'ദാഇശിന്റെ ചെയ്തികള്‍ ഇസ്‌ലാമികമല്ല'- ലോക മുസ്‌ലിം പണ്ഡിത സമിതി

ഇറാഖ് കേന്ദ്രമായി രംഗത്തുവന്ന 'ദാഇശ്' അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കു വേണ്ടിയും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയും പ്രവര്‍ത്തിക്കുമെന്നാണ് ആദ്യം പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 'ഇസ്‌ലാമിക ഖിലാഫത്ത്' പ്രഖ്യാപിച്ചും ലോകമെങ്ങുമുള്ള മുസ്‌ലിംകളോട് 'ഖലീഫ'ക്ക് അനുസരണ പ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെട്ടും ദാഇശ് മറ്റൊരു വഴിയിലൂടെയാണ് മുന്നോട്ടു പോയത്. ഇസ്‌ലാമിക നിയമസംഹിതയുടെ മൂല്യങ്ങള്‍ക്ക് യോജിച്ചതോ, യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതോ അല്ല ദാഇശിന്റെ പ്രവര്‍ത്തനങ്ങള്‍. അതിന്റെ പ്രയോജനത്തെക്കാള്‍ വളരെക്കൂടുതലാണ് അത് വിതക്കുന്ന നാശങ്ങള്‍. പ്രവാചക മാതൃകയിലുള്ള ഖിലാഫത്താണ് നാം ആഗ്രഹിക്കുന്നത്. നാളെയല്ല, ഇന്നുതന്നെ അത് സ്ഥാപിതമാകണമെന്നാണ് നമ്മുടെ ഹൃദയാന്തരാളത്തിലെ മോഹം. പക്ഷേ, അത്തരമൊരു ബൃഹദ് പദ്ധതിക്ക് ഗഹനമായ ചിന്തകളും ഗൗരവപൂര്‍ണമായ ആസൂത്രണങ്ങളും അനിവാര്യമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ജീവിതാനുഭവങ്ങള്‍ പകര്‍ന്നുതരുന്ന പാഠങ്ങളും അതു തന്നെ. മുസ്‌ലിം ഉമ്മത്ത് മുഴുവനായും അംഗീകാരം നല്‍കാതെ, ശരീഅത്തും പൊതു സമീപനവും അനുസരിച്ചും ബുദ്ധിപരമായും ഖിലാഫത്ത് സ്ഥാപിതമാവുകയില്ല. അല്ലെങ്കില്‍, 'മുസ്‌ലിം ഉമ്മത്തിന്റെ കൈകാര്യകര്‍ത്താക്കള്‍' എന്ന് മുന്‍ഗാമികള്‍ വിശേഷിപ്പിച്ചവരുടെയും മുസ്‌ലിം പണ്ഡിത നേതൃത്വത്തിന്റെയും ഇസ്‌ലാമിക സംഘടനകളുടെയും അംഗീകാരം അതിന് ആവശ്യമാണ്. അതൊന്നുമില്ലാതെ, ഏതെങ്കിലുമൊരു സംഘം 'ഇസ്‌ലാമിക ഖിലാഫത്ത്' പ്രഖ്യാപിക്കുന്നത് ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണ്. ദാഇശ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഖിലാഫത്ത് പ്രഖ്യാപനം തെറ്റാണ്. അതിന് ശരീഅത്തിന്റെ യാതൊരു പിന്‍ബലവുമില്ല. മാത്രമല്ല, ഇറാഖിലെ അഹ്‌ലുസ്സുന്നത്തിനും സിറിയയിലെ വിപ്ലവത്തിനും അപകടകരമായ ഫലമാണത് സൃഷ്ടിക്കുക. വിപ്ലവത്തിനെതിരായ ശത്രുക്കള്‍ക്ക്, അവരുടെ ശക്തി ഏകീകരിക്കാനാണത് സഹായിക്കുക. ദാഇശിനെ മുന്‍നിറുത്തി 'ഇസ്‌ലാമിക ഖിലാഫത്തി'നെ മനസ്സിലാക്കിയാല്‍, ഖിലാഫത്തിനെ പറ്റി തെറ്റായ സന്ദേശമാണ് ലഭിക്കുക.
ജോര്‍ദാന്‍ പൈലറ്റിനെ ചുട്ടുകൊന്ന നടപടി അത്യന്തം അപലപനീയമാണ്. ഇസ്‌ലാമിക സമൂഹത്തിന് അപരിചിതമായ, തീവ്രവാദത്തിന്റെ വഴിയിലാണ് ദാഇശ് മുന്നോട്ടുപോകുന്നത് എന്നതിന്റെ തെളിവാണിത്. ദാഇശിന്റെ അപരാധങ്ങളില്‍ ഇസ്‌ലാമിന് പങ്കില്ല. മധ്യകാലഘട്ടത്തില്‍ എതിരാളികളെ അടിച്ചമര്‍ത്താനും സ്‌പെയിനിനെ കുരിശുവല്‍ക്കരിക്കാനും യൂറോപ്യന്‍ ക്രൈസ്തവത സ്വീകരിച്ച നടപടിക്രമങ്ങളാണ് ദാഇശ് പിന്തുടരുന്നത്. ഇസ്‌ലാമില്‍ ഈ രീതികള്‍ നിഷിദ്ധമാണ്. ജോര്‍ദാന്‍ പൈലറ്റ് മുആദിനെ ചുട്ടുകൊന്നത് ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കും നബിചര്യക്കും വിരുദ്ധമാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിലെ മുസ്‌ലിം പാരമ്പര്യത്തിനും നിരക്കുന്നതല്ല അത്. അത്തരം ചെയ്തികള്‍ ശരി വെക്കുന്ന യാതൊരു ശറഈ അടിസ്ഥാനവും, കര്‍മശാസ്ത്ര ഗവേഷണവും ഇല്ല. ദാഇശ് എന്ന തീവ്രവാദ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റേതല്ല. അവരുടെ ചെയ്തികള്‍ എപ്പോഴും ഇസ്‌ലാമിന് ദുഷ്‌പേരാണ് നല്‍കുന്നത്. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാശ്ചാത്യ-പൗരസ്ത്യ ലോകത്ത് നടക്കുന്ന ഗൂഢാലോചനകള്‍ക്കാണിത് ശക്തിപകരുന്നത്. ദാഇശിനെതിരെ യുദ്ധം ചെയ്തയാള്‍ എന്നതുകൊണ്ട് ജോര്‍ദാന്‍ പൈലറ്റിനെ പുണ്യവാളനായി കാണാന്‍ കഴിയില്ലെങ്കിലും ശരീഅത്ത് അനുസരിച്ചും, നിയമങ്ങളും സമ്പ്രദായങ്ങളുമനുസരിച്ചും തടവുകാരന്റെ അവകാശങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനാണ്. ഇജ്തിഹാദിന്റെ മാനദണ്ഡങ്ങളെയും, ഒരു പ്രവര്‍ത്തനത്തിന്റെ അനന്തരഫലത്തെയും സംബന്ധിച്ച് ദാഇശ് അജ്ഞരാണ് എന്നതാണ് യാഥാര്‍ഥ്യം.
'ദാഇശി'ന്റെ വഴിതെറ്റിയ തീവ്രവാദ ചിന്തകളെ ഗൗരവത്തോടെ സമീപിക്കണമെന്നാണ് ലോക മുസ്‌ലിം പണ്ഡിത സമിതിക്ക് ഇസ്‌ലാമിക പണ്ഡിതരോട് പറയാനുള്ളത്. ജനങ്ങള്‍ക്ക് മുമ്പില്‍ യാഥാര്‍ഥ്യം വ്യക്തമാക്കപ്പെടണം. ഇസ്‌ലാമിനെ വികൃതമാക്കുന്ന ഇതുപോലുള്ള സംഘങ്ങളുടെ സത്യാവസ്ഥ തുറന്നുകാണിക്കണം.
Comments