Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

ശാന്തപുരത്തെ കുഞ്ഞാണി ഹാജിയും <br> ഓമശ്ശേരിയിലെ ബീരാന്‍ കുട്ടി ഹാജിയും

ശൈഖ് മുഹമ്മദ് കാരകുന്ന് /സ്മരണ

        ജമാഅത്തെ ഇസ്‌ലാമിക്ക് സാമാന്യം സ്വാധീനമുള്ള പ്രദേശങ്ങളാണ് ശാന്തപുരവും ഓമശ്ശേരിയും. രണ്ടിടത്തും ജമാഅത്ത് പ്രവര്‍ത്തകരാല്‍ നടത്തപ്പെടുന്ന മഹല്ല് സംവിധാനമുണ്ട്, രണ്ട് പ്രശസ്ത സ്ഥാപനങ്ങളും. ശാന്തപുരത്ത് അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യയും ഓമശ്ശേരിയില്‍ ശാന്തി ഹോസ്പിറ്റലും. രണ്ട് പ്രദേശങ്ങളിലും പ്രസ്ഥാനവും സ്ഥാപനങ്ങളും നിലവില്‍ വന്നതും വളര്‍ന്നു വലുതായതും കഴിഞ്ഞകാല പ്രവര്‍ത്തകരുടെ കഠിനാധ്വാത്തിലൂടെയാണ്. അവരില്‍ മുന്‍നിരയിലുള്ളവരാണ് ശാന്തപുരത്തെ ആനമങ്ങാടന്‍ കുഞ്ഞാണി ഹാജിയും ഓമശ്ശേരിയിലെ കെ.സി വീരാന്‍ കുട്ടി ഹാജിയും. ഇരുവരെയും സമാനരാക്കുന്ന ചില സവിശേഷതകളുണ്ട്. സാഹസികത, മനക്കരുത്ത്, ഇഛാശക്തി, സേവന സന്നദ്ധത, സമര്‍പ്പണ മനസ്സ്, കഠിനാധ്വാനം, ആരെയും കൂസാത്ത പ്രകൃതം, ആര്‍ജവം, പ്രസ്ഥാന പ്രതിബദ്ധത. ജാതി-മത സംഘടനാ ഭേദങ്ങള്‍ക്കതീതമായി പ്രദേശവാസികളുടെ സ്‌നേഹാദരവുകള്‍ സമ്പാദിക്കാന്‍ സാധിച്ചുവെന്നതും രണ്ടുപേരുടെയും പ്രത്യേകതയാണ്. ഇരുവരും ഈ ലോകത്തോട് വിടപറഞ്ഞതും ഒരേ ആഴ്ചയില്‍.

ശാന്തപുരം അല്‍ ജാമിഅ നില്‍ക്കുന്ന സ്ഥലം വഖ്ഫ് ചെയ്തത് ഉദാരമതിയും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന ആനമങ്ങാടന്‍ മൊയ്തു ഹാജിയുടെ മകനായ മുഹമ്മദ് ഹാജി എന്ന കുഞ്ഞാണി ഹാജിയാണ്. 1932-ല്‍ ജനിച്ച അദ്ദേഹം മതപഠനം നിര്‍വഹിച്ചത് അമാനത്ത് കോയണ്ണി മുസ്‌ലിയാരുടെ ദര്‍സിലാണ്. ഭൗതിക വിദ്യാഭ്യാസം നേടിയത് പട്ടിക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലും.

പിതാവിനെ കച്ചവടത്തില്‍ സഹായിക്കാന്‍ 1948-ല്‍ കറാച്ചിയിലേക്ക് പോയി. 1948-'50 കാലത്ത് പ്രശസ്തമായ ഡോണ്‍ കേളേജില്‍ ഒ ലെവല്‍ കൊമേഴ്‌സിന് ചേര്‍ന്നു. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോ അവിടെ സഹപാഠിയായിരുന്നു. പാകിസ്താനിലായിരിക്കെ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, മിയാന്‍ തുഫൈല്‍ മുഹമ്മദ്, ലിയാഖത്ത് ബലൂച്, ഗുലാം അഅ്‌സം എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തി. മുഹാജിരി ഖൗമി മൂവ്‌മെന്റ് നേതാവ് അല്‍താഫ് ഹുസൈനുമായും സൗഹൃദം പുലര്‍ത്തി. കറാച്ചി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റായിരുന്നു. അതിനാല്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മലയാളികള്‍ക്ക് ജോലി നേടിക്കൊടുക്കാനും സാധിച്ചു.

നാട്ടില്‍ വരുമ്പോള്‍ ശാന്തപുരം മഹല്ലിന്റെയും ഇസ്‌ലാമിയാ കോളേജിന്റെയും ജമാഅത്ത് പ്രാദേശിക ഘടകത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തി. ശാന്തപുരത്തിന്റെ പരിസര പ്രദേശങ്ങളായ പെരിന്തല്‍മണ്ണ, നെന്‍മിനി, പാതാക്കര, ചന്തപ്പടി, ചെമ്മാണിയോട്, ചുങ്കം, മുള്ള്യാകുര്‍ശി തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളികളും മറ്റു സ്ഥാപനങ്ങളും ഉണ്ടാക്കുന്നതില്‍ പങ്കുവഹിച്ചു. ശാന്തപുരം പലിശരഹിത നിധി, സകാത്ത് സെല്‍, വികസന സമിതി, മാധ്യസ്ഥ സമിതി തുടങ്ങിയവയുടെ വളര്‍ച്ചയിലും കുഞ്ഞാണി ഹാജിയുടെ സാന്നിധ്യമുണ്ട്.

കര്‍ണാടകയിലെ ഷീമോഗ, ശാന്തപുരം ചുങ്കം എന്നിവിടങ്ങളില്‍ ഹോട്ടല്‍ നടത്തിയ കുഞ്ഞാണി ഹാജി ദുബൈയിലും അതേ ജോലിയിലേര്‍പ്പെട്ടു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തി ഇരുന്നൂറോളം പേര്‍ക്ക് ഗള്‍ഫ്‌നാടുകളില്‍ തൊഴില്‍ നേടിക്കൊടുക്കാന്‍ സാധിച്ചു. ശാന്തപുരം മഹല്ലില്‍ നിന്നു മാത്രം അദ്ദേഹത്തിലൂടെ നൂറോളം പേര്‍ വിദേശത്തെത്തിയിട്ടുണ്ട്. നാട്ടില്‍ നിന്നെത്തുന്നവരെ സ്വന്തം റൂമില്‍ താമസിപ്പിക്കുകയും അബൂബക്കര്‍ നദ്‌വിയെ വരുത്തി അവര്‍ക്ക് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഷീമോഗയിലായിരിക്കെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായിരുന്ന സിറാജുല്‍ ഹസന്‍ സാഹിബുമായി ബന്ധം സ്ഥാപിച്ചു. അത് മരണം വരെ ഗാഢമായി തുടരുകയും ചെയ്തു.

പോസ്റ്റ് മാസ്റ്ററായും അല്‍പകാലം അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. നല്ല വായനക്കാരനും ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ തല്‍പരനുമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന മാധ്യസ്ഥനായിരുന്നു. പ്രദേശത്തെയും പരിസര പ്രദേശങ്ങളിലെയും നിരവധി സ്വത്ത് തര്‍ക്കങ്ങളും കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിലും ശ്രദ്ധിച്ചു.

ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ, സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയ കുഞ്ഞാണി ഹാജിക്ക് ജാതി, മത, കക്ഷി, ഭേദമന്യേ വിപുലമായ സുഹൃദ് വലയമുണ്ടായിരുന്നു. എം.എല്‍.എ ശ്രീരാമകൃഷ്ണന്‍, പിതാവ് ഗോപി മാസ്റ്റര്‍, എം.പി മന്‍മഥന്‍, അമൃതാനന്ദ മയി മഠം ഡയറക്ടര്‍ ഗംഗാധരന്‍ മാസ്റ്റര്‍, ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത് വാല, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കടുത്ത ജമാഅത്ത് വിമര്‍ശകരായ ചേകനൂര്‍ മൗലവി, സി.പി കുഞ്ഞു, മങ്കട അബ്ദുല്‍ അസീസ് മൗലവി, യു. കലാനാഥന്‍ തുടങ്ങിയവരെല്ലാം ശാന്തപുരത്ത് വരുമ്പോള്‍ ആതിഥ്യമരുളിയിരുന്നത് കുഞ്ഞാണി ഹാജിയാണ്. 

അറബി, ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, പഞ്ചാബി, തമിഴ് ഭാഷകള്‍ അറിയുമായിരുന്നു. ഗള്‍ഫ് നാടുകള്‍ കൂടാതെ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ബര്‍മ, ശ്രീലങ്ക, ഇറാന്‍, മലേഷ്യ, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 

പട്ടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അലുംനി അസോസിയേഷന്‍, യു.എ.ഇ ശാന്തപുരം മഹല്ല് അസോസിയേഷന്‍, ഷീമോഗ മുസ്‌ലിം ജമാഅത്ത് എന്നിവയുടെ പ്രസിഡന്റായിരുന്ന കുഞ്ഞാണി ഹാജി വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂനിറ്റ്, ശാന്തപുരം മഹല്ല് കമ്മിറ്റി, ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ്, കേരള മദ്യ വര്‍ജന സമിതി സംസ്ഥാന കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. പഴയകാല ഫുട്‌ബോള്‍ കളിക്കാരനും ക്രിക്കറ്റ് താരവും യംഗ് ഇന്ത്യ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റുമായിരുന്നു.

കെ.കെ സാറയാണ് സഹധര്‍മിണി. മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്.

 

         ഓമശ്ശേരിയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെയുമെന്ന പോലെ പ്രദേശത്തിന്റെയും വളര്‍ച്ചയില്‍ പങ്കുവഹിച്ച കര്‍മയോഗിയാണ് കെ.സി ബീരാന്‍ കുട്ടി ഹാജി. വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും ഏറെ പിറകിലായിരുന്ന ഓമശ്ശേരിയെ ഇന്നുള്ള അവസ്ഥയിലെത്തിക്കുന്നതില്‍ പങ്കാളിയാകാന്‍ അദ്ദേഹത്തിന് സാധിച്ചു. 

വാഴക്കാട്, പുളിക്കല്‍, ചേന്ദമംഗല്ലൂര്‍ എന്നിവിടങ്ങളില്‍ ഓത്തുപള്ളികള്‍ക്ക് പകരം മദ്‌റസകള്‍ സ്ഥാപിതമായ വിവരമറിഞ്ഞ വീരാന്‍ കുട്ടി ഹാജി ഏതാനും ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഓമശ്ശേരിയിലും മദ്‌റസ ആരംഭിക്കാന്‍ തീരുമാനിച്ചു. മദ്‌റസാ പ്രസ്ഥാനത്തിന്റെ സന്ദേശം പ്രദേശത്തെത്തിക്കാനായി കെ.സി അബ്ദുല്ല മൗലവിയെയും യു.കെ ഇബ്‌റാഹീം മൗലവിയെയും പങ്കെടുപ്പിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. അതേ തുടര്‍ന്നാണ് 1952-ല്‍ ആദ്യമായി ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ സ്ഥാപിതമായത്. ആദ്യഘട്ടത്തില്‍ സമസ്തയുടെയും മുജാഹിദ് പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകര്‍ ഇതുമായി സഹകരിച്ചിരുന്നു.

കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ നാളുകളില്‍ തന്നെ ബീരാന്‍ കുട്ടി ഹാജി അതുമായി ബന്ധപ്പെട്ടു. ഓമശ്ശേരിയില്‍ സ്ഥാപിതമായ ഹംദര്‍ദ് ഹല്‍ഖയുടെ നാസിമും അദ്ദേഹം തന്നെയായിരുന്നു.

വരും തലമുറക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയെടുക്കാതെ നാട്ടില്‍ മാറ്റമുണ്ടാക്കാനാവില്ലെന്ന് മനസ്സിലാക്കിയ ബീരാന്‍ കുട്ടി ഹാജി ഏതാനും വിദ്യാര്‍ഥികളെ കാസര്‍കോട് അല്‍ മദ്‌റസത്തുല്‍ ആലിയയിലേക്കയച്ചു. അദ്ദേഹം പറഞ്ഞയച്ച വിദ്യാര്‍ഥികളാണ് അബ്ദുര്‍റഹ്മാന്‍ തറുവായിയും ഒ.പി അബ്ദുസ്സലാം മൗലവിയും എ. മൊയ്തീന്‍ കുട്ടി മൗലവിയും മറ്റും.

1979-ല്‍ അദ്ദേഹവും സഹോദരങ്ങളും സംഭാവന ചെയ്ത സ്ഥലത്താണ് ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരം നിര്‍മിച്ചത്. ട്രസ്റ്റിന്റെ രൂപീകരണം മുതല്‍ മരണം വരെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചു. കര്‍മരംഗത്ത് പലവിധ പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോഴെല്ലാം  അവയെ ആത്മധൈര്യത്തോടെ നേരിടാന്‍ സഹപ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രചോദനവും മാര്‍ഗദര്‍ശനവും നല്‍കി. ട്രസ്റ്റിന്റെ തുടക്കം മുതല്‍ എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടക്കാത്ത നാളുകളോ ആഴ്ചകളോ ഉണ്ടായിട്ടില്ല. എപ്പോഴും അതിന്റെ മുന്‍പന്തിയില്‍ അദ്ദേഹമുണ്ടായിരുന്നു. 

ആതുര സേവന രംഗത്ത് ഏറെ മികച്ചുനില്‍ക്കുന്ന ശാന്തി ഹോസ്പിറ്റലിന്റെയും ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും വിജയത്തില്‍ നേതൃപരമായ പങ്കുവഹിച്ചവരില്‍ ഔപചാരിക വിദ്യാഭ്യാസം ഏറെയൊന്നും ലഭിച്ചിട്ടില്ലാത്ത ബീരാന്‍ കുട്ടി ഹാജിയുമുണ്ട്.

സത്യസന്ധതക്കും വിശ്വസ്ഥതക്കും പേരുകേട്ട വ്യാപാരി കൂടിയായിരുന്നു ബീരാന്‍ കുട്ടി ഹാജി. കച്ചവടത്തിലൂടെ വളര്‍ന്നുവന്ന സുഹൃദ് ബന്ധം ഉപയോഗിച്ചാണ് തിരുവമ്പാടി, പുന്നക്കല്‍, പുല്ലൂരാംപാറ, കൂടരഞ്ഞി, കോടഞ്ചേരി പോലുള്ള പ്രദേശങ്ങളില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഓമശ്ശേരിയുടെ വികസന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കുവഹിച്ചു. ഓമശ്ശേരി-കോടഞ്ചേരി റോഡ് നിര്‍മാണത്തിന് മുന്നണിയിലുണ്ടായിരുന്നിരുന്നത് ബീരാന്‍ കുട്ടി ഹാജിയും വേനപ്പാറ ചര്‍ച്ച് വികാരി റവ. ഫാദര്‍ അന്തോണിയോസുമായിരുന്നു. ഓമശ്ശേരി ഗ്രാമപഞ്ചാത്ത് അനുവദിച്ചുകിട്ടുന്നതിലും അവിടേക്ക് ബസ് റൂട്ട് നേടിയെടുക്കുന്നതിലും വൈദ്യുതി കൊണ്ടുവരുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. പരിസര പ്രദേശങ്ങളിലെ സഹോദര സമുദായ നേതാക്കള്‍ക്കും അദ്ദേഹം ഏറെ പ്രിയങ്കരനായിരുന്നു.

രണ്ടു ഭാര്യമാരിലായി എട്ടു മക്കളുണ്ട്. എല്ലാവരെയും പ്രസ്ഥാന പ്രവര്‍ത്തകരാക്കി വളര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു.

അല്ലാഹു ഇരുവരുടെയും വീഴ്ചകള്‍ പൊറുത്തു കൊടുക്കുകയും കര്‍മങ്ങളെല്ലാം സദ്കര്‍മമായി സ്വീകരിച്ച് മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍