ഐസിസ് ഇരുണ്ട ഭൂതകാലത്തിന്റെ അവശിഷ്ടം
ഇടയ്ക്കിടെ ബീഭത്സമായ കൊലപാതകങ്ങള്‍ നടത്തിയും ഏറ്റവുമൊടുവില്‍ സിറിയയിലെ 90 ക്രൈസ്തവ വിശ്വാസികളെ ബന്ദികളാക്കിയും ലോക മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഐസിസ്. അറബ് ലോകത്തെ ക്രൈസ്തവ സമൂഹങ്ങളെ അവര്‍ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. 2003-ല്‍ സദ്ദാം ഹുസൈന്‍ പുറത്താക്കപ്പെട്ട ശേഷം മൗസിലെ ക്രിസ്ത്യന്‍ ജനസംഖ്യ 30,000-ല്‍ നിന്ന് ഏതാനും ആയിരങ്ങളായി കുറഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിസ് നഗരം കൈയേറിയപ്പോള്‍ അവശേഷിച്ച ക്രിസ്ത്യാനികളും നഗരം വിട്ടോടി. ലിബിയയില്‍ വെച്ച് 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ ഐസിസ് കൊലപ്പെടുത്തിയതോടെ സിറിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ക്രിസ്ത്യാനികളുടെ ഗതി എന്താകുമെന്ന കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു? ഇതാണ് സുപ്രധാന ചോദ്യം. നാല് പ്രധാന കാരണങ്ങളാണ് ഇതിന് ഉത്തരമായി ഉയര്‍ന്നുവരിക.
ഒന്ന്, ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവരും സിറിയയിലെയും ഇറാഖിലെയും അസീറിയന്‍-അര്‍മേനിയന്‍ ക്രൈസ്തവരും അറബ്-മുസ്‌ലിം ലോകത്തെ ഏറ്റവും പൗരാണിക ജനവിഭാഗങ്ങളാണ്. മതകീയവും സെക്യുലറും, ഇസ്‌ലാമികവും ഇസ്‌ലാമേതരവുമായ ഒരു സങ്കര സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ ഇവര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം കലര്‍പ്പുകള്‍ ഒട്ടുമേ ഇഷ്ടപ്പെടാത്തവരാണ് ഐസിസ്. ക്രൈസ്തവരെ ആക്രമിക്കുന്നതിലൂടെ ഈ ബഹുസ്വര സാമൂഹിക ഘടന തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
രണ്ട്, കൊല നടത്തുന്നത് പച്ചക്ക് പ്രദര്‍ശിപ്പിക്കുന്നതിന് പിന്നില്‍ അറബ്-മുസ്‌ലിം ലോകത്ത് വിഭാഗീയത ആളിക്കത്തിക്കുക എന്ന ലക്ഷ്യമാണുള്ളത്. ക്രിസ്ത്യാനികളെ മാത്രമല്ല ഐസിസ് ടാര്‍ഗറ്റ് ചെയ്യുന്നത്. ശിഈകളും യസീദികളും കുര്‍ദുകളുമെല്ലാം അവരുടെ ഇരകളാണ്. അറബ് വസന്തം പോലുള്ള ജനകീയ വിപ്ലവ സംരംഭങ്ങളെ നിര്‍വീര്യമാക്കുക എന്ന ലക്ഷ്യവും വിഭാഗീയ ഹിംസകള്‍ ഊതിക്കത്തിക്കുന്നതിന് പിന്നിലുണ്ട്. അറബ് ലോകത്തെ ഏറ്റവും മാരകമായ പ്രതിവിപ്ലവ ശക്തിയാണ് ഐസിസ്. ഈ വിഭാഗീയതയുടെ പ്രധാന പ്രായോജകര്‍ അറബ് ഭരണകൂടങ്ങളാണെന്നും കാണാം. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ ബശ്ശാറും അട്ടിമറിവീരനായ സീസിയുമൊക്കെ ദേശീയ ഹീറോകളായല്ലേ ഇപ്പോള്‍ ഞെളിഞ്ഞ് നടക്കുന്നത്.
മൂന്ന്, അമേരിക്കയെയും യൂറോപ്യന്‍ യൂനിയനെയും പ്രകോപിപ്പിക്കുക എന്ന ലക്ഷ്യവും ക്രിസ്ത്യാനികളെ ആക്രമിക്കുന്നതിന് പിന്നിലുണ്ട്. അങ്ങനെ പ്രകോപിതരായി അവര്‍ ഇടപെട്ടാല്‍, 'യുദ്ധം പടിഞ്ഞാറും ഇസ്‌ലാമും തമ്മില്‍' എന്ന തങ്ങളുടെ വാദത്തിനത് ന്യായീകരണമാവും. 'ക്രിസ്ത്യന്‍' എന്ന മീഡിയാ പ്രയോഗത്തിലെ അക്രമണോത്സുകത ശ്രദ്ധിക്കുക. റാഞ്ചപ്പെട്ടത് യൂറോപ്യന്‍ ക്രിസ്ത്യാനികളാണെന്ന് തോന്നും അവതരണം കേട്ടാല്‍. യഥാര്‍ഥത്തിലവര്‍ അറബ് ക്രിസ്ത്യാനികളാണ്. അറബികളെയും മുസ്‌ലിംകളെയുമാണ് ഐസിസ് മുഖ്യമായും ഉന്നം വെക്കുന്നത്.
നാല്, ഐസിസ് ഇപ്പോള്‍ ക്രിസ്ത്യാനികളെയും യസീദികളെയും സ്ത്രീകളെയും കുട്ടികളെയും പ്രായം ചെന്നവരെയും പ്രത്യേകമായി ഉന്നം വെക്കാന്‍ കാരണം കൊബേന്‍ മേഖലയില്‍ കുര്‍ദുകളില്‍ നിന്ന് അവര്‍ക്കേറ്റ തോല്‍വിയായിരുന്നു. അതിന്റെ ഈറയാണ് മറ്റുള്ളവരുടെ മേല്‍ തീര്‍ക്കുന്നത്.
പേര് കേള്‍ക്കുമ്പോള്‍ തന്നെ ലോകം ഞെട്ടിവിറക്കുന്ന ഒരു ഗ്രൂപ്പായിത്തീരണം എന്നത് അവര്‍ തന്നെ എടുക്കുന്ന തീരുമാനമാണ്. യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ ശക്തി തങ്ങള്‍ക്ക് ഉണ്ടെന്ന് തോന്നിക്കാന്‍ അവര്‍ക്ക് കഴിയുകയും ചെയ്തു. മെക്‌സിക്കോയിലെ മയക്കുമരുന്നു മാഫിയ നടത്തുന്ന അതിഭീകര കൊലപാതകങ്ങളുടെ അടുത്തൊന്നും എത്തുകയില്ല ഐസിസിന്റേത്. പക്ഷേ, എല്ലാം വീഡിയോ എടുത്ത് പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഐസിസിന്റേതിന് കൂടുതല്‍ ജനശ്രദ്ധ കിട്ടുന്നു എന്നു മാത്രം.
ഇറാഖിലെയും സിറിയയിലെയും ക്രിസ്ത്യാനികളുടെ ദുര്‍വിധി പ്രതിഫലിപ്പിക്കുന്നത് അറബ് വിപ്ലവങ്ങളുടെ ഇരുളടഞ്ഞ ഭാവിയെ കൂടിയാണ്. കുറച്ച് നിരപരാധികളായ ക്രിസ്ത്യാനികളെ കൊല്ലുക എന്നത് മാത്രമല്ല അവര്‍ ലക്ഷ്യം വെക്കുന്നത്; അറബ് വിപ്ലവം മുന്നോട്ടുവെച്ച ബഹുസ്വര ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുക എന്നതും അവരുടെ ലക്ഷ്യമാണ്. ക്രൂരതകള്‍ പെരുകിവരുന്ന മുറയ്ക്ക്, തങ്ങള്‍ രക്തദാഹികളായ ഒരു കൂട്ടം കാപാലികരല്ലാതെ മറ്റൊന്നുമല്ല എന്ന് സ്വയം സ്ഥാനപ്പെടുത്തുക മാത്രമാണ് ഐസിസ് ചെയ്യുന്നത്. ജനത്തിന്റെ ജനാധിപത്യ പ്രതീക്ഷകളില്‍ ഇത്തരക്കാര്‍ക്ക് ഒരു സ്ഥാനവുമുണ്ടാവില്ല. ദയാരഹിതമായ അമേരിക്കന്‍ സൈനിക അധിനിവേശത്തിന്റെയും അറേബ്യന്‍ സ്വേഛാധിപത്യ ഭരണകൂടങ്ങളുടെയും ഉല്‍പന്നമായ ഐസിസ് പഴയകാലത്തിന്റെ അവശിഷ്ടം മാത്രമാണ്; മാന്യതക്കും വിവേകത്തിനും മേല്‍ക്കൈ ലഭിക്കുന്ന ഒരു ഭാവിയില്‍ ഈ അവശിഷ്ടം തുടച്ചുനീക്കപ്പെടുക തന്നെ ചെയ്യും.
Comments