Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 13

മക്ക അന്താരാഷ്ട്ര മുസ്‌ലിം ഉച്ചകോടി നല്‍കുന്ന സന്ദേശം

മൂസക്കുട്ടി വെട്ടിക്കാട്ടിരി /വിശകലനം

         ഭീകര വാദത്തിന്റെ വേരറുക്കാന്‍ കഴിയുംവിധം മുസ്‌ലിം സമൂഹത്തിന്റെ മതപഠനരീതിയും മാധ്യമരംഗവും കാലാനുസൃതമായി ഉടച്ചുവാര്‍ക്കണമെന്ന ആഹ്വാനവുമായാണ് മക്കയിലെ  മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി) ആസ്ഥാനത്ത് ഫെബ്രുവരി 22 മുതല്‍ മുതല്‍ 25 വരെ നാലുദിവസങ്ങളില്‍ നടന്ന അന്തര്‍ദേശീയ ഭീകരതാ വിരുദ്ധ ഉച്ചകോടി  അവസാനിച്ചത്. സുഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക താല്‍പര്യത്തോടെയാണ് മുസ്‌ലിം വേള്‍ഡ് ലീഗ് സമ്മേളനം വിളിച്ചുചേര്‍ത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മത പണ്ഡിതരും ചിന്തകരും ഗവേഷകരുമടങ്ങുന്ന  400- ഓളം പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇസ്‌ലാമിനെതിരെ നാനാഭാഗങ്ങളില്‍നിന്നും വന്നുകൊണ്ടിരിക്കുന്ന അത്യന്തം ഹീനമായ ആക്രമണങ്ങളുടെ സമയത്താണ് സമ്മേളനം നടക്കുന്നത് എന്നതുതന്നെ സംഗമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്ന് ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 

സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പണ്ഡിതന്മാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സുഊദി എന്നും സന്തുലിത ഇസ്‌ലാമിന്റെ കൂടെയാണെന്ന് സുഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് പറഞ്ഞു. ജനത്തിന് കാര്യങ്ങള്‍ ലളിതമാക്കിക്കൊടുക്കുകയും അവരെ ഞെരുക്കി വെറുപ്പിക്കാതിരിക്കുകയും ചെയ്യുകയെന്ന പ്രവാചകാധ്യാപനം ഉള്‍ക്കൊള്ളാന്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ബദ്ധശ്രദ്ധരാകണമെന്നും അദ്ദേഹം തുടര്‍ന്നു. മക്ക സമ്മേളനം വാസ്തവത്തില്‍ മുസ്‌ലിംകള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. 

 'ഇസ്‌ലാമും ഭീകരവേട്ടയും' എന്ന പ്രമേയത്തില്‍ നടന്ന ഉച്ചകോടി മക്കമേഖലാ ഗവര്‍ണര്‍  അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന സങ്കീര്‍ണ സാഹചര്യവും, വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍  ഇസ്‌ലാമിന്റെ മുഖം വികൃതമാകാന്‍ കാരണമാകുന്നതുമാണ് ഉച്ചകോടിക്ക് ഇത്തരമൊരു പ്രമേയം തെരഞ്ഞെടുക്കാന്‍ മുസ്‌ലിം വേള്‍ഡ് ലീഗിനെ പ്രേരിപ്പിച്ചതെന്ന് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അത്തുര്‍ക്കി പറഞ്ഞു. ഭീകരതക്കെതിരായ പ്രവര്‍ത്തനം കൂട്ടുത്തരവാദിത്തമാണ്. ഭീകരതക്കെതിരായ പ്രവര്‍ത്തനം ഏതെങ്കിലും സംഘടനയുടെയോ രാജ്യത്തിന്റെയോ മാത്രം ബാധ്യതയല്ലെന്നും, സാര്‍വദേശീയതലത്തില്‍ മാനവികതയെ മാനിക്കുന്ന മുഴുവന്‍ സംഘടനകളും പണ്ഡിതന്മാരും നേതാക്കളും രാജ്യങ്ങളുമെല്ലാം കൂട്ടായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണെന്നും ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അത്തുര്‍ക്കി സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാന്‍ റാബിത്വ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭീകരവാദത്തിന്റെ അര്‍ഥ വ്യാപ്തി, ഭീകരവാദം വളരുന്നതിന്റെ മതപരവും സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ കാരണങ്ങള്‍, ഭീകരവാദവും ദേശീയ അന്തര്‍ദേശീയ താല്‍പര്യങ്ങളും, ഭീകരവാദത്തിന്റെ പരിണതികള്‍ തുടങ്ങിയ  പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് നാലു ദിവസം നീണ്ട സമ്മേളനം നടന്നത്.

ഇസ്‌ലാമിക സമൂഹം ഏതെങ്കിലും അര്‍ഥത്തില്‍ ഇരകളോ കുറ്റാരോപിതരോ ആയി നിലകൊള്ളേണ്ടവരല്ല, മറിച്ച് ഇസ്‌ലാമിന്റെ പ്രതാപം കാത്തുസൂക്ഷിച്ച് ലോകസമൂഹത്തിനുമുമ്പില്‍ തലയുയര്‍ത്തി നില്‍ക്കേണ്ടവരാണെന്ന് സമ്മേളനം അടിവരയിട്ടു. എല്ലാ സമൂഹങ്ങളോടും ദര്‍ശനങ്ങളോടും സംവദിക്കാനുള്ള ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ ശേഷിയും ഇസ്‌ലാമിന്റെ സന്തുലിതത്വവും ലോക മുസ്‌ലിം സമൂഹവും മുസ്‌ലിം സംഘടനകളും തിരിച്ചറിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

ഭീകരതയുടെ അടിസ്ഥാനപ്രശ്‌നങ്ങളും അന്തര്‍ധാരകളും സാമൂഹിക, രാഷ്ട്രീയ, മതകാരണങ്ങളും ആരായുന്ന ആറു സെഷനുകളാണ് സമ്മേളനത്തില്‍ ഉണ്ടായിരുന്നത്. വിവിധ വിഷയങ്ങളില്‍ ആറു ശില്‍പശാലകളും നടന്നു. റാബിത്വയുടെ വിവിധ വകുപ്പുകളും ആഭ്യന്തരമന്ത്രാലയവും പങ്കുകൊള്ളുന്ന പ്രദര്‍ശനവുമുണ്ടായിരുന്നു.

ആഗോളവ്യാപകമായി മത, രാഷ്ട്രീയ താല്‍പര്യക്കാര്‍ മുന്‍കൈയെടുത്തു നടത്തുന്ന പ്രചാരണകോലാഹലങ്ങളില്‍ വശംവദരാകാതെ കാലത്തിന്റെ മര്‍മമറിഞ്ഞുള്ള ഇസ്‌ലാമിക പ്രബോധന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പണ്ഡിതന്മാരുടെ കൂട്ടായ ശ്രമം വേണമെന്ന് ഭീകരതക്കെതിരായ അന്താരാഷ്ട്രസമ്മേളനത്തില്‍ നടന്ന മാധ്യമ, അക്കാദമിക വിദഗ്ധരുടെ സെഷന്‍ ആഹ്വാനം ചെയ്തു. 

അമേരിക്കയില്‍ തുടങ്ങി പടിഞ്ഞാറ് മുഴുവന്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചാരണ വിളയാട്ടമാണ് നടക്കുന്നതെന്നും, ഇതു കണ്ടുള്ള പ്രതിരോധത്തിനു മുതിരാതെ പ്രസിഡന്റ് ഒബാമയുടെ പ്രസംഗവും ഗവണ്‍മെന്റ് വിളിച്ചുചേര്‍ക്കുന്ന സമ്മേളനങ്ങളും കണ്ട് കാര്യങ്ങള്‍ വിലയിരുത്തരുതെന്നും അമേരിക്കയിലെ ഇല്ലിനോയ് യൂനിവേഴ്‌സിറ്റി പബ്ലിക് റിലേഷന്‍സ് മീഡിയ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രഫസര്‍ ഡോ. മുഹമ്മദ് അഹ്മദുല്ല സിദ്ദീഖി ഓര്‍മിപ്പിച്ചു. ഇസ്‌ലാമും പടിഞ്ഞാറും തമ്മിലല്ല യുദ്ധമെന്ന ഒബാമയുടെ തിരുത്തിനോട് യു.എസ് മാധ്യമങ്ങളില്‍ പ്രചാരമുള്ളവ പ്രതികരിച്ചത്, എന്നാല്‍ അദ്ദേഹം പരോക്ഷ മുസ്‌ലിമാണെന്നാണ്. അതിനാല്‍ അവരുടെ വര്‍ത്തമാനങ്ങള്‍ കാര്യമാക്കാതെ ഇസ്‌ലാമിക സമൂഹങ്ങള്‍ മുന്നേറ്റത്തിനുള്ള സ്വന്തം വഴി തെരഞ്ഞെടുക്കണമെന്ന് സിദ്ദീഖി ഓര്‍മിപ്പിച്ചു. 

വര്‍ത്തമാനകാലത്തോട് സംവദിക്കുന്ന പുതിയൊരു ഇസ്‌ലാമികനിയമസംഹിതക്ക് രൂപം നല്‍കാന്‍ ആഗോളതലത്തില്‍ ഒരു ഫിഖ്ഹ് അക്കാദമിക്ക് രൂപം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു.  ലോകപ്രശസ്ത യൂനിവേഴ്‌സിറ്റികളില്‍ ഇസ്‌ലാമികപണ്ഡിതരും ആധുനികശാസ്ത്ര പണ്ഡിതരും ഒന്നിച്ചിരുന്ന് പുതുതലമുറക്ക് പ്രസക്തമായ ഒരു കരിക്കുലത്തിന് രൂപം നല്‍കണം. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ഇസ്‌ലാമോഫോബിയ സൃഷ്ടിച്ചുകൊണ്ടുള്ള പ്രചാരണത്തിന് കഴിഞ്ഞ വര്‍ഷം 20 ബില്യന്‍ ഡോളറാണ് അമേരിക്ക ചെലവിട്ടത്. ലോകത്ത് ഇസ്‌ലാമിന്റെ തനതു മുഖം പ്രകാശിപ്പിക്കാനുതകുന്ന മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തുവിടുന്ന പരിശീലന കേന്ദ്രത്തിന് റാബിത്വ മുന്‍കൈയെടുക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 

മതതീവ്രവാദത്തെ പൊക്കിപ്പിടിച്ച് മതേതര തീവ്രവാദികളും ലിബറലുകളും നടത്തുന്ന പ്രചാരവേലകളെ കരുതിയിരിക്കണമെന്ന് ലബനാനിലെ മുസ്‌ലിം സ്പിരിച്വല്‍ സമ്മിറ്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അസ്സമ്മാക്ക് മുന്നറിയിപ്പ് നല്‍കി. അഭിപ്രായ വ്യത്യാസങ്ങളുടെ വൈപുല്യം മുസ്‌ലിം സമൂഹത്തിനകത്ത് കുറച്ചു കൊണ്ടുവരുന്നതിലും സംവാദ സംസ്‌കാരം വര്‍ധിപ്പിച്ചു കൊണ്ടുവരുന്നതിലും ഇസ്‌ലാമിക സമൂഹങ്ങള്‍ ബഹുദൂരം മുന്നോട്ടു സഞ്ചരിക്കേണ്ടതുണ്ടെന്ന് മൊറോക്കോ ഖുറവിയ്യീന്‍ കലാശാലയിലെ ഡോ. റശീദ് കുഹൂസ് ഉണര്‍ത്തി. 

'ഭീകരതയുടെ സാമൂഹിക സാമ്പത്തിക കാരണങ്ങള്‍' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ കൗണ്‍സില്‍ ഓഫ് അമേരിക്ക ഫോര്‍ ഇസ്‌ലാമിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. നിഹാദ് ഇവദ് അഹ്മദ്, അല്‍ അഹ്‌സ കലാശാലയിലെ ഡോ. അഹ്മദ് മുഹമ്മദ് ഫര്‍ഹാന്‍, ജിദ്ദ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് റിലീഫ് ഓര്‍ഗനൈസേഷന്‍സ് സെക്രട്ടറി ജനറല്‍ ഇഹ്‌സാന്‍ ബിന്‍ സ്വാലിഹ് അത്ത്വീബ് എന്നിവര്‍ സംസാരിച്ചു. ഭീകരതയും പ്രാദേശിക, ആഗോളതാല്‍പര്യങ്ങളും എന്ന സെഷനില്‍ ഡോ. മുഹമ്മദ് അബ്ദുല്‍വഹാബ് അല്‍അസരി (മൊറോക്കോ), ഡോ. മുഹമ്മദ് അഹ്മദ് ലൗഹ് (സെനഗല്‍), സുഊദി ശൂറ കൗണ്‍സില്‍ അംഗം സദഖ യഹ്‌യ ഫാദില്‍, ഫലസ്ത്വീനിലെ മുന്‍ നീതിന്യായമന്ത്രി ഡോ. അലി അഹ്മദ് ഖശ്ശാന്‍ സംസാരിച്ചു. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭരണകൂടങ്ങളുടെയും സമൂഹത്തിന്റെയും നീതിബോധമില്ലാത്ത സമീപനങ്ങളുമാണ് തീവ്രവാദവും ഭീകരതയും വളരുന്നതിന് കാരണമാകുന്നതെന്നും  സമ്മേളനം വിലയിരുത്തി.

പട്ടിണിയും ദാരിദ്ര്യവും ഭീകരതയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഫാക്ടറിയായി മാറുകയാണെന്ന് തന്റെ രാജ്യത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നോര്‍ത്ത് അമേരിക്കയിലെ ഇമാംസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഉമര്‍ ശാഹീന്‍ പറഞ്ഞു. കുടിയേറ്റ വിഭാഗങ്ങളില്‍ നിന്നു വളരെയേറെ പേരും ഇത്തരം ചിന്താഗതികളില്‍ ആകൃഷ്ടരാകുന്നത് ദാരിദ്ര്യവും അവശതയും, അതിനോടു ഭരണകൂടവും പൊതുസമൂഹവും സ്വീകരിക്കുന്ന അവഗണനയും മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. സിറിയയിലോ ലിബിയയിലോ പിതാവ് കൊല്ലപ്പെട്ടതിന്റെ പേരില്‍ അനാഥരായ മക്കളെ ഭീകരമുദ്ര ചാര്‍ത്തി പലരും മാറ്റിനിര്‍ത്തുന്നു. എന്നാല്‍, വമ്പിച്ച മയക്കുമരുന്ന് കടത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവന്റെ കുടുംബത്തിന് നിയമപരമായ സംരക്ഷണം ലഭിക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരിലോ സംശയിച്ചോ പിടികൂടപ്പെട്ടവന്‍ ദീര്‍ഘനാള്‍ ജയില്‍ ജീവിതം കഴിഞ്ഞ് പുറത്തുവരുമ്പോള്‍ അവന് തൊഴില്‍ കൊടുക്കാന്‍ ആരും തയാറാകുന്നില്ല. പിന്നീട് അവന്‍ പഴയ ലാവണത്തിലേക്കു തന്നെ തിരിച്ചുപോയാല്‍ ആരെയാണ് കുറ്റപ്പെടുത്താനാവുകയെന്ന് ഉമര്‍ ശാഹീന്‍ ചോദിച്ചു. 

മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് ഉന്നയിക്കുന്ന ആവലാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരമില്ലാതെ പോകുന്നതും കാലതാമസത്തിനിടയാകുന്നതും ജനങ്ങളില്‍ വ്യവസ്ഥിതിക്കെതിരായി സാമൂഹികവിരുദ്ധ ചിന്താഗതികള്‍ ഉയര്‍ന്നുവരാന്‍ കാരണമായിത്തീരുന്നുണ്ടെന്ന് ഈജിപ്തില്‍ നിന്നുള്ള അഭിഭാഷകന്‍ ഹിശാം ബിന്‍ ജഅ്ഫര്‍ അബ്ദുസ്സലാം അലി പറഞ്ഞു. ചെറുപ്പത്തിലേ കുഞ്ഞുങ്ങളില്‍ ശരിയായ മതബോധവും സാമൂഹികാവബോധവും പകര്‍ന്നു നല്‍കി വളര്‍ത്തിക്കൊണ്ടു വരണമെന്ന് 'സുരക്ഷിതമായ സാമൂഹികാന്തരീക്ഷമൊരുക്കുന്നതില്‍ കുടുംബത്തിന്റെ പരാജയം' എന്ന വിഷയമവതരിപ്പിച്ച അല്‍അഹ്‌സയിലെ 'അമീര്‍ മുഹമ്മദ് ഖുര്‍ആന്‍ സുന്നത്ത് കേന്ദ്ര'ത്തിന്റെ ജനറല്‍ സെക്രട്ടറി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ്  ബൂ അലി അഭിപ്രായപ്പെട്ടു. 

ഇസ്‌ലാമിനെക്കുറിച്ച കൃത്യമായ ധാരണയില്ലായ്മ കൊണ്ടും സമൂഹത്തിന്റെ ശരിയായ പരിചരണം ലഭിക്കാത്തതു കൊണ്ടും ബോകോ ഹറാം പോലുള്ള ഇരുട്ടിന്റെ ശക്തികള്‍ മുസ്‌ലിംകള്‍ക്കും ഇതര ജനവിഭാഗങ്ങള്‍ക്കും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നൈജീരിയന്‍ മുന്‍ ചീഫ് ജസ്റ്റിസും ഫൈസല്‍ അവാര്‍ഡ് ജേതാവുമായ അഹ്മദ് ലിമു വരച്ചുകാട്ടി. തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് റാബിത്വ പോലുള്ള പൊതുവേദികള്‍ വേണ്ടത്ര ജാഗ്രത്തല്ലെന്നും ബംഗ്ലാദേശില്‍ ആദരണീയരായ മതപണ്ഡിതരെ തൂക്കിലേറ്റുന്നതിനെതിരെ മുസ്‌ലിം ലോകത്തുനിന്ന് വേണ്ടത്ര പ്രതികരണമുയര്‍ന്നിട്ടില്ലെന്നും പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ അബ്ദുല്‍ ഗഫ്ഫാര്‍ അസീസ് ചൂണ്ടിക്കാട്ടി. അറബ്‌നാടുകളില്‍ വ്യാപകമായ തൊഴില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കാതെ ഭീകരതയുടെ പ്രതിരോധം ചര്‍ച്ച ചെയ്യാനാവില്ലെന്നും, വേണ്ടാവൃത്തികളെ ഇസ്‌ലാമിനു മേല്‍ വെച്ചുകെട്ടുന്ന അമേരിക്കന്‍-പടിഞ്ഞാറന്‍ കുതന്ത്രങ്ങളെ തുറന്നെതിര്‍ക്കണമെന്നും അറബ് ഫെഡറേഷന്‍ ഫോര്‍ യൂത്ത് ആന്റ് എന്‍വയോണ്‍മെന്റ് ബോര്‍ഡ് മെമ്പര്‍ ഡോ. നാസര്‍ എം അല്‍ മസ്‌രി അഭിപ്രായപ്പെട്ടു.

ഭീകരവാദത്തെ ചെറുക്കാനുള്ള സ്ട്രാറ്റജി രൂപീകരിക്കുകയും പഠന ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും വേണമെന്ന് മുസ്‌ലിം വേള്‍ഡ് ലീഗിന്റെ കീഴിലുള്ള ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ ഭീകര വിരുദ്ധ നയം  ഉച്ചകോടിയുടെ അവസാനം വിതരണം ചെയ്യപ്പെട്ട കര്‍മരേഖ ആവശ്യപ്പെട്ടു. മുസ്‌ലിം പണ്ഡിതന്മാരും ദീനീ സ്ഥാപനങ്ങളും ഭീകരവാദത്തിനെതിരായ ദിശാ ബോധം നല്‍കാന്‍ സഹായകമാകും വിധം പ്രവര്‍ത്തിക്കണമെന്നും, ഇസ്‌ലാമിക വിദ്യാഭ്യാസ മാധ്യമ സ്ഥാപനങ്ങള്‍ ശരിയായ ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ മുന്നോട്ട്‌വരണമെന്നും കര്‍മ രേഖ  ആവശ്യപ്പെട്ടു.

വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇസ്‌ലാമും മുസ്‌ലിം സമൂഹവും നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത വെല്ലുവിളികളെ യാഥാര്‍ഥ്യ ബോധത്തോടെ വിലയിരുത്തുന്നതായിരുന്നു മക്ക സമ്മേളനമെന്ന് പറയാം. മുസ്‌ലിം ലോകത്തുള്ള വിവിധ ചിന്താധാരകളെ പ്രതിനിധീകരിക്കുന്ന പ്രഗത്ഭരെ ഒന്നിച്ചിരുത്തി ആശയങ്ങള്‍ പങ്കുവെക്കാനായത് വലിയ നേട്ടമായിത്തന്നെ കാണണം. സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം ലോക മുസ്‌ലിം സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /107, 108
എ.വൈ.ആര്‍