Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 13

തമോ ഗുണങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ /വ്യക്തിത്വം

         'താര്‍ക്കികന്‍, ദുര്‍ബലന്‍, പിശുക്കന്‍, അക്ഷമന്‍, ധൃതികാട്ടുന്നവന്‍, നിഷേധി, അത്യധ്വാനി, അതിക്രമി'- മനുഷ്യ പ്രകൃതിയില്‍ കുടികൊള്ളുന്ന ചില സ്വഭാവങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഖുര്‍ആന്റെ സൂചനകളാണിവ. മനുഷ്യന്‍ ഇങ്ങനെ വിശേഷിപ്പിക്കപ്പെടാന്‍ എന്താണ് കാരണം?

അല്ലാഹു പറഞ്ഞു: ''മിക്ക വിഷയങ്ങളിലും തര്‍ക്കിക്കുന്നവനാണ് മനുഷ്യന്‍.'' ദൈവസൃഷ്ടികളില്‍ ഏറെ തര്‍ക്കിക്കുന്നവന്‍ മനുഷ്യനാകുന്നു. ഉപായങ്ങളും തന്ത്രങ്ങളും സ്വീകരിക്കാനുള്ള ചിന്താ ശേഷി നല്‍കിയാണ് സൂത്രശാലിയായ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. സൂത്രവും കൗശലവും അതി സാമര്‍ഥ്യവും കാണിച്ചുകൊണ്ടേയിരിക്കും അവന്‍. ഈ തര്‍ക്ക പ്രകൃതി ഉള്ളതോടൊപ്പം തന്നെ അവന് തന്റെ ആത്മാവിനെ സംസ്‌കരിച്ച് സത്യത്തോടും നീതിയോടും പ്രതിബദ്ധത പുലര്‍ത്താനുമാവും.

അല്ലാഹു പറഞ്ഞു: ''മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.'' തന്റെ കരുത്ത് തെളിയിക്കാന്‍ അവന്‍ എത്രതന്നെ പണിപ്പെട്ടാലും ദുര്‍ബലനാണവന്‍. ഒരു പ്രാണി മതി രാത്രിയില്‍ അവന്റെ ഉറക്കം കെടുത്തി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് പുലരുവോളം അവനെ കഷ്ടപ്പെടുത്താന്‍. സൂചിക്കുത്തേറ്റാല്‍ ചത്തുവീഴാനേ ഉള്ളൂ അവന്‍. മന്ദസ്മിതം തൂകി ഒരു പെണ്ണ് കടക്കണ്ണെറിഞ്ഞാല്‍ മതി അവന്‍ അവളുടെ മുന്നില്‍ മൂക്ക് കുത്തി വീഴും. വിശന്നാല്‍ ആത്മനിയന്ത്രണം നഷ്ടപ്പെടും. ദോഷം ബാധിച്ചാല്‍ മുറുമുറുക്കും. ആഹാരം കുറഞ്ഞാല്‍ ദുര്‍ബലനായി ചിന്തയും ചലനവും നിലയ്ക്കും.

''മനുഷ്യന്‍ തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍ ധിക്കാരിയായിത്തീരുന്നു'' (ഖുര്‍ആന്‍). സത്യത്തിന്റെയും നീതിയുടെയും അതിരുകള്‍ ഭേദിക്കുമ്പോള്‍ മനുഷ്യന്‍ അതിക്രമിയായി മാറും. പണവും പദവിയും ആള്‍ബലവും കൂടുമ്പോള്‍, പഴയകാലം മറന്ന് ധിക്കാരിയായിത്തീരും. ''പറയുക. എന്റെ രക്ഷിതാവിന്റെ കരുണയുടെ ഖജനാവുകള്‍ കൈവശം വെക്കുന്നവരാണ് നിങ്ങളെങ്കില്‍ അത് ചെലവായി പോകുമെന്ന് പേടിച്ച് നിങ്ങള്‍ പിടിച്ചുവെക്കുമായിരുന്നു'' (ഖുര്‍ആന്‍). ''മനുഷ്യന്‍ ലുബ്ധനാണ്.'' ഇതാണ് മനുഷ്യ സ്വഭാവം. ചെലവാകുന്നതിനെക്കാള്‍ വാരിക്കൂട്ടാനാണ് അവന് തിടുക്കം. നൂറ്റാണ്ടുകള്‍ ജീവിക്കാനുള്ളത് സംഭരിച്ചുവെക്കുമെങ്കിലും തന്റെയും കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ പിടിച്ച് പിടിച്ചേ അവന്‍ വ്യയം ചെയ്യൂ.

''മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായാണ്.'' അതായത് ദോഷം ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ടും നന്മ കൈവന്നാല്‍ തടഞ്ഞുവെക്കുന്നവനായിക്കൊണ്ടും'' (ഖുര്‍ആന്‍). ജീവിതത്തില്‍ അഹിതകരമായത് സംഭവിച്ചാല്‍ വെപ്രാളപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന ഇതേ മനുഷ്യന് സുസ്ഥിതി കൈവന്നാല്‍ മറ്റുള്ളവര്‍ക്ക് നല്‍കാതെ ലുബ്ധ് കാണിക്കും. തന്നോടും സുഖഭോഗ ജീവിതത്തോടുമുള്ള അതിരുവിട്ട ആസക്തി മൂലം ആന്ധ്യം ബാധിക്കുന്ന അവന്റെ കണ്ണുകള്‍ക്ക് ചുറ്റുപാടുകള്‍ കാണാനാവില്ല. തന്റെ സുഖസൗകര്യങ്ങള്‍ക്കെന്തെങ്കിലും ക്ഷതമേല്‍ക്കുമെന്ന് ഭയപ്പെട്ടാല്‍ പിരിമുറുക്കത്തിനും, ഭാവിയെ സംബന്ധിച്ച ഉത്കണ്ഠകള്‍ക്കും നടുവിലായി അവന്റെ നിമിഷങ്ങള്‍.

ഇങ്ങനെ വെപ്രാളത്തില്‍ അകപ്പെട്ട് ചഞ്ചലനാകുന്ന മനസ്സിനെ കീഴ്‌പ്പെടുത്താന്‍ ഖുര്‍ആന്‍ എട്ടു വഴികള്‍ നിര്‍ദേശിക്കുന്നു. ''നമസ്‌കരിക്കുന്നവര്‍ ഒഴികെ. അതായത് തങ്ങളുടെ നമസ്‌കാരത്തില്‍ സ്ഥിര നിഷ്ഠയുള്ളവരും, തങ്ങളുടെ സ്വത്തുക്കളില്‍ ചോദിച്ചു വരുന്നവനും ഉപജീവനമാര്‍ഗം തടയപ്പെട്ടവനും നിര്‍ണിതമായ അവകാശം നല്‍കുന്നവരും, പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിന്റെ ശിക്ഷയെക്കുറിച്ച് ഭയമുളളവരുമൊഴികെ. തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്റെ ശിക്ഷയെക്കുറിച്ച് ഒരു സുരക്ഷിതത്വ ബോധവും വേണ്ട. തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും ഒഴികെ. തങ്ങളുടെ ഭാര്യമാരുടെയോ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു. എന്നാല്‍, അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിഞ്ഞവര്‍. തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചുപോരുന്നവരും തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും തങ്ങളുടെ നമസ്‌കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ). അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു'' (അല്‍മആരിജ് 22-35).

''മനുഷ്യന്‍ ധൃതികാട്ടുന്നവനാകുന്നു'' (ഖുര്‍ആന്‍). എന്തിനും ഏതിനും ധൃതിയാണവന്. കാത്തിരിക്കാന്‍ അവന് നേരമില്ല. ക്ഷമകേടിന്റെയും അനവധാനതയുടെയും ഫലമായി വിപത്തുകള്‍ വന്നണഞ്ഞാലും അവന് പ്രശ്‌നമല്ല. ''മനുഷ്യാ! നീ അത്യധ്വാനം ചെലവിട്ട് നിന്റെ നാഥങ്കലേക്കാണ് പ്രയാണം ചെയ്‌തെത്തുന്നത്. അങ്ങനെ അവനെ നീ കണ്ടുമുട്ടും'' (ഖുര്‍ആന്‍). മനുഷ്യജീവിതം ക്ലേശഭരിതമാണ്. സഹസ്ര കോടീശ്വരനാണെങ്കിലും, ചൊല്‍പടിക്ക് ആയിരങ്ങളുണ്ടെങ്കിലും സൈ്വരത നഷ്ടപ്പെട്ട ജീവിതമാണ് അവന്റേത്. ''അങ്ങേയറ്റം ക്ലേശത്തില്‍ തന്നെയാണ് മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്'' (ഖുര്‍ആന്‍). സ്വസ്ഥതയും സമാധാനവും വിശ്രമവും സ്വര്‍ഗത്തിലേ ഉണ്ടാവൂ.

മനുഷ്യന്‍ ധിക്കാരിയും നന്ദികെട്ടവനും നിഷേധിയുമാണ്. ''നമ്മുടെ ഒരനുഗ്രഹം മനുഷ്യനെ നാം ആസ്വദിപ്പിക്കുകയും പിന്നീട് അത് എടുത്തുകളയുകയും ചെയ്താല്‍ അന്നേരം അവന്‍ നിരാശനും നന്ദികെട്ടവനുമായി'' (ഖുര്‍ആന്‍).

മനുഷ്യ പ്രകൃതിയില്‍ ഊട്ടപ്പെട്ട സ്വഭാവങ്ങളാണിവയെല്ലാം. ഇവയ്ക്ക് പകരം സദ്ഗുണങ്ങള്‍ ആര്‍ജിക്കാനാവണം ശ്രമം. നമ്മെ അല്ലാഹു സൃഷ്ടിച്ച പ്രകൃതി അറിഞ്ഞുവെക്കുന്നത് നമ്മെ തിരിച്ചറിയാന്‍ സഹായിക്കും. നമ്മുടെ കുട്ടികളോടും കുടുംബത്തോടുമുള്ള പെരുമാറ്റം മെച്ചപ്പെടുത്താന്‍ ഇതുമൂലം കഴിയും. നമ്മെ സൃഷ്ടിച്ച അല്ലാഹുവിനാണ് നമ്മെക്കുറിച്ച് നന്നായറിയുന്നത്. തര്‍ക്ക പ്രകൃതിയെ ചികിത്സിച്ചു മാറ്റേണ്ടത് സത്യത്തോടും, ഏറ്റവും നല്ല രീതി അവലംബിച്ചുമുള്ള സംവാദശീലത്തിലൂടെയാണ്. അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തി ദൗര്‍ബല്യത്തെ കീഴടക്കാം. അനുഗ്രഹത്തെയും അനുഗ്രഹദാതാവിനെയും ഓര്‍ത്ത് ധിക്കാരം കൈയൊഴിക്കാം. മറ്റുള്ളവര്‍ക്ക് നമ്മുടെ സമ്പത്തിലും വിഭവങ്ങളിലുമുള്ള അവകാശം അംഗീകരിക്കാനായാല്‍ ലുബ്ധ് പമ്പ കടത്താം. വെപ്രാളം ദൂരീകരിക്കാനുള്ള മാര്‍ഗം ഖുര്‍ആന്‍ നല്‍കിയ എട്ട് നിര്‍ദേശങ്ങളാണ്. ധൃതിയെ അവധാനത കൊണ്ടും വിവേകം കൊണ്ടും അതിജയിക്കാം. അല്ലാഹുവിനെ യഥാവിധി മനസ്സിലാക്കിയാല്‍ പൊങ്ങച്ചവും തന്‍പോരിമയും ഇല്ലാതാവും. നമ്മുടെ മക്കളെ നിരീക്ഷിച്ചാല്‍ ബോധ്യമാവും, അല്ലാഹു എണ്ണിപ്പറഞ്ഞതെല്ലാം അവരുടെ സ്വഭാവത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്ന സത്യം, ചികിത്സാ വിധികളും അവന്‍ തന്നെ നിര്‍ദേശിച്ചിട്ടുണ്ടല്ലോ.

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /107, 108
എ.വൈ.ആര്‍