ഫലസ്ത്വീന്‍ ചരിത്രത്തിലെ വര്‍ത്തമാനങ്ങള്‍
ചരിത്രം എന്നും ജേതാവിന്റേതാണ്. എഴുതപ്പെടുന്നതും വായിക്കപ്പെടുന്നതും പഠിപ്പിക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും ജേതാവിന്റെ ഈ ചരിത്രം മാത്രമാണ്. 1948-ലെ ഫലസ്ത്വീന്‍ ചരിത്രത്തിനും രണ്ടു വായനകള്‍ ഉണ്ട്. ഒന്ന്, അധിനിവേശ പക്ഷ ചരിത്രം. മറ്റൊന്ന് കുടിയിറക്കപ്പെട്ടവന്റെ ചരിത്രം. ലോകം ചെവികൊടുത്തതും അംഗീകരിച്ചതും ആദ്യത്തേത്.1948ലെ യുദ്ധം ഇസ്രയേലിനു വിജയത്തിന്റെയും വിമോചനത്തിന്റെയും ചരിത്രമാണങ്കില്‍ ഫലസ്തീനികള്‍ക്കത് പകുതിയിലധികം വരുന്ന തദ്ദേശീയരായ അറബ് ഫലസ്ത്വീന്‍ ജനത ആട്ടിയിറക്കപ്പെട്ട നകബ അഥവാ ദുരന്തമാണ്. ഒരു ചരിത്ര യാഥാര്‍ഥ്യമായിപോലും ഈ ദുരന്തത്തെ രേഖപ്പെടുത്താതിരിക്കാന്‍ മാത്രം ലോക പൊതു ബോധത്തെ ഒന്നടങ്കം സ്വാധീനിക്കാന്‍ ഇസ്രയേലിനു സാധിച്ചുവെന്നതാണ് അവരുടെ വിജയം. തൊണ്ണൂറു ശതമാനത്തോളം വരുന്ന ഫലസ്ത്വീന്‍ ജനത ഒരു സുപ്രഭാതത്തില്‍ സ്വയം നാടും വീടും ഉപേക്ഷിച്ചുപോയി (voluntary transfer) എന്നതാണ് അധിനിവേശപക്ഷം. ഇസ്രയേല്‍ നിര്‍മിച്ചെടുത്ത ഔദ്യോഗിക ചരിത്രമതാണ്.
ചരിത്രം ഏറ്റവും വലിയ ആയുധമാണെന്ന് സയണിസം തിരിച്ചറിഞ്ഞിട്ടുണ്ട്. ഫലസ്ത്വീനുമായി ബന്ധപ്പെട്ട മുഴുവന്‍ ചരിത്ര രേഖകളും ഇല്ലാതാക്കാന്‍ ഇസ്രയേല്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. 1982 ല്‍ ലബനാന്‍ ആക്രമിച്ചപ്പോള്‍ ഇസ്രയേല്‍ ആദ്യം ലക്ഷ്യം വെച്ചത് പി.എല്‍.ഒയുടെ റിസര്‍ച്ച് സെന്ററും അതിന്റെ ആര്‍കൈ വ്‌സുമായിരുന്നു. ഫലസ്ത്വീന്‍ ഓര്‍മകളുണര്‍ത്തുന്ന അറബ് സ്ഥലപ്പേരുകളെല്ലാം ഇസ്രയേല്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. 1920-നു മുമ്പുള്ള അറബ്ഫലസ്ത്വീനിയന്‍ ജീവിതം ചിത്രീകരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ ബ്രിട്ടീഷ് ലൈബ്രറി ആര്‍കൈവ്‌സില്‍ നിന്നും ആസൂത്രിതമായി മാറ്റപ്പെട്ടിരിക്കുന്നുവെന്ന് ഡോക്യുമെന്ററി ഫിലിം നിര്‍മാതാവായ റവാന്‍ ഡാമി (RawanDamen)ന്റെ സാക്ഷ്യപ്പെടുത്തലുകള്‍ ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ജൂയിഷ് ഫലസ്ത്വീനിയന്‍ ജീവിതം ചിത്രീകരിക്കുന്ന വീഡിയോ ഫൂട്ടേജുകള്‍ ഇതേ ആര്‍കൈവ്‌സില്‍ സുലഭമാണെന്നത് മറ്റൊരു കാര്യം.
അറബ് ഫലസ്ത്വീനിയന്‍ ഓര്‍മകളെ ഇല്ലാതാക്കാന്‍ വേണ്ടി പണിയെടുക്കുന്നവര്‍ സ്വന്തം ഓര്‍മകളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് ഹോളോകാസ്റ്റ്. അതിന്റെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ ആസൂത്രിതമായ ശ്രമം തന്നെ ഇസ്രയേല്‍ നടത്തിയിട്ടുണ്ട്. 62 മില്യന്‍ വരുന്ന ചരിത്ര രേഖകള്‍,267500 ചിത്രങ്ങള്‍, ആയിരക്കണക്കിനു വീഡിയോ ക്ലിപ്പുകള്‍, ഇതുമായി ബന്ധമുള്ള മറ്റനേകം രേഖകള്‍ എന്നിവയെല്ലാം ഇതിന്റെ തെളിവാണ്. ഇവ വളരെ കൃത്യമായി ശേഖരിക്കുകയും ഈ രേഖകളുടെ പിന്‍ബലത്തില്‍ ഹോളോകോസ്റ്റ് ഇരകളുടെതെന്ന പേരില്‍ സ്വിസ്സ് ബാങ്കില്‍ നിന്നും ഇസ്രായേല്‍ കരസ്ഥമാക്കിയത് മില്യണ്‍ കണക്കിന് ഡോളറാണ്. ഏകദേശം എണ്ണായിരം കോടി രൂപ വരുമത്.
അറബ് ജനതയുടെ ഹൃദയ ഭാഗത്ത് ജൂതരാഷ്ട്രത്തെ പ്രതിഷ്ഠിക്കാന്‍ വേണ്ടി ഹോളോകോസ്റ്റിനെക്കുറിച്ച് നിര്‍മി ച്ചെടുത്ത ഓര്‍മകളാണ് അവര്‍ ഉപയോഗിച്ചത്. 'ഇസ്രയേല്‍' എന്ന സങ്കല്‍പം തന്നെയും നിര്‍മിത ഓര്‍മകളുടെ സൃഷ്ടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ പടച്ചുണ്ടാക്കിയ രണ്ടായിരം വര്‍ഷത്തെ ജൂത പാരമ്പര്യത്തിന്റെയും മതകീയ ഓര്‍മകളുടെയും (Religious Memory) സൃഷ്ടി. ചരിത്രത്തെ ഇങ്ങനെ സൃഷ്ടിച്ചെടുക്കുന്നവര്‍ തന്നെയാണ് ഫലസ്ത്വീനിയന്‍ ദുരന്തത്തിന്റെ മുഴുവന്‍ അടയാളങ്ങളെയും ചരിത്ര രേഖകളെയും ഇല്ലായ്മ ചെയ്യുന്നത്. ചരിത്രമാണ് വര്‍ത്തമാനത്തെ രൂപപ്പെടുത്തുന്നതെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയവരും ചരിത്രത്തെ 'വളരെ നന്നായി' ഉപയോഗപ്പെടുത്തിയവരുമാണ് സയണിസ്റ്റുകള്‍.
പ്രശസ്ത ഫലസ്ത്വീന്‍ കവി മഹ്മൂദ് ദര്‍വിശ് തന്റെ കവിതയില്‍ വെളുത്ത ലില്ലി പൂക്കള്‍ സ്വപ്നം കാണുന്ന ഒരു ഇസ്രയേലീ സൈനികനെ അവതരിപ്പിക്കുന്നുണ്ട്. ഇസ്രയേലിന്റെ ക്രൂരത കണ്ട് മാനസാന്തരം വന്ന സൈനികന്‍. സയണിസ്റ്റ് ദേശീയത അതിന്റെ ഉത്തുംഗതയില്‍ എത്തി നിന്ന അറുപതുകളില്‍ ഇത്തരമൊരു മാനസാന്തരം അചിന്തനീയമായിരുന്നു. അതുകൊണ്ട് തന്നെ ഈ കവിത ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. പക്ഷേ ക്രാന്ത ദര്‍ശിയായ കവിയുടെ പ്രവചനം ഇന്ന് സത്യമായി പുലര്‍ന്നു കൊണ്ടിരിക്കുന്നു. ഇസ്രയേലിനെതിരില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന നൈസര്‍ഗികമായ ധാര്‍മിക ബോധം ഇന്ന് സയണിസത്തെ ശക്തമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ക്രൂരമായ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് ഇസ്രയേലീ സൈന്യത്തില്‍ നിന്ന് രാജിവെച്ചവരുടെ കൂട്ടായ്മയാണ് COURAGE TO REFUSE ISRAEL. ഇത്തരമൊരു കൂട്ടായ്മ ഇന്ന് ചരിത്രകാരന്മാരിലും രൂപപ്പെട്ടുവന്നിരിക്കുന്നു. ഇവരാണ് Israeli New Historians. ചരിത്രവുമായി ബന്ധപ്പെട്ടു ഇസ്രയേല്‍ നിര്‍മി ച്ചെടുത്ത ഔദ്യോഗിക ഭാഷ്യങ്ങളെ (official narratives) ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നു എന്നതാണിവരെ വ്യതിരിക്തരാക്കുന്നത്.
ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രഫസറും ബ്രിട്ടീഷ് അക്കാഡമി ഗവേഷകനും പ്രശസ്ത ഇസ്രയേല്‍ ചരിത്രകാരനുമായ എവി ശലൈം (Avi-Shlaim) ആണ് ഈ സംരഭത്തിന് തുടക്കമിട്ടത്. 1982- ല്‍ ഇസ്രയേല്‍ (The Israel Defense Forces) IDF archives ഗവേഷകര്‍ക്കായി തുറന്നുകൊടുത്തതോടെയാണ് ശലൈത്തിന്റെ ചരിത്ര താല്‍പര്യം വളരുന്നത്. ഇസ്രയേല്‍ സയണിസത്തിനനുകൂലമായി വളച്ചൊടിച്ച ചരിത്രത്തെ വസ്തുതകള്‍ നിരത്തി അദ്ദേഹം പുറത്തുകൊണ്ടുവന്നു.
1948-ലെ ഇസ്രയേല്‍ രൂപീകരണം അറബ് സമൂഹത്തോടു കാണിച്ച ക്രൂരമായ അനീതിയായിരുന്നുവെന്നും ഇസ്രയേല്‍ നടത്തിയത് സ്വാതന്ത്ര്യ ദേശീയ പോരാട്ടമായിരുന്നില്ല, മറിച്ച് ഏതൊരു പടിഞ്ഞാറന്‍ കടന്നുകയറ്റക്കാരെയും പോലെ പച്ചയായ സായുധ സൈനിക അധിനിവേശമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്ത്വീനിയന്‍ അഭയാര്‍ഥി ദുരന്തത്തിനു ഏക ഉത്തരവാദി ഇസ്രയേല്‍ മാത്രമാണെന്നും ശലൈം സമര്‍ഥിച്ചു. Israel and Palestine: Reappraisals, Revisions, Refutations എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഫലസ്ത്വീന്‍ ചരിത്രത്തെ സംബന്ധിച്ച ഒരു സുപ്രധാന രേഖയാണ്.
മറ്റൊരു പ്രമുഖ ഇസ്രയേലി ചരിത്ര കാരനാണ് ബെന്‍ഗൂരിയന്‍ യൂനിവേഴ്‌സിറ്റി പ്രഫസറായ ബെന്നി മോറിസ് (Benny Moris) The Birth of Palestinian Refugee Problem, 1947-1949 എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സയണിസത്തെ ന്യായീകരിക്കാനായി തനിക്കു മുമ്പുള്ള ചരിത്രകാരന്മാരെല്ലാം ചരിത്ര വസ്തുതകളെ വളച്ചൊടിച്ചുവെന്നദ്ദേഹം വാദിച്ചു. ഏഴു ലക്ഷം ഫസ്ത്വീനികളെ പുറത്താക്കിക്കൊണ്ടല്ലാതെ ഇസ്രയേലിനു ജൂത രാഷ്ട്രം സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഫലസ്ത്വീനിയന്‍ അഭയാര്‍ഥി പ്രശ്‌നം ഇസ്രയേല്‍ നടത്തിയ യുദ്ധത്തിന്റെ അനിവാര്യ ഫലമാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ചരിത്രത്തിലെ ഇസ്രയേലിന്റെ ക്രൂരമായ ചിത്രം മോറിസ് വരച്ചു കാണിച്ചു. ഇസ്രയേല്‍ 1948-ലെ യുദ്ധ സമയത്ത് ചെയ്തു കൂട്ടിയ പല കൂട്ടക്കൊലകളിലേക്കും ബെന്നി മോറിസ് വെളിച്ചം വീശി. 350 അറബ് ഗ്രാമങ്ങളില്‍ നിന്ന് അറബികളെ തുടച്ചുനീക്കിയാണ് ഇസ്രയേല്‍ സ്ഥാപിതമായതെന്ന് അദ്ദേഹം തെളിയിച്ചു. എന്നാല്‍ ഇസ്രയേലിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പല നിലപാടുകളും ഒടുവില്‍ അദ്ദേഹത്തിനു പിന്‍വലിക്കേണ്ടി വന്നു.
ധീരമായ നിലപാടുകള്‍ക്ക് വലിയ വില നല്‍കേണ്ടിവന്ന മറ്റൊരു പ്രമുഖ ഇസ്രയേലി ചരിത്രകാരനാണ് ഇല്ലാന്‍ ബാബേ. ഒരു പ്രദേശത്തെ 90 ശതമാനം ജനങ്ങളെ പുറം രാജ്യങ്ങളില്‍ അഭയാര്‍ഥികളും, അവശേഷിച്ച പത്തു ശതമാനത്തെ സ്വന്തം നാട്ടില്‍ രണ്ടാം കിട പൗരന്മാരുമാക്കി മാറ്റി, ജൂത രാഷ്ട്രം സ്ഥാപിക്കാന്‍ സയണിസ്റ്റുകള്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് വ്യക്തമായി വരച്ചു കാണിച്ചത് ഇദ്ദേഹമാണ്. ഫലസ്ത്വീനികള്‍ ഇസ്രയേല്‍ പ്രചരിപ്പിക്കും പ്രകാരം ഒരു സുപ്രഭാതത്തില്‍ ഒളിച്ചോടിയതല്ലെന്നും മറിച്ച് ആസൂത്രിതമായ വംശീയ ഉന്മൂലനത്തിലൂടെയാണ് ഇസ്രയേല്‍ സ്ഥാപിച്ചെടുത്തതെന്നും അദ്ദേഹം The Ethnic Cleansing of Palestine എന്ന ഗ്രന്ഥത്തിലൂടെ വിശദമാക്കുന്നു. ഇതിനായി ഇസ്രയേല്‍ സൈന്യവും ജൂത തീവ്രവാദ ഗ്രൂപ്പുകളും ചേര്‍ന്ന് നടത്തിയ 'Plan D' (Tochnit Daleth) ഓപ്പറേഷന്റെ പല രേഖകളും അദ്ദേഹം പുറത്തുവിട്ടു. ഈ ഓപ്പറേഷനിലൂടെ എട്ടു ലക്ഷം വരുന്ന ഫലസ്ത്വീനിയന്‍ ജനതയെ സ്വന്തം മണ്ണില്‍ നിന്നും ഇസ്രയേല്‍ തുടച്ചു നീക്കി. ഇതിന് നേതൃത്വം നല്‍കിയ ഇസ്രയേലി രാഷ്ട്രീയ തലവന്മാരെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണക്ക് വിധേയമാക്കണമെന്നദ്ദേഹം വാദിച്ചു. നകബ എന്ന വിശേഷണം ഫലസ്ത്വീനിയന്‍ ദുരന്തത്തെ ഉള്‍ക്കൊള്ളാന്‍ മതിയായ പദമല്ല എന്നതു കൊണ്ട് തന്നെ Eathnic-cleansing എന്നാണിദ്ദേഹം 1948-ലെ ഫലസ്ത്വീന്‍ ദുരന്തത്തെ വിശേഷിപ്പിക്കുന്നത്.
ഇസ്രയേല്‍ നടത്തിയ തന്തൂറ (Al-Tantura) കൂട്ടക്കുരുതിയെക്കുറിച്ചു Teddy Katz എന്ന വിദ്യാര്‍ഥിയുടെ ഗവേഷണ പ്രബന്ധത്തിനു നേതൃത്വം കൊടുത്തതിന്റെ പേരില്‍ ഹൈഫ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇല്ലാന്‍ ബാബേക്ക് രാജിവെക്കേണ്ടിവന്നു. ഒടുവില്‍ ഇത്തരം ധീരമായ നിലപാടുകളാല്‍ ഇടതുപക്ഷ ചിന്തകനായ അദ്ദേഹത്തിനു ഇസ്രയേല്‍ തന്നെ വിടേണ്ടി വന്നു. ഇപ്പോള്‍ ബ്രിട്ടനിലെ എക്‌സ്‌റ്റെര്‍ (Exter) യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറാണിദ്ദേഹം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നടിക്കുന്നവര്‍ അക്കാദമിക സ്വാതന്ത്ര്യത്തിനു പോലും വില കല്‍പിക്കാത്തവരാണെന്ന് ഇതിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചു. The Ethnic Cleansing of Palestine എന്ന ബാബേയുടെ ഗ്രന്ഥം ഇസ്രയേലിന്റെ യഥാര്‍ഥ ചിത്രം ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുന്ന സുപ്രധാന കൃതിയാണ്.
ഇസ്രയേലിന്റെ ക്രൂരത കണ്ട് മനം മടുത്ത്, ഒരു ജൂതനായതില്‍ താന്‍ ലജ്ജിക്കുന്നു എന്നു വരെ പ്രഖ്യാപിച്ച ഇസ്രയേലി ചരിത്രകാരനാണ് ശ്ലോമോ സാന്റു ( Shlomo Sand). ഇസ്രയേലിന്റെ ഔദ്യോഗിക ചരിത്രത്തെയും വംശീയമായ ഇസ്രയേലിന്റെ നിലനില്‍പ്പിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇസ്രയേല്‍ പടച്ചുണ്ടാക്കിയ രണ്ടായിരം വര്‍ഷത്തെ ജൂതചരിത്രത്തെ ചോദ്യം ചെയ്യുന്ന ശ്ലോമോ എഴുതിയ കൃതിയാണ് The Invention of The Jewish people. വംശീയതയെ അടിസ്ഥാനമാക്കി രൂപം കൊണ്ട ഒരു രാജ്യത്തിനു ആധുനിക ജനാധിപത്യ ലോകത്ത് നില നില്‍ക്കാനുള്ള അര്‍ഹതയില്ല എന്നാണദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ വ്യക്തമാക്കുന്നത്. വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം വളരെ വേഗത്തില്‍ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലറായിത്തീര്‍ന്നുവെന്നത് ഇത്തരമൊരു കാഴ്ചപ്പാടിന്റെ ജന പിന്തുണയാണ് സൂചിപ്പിക്കുന്നത്.
ചുരുക്കത്തില്‍, മഹ്മൂദ് ദര്‍വീശിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിക്കൊണ്ട് നൈസര്‍ഗിക ധാര്‍മിക ബോധം ഇന്ന് ഇസ്രയേലിനെ ശക്തമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. സാംസ്‌കാരിക നായകന്മാരും ചരിത്രകാരന്മാരും പത്രപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും അടങ്ങുന്ന വലിയ ഒരു വിഭാഗത്തിന്റെ ശബ്ദം ഇസ്രയേലിനെതിരില്‍ അവിടെ നിന്നു തന്നെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ജേര്‍ണലിസ്റ്റ് യുറി അവെനറി സോഷ്യോളജി പ്രഫസര്‍ യുറി റാം രാഷ്ട്രീയ പ്രവര്‍ത്തകനും ചരിത്രകാരനുമായ സിംഹ ഫ്‌ളാപാന്‍ തുടങ്ങിയവരെല്ലാം ഈ ധാര്‍മികബോധത്തില്‍ നിന്ന് ഉയര്‍ന്നു വന്ന പോസ്റ്റ് സയണിസ്റ്റ് ചര്‍ച്ചയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദങ്ങളാണ്.
(അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് സ്‌കോളറാണ് ലേഖകന്‍)
Comments