നാദാപുരത്തെ സാമുദായിക ധ്രുവീകരണം
നാദാപുരത്തെ
സാമുദായിക ധ്രുവീകരണം
നാദാപുരം സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം വിശകലനം ചെയ്ത പ്രബോധനം (ലക്കം 2890) വായിച്ചു. രാഷ്ട്രീയ സംഘര്‍ഷം എന്നതിലപ്പുറമുള്ള മത വര്‍ഗീയ മാനങ്ങളിലേക്ക് നാദാപുരം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനമായ സി.പി.എമ്മിനെ വിമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല.
മുസ്‌ലിം ലീഗ് സാമുദായിക ഘടനയെ മുന്‍നിര്‍ത്തി സംഘടിപ്പിക്കപ്പെട്ട ഒരു കൂട്ടമാണ്. പക്ഷേ, സി.പി.എം കേരളത്തില്‍ ഇടതുപക്ഷത്തെ നയിക്കുന്ന, മാനവികതയില്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു കേഡര്‍ പ്രസ്ഥാനവും. അതിന്റെ ഒരു പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ സാമുദായിക വര്‍ഗീയതയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നതിന്റെ കാരണം അന്വേഷിക്കപ്പെടേണ്ടതുണ്ട്.
ജാതിയും മതവും വംശവും തന്നെയാണ് ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സ്വാംശീകരിച്ചത്. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സൂക്ഷ്മതലത്തില്‍ ഈ സാമൂഹിക ഘടനയെ പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ ഇടതുപക്ഷം സൂക്ഷ്മതലത്തില്‍ ജാതിയെയും മതത്തെയും പ്രതിനിധീകരിക്കുകയും ബാഹ്യതലത്തില്‍ മതേതരത്വത്തിന്റെ വക്താക്കളാവുകയുമാണ് ചെയ്തത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ജാതി, മത അനുയായികളെ സംഘടിപ്പിച്ചെങ്കിലും രാഷ്ട്രീയ പ്രതിനിധാനത്തിന്റെ ഒരു തലത്തില്‍ സെക്യുലരിസ്റ്റുകളും, മറ്റൊരു ഭാഗത്ത് വര്‍ഗീയതയെ സ്വാംശീകരിച്ചവരുമാണ് അതിലുള്ളത്.
ചരിത്രപരമായി സാമ്പത്തികമായും സാമൂഹികമായും ഉന്നതിയില്‍ നിലനിന്ന ഒരു വിഭാഗമാണ് നാദാപുരത്തെ മുസ്‌ലിംകള്‍. ഈ മുസ്‌ലിം പാരമ്പര്യത്തിന്റെ പിന്‍മുറക്കാരാണ് നാദാപുരത്തെ മുസ്‌ലിം ലീഗ്. ഒരു കാലഘട്ടത്തിന്റെ സാമൂഹിക ഘടനയില്‍ താഴെ തട്ടിലുണ്ടായിരുന്ന ഈഴവ സമുദായത്തിന്റെ സംഘടിത ശക്തിയാണിന്ന് നാദാപുരത്തെ സി.പി.എം. അത് തൊഴിലാളി വര്‍ഗ രാഷ്ട്രീയ ഭൂമികയിലേക്ക് വഴിമാറിയെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഈഴവ സമുദായത്തിന്റെ പ്രതിനിധികള്‍ വര്‍ഗ സമരത്തിന്റെയല്ല മറിച്ച്, വര്‍ഗീയ കനലുകളെയാണ് സ്വാംശീകരിച്ചത്. നാദാപുരം കൊള്ളയുടെ അഗ്നി കരിച്ച പുരയിടങ്ങളിലെ അവശേഷിപ്പുകള്‍ അതാണ് നമ്മോട് പറയുന്നത്.
കെ.പി.എം ഹാരിസ്
കാലക്രമേണ ശീലമായിപ്പോയ തിന്മ
അബ്ദുര്‍റഹ്മാന്‍ ഫൈസിയുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം (ലക്കം 2887) നന്നായിരുന്നു. സ്ത്രീധനവിരുദ്ധ നിലപാടുകള്‍ വാക്കിലും പ്രവൃത്തിയിലും പുലര്‍ത്തുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതാണ് ഫൈസിയുടെ നിലപാട്. ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിം സമുദായത്തിലെ സുന്നി വിഭാഗത്തിലെ ഒരു പണ്ഡിതന്‍ ഇവ്വിഷയകമായി ഗ്രന്ഥരചന നടത്തുകയും സാധ്യമായ വേദിയിലൊക്കെ ബോധവത്കരണം നടത്തുകയും ചെയ്യുന്നുവെന്നത് വലിയ മാറ്റം സാധ്യമാക്കാനുതകുന്നതാണ്.
തിന്മകള്‍ കാലക്രമേണ നന്മയായി ചിത്രീകരിക്കപ്പെടുകയും പണ്ഡിതന്മാര്‍ ഇവ്വിഷയകമായി മൗനമവലംബിക്കുകയും ചെയ്യുമ്പോഴാണ് സമൂഹം ദുഷിക്കുന്നത്. സംതൃപ്തിയില്ലാതെ ഒരാള്‍ നല്‍കുന്ന ധനം അത് സ്വീകരിക്കുന്നവരുടെ ആത്മീയ വിശുദ്ധി തകര്‍ക്കും എന്ന ഫൈസിയുടെ അഭിപ്രായം ഗൗരവമര്‍ഹിക്കുന്നതാണ്. മരണം വരെ സമാധാനവും സന്തോഷവും, മരണത്തിനു ശേഷം രക്ഷയും ലഭിക്കുന്ന കാര്യങ്ങളാണ് സ്ത്രീധനരഹിത വിവാഹത്തിലൂടെ ലഭ്യമാകുന്നത്. ചെറുപ്പക്കാര്‍ സമൂഹത്തിനും സമുദായത്തിനും മാതൃകയാകുംവിധം സ്ത്രീധനരഹിത വിവാഹത്തിന് തയാറാകട്ടെ.
അബ്ദുല്‍ റസാഖ് പുലാപ്പറ്റ
സാദിഖ് മൗലവിയെ
ഓര്‍ക്കുമ്പോള്‍
'വീടിന്റെ വെളിച്ചമായിരുന്നു ഉപ്പ'- സാദിഖ് മൗലവിയെക്കുറിച്ച് മകന്‍ അബൂദര്‍റ് എഴുതിയത് വായിച്ചപ്പോള്‍ കണ്ണ് നനഞ്ഞുപോയി (ലക്കം 2889). സാദിഖ് മൗലവിയുമായി എകദേശം പതിനേഴ് വര്‍ഷത്തെ ബന്ധമുണ്ട് ഈയുള്ളവന്. അവസാനമായി കോഴിക്കോട് ശൂറായോഗത്തിന് സാദിഖ് മൗലവി വന്നപ്പോഴും കണ്ടു. സാധാരണ പോലെയുള്ള പുഞ്ചിരിയും സുഖാന്വേഷണവും മനസ്സില്‍ നിന്ന് മായുന്നില്ല. ഏത് കാര്യമന്വേഷിച്ചാലും വളരെ യുക്തിഭദ്രമായ മറുപടിയാണ് മൗലവിയില്‍നിന്നുണ്ടാവുക. വെങ്ങന്നൂര്‍ പ്രാദേശിക ജമാഅത്ത് സന്ദര്‍ശിക്കുകയും പ്രവര്‍ത്തകരോട് മുലാഖാത്ത് നടത്തുകയും ചെയ്തത് ഓര്‍ത്തുപോകുന്നു.
ഉമ്മര്‍ എ വെങ്ങന്നൂര്‍, പാലക്കാട്
അധികം സമ്പത്ത് കൊണ്ട്
അഹംഭാവികളാകുന്നവര്‍
'എന്റെ സമുദായത്തിന് ദാരിദ്ര്യമുണ്ടാവുന്നതിനെയല്ല, പ്രത്യുത അവര്‍ക്ക് സാമ്പത്തിക സുസ്ഥിതി കൈവരുന്നതിനെയാണ് ഞാന്‍ ഭയപ്പെടുന്നതെന്ന' നബി മൊഴിക്ക് അടിവരയിടുന്ന വാര്‍ത്തകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഗള്‍ഫ് പ്രവാസവും കച്ചവടവും വഴി ഉണ്ടായിത്തീര്‍ന്ന സാമ്പത്തിക പുരോഗതി മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗത്തെ എത്രമേല്‍ അഹങ്കാരികളും പൊങ്ങച്ചക്കാരും ധൂര്‍ത്തന്മാരുമാക്കി മാറ്റിയിരിക്കുന്നുവെന്ന് ഈയിടെ കേരളത്തില്‍ നടന്ന ചില സംഭവങ്ങള്‍ തെളിയിക്കുന്നു.
ഗേറ്റ് തുറക്കാന്‍ വൈകിപ്പോയതിന്റെ പേരില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ സമുദായാംഗമായ ഒരു വ്യവസായി കാറിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയത് കേരള മനഃസാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച കിരാത സംഭവമായിരുന്നു. പുകവലിക്കരുതെന്ന് പറഞ്ഞ കാരണത്താല്‍ ഒരു കാവല്‍ക്കാരനെ മര്‍ദിച്ചവശനാക്കിയ മറ്റൊരു സംഭവത്തിലും പ്രതി 'ഉത്തമ സമുദായ'ത്തിലെ ചെറുപ്പക്കാരന്‍ തന്നെ. സമുദായത്തിന്റെ കൈയില്‍ സമ്പത്ത് വന്നുചേര്‍ന്നാല്‍ ഉണ്ടാവുന്ന അഹങ്കാരവും തന്‍പോരിമയുമാണ് ഈദൃശ സംഭവങ്ങളില്‍ പ്രകടമാവുന്നത്. പൊതുസമൂഹത്തോടുള്ള സമുദായംഗങ്ങളില്‍ ചിലരുടെ ചിന്താഗതിയും പെരുമാറ്റരീതികളുമൊക്കെ വിലയിരുത്താനും ഈ അനുഭവം പര്യാപ്തമാണ്.
മുസ്‌ലിം സമൂഹത്തിലെ ഒറ്റപ്പെട്ട ചില ക്രിമിനലുകളുടെ പ്രവര്‍ത്തനങ്ങളുടെ പാപഭാരം സമുദായം മൊത്തമായി ഏറ്റെടുക്കണമെന്ന് ആരും പറയില്ല. ഇതര സമുദായങ്ങളില്‍ ഗുണ്ടകളും അക്രമികളുമില്ല എന്നും അഭിപ്രായമില്ല. പക്ഷേ, പത്രവാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ ജനസംഖ്യാ അനുപാതത്തിലും കൂടുതലാണ് സമുദായാംഗങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും അധാര്‍മിക വൃത്തികളുമെന്ന് കാണാം.
ഒട്ടനവധി സംഘടനകള്‍ ഇന്ന് സമുദായത്തിനകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എണ്ണമറ്റ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അവര്‍ ഇറക്കുന്നു. അന്തരീക്ഷ മലിനീകരണം നടത്തുംവിധം നാടുനീളെ മതപ്രഭാഷണങ്ങളും അരങ്ങു തകര്‍ക്കുകയാണ്. ഇതൊക്കെ സജീവമായിരിക്കെത്തന്നെ ധാര്‍മിക, സദാചാര രംഗത്ത് മുസ്‌ലിം സമുദായം അനുദിനം അധോഗതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.
പരസ്പരം വിഴുപ്പലക്കിയും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയും കാലം കഴിക്കുന്ന സമുദായ സംഘടനകള്‍ കാലഘട്ടത്തിന്റെ തേട്ടം ഉള്‍ക്കൊണ്ട് ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാവുമോ? മഹല്ലുകള്‍ തോറും ആര്‍ഭാടത്തോടെയുള്ള പള്ളികള്‍ പണിതും സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കിയും മാത്രം സമൂഹത്തെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നും സമുദായത്തിന് ബാധിച്ച യഥാര്‍ഥ രോഗമെന്തെന്ന് കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടതെന്നും സമുദായ നേതൃത്വം മനസ്സിലാക്കണം. ധൂര്‍ത്തിനും പൊങ്ങച്ച പ്രകടനങ്ങള്‍ക്കും പകരം സാമ്പത്തിക വളര്‍ച്ച മുസ്‌ലിം സമൂഹത്തിന്റെ ധാര്‍മികമായ ശിക്ഷണങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും സാധിക്കേണ്ടതുണ്ട്.
പി.പി ഇഖ്ബാല്‍ ദോഹ
വാക്കിനെ പൂജിക്കുന്നവരുടെ അറിവിലേക്ക്
ശൈഖ് സല്‍മാന്‍ നദ്‌വിയുടെ അഭിമുഖം (ലക്കം 2888) ഹൃദ്യമായിരുന്നു. അക്ഷരപൂജയില്‍ അഭിരമിക്കുന്നവര്‍ ഇനിയെങ്കിലും തിരുത്താന്‍ തയാറാകണമെന്ന അദ്ദേഹത്തിന്റെ നിലപാട് മതത്തെ കിതാബുകളില്‍ മാത്രം ഒതുക്കുകയും മതാടിസ്ഥാനങ്ങളുടെ വെളിച്ചത്തിലൂടെ സാമൂഹിക ഇടപെടലുകളെ 'മതരാഷ്ട്ര വാദ'മെന്ന് പറഞ്ഞ് ഭ്രഷ്ട് കല്‍പിക്കുകയും ചെയ്യുന്നവരെ ഒരു പുനരാലോചനക്ക് പ്രേരിപ്പിക്കേണ്ടതാണ്. മനസ്സിലാക്കിയേടത്തോളം ലഖ്‌നൗവിലെ നദ്‌വത്തുല്‍ ഉലമ എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന അദ്ദേഹത്തെ അഭിമുഖത്തിന്റെ ആമുഖത്തില്‍ പരിചയപ്പെടുത്താതിരുന്നത് പോരായ്മയായി തോന്നി.
എം.എസ് സിയാദ് കലൂര്‍
ഖുര്‍ആന്‍വായനക്ക് ഒരാമുഖം
അടുത്ത കാലത്തായി പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു ജി. ഗോപാലകൃഷ്ണന്റെ 'സാധാരണ രചനാ ക്രമമല്ല ഖുര്‍ആന്റേത്' (ലക്കം 2886). എത്ര യാഥാര്‍ഥ്യബോധത്തോടെയാണ് അദ്ദേഹം ഖുര്‍ആനെ സമീപിച്ചിരിക്കുന്നത് എന്നറിയുന്നതില്‍ അത്ഭുതവും സന്തോഷവും തോന്നുന്നു.
അദ്ദേഹം പരാമര്‍ശിച്ചപോലെ വായനക്കാരന്റെ അമ്പരപ്പും ആശയക്കുഴപ്പവും ഒഴിവാക്കാന്‍ സഹായിക്കുന്ന, ഖുര്‍ആന്റെ തികച്ചും വ്യത്യസ്തവും ക്രമാനുഗതമല്ലാത്തതുമായ പ്രതിപാദന ശൈലിക്കുള്ള കാരണങ്ങളും സാഹചര്യങ്ങളും വ്യക്തമാക്കുന്ന ഒരു വിശദീകരണക്കുറിപ്പ് 'ഖുര്‍ആന്‍ വായനക്ക് ഒരാമുഖം' എന്ന പേരിലോ മറ്റോ പരിഭാഷകളോടൊപ്പം ചേര്‍ക്കുന്നതിനെക്കുറിച്ച് പണ്ഡിത നേതൃത്വം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്.
അദ്ദേഹത്തിന്റെ ജീവിതാഭിലാഷമായ 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിലീജിയസ് തോട്ട്' കേവലം ഒരു പഠനകേന്ദ്രം മാത്രമാവില്ല, മറിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും മനോഹരമായ ഒരു സംഗമ വേദി കൂടിയാവും അത് എന്ന കാര്യത്തില്‍ സംശയമേതുമില്ല. കഴിയുന്നതും വേഗം അത് പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
കെ.എം ഇസ്മാഈല്‍ ആലുവ
അവര്‍ വിട്ടൊഴിഞ്ഞ് പോകുന്നെങ്കില്‍
അതാരുടെ പിഴവ് കൊണ്ടാണ്?
ലോകം ആദരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തക മദര്‍ തെരേസയുടെ യഥാര്‍ഥ ലക്ഷ്യം മതം മാറ്റമായിരുന്നുവെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും വ്യാപകമായ പ്രതിഷേധം ഉയരുകയുണ്ടായി. ത്യാഗപൂര്‍ണമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച മഹദ് വ്യക്തികളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നത് കടന്ന കൈയാണ്. ജാതി മത വിവേചനമന്യേ മനുഷ്യരുടെ ദുരിതമകറ്റാന്‍ യത്‌നിക്കുന്ന വ്യക്തികളുടെ മതത്തിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുക സ്വാഭാവികമാണ്. മദര്‍ തെരേസയുടെ മനുഷ്യസ്‌നേഹപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായവര്‍ അവരുടെ മതത്തിലേക്ക് മാറിയെങ്കില്‍ അത് സ്വാഭാവികം മാത്രം.
ഇത്തരം മതംമാറ്റങ്ങളെ പ്രതിരോധിക്കണമെന്നാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്, സ്വന്തം മതത്തില്‍ പെട്ട സഹജീവികളോട് സ്‌നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കുകയും മനുഷ്യത്വപരമായി പെരുമാറുകയും ചെയ്യുക എന്നതാണ്. ഈ യാഥാര്‍ഥ്യത്തിലേക്ക് വസ്തുനിഷ്ഠമായി വിരല്‍ ചൂണ്ടി പ്രശസ്ത കവയിത്രി സുഗതകുമാരി കേസരി വാരികയില്‍ എഴുതിയത് മോഹന്‍ ഭഗവതുമാരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ''ഗതിയില്ലാത്തവരെ വലിയ മനസ്സുമായി സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന ഒരുപാട് ക്രിസ്ത്യന്‍ സ്ഥാപനങ്ങളുണ്ട്. ഭൂരിപക്ഷമാണ്, പതിനായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട് എന്നൊക്കെ നാം ഉറക്കെ പറയുന്നു. എന്താ നമുക്കുള്ളതെന്ന് ഒന്നു തിരിഞ്ഞു നോക്കണം. ഗതിയില്ലാത്തവര്‍ക്ക് വേണ്ടി എന്തു ചെയ്യുന്നുവെന്ന ചോദ്യം എരിഞ്ഞ് നിങ്ങളുടെയൊക്കെ മനസ്സിലുയരട്ടെ. ഈ മതത്തില്‍ ജനിച്ചത് കൊണ്ടാണ് നാളെയെക്കുറിച്ച് ചിന്തിച്ച്, മുടിഞ്ഞ തറവാട് പോലെ കഴിയേണ്ടിവരുന്നത്. ഇതേക്കുറിച്ചൊരു അല്ലല്‍ ഹിന്ദുക്കളുടെ മനസ്സില്‍ വളരെ കുറച്ചേ കാണാറുള്ളൂവെന്ന് ഖേദത്തോടെ ഞാന്‍ പറയുന്നു. അതിലെനിക്ക് ലജ്ജയും വ്യസനവുമുണ്ട്. ഒരു മാറ്റം വരട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. അല്ലെങ്കില്‍ ദുരിതം അനുഭവിക്കുന്ന ലക്ഷങ്ങളുടെ ശാപം ഈ മതത്തിനെന്നുമുണ്ടായിരിക്കും'' (കാരുണ്യത്തിന്റെ കടലിരമ്പം, കേസരി 2004 ജൂലൈ 11).
'ഹിന്ദുക്കളുടെ ശത്രുക്കള്‍ ഹിന്ദുക്കള്‍ തന്നെ' എന്ന ശീര്‍ഷകത്തില്‍ തരുണ്‍ വിജയ് 'കാര്യവിചാരം' പംക്തിയില്‍ (കേസരി 2003 ഏപ്രില്‍ 20) പറയുന്നതും മറ്റൊന്നല്ല. ''ഒരു മീനാക്ഷിപുരം സംഭവിച്ചാല്‍, നാം ഉടനെ സടകുടഞ്ഞെഴുന്നേല്‍ക്കും. ദലിതരെ മതപരിവര്‍ത്തനം ചെയ്ത് അഹിന്ദുക്കളാക്കുന്നതിനെക്കുറിച്ച് നാം വ്യാകുലരാണ്. എന്നാല്‍, നമ്മിലെത്ര പേര്‍ അവരോടൊന്നിച്ച് ദീപാവലി ആഘോഷിക്കാറുണ്ട്? ഹോളി ദിനത്തില്‍ നമ്മിലെത്ര പേര്‍ അവരുടെ ഭവനങ്ങളില്‍ പോവാറുണ്ട്? നാമെല്ലാം കാവി വസ്ത്രധാരികളായ നമ്മുടെ സന്യാസിവര്യന്മാരൊന്നിച്ച് സമത്വത്തെപ്പറ്റിയും, ചെടികളെയും കല്ലിനെയും ഒരുപോലെ ആരാധിക്കേണ്ടതിനെപ്പററിയുമെല്ലാം വാ തോരാതെ പ്രസംഗിക്കാറുണ്ട്. പക്ഷേ, 'കീഴ്ജാതിക്കാരെ' നാം നമ്മുടെ ഭവനങ്ങളിലും ആശ്രയങ്ങളിലും പ്രവേശിപ്പിക്കാന്‍ മടിക്കുന്നു. എന്നാല്‍ അവര്‍ ഹിന്ദുധര്‍മം വെടിഞ്ഞ് ഡേവിഡോ, ഖാനോ ആയി മാറിയാല്‍ അവരില്‍ ആരോപിച്ചിരിക്കുന്ന അയിത്തം മാറുകയും ചെയ്യും.''
റഹ്മാന്‍ മധുരക്കുഴി
പുനരാലോചന വേണം
മുസ്‌ലിം സമുദായം ഒരാത്മ പരിശോധനക്ക് തയാറാകണമെന്ന മുന്നറിയിപ്പോടെ ഏഷ്യന്‍ ഏജിലെ ഉര്‍ദുഗാന്റെ കുറിപ്പിന്റെ വെളിച്ചത്തില്‍ വന്ന മുഖക്കുറിപ്പ് (ലക്കം 2890) സമുദായത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
56-ഓളം രാജ്യങ്ങളുള്‍ക്കൊള്ളുന്ന ഈ സമുദായത്തെ ഇപ്പോഴും കുരങ്ങ് കളിപ്പിക്കുന്ന അഭിനവ ലോറന്‍സുമാര്‍ നമുക്ക് ചുറ്റും വട്ടം കറങ്ങുന്നത് കാണാതെ നിസ്സാര കാര്യങ്ങള്‍ക്കായി കടിപിടികൂടിക്കൊണ്ടിരിക്കുന്ന ഉമ്മത്ത് ഈ മുഖക്കുറിപ്പൊന്ന് മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍!
മമ്മൂട്ടി കവിയൂര്‍
Comments