സ്വേഛാധിപത്യം വിതച്ചവര്‍ 'ദാഇശി'നെ കൊയ്യുന്നു

ഭീകരവാദം എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന രോഗമാണ്. ആയുധങ്ങളും നശീകരണവും കൊണ്ടു മാത്രം അതിനോട് യുദ്ധം ചെയ്യാനാകില്ല. സായുധ നടപടികളും മറ്റും അനിവാര്യമാണ് എന്നതോടൊപ്പം തന്നെ ആഴത്തിലുള്ള അതിന്റെ വേരുകള്‍ പിഴുതുമാറ്റുകയെന്നതാണ് അതിപ്രധാനം. സാമ്പത്തികവും രാഷ്ട്രീയവുമായ അനീതിയിലും ഇസ്‌ലാമിന്റെ ദുര്‍വ്യാഖ്യാനത്തിലുമാണ് അതിന്റെ വേരുകള്‍ കുടികൊള്ളുന്നത്. സ്വേഛാധിപത്യത്തെ നട്ടുവളര്‍ത്തിയവര്‍ 'ദാഇശി'(ഐ.എസ്.ഐ.എസ്)നെ കൊയ്യേണ്ടിവരും. ഇസ്‌ലാം സ്വേഛാധിപത്യത്തെയും 'ദാഇശി'നെയും നിരാകരിക്കുന്നു.
ഇസ്‌ലാമിസ്റ്റുകളും ഇടതുപക്ഷവും ലിബറലുകളും ഐക്യപ്പെടുന്നതാണ് തുനീഷ്യന്‍ മാതൃക. സംഘര്‍ഷത്തിന്റെ ഏതാനും ഘട്ടങ്ങള്‍ക്ക് ശേഷമാണ് യോജിപ്പിന്റെ വഴിതുറക്കാനായത്. വൈരുധ്യങ്ങളുടെയും സംഘട്ടനങ്ങളുടെയും സമീപനം സൃഷ്ടിച്ച തകര്‍ച്ചക്കു മുമ്പിലും അറബ് വസന്തത്തിന്റെ വന്‍മരമായി തുനീഷ്യയെ മാറ്റുന്നത് ഈ യോജിപ്പിന്റെ രീതി ശാസ്ത്രമാണ്. അത് തുടര്‍ന്നുപോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ.
തുനീഷ്യന്‍ ജനാധിപത്യ മാതൃകകയുടെ ഈ വിജയമാണ് തീവ്ര നിലപാടുള്ള ഇസ്‌ലാമിക സംഘടനകള്‍ക്ക് പകരം വെക്കാവുന്ന മാതൃക. ദാഇശിന്റെ 'ഇസ്‌ലാമിക രാഷ്ട്ര'ത്തിനുള്ള പരിഹാരവും ഇതുതന്നെ. തുനീഷ്യയുടെ വിജയാനുഭവങ്ങള്‍ അന്തര്‍ദേശീയതലത്തില്‍ നല്ല മാതൃകകളാണ്; തീവ്രവാദത്തെയും ദാഇശ് പോലുള്ള സംഘങ്ങളെയും നേരിടുന്നതില്‍ പ്രത്യേകിച്ചും. തുനീഷ്യന്‍ മാതൃകയാണ് ദാഇശ് രീതികള്‍ക്കുള്ള മികച്ച പ്രതിരോധം. തീവ്രവാദത്തോട് യുദ്ധം ചെയ്യേണ്ടത് നീതിപൂര്‍വകമായിരിക്കണം. ഇസ്‌ലാമും സെക്യുലരിസവും, ഇസ്‌ലാമും ജനാധിപത്യവും, ഇസ്‌ലാമും സ്ത്രീ സ്വാതന്ത്ര്യവും ഒരുമിപ്പിച്ചുകൊണ്ടുള്ള തുനീഷ്യന്‍ മാതൃക സ്വീകരിച്ചുകൊണ്ടുമായിരിക്കണം. അറബ് ലോകത്ത് വ്യാപകവും പ്രകടവുമായ ഭീകരവാദം തെറ്റായ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക നിലപാടുകളുടെ അനന്തരഫലമാണ്. സ്വേഛാധിപത്യമാണ് ഭീകരവാദത്തിന്റെ ഒന്നാമത്തെ കാരണം. അതുകൊണ്ട്, തുനീഷ്യയില്‍ ഭീകരവാദത്തിന് ഭാവിയില്ല. കാരണം, തുനീഷ്യ ഇപ്പോള്‍ ജീവിക്കുന്നത് സ്വാതന്ത്ര്യത്തിലാണ്.
(പ്രമുഖ ഇസ്‌ലാമിക ചിന്തകനും തുനീഷ്യയിലെ അന്നഹ്ദയുടെ നേതാവുമാണ് ലേഖകന്‍)
Comments