പുനത്തിലിന്റെ 'യാ അയ്യുഹന്നാസും' രാമനുണ്ണിയുടെ 'ദൈവത്തിന്റെ പുസ്തകവും'

എഴുത്തിന്റെ തനത് ശൈലി കൊണ്ട് മലയാള സാഹിത്യത്തില്‍ സ്വന്തം സ്ഥാനം രേഖപ്പെടുത്തിയ കഥാകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുല്ല. ചിട്ടയില്ലാത്ത ജീവിതവും മദ്യപാനവും പ്രായത്തിന്റെ അവശതയുമെല്ലാം കുഞ്ഞബ്ദുല്ലയെ രോഗിയാക്കി. മക്കളടങ്ങുന്ന കുടുംബത്തിന്റെ സ്‌നേഹ കരുതലില്‍ അദ്ദേഹം മദ്യപാനം നിര്‍ത്തി. ഇപ്പോള്‍ ചികിത്സയിലുള്ള അദ്ദേഹം എഴുത്തിന്റെ സജീവതയിലേക്ക് തിരിച്ചുവരാനുള്ള മാനസിക തയാറെടുപ്പിലാണ്. തന്റെ പഴയകാല ജീവിതവും പുതിയ കാഴ്ചപ്പാടുകളുമെല്ലാം താഹ മാടായിയോട് ഹ്രസ്വമായി പങ്കുവെക്കുന്നുണ്ട് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍. ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ സംസാരം നിര്‍ത്തുന്ന കുഞ്ഞബ്ദുല്ലയെ കാണുമ്പോള്‍ അഭിമുഖക്കാരന്‍ ആ മാറ്റത്തില്‍ അത്ഭുതം കൂറുന്നു. പ്രായം ഏറുകയും രോഗിയാവുകയുമൊക്കെ ചെയ്യുമ്പോഴാണ് മതത്തെയും ആത്മീയതയെയുമെല്ലാം മനുഷ്യന്‍ കൂടുതല്‍ ചിന്തിക്കുക എന്ന് പുനത്തില്‍ അതിന് മറുപടി പറയുന്നു. 'യാ അയ്യുഹന്നാസ്' എന്ന പേരില്‍ എഴുതാനാഗ്രഹിക്കുന്ന നോവലിന് വേണ്ടിയാണ് തന്റെ ബാക്കി ജീവിതമെന്ന് പറയുന്ന കുഞ്ഞബ്ദുല്ലയുടെ ചില വര്‍ത്തമാനങ്ങള്‍ ഇവിടെ പകര്‍ത്തുകയാണ്.
പഴയ സൗഹൃദത്തില്‍ നിന്നെല്ലാമകന്ന് ഏകാന്തമായി ജീവിക്കുന്നതിനെ കുറിച്ച താഹയുടെ ചോദ്യമിങ്ങനെയാണ്:
''ഒരിക്കല്‍ സ്‌നേഹിച്ചവരെ വെറുക്കുകയാണോ?
അവരെന്നെയാണോ സ്‌നേഹിച്ചത്? അതല്ല, ഞാന്‍ പകര്‍ന്ന മദ്യത്തെയോ? എനിക്ക് തോന്നുന്നത് അവരില്‍ പലരും എന്നേക്കാള്‍ സ്‌നേഹിച്ചിരുന്നത് മദ്യത്തെയായിരുന്നു.
ഈ ഏകാന്തതയില്‍ എന്തു തോന്നുന്നു?
ഒറ്റക്ക് കിടക്കുമ്പോള്‍ നാം സ്വയം വിചാരണ നടത്തും. കുറെ കാര്യങ്ങള്‍ കുറെക്കൂടി നന്നായി ചെയ്യാമായിരുന്നു എന്നു തോന്നും.
രോഗം വരുമ്പോള്‍ ദൈവത്തെ കൂടുതലായി ഓര്‍ക്കുമോ?
രോഗത്തിന്റെ ഒരവസ്ഥ, ഏതൊരു മനുഷ്യനും അയാളുടെ ജാതിയെയും മതത്തെയും കൂടുതല്‍ ഓര്‍ക്കുന്ന സന്ദര്‍ഭമാണ്. ഇപ്പോള്‍ ഞാന്‍ ഇസ്‌ലാമിനെ കുറിച്ചാണ് ചിന്തിക്കുന്നത്. അതിന്റെ ഇക്വാലിറ്റി, സകാത്ത്, സ്വദഖ പോലുള്ള കാര്യങ്ങള്‍. യാ അയ്യുഹന്നാസ് എന്ന നോവലിനെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണ് ഇതൊക്കെ എന്റെ മനസ്സില്‍ വരുന്നത്'' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2015 ഫെബ്രുവരി 1).
കുഞ്ഞബ്ദുല്ലയുടെ മനസ്സിലുള്ള 'യാ അയ്യുഹന്നാസ്' എന്ന നോവലില്‍ തീര്‍ച്ചയായും ഇസ്‌ലാമിനെയും ആത്മീയതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ വീണ്ടുവിചാരങ്ങള്‍ പ്രതിഫലിക്കുമെന്നു തന്നെയാണ് ജിബ്രാന്‍ പ്രതീക്ഷിക്കുന്നത്. അതെഴുതി പൂര്‍ത്തിയാക്കാനുള്ള ആരോഗ്യവും കഴിവും പടച്ചവന്‍ അദ്ദേഹത്തിന് നല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
മുഹമ്മദ് നബിയുടെ ജീവിതവും ചരിത്രവും കേന്ദ്ര പരിസരമായി വരുന്ന 'ദൈവത്തിന്റെ പുസ്തകം' എന്ന കെ.പി രാമനുണ്ണിയുടെ നോവലാണ് പങ്കുവെക്കേണ്ട മറ്റൊന്ന്. ഒരു ഭാഷയിലെയും നോവല്‍ സാഹിത്യത്തില്‍ മുഹമ്മദ് നബി കേന്ദ്രകഥാപാത്രമായി ഇതുവരെ വന്നിട്ടില്ലെന്ന് തോന്നുന്നു. മാധ്യമം ആഴ്ചപ്പതിപ്പില്‍ 2015 ഫെബ്രുവരി 19 ലക്കം മുതലാണ് നോവല്‍ ആരംഭിച്ചത്. യേശുക്രിസ്തുവും കൃഷ്ണനുമെല്ലാം കഥാപാത്രങ്ങളാണെന്ന് ഇതേ ലക്കത്തിലെ അഭിമുഖത്തില്‍ രാമനുണ്ണി പറയുന്നുണ്ട്. ഇതെഴുതുമ്പോള്‍ നോവലിന്റെ നാല് ഭാഗങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
മുഹമ്മദ് നബിയുടെ ഉമ്മ ആമിനയുടെ ഗര്‍ഭകാലം, കഅ്ബ തകര്‍ക്കാന്‍ വന്ന അബ്രഹത്തിന്റെ ആനപ്പടയുടെ കഥ, നബിയുടെ ജന്മം, ഹലീമയുടെ വീട്ടിലെ കുട്ടിക്കാലം, ഉമ്മ ആമിനയുടെ മരണം ഇത്രയുമാണ് നാല് ലക്കങ്ങളിലെ ചിത്രീകരണം. നോവല്‍ എന്നതിനേക്കാള്‍ ഒരു ചരിത്രാഖ്യായിക ആയിട്ടാണ് ഇതുവരെയുള്ള ഭാഗങ്ങള്‍ അനുഭവപ്പെട്ടത് (നാല് ലക്കമെന്നത് ഒരു നോവലിനെ വിലയിരുത്താന്‍ മതിയായതല്ല). നബിചരിത്രവും അറേബ്യയുടെ അക്കാലത്തെ ജീവിത പരിസരവുമെല്ലാം വിശദമായി പഠിച്ച് ആവശ്യമായ ഭാവനയും ചേര്‍ത്ത് രാമനുണ്ണി വികസിപ്പിക്കുന്ന നോവല്‍ ഏതായാലും നോവല്‍ സാഹിത്യത്തിലെ ഒരു ചരിത്രകാല്‍വെപ്പായി അടയാളപ്പെടുത്തേണ്ടതുണ്ട്.
വര്‍ഗീയതയും സാമുദായിക ചേരിതിരിവും വര്‍ധിച്ചുവരുന്ന കേരളീയ പശ്ചാത്തലത്തില്‍ അവയെ വ്യത്യസ്ത രീതിയില്‍ പ്രശ്‌നവത്കരിക്കുന്ന രണ്ട് കഥകളാണ് വി.എസ് അനില്‍കുമാറിന്റെ 'അജ്ഞാത ശത്രു'വും (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 8) പ്രമോദ് രാമന്റെ തുപ്പല്‍പ്പൊട്ടും (മാതൃഭൂമി ആഴ്ചപ്പതിപ്പ് മാര്‍ച്ച് 1). നാദാപുരം സംഘര്‍ഷത്തിന്റെ പശ്ചാത്തലവുമായി ചേര്‍ത്തുവെക്കാവുന്ന കഥാപരിസരമാണ് വി.എസ് അനില്‍കുമാറിന്റെ കഥയുടേത്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനുമെല്ലാം സൗഹൃദത്തോടെ ജീവിച്ച ചരിത്രമുള്ള ഒരു ഗ്രാമം. ഈ സൗഹൃദാന്തരീക്ഷത്തില്‍നിന്ന് പ്രവാസ ജീവിതത്തിലേക്ക് കൂടുമാറി പോയ സന്തോഷ് എന്ന മുഖ്യകഥാപാത്രം വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തുന്നു. വീട്ടില്‍നിന്ന് തെരുവിലേക്കിറങ്ങിയ സന്തോഷിന് കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് നാട്ടിലുണ്ടായ മാറ്റം അനുഭവപ്പെടുന്നു. ചെറുപ്പക്കാര്‍ വടിവാളിന്റെ ഭാഷ സംസാരിക്കുന്നു. കടയില്‍ സാധനം വാങ്ങാനെത്തുന്ന സ്ത്രീകള്‍ പോലും കടക്കാരന്റെ സമുദായം ഏതെന്നു അന്വേഷിക്കുന്നു. സുഹൃത്ത് അക്ബറുമായും ബേക്കറികട നടത്തുന്ന ഗംഗനുമായുമുള്ള സംസാരത്തില്‍ നിന്ന് നാട് സാമുദായികമായി ധ്രുവീകരിക്കപ്പെട്ടെന്ന് സന്തോഷ് തിരിച്ചറിയുന്നു. ധ്രുവീകരണത്തിന്റെ ആഴം ബോധ്യപ്പെടുത്താന്‍ കഥാകാരന്‍ ചിത്രീകരിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഇങ്ങനെ:
''കിളിയുടെയും കണ്ടക്ടറുടെയും ആക്രോശങ്ങള്‍ക്കിടയിലൂടെ മൂന്ന് പര്‍ദധാരികള്‍ അതില്‍ നിന്നിറങ്ങി. ബേക്കറി ഒന്നു നോക്കി. കോലായിലേക്ക് കയറി, അതിലൊരാള്‍ മഫ്ത വലിച്ചു ശരിയാക്കി ചോദിച്ചു:
'ഇങ്ങന്‍ത്തെ ബെയ്ക്കറി ഐറ്റംസ് വില്‍ക്കുന്ന നമ്മളയാളെ കട ഇവിടയുണ്ടോ?!''
സന്തോഷിനോട് കടക്കാരന്‍ മറ്റൊരു മാറ്റം പറയുന്നതിങ്ങനെ:
''നമ്മളെ കോളേജ് എലക്ഷന്റെ പത്തുദിവസം മുമ്പേ, എല്ലാ സന്ധ്യക്കും സിസ്റ്റേഴ്‌സെല്ലാം കൂടി ബസ്സ് കയറിപ്പോകും... അതെന്താ അങ്ങനെ എന്നന്വേഷിച്ചേരല്യേ മനസ്സിലായത്... ഇവിടത്തെ സിസ്റ്റേഴ്‌സും അവിടത്തെ സിസ്റ്റേഴ്‌സും ചേര്‍ന്ന് എല്ലാ ദിവസവും സ്‌പെഷ്യല്‍ പ്രാര്‍ഥനയാണ് പോലും... എലക്ഷന്റെ ടൈമില്‍...
കര്‍ത്താവേ.. അങ്ങയുടെ ദാസരെ വിജയിപ്പിക്കേണമേ.. അങ്ങയുടെ തിരുവിഷ്ടമനുസരിച്ച് അമലഗിരി കോളേജിലെ വിദ്യാര്‍ഥി യൂനിയനിലേക്ക് മത്സരിക്കുന്ന അങ്ങയുടെ ദാസന്മാരുടെ ജീവിതത്തില്‍ അങ്ങയുടെ കൈയൊപ്പ് ഉണ്ടാകേണമേ... കര്‍ത്താവേ...''
റോട്ടിലേക്കിറങ്ങിയ കഥാനായകനെ തന്റെ നേര്‍ക്ക് അമിത വേഗത്തില്‍ വരുന്ന ഓട്ടോ പേടിപ്പിക്കുന്നു. ഓട്ടോ ഡ്രൈവറെ രൂക്ഷമായി നോക്കിയപ്പോള്‍ 'റോഡ് എന്താ തന്റെ തന്തയുടെ വകയാണോ' എന്ന് തിരിച്ചുള്ള ചോദ്യമാണ് എതിരേറ്റത്. സ്വന്തം അമ്മയെയടക്കം കുത്തിപ്പരിക്കേല്‍പ്പിച്ച ഒട്ടേറെ കേസുകളില്‍ പ്രതിയായ തന്റെ അയല്‍വാസിയായ ശൈലേഷ് ആണ് നെറ്റിയില്‍ കുറിതൊട്ട ആ ഡ്രൈവറെന്ന് സന്തോഷ് പിന്നീട് അറിയുന്നു. ഈ മാറ്റങ്ങളെല്ലാം പങ്കുവെച്ച് സുഹൃത്ത് അക്ബറിന്റെ കൂടെ ഒഴിഞ്ഞിരിക്കുമ്പോള്‍ അവന് പറയാനുള്ളത് മറ്റൊരു അനുഭവമാണ്. സ്വത്വവാദക്കാരെക്കൂടി പരിഹസിക്കാനുള്ള സന്ദര്‍ഭമായി കഥാകാരന്‍ ഉപയോഗപ്പെടുത്തുന്ന ആ സംഭാഷണമിങ്ങനെ:
''നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്, അല്ലേ, അക്ബറേ?'' സന്തോഷ് ചോദിച്ചു.
''വെല്ലാണ്ട് പുരോഗമിക്കുന്നുണ്ട്, സഹിക്കാന്‍ പറ്റ്ണില്ല, അത്രേള്ളൂ...'' അക്ബര്‍ പറഞ്ഞു.
''എന്റെ വീട്ടില്‍കൂടലിന് രണ്ട് പ്രഥമനടക്കം നല്ല പച്ചക്കറി സദ്യയുണ്ടാക്കിയതാ. അതിന് ഞാന്‍ കേട്ട ചീത്തക്കൊന്നും കണക്കില്ല മോനേ. പ്രധാന ചോദ്യം എന്താണെന്ന് നിനക്കറിയോ?''
''നീ പറ...''
''നമ്മളെ ആള്‍ക്കാരുടെ വീട്ടിക്കൂടലിനും നികാഹിനുമെല്ലാം ബിരിയാണിം എറച്ചിം നെയ്‌ചോറുമെല്ലാമല്ലേ! പിന്നെ നീയെന്തിനാ അക്കൂട്ടര് ചെയ്യുമ്പോലെ സദ്യ ആക്കിയത്?''
''പിന്നെ ബുദ്ധിജീവി വിളിച്ചു.''
''ആര് മാഷോ?''
''അതെ. സ്വത്വങ്ങള്‍ അപഹരിക്കാന്‍ സവര്‍ണ ബോധങ്ങള്‍ ശ്രമിക്കും. അതിനെതിരെ ജാഗ്രത വേണം. മുഖ്യധാര എന്ന ഒരു വ്യാജസങ്കല്‍പ്പത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് വശംവദനാവരുത്... എന്നൊക്കെയാ അയാള് നൊടിഞ്ഞത്. സന്തോഷേ, ഞാന്‍ പറഞ്ഞു, മാഷേ ങ്ങള് പറഞ്ഞതൊന്നും എനിക്ക് തിരിഞ്ഞിട്ടില്ല. ഒരു ചെയ്ഞ്ചിനു വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. തെറ്റിപ്പോയെങ്കില് മാഷിപ്പം ക്ഷമിച്ചില്ലെങ്കിലും കൊഴപ്പമില്ല.''
മലയാള സിനിമയും സീരിയലുകളും ക്രൂരകഥാപാത്രങ്ങളും വില്ലന്മാരുമായി മുസ്‌ലിംകളെ ചിത്രീകരിക്കുന്ന വാര്‍പ്പുമാതൃകകളെയും ജാതിബോധത്തെയും പ്രശ്‌നവത്കരിക്കുന്ന കഥയാണ് പ്രമോദ്‌രാമന്റെ 'തുപ്പല്‍പ്പൊട്ട്.' ശ്യാമസുന്ദരന്‍ എന്ന ഡയറക്‌റുടെ സീരിയല്‍ ചിത്രീകരണമാണ് കഥാപരിസരം. സീരിയലിലെ വില്ലന്‍ ഇറച്ചിവെട്ടുകാരനായ ഹംസ എന്ന മുസ്‌ലിം യുവാവാണ്. അയാളുടെ ക്രൂരതക്കിരയാവുന്ന ഭാര്യ അഷീനയും ഭാര്യാ പിതാവായ ബീരാനിക്കയുമാണ് മറ്റു കഥാപാത്രങ്ങള്‍. ബീരാനിക്കയായി വേഷമിടുന്നത് പത്മാസനന്‍ നായരാണ്. നായര്‍ക്ക് മുസ്‌ലിംകളെ കണ്ണെടുത്താല്‍ കണ്ടുകൂടാ. എന്നിട്ടും ബീരാനിക്കയായി അഭിനയിക്കുന്നത് ഡയറക്ടര്‍ നായരായത് കൊണ്ട് മാത്രമാണെന്ന് അദ്ദേഹം തുറന്നുപറയുന്നു.
''സത്യത്തില്‍ മേത്തന്മാരെന്നു പറഞ്ഞാല്‍ എനിക്ക് കലിപ്പാണ്. ഒരു സംസ്‌കാരവുമില്ലാത്ത വക. എല്ലാറ്റിനും അവര്‍ക്ക് മതമാണ്. മതം മാത്രം. പഠിക്കാനും പെണ്ണുകെട്ടാനും പ്രസവിക്കാനും പരലോകം പൂകാനും എല്ലാം. നമ്മള്‍ക്കുണ്ടോ ശ്യാമസുന്ദരാ അങ്ങനെ വല്ല ഭ്രാന്തും?''
മുസ്‌ലിമായ വില്ലന്റെ ക്രൂരത വര്‍ധിക്കുമ്പോഴേ നായകനായ ഹരികൃഷ്ണന്റെ സ്വഭാവമഹിമ പ്രേക്ഷകര്‍ തിരിച്ചറിയൂവെന്ന് ഡയറക്ടര്‍ ശ്യാമസുന്ദരന്‍ പറയുന്നുണ്ട്. എന്തുകൊണ്ടാണ് തന്റെ സീരിയലില്‍ വില്ലന്‍ കഥാപാത്രം മുസ്‌ലിമായതെന്ന് ഡയറക്ടര്‍ ന്യായീകരിക്കുന്നതിങ്ങനെ.
''മുസ്‌ലിമായാല്‍ പെട്ടെന്ന് പ്രേക്ഷകര്‍ അത് അക്‌സെപ്റ്റ് ചെയ്യും. അല്ലാതെ ഇത് മുസ്‌ലിംകള്‍ക്ക് എതിരായിട്ടുള്ള സീരിയലല്ല.''
ആ അഭിപ്രായത്തോട് നായരുടെ കമന്റ് ഇങ്ങനെ പോകുന്നു: ''ഇങ്ങനെയുള്ളതെല്ലാം ചെയ്യുന്നവരില്‍ കൂടുതല്‍ മുസ്‌ലിം ചെറുപ്പക്കാരാണുള്ളതെന്നത് സത്യമല്ലേ?''
''അതെനിക്കറിയില്ല നായര്‍ സാറേ, അങ്ങനെയുള്ള വിവരമൊന്നും എന്റെ കൈയിലില്ല.'' ശ്യാമസുന്ദരന്‍ വെളിപ്പെടുത്തി.
''അതു പിന്നെ ആരെങ്കിലും ഗവേഷണം നടത്തി കണ്ടുപിടിച്ചിട്ട് വേണോ, എല്ലാരും പറയുന്നതല്ലേ?'' നായര്‍ പൊട്ടിച്ചിരിച്ചു.
വര്‍ഗീയതയും ജാതീയതയും വമിക്കുന്ന നായരുടെ ഓരോ കമന്റിനൊപ്പം പശ്ചാത്തലമായി പട്ടിയുടെ കുരയും ചിത്രീകരിക്കുന്ന പ്രമോദ് രാമന്‍ പുതിയ കാലത്തും നിലനില്‍ക്കുന്ന ജാതീയതയും പരമതവിദ്വേഷവും മനോഹരമായി ചിത്രീകരിക്കുന്നുണ്ട്.
Comments