Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 13

നേട്ടങ്ങളുണ്ട്; കോട്ടങ്ങളും

പ്രഫ. ഖുര്‍ശിദ് അഹ്മദ് /പഠനം

ആഗോള മുതലാളിത്തം ഇസ്‌ലാമിക വായന-2

         മൂന്ന് നൂറ്റാണ്ടു കാലത്തെ മുതലാളിത്ത പരീക്ഷണങ്ങള്‍ എടുത്ത് പരീക്ഷിച്ചാല്‍ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുക. സാമ്പത്തിക വികസനം, ഉല്‍പ്പാദനം, സൃഷ്ടിപരത, അന്വേഷണങ്ങളും കണ്ടെത്തലുകളും ഇവയിലൊക്കെ മുമ്പില്ലാത്ത കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. സാമൂഹിക ജീവിതത്തിലാകട്ടെ മാപ്പര്‍ഹിക്കാത്ത ദുരിതങ്ങളും അസമത്വങ്ങളും. മുതലാളിത്തത്തിന്റെ അനുകൂലികളും എതിരാളികളും (കാള്‍മാര്‍ക്‌സ് ഉള്‍പ്പെടെയുള്ളവര്‍) ഒരുപോലെ അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. ധനം നിര്‍മിക്കാനുള്ള മുതലാളിത്തത്തിന്റെ അപാര ശേഷിയാണത്. മനുഷ്യരാശി കടന്ന് വന്ന മുഴുവന്‍ യുഗങ്ങളും ഒന്നിച്ച് വെച്ച് അവയുടെ മൊത്തം സാമ്പത്തിക വികസനം കണക്കാക്കിയാല്‍, മുതലാളിത്ത യുഗത്തിലെ വികസനം അതിനെ എപ്പോഴോ കടത്തിവെട്ടിയതായി കാണാം. കഴിഞ്ഞ ഒന്നര നൂറ്റാണ്ട് കാലത്തിനിടക്ക് മുതലാളിത്തത്തിന് പല ബദലുകളും പരീക്ഷിച്ച് നോക്കുകയുണ്ടായി. ചില സംഭാവനകളൊക്കെ ആ ബദലുകള്‍ നല്‍കുകയും ചെയ്തു. പക്ഷേ ധനം നിര്‍മിക്കാനുള്ള ശേഷിക്കുറവ് കാരണം ആ ബദലുകളെല്ലാം പിന്നാക്കം പോവുകയാണുണ്ടായത്. സ്വയംകൃതാനര്‍ഥങ്ങളാല്‍ അവ വൈകാതെ ശിഥിലമാവുകയും മുങ്ങിത്താഴുകയും ചെയ്തു.

എന്നാല്‍ മുതലാളിത്തം കാലമുയര്‍ത്തിയ വെല്ലുവിളികളില്‍ ഒരുവിധം പിടിച്ചുനിന്നതായാണ് തോന്നുക. കാര്യക്ഷമതയെ ഭൗതികവും കായികവുമായ അര്‍ഥത്തിലെടുത്താല്‍, വളരെ ഉയര്‍ന്ന കാര്യക്ഷമത മുതലാളിത്ത ഘടന നിലനിര്‍ത്തിയെന്ന് പറയേണ്ടിവരും. വ്യക്തിക്ക് കേന്ദ്രസ്ഥാനം നല്‍കിയത്, സ്വതന്ത്രമായ ഇന്‍ഫ്രാസ്ട്രക്ചര്‍, അവസരങ്ങള്‍, അധ്വാനം, അതത് മേഖലകളിലെ നിപുണത ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ മുതലാളിത്തത്തിന് അതിനെ വെല്ലുവിളിക്കാന്‍ വന്ന ബദല്‍ സംവിധാനങ്ങള്‍ക്ക് മേല്‍ മേധാവിത്തം നല്‍കുന്നു. കമ്പോളാധിഷ്ഠിത കച്ചവടത്തിന് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷേ, സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ഇപ്പോഴും കാര്യക്ഷമതയുള്ള സംവിധാനമായി നിലനില്‍ക്കുന്നത് മാര്‍ക്കറ്റ് മെക്കാനിസം തന്നെയാണ്.

മറ്റൊരു പ്രത്യേകത, സ്വയം വിമര്‍ശം നടത്തി മാറ്റാനും തിരുത്താനും കാലവുമായി ഒത്ത്‌പോകാനും, വേണമെങ്കില്‍ പുതിയ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുമൊക്കെയുള്ള ഇലാസ്തികത മുതലാളിത്ത ഘടന കാണിക്കുന്നു എന്നതാണ്. വെല്ലുവിളികളെ അത് മറികടക്കുന്നത് അങ്ങനെയാണ്. ഭൂമിശാസ്ത്ര അതിരുകളെ മുറിച്ച് കടക്കാനുള്ള ശേഷിയും അത് പ്രകടിപ്പിക്കുന്നു. അധികാര പങ്കാളിത്തത്തെക്കുറിച്ച് മുതലാളിത്തവും ജനാധിപത്യവും വ്യത്യസ്ത നിലപാടുകളില്‍ നില്‍ക്കുന്നതിനാല്‍ അവ രണ്ടിനെയും ബന്ധപ്പെടുത്തി പറയുക ദുഷ്‌കരമാണെങ്കിലും, മുതലാളിത്തവും ജനാധിപത്യ പ്രക്രിയകളും സ്വാതന്ത്ര്യവും ഒന്നിച്ച് വരുന്ന ചിത്രം പലേടത്തും കാണാനുണ്ട് (Sen 1999). ഇത്രയും പറഞ്ഞത് മുതലാളിത്തത്തിന്റെ ക്രിയാത്മകവശം.

വികൃതവും ബീഭത്സവുമായ ഒരു മറുവശവുമുണ്ട് മുതലാളിത്തത്തിന്. വ്യക്തിവാദത്തിന് വലിയ പരിഗണന നല്‍കുന്നുണ്ടല്ലോ മുതലാളിത്തം. അതൊരു വലിയ നേട്ടം തന്നെയാണ്. പക്ഷേ വ്യക്തിവാദം (Individualism) കൊണ്ട് മാത്രം ആരോഗ്യവും ഘടനാപൊരുത്തവുമുള്ള ഒരു സാമൂഹിക സംവിധാനം ഉണ്ടാക്കാനാവില്ല. സമൂഹത്തിനും രാഷ്ട്രത്തിനുമൊക്കെ സുപ്രധാന മാനങ്ങളുണ്ട് മനുഷ്യജീവിതത്തില്‍. വ്യക്തികള്‍ ഒറ്റക്ക് ശൂന്യതയിലെവിടെയോ ജീവിക്കുകയല്ലല്ലോ. മറ്റു മനുഷ്യര്‍ക്കൊപ്പം അസംഖ്യം സ്ഥാപനങ്ങള്‍ക്ക് നടുവിലാണ് ഓരോ വ്യക്തിയുടെയും ജീവിതം. വ്യക്തിയും സമൂഹവും തമ്മില്‍ സന്തുലിതമായ ഒരു ബന്ധം ഉണ്ടായിത്തീര്‍ന്നെങ്കില്‍ മാത്രമേ ഏതൊരു സമൂഹവും ആരോഗ്യമുള്ള, നീതി പുലരുന്ന ഒന്നായിത്തീരുകയുള്ളൂ. വ്യക്തിവാദം കടിഞ്ഞാണില്ലാതെ പാഞ്ഞ് കളയും. സമഗ്രാധിപത്യം പോലെ ഈ വ്യക്തിവാദവും മാരകമായിത്തീരും. വ്യക്തിയുടെ നേട്ടവും സമൂഹത്തിന് ക്ഷേവും ഒപ്പത്തിനൊപ്പം പോകണം. ഏത് സമൂഹത്തിലും വ്യക്തികള്‍ തമ്മില്‍ താല്‍പര്യ സംഘട്ടനങ്ങള്‍ ഉടലെടുക്കും. പക്ഷേ കാര്യക്ഷമതയുള്ള ഏതൊരു സംവിധാനവും ചെയ്യേണ്ടത്, വ്യക്തിയുടെ നേട്ടത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനും കോട്ടം തട്ടാത്ത വിധത്തില്‍ അത്തരം സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനുള്ള മെക്കാനിസം രൂപപ്പെടുത്തുകയാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ ഒരേ പോലെ സംരക്ഷിക്കപ്പെടുമ്പോഴാണ് സംതൃപ്തവും സംഘര്‍ഷമുക്തവുമായ സമൂഹം രൂപപ്പെടുന്നത്. ഇവ രണ്ടില്‍ ഏതെങ്കിലുമൊന്ന് അവഗണിച്ചാല്‍ സാമൂഹികമായും സാമ്പത്തികമായും ഫലം മാരകമായിരിക്കും. പൊതു ഉടമസ്ഥതയെക്കുറിച്ച തീവ്രചിന്തകളാണ് സോഷ്യലിസത്തിന് വിനയായതെങ്കില്‍, അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യമാണ് മുതലാളിത്തത്തിന്റെ വലിയ വീഴ്ചകളിലൊന്ന്.

കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി ദേശീയ ഗവണ്‍മെന്റുകളും ദേശാന്തരീയ സ്ഥാപനങ്ങളുമെല്ലാം വ്യക്തി-സമൂഹ താല്‍പര്യങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും ഇല്ലാതാക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ഒരു മേഖലയിലും വിജയം കാണാനായിട്ടില്ല. മുതലാളിത്തത്തിന്റെ സൈദ്ധാന്തികരെല്ലാം ഊന്നിപ്പറയുന്ന ഒരു കാര്യമുണ്ട്. ഉല്‍പാദകരും ഉപഭോക്താക്കളും തൊഴിലാളികളും തൊഴില്‍ദായകരും ലാഭമെടുക്കുന്നവരും ദിവസക്കൂലിക്കാരുമെല്ലാം ന്യായമായ നിലയില്‍ പങ്കാളിത്തം വഹിക്കുന്ന പ്രക്രിയയാണ് അവരുടെ വീക്ഷണത്തിലുള്ള മത്സരാധിഷ്ഠിത കമ്പോള ഘടന. പക്ഷേ ഈ തിയറികളെല്ലാം ആഡം സ്മിത്തിന്റെയും റിക്കാര്‍ഡോവിന്റെയും പാഠപുസ്തകങ്ങളിലേ കാണൂ. യഥാര്‍ഥ ലോകത്തുള്ളത് എല്ലാ തലത്തിലുമുള്ള കടുത്ത അസമത്വങ്ങളാണ്. കമ്പോള ശക്തികള്‍ എല്ലാം അടക്കി വാഴുകയാണ്. വലിയ മത്സ്യങ്ങള്‍ കമ്പോളത്തെ അടക്കി വാഴുന്നു എന്നു മാത്രമല്ല, അതിലെ ചെറിയ മത്സ്യങ്ങളെ പിടിച്ച് വിഴുങ്ങുകയും ചെയ്യുന്നു. കുത്തകകള്‍ പറയുന്നതിനനുസരിച്ചാണ് കാര്യങ്ങള്‍. കമ്പോളത്തിലെ അസമത്വങ്ങളും വൈകൃതങ്ങളും ദേശീയ-ആഗോള സമ്പദ്ഘടനകളെ ഒരുപോലെ ശിഥിലമാക്കുന്നു. ഇത് ദേശീയവും പ്രാദേശികവും ആഗോളീയവുമായ ഒട്ടേറെ സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും വഴിവെക്കുന്നു. ഈ ഏങ്കോണിപ്പ് ചൂഷണങ്ങളില്‍ നിന്നും അസമത്വങ്ങളില്‍ നിന്നും ഊര്‍ജം വലിച്ചെടുത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു (Thurow 1996; Greider 1997; Shutt 1998; Sklair 1994; Hayter 1990; Bell and Kristol 1971; Herts 2001).

നീതിയും സമത്വവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്ന മുഖ്യപ്രശ്‌നത്തിലേക്ക് അങ്ങനെ നാം എത്തുകയാണ്. സമൂഹത്തിലെയും സമ്പദ്ഘടനയിലെയും സര്‍വ മേഖലകളിലും ഇത് ദൃശ്യമാണ്. (ദേശീയമായും ആഗോള തലത്തിലും, കേന്ദ്രത്തിലുള്ളവരും പ്രാന്തത്തിലുള്ളവരും എന്ന വിഭജനം ശക്തിപ്പെട്ടിരിക്കുന്നു. ധനത്തിന്റെയും വരുമാനത്തിന്റെയും വിഭവങ്ങളുടെയും വിതരണം നടന്നുകൊണ്ടിരിക്കുന്നത് തീര്‍ത്തും അസന്തുലിതമായാണ്. ജലവിതാനമുയരുമ്പോള്‍ എല്ലാ ബോട്ടുകളും ഉയരുമല്ലോ 'ഏതാണ്ടെല്ലാ ദരിദ്ര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവും അത് സത്യമായി പുലര്‍ന്നിരിക്കുന്നു. സമ്പത്ത് എല്ലാവരിലേക്കും ഒലിച്ചിറങ്ങും (Trickle Down) എന്ന തിയറിയും തെറ്റാണെന്ന് തെളിഞ്ഞു. അതിസമ്പന്നതക്കൊപ്പം കടുത്ത ദാരിദ്ര്യം, ഒരു ഭാഗത്ത് ധാരാളിത്തം, തൊട്ടിപ്പുറത്ത് പട്ടിണി മരണം, ഉപഭോഗ സംസ്‌കാരം തഴച്ച് വളരുമ്പോള്‍ തന്നെ എല്ലാം കവര്‍ന്നെടുക്കപ്പെടുന്നവരുടെ ആധിക്യം-ഇതൊക്കെയും മുതലാളിത്തത്തിന്റെ ചോരയൊലിക്കുന്ന മുറിവുകളാണ് (Amin 1974, 1976; Frank 1979; Emmanuel 1972; Kenton 2000).

മിക്ക മുതലാളിത്ത രാജ്യങ്ങളുടെയും ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളുടെയും പൊതുസാമ്പത്തിക വികാസവും ക്ഷേമവും ഏറക്കുറെ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായിരുന്നതിനോട് സമാനമാണെന്ന് കാണാം. ആളോഹരി വരുമാനത്തെക്കുറിച്ച താരതമ്യ പഠനത്തില്‍ ക്രി. 1760 കാലത്ത് അസമാനതകള്‍ വളരെ കുറവായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട് (kennedy 1988; Fogel 2000; Alam 2000). മൂന്നു നൂറ്റാണ്ടു കാലത്തെ മുതലാളിത്ത വികസനം വലിയ തകിടം മറിച്ചിലുകളാണ് ഉണ്ടാക്കിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കടന്നപ്പോഴേക്കും ലോക ജനസംഖ്യയുടെ 20% മാത്രം വരുന്ന ധനിക രാഷ്ട്രങ്ങള്‍ ആഗോള വിഭവങ്ങളുടെ 87% കൈയടക്കി വെച്ച കാഴ്ചയാണ് കാണാനുണ്ടായിരുന്നത്. ബാക്കി 80% ജനങ്ങള്‍ക്കുമുള്ള വിഹിതം ആകെ 13% മാത്രം. ഇത് പഴയ കണക്കാണ്. ധനിക രാഷ്ട്രങ്ങളും ദരിദ്രരാഷ്ട്രങ്ങളും, വികസിത രാഷ്ട്രങ്ങളും വികസ്വര രാഷ്ടങ്ങളും, ധനികരും ദരിദ്രരും, തമ്മിലുള്ള അസമാനതകള്‍ ആഗോള തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുക തന്നെയാണ്. മത്സരാധിഷ്ഠിത കമ്പോള മെക്കാനിസത്തിന്റെ അനിവാര്യ ഫലമാണിത്. കമ്പോളത്തിന് പുറത്ത് ചില സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് തുറോ (1996), ഷട്ട് (1998), മോറിസ് (1999), എല്‍വുഡ് (2001), കുങ് & സ്മിത്ത് (1998), ഗ്രേ (1998) തുടങ്ങിയ നിരവധി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്നത് ശരിയാണ്. പക്ഷേ അത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിന് എത്രമാത്രം ഉപകാരപ്പെട്ടു എന്നാണ് ചിന്തിക്കേണ്ടത്. ആവശ്യങ്ങള്‍ക്ക് ഒരു സാമൂഹിക തലമുണ്ട്. അത് മുതലാളിത്തത്തിന്റെ കണക്ക് പട്ടികയില്‍ വരികയില്ല. വാങ്ങല്‍ ശേഷി (Purchasing Power) ഉള്ളവരുടെ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പരിഗണന. ഇതൊരു പുതിയ സമവാക്യം ഉണ്ടാക്കലാണ്. സമൂഹത്തില്‍ വരുമാനവും സമ്പത്തും എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വാങ്ങല്‍ ശേഷിയുടെ പൊതുസ്വഭാവം. സമൂഹത്തില്‍ കടുത്ത സാമ്പത്തിക അസമത്വങ്ങളാണ് നിലനില്‍ക്കുന്നതെങ്കില്‍, ഉല്‍പാദനവും ഉല്‍പന്നങ്ങളുടെ ഉപഭോഗവുമൊക്കെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ശേഷിക്ക് പുറത്തായിരിക്കും. അവരുടെ ആവശ്യപൂര്‍ത്തീകരണത്തിന് വേണ്ടിയായിരിക്കില്ല സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. ഇത് എന്നും മുതലാളിത്തത്തെ കുഴക്കിയ പ്രശ്‌നമാണ്. കമ്പോള സമ്പദ്ഘടന എപ്പോഴും വ്യക്തിനിഷ്ഠമായി കാര്യങ്ങളെ കാണുന്നു; സാമൂഹികാവശ്യങ്ങളെ അത് വിലവെക്കുന്നില്ല. വരുമാനത്തില്‍ ചില ഏറ്റക്കുറച്ചിലുകളും അസന്തുലിതത്വങ്ങളും ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്; എന്നല്ല, അനിവാര്യം പോലുമാണ്. കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ വ്യക്തികള്‍ക്ക് അത് പ്രേരണയുമാകും. പക്ഷേ ഭീമമായ അസന്തുലിതത്വങ്ങള്‍ സമൂഹത്തിന്റെ ഉല്‍പാദന, ഉപഭോഗ മുന്‍ഗണനകളെ ആകെ അട്ടിമറിച്ച് കളയും. അങ്ങനെ ആ ഘടന ഏങ്കോണിപ്പുള്ളതായിത്തീരുകയും ചൂഷണാധിഷ്ഠിതമായിത്തീരുകയും ചെയ്യുന്നു (Lutz and Lux 1979; Roepke 1977; Gray 1998; World Bank 1997; Sachs 2000). 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /107, 108
എ.വൈ.ആര്‍