Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 13

രണ്ട് ഭീകരവിരുദ്ധ സമ്മേളനങ്ങള്‍

         ലോകത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീകരതക്കറുതിവരുത്തുന്നതിനെക്കുറിച്ചാലോചിക്കാന്‍ കഴിഞ്ഞ മാസം രണ്ട് ആഗോള സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി. ഫെബ്രുവരി മൂന്നാം വാരം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്തതായിരുന്നു ഒന്നാമത്തേത്. 'അക്രമോത്സുക തീവ്രവാദത്തെ ചെറുക്കുക' എന്നതായിരുന്നു ഈ ത്രിദിന സമ്മേളനത്തിന്റെ പ്രമേയം. അറുപത് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അതില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 22-25 തീയതികളില്‍ മുസ്‌ലിം വേള്‍ഡ് ലീഗിന്റെ ആഭിമുഖ്യത്തില്‍ മക്കയില്‍ നടന്നതാണ് രണ്ടാമത്തെ സമ്മേളനം. 'ഇസ്‌ലാമും ഭീകരവിരുദ്ധ പോരാട്ടവും' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ 117 രാജ്യങ്ങളില്‍ നിന്നായി രാഷ്ട്ര സാരഥികളും നേതാക്കളും പണ്ഡിതന്മാരും ബുദ്ധിജീവികളുമുള്‍ക്കൊള്ളുന്ന നാനൂറിലേറെ പ്രതിനിധികള്‍ പങ്കെടുത്തു. രണ്ട് സമ്മേളനങ്ങളും തീവ്രവാദ-ഭീകരതയുടെ വിപത്തുകള്‍ ആഴത്തില്‍ വിശകലനം ചെയ്യുകയും ഈ മാരക പ്രതിഭാസം തുടച്ചുമാറ്റാനുള്ള ഫലപ്രദമായ മാര്‍ഗങ്ങളാരായുകയും ചെയ്തിരിക്കുന്നു. മക്കാ സമ്മേളനം അന്താരാഷ്ട്ര സമൂഹത്തിന് പുറമെ മുസ്‌ലിം രാഷ്ട്ര നേതാക്കള്‍, പണ്ഡിതന്മാര്‍, മാധ്യമങ്ങള്‍, യുവാക്കള്‍ എന്നിവരെ പ്രത്യേകം അഭിസംബോധന ചെയ്യുന്ന മക്കാ പ്രഖ്യാപന രേഖ സമര്‍പ്പിച്ചിട്ടുണ്ട് (സമ്മേളനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഈ ലക്കത്തിലുണ്ട്). ഏതാണ്ട് ഒരേ സമയത്ത് പാശ്ചാത്യ ലോകത്തും പൗരസ്ത്യ ലോകത്തും നടന്ന ഈ ഭീകരവിരുദ്ധ വിചിന്തനം ആത്മാര്‍ഥതയുള്ളതാണെങ്കില്‍ വിജയിക്കാതിരിക്കാന്‍ കാരണമില്ല. മറിച്ച് ഇതൊക്കെ ഭീകരതയെ മറയാക്കി അവരവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നേടാനാനുള്ള തന്ത്രങ്ങളാണെങ്കില്‍, ആ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടേക്കും. ഭീകരത വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.

വാഷിംഗ്ടണ്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഒബാമ പ്രസ്താവിച്ചു: ''അമേരിക്ക യുദ്ധം ചെയ്യുന്നത് ഇസ്‌ലാമിനോടല്ല. ഇസ്‌ലാമിനെ വികൃതമാക്കുന്ന അക്രമോത്സുക തീവ്രവാദത്തോടാണ്. ഇസ്‌ലാമും പാശ്ചാത്യ ലോകവും തമ്മിലും, ഇസ്‌ലാമും ആധുനിക നാഗരികതയും തമ്മിലുമുള്ള യുദ്ധമാണിതെന്ന തീവ്രവാദികളുടെ പ്രചാരണം കള്ളമാണ്. തീവ്രവാദി ഗ്രൂപ്പുകളില്‍ ഒന്നു പോലും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ല. ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് അവരുടെ നടപടികളെല്ലാം. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുക മാത്രമാണ് തീവ്രവാദികള്‍ ചെയ്യുന്നത്.'' തീവ്രവാദ-ഭീകരതയുടെ മൂല കാരണങ്ങളിലേക്കെത്തി നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''സാമാന്യ ജനം പീഡിതരാകുമ്പോള്‍, അവരുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുമ്പോള്‍, അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍, അവരെ ദാരിദ്ര്യം വേട്ടയാടുമ്പോള്‍, മതപരവും വംശീയവുമായ വിവേചനങ്ങള്‍ക്കിരയാകുമ്പോള്‍ അവര്‍ ക്ഷുഭിതരാകും, തീവ്രവാദികളാകും.'' അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസംഗത്തില്‍ ചില നയംമാറ്റങ്ങളുടെ വ്യക്തമായ സൂചനകളുണ്ട്. 'ഇസ്‌ലാമിക ഭീകരത' എന്ന പ്രയോഗം അദ്ദേഹം പാടെ ഒഴിവാക്കിയിരിക്കുന്നു.  പകരം അക്രമോത്സുക തീവ്രവാദം എന്നൊരു ടേം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. തീവ്രവാദികളിലെ ഒരു ഗ്രൂപ്പും ഇസ്‌ലാമിനെ ഒട്ടും പ്രതിനിധീകരിക്കുന്നില്ല എന്ന് തീര്‍ത്തു പറയുകയും ചെയ്യുന്നു. എന്നാല്‍, ഇസ്‌ലാമും പാശ്ചാത്യ ലോകവും തമ്മിലുള്ള യുദ്ധം, ആധുനിക നാഗരികതയും ഇസ്‌ലാമും തമ്മിലുള്ള യുദ്ധം തുടങ്ങിയ ആഖ്യാനങ്ങള്‍ ആദ്യം ആവിഷ്‌കരിച്ചതും പ്രചരിപ്പിച്ചതും തീവ്രവാദികളല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ലോകമാണ്. 'സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടന'ത്തിന്റെ യുഗം പിറന്നതായി വിളംബരം ചെയ്തത് അമേരിക്കന്‍ ചിന്തകരാണ്. പിന്നീട് എല്ലാ പാശ്ചാത്യ രാജ്യങ്ങളും അതിന്റെ വക്താക്കളാവുകയായിരുന്നു. ഈ യുദ്ധത്തിന്റെ ഭാഗമായിട്ടാണ് ഇസ്‌ലാമിനെയും അതിന്റെ പാവന ചിഹ്നങ്ങളായ മുഹമ്മദ് നബിയെയും വിശുദ്ധ ഖുര്‍ആനെയും പാശ്ചാത്യ നാടുകള്‍ കാര്‍ട്ടൂണ്‍ മുതല്‍ സിനിമ വരെയുള്ള മാധ്യമങ്ങളിലൂടെ നിരന്തരം നിന്ദിച്ചുകൊണ്ടിരിക്കുന്നത്. ഈ കുത്സിതമായ പാശ്ചാത്യ നിലപാട് തിരുത്താന്‍ ഒബാമക്കാവുമോ? അമേരിക്കന്‍ പ്രസിഡന്റ് തീവ്രവാദ ഭീകരതയുടെ വേരുകള്‍ ചൂണ്ടിക്കാണിച്ചതും ശ്രദ്ധേയമാണ്. അതില്‍ മതമല്ല പ്രധാനം. സ്വാതന്ത്ര്യ നിഷേധവും അവകാശ ലംഘനവും ദാരിദ്ര്യവുമൊക്കെയാണ്. പൗരസ്ത്യ ലോകത്ത് പൗരസഞ്ചയത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന സ്വേഛാധിപതികളുടെ സംരക്ഷകരായിട്ടാണ് അമേരിക്ക എന്നും വര്‍ത്തിച്ചിട്ടുള്ളത്. മുസ്‌ലിം ലോകത്ത്, പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട വിഭാഗങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും വലിയ ജനവിഭാഗമാണ് ഫലസ്ത്വീനികള്‍. ഫലസ്ത്വീനികളെ അവരുടെ നാട്ടില്‍ നിന്ന് ആട്ടിയോടിച്ച് അവരുടെ മണ്ണില്‍ സ്വന്തം രാഷ്ട്രം സ്ഥാപിച്ച് വാഴുന്ന ഇസ്രയേലിനെ സംരക്ഷിക്കുന്നതാരാണ്?

ഭീകരവാദത്തെയും അതിന്റെ വാഹകരെയും തത്ത്വത്തിലും പ്രയോഗത്തിലും നിര്‍ദാക്ഷിണ്യം നേരിടാനുള്ള, സുഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആഹ്വാനത്തോടെയാണ് മക്കാ സമ്മേളനം ആരംഭിച്ചത്. അറബ് മുസ്‌ലിം രാജ്യങ്ങളെ ശിഥിലീകരിക്കുന്ന ഭീകരവാദത്തിനെതിരെ രാഷ്ട്ര സാരഥികളും ഉത്തരവാദപ്പെട്ട നേതാക്കളും പണ്ഡിതന്മാരും ബുദ്ധിജീവികളും മാധ്യമങ്ങളും വിവിധ രാജ്യങ്ങളിലെ സാംസ്‌കാരിക-സുരക്ഷാ വകുപ്പുകളും സംയുക്തമായി ബഹുമുഖ ആക്രമണം സംഘടിപ്പിക്കണമെന്നും രാജാവ് ആവശ്യപ്പെട്ടു. ഇസ്‌ലാമിനോട് യുദ്ധം ചെയ്തും ഇസ്‌ലാംഭീതി പരത്തിയുമല്ല, ഒരേ ലോകത്ത് ഒന്നിച്ച് ജീവിക്കേണ്ട മനുഷ്യരെന്ന നിലയില്‍ മുസ്‌ലിം ഭരണാധികാരികളെയും പണ്ഡിതന്മാരെയും സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ടാണ് തീവ്രവാദ- ഭീകരതയെന്ന വിപത്കരമായ ആഗോള പ്രതിഭാസത്തെ നേരിടേണ്ടതെന്ന് ലോക സമൂഹത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് മക്കാ സമ്മേളനം സമാപിച്ചത്. തീവ്രവാദ-ഭീകരത നിര്‍മാര്‍ജനം ചെയ്യുന്നതിന് സായുധ സൈനിക നടപടികള്‍ക്കപ്പുറം രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ തലങ്ങളില്‍ കൂടി ചിലത് ചെയ്യാനുണ്ട് എന്ന് രണ്ട് സമ്മേളനങ്ങളും വ്യക്തമാക്കിയിരിക്കുന്നു. ഈ യാഥാര്‍ഥ്യത്തിലധിഷ്ഠിതമായ പ്രവര്‍ത്തന തന്ത്രങ്ങളാവിഷ്‌കരിക്കുകയാണ് ഇനി വേണ്ടത്. പാശ്ചാത്യ ലോകവും പൗരസ്ത്യ ലോകവും ഒരുമിച്ചു നീങ്ങിയാല്‍ അത് അനായാസം സാധ്യമാകും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /107, 108
എ.വൈ.ആര്‍