Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 13

അബ്ദുസ്സമദ് ആക്കല്‍

അബ്ദുല്‍ വാഹിദ് നദ്‌വി

അബ്ദുസ്സമദ് ആക്കല്‍

നൈരന്തര്യം മുഖമുദ്രയാക്കിയ കര്‍മയോഗിയായിരുന്നു അബ്ദുസ്സമദ് സാഹിബ് (53). കൊല്ലം ജില്ലയിലെ റോഡുവിള, ആക്കല്‍ പ്രദേശത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം പുതുതലമുറയെ പ്രസ്ഥാനവുമായി കണ്ണിചേര്‍ക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. ദുരിതബാധിതരെ സഹായിക്കുന്നതില്‍ തന്റേതായ വഴി വെട്ടിത്തെളിച്ച അദ്ദേഹം പൊതു ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത പുലര്‍ത്തി. ഒന്നിലധികം തവണ ആക്കല്‍ ഹല്‍ഖയുടെ നാസിമായും സെക്രട്ടറിയായും തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂനിറ്റ് കോ-ഓര്‍ഡിനേറ്ററായും കര്‍മരംഗത്ത് സജീവമായിരുന്നു.

റോഡുവിള അല്‍ഹാദി അറബിക് കോളേജിലെ പഠനകാലത്തുതന്നെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹം കുറച്ചുവര്‍ഷം സുഊദി അറേബ്യയില്‍ പ്രവാസ ജീവിതവും നയിച്ചു. ഗവണ്‍മെന്റ് സര്‍വീസില്‍ അധ്യാപകനായിരുന്ന അദ്ദേഹം കുറഞ്ഞ കാലം കൊണ്ടുതന്നെ താന്‍ ജോലി ചെയ്തിരുന്ന പ്രദേശത്തെ ജനങ്ങളുമായി സജീവവും ഹൃദ്യവുമായ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുത്തു. പ്രദേശത്തെ നമസ്‌കാരപ്പള്ളിയുടെ പുനര്‍ നിര്‍മാണത്തിനും അദ്ദേഹമാണ് നേതൃത്വം നല്‍കിയത്.

പ്രാസ്ഥാനികമായ നിരവധി ഉത്തരവാദിത്തങ്ങള്‍ക്കിടയിലും അദ്ദേഹം തേവര്‍കോട് മഹല്ല് മുസ്‌ലിം ജമാഅത്തിന്റെ സര്‍വ സ്വീകാര്യനായ പ്രസിഡന്റായിരുന്നു. ഒന്നിലധികം തവണ ആ ചുമതല നിര്‍വഹിച്ചിരുന്ന അദ്ദേഹം മഹല്ലിന്റെ വളര്‍ച്ചയിലും പുരോഗതിയിലും തന്റേതായ സാന്നിധ്യം അടയാളപ്പെടുത്തിയാണ് നാഥങ്കലേക്ക് യാത്രയായത്.

പത്താംതരം പാസായ പ്രദേശത്തെ മുസ്‌ലിം വിദ്യാര്‍ഥികളെ ഇസ്‌ലാമിക കലാലയങ്ങളില്‍ ചേര്‍ക്കുന്നതിലും അവര്‍ക്കു വേണ്ട മറ്റു സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിലും പ്രത്യേക താല്‍പര്യവും ശ്രദ്ധയുമാണ് അദ്ദേഹം പുലര്‍ത്തിയത്.

ഐഡിയല്‍ റിലീഫ് വിംഗ് കൊല്ലം ഗ്രൂപ്പ് ലീഡര്‍, റോഡുവിള തണല്‍ പെയിന്റ് ആന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് കണ്‍വീനര്‍, ആക്കല്‍ കാര്‍കുന്‍ ഹല്‍ഖാ സെക്രട്ടറി, തേവന്‍കോട് മഹല്ല് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എന്നീ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിരുന്നു.

ഭാര്യ സബീദാ ടീച്ചര്‍ ജമാഅത്തെ ഇസ്‌ലാമി കൊല്ലം ജില്ലാ സമിതിയംഗവും ആക്കല്‍ വനിതാ കാര്‍കുന്‍ ഹല്‍ഖാ സെക്രട്ടറിയുമാണ്. ബി.എഡ് വിദ്യാര്‍ഥിനിയായ മൂത്തമകള്‍ നാജിയ ജി.ഐ.ഒ മെമ്പറും മുന്‍ കൊല്ലം ജില്ലാ പ്രസിഡന്റുമാണ്. ഇളയ മകള്‍ ഹുസ്‌ന ജി.ഐ.ഒ മെമ്പറാണ്.

അബ്ദുല്‍ വാഹിദ് നദ്‌വി

എ. അബ്ദുല്‍ അസീസ്

തിരുവനന്തപുരം ജില്ലയില്‍ കാര്യവട്ടം പ്രാദേശിക ജമാഅത്ത് അംഗമായിരുന്നു അബ്ദുല്‍ അസീസ് സാഹിബ്. 1975 മുതല്‍ കാര്യവട്ടം പ്രദേശം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഘടകം രൂപീകരിക്കുന്നതില്‍ അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അന്നു മുതല്‍ മരണം വരെ പ്രബോധനം, ആരാമം, മലര്‍വാടി, ബോധനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ഏജന്‍സി എടുത്ത് മുടക്കം വരാതെ വായനക്കാര്‍ക്ക് എത്തിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നല്ല ഏജന്‍സിക്കുള്ള പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായ ശേഷം നിലമ്പൂര്‍ ഒ.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കാഞ്ഞിപ്പുഴ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരുടെ ശിഷ്യനായി ദര്‍സ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. സര്‍വീസിലിരിക്കെ കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും ജില്ലാ ഭാരവാഹിയുമായിരുന്നു. താന്‍ ഏര്‍പ്പെടുന്ന എല്ലാ പ്രവര്‍ത്തന മേഖലകളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശവും നയനിലപാടുകളും പാലിക്കാനും നടപ്പില്‍ വരുത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

സഹോദര സമുദായാംഗങ്ങളെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളുടെ വായനക്കാരും വരിക്കാരുമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അയല്‍വാസികള്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുന്നതിന് വേണ്ട സാഹിത്യങ്ങള്‍ നല്‍കുകയും അവരുമായി സംവദിക്കുകയും ചെയ്യാറുണ്ടായിരുന്നു.

പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കളായ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, കെ.കെ മമ്മുണ്ണി മൗലവി തുടങ്ങിയവരുമായി നല്ല ബന്ധമായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശവും നയനിലപാടുകളും ജീവിതത്തില്‍ പുലര്‍ത്താനും അത് കുടുംബത്തില്‍ പകര്‍ത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കാര്യവട്ടം ഹല്‍ഖയിലെ പ്രവര്‍ത്തകരാണ്.

എ. ശിഹാബുദ്ദീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /107, 108
എ.വൈ.ആര്‍