Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 13

ചോദ്യോത്തരം

മുജീബ്

ഭീകരതയുടെ ഉറവിടം വഹാബിസം?

അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഐ.എസിന്റെ ക്രൂരതയുടെ പ്രത്യയശാസ്ത്രം നിലകൊള്ളുന്നത് സൗദി അറേബ്യയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ രൂപമെടുത്ത പ്രത്യേക ബ്രാന്റ് ഇസ്‌ലാമായ സൗദി വഹാബിസത്തിലാണെന്ന് സമര്‍ഥിച്ച ശേഷം ഹമീദ് ചേന്ദമംഗല്ലൂര്‍ ഇങ്ങനെ എഴുതുന്നു: ''...ബഗ്ദാദിയുടെ ഐ.എസ് മാത്രമല്ല സൗദി വഹാബിസത്താല്‍ സ്വാധീനിക്കപ്പെട്ട സംഘടന. ഐ.എസിന്റെ മുന്‍ഗാമിയായ അല്‍ഖാഇദ, സോമാലിയയിലെ അല്‍ ശബാബ്, പാകിസ്താനിലെ ലശ്കറെ ത്വയ്യിബ, അഫ്ഗാനിസ്താനിലും പാകിസ്താനിലും സക്രിയമായ താലിബാന്‍, തുനീഷ്യയിലും ലിബിയയിലും പ്രവര്‍ത്തിക്കുന്ന അന്‍സാറുല്‍ ശരീഅഃ, നൈജീരിയയിലെ ബോക്കോ ഹറാം തുടങ്ങിയവയെല്ലാം പ്രത്യയശാസ്ത്രപരമായ ഊര്‍ജം വലിച്ചെടുക്കുന്നത് മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ 'ശുദ്ധ ഇസ്‌ലാം' ചിന്തകളില്‍ നിന്നത്രേ...'' (അരുംകൊലകളുടെ വ്യാജലേബലുകള്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ് 2015 മാര്‍ച്ച് 1). മതതീവ്രവാദ ക്രൂരതകളെ സംബന്ധിച്ചുള്ള ഈ വിലയിരുത്തലുകളെ എങ്ങനെ കാണുന്നു?

ഉമര്‍ എ. വെങ്ങന്നൂര്‍, പാലക്കാട്

         മതങ്ങളും ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും എത്ര ഉത്കൃഷ്ടമായ തത്ത്വങ്ങളും മാനവികതയും ഉദ്‌ഘോഷിച്ചാലും അവയുടെയൊക്കെ പേരില്‍ പില്‍ക്കാലത്ത് തീവ്രതയും ഭീകരതയും കലാപങ്ങളും രക്തച്ചൊരിച്ചിലും നടന്നിട്ടുണ്ടെന്നതിന് ചരിത്രവും വര്‍ത്തമാനകാല സംഭവങ്ങളും സാക്ഷിയാണ്. ഇക്കാര്യത്തില്‍ ഇസ്‌ലാം മാത്രം വേറിട്ട് നില്‍ക്കുന്നില്ല, ഇസ്‌ലാമിനെ മാത്രം പ്രതിക്കൂട്ടില്‍ കയറ്റേണ്ടതുമില്ല. ഇസ്‌ലാമിനെ ഒറ്റപ്പെടുത്തിയും വളഞ്ഞിട്ടും ആക്രമിക്കാന്‍ പാശ്ചാത്യ സാമ്രാജ്യത്വവും ഫാഷിസവും ഇന്ത്യയിലെ ഹിന്ദുത്വവാദികളും ലോകത്തെങ്ങുമുള്ള മതവിരുദ്ധരും തയാറായതിന്റെ പാശ്ചാത്തലവും സാഹചര്യങ്ങളുമാണ് പരിശോധിക്കേണ്ടത്. അതുപോലെ അല്‍ഖാഇദ, ബോക്കോ ഹറാം, ഇസ്‌ലാമിക് സ്റ്റേറ്റ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നവരെ ആരാണ് രംഗത്തിറക്കിയതെന്നും സൂക്ഷ്മമായി പഠിക്കപ്പെടേണ്ടതാണ്. പാശ്ചാത്യ എഴുത്തുകാരും മാധ്യമങ്ങളും ആസൂത്രിതമായും ഏകപക്ഷീയമായും നടത്തുന്ന പ്രചാരണങ്ങളാണ് ഹമീദിനെപ്പോലുള്ളവരുടെ ഉറവിടവും ഊര്‍ജവും. അപ്പോഴും അവര്‍ക്കുപോലും നിഷേധിക്കാനാവാത്ത ഒരു സത്യമുണ്ട്. ലോകത്തിലെ മിനിമം 130 കോടി മുസ്‌ലിംകളില്‍ എത്ര പേര്‍ തീവ്രവാദികളോ ഭീകരവാദികളോ ആയിത്തീര്‍ന്നിട്ടുണ്ട്? അര ശതമാനം പോലും വരില്ല എന്നതല്ലേ സത്യം? മുസ്‌ലിം മത, രാഷ്ട്രീയ, സാംസ്‌കാരിക കൂട്ടായ്മകളും സര്‍ക്കാറുകളുമെല്ലാം തീവ്രവാദത്തെ നിരാകരിക്കുന്നു. ഭീകര ചെയ്തികളെ തുറന്നെതിര്‍ക്കുന്നു. പോയ വാരത്തില്‍ മക്കയില്‍ മുസ്‌ലിം വേള്‍ഡ് ലീഗിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ആഗോള മുസ്‌ലിം നേതാക്കളുടെയും പണ്ഡിതന്മാരുടെയും സംഘടനാ പ്രതിനിധികളുടെയും സമ്മേളനം ഇസ്‌ലാമിക സ്റ്റേറ്റ്(ഖിലാഫത്ത്) ഭീകരര്‍ ഉള്‍പ്പെടെയുള്ളവരെ തള്ളിപ്പറഞ്ഞതാണ് ഒടുവിലത്തെ സംഭവം. സുഊദി അറേബ്യയാണ് അതിന് പശ്ചാത്തലമൊരുക്കിയത്, ക്ഷണിതാക്കളില്‍ ഗണ്യമായ ഭാഗം വഹാബികളായി മുദ്രകുത്തപ്പെടുന്ന സലഫികളായിരുന്നു താനും.

ഇസ്‌ലാമിന് കടകവിരുദ്ധവും വിനാശകരവുമായ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആയുഷ്‌കാലം മുഴുവന്‍ പൊരുതിയവരാണ് ശൈഖുല്‍ ഇസ്‌ലാം അഹ്മദ് ബ്‌നു തൈമിയ്യ, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് മുതലായവര്‍. അവരാരും അന്യ മതസ്ഥരെ കൊലപ്പെടുത്താനോ ആശയപരമായി ഭിന്നാഭിപ്രായം പുലര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യാനോ ആഹ്വാനം ചെയ്തവരല്ല; തീവ്രവാദമോ ഭീകരതയോ പ്രോത്സാഹിപ്പിച്ചവരുമായിരുന്നില്ല. പതിനായിരക്കണക്കില്‍ പേജുകളിലായി പരന്നുകിടക്കുന്ന അവരുടെ കൃതികളില്‍ നിന്ന് ഭീകരതയെ അനുകൂലിക്കുന്ന വരികള്‍ കണ്ടെത്താനും കഴിയില്ല. പക്ഷേ ഓര്‍ക്കേണ്ട കാര്യം, വലത്തെ കവിളത്തടിച്ചവന് ഇടത്തെ കവിളും കാണിച്ചുകൊടുക്കുക എന്നുപദേശിച്ച യേശുവിന്റെ പേരില്‍ പില്‍ക്കാലത്ത് മൂന്ന് നൂറ്റാണ്ട് കാലം കുരിശുയുദ്ധങ്ങള്‍ നടന്നില്ലേ? പ്രാണിയെ പോലും ഹിംസിക്കരുതെന്ന് പഠിപ്പിച്ച ശ്രീബുദ്ധന്റെ പേരില്‍ മ്യാന്മറിലും ശ്രീലങ്കയിലും ഇന്ന് നടക്കുന്നതെന്താണ്? അദൈ്വത പ്രചാരകനും പ്രബോധകനുമായിരുന്ന സ്വാമി വിവേകാനന്ദന്റെ പേര്‍ ഇന്നുപയോഗിക്കുന്നത് രണോത്സുക ഹിന്ദുത്വവാദികളല്ലേ? അതുപോലെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്റെ മാര്‍ഗം പിന്തുടരുന്നുവെന്നവകാശപ്പെടുന്ന സലഫികളിലും തീവ്രവാദികളുണ്ട് എന്നത് വസ്തുതയാണ്. അവരെ സഹായിക്കാനും ചില അധികാര കേന്ദ്രങ്ങള്‍ ഉണ്ടെന്നതും പരമാര്‍ഥമാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന എക്കാലത്തെയും വിനാശകരമായ തത്ത്വമാണ് ഇത്തരക്കാര്‍ക്ക് പ്രചോദനം. അക്ഷരപൂജയുടെ തീവ്രസങ്കുചിതത്വത്തില്‍ തളച്ചിടപ്പെട്ട ഒരു വിഭാഗം സലഫി നാമധാരികള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. സലഫികളിലെ മിതവാദികള്‍ തന്നെ അവരെ  ബുദ്ധിപരമായി നേരിടുന്നുണ്ട് എന്നതാണാശ്വാസകരം. 

ജമാഅത്തിനെക്കുറിച്ച 
മാര്‍ക്‌സിസ്റ്റ് വിലയിരുത്തല്‍

അതിവേഗം ശക്തിപ്രാപിക്കുകയും വിദ്യാസമ്പന്നരില്‍ സ്വാധീനമുറപ്പിക്കുകയും ചെയ്ത ജമാഅത്തെ ഇസ്‌ലാമി പുരോഗമന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നുണ്ടെങ്കിലും ആത്യന്തികമായി സെക്യുലരിസത്തിന് എതിരാണ് എന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രേഖയില്‍ പറയുന്നു. ജമാഅത്തെ ഇസ്‌ലാമി സെക്യുലരിസത്തിന് എതിരാണോ?

അബൂ ആദില്‍ എടക്കഴിയൂര്‍, ഷാര്‍ജ

         അതിവേഗം ശക്തിപ്രാപിക്കുന്നുവെന്നത് അതിശയോക്തിപരമാണെങ്കിലും വിദ്യാസമ്പന്നരില്‍ ഒരു പരിധിവരെ സ്വാധീനമുറപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തല്‍ ശരിയാണ്. പ്രസ്ഥാനം പുരോഗമനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ടാണത് സാധ്യമായതും. ഇസ്‌ലാം സാമൂഹികനിരപേക്ഷമായ ഒരു അരാഷ്ട്രീയ മതം മാത്രമാണെന്ന അബദ്ധജടിലമായ ധാരണ, നിലവില്‍ വന്ന ഒന്നാം തീയതി മുതല്‍ ജമാഅത്ത് തിരുത്തിയതുകൊണ്ടാണതിന് വിദ്യാസമ്പന്നരിലും അല്ലാത്തവരിലും സ്വാധീനം ചെലുത്താനായത്. ഇസ്‌ലാമിന്റെ ആത്മീയവും ധാര്‍മികവുമായ അധ്യാപനങ്ങളോടൊപ്പം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അതിന്റെ സിദ്ധാന്തങ്ങളെ യഥോചിതം പ്രബോധനത്തിലുള്‍പ്പെടുത്തിക്കൊണ്ട് സമഗ്രമായ ഒരു ജീവിത ദര്‍ശനമായി ഇസ്‌ലാമിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സവിശേഷത.

ഇതിന്റെ സ്വാഭാവിക ഫലമാണ് മതനിരാസപരമായ സെക്യുലരിസത്തോടുള്ള ജമാഅത്തിന്റെ മൗലിക വിയോജനം. മതം അയുക്തികവും അനാവശ്യവുമായ അന്ധവിശ്വാസമാണെന്നിരിക്കെ, അത് വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് സ്വകാര്യ ജീവിതമെന്ന് വിവരിക്കപ്പെടുന്ന ആരാധനാ ചടങ്ങുകളില്‍ മാത്രം ഒതുക്കിനിര്‍ത്താവുന്നതും നിര്‍ത്തേണ്ടതുമായ കാര്യമാണെന്നാണ് സെക്യുലരിസത്തിന്റെ ആത്യന്തിക താല്‍പര്യം. ഇസ്‌ലാമിനെ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി കാണുന്ന പ്രസ്ഥാനത്തിന് ഇതിനോടെങ്ങനെ പൊരുത്തപ്പെടാന്‍ കഴിയും? ഈശ്വര വിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തടസ്സമില്ല എന്നതാണ് സി.പി.എമ്മിന്റെ പരമാവധി വിട്ടുവീഴ്ച. എന്നാല്‍, ഭൗതിക ജീവിതത്തിന്റെ ഒരു മേഖലയിലും ആ വിശ്വാസം ഇടപെട്ടുകൂടെന്ന ശാഠ്യം പാര്‍ട്ടിക്കുണ്ട്. ഈ കാഴ്ചപ്പാട് തുടരുന്നേടത്തോളം കാലം ജമാഅത്തെ ഇസ്‌ലാമിയെ അഭിലഷണീയ മതസംഘടനകളില്‍ ഉള്‍പ്പെടുത്താന്‍ സി.പി.എമ്മിന് സാധ്യമല്ല; അത് സ്വാഭാവികവുമാണ്. അതേയവസരത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉദ്‌ഘോഷിക്കുന്ന സെക്യുലരിസം മതവിരുദ്ധമോ മതനിരാസമോ അല്ലെന്ന് മാര്‍ക്‌സിസ്റ്റ് താത്ത്വികനായിരുന്ന ഇ.എം.എസ് തന്നെ ചൂണ്ടിക്കാട്ടിയതാണ്. മതനിരപേക്ഷത എന്നേ ഇന്ത്യന്‍ സെക്യുലരിസത്തെ വ്യവഹരിക്കാന്‍ പറ്റൂ എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. അത്തരമൊരു മതനിരപേക്ഷതയെ ജമാഅത്തെ ഇസ്‌ലാമി എതിര്‍ക്കുന്നില്ലെന്ന വസ്തുത അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പേ വ്യക്തമാക്കിയിട്ടുമുണ്ട്. മൗലികമായ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ ഇടതുപക്ഷത്തോട് സഹകരിക്കാനുള്ള സന്നദ്ധത ജമാഅത്ത് പ്രകടിപ്പിച്ചതും, തദടിസ്ഥാനത്തില്‍ അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കിയതും സ്മരണീയമാണ്. 

പിടക്കോഴി കൂവരുത് ! 

മുസ്‌ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളോടും സ്ത്രീ പുരുഷ അസമത്വങ്ങളോടുമുള്ള സങ്കടകരമായ പ്രതിഷേധവും വിമര്‍ശനവും അടിസ്ഥാനമാക്കി എം.എന്‍ കാരശ്ശേരി എഴുതിയ 'പിടക്കോഴി കൂവരുത്' എന്ന പുസ്തകത്തിന്റെ ആമുഖം ആരംഭിക്കുന്നത് ഇങ്ങനെ: 

''നേരു പറയാമല്ലോ, ലജ്ജയോടു കൂടിയാണ് ഞാന്‍ ഈ ആമുഖമെഴുതി തുടങ്ങുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ 'പ്രബുദ്ധ' കേരളത്തിലിരുന്ന് ബഹുഭാര്യത്വം, ശൈശവ വിവാഹം, മുഖം മൂടുന്ന പര്‍ദ, അറബിക്കല്യാണം, മൈസൂര്‍ കല്യാണം മുതലായ അനാചാരങ്ങള്‍ക്കെതിരെ ലേഖനങ്ങള്‍ എഴുതാനും അവ പുസ്തകാകൃതിയില്‍ സമാഹരിക്കാനും ഇടയാകുന്ന ഒരാളുടെ ഗതികേട് ലജ്ജയല്ലാതെ മറ്റെന്താണ് കൊണ്ടുവരിക?''

''....നായ മനുഷ്യനെ കടിക്കും എന്നുണ്ടെങ്കില്‍ നമ്മള്‍ കെട്ടിയിടുക നായയെയാണ്, മനുഷ്യരെയല്ല. കണ്ടുപോയാല്‍ ആക്രമിക്കും എന്നുണ്ടെങ്കില്‍ മൂടിവെക്കേണ്ടത് പുരുഷന്റെ കണ്ണുകളാണ്, സ്ത്രീയുടെ മുഖമല്ല. മനോവൈകൃതമുള്ള പുരുഷന്മാരെ നിലക്ക്‌നിര്‍ത്താന്‍ വഴിനോക്കുന്നതിനു ബദലായി സ്ത്രീയെ പര്‍ദ കൊണ്ട് മൂടിയിടുന്നത് യുക്തിയല്ല, നീതിയല്ല. സ്ത്രീ ഒരു വസ്തുവല്ല, വ്യക്തിയാണ്.''

പലവിധമായ അനീതികള്‍ക്കിരയാവുന്ന മുസ്‌ലിം സ്ത്രീകളുടെ മതപരവും മൗലികവുമായ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്ന ഈ പുസ്തകം ഉല്‍പതിഷ്ണുക്കള്‍ എങ്ങനെ നിരൂപിക്കുന്നു?

സമദ് കല്ലടിക്കോട്

പിടക്കോഴി കൂവരുത് എന്ന് പറയുന്നത് ശരിയാണ്. പൂവന്‍കോഴിയെയാണ് പ്രകൃതി കൂവാന്‍ ഏല്‍പിച്ചിരിക്കുന്നത്; പിടക്കോഴിയെ മുട്ടയിട്ട് കുഞ്ഞുങ്ങളെ പോറ്റാനും. ഈ പ്രകൃതി നിയമത്തെ മറികടക്കാനുള്ള നീക്കം പ്രപഞ്ച വ്യവസ്ഥയെ തന്നെ അട്ടിമറിക്കും. അത് വേണ്ടവിധം മനസ്സിലാക്കാതെ കാരശ്ശേരിയെപ്പോലുള്ളവര്‍ പിടക്കോഴിയെ കൂവാന്‍ നിര്‍ബന്ധിക്കുന്നതും ചില പിടക്കോഴികള്‍ കൂവാന്‍ നോക്കുന്നതുമാണ് ഇന്ന് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളുടെ ഒരു കാരണം. സ്ത്രീകളെയും പുരുഷന്മാരെയും സമൂഹത്തിന്റെ ഇരുചക്രങ്ങളായി കാണുന്ന ഇസ്‌ലാം അവര്‍ക്ക് തുല്യനീതി ഉറപ്പ് നല്‍കുന്നു. അതേസമയം രണ്ട് വിഭാഗത്തിന്റെയും പ്രകൃതിപരമായ അന്തരം കണക്കിലെടുത്ത് ഒരേ ഉത്തരവാദിത്തമല്ല ഇരു വര്‍ഗങ്ങളെയും ഏല്‍പിച്ചിരിക്കുന്നത്. ഈ മൗലിക വസ്തുത കണക്കിലെടുത്താവണം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച ചര്‍ച്ചകളിലെ ഇടപെടലുകള്‍. പുരുഷന്മാര്‍ ചെയ്യുന്നതൊക്കെ സ്ത്രീക്കും സാധിക്കും, അതിന്നവളെ അനുവദിക്കാത്തതുകൊണ്ടാണെന്ന ഫെമിനിസ്റ്റ് അവകാശവാദം പ്രകൃതി സഹമോ വസ്തുതാപരമോ അല്ല. അതുപോലെ ജീവിത രീതി, വേഷം പോലുള്ള കാര്യങ്ങളിലുമുണ്ട് സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍. അതപ്പാടെ അവഗണിച്ചുകൊണ്ടുള്ള വേലിപൊളിപ്പന്‍ സിദ്ധാന്തങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടിവരുന്നത് പാവം സ്ത്രീകള്‍ തന്നെയാണ്.

എം.എന്‍ കാരശ്ശേരി ബഹുഭാര്യാത്വം, ശൈശവ വിവാഹം, മുഖം മൂടുന്ന പര്‍ദ, അറബിക്കല്യാണം തുടങ്ങിയ വിഷയങ്ങളില്‍ കാലാകാലങ്ങളില്‍ എഴുതിവന്ന ലേഖനങ്ങളില്‍ ശ്രദ്ധേയവും സ്വീകാര്യവുമായ ചില അഭിപ്രായങ്ങളുണ്ട്, അസ്വീകാര്യമായ വീക്ഷണങ്ങളുമുണ്ട്. സാമാന്യമായി പറഞ്ഞാല്‍ ശരീഅത്തിനെക്കുറിച്ച ദയനീയമായ അജ്ഞതയും ഇന്ത്യയില്‍ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമം അതേപടി മാറ്റാനോ തിരുത്താനോ പാടില്ലാത്ത ശരീഅത്ത് നിയമങ്ങളാണെന്ന അബദ്ധ ധാരണയുമാണ് മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് വലിയൊരളവോളം കാരണം. ചില സാഹചര്യങ്ങളില്‍ ബഹുഭാര്യാത്വം അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ ദുര്‍വിനിയോഗം തടയപ്പെടേണ്ടത് തന്നെയാണ്. പ്രായപൂര്‍ത്തിയും പക്വതയും കൈവരിക്കുന്നതിന് മുമ്പേയുള്ള വിവാഹത്തിനും നീതീകരണമില്ല. മുഖം മൂടുന്ന പര്‍ദ ശരീഅത്തിന്റെ ശാസനയല്ല. അഭിശപ്തമായ സ്ത്രീധനസമ്പ്രദായമാണ് അറബി-മൈസൂര്‍ കല്യാണങ്ങള്‍ക്ക് ഹേതു. ഇക്കാര്യങ്ങളിലെല്ലാം ആധുനിക മത പണ്ഡിതന്മാരും ഇസ്‌ലാമിക സംഘടനകളും നിരന്തരം ബോധവത്കരണം നടത്തുന്നുമുണ്ട്. ജുമുഅ ഖുത്വ്ബകളാണ് അതിനേറ്റവും ഫലപ്രദമായ മാധ്യമങ്ങളിലൊന്ന്. അതുപോലും 99 ശതമാനം ശ്രോതാക്കള്‍ക്കും പിടികിട്ടാത്ത അറബിഭാഷയില്‍ വേണമെന്ന് ചിലര്‍ ശാഠ്യം പിടിച്ചാല്‍ എന്തുചെയ്യും?

അതേയവസരത്തില്‍, മനോവൈകൃതമുള്ള പുരുഷന്മാരെ നിലക്ക് നിര്‍ത്താന്‍ വഴിനോക്കുകയാണ് വേണ്ടതെന്ന് വാദിക്കുന്ന കാരശ്ശേരിയെപ്പോലുള്ളവര്‍ പുരുഷന്മാരുടെ ധാര്‍മികവത്കരണത്തിനും അച്ചടക്കപൂര്‍ണമായ ജീവിതത്തിനും വേണ്ടി എന്തു ചെയ്യുന്നുവെന്ന ചോദ്യമുണ്ട്. മതവിശ്വാസത്തിനും മതതത്ത്വങ്ങള്‍ക്കും നേരെ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായി ഒന്നും ചെയ്യാനാവില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /107, 108
എ.വൈ.ആര്‍