Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 13

വെറുപ്പിന്റെ പ്രത്യയശാസ്ത്രവും ഹിംസയുടെ പ്രയോഗങ്ങളും

പി.കെ നിയാസ് /കവര്‍സ്‌റ്റോറി

         നിലപാടുകളിലെ ദുരൂഹതയും പ്രവര്‍ത്തനങ്ങളിലെ കൊടും ഭീകരതയും കൊണ്ട് ലോകത്തിന് തലവേദനയായി മാറിയിരിക്കുന്ന സംഘടനയാണ് ഇസ്‌ലാമിക സ്റ്റേറ്റ് അഥവാ ഐ.എസ്. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് അന്റ് ലെവന്റ് (ഐ.എസ്.ഐ.എല്‍), ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് അന്റ് സിറിയ (ഐ.എസ്.ഐ.എസ്) എന്നീ  പേരുകളിലും അറിയപ്പെടുന്ന ഈ ഗ്രൂപ്പിന്റെ പിതൃത്വത്തെക്കുറിച്ച് വിരുദ്ധങ്ങളായ പല വാദങ്ങളും നിലനില്‍ക്കുന്നു. ഉസാമ ബിന്‍ ലാദിന്‍ നേതൃത്വം നല്‍കിയ അല്‍ ഖാഇദയില്‍നിന്ന് പിരിഞ്ഞുണ്ടായതാണെന്ന് ഒരു കൂട്ടര്‍. ഇസ്രയേലീ ചാര സംഘടനയായ മൊസാദിന്റെ സൃഷ്ടിയാണെന്ന് മറ്റൊരു വിഭാഗം. ഇതു രണ്ടുമല്ല, അമേരിക്കയാണ് ഐ.എസിനു പിന്നിലെന്ന് മൂന്നാമതൊരു വിഭാഗം. ഇതിനുമപ്പുറം, സുന്നി രാജ്യങ്ങളില്‍ ശിഈസം കയറ്റുമതി ചെയ്യുന്ന ഇറാനെ പാഠം പഠിപ്പിക്കാനും ഇറാഖില്‍ വേരുറപ്പിച്ച ശിഈ ഭരണകൂടത്തെ തകര്‍ക്കാനും പണവും മറ്റു വിഭവങ്ങളും നല്‍കി വളര്‍ത്തിയ പ്രതിഭാസമാണ് ഐ.എസ് എന്ന പ്രചാരണവും നിലനില്‍ക്കുന്നു.

ഐ.എസിനെക്കുറിച്ച് ഒട്ടധികം പഠനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. ഐ.എസ്.ഐ.എസ് അഥവാ ഐ.എസിനെ പ്രതിപാദിക്കുന്ന മുപ്പതിലേറെ പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ മാത്രം ലഭ്യമാണ്. അക്കൂട്ടത്തില്‍ നവാഗതനാണ് ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ISIS: Inside the Army of Terror. പത്രപ്രവര്‍ത്തകരായ മൈക്കല്‍ വെയ്‌സും (അമേരിക്ക) ഹസന്‍ ഹസനും (സിറിയ) ചേര്‍ന്നെഴുതിയ പുസ്തകം ഐ.എസിനെപ്പറ്റി എഴുതപ്പെട്ടതില്‍ ഏറ്റവും മികച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ ഇന്‍ഡിപെന്റന്റ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ പാട്രിക് കോക്ബണ്‍ എഴുതിയ The Rise of Islamic State മറ്റൊരു പ്രമുഖ കൃതിയാണ്. 

ഈ ഗ്രന്ഥങ്ങളിലെ പ്രതിപാദ്യങ്ങള്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്; അമേരിക്കയെയും സഖ്യകക്ഷികളെയും വെള്ളപൂശാനുള്ള ശ്രമം. മിഡിലീസ്റ്റിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായി മാറാതിരിക്കുമ്പോള്‍ മാത്രമാണ് പല സംഘടനകളും വാഷിംഗ്ടണിന് 'ഭീകര'മാകുന്നതെന്ന സത്യം മൂടിവെക്കപ്പെടുന്ന അവസ്ഥ. അതേസമയം, വെയ്‌സും ഹസനും ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന കാര്യമുണ്ട്: ഐ.എസിന്റെ റിക്രൂട്ട്‌മെന്റില്‍ രണ്ടേ രണ്ട് ഘടകങ്ങളില്‍ മാത്രമേ മതം കടന്നുവരുന്നുള്ളൂ; ഗ്രൂപ്പിന്റെ തലപ്പത്ത് വിരാജിക്കുന്ന അള്‍ട്രാ റാഡിക്കലുകളും സംഘടനയുടെ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരായി അടുത്തിടെ മാത്രം മതം മാറിയവരും. മറ്റു നാലു ഘടകങ്ങളും മതത്തിന്റെ അംശങ്ങള്‍ കടന്നുവരാത്തതാണ്. പണവും അധികാരവും മാത്രം പ്രതീക്ഷിച്ചെത്തിയവര്‍, ഇറാഖിലും സിറിയയിലും സംഭവിക്കുന്നത് എന്ത് എന്നതിനെക്കുറിച്ച് ഇപ്പോഴും സന്ദേഹത്തിലായ വിദേശ പോരാളികള്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന പ്രായോഗികവാദികള്‍ എന്നിവയാണ് മറ്റു വിഭാഗങ്ങള്‍. എന്നാല്‍, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുഖവിലക്ക് എടുക്കാത്തവരാണ് അവസാന വിഭാഗത്തില്‍ പെടുന്നവര്‍. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ രാഷ്ട്രീയത്തില്‍ ആകൃഷ്ടരായി എത്തിയവരാണ് അവര്‍. മതവും രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവുമെല്ലാം കോര്‍ത്തിണക്കിയ ഐ.എസിന്റെ ആദര്‍ശത്തില്‍ താല്‍പര്യമുള്ള വലിയൊരു വിഭാഗം ജനങ്ങളുണ്ടെന്ന് ഹസന്‍ ചൂണ്ടിക്കാട്ടുന്നു.

നൂറു ശതമാനം വിശ്വാസ യോഗ്യമല്ലെങ്കിലും ഈ ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പലതും ഇസ്രയേലീ താല്‍പര്യങ്ങള്‍ക്ക് അനുഗുണമാകുന്ന തരത്തിലുള്ളവയാണെന്ന ആരോപണങ്ങളും സജീവമാണ്. ഐ.എസിന്റെ വേരുകള്‍ അമേരിക്കയിലേക്കും സഖ്യരാജ്യങ്ങളിലേക്കും നീളുന്നതിന് അടിസ്ഥാനം അമേരിക്കയുടെ നിരവധി ദേശീയ രഹസ്യങ്ങള്‍ പുറത്തുവിട്ട് പ്രശസ്തനായ എഡ്വേര്‍ഡ് സ്‌നോഡന്‍ ഇതു സംബന്ധമായി പുറത്തുവിട്ട രേഖകളാണ്. യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്ന സ്‌നോഡന്റെ രേഖകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍ സമാന്തര മാധ്യമങ്ങള്‍ അവ പ്രചരിപ്പിച്ചു. ഐ.എസ് നേതാവ് അബൂബക്കര്‍ ബഗ്ദാദിയുടേതെന്ന പേരില്‍ പുറത്തുവന്ന ചില ഫോട്ടോകളും ഈ ബാന്ധവത്തെക്കുറിച്ച് സൂചന നല്‍കുന്നു. യു.എസ് സെനറ്റര്‍ ജോണ്‍ മെക്കയിനോടൊപ്പമുള്ള ബഗ്ദാദിയുടെ ചിത്രങ്ങളാണ് അവയില്‍ ചിലത്. ജൂത മാതാപിതാക്കള്‍ക്ക് ജനിച്ച സൈമണ്‍ എല്ലിയോട്ടാണ് അബൂബക്കര്‍ അല്‍ ബഗ്ദാദിയെന്ന റിപ്പോര്‍ട്ടും പ്രചരിക്കുകയുണ്ടായി. അറബ് രാജ്യങ്ങള്‍ക്കും മുസ്‌ലിം സമൂഹത്തിനും എതിരെ പോരാടാന്‍ ഇയാള്‍ക്ക് മൊസാദിന്റെ പരിശീലനം ലഭിച്ചിരുന്നുവത്രേ. ഇബ്‌റാഹീം ഇബ്‌നു അവാദ് ഇബ്‌നു ഇബ്‌റാഹീം അല്‍ ബദ്‌രി അറദൂല്‍ ഹുസൈനി എന്ന വ്യാജ പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു.

രണ്ടു തരത്തിലാണ് ഐ.എസിലൂടെ ഇസ്രയേല്‍ നേട്ടം കൊയ്തത്. നൈല്‍ മുതല്‍ യൂഫ്രട്ടീസ് വരെ നീളുന്ന വിശാല ഇസ്രയേല്‍ എന്ന ലക്ഷ്യവുമായി നീങ്ങുന്ന സയണിസ്റ്റ് രാജ്യത്തിന്റെ രണ്ടു പ്രധാന ഭീഷണികള്‍ സിറിയയും ഇറാനുമാണ്. സിറിയയുടെ ഭാഗമായ ജൂലാന്‍ കുന്നുകള്‍ (ഗോലാന്‍ ഹൈറ്റ്‌സ്) 1967-ലെ യുദ്ധത്തില്‍ കൈവശപ്പെടുത്തിയ ഇസ്രയേല്‍ അത് എക്കാലത്തേക്കും തങ്ങളുടേതാക്കി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. അവിടത്തെ ശുദ്ധജല സ്രോതസ്സുകള്‍ ഭാവിയില്‍ യുദ്ധത്തിലേക്ക് വരെ മേഖലയെ നയിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സിറിയയാകട്ടെ, അത് തിരിച്ചുപിടിക്കാനുള്ള നീക്കങ്ങള്‍ നടത്തുമ്പോഴാണ് ആഭ്യന്തര കലാപം അവിടെ രൂക്ഷമാകുന്നത്. ഇതില്‍ ഐ.എസിനെ പ്രധാന കക്ഷിയാക്കി പ്രതിഷ്ഠിച്ചതിലൂടെ രണ്ടു നേട്ടങ്ങളാണ് ഇസ്രയേല്‍ കൊയ്തത്. ഐ.എസിന്റെ പോരാട്ടം സിറിയക്കും ഇറാന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ശിഈ സാമന്ത രാജ്യമായ ഇറാഖിനുമെതിരാക്കി മാറ്റുന്നതില്‍ അവര്‍ വിജയിച്ചു. അതോടെ ദമസ്‌കസും ടെഹ്‌റാനും തങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഐ.എസില്‍ കേന്ദ്രീകരിച്ചു. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസിലും (മൊസൂല്‍) സിറിയയിലെ സുപ്രധാന അതിര്‍ത്തി പ്രദേശമായ റഖയും ഐ.എസിന്റെ നിയന്ത്രണത്തിലായതോടെ അവയുടെ മോചനമായി സിറിയയുടെയും ഇറാന്റെയും പ്രധാന ലക്ഷ്യം. ചുറ്റുവട്ടത്തും ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട ഇസ്രയേലിനെ സംരക്ഷിക്കാന്‍ ഇസ്രയേല്‍, യു.എസ്, ബ്രിട്ടന്‍ എന്നിവയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംയുക്തമായാണ് ഈ തന്ത്രം മെനഞ്ഞത്. 

സ്‌നോഡന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇറാന്റെ ഇന്റലിജന്‍സ് വിഭാഗവും അറബിക് ഇന്റര്‍നെറ്റ് റേഡിയോ അജ്‌യാല്‍, വാര്‍ത്താ പോര്‍ട്ടലായ ഈജിപ്രസ് എന്നിവ ഐ.എസിന്റെ പിതൃത്വം മൊസാദിലേക്ക് ചൂണ്ടുന്നു. ഐ.എസിനെ സൃഷ്ടിച്ചതില്‍നിന്ന് ഇസ്രയേലിനൊപ്പം അമേരിക്കക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് ഇറാന്റെ മുതിര്‍ന്ന കമാണ്ടര്‍ ഹസന്‍ ഫൈറൂസാബാദിയെ ഉദ്ധരിച്ച് ജൂണ്‍ 18-ന് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 

'അല്‍ഖാഇദയുടെ കറുത്ത താരം ഉദയം ചെയ്യുന്നു'’എന്ന തലക്കെട്ടില്‍ 2013 ഡിസംബറില്‍ പുറത്തിറങ്ങിയ അമേരിക്കന്‍ വാരിക ടൈമിന്റെ കവര്‍ ചിത്രം ബഗ്ദാദിയായിരുന്നു. 2014 ജൂലൈയില്‍ ടൈമില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു ലേഖനം ഐ.എസ് അമേരിക്കന്‍ സൃഷ്ടിയാണെന്ന ആരോപണം നിഷേധിച്ചു കൊണ്ടുള്ളതായിരുന്നു. ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ മിഡിലീസ്റ്റില്‍ പുത്തരിയല്ല എന്നാണ് അരീന്‍ ബേക്കര്‍ പ്രസ്തുത ലേഖനത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. മധ്യപൗരസ്ത്യ മേഖലയെ ശിഥിലീകരിക്കാനും ഇസ്രയേലിനെ സംരക്ഷിക്കാനും അമേരിക്കയും ബ്രിട്ടനും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമാണ് ഐ.എസിന്റെ പിറവിയെന്ന ഇറാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായിരുന്നു ലേഖനം. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ട് ടെഹ്‌റാന്‍ ടൈംസ് ഇംഗ്ലീഷ് ദിനപത്രം ഒന്നാം പേജില്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതാണ് ടൈം വാരികയെ ചൊടിപ്പിച്ചത്.

ബ്രിട്ടന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ സംഘടനകളുമായി ബഗ്ദാദി സഹകരിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍, അമേരിക്ക, ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഹോണറ്റ്‌സ് നെസ്റ്റ് എന്ന കോഡ് നാമത്തില്‍ (ഓപ്പറേഷന്‍ ബീഹൈവ് എന്നും പേരുണ്ട്) നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പിറവിയെന്ന് ബഹ്‌റൈനിലെ ഗള്‍ഫ് ഡെയിലി ന്യൂസ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ 2014 ജൂലൈ 16-ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഐ.എസ് ഇസ്രയേലി സൃഷ്ടിയാണെന്ന് ആഗസ്റ്റ് 18-ന് ഫലസ്ത്വീന്‍ അതോറിറ്റിയും അഭിപ്രായപ്പെട്ടിരുന്നു. ഈ ഗൂഢാലോചനയില്‍ അമേരിക്കക്കും പങ്കുണ്ടെന്ന് മഹ്മൂദ് അബ്ബാസ് നേതൃത്വം നല്‍കുന്ന അതോറിറ്റി തുറന്നടിച്ചു. തങ്ങള്‍ ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റിനെ ഭീകരര്‍ ചുട്ടുകൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതു മുതലാണ് ഐ.എസിനുപിന്നില്‍ ഇസ്രയേലാണെന്ന ചോദ്യം വീണ്ടും സജീവമാകുന്നത്. അതേസമയം, ഇസ്രയേല്‍ സൈന്യത്തിന് (ഐ.ഡി.എഫ്) ഐ.എസുമായി ബന്ധമുണ്ടെന്നതിന്റെ പരോക്ഷ തെളിവുകള്‍ മേഖലയില്‍ യു.എന്‍ നിരീക്ഷകര്‍ യു.എന്‍ രക്ഷാസമിതിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാണാം. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും മറ്റും വൈദ്യസഹായം എത്തിക്കാനെന്ന പേരില്‍ ഐ.ഡി.എഫുകാര്‍ ഐ.എസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു.

പടിഞ്ഞാറന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഐ.എസിനെ സൃഷ്ടിച്ചതെന്ന വാദത്തിന് തെളിവുകള്‍ മുന്നോട്ടുവെക്കുന്നു 'സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് ഗ്ലോബലൈസേഷ'നില്‍ എഴുതിയ ലേഖനത്തിലൂടെ കേര്‍ട്ട് നിമ്മോ. 2004 മുതല്‍ 2009 വരെ ഇറാഖിലെ ക്യാമ്പ് ബുക്കയില്‍ (അമേരിക്കന്‍ തടങ്കല്‍ കേന്ദ്രം) കഴിയുമ്പോഴാണ് അല്‍ ബഗ്ദാദി കൂടുതല്‍ തീവ്രവാദ ചിന്തകളില്‍ അകപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ ഒരു വാദം. ജോര്‍ദാനിലെ സഫാവി ടൗണില്‍ സിറിയയിലെ റിബലുകളെ (ഐ.എസുകാര്‍ ഉള്‍പ്പെടെ) പരിശീലിപ്പിക്കാന്‍ അമേരിക്കയും തുര്‍ക്കിയും ജോര്‍ദാനും സംയുക്തമായി സൈനിക ക്യാമ്പ് സംഘടിപ്പിച്ചിരുന്നുവെന്നും ലേഖകന്‍ സമര്‍ഥിക്കുന്നു.

അല്‍ഖാഇദയെ കൊടും ഭീകരര്‍ എന്നു വിശേഷിപ്പിക്കുന്ന അമേരിക്കന്‍ ചിന്തകരും മാധ്യമങ്ങളും ഐ.എസിനെ അത്തരത്തില്‍ അവതരിപ്പിക്കുന്നില്ലെന്ന് ബ്രൂക്കിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധന്‍ വില്യം മെക് കാന്റസ് ന്യൂയോര്‍ക്ക് ടൈംസിനോട് നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ച് വിലയിരുത്തുന്നവരുണ്ട്. ഇസ്രയേലി പൗരനായ സ്റ്റാന്‍ലി ഫിഷറിനെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തലവനാക്കാന്‍ ചരടുവലിച്ച സയണിസ്റ്റ് പ്രചാരകന്‍ ഷെല്‍ഡന്‍ ഫില്‍ജര്‍, മൂന്നാം ലോക യുദ്ധത്തിന്റെ സൂചനകള്‍ നല്‍കുന്ന ബഗ്ദാദിയുടെ പ്രസംഗം ചരിത്രത്തിലെ പാഠങ്ങള്‍ മുന്നില്‍വെച്ച് നോക്കുമ്പോള്‍ ഗൗരവത്തിലെടുക്കണമെന്ന് പറയുന്നു.

ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടും കൃത്യമായി ഐ.എസിനെ വിലയിരുത്താന്‍ ഇപ്പോഴും സാധിക്കുന്നില്ല എന്നത് വിഷയത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു. ഐ.എസില്‍ ഏറ്റവുമധികം റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പാശ്ചാത്യരാണ്. ഭീകരതക്കെതിരെ പഴുതില്ലാത്ത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയവര്‍ക്ക് എന്തുകൊണ്ട് തീവ്രവാദ ആശയങ്ങളിലേക്കുള്ള സ്വന്തം പൗരന്മാരുടെ ഈ വന്‍ ചോര്‍ച്ച കാണാന്‍ കഴിയാതെ പോയി? സെപ്റ്റംബര്‍ 11 ആക്രമണങ്ങളില്‍ പങ്കെടുത്തവര്‍ രണ്ടു പ്രമുഖ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരാണെന്നതിന്റെ പേരില്‍ കാടടച്ചു വെടിവെച്ചവര്‍ക്ക്, ഐ.എസിനു പിന്നില്‍ അണിനിരക്കാന്‍ യൂറോപ്യന്‍ പൗരന്മാര്‍ വ്യഗ്രത കാട്ടുന്നതിന്റെ മനഃശാസ്ത്രം പരിശോധിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല? അല്‍ഖാഇദയില്‍നിന്ന് പൊട്ടിമുളച്ചതാണ് ഐ.എസ് എന്നും അല്‍ഖാഇദ കമാണ്ടറായിരുന്ന അബൂ മുസ്അബ് അല്‍ സര്‍ഖാവിയുടെ പിന്‍ഗാമിയാണ് അബൂബക്കര്‍ ബഗ്ദാദിയെന്നും വിശദീകരിക്കുമ്പോള്‍ തന്നെ അയാളുടെ പൂര്‍വകാല ചരിത്രം (സയണിസ്റ്റ് ബാന്ധവം സംബന്ധിച്ച ആരോപണം തള്ളിക്കളയാം) പരിശോധിക്കേണ്ടതില്ലേ? അമേരിക്കന്‍ തടവറയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ബഗ്ദാദി അവിടെത്തന്നെ ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. 1971-ല്‍ ഇറാഖിലെ സമാറയില്‍ ജനിച്ച്, ബഗ്ദാദ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ച അബൂബക്കറിനെ ആരൊക്കെ, എപ്പോഴൊക്കെ ഉപയോഗപ്പെടുത്തിയെന്നത് ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളാണ്. 2006-ല്‍ യു.എസ് മിസൈല്‍ ആക്രമണത്തില്‍ സര്‍ഖാവി കൊല്ലപ്പെട്ടെങ്കിലും 2010 മേയില്‍ മാത്രമാണ് ബഗ്ദാദി രംഗത്തുവരുന്നത്.

ഐ.എസിന്റെ പരിശീലനം രണ്ടാഴ്ച മുതല്‍ ഒരു വര്‍ഷം വരെ നീളാറുണ്ടെന്നും, ശേഷം പ്രവര്‍ത്തകര്‍ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കുമെന്നും വെയ്‌സും ഹസനും ചേര്‍ന്ന് എഴുതിയ പുസ്തകത്തിലുണ്ട്. 2004-ല്‍ അല്‍ഖാഇദക്കുവേണ്ടി എഴുതപ്പെട്ട ഇദാറതു തവഹ്ഹുശ് എന്ന പുസ്തകമാണ് ഐ.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ അവലംബിക്കുന്നതെന്ന് പൊതുവേ പറയപ്പെടുന്നു. അല്‍ഖാഇദയുടെ ഓണ്‍ലൈന്‍ സൈറ്റായ സൗതുല്‍ ജിഹാദില്‍ അബൂബക്ക്ര്‍ നാജിയെന്ന തൂലികാ നാമത്തില്‍ (മുഹമ്മദ് ഖലീല്‍ അല്‍ ഹകൈമ എന്ന് യഥാര്‍ഥ പേര്) എഴുതാറുള്ളയാളാണ് ഇതിന്റെ കര്‍ത്താവ്. ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 'ഇസ്‌ലാമിക ലോകവും യു.എസും' എന്ന പ്രോജക്റ്റിന്റെ ഡയറക്ടറായിരുന്ന വില്യം മെക്കാന്റ്‌സ് 2006-ല്‍ The Management of Savagery എന്ന പേരില്‍ ഇത് പരിഭാഷപ്പെടുത്തുകയുണ്ടായി. സുന്നി ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനായി വഴിവിട്ട ഏതു നടപടികളും സ്വീകരിക്കാമെന്നും ആഭ്യന്തര ചേരിപ്പോരുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നും രേഖയില്‍ പരാമര്‍ശമുണ്ട്. ബന്ദികളെ വെച്ചുള്ള വിലപേശല്‍ ഫലിച്ചില്ലെങ്കില്‍ അവരെ വധിക്കാന്‍ വരെ മടിയില്ലാത്ത ഒരു വിഭാഗമാക്കി ഇക്കൂട്ടരെ മാറ്റിയത് ഇത്തരം വികലമായ ആശയങ്ങളും രചനകളുമാണ്.

ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൂസിലും സിറിയയുടെ ഭാഗമായ റഖയും ഉള്‍പ്പെടെ വലുപ്പത്തില്‍ ഗ്രേറ്റ് ബ്രിട്ടനേക്കാള്‍ വലിയ ഒരു പ്രദേശം ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലാണിന്ന്. ലിബിയയിലും അവര്‍ പിടിമുറുക്കുകയാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഒരു കണക്കനുസരിച്ച് ഐ.എസിന് 200 കോടി അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക നിക്ഷേപമുണ്ട്. 2014 ജൂണില്‍ മൂസില്‍ നഗരം കീഴടക്കിയപ്പോള്‍ 429 മില്യന്‍ ഡോളറാണ് അവിടത്തെ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് കൊള്ളയടിച്ചത്. റഖയിലെ എണ്ണ സമ്പത്തും ഐ.എസിന് വലിയ വരുമാന മാര്‍ഗമാണ്.

ഇസ്‌ലാമിക ഖിലാഫത്ത് തിരിച്ചുകൊണ്ടുവരലാണ് അബൂബക്കര്‍ ബഗ്ദാദിയുടെയും കൂട്ടരുടെയും ആത്യന്തിക ലക്ഷ്യമെന്ന് പറയുന്നു പടിഞ്ഞാറന്‍ മാധ്യമങ്ങളും തിങ്ക്ടാങ്കുകളും. ഖിലാഫത്ത് പുനഃസ്ഥാപനത്തിന് ഐ.എസ് സ്വീകരിക്കുന്ന ഇസ്‌ലാമികമല്ലാത്ത മാര്‍ഗങ്ങള്‍ അവിടെ നില്‍ക്കട്ടെ. പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ മേഖലയിലൂന്നി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും വിശുദ്ധ ഖുദ്‌സിനെ (ജറൂസലം) മറന്നുള്ള ഒരു നടപടിയും അവരില്‍നിന്ന് ഉണ്ടാകില്ല. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംരക്ഷിക്കാന്‍ നിലവില്‍ വന്ന സംഘടനയാണെങ്കില്‍ സയണിസ്റ്റ് ഭീകരതക്കെതിരെയായിരുന്നു പോരാട്ടത്തിന്റെ കുന്തമുന അവര്‍ തിരിച്ചുവെക്കേണ്ടിയിരുന്നത്. കാരണം, ജറൂസലം ഉള്‍പ്പെട്ട ഫലസ്ത്വീനി മണ്ണ് അന്യാധീനപ്പെട്ടിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഐ.എസിന്റെ പോരാട്ടം കത്തിപ്പടരുന്ന 2014 ജൂണ്‍, ജൂലൈ മാസങ്ങളിലായിരുന്നു ഗസ്സയില്‍ ഇസ്രയേല്‍ സൈന്യം നരവേട്ട ആരംഭിച്ചത്. രണ്ടായിരത്തിലേറെ ഫലസ്ത്വീനികളെ നിഷ്ഠുരമായി കൊലപ്പെടുത്തി അമ്പതു ദിവസത്തിലേറെ ഇസ്രയേല്‍ ഭീകരന്മാര്‍ താണ്ഡവമാടുമ്പോള്‍ ഒരൊറ്റ ഐ.എസുകാരനെയും അവിടെ കാണാനില്ലായിരുന്നു. സ്വന്തം സഹോദരങ്ങളെ (ഗസ്സയിലെ ജനത ശിഈകളാണെന്ന് ഇവര്‍ പറയില്ലല്ലോ) രക്ഷിക്കാന്‍ പോലും മെനക്കെടാത്തവരാണ് ഖിലാഫത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്നതെന്ന് എങ്ങനെ ചിന്തിക്കാനാവും? 

ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ യാഥാര്‍ഥ്യമുണ്ടായാലും ഇല്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്. അബൂബക്കര്‍ ബഗ്ദാദിയും അയാളുടെ സംഘടനയും ലോകത്തിന് ഭീഷണിയാണ്. ഇസ്‌ലാമിന്റെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ കാടത്തങ്ങള്‍ക്ക് അറുതിവരുത്താനും ഇത്തരക്കാരെ ഉന്മൂലനം ചെയ്യാനും മനുഷ്യസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ശിഈസത്തെ തകര്‍ക്കാന്‍ തീവ്ര സലഫിസത്തെ പിന്തുണച്ച രാജ്യങ്ങള്‍ ഐ.എസ് എന്ന മഹാ ഭീഷണി തങ്ങളെക്കൂടി വിഴുങ്ങാന്‍ നില്‍ക്കുകയാണെന്ന തിരിച്ചറിവിലാണിന്ന്. എന്നാല്‍, ഐ.എസിനെപ്പോലെ അപകടകാരികളായ ഭീകര ഭരണകൂടങ്ങളാണ് അവരെ നേരിടാന്‍ രംഗത്തുള്ളത് എന്നത് വലിയ ദുര്യോഗമാണ്. ഈജിപ്തിലെ സീസിയെപ്പോലുള്ള ഭീകര ഭരണാധികാരികള്‍ ഇസ്‌ലാമിക വിമോചന പ്രസ്ഥാനങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്നതിന് ഈ അവസരം ദുരുപയോഗം ചെയ്യുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഈജിപ്തില്‍ മാത്രമല്ല, ലിബിയയിലും ഐ.എസിന്റെ പേരില്‍ ഈജിപ്തും സഖ്യരാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന പടയോട്ടങ്ങള്‍ സ്ഥിതി വഷളാക്കുകയേയുള്ളൂ.

ജീവിച്ചിരിക്കുന്ന ഇസ്‌ലാമിക പണ്ഡിതരില്‍ പ്രമുഖനായ ഡോ. യൂസുഫുല്‍ ഖര്‍ദാവി, തുനീഷ്യയിലെ അന്നഹ്ദ പ്രസ്ഥാനത്തിന്റെ നേതാവ് റാശിദ് ഗനൂശി, ഖിലാഫത്ത് പുനഃസ്ഥാപിക്കാന്‍ ഐ.എസ് എഴുന്നള്ളുന്നതിനു മുമ്പേ ഈ രംഗത്ത് സജീവമായ ഹിസ്ബുത്തഹ്‌രീര്‍, അല്‍ഖാഇദയുടെ സിറിയയിലെ പോരാളി ഗ്രൂപ്പായ അല്‍ നുസ്‌റ ഫണ്ടിന്റെ വക്താവ് അസീം ബര്‍ഖാവി തുടങ്ങി വിവിധ സുന്നി നേതാക്കളും ഗ്രൂപ്പുകളും അതിശക്തമായാണ് ഐ.എസിന്റെ പ്രവര്‍ത്തനങ്ങളെ അപലപിച്ചത്. ഇവരുമായൊക്കെ ശക്തമായ ഭിന്നതയുള്ള ശിഈ ആത്മീയ നേതാക്കളും ഇക്കാര്യത്തില്‍ അവരുടെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ചുരുക്കത്തില്‍ സുന്നികളും ശിഈകളും ഒരുപോലെ ഐ.എസിന്റെ ഭീകര നടപടികളെ എതിര്‍ക്കുകയും, യുദ്ധം ചെയ്തായാലും ഈ ഭീഷണി ഇല്ലാതാക്കണമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. മനുഷ്യജീവന് ഇസ്‌ലാം കല്‍പിക്കുന്നതു പോലെയുള്ള മൂല്യം മറ്റൊരു ദര്‍ശനത്തിനുമില്ലെന്നും ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ തെളിയിച്ചുകൊടുക്കേണ്ടവര്‍ ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നും പണ്ഡിതന്മാര്‍ ഏകകണ്ഠമായി പ്രസ്താവിക്കുകയുണ്ടായി.

വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഐ.എസിന്റേത്. ശിഈകളെയും യസീദികളെയും കോപ്റ്റിക്കുകളെയും മനുഷ്യരായി കാണാത്തവര്‍, മുഴുവന്‍ മനുഷ്യസമൂഹത്തിന്റെയും നിലനില്‍പിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. മനുഷ്യരെ അഭിസംബോധന ചെയ്യുന്ന ഖുര്‍ആനെയും പ്രവാചകന്മാരെയും പിടിച്ച് ആണയിടാന്‍ ഒട്ടും അവകാശമില്ലാത്ത കാടന്മാരുടെ കൂട്ടമാണിവര്‍. ജിഹാദ് എന്ന വാക്കിനെ വെറും തലവെട്ടുസിദ്ധാന്തമായി അവതരിപ്പിക്കുന്ന ഐ.എസ,് ഇസ്‌ലാമിനെ അവമതിക്കുകയും, അതിനെ ഭീകരമതമായി ചിത്രീകരിക്കാന്‍ വെമ്പല്‍കൊള്ളുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്ക് ആയുധം നല്‍കുകയുമാണ്. ലോകത്തെ മിക്കവാറും എല്ലാ മാധ്യമങ്ങളും 'ഐ.എസ് ജിഹാദികള്‍'’ എന്ന പദമാണ് ഈ ഭീകര സംഘത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. എ.എഫ്.പിയും റോയിട്ടേഴ്‌സും എ.പിയുമൊക്കെ ഫയല്‍ ചെയ്യുന്ന റിപ്പോര്‍ട്ടുകളില്‍ ജിഹാദികള്‍ നിറഞ്ഞുനില്‍ക്കുന്നു. ഡിക്ഷനറികളില്‍ നേരത്തെ തന്നെ സായുധ പോരാട്ടമായി അവതരിപ്പിക്കപ്പെട്ട ജിഹാദിനെ തലവെട്ടു കര്‍മമാക്കി കൂടുതല്‍ ഭീകരമാക്കിയിരിക്കുന്നു ഐ.എസുകാര്‍. താലിബാനികളുടെ ഭീകരതയും മനുഷ്യവിരുദ്ധ ചെയ്തികളും പ്രതിപാദിക്കാന്‍ 'താലിബാനിസം'’എന്ന വാക്ക് പ്രയോഗിക്കുന്നതു പോലെ ലളിതമായി കാണാവുന്നതല്ലല്ലോ ജിഹാദ് എന്ന മഹത്തായ കര്‍മത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്. സായുധ പോരാട്ടമെന്നത് ജിഹാദിന്റെ പല ഘടകങ്ങളില്‍ ഒന്നു മാത്രവും നീതിനിഷേധത്തിനെതിരായ സമരത്തിന്റെ ഭാഗവുമാണ്. നിരപരാധികളെ ബന്ദികളാക്കി വിലപേശുന്നതും അവരെ അതിക്രൂരമായി വധിക്കുന്നതും ഐ.എസ് ഭീകരരുടെ കാടത്തമെന്ന് പറയലാണ് നീതി. അതിനു പകരം അതൊക്കെ ജിഹാദിന്റെ ചെലവില്‍ എഴുതിവിടുന്നത് മാധ്യമ സംസ്‌കാരത്തോട് പൊരുത്തപ്പെടുന്നതല്ല, ദൗര്‍ഭാഗ്യവശാല്‍ നിലവിലുള്ള സ്ഥിതി അതാണെങ്കിലും. കേരളത്തില്‍ ആരംഭിച്ച് ഉത്തരേന്ത്യ വരെ പ്രചരിപ്പിക്കപ്പെട്ട ലവ് ജിഹാദും ഇതുപോലെ അപക്വമായ മാധ്യമ സംജ്ഞയായിരുന്നല്ലോ.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /107, 108
എ.വൈ.ആര്‍