Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

ചോദ്യോത്തരം

മുജീബ്

ഖാദിയാനികളെ 
അമുസ്‌ലിംകളായി പ്രഖ്യാപിച്ചതിന്റെ ക്രെഡിറ്റ്

''ഖാദിയാനികള്‍ മുസ്‌ലിംകളല്ല എന്ന് ലോകചരിത്രത്തില്‍ തന്നെ ആദ്യമായി തീരുമാനമെടുത്തത് സമസ്തയാണ്. വഹാബികളും മൗദൂദികളും താത്ത്വികമായി ഇന്നും ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടോ എന്നറിവായിട്ടില്ല. പിന്നെയാണ് പാകിസ്താന്‍ അടക്കമുള്ള മുസ്‌ലിം രാഷ്ട്രങ്ങള്‍ തീരുമാനങ്ങളുമായി വരുന്നത്...

മലപ്പുറം ജില്ലയിലെ മുത്തനൂരില്‍ ഒരു ഖാദിയാനി മരിച്ചപ്പോള്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു പ്രതിയോഗികള്‍.  ഖാദിയാനിയായ കാരണത്താല്‍ മുത്തനൂരിലെ മുസ്‌ലിം ശ്മശാനം തടഞ്ഞത് ശരിയാണ്. വഹാബികളും മൗദൂദികളും ഖാദിയാനികള്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ അവര്‍ക്ക് വീര്യം കൂടി. മരണപ്പെട്ട ഖാദിയാനിയെ മദ്ഹബ് അംഗീകരിക്കുന്ന സുന്നിയായി വഹാബികള്‍ കോടതിയില്‍ അവതരിപ്പിച്ചു. വഹാബി മനസ്സുമായി വന്ന വക്കീലിന് പക്ഷേ, മുസ്‌ലിം പക്ഷത്തെ സാക്ഷി ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല'' (വി.പി ആലിക്കുട്ടി സഖാഫി, രിസാല ലക്കം 1127). മുജീബിന്റെ പ്രതികരണം?

സൈനബ ഓമശ്ശേരി

         മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി താന്‍ മഹ്ദിയും വാഗ്ദത്ത മസീഹും പ്രവാചകനുമാണെന്ന് ഘട്ടം ഘട്ടമായി വാദിച്ച് രംഗപ്രവേശം ചെയ്തത് പത്തൊമ്പതാം ശതകത്തിന്റെ അന്ത്യദശകത്തിലാണ്. അക്കാലത്ത് തന്നെ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാര്‍ അത് നിരാകരിക്കുകയും അയാളെ തള്ളിപ്പറയുകയും ചെയ്തിരുന്നതാണ്. മൗലവി സാനഉല്ലാഹ് അമൃതസരിയായിരുന്നു ഖാദിയാനിയെ ശക്തിയുക്തം നേരിട്ട സമകാലിക പണ്ഡിതരില്‍ പ്രമുഖന്‍. പിന്നീട് ദാറുല്‍ ഉലൂം ദയൂബന്ത്, അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ ലോക പ്രശസ്ത സ്ഥാപനങ്ങളും മീര്‍സാ ഗുലാം അഹ്മദ് വ്യാജനാണെന്നും അയാളെ പ്രവാചകനായി അംഗീകരിച്ചവര്‍ ഇസ്‌ലാമിന് പുറത്താണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. വിഖ്യാത കവിയും ദാര്‍ശനികനുമായിരുന്ന മുഹമ്മദ് ഇഖ്ബാലും ഖാദിയാനിസത്തെ യുക്തിപൂര്‍വം ഖണ്ഡിക്കുകയും അതിനെ ദേശ സ്‌നേഹ പ്രസ്ഥാനമായി തെറ്റിദ്ധരിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിനെ പരസ്യമായി തിരുത്തുകയും ചെയ്തു. എന്നാല്‍, അമ്പതുകളുടെ തുടക്കത്തില്‍ പാകിസ്താനില്‍ ഖാദിയാനി വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി പുറത്തിറക്കിയ 'ഖാദിയാനി മസ്അല' എന്ന ലഘു കൃതിയിലൂടെ, ഖാദിയാനികളെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിക്കുകയാണ് പ്രശ്‌ന പരിഹാരം എന്നു ചൂണ്ടിക്കാണിച്ചതോടെയാണ് ഇക്കാര്യത്തില്‍ വഴിത്തിരിവുണ്ടായത്. പഞ്ചാബില്‍ ആയിടെ പ്രഖ്യാപിക്കപ്പെട്ട മാര്‍ഷല്‍ ലോയുടെ പിന്‍ബലത്തില്‍ മൗദൂദിയെ അറസ്റ്റ് ചെയ്തു, പട്ടാള കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന സമ്മര്‍ദങ്ങളെത്തുടര്‍ന്ന് വധശിക്ഷ റദ്ദാക്കി, ജയില്‍ മോചിതനാക്കേണ്ടി വന്നു. എന്നാല്‍, സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ഭരണകാലത്താണ് പാകിസ്താനില്‍ ഒരു ജനാധിപത്യ ഭരണഘടന ഉണ്ടാവുന്നത്. ആ ഭരണ ഘടനയില്‍ നേരത്തേ മൗദൂദി മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിക്കപ്പെട്ടതോടെ ഖാദിയാനികള്‍ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിക്കപ്പെട്ടു. 1977-ല്‍ ജനറല്‍ സിയാഉല്‍ ഹഖിന്റെ ഭരണകാലത്ത് ഖാദിയാനികള്‍ ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതും വിലക്കി. അതോടെയാണവര്‍ ആസ്ഥാനം 'റബ്‌വ'യില്‍ നിന്ന് ലണ്ടനിലേക്ക് പറിച്ചു നട്ടത്. ഇതൊന്നും കേരളത്തിലെ സമസ്തയുടെ ഫത്‌വയനുസരിച്ചല്ലെന്ന് വ്യക്തമാണ്.

കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ തീരുമാനം പുറത്തുവരുന്നതിന് എത്രയോ മുമ്പേ മുസ്‌ലിം ലോകം ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്ന് വിധിയെഴുതിയിരുന്നു എന്നര്‍ഥം. അമ്പതുകളിലാണ് തൃപ്പനച്ചിക്കടുത്ത മുത്തനൂരില്‍ മരണപ്പെട്ട ഖാദിയാനിയെ മുസ്‌ലിം ശ്മശാനത്തില്‍ ഖബ്‌റടക്കാന്‍ മഹല്ല് വിസമ്മതിച്ചതും പ്രശ്‌നം കോടതിയിലെത്തുന്നതും. 'വഹാബികളും മൗദൂദികളു'മൊന്നും ആ കേസില്‍ ഖാദിയാനികള്‍ക്കനുകൂലമായ നിലപാടെടുത്തിട്ടില്ല. മുജാഹിദ് ഭാഗത്ത് നിന്ന് സാക്ഷിയായി വിസ്തരിക്കപ്പെട്ട മര്‍ഹൂം സി.പി അബൂബക്കര്‍ മൗലവിയുടെ മൊഴികള്‍ അന്നേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നാണോര്‍മ. സാര്‍വദേശീയ തലത്തില്‍ ഖാദിയാനികളെ അമുസ്‌ലിംകളായി പ്രഖ്യാപിക്കപ്പെടാന്‍ വഴിയൊരുക്കിയത് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ആണെന്നതുകൊണ്ടാണ് അദ്ദേഹത്തെ ദജ്ജാലും പിശാചുമായി ഇന്നും ഖാദിയാനികള്‍ ചിത്രീകരിക്കുന്നതും ശപിക്കുന്നതും. എന്നിരിക്കെ ജമാഅത്തെ ഇസ്‌ലാമിക്ക് ഒരുകാലത്തും ഒരിടത്തും വേറിട്ടൊരു നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിവന്നിട്ടില്ല.  ഖാദിയാനികള്‍ മുസ്‌ലിംകളാണെന്ന് കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് കൃഷ്ണയ്യര്‍ വിധി എഴുതിയതോടെ അവര്‍ക്ക് മുസ്‌ലിം ശ്മശാനം തടയുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ക്ക് നിയമസാധുത നഷ്ടമാവുകയും ചെയ്തു. 

രോഗശമനം വിധിക്കാത്ത മതങ്ങള്‍

ഒരു ദൈവവും രോഗം പരത്തുന്ന രോഗാണുക്കളെക്കുറിച്ച് പറഞ്ഞതായി കേട്ടിട്ടില്ല. രോഗാണുക്കളുടെ സൃഷ്ടിയെക്കുറിച്ചും ദൈവത്തിന് മിണ്ടാട്ടമില്ല. ലക്ഷക്കണക്കിന് ആളുകള്‍ അലമുറയിട്ട് ആര്‍ത്തു വിളിച്ചിട്ടും രോഗങ്ങളില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ ദൈവത്തിനായില്ല. ഒടുവില്‍ യുക്തിചിന്തയില്‍ നിന്നുടലെടുത്ത ശാസ്ത്ര വിജ്ഞാനമാണ് രോഗാണുക്കളെ കണ്ടെത്തിയതും രോഗത്തിന് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ രീതികള്‍ വികസിപ്പിച്ചെടുത്തതും. സയന്‍സിന്റെ ഈ മുന്നേറ്റമുണ്ടായിരുന്നില്ലെങ്കില്‍ മാനവരാശിയുടെ സ്ഥിതി എന്തായിത്തീരുമായിരുന്നുവെന്ന് പറയാന്‍ ആത്മീയവാദികള്‍ സന്നദ്ധമാണോ? 'എന്താണ് യുക്തിവാദം' എന്ന പ്രഭാഷണത്തില്‍ നിന്ന്. 

ആത്മീയവാദികള്‍ അവതരിപ്പിച്ച അന്ധവിശ്വാസ-അനാചാരങ്ങള്‍ ഇല്ലാത്ത മനോരോഗങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. ശാസ്ത്രവും യുക്തിചിന്തയുമാണ് വികാസത്തിന് വഴിവെച്ചതെന്നും ശാസ്ത്ര മുന്നേറ്റത്തിലൂടെയാണ് മഹാരോഗങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞതെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ മതവിശ്വാസികള്‍ എന്തു മറുപടി നല്‍കണം?

സമദ് കല്ലടിക്കോട്

         ദൈവത്തെക്കുറിച്ചോ യുക്തിയെക്കുറിച്ചോ ശാസ്ത്രത്തെക്കുറിച്ചോ ഒരു ചുക്കും അറിയാത്തയാളുടെ യുക്തിവാദമാണതെന്നത് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. സ്രഷ്ടാവായ ദൈവം ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തനായി വിശേഷബുദ്ധിയോടും സവിശേഷ കഴിവുകളോടും കൂടി പടച്ച ജീവിയാണ് മനുഷ്യന്‍. സ്രഷ്ടാവ് നല്‍കിയ ബുദ്ധിയാണ് സകല യുക്തിവിചാരങ്ങളുടെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനം. ബുദ്ധി നല്‍കപ്പെട്ട മനുഷ്യന് അനുഭവങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും നവംനവങ്ങളായ യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താനുള്ള ശേഷിയും ദൈവമാണ് നല്‍കിയത്. അക്കൂട്ടത്തില്‍ പെട്ടതാണ് രോഗാണുക്കളും പ്രതിവിധികളും. പ്രാകൃത മനുഷ്യന് പ്രകൃതിപരമായ മാര്‍ഗങ്ങളിലൂടെ രോഗ ചികിത്സാ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിരുന്നു. അതാണിന്നത്തെ നാടന്‍, ആദിവാസി, ആയൂര്‍വേദ, പ്രകൃതി ചികിത്സാ സമ്പ്രദായങ്ങളായി വികസിച്ചത്. രസതന്ത്രം, ഊര്‍ജതന്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ വികാസം ആധുനിക വൈദ്യശാസ്ത്രത്തിനും ജന്മം നല്‍കി. ഇതിനൊക്കെയും അടിസ്ഥാനം ദൈവം മനുഷ്യന് നല്‍കിയ ബുദ്ധി തന്നെ. അതിനിയും വികസിക്കും. പുതിയ രോഗാണുക്കളെയും പ്രതിവിധികളെയും കണ്ടെത്തുന്നതോടൊപ്പം, കണ്ടെത്തിയ രോഗ ചികിത്സാ രീതികളുടെ ന്യൂനതകളും പാളിച്ചകളും തിരുത്താനും ശാസ്ത്രത്തിനു കഴിയും. ഒപ്പം, ശാസ്ത്രത്തിന്റെ പരിമിതികളും ബോധ്യപ്പെടും. ഏറ്റവും ഒടുവില്‍ അര്‍ബുദ രോഗ കാരണങ്ങളെക്കുറിച്ച ഗവേഷണം ചെന്നെത്തിയത് എവിടെയാണ്? അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് 'നിര്‍ഭാഗ്യം' ആണെന്ന്! ശാസ്ത്ര പരാജയത്തിന്റെ തുറന്ന സമ്മതമല്ലാതെ മറ്റെന്താണിത്? എങ്കിലും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ പരമാവധി മുന്നോട്ടു കൊണ്ടുപോകുന്നതാണ് ശരി. അതാണ് ദൈവഹിതവും. 'നിങ്ങള്‍ ചിന്തിക്കുന്നില്ലെയോ' എന്ന് വിശുദ്ധ ഖുര്‍ആന്‍ നിരന്തരം ചോദിക്കുന്നുണ്ട്. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച നിരന്തരമായ ആലോചനയെയും ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നതായി കാണാം.

എന്നാല്‍, മനുഷ്യബുദ്ധിക്കോ യുക്തിക്കോ കടന്നുചെല്ലാനാവാത്ത മറ്റൊരു മേഖലയുണ്ട്. അവിടെയാണ് മതം രക്ഷക്കെത്തുന്നത്. ആത്മാവുമായി ബന്ധപ്പെട്ട മേഖലയാണത്. ഭൗതികമാര്‍ഗേണ കണ്ടെത്താന്‍ കഴിയുന്ന സത്യമല്ല ആത്മാവ്. ഒരു ലാബിലെയും ഗവേഷണ നിരീക്ഷണങ്ങള്‍ അതേപ്പറ്റിയുള്ള അന്തിമ സത്യങ്ങള്‍ അനാവരണംചെയ്യാന്‍ പ്രാപ്തവുമല്ല. അതേയവസരത്തില്‍ മനുഷ്യ ചിന്തയുടെയും വികാര വിചാരങ്ങളുടെയും സ്രോതസ്സായ ആത്മാവിനെ നിഷേധിക്കാനും കഴിയില്ല. മസ്തിഷ്‌കമാണ് ബോധത്തിന്റെയും ചേതനയുടെയും പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തിയ ആധുനിക ശാസ്ത്രം തത്സംബന്ധമായ ഗവേഷണങ്ങളും അന്വേഷണങ്ങളും അതീവ ജാഗ്രതയോടെ തുടരുന്നുണ്ടെങ്കിലും ആത്മാവിന്റെ രഹസ്യ കലവറയിലേക്ക് എത്തിച്ചേരാന്‍ അതൊന്നും പര്യാപ്തമായിട്ടില്ല. ഭൗതിക ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തായ ആത്മാവിനെപ്പറ്റി കാലാകാലങ്ങളിലെ മനുഷ്യര്‍ക്ക് അറിവ് നല്‍കിക്കൊണ്ടിരുന്നത് അവരില്‍ നിന്നുതന്നെ ദൈവം തെരഞ്ഞെടുത്ത പരിശുദ്ധാത്മാക്കളായ സത്യ പ്രവാചകന്മാര്‍ മുഖേനയാണ്. അവരിലൂടെ ലഭിച്ച ദിവ്യ ഗ്രന്ഥങ്ങളാണ് ജീവിതം-മരണം, സന്മാര്‍ഗം-ദുര്‍മാര്‍ഗം, ശരി-തെറ്റ്, സത്യം-അസത്യം, ശാന്തി-അശാന്തി, മരണാനന്തര ജീവിതം, പുനരുത്ഥാനം, വിചാരണ, സ്വര്‍ഗം-നരകം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച കൃത്യവും യഥാര്‍ഥവുമായ വിവരങ്ങള്‍ ലഭിക്കുന്നത്. ആ വിവരങ്ങളും തദടിസ്ഥാനത്തിലുള്ള ജീവിത ചര്യയും യഥാവിധി അനുധാവനം ചെയ്ത് ഇഹലോക ജീവിതം നയിക്കുന്നവര്‍ ഇവിടത്തെത്തന്നെ നന്മകളുടെ ആള്‍രൂപങ്ങളായും, എല്ലാം നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്ത് തിന്മയുടെ പ്രതിരൂപങ്ങളായും നാം കാണുന്നു. ലോകത്ത് ധാര്‍മിക-നൈതിക മൂല്യങ്ങള്‍ ഏതെങ്കിലും അളവില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആത്മീയ ജീവിതത്തിന്റെ സദ്ഫലങ്ങളായിട്ടാണ്. യുക്തിവാദികളുടെ കണ്ണില്‍ അത്തരം മൂല്യങ്ങളേ ഇല്ല. കേവലം കുരങ്ങ് പരിണമിച്ച ജീവിയായും ആത്മാവില്ലാത്ത അസ്തിത്വമായും മനുഷ്യനെ കാണുന്നവര്‍ക്ക് അവന്റെ മഹത്വവും ശ്രേഷ്ഠതയും കണ്ടെത്താനാവില്ല. സത്യത്തില്‍ ശാസ്ത്രവും ആത്മീയതയും സമന്വയിക്കുമ്പോഴാണ് ഭൂമിയില്‍ സമാധാനവും സമൃദ്ധിയും കൈവരുന്നത്. രോഗം പിടിപെട്ട ശേഷം ചികിത്സ തേടുന്നതിലല്ല, രോഗം വരാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും, പ്രകൃതിയുക്തമായ ജീവിത ശൈലി സ്വായത്തമാക്കുന്നതിനുമാണ് മതം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നതും ഓര്‍ക്കേണ്ടതാണ്. 

ഒരു വിഡ്ഢിത്തത്തിന്റെ 
വിരസമായ ആവര്‍ത്തനം

'ഇന്ത്യയില്‍ ആര്‍.എസ്.എസ് ഉയര്‍ത്തിപ്പിടിക്കുന്ന മതരാഷ്ട്രവാദത്തിന് ബദലാണ് ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിപ്പിടിക്കുന്ന മതരാഷ്ട്ര സങ്കല്‍പമെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമി ചെയ്തുകൊണ്ടിരിക്കുന്നത് മഹാ വിഡ്ഢിത്തമാണെന്നും ഇത് സാമ്രാജ്യത്വത്തെ മാത്രമേ സഹായിക്കുകയുള്ളൂവെന്നും അതിനാല്‍ മതേതര ജനാധിപത്യ ശക്തികളോടൊപ്പം നില്‍ക്കലാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്യേണ്ടതെന്നും ഡോ. കെ.എന്‍ ഗണേഷ് അധ്യാപക ലോകത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. പ്രതികരണം?

എ. അബ്ബാസ് റോഡുവിള, കൊല്ലം

         അനേകമനേകം തവണ മറുപടി നല്‍കിക്കഴിഞ്ഞതും വിശദീകരിച്ചതുമായ ആരോപണമാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര പഠന വിഭാഗത്തിലെ ഇടതുപക്ഷ ബുദ്ധിജീവിയായ ഡോ. കെ.എന്‍ ഗണേഷ് ആവര്‍ത്തിച്ചിരിക്കുന്നത്. ആത്യന്തിക ഹൈന്ദവദേശീയതയുടെ ഭൂമികയില്‍ വളര്‍ന്നു വികസിച്ച, മതേതര ശക്തികളുടെ ശ്മശാനത്തില്‍ നിലയുറപ്പിച്ച് ഇന്ത്യയുടെ അധികാരം പിടിച്ചെടുത്ത ആര്‍.എസ്.എസ് നഗ്നമായ ഫാഷിസത്തിലൂടെ രാജ്യത്തിന്മേല്‍ സവര്‍ണ മേധാവിത്തം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്താണ് ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന ഹമീദിയന്‍ വങ്കത്തം ഗണേഷ് ഏറ്റുപാടിയിരിക്കുന്നതെന്നോര്‍ക്കണം. ഹിന്ദു, മുസ്‌ലിം, അറബ്, ദേശീയതകളെ മുഴുവന്‍ പാടേ നിരാകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജഗന്നിയന്താവിന്റെ ഏകതയിലും വിശ്വമാനവികതയിലും അടിയുറച്ച ദൈവരാജ്യ സിദ്ധാന്തമാണവതരിപ്പിക്കുന്നതെന്ന് അതിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും വ്യക്തമാക്കുന്നു. പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നോ മാര്‍ഗത്തില്‍ നിന്നോ വ്യതിചലിച്ച് അത് സാമുദായികമായോ വര്‍ഗീയമായോ മതരാഷ്ട്രീയപരമായോ പറഞ്ഞതിനും പ്രവര്‍ത്തിച്ചതിനും തെളിവുകളില്ല താനും. നാസ്തികരും ഭൗതികവാദികളുമായ ഗണേഷ് പ്രഭൃതികള്‍ക്ക് സ്വന്തം നിലപാടുകളില്‍ നിന്നുകൊണ്ടുതന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തെ നൂറ് ശതമാനവും എതിര്‍ക്കാമെന്നിരിക്കെ, തീര്‍ത്തും വ്യാജമായ ആരോപണങ്ങളുടെ തേരിലേറി സംഘടനയെ ആക്രമിക്കുന്നതിന്റെ യുക്തി എന്ത്, സാംഗത്യമെന്ത്? ആയുഷ്‌ക്കാലം മുഴുവന്‍ സോവിയറ്റ്-ചൈനീസ് സര്‍വാധിപത്യ ഭരണകൂടങ്ങളുടെ സാമ്രാജ്യത്വപരമായ അജണ്ടകളെ പിന്തുണച്ചുവന്നവര്‍ക്ക് എല്ലാവിധ സാമ്രാജ്യത്വങ്ങളെയും തുറന്നെതിര്‍ത്ത പാരമ്പര്യം മാത്രമുള്ള ജമാഅത്തെ ഇസ്‌ലാമിയില്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ആരോപിക്കാന്‍ ധാര്‍മികമായി എന്തവകാശം? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍