രാജ്യം വളരുകയാണ്, കാച്ചില്‍ പോലെ
കേന്ദ്ര ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സേതുവിനെ നീക്കിയതും മഹാരാഷ്ട്ര സര്‍ക്കാര്‍ മാട്ടിറച്ചി നിരോധിച്ചതും ഖാന്‍മാരുടെ സിനിമകള്‍ കാണരുതെന്ന് ഭരണകക്ഷിക്കാരിയായ സ്വാധ്വി പ്രാചി പ്രസ്താവിച്ചതുമാണ് പോയ വാരത്തെ സംഘ്പരിവാര്‍ വിശേഷങ്ങള്‍. രാഹുല്‍ ഗാന്ധി ഹിന്ദു പെണ്‍കുട്ടികളെ കല്യാണം കഴിക്കരുതെന്ന മതവിധിയും വി.എച്ച്.പിയുടെ ഈ സന്യാസിനി പുറപ്പെടുവിക്കുകയുണ്ടായി.
അവനവന് ഇഷ്ടമില്ലാത്തതൊന്നും അന്യര്‍ ആഹരിക്കുക പോയിട്ട് ആഗ്രഹിക്കുക പോലും ചെയ്യരുതെന്ന 'തുല്യനീതി'യാവണം മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ പിന്നില്‍. ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളിലുമുണ്ട് ഇത്തരം നിയമങ്ങള്‍. മഹാരാഷ്ട്രയും ഇനി ഇതേ വഴിയെ നടക്കും. സംസ്ഥാനത്ത് ആരെങ്കിലും മാട്ടിറച്ചി കൈവശം വെച്ച് പിടിയിലായാല്‍ പതിനായിരം രൂപ പിഴയടക്കുകയും അഞ്ച് വര്‍ഷം ജയിലില്‍ കിടക്കുകയും വേണം. വിറ്റവനെ മാത്രമല്ല തിന്നവനെ കൂടി ജയിലില്‍ അയക്കാന്‍ ഈ നിയമം കൊണ്ട് കഴിയുമെന്നര്‍ഥം. ഇഷ്ടമില്ലാത്തവര്‍ തിന്നരുതെന്നല്ലാതെ തിന്നുന്നവനെ ജയിലില്‍ അടക്കുമെന്ന് പറയുന്നത് ഏതുതരം സാമൂഹിക ബോധമാണ്? മഹാരാഷ്ട്രയിലെ ആദ്യത്തെ ബി.ജെ.പി-ശിവസേനാ സര്‍ക്കാര്‍ 19 വര്‍ഷം മുമ്പേ നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഈ നിയമം ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ പൊടിതട്ടിയെടുത്ത് അടിയന്തര പ്രാധാന്യത്തോടെ പാസാക്കുകയായിരുന്നു. പക്ഷേ എല്ലാം ചെയ്തതിനു ശേഷം കോണ്‍ഗ്രസ്സുകാരനായ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ ഫട്‌നാവിസ് നന്ദിപ്രകാശന ചടങ്ങില്‍ ഓര്‍ക്കുകയും ചെയ്തു; പ്രണബ് ഇല്ലായിരുന്നെങ്കില്‍ ഈ നിയമമേ ഉണ്ടാവുമായിരുന്നില്ല എന്ന മട്ടില്‍.
ബുക്ക് ട്രസ്റ്റ് അധ്യക്ഷ സ്ഥാനത്തു നിന്ന് സേതുവിനെ പടിയിറക്കി പകരമിരുത്തുന്നത് സാഹിത്യകാരന്‍ എന്നതിനേക്കാള്‍ പത്രപ്രവര്‍ത്തകനായ ആര്‍.എസ്.എസ് നേതാവ് ബല്‍ദേവ് ശര്‍മയെയാണ്. ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യയിലായിരുന്നു അദ്ദേഹത്തിന്റെ 'സാഹിത്യ' പാരമ്പര്യം. ഇതെല്ലാം സര്‍ക്കാറിന്റെ അവകാശങ്ങളാണെന്ന വാദത്തെ അംഗീകരിക്കുക. നിലവിലുള്ള ഒരു സര്‍വാംഗീകൃത സാഹിത്യകാരനെ അപമാനിച്ചു കൊണ്ടും അദ്ദേഹത്തിന്റെ കാലാവധി തീരും മുമ്പേ പുകച്ചു പുറത്തു ചാടിച്ചും എന്തു പുസ്തക വിപ്ലവമാണ് ഈ ശര്‍മ കൊണ്ടുവരാന്‍ പോകുന്നത്? രാജ്യത്തിന്റെ യശസ്സ് ഇത്രയും കാലം ഉയര്‍ത്തിയ സേതുവിനെ പോലുള്ള എഴുത്തുകാരനോട് ഇങ്ങനെ പെരുമാറേണ്ട എന്ത് സന്ദിഗ്ധാവസ്ഥയാണ് ഇന്ത്യന്‍ സാഹിത്യത്തിലുള്ളത്? സെന്‍സര്‍ ബോര്‍ഡിലുമുണ്ട് പുതിയ സര്‍ക്കാറിന്റെ 'ശുദ്ധീകരണം.' സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ലീലാ സാംസണും ചില അംഗങ്ങളും സര്‍ക്കാറിന്റെ സാംസ്‌കാരിക ഇടപെടലുകളില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് രാജി സമര്‍പ്പിച്ചത്. പഞ്ചാബിലെ വിവാദ സ്വാമി ഗുര്‍മീത് രാം റഹീം സിംഗിന്റെ 'മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ ഒറ്റ രാത്രി കൊണ്ട് അപ്പലന്റ് ട്രൈബ്യൂണലിലൂടെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ തിയേറ്ററുകളില്‍ എത്തിക്കുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് അവര്‍ രാജിവെച്ചത്. കഴിഞ്ഞ ഹരിയാനാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ ഗുര്‍മീത് സിംഗ് അഭ്യര്‍ഥിച്ചതിന്റെ പ്രത്യുപകാരമായിരുന്നുവത്രേ ഈ നീക്കം. മതവികാരത്തേക്കാളേറെ നിയമവാഴ്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് 'ദേരാ സച്ചാ സൗദ' എന്ന ക്രിമിനല്‍ സംഘത്തെ വെള്ളപൂശുന്ന ഈ സിനിമക്കെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍. 400-ഓളം അനുയായികളെ വൃഷണം ഉടച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ നേരിടുന്ന ഗുര്‍മീത് ദൈവത്തിന്റെ പ്രവാചകനാണ് താനെന്ന് പ്രഖ്യാപിക്കുന്ന വിവാദ സിനിമ കോടികളുടെ കള്ളപ്പണം വാരിയെറിഞ്ഞാണ് നിര്‍മിച്ചതെന്നും ആരോപണമുണ്ട്. സിനിമയും മറ്റും സര്‍ക്കാറിന്റെ ഇടപെടലില്ലാതെ സമൂഹത്തിലെത്തണെമന്നാണ് മോദി സര്‍ക്കാറിന്റെ നയമെന്ന് പറയുന്നതിനിടെ തന്നെയാണ് ഇത്തരം 'ഉദാത്തമായ' നീക്കങ്ങള്‍ മറുഭാഗത്തു നിന്നുണ്ടാകുന്നത്.
അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴുമൊക്കെ ആര്‍.എസ്.എസ് ഇടപെടല്‍ കാരണം കഴിഞ്ഞ കുറെ കാലമായി പ്രസക്തി നഷ്ടപ്പെടുന്ന വിഷയമാവുകയാണ് ഇന്ത്യന്‍ ചരിത്രപഠനം. ഇന്ത്യന്‍ ഹിസ്റ്ററി കൗണ്‍സിലിന്റെ പുതിയ അധ്യക്ഷനായ പ്രഫ. വൈ. സുദര്‍ശന്‍ റാവു പറയുന്നത് 5000 വര്‍ഷം മുമ്പ് ഇന്ത്യക്കാര്‍ ടെസ്റ്റ്ട്യൂബ് ശിശുക്കളെ ഉല്‍പ്പാദിപ്പിച്ചിരുന്നുവെന്നും, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും, കോസ്മിക് ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നുമൊക്കെയാണ്. ലോകത്ത് കഥയെഴുത്ത് ആരംഭിച്ചിട്ടില്ലാത്ത കാലത്താണ് രാമായണവും മഹാഭാരതവും രചിക്കപ്പെട്ടത് എന്നതു തന്നെയാണ് ഈ ചരിത്ര നേട്ടങ്ങളുടെ തെളിവ് എന്നും അദ്ദേഹം സ്ഥാപിക്കുന്നു. ഗണപതിയുടെ തല ഇന്ത്യയുടെ പ്ലാസ്റ്റിക് സര്‍ജറി പാരമ്പര്യത്തെ കുറിച്ച ഓര്‍മപ്പെടുത്തലാണെന്ന് മുംബൈയില്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ പ്രധാനമന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നു. വേന്‍ഡി ഡോണിഗറുടെ പുസ്തകത്തിനെതിരെ പെന്‍ഗ്വിന് പരാതി നല്‍കിയ വിവാദ വിദ്യാഭ്യാസ വിചക്ഷണന്‍ ദീനാനാഥ് ഭത്രയുടെ പാഠപുസ്തകങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉടനെ സ്‌കൂളുകളിലെത്തും. മുരളീ മനോഹര്‍ ജോഷി അവസാനിപ്പിച്ചിടത്തു നിന്ന് യോഗാസനം മുതല്‍ പക്ഷിശാസ്ത്രം വരെയുള്ള സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ വിദ്യാര്‍ഥികളെ അഭിരമിപ്പിക്കാനുള്ള ഉത്സാഹത്തിലാണ് സ്മൃതി ഇറാനിയും കൂട്ടരും. രാജ്യം വളരുക തന്നെയാണ്. പക്ഷേ നാടന്‍ ഭാഷയില്‍ കാച്ചില്‍ പോലെയാണെന്നു മാത്രം...
Comments