സുഊദി രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശുമ്പോള്‍
സുഊദി അറേബ്യയുടെ രാഷ്ട്രീയ നയങ്ങളില്‍ വലിയ സന്ദേശങ്ങളടങ്ങിയ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സീസിയുടെ രിയാദ് സന്ദര്‍ശനവേളയില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഉംറ നിര്‍വഹിക്കാനായി സുഊദിയിലുണ്ടായിരുന്നെങ്കിലും ഇരു പ്രസിഡന്റുമാരും പരസ്പരം കണ്ടുമുട്ടിയില്ല, ഒരേ സമയത്ത് രിയാദില്‍ ഉണ്ടായതുമില്ല. എങ്കിലും രണ്ട് സന്ദര്‍ശനങ്ങളും ഒരേസമയത്ത് ക്രമീകരിച്ചതില്‍ തന്നെ സുഊദിക്ക് നല്‍കാനുള്ള പുതിയ സന്ദേശമുണ്ട്. ഈജിപ്തിനെ പിന്തുണക്കുന്ന സുഊദി നിലപാട് തുര്‍ക്കി വിരുദ്ധമല്ല എന്നതാണത്. കൂടാതെ, പുതിയ സാഹചര്യത്തില്‍ പശ്ചിമേഷ്യയുടെ ഭാവിയെ കുറിച്ച് സുഊദിക്ക് പുതിയ കണക്കുകൂട്ടലുകളും വ്യത്യസ്തമായ കാഴ്ചപ്പാടുമാണുള്ളത്. അത് ഒന്നാമതായി ധ്രുവീകരണ വിരുദ്ധവും ഉള്‍ക്കൊള്ളലിനെ അംഗീകരിക്കുന്നതുമാണ്. രണ്ടാമതായി, എല്ലാതരം ഭീഷണിയെയും നേരിടാനും സുഊദിയുടെയും മേഖലയുടെയും താല്‍പര്യം സംരക്ഷിക്കാനും കഴിയുന്ന പുതിയ സഖ്യ സമവാക്യങ്ങള്‍ രൂപപ്പെടുത്താനുള്ളതുമാണ്.
സുഊദിയിലെ ഔദ്യോഗിക രംഗവുമായി ബന്ധമുള്ള വിശ്വസനീയ സ്രോതസ്സില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച്, മേല്‍ പറഞ്ഞ വിഷയം അവരുടെ സൂക്ഷ്മപഠനത്തിന് വിധേയമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ അതിന്റെ ഫലം പ്രതീക്ഷിക്കാം. പുതിയ ദിശാമാറ്റം വ്യക്തികളിലും നയങ്ങളിലും സമാധാനപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. സുഊദി വിദേശകാര്യമന്ത്രിയുടെ മാറ്റമാണ് അതിലൊന്ന്. 75 വയസ്സ് പ്രായമുള്ള സഊദ് ഫൈസലാണ് കഴിഞ്ഞ 40 വര്‍ഷമായി ആ പദവി വഹിക്കുന്നത്. ആരോഗ്യകാരണങ്ങളാല്‍ ആ പദവിയില്‍ നിന്ന് ഒഴിയാന്‍ അദ്ദേഹം തന്നെ പലതവണ അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഓപ്പറേഷന് വിധേയനായ അദ്ദേഹം ഇപ്പോഴും ചികിത്സ തുടരുന്നു. സുഊദിയുടെ പഴയ വിദേശ നയത്തിന്റെ ഭാഗമായ ഈജിപ്ത് അംബാസഡര്‍ അഹ്മദ് അബ്ദുല്‍ അസീസ് അല്‍ ഖത്താനാണ് മാറാന്‍ സാധ്യതയുള്ള മറ്റൊരാള്‍. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ വരുമെന്നാണ് പ്രതീക്ഷ. പുതിയ നയം രൂപപ്പെടുന്നത് വരെ മാത്രമേ അദ്ദേഹം തുടരാന്‍ സാധ്യതയുള്ളൂ.
സുഊദിയുടെ ആഭ്യന്തര രംഗത്താണ് മാറ്റം ആദ്യം പ്രകടമായത്. അബ്ദുല്ല രാജാവിന്റെ മരണത്തെ തുടര്‍ന്ന് അധികാരത്തിലെത്തിയ സല്‍മാന്‍ രാജാവ് ഭരണമേറ്റെടുത്ത ഒരാഴ്ചക്കുള്ളില്‍ പുറത്തിറക്കിയ രാജ്യത്തെ ആഭ്യന്തര രംഗത്തെ നവീകരണവുമായി ബന്ധപ്പെട്ട 34 കല്‍പനകളില്‍ അത് പ്രതിഫലിക്കുന്നുണ്ട്. അതില്‍ ചിലത് രാജ്യത്തെ ഉന്നത സ്ഥാനങ്ങളുമായി ബന്ധപ്പെട്ടതാണ്. മറ്റു ചിലത് ചില സ്ഥാപനങ്ങളുടെ പുനഃക്രമീകരണമാണ്. പത്ത് പൊതു സ്ഥാപനങ്ങളെ യോജിപ്പിച്ച് രണ്ടാക്കി മാറ്റി. ജോലിക്കാരുടെ വേതന വര്‍ധനവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു മാറ്റം.
നേരത്തെ സുഊദി ഭരണകൂടം പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച പ്രമുഖ സുഊദി പണ്ഡിതനായ സല്‍മാന്‍ അല്‍ ഔദയെ പോലെയുള്ള പലരുടെയും പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കി എന്നതും ഇഖ്‌വാന്‍ ബന്ധം പറഞ്ഞ് ജുമുഅ ഖുത്്വബയും ഇമാമത്തും വിലക്കിയ ഹറം ഇമാം ഡോ. സുഊദ് ശുറൈമിനെ ജോലി തുടരാനനുവദിച്ചതും പുതിയ മാറ്റങ്ങളില്‍ ശ്രദ്ധേയമാണ്. എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ റാഇഫ് ബദവിക്കെതിരെ മതനിന്ദ ആരോപിച്ച് വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും ഉത്തരവിട്ടു. വിലക്ക് കല്‍പിക്കപ്പെട്ടിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകനായ ദാവൂദ് ശര്‍യാനെ എഴുത്ത് തുടരാനനുവദിച്ചു. അതോടെ ലണ്ടനില്‍ നിന്നിറങ്ങുന്ന അല്‍ ഹയാത്ത് പത്രത്തിലെ തന്റെ പ്രതിദിന കോളം അദ്ദേഹം പുനരാരംഭിച്ചു. സ്വതന്ത്ര അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് ആദ്യ കോളത്തില്‍ തന്നെ അദ്ദേഹം എഴുതിയത്. ''അറബ് ലോകത്തെ നിലവിലെ അവസ്ഥ 'നമ്മുടെ കൂടെ നില്‍ക്കാത്തവരെല്ലാം നമുക്കെതിരില്‍' എന്ന ജോര്‍ജ് ബുഷിന്റെ ആശയം പോലെയാണ്. നമ്മുടെ ഭരണകൂടങ്ങള്‍ സ്വതന്ത്രാഭിപ്രായക്കാരെ ഭയക്കുന്നു, അയാള്‍ നിശ്ശബ്ദനാണെങ്കിലും.''
അധികാരമേറ്റ പുതിയ രാജാവിന്റെ വിദേശനയത്തിലെ ഊന്നലുകളെക്കുറിച്ച് വലിയ വാഗ്വാദങ്ങളുണ്ടായി. 'കൊട്ടാരവിപ്ലവം' എന്ന തലക്കെട്ടാണ് ഈ വിഷയത്തെക്കുറിച്ച് ദ ഹഫിംഗ്ടണ്‍ പോസ്റ്റ് ജനുവരി 31-ന് പ്രസിദ്ധീകരിച്ച പ്രമുഖ ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകനായ ഡേവിഡ് ഹേസ്റ്റര്‍ തന്റെ കോളത്തിന് നല്‍കിയത്. അതില്‍ തുര്‍ക്കിയും ഖത്തറുമായി സുഊദി അടുക്കുന്നതിന്റെ സൂചനകളുണ്ട്. അതുപോലെ ഫത്ഹിനും ഹമാസിനുമിടക്ക് സുഊദി വഹിച്ചിരുന്ന പഴയ റോള്‍ തിരിച്ചുപിടിക്കുന്നതിന്റെ സാധ്യതകളുമുണ്ട്. ഈജിപ്ത് ഭരണകൂടത്തിന് നല്‍കിയിരുന്ന പിന്തുണയുടെ കാര്യത്തില്‍ ഉണ്ടാകാവുന്ന മാറ്റത്തെക്കുറിച്ച നിരീക്ഷണങ്ങളുമുണ്ട്.
സമാനവിഷയം പരാമര്‍ശിക്കുന്ന മറ്റൊരു ലേഖനം സുഊദി ലേഖകന്‍ ജമാല്‍ ഖാഷിക്ജിയുടേതായിട്ടുണ്ട്. മേഖലയിലെ പ്രശ്‌നങ്ങള്‍ ഒതുക്കുന്നതില്‍ അമേരിക്കയുടെയും സുഊദിയുടെയും നയങ്ങളിലുണ്ടായ പരാജയം അതില്‍ പരാമര്‍ശിക്കുന്നുണ്ട്. ലേഖകന്റെ അഭിപ്രായത്തില്‍, പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമായിരുന്ന മൂന്ന് രാജ്യങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലാത്തതോ സഹകരണം ശരിയല്ലാതിരുന്നതോ ആണ് പരാജയ കാരണം. സുഊദി, അമേരിക്ക, തുര്‍ക്കി എന്നിവയാണ് ആ മൂന്ന് രാജ്യങ്ങള്‍. അറബ് ലോകത്തെ ശൈഥില്യം വിവരിക്കുന്ന ഭാഗത്ത് ഈജിപ്തിലെ കാര്യങ്ങള്‍ ആശാവഹമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയും സുഊദിയും തുര്‍ക്കിയും ചേര്‍ന്നുള്ള ഒരു പൊതുവേദിക്ക് കീഴില്‍ പുതിയ പദ്ധതി ആവിഷ്‌കാരമാണ് ഇതിനുള്ള ലേഖകന്റെ പരിഹാരം. മേഖലയിലെ തീയണക്കലും സ്ഥിരത കൈവരിക്കലും വിവിധ വിഭാഗങ്ങള്‍ക്കിടയിലെ അനുരഞ്ജനവുമാകണം പൊതുവേദിയുടെ പ്രവര്‍ത്തന രംഗം.
'സുഊദിയിലെ ഭരണമാറ്റവും ഈജിപ്തിന്റെ ഉത്കണ്ഠയും' എന്ന പേരിലുള്ള ഡോ. ഖാലിദ് അദ്ദഖീലിന്റെ അല്‍ ഹയാത്തിലെ ലേഖനത്തിലും ഈജിപ്തിന്റെ അവസ്ഥ വിവരിക്കുന്നുണ്ട്. ഈജിപ്ത് ഗവണ്‍മെന്റിനുള്ള സല്‍മാന്‍ രാജാവിന്റെ പിന്തുണയിലല്ല, മറിച്ച് അതിന്റെ ശൈലിയിലാണ് മാറ്റമുണ്ടാവുക എന്നദ്ദേഹം നിരീക്ഷിക്കുന്നു. ''സുഊദിയുടെ പിന്തുണ ഒരു ദാനമായി, അല്ലെങ്കില്‍ ബ്ലാങ്ക് ചെക്കായി കാണാനാണ് ഈജിപ്തില്‍ ചിലര്‍ക്കിഷ്ടം. അതുപ്രകാരം സുഊദി തുര്‍ക്കിയുമായി അടുക്കാന്‍ പാടില്ല. കാരണം, തുര്‍ക്കി ഇഖ്‌വാനുമായി സഹകരിക്കുന്നുണ്ട്. രാഷ്ട്രങ്ങളുടെ ബന്ധം വൈകാരിക ബന്ധമല്ല എന്ന കാര്യം വിസ്മരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. രാഷ്ട്രീയ നിലപാടുകള്‍ കൂടുതല്‍ ബുദ്ധിപരമായിരിക്കണം. അതിനാല്‍ തുര്‍ക്കിയുമായോ ഇഖ്‌വാനുമായോ ഉള്ള നിലപാടിന് രണ്ട് രാജ്യങ്ങളുടെ ബന്ധം പണയപ്പെടുത്താന്‍ പാടില്ല. ഈജിപ്തിന്റെ സ്ഥിരതയാണ് സുഊദിയുടെ നയതന്ത്ര താല്‍പര്യമെങ്കില്‍ ഇഖ്‌വാനുമായുള്ള സഹകരണം സുഊദിക്ക് അനിവാര്യമാണ്. തുര്‍ക്കിയുമായുള്ള അകല്‍ച്ച നിലവിലെ സാഹചര്യത്തില്‍ മേഖലയുടെ സന്തുലനത്തിന് ഗുണം ചെയ്യില്ല. രാഷ്ട്ര ബന്ധങ്ങളിലെ ഇത്തരം സന്തുലനങ്ങളാണ് മേഖലയുടെയും ഈജിപ്തിന്റെയും സ്ഥിരതയുടെ അടിത്തറകള്‍.''
ലേഖകന്‍ തുടരുന്നു: ''ഇഖ്‌വാന്‍ വിഷയം ഈജിപ്തിലെ രാഷ്ട്രീയ സമസ്യയാണ്. സംഘടനയുടെ നിലപാടും രാജ്യത്തിന്റെ താല്‍പര്യവും വേര്‍തിരിച്ച് മനസ്സിലാക്കി ആ സമസ്യ പരിഹരിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയമോ ആശയപരമോ ആയ മറ്റു വിഷയങ്ങളുടെ അഭാവം മൂലം ഈജിപ്തുകാരുടെ ചര്‍ച്ചകളില്‍ ഇഖ്‌വാന്‍ എന്നും സജീവമാണ്. സുഊദിയും തുര്‍ക്കിയും ഈജിപ്തും ചേരുന്ന ഒരു ത്രികോണ സഖ്യം അനിവാര്യമായിരിക്കുന്നു. അതിലൂടെ മൂന്ന് രാജ്യങ്ങളുടെയും നയതന്ത്ര താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. രാഷ്ട്രീയമായും സാമ്പത്തികമായും പരസ്പര പൂരകങ്ങളായ ഈ മൂന്നു രാജ്യങ്ങള്‍ തമ്മിലെ സമന്വയം മേഖലയില്‍ ഇറാഖിന്റെയും സിറിയയുടെയും തകര്‍ച്ച മൂലം നഷ്ടപ്പെട്ട സന്തുലനം തിരിച്ചുകൊണ്ടുവരാനാവും. നിലവിലെ അസ്വസ്ഥമായ സാഹചര്യത്തില്‍ സ്ഥിരത കൈവരിക്കാനും ഇറാന്റെ ഭീഷണിയെ ചെറുക്കാനും അതുപകരിക്കും.''
യമനിലെ സംഭവങ്ങളാണ് സല്‍മാന്‍ രാജാവ് നേരിടുന്ന ഏറ്റവും വലിയ ബാഹ്യ വെല്ലുവിളി. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അധികാരം പിടിച്ചെടുത്തത് സുഊദിക്ക് നേരിട്ടുള്ള ഭീഷണിയാണ്. ഇത് സുഊദിയുടെ ദക്ഷിണ മേഖലയില്‍ വേരുകളുള്ള അല്‍ഖാഇദക്ക് അനുകൂലമായ കാലാവസ്ഥയൊരുക്കുമെന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ ഐ.എസിന്റെ സാന്നിധ്യം കൂടിയാവുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. യമനിലെ സംഭവങ്ങള്‍ക്ക് ലിബിയയോട് സാമ്യതകളുണ്ട്. ഭീകരസംഘടനകളുടെ സാന്നിധ്യം രണ്ടിടത്തുമുണ്ട്. ലിബിയയില്‍ രണ്ട് സമാന്തര ഭരണകൂടങ്ങളുണ്ട്; ത്വബ്‌റഖിലും ട്രിപ്പോളിയിലും. യമനിലെ അവസ്ഥയും അതുതന്നെ. ഹൂതികള്‍ സന്‍ആയില്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ ഔദ്യോഗിക പ്രസിഡന്റുള്ളത് ഏദനിലാണ്. രണ്ടിടങ്ങളിലും ഭിന്നിപ്പും ശൈഥില്യവും ഉറപ്പാണ്, ആഭ്യന്തരയുദ്ധവും അകലെയല്ല.
യമനിലെ ഗോത്ര നേതാക്കളുമായി സുഊദിക്ക് നല്ല ബന്ധമാണുള്ളത്. സൈനിക പരിഹാരമല്ല, മറിച്ച് രാഷ്ട്രീയ പരിഹാരമാണ് സുഊദി ആഗ്രഹിക്കുന്നത്. പ്രസിഡന്റ് അബ്ദുറബ് മന്‍സൂറിനെ പിന്തുണക്കുമ്പോഴും ഹൂതികളടക്കം എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ടുള്ള പ്രശ്‌നപരിഹാരത്തിനാണ് സുഊദിയുടെ ശ്രമം. അതിനായി സുഊദി ബന്ധപ്പെട്ട വിഭാഗങ്ങളില്‍ ഇഖ്‌വാന്‍ ചായ്‌വുള്ള അല്‍ ഇസ്‌ലാഹ് പാര്‍ട്ടിയുമുണ്ട്. യമനിലെ തെരുവുകളെ ഇളക്കിമറിക്കാനുള്ള അവരുടെ ശേഷിയെയും ഗോത്ര സംവിധാനത്തിലെ അവരുടെ സ്വാധീനവും സുഊദി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇരു വിഭാഗവും തമ്മിലുള്ള വലിയ വിടവ് നികത്തുന്നതാണ് ഈ പുതിയ ബാന്ധവം.
ചുരുക്കത്തില്‍, വിദേശ നയത്തിലെ സുഊദിയുടെ നയംമാറ്റം പുതിയ ബന്ധങ്ങളും സഖ്യങ്ങളും രൂപപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കാലത്ത് സ്വീകരിച്ച പുറന്തള്ളലിന്റെ സമീപനമല്ല, മറിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ശൈലിയിലാണ് പുതിയ നയം രൂപപ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം, കഴിഞ്ഞ മൂന്നു വര്‍ഷമായി മരവിച്ചു കിടന്നിരുന്ന സുഊദി- ഹമാസ് ബന്ധത്തിന് കഴിഞ്ഞ ആഴ്ചകളില്‍ പുതുജീവന്‍ ലഭിച്ചിട്ടുണ്ട്. അവരുടെ അകല്‍ച്ചയുടെ മഞ്ഞുരുകിത്തുടങ്ങി എന്നും, ബന്ധം ക്രമേണ പുനഃസ്ഥാപിക്കപ്പെടും എന്നുമാണ് ഔദ്യോഗിക കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരം.
സുഊദിയുടെ നയംമാറ്റം ഗള്‍ഫില്‍ എങ്ങനെ പ്രതിഫലിക്കും, ഈജിപ്ത് ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നൊക്കെ അറിയാന്‍ നമുക്ക് കാത്തിരിക്കാം.
വിവ: നാജി ദോഹ
Comments