Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 13

വിശാല ഹൈന്ദവതയും വിശാല ഇസ്‌ലാമികതയും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-7

         ഏതൊരു വാക്യം ഒഴിവാക്കിയാല്‍ ഖുര്‍ആന്‍ മുഴുവന്‍ അര്‍ഥരഹിതമായി തീരുമോ പ്രസ്തുത മഹാ വാക്യമാണ് അല്‍ ഫാതിഹയിലെ ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം-കരുണാവാരിധിയും പരമദയാലുവുമായ അല്ലാഹുവിന്റെ നാമത്തില്‍- എന്നതെന്ന് കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചു. മഴപോലെ സര്‍വചരാചരങ്ങള്‍ക്കും ലഭിക്കുന്നതാണ് അല്ലാഹുവിന്റെ കാരുണ്യം എന്നും കിണറു കുഴിക്കുക എന്ന അധ്വാനത്തിനു സമാനമായി, പ്രാര്‍ഥിക്കുന്നവര്‍ക്കു മാത്രം പ്രത്യേകം ലഭിക്കുന്നതാണ് അല്ലാഹുവിന്റെ ദയ എന്നും ഒട്ടൊക്കെ വ്യക്തമാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പറഞ്ഞ രീതിയില്‍ കാരുണ്യവും ദയയും തമ്മിലുള്ള അര്‍ഥ വ്യത്യാസത്തിന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സാധൂകരണം നല്‍കുന്നുണ്ടോ? ഇക്കാര്യം കൂടി പരിശോധിച്ച് വിശദീകരിക്കാതെ ഇവിടെ ഉന്നയിച്ച നിരീക്ഷണം ആധികാരികതയുള്ളതാവില്ല.

അല്ലാഹുവിന്റെ കാരുണ്യം അവിശ്വാസികള്‍ക്കും ലഭിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. അല്‍ബഖറ എന്ന, ഖുര്‍ആനിലെ രണ്ടാം അധ്യായത്തില്‍ ഇങ്ങനെ വായിക്കാം: ''എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി 'നല്‍കുകയും ചെയ്യേണമേ' എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ചതും അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവനും നാം ആഹാരം നല്‍കുന്നതാണ്'' (2:126).

അവിശ്വാസികള്‍ക്ക് ജീവന്‍ പ്രദാനം ചെയ്ത അല്ലാഹുവിന്റെ കാരുണ്യം അവിശ്വാസിക്ക് ആഹാരം ഉള്‍പ്പെടെയുള്ള ജീവന സാഹചര്യവും നിഷേധിക്കുന്നില്ല എന്ന് മേലുദ്ധരിച്ച വാക്യത്തില്‍നിന്ന് സ്പഷ്ടമാണ്. നാല്‍ക്കാലികളും ഇരുകാലികളും എട്ടുകാലികളും ഉള്‍പ്പെടുന്ന ജീവജാലങ്ങളും കളിമണ്ണും കുലപര്‍വതങ്ങളും എല്ലാം ഉള്‍പ്പെടുന്ന അജൈവ പ്രതിഭാസങ്ങളും- അഥവാ സര്‍വചരാചരങ്ങളും- അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് പുറത്തല്ല എന്നും അല്‍ബഖറയിലെ 126-ാം സൂക്തം പ്രമാണീകരിക്കുന്നു. എന്നാല്‍ അവിശ്വാസി അല്ലാഹുവിന്റെ കാരുണ്യത്തിന് പുറത്തല്ല എങ്കിലും ഒരു അവിശ്വാസിയും അല്ലാഹുവിന്റെ ദയക്ക് പാത്രീഭൂതനല്ല. ഇക്കാര്യവും അല്‍ബഖറയിലെ 126-ാം സൂക്തത്തില്‍ തന്നെ പറയുന്നുണ്ട്. ആ വാക്യങ്ങള്‍ ഇങ്ങനെയാണ്: ''എന്നാല്‍ അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് അവന് (അവിശ്വാസിക്ക്) ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷയേല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിക്കുന്നതാണ്. അവന് ചെന്നു ചേരാനുള്ള ആ ഇടം (നരകം) വളരെ ചീത്തതന്നെ.'' ഇതില്‍ നിന്ന് അവിശ്വാസിക്ക് അല്ലാഹു നിഷേധിച്ചിരിക്കുന്നത് പരലോക സൗഖ്യം അഥവാ സ്വര്‍ഗം മാത്രമാണെന്ന് വരുന്നു. ഇതില്‍ നിന്ന് പരലോക സൗഖ്യത്തിന് മനുഷ്യര്‍ പാത്രീഭൂതരാകണമെങ്കില്‍ അഥവാ അല്ലാഹുവിന്റെ ദയക്ക് മനുഷ്യര്‍ അര്‍ഹരാകണമെങ്കില്‍ യഥാര്‍ഥ വിശ്വാസികളാവണം മനുഷ്യര്‍ എന്നതാണ് ഖുര്‍ആന്‍ അനുശാസിക്കുന്ന നിബന്ധന എന്നു പറയാം.

വിശ്വാസം എന്നത് ഏറ്റവും ചുരുക്കത്തില്‍ സത്കര്‍മാനുഷ്ഠാനവും പ്രാര്‍ഥനയും ഉള്‍പ്പെടുന്ന സദ്‌വൃത്തി തന്നെ. ഇക്കാര്യവും വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്: ''മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല; അവര്‍ ദുഃഖിക്കേണ്ടിവരികയും ഇല്ല'' (2:62).

ഈ സൂക്തത്തില്‍ എടുത്തുപറയേണ്ടതും വളരെ പരിചിന്തനം അര്‍ഹിക്കുന്നതുമായ ഒരു കാര്യം ഉണ്ട്. 'എന്റെ മതം മഹത്തരം, നിന്റേത് മ്ലേഛം' എന്ന മട്ടില്‍ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു തരത്തിലുള്ള മതഭ്രാന്തും ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല എന്നതാണ് അക്കാര്യം. സാങ്കേതികവും നാമമാത്രവുമായി മുസ്‌ലിമോ ക്രൈസ്തവനോ ജൂതനോ മറ്റേതെങ്കിലും മതസ്ഥനോ ആയിരിക്കുന്നവര്‍ മാത്രമാണ് പ്രതിഫലത്തിന് അര്‍ഹര്‍ എന്നല്ല ഖുര്‍ആന്‍ പറയുന്നത്. മറിച്ച്, ഏത് മതവിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെങ്കിലും ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ദൈവത്തെ മാത്രം ആരാധിക്കുന്നവര്‍ക്കും സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കുമെല്ലാം പ്രതിഫലമുണ്ട് എന്നത്രേ ഖുര്‍ആന്‍ പറയുന്നത്. മതമേതായാലും നന്നായി ജീവിക്കുന്ന മനുഷ്യര്‍ക്കെല്ലാം അല്ലാഹുവില്‍ നിന്ന് പ്രതിഫലമുണ്ടെന്ന് പ്രഖ്യാപിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം ജനങ്ങള്‍ക്ക് മാത്രമായി അവതരിപ്പിക്കപ്പെട്ട വിഭാഗീയ മതഗ്രന്ഥമല്ലെന്ന് ചുരുക്കം. കടലുമായി എപ്പോഴും ബന്ധപ്പെട്ടു കഴിയുന്നവരും കടലില്‍ വലയെറിഞ്ഞു മത്സ്യം പിടിച്ചുകൊണ്ടിരിക്കുന്നവരുമാണ് മുക്കുവര്‍ എന്നതുകൊണ്ട് മാത്രം കടല്‍ മുക്കുവര്‍ക്ക് വേണ്ടി മാത്രമായി ഉണ്ടാക്കപ്പെട്ടതാണെന്ന് പറയാനാവില്ലല്ലോ. ഇതുപോലെയാണ് വിശുദ്ധ ഖുര്‍ആനിന്റെയും യാഥാര്‍ഥ്യം. ഇക്കാര്യം ലോകത്തെ മുഴുവന്‍ ദൈവവിശ്വാസികളും മനസ്സിലാക്കണം; പ്രത്യേകിച്ച് മുസ്‌ലിംകള്‍. ഇത്തരത്തിലൊരു മനസ്സിലാക്കല്‍ സാധ്യമായാല്‍ ഭൂമുഖത്തുനിന്ന് മൂഢമായ മതഭ്രാന്തും, അതില്‍ നിന്ന് പൊട്ടിപ്പുറപ്പെടുന്ന ആസുരമായ വര്‍ഗീയ കലാപങ്ങളും ഇല്ലാതാവും; ഭൂമി എന്നത് യഥാര്‍ഥ പ്രശാന്തി നിലയമാകും.

'ലോകഃ സമസ്തഃ സുഖിനോ ഭവന്തു' എന്ന ഋഗ്വേദ മന്ത്രഭാഗവും 'ഉദാര ചരിതാനാം തു വസുധൈവ കുടുംബകം'- ഉദാര ശീലന്മാര്‍ക്ക് വിശ്വം തന്നെ വീട്- എന്ന യോഗവാസിഷ്ഠ സൂക്തവും 'സ്വദേശംഭുവനത്രയം'- മൂന്നു ലോകങ്ങള്‍ അഥവാ ഭൂമി, അന്തരീക്ഷം, സ്വര്‍ഗം എന്നിവയാണ് എന്റെ സ്വദേശം എന്ന ശൈവ സിദ്ധാന്ത വാക്യവും മറ്റും എടുത്തുദ്ധരിച്ച് ഹൈന്ദവത വിശ്വ വിശാലമാണെന്ന് പറയുന്ന പതിവ് പരക്കെയുണ്ട്. ഈ നിലപാട് തീര്‍ത്തും തെറ്റാണെന്നും പറഞ്ഞുകൂടാ. പക്ഷേ, ഏതാനും മന്ത്രവാക്യങ്ങള്‍ എടുത്തുദ്ധരിച്ച് ഹൈന്ദവത വിശ്വ വിശാലമാണെന്ന് സ്ഥാപിക്കുന്നത് ന്യായയുക്തമാണെങ്കില്‍ അതേ ന്യായയുക്തികള്‍ വെച്ച് 'മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാകട്ടെ, അല്ലാഹുവില്‍ വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം തക്കതായ പ്രതിഫലമുണ്ട്' എന്ന് പ്രഖ്യാപനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആനെയും അതിനെ പ്രമാണമാക്കുന്ന ഇസ്‌ലാമികതയെയും വിശ്വവിശാലമെന്ന് വിലയിരുത്താന്‍ സാധിക്കും, സാധിക്കേണ്ടതുമാണ്. പക്ഷേ അതിനുള്ള വിശാലത എല്ലാവര്‍ക്കും ഉണ്ടാകണം എന്നു മാത്രം. വിശാല ഹൃദയരുടെ ആദരവ് തീര്‍ച്ചയായും ഖുര്‍ആന്‍ അര്‍ഹിക്കുന്നുണ്ട്. കാരണം ദൈവവിശ്വാസവും സത്കര്‍മനിഷ്ഠയും ഉള്ളവര്‍ക്കെല്ലാം ഖുര്‍ആന്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതു ഭാഷയില്‍ പ്രാര്‍ഥിച്ചാലും അത് അറിയാനും കേള്‍ക്കാനും കഴിവുള്ള സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹു ഏതു മതവിഭാഗത്തില്‍ പെട്ട സത്കര്‍മനിഷ്ഠര്‍ക്കും പ്രതിഫലം നല്‍കാന്‍ തയാറാവാതെ വരില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈ നിലയില്‍ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന നാരായണഗുരുവിന്റെ വചനം പോലും ഖുര്‍ആനിലെ രണ്ടാം അധ്യായമായ അല്‍ബഖറയിലെ 62-ാം സൂക്തത്തിന്റെ ഒറ്റ വാചകത്തിലുളള സംക്ഷേപമാണെന്ന് പറയാം. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /107, 108
എ.വൈ.ആര്‍