'മാറുന്ന യുവത്വ'ത്തെ വിശകലനം ചെയ്ത് 'വമി' സമ്മേളനം

'മാറുന്ന യുവത്വ'ത്തെ വിശകലനം ചെയ്ത് 'വമി' സമ്മേളനം
മൊറോക്കന്‍ നഗരമായ മറാകുശിലായിരുന്നു 'വമി'യുടെ പന്ത്രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം. 'വമി' (Wamy) എന്നാല്‍ വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്. ജിദ്ദ ആസ്ഥാനമാക്കി 1972-ലാണ് ഇത് നിലവില്‍ വന്നത്. ഇപ്പോള്‍ ആസ്ഥാനം രിയാദ്. കഴിഞ്ഞ ജനുവരി 29 മുതല്‍ 31 വരെ നടന്ന സമ്മേളനത്തില്‍ 85 രാജ്യങ്ങളില്‍ നിന്നായി എഴുന്നൂറോളം സംഘടനാ നേതാക്കളും പണ്ഡിതന്മാരും വിദ്യാര്‍ഥി നേതാക്കളും പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയത് മുസ്‌ലിം മജ്‌ലിസെ മുശാവറ അധ്യക്ഷന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍.
'മാറുന്ന ലോകത്തെ യുവത്വം' എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം. വമി ജനറല്‍ സെക്രട്ടറി ഡോ. സ്വാലിഹ് ബ്‌നു സുലൈമാന്‍ അല്‍ വുഹൈബി തന്റെ ആമുഖ ഭാഷണം തുടങ്ങിയത് പ്രമേയത്തിന്റെ പ്രസക്തി വിവരിച്ചുകൊണ്ടായിരുന്നു. എല്ലാ അര്‍ഥത്തിലും വമ്പന്‍ മാറ്റങ്ങളാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വാര്‍ത്താവിനിമയ രംഗങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിലുമൊക്കെയുള്ള അഭൂതപൂര്‍വമായ മാറ്റങ്ങള്‍ യുവാക്കളുടെ ചിന്തകളെയും സ്വഭാവരീതികളെയും ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. മുസ്‌ലിം ജനസംഖ്യയുടെ പകുതിയോളം വരുന്ന യുവാക്കളില്‍ വരുന്ന മാറ്റങ്ങള്‍ വിശദമായി തന്നെ പഠനവിധേയമാക്കണം-അദ്ദേഹം പറഞ്ഞു.
തുടര്‍ന്നുള്ള വിഷയാവതരണങ്ങളെല്ലാം മാറുന്ന ലോകത്തെക്കുറിച്ച് തന്നെയായിരുന്നു. രണ്ട് അവതരണങ്ങളാണ് അവയില്‍ ഏറ്റവും ശ്രദ്ധേയം. അതിലൊന്ന് മോറിത്താനിയയിലെ ഡോ. മുഹമ്മദ് ബ്‌നു ഹസന്‍ അല്‍ദാദുവിന്റെതായിരുന്നു. മാറ്റത്തിന്റെ ഇസ്‌ലാമിക പരിപ്രേക്ഷ്യമാണ് അദ്ദേഹം വിശദീകരിച്ചത്. മാറ്റം ഒരു ദൈവിക നടപടി ക്രമമാണ്. ഓരോ മനുഷ്യനും തന്റെ വിശ്വാസവും കര്‍മവും ജ്ഞാനവുമെല്ലാം ഇപ്പോഴുള്ളതിനേക്കാള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ യത്‌നിച്ചുകൊണ്ടിരിക്കണം. താന്‍ ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തെ കൂടുതല്‍ നല്ല നിലയിലേക്ക് മാറ്റാനും അയാള്‍ ശ്രമിക്കണം. പക്ഷേ മാറ്റത്തിന് ചില വ്യവസ്ഥകളുണ്ട്. ഒന്ന്, ദൈവിക നിയമത്തിന് എതിരാവരുത് അത്. രണ്ട്, ഹിംസയിലൂടെയല്ല സമാധാനത്തിലൂടെയാവണം മാറ്റം കൊണ്ടുവരുന്നത്. മൂന്ന്, മാറ്റത്തിന് ശേഷമുള്ള അവസ്ഥ മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കണം. നിലവിലുള്ളതിനേക്കാള്‍ മോശമായ അവസ്ഥയിലേക്കാണ് മാറ്റമെങ്കില്‍ അത് അഭികാമ്യമല്ല. നാല്, വലിയ വില കൊടുത്ത് കൊണ്ടാവരുത് മാറ്റങ്ങള്‍. അഞ്ച്, ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതും കാലത്തിന് അനുയോജ്യവുമായിരിക്കണം ഏത് മാറ്റവും. ആറ്, മാറ്റം ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പകരം ഐക്യപ്പെടുത്തണം.''
രണ്ടാമത്തെ ശ്രദ്ധേയമായ പ്രഭാഷണം സുഡാന്‍ ഫിഖ്ഹ് അക്കാദമി പ്രസിഡന്റ് ഡോ. ഇസ്വാം അല്‍ ബഷീറിന്റെതായിരുന്നു. യുവാക്കള്‍ നേര്‍വഴിയില്‍ ചരിക്കാന്‍ മൂന്ന് കാര്യങ്ങള്‍ വേണം. അറിവ്, നല്ല ശിക്ഷണം, തങ്ങള്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ച് കൃത്യമായ ധാരണ. മൂന്ന് തരം നിലപാടുകളാണ് പൊതുവെ മുസ്‌ലിം സമൂഹങ്ങളില്‍ കണ്ട് വരുന്നത്. പടിഞ്ഞാറന്‍ നാഗരികതയാല്‍ കണ്ണ് മഞ്ഞളിച്ച് അതിനെ അന്ധമായി പിന്തുടരുന്ന ഒരു വിഭാഗം. ആദ്യകാല തലമുറകളെ ചാണിന് ചാണ്‍ അനുകരിച്ച് കഴിയുന്നവരാണ് മറ്റൊരു വിഭാഗം. പുതിയ ലോകം അവരുടെ ചിന്താവിഷയമേ അല്ല. ഈ രണ്ട് ആത്യന്തിതകള്‍ക്കും മധ്യേ ഇരുഭാഗത്ത് നിന്നും പ്രയോജനകരമായത് മാത്രം സ്വീകരിച്ച് മുന്നോട്ട് പോകുന്ന നിലപാടാണ് മൂന്നാമത്തേത്-അദ്ദേഹം പറഞ്ഞു.
വര്‍ധിച്ച സ്ത്രീസാന്നിധ്യമാണ് ഈ സമ്മേളനത്തിന്റെ സവിശേഷത. ആലിയ സ്വാലിഹ് അല്‍ഖറനിയെപ്പോലുള്ള പണ്ഡിത വനിതകളും വിഷയാവതരണം നടത്തിയിരുന്നു.
എന്തിനാണ് മിസ്വ്ബാഹിയെ പിടിച്ചുകൊണ്ടു പോയത്?
മൗലാനാ യാസീന്‍ അഖ്തര്‍ മിസ്വ്ബാഹി ഉത്തരേന്ത്യയിലെ അറിയപ്പെടുന്ന പണ്ഡിതനാണ്. ഒരു പ്രസാധനാലയവും അദ്ദേഹം നടത്തുന്നുണ്ട്-ദാറുല്‍ ഖലം. അതോടനുബന്ധിച്ച് ഒരു റിസര്‍ച്ച് സെന്ററും പ്രവര്‍ത്തിക്കുന്നു. അല്‍ജംഇയ്യത്തുല്‍ ഖാദിരിയ്യ മദ്‌റസയുടെ സ്ഥാപകനുമാണ്. ഒരു ദിവസം മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ദല്‍ഹിയിലെ സാകിര്‍ നഗറില്‍ നിന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അദ്ദേഹത്തെ പൊക്കി. വിവരമറിഞ്ഞ ജനം ക്ഷുഭിതരായി. കാരണം, സ്വൂഫി ചായ്‌വുള്ള മിസ്വ്ബാഹി എന്നും തീവ്രചിന്താഗതികള്‍ക്കെതിരെ നിലകൊണ്ട പണ്ഡിതനാണ്. മിതവാദമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ മുഖമുദ്ര.
ജിഹാദിനെക്കുറിച്ച് ഈയിടെ അദ്ദേഹം ഒരു പുസ്തകം എഴുതിയിരുന്നു. 'ജിഹാദിന്റെ ആയത്തുകളും അവയുടെ ഖുര്‍ആനിക വിവക്ഷയും' (ആയാതെ ജിഹാദ് കാ ഖുര്‍ആനി മഫ്ഹൂം). ഇതാണ് അദ്ദേഹത്തെ പിടിച്ച് കൊണ്ടുപോകാനുള്ള കാരണമെന്ന് കരുതപ്പെടുന്നു. പിന്നീട് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. പാകിസ്താനില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും തനിക്ക് വന്ന ഫോണ്‍ കോളുകളെപ്പറ്റിയാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ആരാഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ നാടുകളില്‍ നിന്ന് മതകീയവും മറ്റുമായ സംശയനിവാരണങ്ങള്‍ക്ക് തന്നെ വിളിക്കാറുണ്ടെന്നും മറുപടി കൊടുക്കാറുണ്ടെന്നും അദ്ദേഹം വിശദീകരണവും നല്‍കി.
ജിഹാദിനെക്കുറിച്ച് മിസ്വ്ബാഹി എഴുതിയ പുസ്തകത്തിന് ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യയുടെ എഡിറ്റര്‍ തരുണ്‍ വിജയ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വരെ അഭിനന്ദന കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം ഇത് മറ്റു ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുക്കണമെന്നും മില്ലി ഗസറ്റില്‍ (2015 ഫെബ്രുവരി 16-28) ഗുലാം റസൂല്‍ ദഹ്‌ലവി എഴുതുന്നു.
ഡോ. കലീം ആജിസ് (1920-2015)
ഉര്‍ദു കവിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഡോ. കലീം ആജിസ് അന്തരിച്ചു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. ബിഹാറിലെ ഏറ്റവും പ്രശസ്തനായ ഉര്‍ദു കവിയായി അറിയപ്പെടുന്നു.
1920-ല്‍ പാറ്റ്‌നയിലാണ് ജനനം. പാറ്റ്‌ന യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഉര്‍ദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷം അതേ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 'ബിഹാറില്‍ ഉര്‍ദു സാഹിത്യത്തിന്റെ പരിണാമം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി. ഇത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു. വര്‍ഷങ്ങളോളം പാറ്റ്‌ന യൂനിവേഴ്‌സിറ്റിയില്‍ ഉര്‍ദു അധ്യാപകനായിരുന്നു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ റെഡ്‌ഫോര്‍ട്ടില്‍ സംഘടിപ്പിക്കപ്പെടാറുള്ള ഉര്‍ദു കവി സദസ്സി(മുശാഅറ)ല്‍ ദീര്‍ഘകാലം ബിഹാറിനെ പ്രതിനിധീകരിച്ചത് അദ്ദേഹമായിരുന്നു. ഗസലുകളാണ് അദ്ദേഹത്തിന്റെ ഇഷ്ടമേഖല. പ്രശസ്ത ഉര്‍ദു കവി ഫിറാഖ് ഗോറക് പൂരി, ആജിസിന്റെ ഗസലുകളെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കാറുള്ളത് കൊണ്ട് ബിഹാറിന് പുറത്ത് അദ്ദേഹം അത്രയൊന്നും അറിയപ്പെടുന്നില്ല.
Comments