ന്യൂയോര്‍ക്കില്‍ പുതിയ അവധി ദിനങ്ങള്‍
ന്യൂയോര്‍ക്കില്‍ പുതിയ അവധി ദിനങ്ങള്‍
മുസ്‌ലിംകളുടെ രണ്ട് പെരുന്നാള്‍ സുദിനങ്ങള്‍ ന്യൂയോര്‍ക്കിലെ പബ്ലിക് സ്‌കൂളുകള്‍ക്ക് ഇനി മുതല്‍ പൊതു അവധിയായിരിക്കും. 1.1 മില്യന്‍ വരുന്ന ന്യൂയോര്‍ക്ക് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 36 ശതമാനമുണ്ട് മുസ്‌ലിം കുട്ടികള്‍. ഇതുവരെ ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹയും അവധിയല്ലാതിരുന്നതിനാല്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ പ്രത്യേകം ലീവ് എടുക്കുകയായിരുന്നു പതിവ്. രണ്ട് അധ്യയന ദിനങ്ങള്‍ കുട്ടികള്‍ക്ക് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പ്രയാസവും 36 ശതമാനം വിദ്യാര്‍ഥികള്‍ ഹാജരാകാതിരുന്നാല്‍ അത് സ്‌കൂള്‍ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതുമാണ് രണ്ട് പെരുന്നാളുകള്‍ക്ക് അവധി നല്‍കാന്‍ ന്യൂയോര്‍ക്ക് ഭരണസമിതിയെ പ്രേരിപ്പിച്ചത്.
രാജ്യത്തെ ബഹുസ്വരതയെ പ്രതിഫലിപ്പിക്കുകയും വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന സമൂഹങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്താല്‍ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ ശക്തവും ഗുണകരവുമായിത്തീരുമെന്ന ചിന്തയാണ് ഈ തീരുമാനത്തിന് പ്രചോദനം. വിവിധ ജന വിഭാഗങ്ങളോടുള്ള നീതിയുടെയും ആദരവിന്റെയും ഭാഗമാണിതെന്നും ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോയും സ്‌കൂള്‍ അധികൃതരും വിശദീകരിക്കുകയുണ്ടായി. ന്യൂയോര്‍ക്കിലെ മാറുന്ന യാഥാര്‍ഥ്യങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. പാര്‍ശ്വവത്കരിക്കപ്പെടുന്നുവെന്ന് പരാതി പറയുകയും അപകര്‍ഷബോധത്തിന് അടിപ്പെടുകയും ചെയ്യുന്ന മുസ്‌ലിംകള്‍ക്ക് ആശ്വാസമേകുന്ന നടപടി തീവ്രവാദികള്‍ക്ക് മുതലെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തുക കൂടി ചെയ്യുമെന്ന ശുഭാപ്തി വിശ്വാസമാണ് അധികൃതര്‍ക്കുള്ളത്.
അറബ് സാഹിത്യം സ്പാനിഷ് വായനക്കാര്‍ക്ക്
''ആയിരത്തൊന്ന് രാവുകള്‍ക്കപ്പുറം അറബ് എഴുത്തുകാര്‍ക്ക് ഭാവനകളുണ്ടെന്നും എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ടെന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു''- ജോംഫെറ്റന്‍ കാര്‍മൊണ എന്ന യുവ സ്പാനിഷ് വിവര്‍ത്തകന്റെ വാക്കുളാണിത്. ഭാരിച്ചൊരു ഉത്തരവാദിത്തമാണ് കാര്‍മൊണ ഏറ്റെടത്തിരിക്കുന്നത്; പൗരാണികവും ആധുനികവുമായ മികച്ച അറബ് സാഹിത്യ കൃതികള്‍ സ്പാനിഷിലേക്ക് പരിഭാഷപ്പെടുത്തുകയെന്ന ചരിത്ര പ്രാധാന്യമുള്ള ദൗത്യമാണത്. 1972-ല്‍ ജനിച്ച കാര്‍മൊണ ബാര്‍സലോണ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് അറബി ഭാഷ പഠിച്ചത്. അതിനു ശേഷമാണ് ഭാഷാന്തരം തന്റെ മേഖലയായി തെരഞ്ഞെടുത്തത്. ഒരു മുഴുസമയ പരിഭാഷകനായി പ്രവര്‍ത്തിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മോഹം. 2002-ല്‍ പുറത്തിറങ്ങിയ അബുനവാസിന്റെ അല്‍ഖമരിയ്യാത്തിന്റെ സ്പാനിഷ് പരിഭാഷയാണ് കാര്‍മൊണയുടെ ആദ്യ കൃതി. അംന ഗില്ലുവും പരിഭാഷയില്‍ പങ്കാളിയാണ്. 'വ്യക്തി സ്വാതന്ത്ര്യത്തില്‍ വിശ്വസിച്ചിരുന്ന കവിയാണ് അബുനവാസ്. അദ്ദേഹത്തിന്റെ ശബ്ദം വീണ്ടും വീണ്ടും ലോകം കേള്‍ക്കേണ്ടതുണ്ട്'- കാര്‍മൊണ പറയുന്നു. The gate of the sun, yalo, ഇബ്‌റാഹീം നസ്‌റുല്ലയുടെ Yoyeur, ഹുദ ബറകാത്തിന്റെ My Master My Darling തുടങ്ങിയ കൃതികള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ''അറബ് സാഹിത്യത്തെ സംബന്ധിച്ച് പടിഞ്ഞാറന്‍ വായനക്കാര്‍ ഇപ്പോഴും ആയിരത്തൊന്നു രാവുകളുടെ ഘട്ടത്തിനപ്പുറം കടന്നിട്ടില്ല. അതിനപ്പുറമുള്ള സാധ്യതകളെക്കുറിച്ച വ്യാപകമായൊരു അവബോധവും യൂറോപ്പില്‍ ഉണ്ടായിട്ടില്ല. എല്ലാ പരിഭാഷകളും വരട്ടെ, നമുക്കവയെ സ്വാഗതം ചെയ്യാം. അറബ് സംസ്‌കാരത്തെക്കുറിച്ച് അറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്. സാംസ്‌കാരിക വംശീയതയെ പരാജയപ്പെടുത്തേണ്ടതുമുണ്ട്''- കാര്‍മൊണയുടെ വാക്കുകള്‍.
റോമന്‍ കെട്ടിടാവശിഷ്ടങ്ങളില്‍
സിറിയന്‍ അഭയാര്‍ഥികള്‍
ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ അഭയാര്‍ഥികളില്‍ പലരും ഇപ്പോള്‍ താവളമടിച്ചിരിക്കുന്നത് പുരാതന റോമന്‍ കെട്ടിടാവശിഷ്ടങ്ങളിലാണ്. പത്തുവയസ്സുകാരി സിറിയന്‍ പെണ്‍കുട്ടി മാറഹും കുടുംബവും താമസിക്കുന്നത് തകര്‍ന്നു കിടക്കുന്ന ഒരു റോമന്‍ കുംഭഗോപുരത്തിനകത്താണ്. അവള്‍ കളിക്കുന്നതാകട്ടെ പഴയ സെമിത്തേരിയിലും. സിറിയയുടെ 40 വിസ്മൃത നഗരങ്ങളിലൊന്നാണ് സെര്‍ജില്ല. അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഈ പ്രദേശം പക്ഷേ, അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ആലംബമായിത്തീര്‍ന്നിരിക്കുന്നു.
പ്രമുഖ ഫ്രഞ്ച് ചരിത്രകാരനും 'ഫ്രഞ്ച് -സിറിയന്‍ ആര്‍ക്കിയോളജിക്കല്‍ മിഷന്‍ ഓഫ് നോര്‍ത്ത് സിറിയ'യുടെ ഡയറക്ടറുമായ ജോര്‍ജ് ടേറ്റ് പറയുന്നത്, സെര്‍ജില്ല ലോകത്തിലെ തന്നെ അതിപ്രധാനമായ ആര്‍ക്കിയോളജിക്കല്‍ മേഖലയാണ് എന്നാണ്. ഇവിടെയാണ് അഭയാര്‍ഥികളുടെ കുടിയേറ്റം നടക്കുന്നത്. 65-ഓളം സിറിയന്‍ കുടുംബങ്ങള്‍ ഇവിടെ താമസമാക്കുകയും പൗരാണിക കെട്ടിടങ്ങളില്‍ മാറ്റം വരുത്തി വാസയോഗ്യമാക്കുകയും ചെയ്തിരിക്കുന്നു. പഴയ കെട്ടിടങ്ങളുടെ ചില ഭാഗങ്ങള്‍ ഇതിനായി തകര്‍ക്കുകയും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട് ചിലര്‍. മിസൈല്‍ ആക്രമണങ്ങളും ഷെല്‍ വര്‍ഷവും വഴി വീടുകള്‍ തകര്‍ന്നവരും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുമാണ് സര്‍ജില്ലയിലും മറ്റും താമസിക്കുന്നത്. 'ഇത് തങ്ങള്‍ക്ക് സുരക്ഷിതമായ താവളമാണ്, സിറിയന്‍ നഗരങ്ങളിലേക്ക് ഇനി അടുത്ത കാലത്തൊന്നും തിരിച്ചുപോകാന്‍ കഴിയില്ല. അവിടെ ജനജീവിതം ദുസ്സഹമായിരിക്കുന്നു'വെന്നാണ് സ്ത്രീകളുള്‍പ്പെടെയുള്ള അഭയാര്‍ഥികള്‍ പറയുന്നത്.
നൂറുല്‍ ഇസ്സയെ വിട്ടയച്ചു
ഒരു പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ മലേഷ്യന്‍ പാര്‍ലമെന്റ് മെമ്പറും പീപ്പ്ള്‍സ് ജസ്റ്റിസ് പാര്‍ട്ടി നേതാവും മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീമിന്റെ മകളുമായ നൂറുല്‍ ഇസ്സയെ പോലീസ് വിട്ടയച്ചു. പിതാവ് അന്‍വര്‍ ഇബ്‌റാഹീമിന്റെ അന്യായമായ തടങ്കലിനും കരിനിയമങ്ങള്‍ക്കുമെതിരെ നൂറുല്‍ ഇസ്സ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയിരുന്നു. കോടതിയുടെ പക്ഷപാതപരമായ നടപടിയെ ചോദ്യം ചെയ്യുന്ന അന്‍വര്‍ ഇബ്‌റാഹീമിന്റെ ഒരു പ്രസ്താവന അവര്‍ വായിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ഒരു റാലിയെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച നൂറുല്‍ ഇസ്സയെ, നേരത്തേ പാര്‍ലമെന്റില്‍ നടത്തിയ ഈ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം അടുത്ത ദിവസം നൂറുല്‍ ഇസ്സയെ പോലീസ് ജാമ്യത്തില്‍ വിട്ടു. 'മൗലികാവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ് എന്റെ അറസ്റ്റ്. സാധാരണക്കാര്‍ക്കു വേണ്ടിയാണ് ഞാന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്'- എന്നാണ് നൂറുല്‍ ഇസ്സ പ്രതികരിച്ചത്. അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്.
മലേഷ്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ യുവ നേതാവാണ് പീപ്പ്ള്‍സ് ജസ്റ്റിസ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റു കൂടിയായ മുപ്പത്തിയഞ്ചുകാരിയായ നൂറുല്‍ ഇസ്സ. 2004-ല്‍ നാഷണല്‍ എനര്‍ജി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക് എഞ്ചിനീയറിംഗില്‍ ബിരുദവും, ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 'ഇന്റര്‍നാഷണല്‍ റിലേഷന്‍സി'ല്‍ ബിരുദാനന്തര ബിരുദവും നേടി. ആകസ്മികമായി രാഷ്ട്രീയത്തിലെത്തിയ നൂറുല്‍ ഇസ്സ മലേഷ്യയിലെ പ്രമുഖ മന്ത്രിയും രാഷ്ട്രീയ നേതാവുമായ ശഹരിസാത്ത് അബ്ദുല്‍ ജലീലിനെ 2008-ല്‍ കന്നിയങ്കത്തില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടത്തിയത്. പിന്നീട് മുന്‍നിര നേതൃത്വത്തിലേക്ക് ഉയര്‍ന്നു. ഭര്‍ത്താവ് റജാ അഹ്മദ് ശഹ്‌രീന്‍. രണ്ട് മക്കള്‍: റജാ നൂര്‍ സഫിയ, റജാ ഹാരിസ്.
Comments