്‍ സാധാരണക്കാരന്‍. പക്ഷേ, ഉണ്ണിമോയി സാഹിബിന്റെ സ്‌നേഹവും സേവനവും ഏറ്റുവാങ്ങാത്തവര്‍ ഗ്രാമത്തില്‍ ഉണ്ടാവില്ല. ജാതി മത ഭേദമന്യേ മുഴുവന്‍ നാട്ടുകാര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും താങ്ങായി ചെറുതും വലുതുമായ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നിര്‍വഹിച്ചിരുന്നത്. കുന്നിന്‍ മുകളില്‍, കോളനികളില്‍, കല്യാണ വീടുകളില്‍, കുടിവെള്ള ദൗര്‍ലഭ്യം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ സ്വന്തം കിണറ്റില്‍ നിന്ന് കുടിവെള്ളം ടാങ്കുകളിലാക്കി എത്തിച്ചുകൊടുത്തുകൊണ്ടാണ് അദ്ദേഹം നാട്ടുകാരുടെ സേവകനായത്. തെച്ച്യാടിനടുത്ത അയ്യപ്പന്‍കുന്ന് കോളനിക്കാര്‍ക്കുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം നല്‍കിയത് അദ്ദേഹമായിരുന്നു. വീട്ടുമുറ്റത്തെ കിണറില്‍ നിന്ന് വര്‍ഷങ്ങളായി നാല് പമ്പ് സെറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് അയല്‍വാസികള്‍ കുടിവെള്ളം എടുത്തുവരുന്നു.
പൊതുവഴികള്‍ ഉണ്ടാക്കി കൊടുക്കലും പണിയായുധങ്ങള്‍, വാടക സാധനങ്ങള്‍, സ്വയം കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികള്‍ എന്നിവ സൗജന്യമായി നല്‍കലും അദ്ദേഹത്തിന്റെ രീതിയായിരുന്നു. കൃഷിയെയും പ്രകൃതിയെയും അങ്ങേയറ്റം സ്‌നേഹിച്ചിരുന്ന അദ്ദേഹം റോഡരികില്‍ താന്‍ തന്നെ നട്ടുപിടിപ്പിച്ച തണല്‍ മരം ഇലക്ട്രിക്‌സിറ്റി ജീവനക്കാര്‍ നിശിപ്പിക്കുന്നതിന് മുമ്പെ വെട്ടി ശരിപ്പെടുത്തുന്നതിനിടെയാണ് ഇലക്ട്രിക് ഷോക്കേറ്റ് ആകസ്മിക മരണം പുല്‍കുന്നത്. രാത്രി വൈകിയും ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ കച്ചവട സ്ഥാപനം എല്ലാവര്‍ക്കും ആശ്രയവും അത്താണിയുമായിരുന്നു.
ഇ.കെ മുഹമ്മദ് ഓമശ്ശേരി
പി.പി അബ്ദുര്‍റഹ്മാന്‍
നാട്ടിലും പ്രവാസ ജീവിതത്തിലും പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ഈയിടെ നിര്യാതനായ കൊടിയത്തൂരിലെ തേങ്ങമണ്ണില്‍ പി.പി അബ്ദുര്‍റഹ്മാന്‍. ചേന്ദമംഗല്ലൂരിലും ശാന്തപുരത്തും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കുറച്ചുകാലം ഈരാറ്റുപേട്ടയില്‍ മുസ്‌ലിം ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. തുടര്‍ന്ന് മുപ്പത് വര്‍ഷത്തോളം ഖത്തറില്‍ പ്രവാസിയായി. ആറു വര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. രണ്ട് വര്‍ഷത്തിലേറെയായി രോഗശയ്യയിലായിരുന്നു.
അറബി, ഉര്‍ദു ഭാഷകളിലേതടക്കം പ്രസ്ഥാന സാഹിത്യങ്ങളും മറ്റു ഗ്രന്ഥങ്ങളും വായിക്കുക പതിവായിരുന്നു. ഖത്തറിലെ ദീര്‍ഘകാല പ്രവാസത്തിനിടക്ക് സാമൂഹിക സേവനരംഗത്ത് ഏറ്റവും വലിയ കാല്‍വെപ്പായിരുന്നു കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറത്തിന്റെ രൂപീകരണം. പഠനം, വീടു നിര്‍മാണം, ചികിത്സ, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്ന ഈ സംഘടനയുടെ സ്ഥാപകനും ഏറെക്കാലം അതിന്റെ പ്രസിഡന്റുമായിരുന്നു അദ്ദേഹം. മരണം വരെ അതിന്റെ മാര്‍ഗദര്‍ശിയും ഉപദേശകനുമായി പ്രവര്‍ത്തിച്ചു.
വലിയ പ്രഭാഷകനായിരുന്നില്ലെങ്കിലും ഖുര്‍ആന്‍ പഠിപ്പിക്കാനും പഠനം പ്രോത്സാഹിപ്പിക്കാനും മുന്‍പന്തിയിലായിരുന്നു. കൊടിയത്തൂര്‍ ഏരിയയിലെ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു. സ്ത്രീകള്‍ക്കു വേണ്ടി ഒന്നിലേറെ ക്ലാസ്സുകള്‍ നടത്തിയിരുന്നു.
അബ്ദുര്‍റഹ്മാന്റെ എടുത്തു പറയാവുന്ന ഗുണമായിരുന്നു കൃത്യനിഷ്ഠ. അക്കൗണ്ടിലെ കണിശതയുടെ കാര്യത്തില്‍ മാത്രമല്ല, സമയനിഷ്ഠയുടെ കാര്യത്തിലും ആര്‍ക്കും മാതൃകയായിരുന്നു. മിതഭാഷിയെങ്കിലും അര്‍ഥഗര്‍ഭമായ തമാശകളോടെയുള്ള സംസാരം ഏറെ ഹൃദ്യമായിരുന്നു.
പി.പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍
Comments