പ്രാണപ്രദായക ശക്തിയാണ് പരിപാലന ശക്തി
ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-9
'അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍'
പ്രാര്‍ഥന ആരോടാണ് ചെയ്യേണ്ടത്? ഈ ചോദ്യത്തിനാണ് അല്‍ ഫാതിഹയിലെ രണ്ടാം വാക്യം മറുപടി നല്‍കുന്നതെന്ന് ചുരുക്കി പറയാം. 'സര്‍വസ്തുതിയും സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു' എന്നതിലൂടെ പരിപാലിക്കാന്‍ കഴിവുള്ളവനോടു മാത്രമേ 'രക്ഷിക്കണേ' എന്നു പ്രാര്‍ഥിക്കുന്നതില്‍ അര്‍ഥമുള്ളൂ എന്ന് അല്‍ ഫാതിഹ പറയുന്നു. അല്ലാഹു അഥവാ വിശ്വശക്തിയായ ദൈവം സര്‍വശക്തനാണ് എന്നതുകൊണ്ടുതന്നെ അവിടുത്തേക്ക് പരിപാലന പ്രാവീണതയും ഉണ്ട്. അതുകൊണ്ട് അല്ലാഹുവിന് സര്‍വസ്തുതിയും അര്‍പ്പിക്കുന്നത് അത്യന്തം യുക്തമായ ഭക്തി തന്നെ!
അല്ലാഹുവാണ് നമ്മുടെ ജീവിതത്തെ കാത്തു രക്ഷിക്കുന്നത് എന്നതിന് എന്താണ് തെളിവ്? ഇത്തരം ചോദ്യങ്ങള്‍ വലിയ യുക്തിചിന്തയുടെ ഉശിരന്‍ പ്രകടനങ്ങള്‍ എന്ന വ്യാജേന പലരും ഉന്നയിക്കാറുണ്ട്. പക്ഷേ, കൂലങ്കഷമായി വിശകലനം ചെയ്താല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പിന്നില്‍ ആഴത്തിലുള്ള യുക്തിബോധമൊന്നും ഇല്ലെന്നു വ്യക്തമാകും. ഉദാഹരണത്തിന്, മാവില്‍ പഴുത്തു തുടങ്ങിയ ഒരു മാങ്ങ 'എന്നിലെ മധുരത്തിന് ഭൂമിയാണ് കാരണം എന്നതിനു എന്താണ് തെളിവ്?' എന്നു ചോദിക്കുകയാണെന്ന് കരുതുക. ഇതിന് മാങ്ങയെ ബോധ്യപ്പെടുത്താവുന്ന വിധത്തിലൊരു മറുപടി നല്‍കാന്‍ ഒരൊറ്റ വഴിയേയുള്ളൂ- മാവിന്റെ വേരറുക്കുക. അങ്ങനെ ചെയ്താല്‍ മണിക്കൂറുകള്‍ക്കകം മാങ്ങ വാടാന്‍ തുടങ്ങും. മാങ്ങക്ക് അതിന്റെ സ്വാഭാവികമായ രൂപവും ഗന്ധവും രസവും ഒക്കെ ഇല്ലാതാവാന്‍ തുടങ്ങും. അപ്പോള്‍ മാങ്ങക്ക് ബോധ്യമാകും തനിക്ക് മാവിനോട് മാത്രമല്ല, മാവിനെയും പോറ്റി രക്ഷിക്കുന്ന ഭൂമിയോടും ബന്ധമുണ്ടെന്ന്. ഇതുപോലെ നമ്മുടെ ജീവിതത്തെ അല്ലാഹുവാണ് പരിപാലിക്കുന്നത് എന്നതിന് തെളിവ് ചോദിക്കുന്നവരുടെ മൂക്കും വായും ഒന്നോ രണ്ടോ നിമിഷം പൊത്തി അമര്‍ത്തിപ്പിടിക്കുക. അപ്പോഴവരുടെ കണ്ണുകള്‍ മരണ വെപ്രാളത്തോടെ പുറത്തേക്ക് തുറിച്ചുന്തി വരും. അന്നേരം പിടി വിടുക. പിടിവിട്ടാല്‍ ഉടനെ അവര്‍ കിതച്ചുകൊണ്ട് നമ്മളോട് പറയും: ''നിങ്ങള്‍ എന്താണ് ചെയ്തത്. ഒരൊറ്റ നിമിഷം കൂടി നിങ്ങള്‍ അങ്ങനെ അമര്‍ത്തി പിടിച്ചിരുന്നെങ്കില്‍ ഞാന്‍ ശ്വാസം മുട്ടി മരിച്ചുപോയേനേ!'' ഇതിലൂടെ ദൈവമാണ് പരിപാലകന്‍ എന്നതിന് തെളിവ് അന്വേഷിച്ചയാള്‍ സ്വയം സമ്മതിക്കുന്നത് 'ജീവിക്കാന്‍ ശ്വാസം വേണം' എന്നാണ്. ശ്വാസം മനുഷ്യന്‍ അധ്വാനിച്ചുണ്ടാക്കിയെടുത്തതല്ല. മനുഷ്യേതരമായ ഏതൊരു മഹാ ശക്തിയാണോ മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജൈവസൃഷ്ടികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അത്യാവശ്യമായ വായുമണ്ഡലം രൂപപ്പെടുത്തിയെടുത്തത്, ആ മഹാ ശക്തിയാണ് ഏത് മനുഷ്യന്റെയും അടിസ്ഥാനപരമായ പരിപാലക ശക്തി. അടിസ്ഥാനപരവും അത്യന്തം മഹത്തരവുമായ ആ ക്രിയാശക്തിയെയാണ് സര്‍വലോക പരിപാലകനായ അല്ലാഹു എന്ന് വിശുദ്ധ ഖുര്‍ആനും, പരാശക്തി എന്ന് ഭാരതത്തിലെ വേദസംഹിതകളും ദൈവം എന്നു പൊതുവെ സാധാരണക്കാരും പറഞ്ഞുവരുന്നത്. പ്രാണ പ്രദായകകാരിയും അടിസ്ഥാനപരവുമായ അല്ലാഹു എന്ന മഹത്തരമായ ശക്തിയെ ശ്വാസോഛ്വാസം ചെയ്തു ജീവിക്കുന്ന ഒരു മനുഷ്യനും നിഷേധിക്കാനാവില്ല. മാതാപിതാക്കളെ ചവിട്ടിത്തൊഴിക്കുന്ന മക്കള്‍ ഉണ്ടാകാറുണ്ട് എന്ന് കരുതി അങ്ങനെ ചെയ്യുന്ന മക്കള്‍ ആരും മാതാപിതാക്കള്‍ ഇല്ലാതെ ജനിച്ചവരാണെന്ന് പറയാനാവുകയില്ലല്ലോ. ഇതുപോലെ 'ഞാന്‍ തന്നെയാണ് എന്റെ പരിപാലകന്‍' എന്നഹങ്കരിച്ച് അല്ലാഹുവിനെ നിഷേധിക്കുന്ന മനുഷ്യ സൃഷ്ടികള്‍ ഭൂമുഖത്ത് ഉണ്ടായിട്ടുണ്ട്; നിലവിലുണ്ട്, ഇനിയും ഉണ്ടാകാം എന്ന് കരുതി, അല്ലാഹു ഇല്ലാതാവുന്നില്ല. പ്രാണ പ്രദായകനായ അല്ലാഹുവിന്റെ മഹിമ അറിയുന്നതില്‍, അഹങ്കാരം കൊണ്ട് കഴിയാതെയായി പോകുന്നവരുടെ വിചാരമണ്ഡലം എന്നതിനപ്പുറം മറ്റൊരു പ്രസക്തിയും വിചാര ഗാംഭീര്യവും നിരീശ്വരവാദത്തിനില്ലെന്ന് ചുരുക്കം.
അല്ലാഹുവില്‍നിന്ന് ആത്മാവ് ഊതപ്പെട്ടതിനാല്‍ മാത്രം ഉയിരുള്ളവനായിരിക്കുന്നവനാണ് മനുഷ്യന്‍. ഇത്തരത്തില്‍ മനുഷ്യനെ നിര്‍വചിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ വായിക്കാം (ഖുര്‍ആന്‍ അധ്യായം 32, സൂക്തങ്ങള്‍ 6-9 ശ്രദ്ധിക്കുക). ഇതുപ്രകാരം മനുഷ്യന്റെ ജീവശ്വാസ പ്രദായക ശക്തിയാണ് അല്ലാഹു എന്നതിനാല്‍ അല്ലാഹുവെ ജീവപരിപാലകന്‍ എന്ന നിലയില്‍ സ്തുതിക്കേണ്ട ബാധ്യത മനുഷ്യനാണ്. പക്ഷേ, നേരത്തെ സൂചിപ്പിച്ചതുപോലെ, ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പുത്രന്റെയോ ബാധ്യതകള്‍ പോലും നിറവേറ്റാന്‍ തയാറാകാത്ത വിധം തലതിരിഞ്ഞ പ്രകൃതം ഉണ്ടാകാറുള്ള മനുഷ്യര്‍ അവരുടെ പ്രാണപ്രദായകനായ അല്ലാഹുവിനെ പ്രണമിക്കാനുള്ള ബാധ്യത വേണ്ടവിധം നിറവേറ്റാതെ പോകുന്നതില്‍ യുക്തിവിചാര പുരോഗതിയല്ല നന്ദികേടാണ് യഥാര്‍ഥത്തില്‍ ഉള്ളത്. ഇത്തരം നന്ദികേടിന്റെ അതിവാചാല പ്രകടനം അഥവാ അധിക പ്രസംഗം എന്നതിനപ്പുറം മറ്റൊന്നുമാകുന്നില്ല നമ്മുടെ നാട്ടിലെ നിരീശ്വരവാദം. ഇന്നത്തെ പരിഷ്‌കൃത മാനവരുടെ കുട്ടികള്‍ പോലും ശൈശവദശയില്‍ വിസര്‍ജിച്ചത് കൈയിട്ടു വാരി വായില്‍ വെക്കാനുള്ള ശ്രമം നടത്താറുണ്ട്. ഇത്തരം ശൈശവകൃത്യങ്ങള്‍ കണ്ട് ഏതെങ്കിലും ഒരു നരവംശശാസ്ത്രജ്ഞന്‍, മനുഷ്യന്‍ അടിസ്ഥാനപരമായി മലംതീനിയാണെന്ന് സിദ്ധാന്തിച്ചാല്‍ എങ്ങനെ ഇരിക്കും? ഇതുപോലെ ബാലിശമായിരിക്കും ഭൂമിയിലെ മാനവ ജീവിതത്തിന്റെ ശൈശവദശയില്‍ അഥവാ മനുഷ്യന്‍ വെറും നരവാനരനോ വനനരനോ മാത്രമായിരുന്ന കാലത്ത് മനുഷ്യര്‍ക്ക് ദൈവിശ്വാസമോ പ്രാര്‍ഥനയോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അനുമാനിച്ചുകൊണ്ട് മനുഷ്യ പ്രകൃതം അടിസ്ഥാനപരമായി നിരീശ്വരവാദപരമാണെന്ന് സിദ്ധാന്തിക്കുന്നതും. ഇത്തരം പരമ വങ്കത്തങ്ങളുടെ പ്രകടനപത്രികകളാണ് മിക്കവാറും നിരീശ്വരവാദ സാഹിത്യങ്ങള്‍ എന്ന് യുക്തിവിചാരത്തില്‍ പുരോഗമിക്കുമ്പോള്‍ അഥവാ നരവാനരാവസ്ഥയില്‍ നിന്ന് ബോധ പുരോഗതി നേടുമ്പോള്‍ മനുഷ്യര്‍ക്ക് കണ്ടെത്താനാകും. അത്തരകാര്‍ക്ക് ശ്രീനാരായണ ഗുരുവിനെ പോലെയും മറ്റും പ്രാണപ്രദായക ശക്തിയായ സര്‍വേശ്വരനെ 'ദൈവമേ കാത്തുകൊള്‍കങ്ങ്' എന്നു പാടി സ്തുതിക്കാനും സാധിക്കും. ഇത്തരമൊരു യുക്തിവാദ പുരോഗതിയിലേക്കാണ്, 'നിങ്ങളെന്തേ ചിന്തിക്കാത്തത്?' എന്നും, 'നിങ്ങള്‍ ആലോചിക്കുക' എന്നും, 'ചിന്തിക്കുന്നവര്‍ക്ക് ഇതിലൊക്കെ ദൃഷ്ടാന്തങ്ങളുണ്ട്' എന്നും മറ്റും മറ്റും ആവര്‍ത്തിച്ച് പ്രഖ്യാപനം ചെയ്യുന്ന സ്വഭാവ ഘടനയുള്ള വിശുദ്ധ ഖുര്‍ആനും മാനവരെ ക്ഷണിക്കുന്നത്. ഇവ്വിധം മനുഷ്യചിന്തയെ നിരന്തരം തട്ടിയുണര്‍ത്തുന്ന വിശുദ്ധ ഖുര്‍ആനും 'സര്‍വസ്തുതിയും സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു' എന്ന് പ്രഖ്യാപനം ചെയ്യുന്നതിലെ യുക്തിഭദ്രമായ അടിത്തറ എന്താണെന്ന് എല്ലാവരും ചിന്തിക്കാന്‍ ബാധ്യസ്ഥരാണ്; പ്രത്യേകിച്ചും മുസ്‌ലിംകള്‍. ഈ വിഷയത്തിലേക്കാണ് ഇനി ശ്രദ്ധ ക്ഷണിക്കുന്നത്.
(തുടരും)
Comments