Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

തകരപ്പെട്ടി

സാദിഖ് ചങ്ങനാശേരി

തകരപ്പെട്ടി

എനിക്ക് ഓര്‍മയുണ്ട്
പണ്ട്...........
പട്ടിണി വയറു നിറച്ചകാലം
കടക്കാര്‍ ഉമ്മറത്ത് പതിവായപ്പോള്‍
ആരോ പറഞ്ഞു. 
സ്വര്‍ണം കായ്ക്കുന്ന
ഈത്തപ്പനകളുടെ നാടിനെക്കുറിച്ച്
പിന്നെ ഒന്നും ആലോചിച്ചില്ല
ഉമ്മച്ചീം സുഹ്‌റയും പൊതിഞ്ഞുതന്ന
ബാധ്യതകളുടെ തകരപ്പെട്ടിയുമായി
-വലിയ തകരപ്പെട്ടിയുമായി-
ഞാന്‍ വിമാനം കയറി
ഒപ്പം ആരും കാണാതെ
തോല്‍സഞ്ചിയില്‍ സൂക്ഷിച്ച
എന്റെ ''ജീവിതവും''
സ്വര്‍ണം കായ്ക്കുന്ന ഈത്തപ്പനകള്‍
തേടി മരുഭൂവില്‍ അലഞ്ഞപ്പോഴും,
മുശിട് നാറുന്ന ആട്ടിന്‍പന്തിയില്‍
കിടന്ന് ഉറക്കം നടിച്ചപ്പോഴും,
എന്റെ 'തോല്‍സഞ്ചി' കുബ്ബൂസിനൊപ്പം
മരുഭൂമിയിലേക്ക് വലിച്ചെറിഞ്ഞപ്പോഴും,
ഉമ്മച്ചീം സുഹ്‌റയും പൊതിഞ്ഞു
തന്ന തകരപ്പെട്ടി ഞാന്‍
നെഞ്ചോടു ചേര്‍ത്ത് പിടിച്ചു
പക്ഷേ.....
മണ്ണ് മെഴുകിയ തറയില്‍
ടൈല്‍സ് വിരിച്ചിട്ടും,
കടക്കാര്‍ക്ക് മുന്നില്‍ മതില്‍കെട്ടി
പുര വാര്‍പ്പാക്കിയിട്ടും,
പട്ടിണി മാറി റോസ്റ്റും ബ്രോസ്റ്റും
വയറ് നിറച്ചിട്ടും
എന്തോ ആ തകരപ്പെട്ടികള്‍
പരാതി മാത്രം പറഞ്ഞുകൊണ്ടിരുന്നു.

സാദിഖ് ചങ്ങനാശേരി

 

തീപ്പാതി ഹൃദയം

വഴിയിതളുകളില്‍ 
ചായംപൂശി
ഞാനാരേയും കാത്തിരുന്നിട്ടില്ല
ഉള്ള നിറം കറുപ്പായിട്ടും
മേമ്പൊടി ചേര്‍ത്തതിനെ
വില്‍പ്പനക്ക്‌വെച്ചിട്ടില്ല.
ഒരു ഭ്രമിപ്പിക്കുന്ന കാഴ്ച്ചയും
എന്നിലൂടൊഴുകി
സ്വീകരിക്കാമെന്നു പറഞ്ഞാരെയും
പ്രലോഭിപ്പിച്ചിട്ടില്ല.
സ്വയാവിഷ്‌ക്രിത പ്രഭാവലയം തീര്‍ത്ത്
വശീകരിച്ചിട്ടുമില്ലാരെയും.
കപടമുഖം പേറി
നടന്നിട്ടുമില്ലിന്നോളം.
കുടിക്കുന്ന കഞ്ഞിത്തെളി തീര്‍ന്നാലടിയില്‍ 
തുടുത്തവറ്റിന്‍ കൂട്ടമുണ്ടാകുമെന്നും
ഞാന്‍ നുണ പറഞ്ഞിട്ടില്ല.
പക്ഷെ
ഒന്നു കാണിച്ചു തന്നിരുന്നു
ഒന്നു മാത്രം
തീപ്പാതിയാല്‍ വെന്ത 
ഒരു ഹൃദയം..!

പി.സി സന്തോഷ് ബാബു

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍