മനുഷ്യരാശിക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ യത്‌നിച്ച പ്രവാചകര്‍
മനുഷ്യരാശിക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ യത്‌നിച്ച പ്രവാചകര്‍
പി.ടി കുഞ്ഞാലിയുടെ 'നിര്‍ഭയത്വം ചോര്‍ന്നുപോയാല്‍' ലക്കം (2890) അനിതര സാധാരണ ശൈലിയായതിനാല്‍ ലേഖകന്‍ ഉദ്ദേശിച്ചതുപോലെ സാധാരണ വായനക്കാരില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍, അത് മറ്റു ചിലരില്‍ ആന്ദോളനങ്ങള്‍ സൃഷ്ടിച്ചേക്കാം. മനുഷ്യരാശിയുടെ ആരോഗ്യകരമായ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ സാമൂഹിക മേഖലയുടെ നിര്‍മാണം മൂന്ന് കാര്യങ്ങളില്‍ അധിഷ്ഠിതമാണെന്നാണ് ഖുര്‍ആന്റെ വീക്ഷണത്തിലൂടെ ലേഖനത്തില്‍ പറയുന്നത്. ഒന്ന്, ക്ഷേമവും ഐശ്വര്യവും. രണ്ട്, നീതിയും ന്യായവും. മൂന്ന്, സുരക്ഷിതത്വവും നിര്‍ഭയത്വവും. ഇവ സംസ്ഥാപിക്കലായിരുന്നു എല്ലാ പ്രവാചകന്മാരുടെയും ഭൂമിയിലെ ലക്ഷ്യം. എന്നാല്‍ അവര്‍ക്ക് നേരിടേണ്ടിവന്നത് ഇതിന് വിരുദ്ധമായ സാമൂഹിക മേഖലകളിലെ കൈകാര്യകര്‍ത്താക്കളെയായിരുന്നു. അവരാണെങ്കില്‍ ദേഹേഛകളിലധിഷ്ഠിതമായ രാഷ്ട്രീയ നേതൃത്വവും പ്രമാണി വര്‍ഗവും മതപൗരോഹിത്യ മുന്നണികളുമായിരുന്നു. ഈ മുന്നണി മനുഷ്യരാശിക്ക് വരുത്തുന്ന പരിക്കുകള്‍ ശരിക്കും തിരിച്ചറിയുന്നവരായിരുന്നു പ്രവാചകന്മാര്‍. അതിലൂടെ മനുഷ്യരാശിക്ക് നഷ്ടപ്പെട്ടിരുന്ന നീതിയും ക്ഷേമവും നിര്‍ഭയത്വവും തിരിച്ചു പിടിക്കാനുള്ള സന്ദേശമായിരുന്നു തൗഹീദ്. ഇവിടെയാണ് ഇസ്‌ലാമിന്റെ തൗഹീദ് ഇതര വിശ്വാസ പ്രമാണങ്ങളില്‍ നിന്ന് വഴിപിരിയുന്നത്. അതിലൂടെ വേദവിശ്വാസികളായ യഹൂദരുടെ തൗഹീദും, മറ്റു ഒറ്റപ്പെട്ട വ്യക്തികളുടെയും ഇതര ദര്‍ശനങ്ങളുടെയും തൗഹീദും ചോദ്യം ചെയ്യപ്പെടുകയാണ്. നമ്മുടെ ഇടയിലുള്ള ഉല്‍പതിഷ്ണുക്കളായ ആളും അര്‍ഥവുമുള്ളവരുടെ തൗഹീദും മേല്‍ പറഞ്ഞവരുടെ തൗഹീദും ഇവിടെ യോജിക്കുകയാണ്. കാരണം, എല്ലാവരും ഒരുപോലെ കേന്ദ്രീകരിക്കുന്നത് ആത്മീയ, അനുഷ്ഠാന കര്‍മങ്ങളിലൂടെ മാത്രം സായൂജ്യം ലഭിക്കുന്ന തൗഹീദില്‍ തന്നെയാണ്. ക്ഷേമവും നിര്‍ഭയത്വവും ലഭിക്കേണ്ട ഫര്‍ദായ അവകാശ- വിശ്വാസത്തിന് പകരം പരമ്പരാഗത മതക്കാര്‍ വിശ്വാസികളെ ഒരു തരം ഉന്മാദത്തിലാക്കിയിരിക്കുകയാണ്.
വിശ്വാസികളുടെ അടിസ്ഥാനബോധത്തില്‍ നിന്നുള്ള ഈ വഴിപിരിയലിനെയാവാം കാള്‍ മാര്‍ക്‌സിനെ കൊണ്ട് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറയിപ്പിച്ചത്.
എന്നാല്‍, മനുഷ്യരാശിക്ക് ദൈവം അനുവദിച്ച നീതിയും ക്ഷേമവും നിര്‍ഭയത്വവും നിലനിര്‍ത്താന്‍ രാഷ്ട്രത്തിന് രൂപം നല്‍കലായിരുന്നു എല്ലാ പ്രവാചകന്മാരുടെയും ഭൂമിയിലെ ദൗത്യം. അതിലൂടെയാണ് ദൈവാനുഗ്രഹത്തിന്റെ സമ്പൂര്‍ണമായ വിതരണം നടക്കേണ്ടത്. മക്കാ വിജയത്തിന് ശേഷം റസൂല്‍(സ) അധികാരത്തില്‍ ഉപവിഷ്ടനായപ്പോള്‍ അവതീര്‍ണമായ സൂറഃ അല്‍ മാഇദയിലെ മൂന്നാം ആയത്ത് ഇതിനെ ശരിവെക്കുന്നു. ഭൂമിയിലെ ഈ ദൗത്യം സത്യവിശ്വാസത്തിന്റെ പ്രധാന ഭാഗമാണെന്നും അതിലൂടെയാണ് തൗഹീദിന്റെ പൂര്‍ത്തീകരണമെന്നും ഇവിടെ വെളിവാകുന്നു; അതിന്റെ പ്രാവര്‍ത്തിക രൂപമാണ് സത്കര്‍മാനുഷ്ഠാനങ്ങളെന്നും.
ജനങ്ങളുടെ അടിസ്ഥാന കാര്യങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ദിവ്യ വെളിച്ചവുമായി ഹിറയില്‍ നിന്ന് പ്രവാചകന്‍ ജനങ്ങളിലേക്ക് വന്നുവെങ്കില്‍, നമ്മുടെ മത സംഘടനകളും അധികാര കേന്ദ്രങ്ങളും പ്രമാണിമാരും ദിവ്യ വെളിച്ചത്തിന്റെ യഥാര്‍ഥ താല്‍പര്യത്തിന്റെ പ്രസരിപ്പിനെ തടഞ്ഞുകൊണ്ട് വിശ്വാസികളുടെ ഭക്തി ബോധത്തെ ഉന്മാദത്തിലാക്കി ഹിറയിലേക്ക് തന്നെ തിരിച്ചോടിക്കുകയാണെന്ന തിരിച്ചറിവു കൂടി ഈ ലേഖനം നല്‍കുന്നു.
അബൂബക്കര്‍ സിദ്ദീഖ്, പറവണ്ണ
തിരിച്ചറിവിലേക്ക് തിരിഞ്ഞു നടന്നവര്‍
സദ്റുദ്ദീന്‍ വാഴക്കാട് എഴുതിയ 'തീവ്രവാദത്തില്‍ നിന്ന് തിരിഞ്ഞു നടന്നവര്‍' (ലക്കം 2888) എന്ന ലേഖനം വിജ്ഞാനപ്രദവും പഠനാര്‍ഹവുമാണ്. ഈജിപ്തിലെ 'അല്‍ജമാഅ അല്‍ ഇസ്‌ലാമിയ്യ' എന്ന ഇസ്‌ലാമിക സംഘടനയുടെ സ്ഥാപക ലക്ഷ്യവും പിന്നീട് അതില്‍ സംഭവിച്ച നയവ്യതിയാനവും തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെ ഇസ്‌ലാമിന്റെ കാഴ്ചപ്പാടോടു കൂടി വസ്തുനിഷ്ഠമായി ലേഖനം ചര്‍ച്ച ചെയ്തിട്ടുണ്ട്. 'തീവ്രവാദത്തിന്റെ നിമിത്തങ്ങള്‍' എന്ന ഉപശീര്‍ഷകത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെ അക്കമിട്ട് വിശദീകരിച്ച വിഷയങ്ങള്‍, പരിശുദ്ധ ഇസ്‌ലാമിനോടുള്ള ആത്മാര്‍ഥതയുടെ പേരില്‍ അമിതമായ വൈകാരിക തലങ്ങളിലേക്കും അതുവഴി സംഭവിച്ച ഗുരുതരമായ ആദര്‍ശ രാഹിത്യത്തിലേക്കും നയിച്ചതിന്റെ സാഹചര്യവും കാര്യകാരണ സഹിതം വിശകലനം ചെയ്തിരിക്കുന്നു. ഇന്നത്തെ മുസ്‌ലിം യുവാക്കളും യുവജന പ്രസ്ഥാനങ്ങളും ഈജിപ്തിലെ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ്യയുടെ തിരിച്ചറിവും അതുവഴി ആ സംഘടന കൃത്യമായ ആത്മപരിശോധനയിലൂടെ, അവര്‍ക്ക് അറിവും മാര്‍ഗദര്‍ശനവും നല്‍കിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന മാതൃ പ്രസ്ഥാനത്തിലേക്ക് തിരിച്ചെത്തിയതും ശരിയായ മാര്‍ഗം തന്നെയാണ്. ഉള്‍ക്കാഴ്ചയോടു കൂടിയ ഒരു ഇസ്‌ലാമിക സംഘടന സ്വീകരിക്കേണ്ട മാതൃകാപരമായ കര്‍മരീതിയും അതുതന്നെ.
മുഹമ്മദ് വെട്ടത്ത് പെരുമ്പാവൂര്‍
ആത്മീയത നമ്മെ നന്മയിലേക്ക് ആനയിക്കുന്നു
പ്രബോധനം കവര്‍സ്റ്റോറി (ലക്കം 2890) ഉജ്ജ്വലവും ജീവിതഗന്ധിയുമായിരുന്നു. ആത്മീയതക്ക് ഊന്നല്‍ നല്‍കി അതിന്റെ പൂര്‍ണതയിലേക്ക് നയിക്കുകയായിരുന്നു പ്രവാചകന്മാര്‍. തിന്മകള്‍ക്ക് വശംവദരാകുന്നതിന് കാരണം ആത്മീയതയിലേക്ക് വളരാത്തതാണ്. ആത്മീയതയുടെ നിറവുണ്ടോ അപരന്റെ കണ്ണീര്‍ കാണും. അത് തുടക്കും. നാം ജനിച്ചതുതന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാനാണ്. അവരേ യഥാര്‍ഥത്തില്‍ ജീവിക്കുന്നുള്ളൂ. ജന്മമല്ല കര്‍മമാണ് മഹത്വം. കര്‍മം കൊണ്ടാണ് ശ്രേഷ്ഠനാകുന്നത്. ധാര്‍മികമൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്തവര്‍ക്ക് തിരിച്ചടികള്‍ ഉണ്ടാവും. തിന്മകളുടെ പിതാവ് സ്വാര്‍ഥതയാണ്. സ്വാര്‍ഥന് താല്‍പര്യം സ്വന്തം കാര്യങ്ങളിലാണ്. വ്യക്തിശുദ്ധി അനിവാര്യമാണ്. പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ദൈവത്തെ അന്വേഷിക്കുന്നതും അടുക്കുന്നതും. ബൈബിളിലൂടെ കടന്നുപോകുമ്പോള്‍ അത് കണ്ടെത്താനാവും. ദാവീദിനു കഷ്ടപ്പാടുകള്‍ ഉണ്ടായപ്പോള്‍ ദൈവത്തോട് കൂടുതല്‍ അടുത്തു. തനിക്ക് കരുത്ത് ലഭിക്കാനുള്ള വഴി അതാണെന്ന് അദ്ദേഹം കണ്ടറിഞ്ഞു. ദൈവകോപം ഒരു യാഥാര്‍ഥ്യമാണ്. ദൈവ കല്‍പന ലംഘിച്ചതിനാലാണ് ക്രൂരനായ ഫറോവ ചക്രവര്‍ത്തി മുങ്ങി മരിച്ചത്. അക്രമം, പക, അസൂയ എന്നിവ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യനു വേണ്ടത് അനുതാപമാണ്. അതില്‍ നിന്നാണ് കാരുണ്യം, സ്‌നേഹം ഇവയൊക്കെ പ്രവഹിക്കുന്നത്. ആത്മീയാനുഭവം ഉണ്ടെങ്കില്‍ സുരക്ഷിതത്വവും നിര്‍ഭയത്വവും കരഗതമാകും. പ്രവാചക ജീവിതം മനുഷ്യനെ നന്മയിലേക്ക് നയിക്കാന്‍ പ്രചോദനമേകുന്നു. നന്മ-തിന്മകളെ വേര്‍തിരിച്ചുള്ള അന്ത്യവിധി മരണാനന്തരം മനുഷ്യനു നേരിടേണ്ടതായുണ്ട്. ആത്മാവ് ശരീരത്തില്‍നിന്ന് വേര്‍പ്പെടുന്നതിനെ മരണം എന്നു വിളിക്കുന്നു. ശരീരം മണ്ണില്‍ ലയിക്കുന്നു. ആത്മാവ് ദൈവത്തിന്റെ പക്കലേക്കും എത്തുന്നു. ഭൂമിയിലെ കര്‍മങ്ങള്‍ വിചാരണ ചെയ്യപ്പെടുകയും വിധി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. നന്മ ചെയ്തവര്‍ക്ക് സ്വര്‍ഗവും തിന്മ ചെയ്തവര്‍ക്ക് നരകവും കിട്ടുന്നു. ആത്മീയതയില്‍ വളര്‍ന്നാലേ മറ്റുള്ളവരെ സ്‌നേഹിക്കാനും അവരോട് കാരുണ്യം കാട്ടാനും മനസ്സ് തയാറാവുകയുള്ളൂ. അപ്പോള്‍ മാത്രമേ തീവ്രവാദവും ഭീകര പ്രവര്‍ത്തനവും ഉപേക്ഷിച്ച് മനുഷ്യന്‍ അപരന്റെ നന്മക്ക് വേണ്ടി ജീവിക്കുകയുള്ളൂ. ത്യാഗോജ്വല സ്‌നേഹത്തിനു മാത്രമേ സുരക്ഷിതത്വവും നിര്‍ഭയത്വവും നല്‍കാനാവൂ.
അഗസ്റ്റിന്‍ ചെങ്ങമനാട്
മലബാറിന്റെ ചിറകരിയുമ്പോള്‍
മലബാറിന്റെ ആകാശച്ചിറകായാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വിശേഷിപ്പിക്കപ്പെടുന്നത്. ഈ എയര്‍പോര്‍ട്ടിനു വേണ്ടി കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും ചേംബര്‍ ഓഫ് കൊമേഴ്‌സും വളരെ പ്രയത്‌നിച്ചിരുന്നു. മാനാഞ്ചിറ മൈതാനിയില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രി കരുണാകരന്റെ നേതൃത്വത്തില്‍ നടന്ന ധനശേഖരണം ഓര്‍മ വരുന്നു. അന്ന് മടാക് ചെയര്‍മാനായിരുന്ന പി.വി അബ്ദുല്‍ വഹാബ് രണ്ട് ലക്ഷമാണ് കരുണാകരനെ ഏല്‍പിച്ചത്. കെ.ടി.സിയും രണ്ടു ലക്ഷം കൊടുത്തെന്ന് തോന്നുന്നു. ഡോ. മൊയ്തുവും പാരമൗണ്ട് ടവര്‍ ഉടമ അബ്ദുല്‍ ഖാദര്‍ ഹാജിയും മറ്റു പ്രമുഖരും ഒരു ലക്ഷം വീതം കൊടുത്തു. അന്ന് അത് വലിയ ഒരു സംഖ്യയായിരുന്നു. പിന്നീട് എയര്‍പോര്‍ട്ട് ഉദ്ഘാടനത്തിന്റെ തലേ ദിവസം ഞാനും സഹപാഠികളും ആ കുന്നിന്‍ പുറത്ത് റണ്‍വേ കാണാന്‍ പോയി. പിറ്റേ ദിവസം കേന്ദ്ര മന്ത്രി ഉദ്ഘാടനവും നടത്തി. പിന്നീട് ദോഹയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ ലൈന്‍സിലും ബഹ്‌റൈന്‍ എയറിലും ഖത്തര്‍ എയര്‍വേയ്‌സിലും എമിറേറ്റ്‌സിലും പല പ്രാവശ്യം ഇവിടെ എത്തി. മംഗലാപുരത്ത് അപകടം നടന്ന വിവരം ഞാനറിഞ്ഞത് കരിപ്പൂരില്‍ വിമാനമിറങ്ങുമ്പോഴാണ്. മംഗലാപുരത്തെ അപകട കാരണമായ പ്രശ്‌നങ്ങള്‍ കരിപ്പൂരിനും ഉണ്ടെന്ന് അപ്പോള്‍ വാര്‍ത്തയുണ്ടായിരുന്നു. ആദ്യ കാലത്ത് എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരില്‍ നിന്ന് യൂസേഴ്‌സ് ഫീ ഈടാക്കിയിരുന്നു. അതിനെതിരില്‍ പ്രവാസികള്‍ നിയമയുദ്ധം നടത്തി. വടകര കടമേരി സ്വദേശിയായ കരീം അബ്ദുല്ല നടത്തിയ നിയമയുദ്ധം അവസാനം വിജയിച്ചു. യൂസേഴ്‌സ് ഫീസ് റദ്ദാക്കി. സാധാരണക്കാരും വ്യവസായികളും വ്യാപാരികളും സംഭാവന നല്‍കിയാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ പുരോഗതിയിലെത്തിച്ചത്. അങ്ങനെ മലബാറിലെ സാധാരണക്കാര്‍, മുംബൈ കസ്റ്റംസിന്റെ ചൂഷണത്തില്‍ നിന്ന് മോചിതരായി. അതേ പ്രശ്‌നം കരിപ്പൂരിലും ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ ശക്തമായി. പല ഉദ്യോഗസ്ഥരും പുറത്തായി. ഗള്‍ഫിലെ വിശാലമായ സൗകര്യങ്ങളുള്ള വിമാനത്താവളങ്ങളെ അപേക്ഷിച്ച് വളരെ ചെറുതാണ് കോഴിക്കോട് എയര്‍പോര്‍ട്ട്. സാധാരണ പ്രവാസികളാണ് മഹാഭൂരിപക്ഷം യാത്രികരും. ഫോം പൂരിപ്പിച്ച് കൊടുക്കുന്നവരും സിം കാര്‍ഡ് കച്ചവടക്കാരും കറന്‍സി കച്ചവടക്കാരും ചുമട്ടു തൊഴിലാളികളും െ്രെഡവര്‍മാരും ചെറുകിട ഹോട്ടല്‍ ജീവനക്കാരും എല്ലാം ഈ എയര്‍പോര്‍ട്ടിനെ ചുറ്റിപ്പറ്റി ജീവിക്കുന്നു. എന്നിട്ടും നമ്മുടെ എം.എല്‍.എമാരും എം.പിമാരും മിണ്ടുന്നില്ല. ഹജ്ജ് യാത്രികര്‍ക്ക് ഏറ്റവും നല്ല സൗകര്യങ്ങള്‍ ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. മലബാറിന്റെ വികസനം മുരടിപ്പിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരില്‍ ശക്തമായ പ്രതികരണം ഉണ്ടാവേണ്ടതുണ്ട്.
അബൂബക്കര്‍ മാടാശ്ശേരി, ദോഹ
പഠനാര്‍ഹമായ ലേഖനങ്ങള്‍
പ്രഗത്ഭരായ വേദവിശ്വാസികളെ ഉദ്ധരിച്ചും ഖുര്‍ആന്‍ സൂക്തങ്ങളെ വിശദീകരിച്ചും സി.ടി ബശീര്‍ തയാറാക്കിയ ലേഖനവും സത്യത്തിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയ ജി.കെ എടുത്തനാട്ടുകരയുടെ ലേഖനവും പഠനാര്‍ഹമായിരുന്നു. വികലമായ വിശ്വാസത്തിലേക്ക് വിളിക്കുന്ന പ്രകോപന പ്രഹസനങ്ങള്‍ക്ക് പ്രചാരം നല്‍കുന്നവര്‍ക്ക് തിരിച്ചറിവ് നല്‍കാന്‍ മതിയായതായിരുന്നു അവ.
ഒ. സുബൈര്‍ തലശ്ശേരി
Comments