Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

സ്വൂഫീ ത്വരീഖത്തുകളും അധികാര രാഷ്ട്രീയവും

ഹസന്‍ അബൂഹനിയ്യ /കവര്‍സ്‌റ്റോറി

         ഇസ്‌ലാമിക സമൂഹത്തില്‍ സ്വൂഫിസം വളരാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് മതപരമാണ്. ചില സ്വഹാബികള്‍ക്ക് ഭൗതിക ലോകത്തോടുള്ള വിരക്തിയില്‍ നിന്നാണ് സ്വൂഫിസത്തിന്റെ തുടക്കം. എന്നാല്‍, തസ്വവ്വുഫിന്റെ വളര്‍ച്ചക്ക് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കാരണങ്ങള്‍ കൂടിയുണ്ട്. പ്രത്യേകിച്ച് ഇസ്‌ലാമിക ഭരണത്തിന്റെ ഒരു ഘട്ടത്തില്‍ ഉടലെടുത്ത രാഷ്ട്രീയ അരാജകത്വം, അധികാരവടംവലി, ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടങ്ങിയവ ആത്മീയ സംസ്‌കരണത്തില്‍ പിന്നോട്ട് പോവാന്‍ കാരണമായിട്ടുണ്ട്. ഈ സാഹചര്യമാണ് സ്വൂഫിസത്തിനു വളരാന്‍ ഇടം നല്‍കിയത്. കൂടാതെ സാമൂഹിക രംഗത്ത് ഉണ്ടായ അനീതി, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം മുതലായവയും സ്വൂഫിസത്തിന്റെ വളര്‍ച്ചക്ക് കാരണമായിട്ടുണ്ട്.

സ്വൂഫിസത്തില്‍ ഗവേഷണം നടത്തിയ നിക്കോള്‍സന്‍ അഭിപ്രായപ്പെട്ടത് ഭരണാധികാരികളുടെ അനീതിക്കും സ്വേഛാധിപത്യത്തിനും എതിരെയുള്ള പ്രതിഷേധം എന്ന നിലക്കാണ് സ്വൂഫിസത്തിനു പ്രചാരം ലഭിച്ചത് എന്നാണ്. അത് കൊണ്ടായിരുന്നു തസ്വവ്വുഫ് ആരംഭകാലത്ത് ഭൗതിക വിരക്തിയിലും ആത്മീയ ചടങ്ങുകളിലും വ്യക്തി സംസ്‌കരണത്തിലും ഒതുങ്ങി നിന്നത്. പിന്നീട് പല സാമൂഹിക രാഷ്ട്രീയ കാരണങ്ങളാല്‍ സ്വൂഫിസം വ്യക്തി സംസ്‌കരണത്തിനുള്ള പ്രധാന ആശ്രയമായി സമൂഹത്തില്‍ പ്രചരിക്കുകയാണുണ്ടായത്. അങ്ങനെ വ്യക്തി സംസ്‌കരണത്തിലൂടെ  സമൂഹത്തെ സംസ്‌കരിച്ച് ഇസ്‌ലാമിക മൂല്യങ്ങളിലേക്കുള്ള മടക്കത്തിന്റെ തുടക്കമായിട്ടാണ് പലരും സ്വൂഫിസത്തെ പരിഗണിച്ചത്. പിന്നീട് ഭൗതിക സുഖങ്ങള്‍ വെടിഞ്ഞു അല്ലാഹുവിലേക്കും ആഖിറത്തിലേക്കും മാത്രം കേന്ദ്രീകരിക്കുന്ന സ്വൂഫീ ത്വരീഖത്തുകള്‍ വളര്‍ന്നുവരാന്‍ തുടങ്ങി. ഇങ്ങനെയുള്ള ത്വരീഖത്ത് പ്രസ്ഥാനങ്ങള്‍ക്ക് ഉദാഹരണം ബസറയിലും കൂഫയിലും ശാമിലും നൈസാപൂരിലുമൊക്കെ കാണാവുന്നതാണ്. അധാര്‍മികതയും സ്വേഛാധിപത്യവും മുഖമുദ്രയായ രാഷ്ട്രീയത്തില്‍ നിന്ന് രക്ഷപ്പെട്ട് ആത്മീയത നേടാന്‍ വേണ്ടി സമൂഹത്തില്‍ നിന്ന് അകന്നു ഏകനായി കഴിയാന്‍ സ്വൂഫി ത്വരീഖത്തുകള്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ തുടങ്ങി.

പിന്നീട് ഇസ്‌ലാമിക രാഷ്ട്രങ്ങളിലുണ്ടായ സാമൂഹിക-രാഷ്ട്രീയ സാംസ്‌കാരിക മാറ്റത്തിന് അനുസരിച്ച് സ്വൂഫിസവും മാറുന്നതായിട്ടാണ് ചരിത്രത്തില്‍ കാണുന്നത്. ഇസ്‌ലാമില്‍ പിന്നീടുണ്ടായ വ്യത്യസ്ത കര്‍മശാസ്ത്ര-തത്ത്വശാസ്ത്ര ശാഖകള്‍ക്കനുസരിച്ച്  തസ്വവ്വുഫിനും അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അങ്ങനെ ഉലൂഹിയ്യത്തിലും റുബൂബിയ്യതിലും സ്വൂഫിസം തങ്ങളുടേതായ വ്യാഖ്യാനം മുന്നോട്ട് വെച്ചു. കൂടാതെ ഇസ്‌ലാമിക ലോകത്ത് പ്രത്യക്ഷ്യപ്പെട്ട വ്യത്യസ്ത വിഷയങ്ങളില്‍ സ്വൂഫിസം അതിന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും തുടങ്ങി. ഇത്, സ്വൂഫിസവും ഇസ്‌ലാമിക പണ്ഡിതന്മാരും തമ്മില്‍ നേരിട്ടുള്ള വാഗ്വാദങ്ങളിലേക്ക് നയിച്ചു. ഇസ്‌ലാമിക നിയമനിര്‍ധാരണം നടത്തേണ്ടത് പ്രമാണങ്ങളുടെ ബാഹ്യാര്‍ഥം നോക്കി മതി എന്ന ഇസ്‌ലാമിക പണ്ഡിതന്മാരുടെ വീക്ഷണത്തിന് പകരമായി, ബാഹ്യാര്‍ഥം പരിഗണിക്കുന്നത് പോലെ അതിന്റെ ആന്തരികാര്‍ഥവും പരിഗണിക്കണമെന്നും സ്വൂഫിസത്തിന്റെ വക്താക്കള്‍ സമര്‍ഥിച്ചു. പിന്നീട് ഒരു ഘട്ടത്തില്‍ ചരിത്രത്തില്‍ സ്വൂഫിസത്തെ കാണുന്നത് വ്യക്തി സംസ്‌കരണത്തിന്റെ തലത്തില്‍ നിന്ന് കൊണ്ട് തന്നെ, അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് മൊത്തത്തില്‍ അനുകൂലമായ നയങ്ങള്‍ സ്വീകരിക്കുന്നതായാണ്. ക്രി. 11-ാം നൂറ്റാണ്ടില്‍ ഇത് തുടങ്ങിയെങ്കിലും 17-ാം നൂറ്റാണ്ടില്‍ ഉസ്മാനിയ ഖിലാഫത്തിന് കീഴിലാണ് ഇത് കൂടുതല്‍ പ്രകടമാവാന്‍ തുടങ്ങിയത്. ഉസ്മാനിയ ഖിലാഫത്തിന്റെ കീഴില്‍ സ്വൂഫിസം ജനകീയ അടിത്തറയുള്ള പ്രസ്ഥാനമായി വളര്‍ന്നു. അങ്ങനെ സ്വൂഫിസത്തിനു അതിന്റെ വളര്‍ച്ചക്ക് ഭരണത്തിലിരിക്കുന്നവരെയും, ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ നിലനില്‍പ്പിനു സ്വൂഫി പ്രസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട ഒരു തലത്തിലേക്ക് ബന്ധം വളര്‍ന്നു.

സ്വൂഫിസവും ഭരണകൂടങ്ങളും തമ്മിലുള്ള 'സംരക്ഷണത്തി'ന്റെയും 'സഹായത്തി'ന്റെയും ബന്ധം  കൊളോണിയലിസത്തിനു ശേഷം സ്വതന്ത്രമായ രാഷ്ട്രങ്ങളില്‍ കൂടുതല്‍ ശക്തമാവുന്നതാണ് പിന്നീട് ചരിത്രത്തില്‍ കാണുന്നത്. ഭരണകൂടങ്ങളോടുള്ള ഈ ബന്ധം പൂര്‍ണമായ വിധേയത്വത്തിന്റെയും, സ്വേഛാധിപതികള്‍ക്ക്  നിരുപാധികമായ പിന്തുണ നല്‍കുന്നതിന്റെയും തലത്തിലേക്ക് നീങ്ങി. അറബ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ വിപ്ലവങ്ങളും രാഷ്ട്രീയ മാറ്റങ്ങളും അരങ്ങേറിയപ്പോള്‍ ഭരണത്തിലിരിക്കുന്നവരോട് ബാന്ധവം ഉണ്ടാക്കുന്ന  സമീപനമാണ് ചരിത്രത്തില്‍ ഉടനീളം ചില സ്വൂഫി തരീഖത്തുകള്‍ സ്വീകരിച്ചത്. എന്നാല്‍ മുസ്‌ലിം രാഷ്ട്രങ്ങളെ സാമ്രാജ്യത്വ ശക്തികള്‍ കീഴടക്കിയപ്പോള്‍ മാത്രമാണ് പ്രതിരോധത്തിന്റെയും ജിഹാദിന്റെയും ഭാഗത്ത് നില്‍ക്കണോ അതല്ല കൊളോണിയല്‍ ശക്തികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമോ എന്ന വിഷയത്തില്‍ ത്വരീഖത്തുകള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായത്. ബ്രിട്ടീഷുകാര്‍ ഈജിപ്ത് കീഴടക്കിയപ്പോള്‍ അഹ്മദീ ത്വരീഖത്ത് പൂര്‍ണ പിന്തുണ നല്‍കി. ഈ ഘട്ടത്തില്‍ അസ്മിയ ത്വരീഖത്ത് അധിനിവേശത്തെ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. സുഡാനില്‍ മര്‍ഗനിയ്യ ത്വരീഖത്ത് സാമ്രാജ്യത്വത്തിന് അനുകൂല നിലപാടെടുത്തപ്പോള്‍ മഹ്ദവിയ്യ ത്വരീഖത്ത് അധിനിവേശത്തിനു എതിരായിരുന്നു. ലിബിയയില്‍ എല്ലാ ത്വരീഖത്തുകളും ഇറ്റലിയോടൊപ്പം നിന്നപ്പോള്‍ ഉമര്‍ മുഖ്താറിന്റെ നേതൃത്വത്തില്‍ സനൂസി വിഭാഗം അധിനിവേശത്തിനെതിരെ പോരാടി. അള്‍ജീരിയയിലാകട്ടെ സനൂസിയ്യ റഹ്മാനിയ്യ ത്വരീഖത്തിന്റെയും ത്വയ്യിബിയ്യ ദര്‍ഖാവിയ്യ ത്വരീഖത്തിന്റെയും കൂടെ നിന്ന് ഖാദിരി ത്വരീഖത്തിന്റെ നേതാവ് അമീര്‍ അബ്ദുല്‍ഖാദിര്‍ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പോരാടിയപ്പോള്‍ തീജാനിയ്യ ത്വരീഖത്ത് ഫ്രഞ്ച് അധിനിവേശത്തിനു അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇങ്ങനെ മിക്ക അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങളിലും സ്വൂഫി ത്വരീഖത്തുകള്‍ അധിനിവേശത്തിനു അനുകൂലമായും എതിരായും നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍, അറബ് രാഷ്ട്രങ്ങള്‍ അധിനിവേശ ശക്തികളില്‍ നിന്ന് മോചനം നേടി അറബ് ദേശീയതയില്‍ നിന്ന് കൊണ്ട് രാഷ്ട്ര രൂപീകരണം നടത്തിയപ്പോള്‍ അധിക രാഷ്ട്രങ്ങളും സ്വൂഫിസത്തെ തങ്ങളുടെ മതാദര്‍ശമായി സ്വീകരിക്കുകയും സര്‍വ പിന്തുണയും സഹായവും നല്‍കുകയും ചെയ്യുന്നതാണ് കാണാന്‍ സാധിച്ചത്. ഇതിന്റെ പ്രധാന പ്രേരകമായി പറയപ്പെടുന്നത് ഇസ്‌ലാമിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ നേരിടാന്‍ ആധുനിക അറബ് രാഷ്ട്രങ്ങള്‍ക്ക് സ്വൂഫിസത്തിന്റെ സര്‍വ പിന്തുണയും ആവശ്യമായി വന്നിരുന്നു എന്നതാണ്.

ഫ്രഞ്ച് ഗവേഷകനായ എറിക് തിയോഫ്രി അഭിപ്രായപ്പെട്ടത് 'ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നേരിടാന്‍ ആധുനിക അറബ് ഭരണകൂടങ്ങള്‍ സ്വൂഫിസത്തെ ഭരണകൂടത്തിന്റെ ഭാഗമാക്കി മാറ്റി'യെന്നാണ്. മൊറോക്കന്‍ മതകാര്യ മന്ത്രി അഹ്മദ് തൗഫീഖ് സ്വൂഫിയാണ്. ഈജിപ്തിലെ മുഫ്തിയായി അവരോധിതനായ ശൈഖ് അഹ്മദ് അല്‍ത്വയ്യിബ് സ്വൂഫിയാണ്. അള്‍ജീരിയയില്‍ ബൂതഫ്‌ലീഖ തന്റെ തെരഞ്ഞെടുപ്പു വിജയത്തിന് സ്വൂഫികളുടെ സഹായം തേടിയിരുന്നു.

ഫോളിയ അതാജാന്‍ 'അധികാരത്തോടുള്ള സ്വൂഫി ബന്ധം തുര്‍ക്കിയിലും ഈജിപ്തിലും' എന്ന തന്റെ പഠനത്തില്‍ അഭിപ്രായപ്പെട്ടത് 'അധിക ആധുനിക അറബ് രാഷ്ട്രങ്ങളും തങ്ങളുടെ പുതിയ രാഷ്ട്രീയ ഘടനയില്‍ സ്വൂഫീ  ത്വരീഖത്തുകളെ ഉള്‍ക്കൊള്ളിക്കുന്നതിനു മുന്‍ഗണന നല്‍കി' എന്നാണ്. എന്നാല്‍ ഈ രണ്ടു രാഷ്ട്രങ്ങളിലും ഭരണകൂട വിരുദ്ധ സമീപനം സ്വീകരിച്ച സ്വൂഫി ത്വരീഖത്തുകളും ഉണ്ടായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സൂഫി ത്വരീഖത്തുകള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഓരോ നാട്ടിലെയും സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് മാറ്റിക്കൊണ്ടേയിരുന്നു. ഭൂരിഭാഗം രാഷ്ട്രങ്ങളും സ്വൂഫി ത്വരീഖത്തുകളെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. തുര്‍ക്കിയില്‍ ഒരു ഘട്ടത്തില്‍ സ്വൂഫി ത്വരീഖത്തുകള്‍ നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും അവയില്‍ പലതും വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് ബന്ധം സ്ഥാപിച്ചിരുന്നു. അതില്‍ പലതും ആധുനിക തുര്‍ക്കി രാഷ്ട്രീയത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. ഉദാഹരണത്തിന് തുര്‍ക്കിയില്‍ നജ്മുദ്ദീന്‍ അര്‍ബകാന്‍ സ്ഥാപിച്ച പാര്‍ട്ടിക്ക് നൂരിശ ത്വരീഖത്തിന്റെയും നഖ്ഷബന്ദി ത്വരീഖത്തിന്റെയും പിന്തുണ കിട്ടിയിട്ടുണ്ട്. റജബ് ത്വയ്യിബ് ഉര്‍ദുഗാനടക്കം തുര്‍ക്കിയിലെ അറിയപ്പെടുന്ന പല നേതാക്കളും നഖ്ശബന്ദി ത്വരീഖത്തില്‍ അംഗത്വം ഉള്ളവരായിരുന്നു.

ഈജിപ്തിലാകട്ടെ ഉസ്മാനിയ കാലഘട്ടം തൊട്ടു തന്നെ ഭരണകൂടം സ്വൂഫി ത്വരീഖത്തുകളെ തങ്ങളുടെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് പോന്നിട്ടുണ്ട്. 1895-ല്‍ സ്വൂഫി ത്വരീഖത്തുകളുടെ ഉന്നതാധികാരസഭ ഉണ്ടാക്കിയത് ഇതിന്റെ ഭാഗമാണ്. ഈ ഉന്നതാധികാര സഭക്ക് ഇന്നും ഈജിപ്ത് ഭരണകൂടത്തിന്റെ സര്‍വ പിന്തുണയും ഉണ്ട്. ഈ സഭയില്‍ 16 മെമ്പര്‍മാര്‍ ആണുള്ളത്. അതില്‍ 10 അംഗങ്ങള്‍ 73 വ്യത്യസ്ത സ്വൂഫീ ത്വരീഖത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ്. കൂടാതെ നോമിനേറ്റ് ചെയ്യപ്പെട്ട ശൈഖുല്‍ അസ്ഹറിന്റെ ഒരു പ്രതിനിധി, ഔഖാഫിന്റെ ഒരു പ്രതിനിധി, സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രതിനിധി, പൊതുസുരക്ഷാ വിഭാഗത്തിന്റെ പ്രതിനിധി, പ്രാദേശിക ഭരണകൂടത്തില്‍നിന്നും ജനസഭയില്‍ നിന്ന് ഓരോ പ്രതിനിധികള്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍. ഈ സഭയുടെ ശൈഖിനെയാകട്ടെ പ്രസിഡന്റ് നേരിട്ട് നിയമിക്കുകയാണ് ചെയ്യുന്നത്. 

വേള്‍ഡ് ട്രേഡ് സെന്റര്‍ പെന്റഗണ്‍ ആക്രമണങ്ങള്‍ക്ക്  ശേഷം 2001 സെപ്റ്റംബര്‍ മുതല്‍ സ്വൂഫി ത്വരീഖത്തുകളും അറബ് ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധത്തിന് പ്രത്യേക മാറ്റം സംഭവിച്ചിട്ടുണ്ട്. 2001 ആക്രമണങ്ങള്‍ക്ക്  പ്രധാന കാരണക്കാരായി പറയപ്പെടുന്ന സലഫി-ജിഹാദീ പ്രസ്ഥാനങ്ങള്‍ക്ക് പകരമായി സ്വൂഫീ ത്വരീഖത്ത് പ്രസ്ഥാനങ്ങളെ വളര്‍ത്തിക്കൊണ്ട് വരിക എന്ന അമേരിക്കയുടെ പുതിയ നയമാണ് ഇതിനു കാരണം. ഈ ബന്ധം പരിപോഷിപ്പിക്കാന്‍ അമേരിക്ക അറബ് ഭരണകൂടങ്ങളുടെ സഹായത്തോടെ പഠന ഗവേഷണ കേന്ദ്രങ്ങളും സമ്മേളനങ്ങളും നടത്തിയിട്ടുണ്ട്.  

ഇതിന്റെ ആദ്യത്തെ ഫലമായിരുന്നു 2003-ല്‍ റാണ്ട് (RAND) എന്ന അമേരിക്കന്‍ സ്ഥാപനം പ്രസിദ്ധീകരിച്ച 'ഡെമോക്രാറ്റിക് സിവില്‍ ഇസ്‌ലാം' എന്ന പഠനം. ഈ പഠനത്തില്‍ അമേരിക്കയുടെ ഇസ്‌ലാമിക ലോകത്തുള്ള ഭാവി സഖ്യത്തില്‍ ഒന്നായി സ്വൂഫി പ്രസ്ഥാനങ്ങളെ എടുത്ത് പറഞ്ഞിട്ടുണ്ട്. പിന്നീട് അമേരിക്കയുടെ മേല്‍നോട്ടത്തില്‍ ധാരാളം പഠനങ്ങള്‍ ഈ വിഷയത്തില്‍ നടക്കുകയുണ്ടായി. 2007 ല്‍ പ്രസിദ്ധീകരിച്ച 'മിത ഇസ്‌ലാമിക് നെറ്റ്‌വര്‍ക്കിന്റെ നിര്‍മാണം', 2009-ല്‍ പ്രസിദ്ധീകരിച്ച 'കിഴക്കന്‍ ആഫ്രിക്കയിലെ റാഡിക്കല്‍ ഇസ്‌ലാം', 2005-ല്‍ അമേരിക്കന്‍ പീസ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'ആഫ്രിക്കന്‍ മരുഭൂമിയിലെ രാഷ്ട്രീയ ഇസ്‌ലാം' തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെട്ടവയാണ്. ഇവയിലെല്ലാം ഈ പ്രദേശങ്ങളിലെ സ്വൂഫി പ്രസ്ഥാനങ്ങളെ പ്രത്യേകം പഠന വിധേയമാക്കിയിട്ടുണ്ട്. 2007-ല്‍  അമേരിക്കന്‍ പഠന സ്ഥാപനമായ കാരിന്‍ഗി 'മധ്യേഷ്യയിലെ സ്വൂഫിസം' എന്ന ഒരു ഗവേഷണ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. 2004 മാര്‍ച്ചില്‍ നിക്‌സണ്‍ സ്റ്റഡി സെന്റര്‍ 'സ്വൂഫിസവും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അതിന്റെ ഭാവി പങ്കും' എന്ന വിഷയത്തില്‍ ഒരു സമ്മേളനവും സംഘടിപ്പിക്കുകയുണ്ടായി.

ഇതേ കാലയളവില്‍ തന്നെ ചില അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഭീകരവാദത്തെയും തീവ്രവാദത്തെയും എതിര്‍ക്കാനെന്ന പേരില്‍ സ്വൂഫി ത്വരീഖത്തുകള്‍ക്കു പ്രത്യേക പരിഗണന നല്‍കുന്ന പ്രവണതയും പ്രകടമായി. ഉദാഹരണത്തിന് ഈജിപ്ഷ്യന്‍ നാഷ്‌നല്‍ പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട സ്വൂഫി ത്വരീഖത്ത് ശൈഖുമാര്‍ അംഗങ്ങളായി. അവിടത്തെ ഗ്രാന്റ് മുഫ്തി, ശൈഖുല്‍ അസ്ഹര്‍ തുടങ്ങിയവര്‍ സ്വൂഫി ത്വരീഖത്തിന്റെ തലപ്പത്ത് ഉള്ളവരാണ്. ഒരു കാലത്ത് ഹുസ്‌നി മുബാറക് ഭരണത്തോട് ഒട്ടിനിന്ന സ്വൂഫി സരണി ഇന്ന് സീസിക്ക് വേണ്ടി എല്ലാ ഒത്താശകളും നല്‍കുന്നു. 'അല്ലാഹു അല്ലാതെ ഇലാഹില്ല, സീസി അല്ലാഹുവിന്റെ പ്രിയപ്പെട്ടവനാണ്' എന്നതാണ് ചില സ്വൂഫി ത്വരീഖത്തുകളുടെ പുതിയ മുദ്രാവാക്യം. ഇതിനെ കുറിച്ച് ബയൂമി ത്വരീഖത്തിന്റെ ഉപമുഖ്യനായ ഹാജ് അശ്‌റഫ് അബ്ദുല്‍ അസീസ് പറഞ്ഞത്, 'വര്‍ഷങ്ങള്‍ നീണ്ട പ്രയാസങ്ങള്‍ക്കു ശേഷം ഈജിപ്തിലെ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്ന പുതിയ ഒരു നേതാവിന്റെ ജനനമാണ് സീസിയില്‍ സ്വൂഫി ത്വരീഖത്തുകള്‍ ദര്‍ശിക്കുന്നത്' എന്നാണ്.

അള്‍ജീരിയയില്‍ സ്വൂഫി ത്വരീഖത്തുകള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാവുകയും പ്രത്യുപകാരമായി ഖാദിരിയ്യ ത്വരീഖത് പോലുള്ള സ്വൂഫി ഗ്രൂപ്പുകള്‍ ഭരണകൂടത്തിനു പൂര്‍ണ പിന്തുണ നല്‍കി പോരുകയും ചെയ്തു. 1999 ലും  2004 ലും  അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് സ്വൂഫി ത്വരീഖത്തുകള്‍ ആയിരുന്നു. പ്രത്യുപകാരമായി ഖാദിരിയ്യ ത്വരീഖത്തിന്റെ നേതാവായ ഡോ.  മുഹമ്മദ് ബിന്‍ ബിരീക നിര്‍ദേശിച്ചത് സലഫി സ്വാധീനത്തെ പ്രതിരോധിക്കാന്‍ ഗവണ്‍മെന്റ് സ്വൂഫി ത്വരീഖത്തുകളുടെ ഒരു കോംപ്ലക്‌സ് ഉണ്ടാക്കണം എന്നാണ്.

മൊറോക്കോയിലാകട്ടെ തുടക്കത്തില്‍ സ്വൂഫിത്വരീഖത്തുകളും ഭരണകൂടവും തമ്മില്‍ പരോക്ഷമായ ബന്ധമാണ് ഉണ്ടായിരുന്നതെങ്കിലും അതിപ്പോള്‍ പരസ്യമായ ബന്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റ് ദീനി രംഗത്ത് വ്യക്തമായ അഴിച്ചുപണി നടത്തിയപ്പോള്‍ വ്യക്തമാവുന്നത് സ്വൂഫി ത്വരീഖത്തുകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിട്ടാണ്. ഈ അവസരത്തിലാണ് മൊറോക്കോയിലെ ബൂദ്ശീശിയ്യ ത്വരീഖത്തിന്റെ 'ഞങ്ങള്‍ക്ക് ആരോടും പ്രത്യേകമായ ശത്രുതയില്ലെ'ന്ന പ്രസ്താവന പ്രസക്തമാവുന്നത്. അതുപോലെ ബൂദ്ശീശിയ്യ ത്വരീഖത്തിന്റെ ആചാര്യന്‍ മോറോക്കക്കാരോട്, തര്‍ക്കങ്ങള്‍ ഒഴിവാക്കി എല്ലാവരും നാടിന്റെ നന്മക്കു വേണ്ടി 'അമീറുല്‍ മുഅ്മിനീ'നായ  മുഹമ്മദ് ആറാമന്റെ പിന്നില്‍ അണിനിരക്കണമെന്നും ആവശ്യപ്പെട്ടു.

ലിബിയയിലാകട്ടെ മുഅമ്മുല്‍  ഖദ്ദാഫി ഭരണകൂടത്തിനു കീഴില്‍ എപ്പോഴും സ്വൂഫി ത്വരീഖത്തുകള്‍ക്ക് നിര്‍ലോഭ പിന്തുണ ലഭിച്ചതായിട്ടാണ് ചരിത്രം രേഖപ്പെടുത്തിയത്. 2011 ലെ ജനകീയ വിപ്ലവത്തിനിടക്ക് ഭരണകൂടത്തെ പിന്തുണച്ച് കൊണ്ട് ധാരാളം പ്രസ്താവനകള്‍ സ്വൂഫി ത്വരീഖത്തുകളുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്. തുനീഷ്യയിലാവട്ടെ സൈനുല്‍ ആബിദീന്റെ ഭരണത്തിനു കീഴില്‍ സ്വൂഫിസത്തിന് പ്രത്യേകമായ പരിഗണനയും സംരക്ഷണവുമാണ് നല്‍കപ്പെട്ടിരുന്നത്. 'രാഷ്ട്രീയ ഇസ്‌ലാമി'നെ, പ്രത്യേകിച്ച് അന്നഹ്ദ പാര്‍ട്ടിയെ - നേരിടുന്നതിന് ഭരണകൂടം സ്വൂഫി ത്വരീഖത്ത് പ്രസ്ഥാനങ്ങളെ ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇത്രയും പറഞ്ഞതില്‍ നിന്ന് അറബ് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന വിപ്ലവങ്ങളോട് സ്വൂഫി ത്വരീഖത്തുകള്‍ വെച്ചു പുലര്‍ത്തുന്ന നിലപാട് എന്താണെന്ന് വളരെ വ്യക്തമാണ്. അറബ് സ്വേഛാധിപതികള്‍ക്കെതിരെയുള്ള അറബ് ജനകീയ വിപ്ലവങ്ങളോട് സ്വൂഫിസം സ്വീകരിച്ച നിലപാട് ഒന്നുകില്‍ മൗനത്തിന്റെതോ അല്ലെങ്കില്‍ വിപ്ലവത്തിന് എതിരായതോ ആയിട്ടാണ് ചരിത്രം രേഖപ്പെടുത്തിയത്.

എന്നാല്‍ ജനകീയ വിപ്ലവങ്ങള്‍ വിജയിച്ച രാഷ്ട്രങ്ങളില്‍ ജയിച്ചവരുടെ ഭാഗത്ത് നിലയുറപ്പിക്കുന്ന സമീപനമാണ് സ്വൂഫി ത്വരീഖത്തുകള്‍ പിന്നീട് സ്വീകരിച്ചത്. എന്നാല്‍ ചില ഗ്രൂപ്പുകള്‍ രാഷ്ട്രീയം വിട്ട് സ്വൂഫിസത്തിന്റെ അടിസ്ഥാനമായ വ്യക്തി സംസ്‌കരണത്തിന് പ്രാധാന്യം നല്‍കുന്ന നിലപാടിലേക്ക് മാറുകയും ചെയ്തു. ഈജിപ്തില്‍ ചില ത്വരീഖത്ത് ഗ്രൂപ്പുകള്‍ തങ്ങളുടെ എതിര്‍ചേരിയിലുള്ളവരെ ഒതുക്കാനുള്ള അവസരമായി മുര്‍സി ഗവണ്‍മെന്റിനെ ഉപയോഗപ്പെടുത്തിയതായി കാണാം. 15 സ്വൂഫി ത്വരീഖത്തുകള്‍ ചേര്‍ന്ന്, ഈജിപ്ഷ്യന്‍ നാഷണല്‍ പാര്‍ട്ടിയുടെ ആളാണെന്ന് പറഞ്ഞു നിലവിലുള്ള ത്വരീഖത്തുകളുടെ ശൈഖുല്‍ മശായിഖിനെ നീക്കാന്‍ അദ്ദേഹത്തോട് ശ്യപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നു. ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ അപലപിച്ച് 45-ഓളം ത്വരീഖത്തുകള്‍ മാറി നില്‍ക്കുകയും ചെയ്തു. എന്നാല്‍ പട്ടാള വിപ്ലവത്തിന് ശേഷം സീസി അധികാരത്തില്‍ വന്നപ്പോള്‍ ഭൂരിഭാഗം ത്വരീഖത്തുകളും സീസിക്ക് പിന്തുണയുമായി രംഗത്ത് വരികയുണ്ടായി.

 

അറബ് വിപ്ലവങ്ങള്‍ യഥാര്‍ഥത്തില്‍ വ്യത്യസ്തങ്ങളായ മുസ്‌ലിം ധാരകള്‍ക്ക് പലവിധ വെല്ലുവിളികളും ഉണ്ടാക്കി; പ്രത്യേകിച്ച് വര്‍ഷങ്ങളോളം അധികാരത്തിന്റെ അരിക് പറ്റി നിലകൊണ്ടിരുന്ന സൂഫി ത്വരീഖത്തുകള്‍ക്ക്. എന്നാല്‍ ത്വരീഖത് പ്രസ്ഥാനങ്ങള്‍ സംരക്ഷണത്തിന്റെയും സഹായത്തിന്റെയും നിലപാട് തന്നെയാണ് അധിക അധികാരികളോടും സ്വീകരിച്ചത്. ചില സ്വൂഫി ത്വരീഖത്തുകള്‍ അതിന്റെ അടിസ്ഥാന ഘടകമായ സാമൂഹിക ദീനി ബന്ധം നിലനിര്‍ത്തികൊണ്ടു തന്നെ വിജ്ഞാനത്തിന്റെ പ്രകാശത്തില്‍ നിന്ന് അധികാരത്തിന്റെ അന്ധകാരത്തിലേക്ക് നീങ്ങാന്‍ ഒരിക്കലും മടിച്ചിട്ടില്ല എന്നാണു ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

(islamion.com പ്രസിദ്ധീകരിച്ച അസ്വൂഫിയ വസ്സുല്‍ത്വ മിന്‍ നൂരില്‍ ഇര്‍ഫാനി ഇലാ ളുല്‍മതിസ്സിയാസത്തി വസ്സുല്‍ത്വാന്‍ എന്ന ലേഖനത്തിന്റെ വിവര്‍ത്തനം)

വിവ: ബുഅഹ്മദ് ദോഹ

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍