Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 13

സാര്‍ഥകമാകട്ടെ നമ്മുടെ ഉംറകള്‍

ടി.ഇ.എം റാഫി /ലേഖനം

         ''എത്രയോ നൂറ്റാണ്ടായി കോടിക്കണക്കിന് മനുഷ്യരുടെ അഭിലാഷങ്ങളുടെ ലക്ഷ്യമായി വര്‍ത്തിക്കുന്നത് ഈ കഅ്ബയാണ്. ഈ ലക്ഷ്യം പ്രാപിക്കുന്നതിന് വേണ്ടി നിരവധി യുഗങ്ങളില്‍ എണ്ണമറ്റ തീര്‍ഥാടകര്‍ വന്‍ ത്യാഗങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട്. പലരും വഴിമധ്യേ മരിച്ചു. പലരും ലക്ഷ്യത്തിലെത്തിയത് വമ്പിച്ച കഷ്ടനഷ്ടങ്ങള്‍ക്കു ശേഷമാണ്. അവരെയെല്ലാം സംബന്ധിച്ചേടത്തോളം സമചതുരാകൃതിയിലുള്ള ഈ കൊച്ചുകെട്ടിടം എല്ലാ അഭിലാഷങ്ങളുടെയും ശിഖരമാണ്. അവിടെ എത്തിച്ചേരുക എന്നത് എല്ലാ ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണമാണ്'' (മുഹമ്മദ് അസദ്, മക്കയിലേക്കുള്ള പാത).

അല്ലാഹുവിന്റെ അതിഥിയായി വിശുദ്ധ കഅ്ബയിലെത്താന്‍ ആഗ്രഹിക്കുന്നവരാണ് വിശ്വാസികള്‍. ഓര്‍മ വെച്ച നാള്‍ മുതല്‍ ഹൃദയം കൊതിക്കുന്ന സ്വപ്നവും നിരന്തരമായ പ്രാര്‍ഥനയിലെ മുഖ്യമായ തേട്ടവുമാണത്. ആയുസ്സിലൊരിക്കലെങ്കിലും കണ്‍നിറയെ കഅ്ബ കാണാന്‍ കനിയണേ എന്ന് കരുണക്കടലായ നാഥനോട് അവന്‍ കേണപേക്ഷിക്കുന്നു.

അല്ലാഹു സ്വന്തത്തോട് ചേര്‍ത്തുവെച്ച ചിഹ്‌നങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നത് വിശ്വാസിയുടെ ആദര്‍ശ വികാരമാണ്. അല്ലാഹുവിനെ സ്‌നേഹിച്ച് കഴിഞ്ഞാല്‍ പ്രേമഭാജനത്തിന്റെ എല്ലാമെല്ലാം ഹൃദയത്തിലിടം പിടിക്കുന്നു. അത് അല്ലാഹുവിന്റേതാകുമ്പോള്‍ ഹൃദയത്തില്‍ അധ്യാത്മിക വികാരമായി അലയടിക്കുന്നു. കഅ്ബാലയ കവാടത്തിങ്കല്‍ ശിരസ്സ് നമിച്ച് സുജൂദില്‍ വീഴുമ്പോഴേ ആ സ്‌നേഹത്തിരമാല അല്‍പമെങ്കിലും അടങ്ങൂ. ഹജ്ജാണ് അവന്റെ ജീവിതാഭിലാഷം. ഉംറയെങ്കിലും ലഭിച്ചാല്‍ അതൊരു ശമനം മാത്രം. അല്ലാഹു വിശ്വാസികള്‍ക്ക് ജീവിതത്തിലൊരിക്കല്‍ നിര്‍ബന്ധമാക്കിയ വിശുദ്ധ കര്‍മങ്ങളാണല്ലോ ഹജ്ജും ഉംറയും.

''അല്ലാഹുവിനുവേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തീകരിക്കുവിന്‍'' (അല്‍ബഖറ:196). ഇബ്‌നു അബ്ബാസില്‍നിന്ന്: നബി(സ) പറഞ്ഞു: ''റമദാനില്‍ ഒരു ഉംറ ചെയ്യുന്നത് ഒരു ഹജ്ജിനു സമമാണ്'' (അഹ്മദ്). അബൂഹുറയ്‌റയില്‍ നിന്ന്: നബി(സ) പറഞ്ഞു: ''ഒരു ഉംറ മറ്റൊരു ഉംറക്കിടയിലുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്. പുണ്യകരമായ ഹജ്ജിനു സ്വര്‍ഗമല്ലാതെ മറ്റൊരു പ്രതിഫലവുമില്ല.'' (ബുഖാരി, മുസ്‌ലിം).

മാനസം മക്കയെ തേടുന്നു

പച്ച പുതച്ച പാടങ്ങളും കാനന ഭംഗിയുള്ള കാടുകളും കുളിര്‍ക്കാറ്റുവീശുന്ന കടലോരങ്ങളും കൈവഴികളായി ഒഴുകുന്ന പുഴകളുമാണ് വശ്യസുന്ദരവും പ്രകൃതി രമണീയവുമായി മനുഷ്യ മനസ്സ് തേടാറുള്ളത്. അതുകൊണ്ട് തന്നെ മരീചിക തിളക്കുന്ന മരുഭൂയാത്ര ഒരു ശുഭയാത്രയെക്കാള്‍ അതിസാഹസികമാണ്. മരുഭൂമിയുടെ കൊടും ചൂടും മണല്‍ക്കാറ്റും പരുഷമായ പാറക്കെട്ടുകളും നിറഞ്ഞ, അത്യുഷ്ണമോ അതിശൈത്യമോ പകരുന്ന മക്ക യാത്ര അതിസാഹസികതയേക്കാള്‍ സായൂജ്യം നല്‍കുന്ന ആത്മീയോത്കര്‍ഷമാണ് വിശ്വാസിക്ക് പ്രദാനം ചെയ്യുന്നത്. നഗരങ്ങളുടെ മാതാവായ മക്കയുടെ മടിത്തട്ടില്‍ അണയാന്‍ ആത്മാവില്‍ ആര്‍ത്തിയുണ്ടാക്കുന്നത് ഇബ്‌റാഹീം നബിയുടെ കരളുരുകിയ പ്രാര്‍ഥനയാണല്ലോ!

'ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോടു അടുപ്പമുണ്ടാക്കേണമേ. അവര്‍ക്കാഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം'' (ഇബ്‌റാഹീം 37).

അഞ്ച് നേരത്തെ നമസ്‌കാരത്തില്‍ മാത്രമല്ല അന്ത്യനിദ്രയിലെ അഭിമുഖ കേന്ദ്രവും വിശ്വാസിക്ക് ആ കഅ്ബ തന്നെ. കഅ്ബ കാണാതെ തന്നെ അങ്ങോട്ട് മുഖംതിരിച്ച് നമസ്‌കരിച്ചപ്പോഴും നിലാവില്‍ കുളിച്ച ഒരു കഅ്ബ അവന്റെ ഹൃദയത്തിലുണ്ട്. അത് കണ്ണില്‍ കാണുന്ന അപൂര്‍വ നിമിഷത്തിനു വേണ്ടി എന്തും ബലികഴിക്കാന്‍ തയാറാണ്. പക്ഷേ, ഹജ്ജ് സീറ്റുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ട്രാവല്‍ ഏജന്‍സികള്‍ അതിനെ വ്യാപാരവല്‍ക്കരിക്കുകയും ചെയ്തപ്പോള്‍ വലിയ സമ്പന്നര്‍ക്കു മാത്രം പ്രാപ്യമാവുന്ന ഒന്നായി ഹജ്ജ് മാറി. സാമ്പത്തികമായി അല്‍പം മെച്ചപ്പെട്ടവര്‍ ധാരാളമായി ഉംറയെ ആശ്രയിക്കാനും തുടങ്ങി.

ഉംറയുടെ മഹത്വം

ഹജ്ജ് പോലെ പ്രത്യേക മാസ-ദിവസങ്ങളോ കാലഗണനകളോ ഉംറക്ക് നിര്‍ണയിച്ചിട്ടില്ല. നീണ്ട ദിവസങ്ങള്‍ ആവശ്യമില്ലാതെ, ഏതാനും മണിക്കൂറുകള്‍ കൊണ്ട് നിര്‍വഹിക്കാവുന്ന കര്‍മമാണെങ്കിലും വിശ്വാസിയുടെ ജീവിതത്തില്‍ ലഭിക്കുന്ന അനര്‍ഘനിമിഷങ്ങളാണ് ഉംറ തീര്‍ഥാടന ദിനങ്ങള്‍. ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, തല മുണ്ഡനം തുടങ്ങിയ കുറഞ്ഞ അനുഷ്ഠാനങ്ങള്‍ മാത്രമേ ഉള്ളുവെങ്കിലും ആത്മാവിനെ സംസ്‌കരിക്കാനും ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനും സഹായിക്കുന്ന ഉത്തമ കര്‍മമാണത്. പാപങ്ങള്‍ വെടിയാനും പശ്ചാത്തപിച്ച് മടങ്ങാനും അത് സഹായിക്കുന്നു. പവിത്ര പ്രദേശങ്ങളില്‍, പുണ്യഭവനത്തിനു ചാരത്ത് ഭക്തജനങ്ങളോടൊത്ത് സഹവസിക്കാനും സല്‍ക്കര്‍മങ്ങള്‍ അധികരിപ്പിക്കാനും അതവസരമുണ്ടാക്കുന്നു. ലോക ഇസ്‌ലാമിക സമൂഹത്തിന്റെ പരിഛേദങ്ങളെ ഉള്‍ക്കൊള്ളാനും സാഹോദര്യം പങ്കുവെക്കാനും കഴിയുന്നു. സര്‍വോപരി ആദര്‍ശ പിതാവ് ഖലീലുല്ലാഹി ഇബ്‌റാഹീമി(അ)നെ അനുകരിക്കാനും മുഹമ്മദ് നബി(സ)യെ അനുധാവനം ചെയ്യാനും സാധിക്കുന്നു. വഹ്‌യിന്റെ വെളിച്ചം വിതറിയ മണ്ണില്‍ അല്ലാഹുവിന്റെ അതിഥിയായി സുജൂദില്‍ വീഴാനും സൗഭാഗ്യം ലഭിക്കുന്നു.

ആത്മീയോത്കര്‍ഷം

ഉംറ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യ യോഗ്യമാവുക അത് അല്ലാഹുവിന്റെ ആജ്ഞപ്രകാരവും പ്രവാചക മാതൃക പിന്‍പറ്റിയും പ്രാവര്‍ത്തികമാക്കുമ്പോഴാണ്.

''സംശയമില്ല. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനിലാണ് മികച്ച മാതൃകയുള്ളത്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്കാണിത്. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്കും'' (അല്‍അഹ്‌സാബ് 21). ഹജ്ജത്തുല്‍ വിദാഇല്‍ നബി(സ) പറഞ്ഞു: ''മുഴുവന്‍ ആരാധനാ കര്‍മങ്ങളും നിങ്ങള്‍ എന്നില്‍നിന്നും സ്വീകരിക്കുക.''

വര്‍ണ-ഭാഷാ വൈവിധ്യങ്ങള്‍ക്കതീതനായി ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുവരുന്ന തീര്‍ഥാടകനാണെങ്കിലും അവന്‍ അല്ലാഹുവിന്റെ അതിഥിയാണ്. പടച്ചവന്‍ അതിഥിക്ക് നിശ്ചയിച്ച സവിശേഷ പ്രവേശന കവാടത്തിലൂടെ (മീഖാത്തിലൂടെ) കടന്നുവരുന്നവന്‍. വിശിഷ്ടാതിഥിയാകട്ടെ പദവികളുടെ താരചിഹ്നങ്ങളുള്ള കോട്ടുകളും ടോപ്പുകളും അഴിച്ചുവെച്ച് അണിഞ്ഞിരിക്കുന്നതോ ലാളിത്യത്തിന്റെ ഉടയാടയും. തീര്‍ഥ യാത്രക്ക് കൂടെക്കരുതിയതോ തഖ്‌വയുടെ പാഥേയവും. ആതിഥേയന്ന് ഉത്തരം നല്‍കാന്‍ അതിഥി അധരത്തിലൂടെ മൊഴിയുന്നതോ ''ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്.''

തീര്‍ഥാടകന്റെ നയനങ്ങള്‍ നനയുന്ന അപൂര്‍വ നിമിഷം. മനംമയക്കുന്ന ബഹുവര്‍ണക്കാഴ്ചകളില്‍നിന്നെല്ലാം മുക്തമായി തീര്‍ഥാടകന്റെ കണ്ണുകള്‍ കഅ്ബയുടെ കറുത്ത കില്ലയില്‍ പതിയുന്നു. സുവര്‍ണ സൂക്തങ്ങള്‍ കണ്ണില്‍ വര്‍ണരാജി തീര്‍ക്കുന്നു. വിശ്വപ്രകാശമഖിലം അടക്കിപ്പിടിച്ച ഹജറുല്‍ അസ്‌വദ് ചുംബിക്കണമെന്ന് അവന് ആഗ്രഹമുണ്ട്. സഹോദരന്റെ ദേഹത്ത് കുത്തി ഹജറുല്‍ അസ്‌വദ് മുത്താന്‍ മനസ്സ് സമ്മതിക്കുന്നില്ല. തന്റെ ശരീരത്തിലെ ഒരവയവം തന്നെയാണല്ലോ തന്റെ സഹോദരനും. അതിനാല്‍ തിക്കിത്തിരക്കാതെ ഹജറുല്‍ അസ്‌വദിനു നേരെ കൈകള്‍ ഉയര്‍ത്തി പ്രഖ്യാപിക്കുന്നു 'അല്ലാഹു അക്ബര്‍.' സമര്‍പ്പണത്തിന്റെ ത്വവാഫ് തുടങ്ങാനും തക്ബീര്‍ തന്നെ. അതാണല്ലോ ഭൂമിയില്‍ സദാ അലടയിക്കുന്ന മഹദ് വചനം.

ദൈവിക നിയമങ്ങളെ ശിരസ്സാവഹിക്കുന്ന അടിമയെപ്പോലെ സമ്പൂര്‍ണ വിധേയത്വത്തിന്റെ കേന്ദ്രബിന്ദുവില്‍ ആത്മാവിനെ വിളക്കിച്ചേര്‍ത്ത് മത്വാഫ് എന്ന ഭ്രമണപഥത്തില്‍ അവന്‍ കറങ്ങുന്നു. ഇവിടെയും അവനൊരു സമര്‍പ്പണ പ്രതിജ്ഞ പറയാനുണ്ട്. ''അല്ലാഹുവേ, നിന്നോടുള്ള വിശ്വാസം. നിന്റെ വേദഗ്രന്ഥത്തോടുള്ള അംഗീകാരം, നിന്നോടുള്ള കരാര്‍പാലനം, നിന്റെ പ്രവാചകന്‍ മുഹമ്മദ്(സ)യോടുള്ള അനുധാവനം.'' ഇതാണവന്റെ ആന്തരിക പ്രചോദനം. ത്വവാഫ് തുടങ്ങി, റുക്‌നുല്‍യമാനിക്കും ഹജറുല്‍അസ്‌വദിനുമിടയില്‍ ഒരാവശ്യം നാഥനോട് സ്വകാര്യമായി ചോദിക്കാനുണ്ട്. അതാണ് തീര്‍ഥാടകന്റെ എല്ലാമെല്ലാം. ''ഞങ്ങളുടെ നാഥാ നീ ഞങ്ങള്‍ക്ക് ഐഹിക ജീവിതത്തില്‍ നന്മചൊരിയേണമേ. പരലോകത്തും നന്മ വര്‍ഷിക്കേണമേ. നരക ശിക്ഷയില്‍നിന്ന് നീ ഞങ്ങളെ രക്ഷിക്കേണമേ.''

ഏഴ് പ്രാവശ്യമുള്ള ത്വവാഫിലൂടെ നാഥനെ ഉപാസിച്ചു. നബി ഇബ്‌റാഹീമിനെ അനുകരിച്ചു. മുഹമ്മദു റസൂലിനെ അനുസരിച്ചു. ഇനി കഅ്ബ പടുത്തുയര്‍ത്തിയ ഖലീലുല്ലാഹി ഇബ്‌റാഹീമിന്റെ പാദമുദ്ര എങ്ങനെ വിസ്മരിക്കാന്‍ കഴിയും! അല്ലാഹു തന്നെ പറയുന്നു: ''ഓര്‍ക്കുക ആ ഭവനത്തെ നാം മാനവതയുടെ മഹാസംഗമ സ്ഥാനമാക്കി: നിര്‍ഭയ സങ്കേതവും. ഇബ്‌റാഹീം നിന്ന ഇടം നിങ്ങള്‍ നമസ്‌കാര സ്ഥലമാക്കുക (അല്‍ബഖറ 125). മഖാമു ഇബ്‌റാഹീമില്‍ രണ്ടു റക്അത്ത് നമസ്‌കരിക്കുന്നു. രണ്ടു റക്അത്തുകളിലും ആവര്‍ത്തിത സപ്ത സൂക്തളടങ്ങുന്ന സൂറഃ അല്‍ഫാതിഹ ഓതണം. ഒപ്പം ഒന്നാമത്തെ റക്അത്തില്‍ സൂറഃ അല്‍കാഫിറൂന്‍ ഓതി ശിര്‍ക്കിനോടുള്ള വെറുപ്പും വിയോജിപ്പും പ്രകടിപ്പിക്കുന്നു. രണ്ടാമത്തെ റക്അത്തില്‍ സൂറഃ അല്‍ഇഖ്‌ലാസ്വ് പാരായണം ചെയ്ത് ഏകദൈവത്വം ഉദ്‌ഘോഷിക്കുന്നു. കഅ്ബയുടെ മുന്നില്‍നിന്ന് തന്നെ മിഅ്‌റാജ് പോയി കഅ്ബക്ക് മുന്നില്‍ തന്നെ തിരിച്ചെത്തിയിരിക്കുന്നു. ആത്മാവിന്റെ മിഅ്‌റാജാണല്ലോ സ്വലാത്ത്!

സഅ്‌യിലേക്ക് കുതിക്കുന്നതിനുമുമ്പെ ത്വവാഫിന്റെ കിതപ്പുള്ളവന്‍ സായൂജ്യത്തിന്റെ സംസം കുടിച്ചോട്ടെ. തുടര്‍ന്ന് ത്യാഗത്തിന്റെ ഹാജറയും ഇസ്മാഈലുമാകാന്‍ അവന്‍ സന്നദ്ധനാകുകയാണ്. ജ്ഞാനബോധമുള്ള ഹൃദയവും, സംസം കുടിച്ച് ശക്തിസംഭരിച്ച ശരീരവുമായി തീര്‍ഥാടകന്‍ സ്വഫയില്‍ നില്‍ക്കുന്നു. കഅ്ബയിലേക്ക് തിരിയുന്നു. പ്രാര്‍ഥനാ മന്ത്രങ്ങള്‍ അധരങ്ങളില്‍നിന്ന് അടര്‍ന്നുവീഴുന്നു. ''അല്ലാഹുവല്ലാതെ ഒരിലാഹുമില്ല. അല്ലാഹുവാണ് മഹാന്‍. അവന്‍ ഏകന്‍. അവന്ന് പങ്കുകാര്‍ ആരുമില്ല. സര്‍വാധിപത്യവും അവന്. സ്തുതികീര്‍ത്തനങ്ങളും അവന്ന്. അവന്‍ സര്‍വശക്തന്‍-അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അവന്‍ ഏകന്‍ മാത്രം. വാഗ്ദാനം നിറവേറ്റിയവന്‍. തന്റെ അടിമക്ക് സഹായം ചൊരിഞ്ഞവന്‍. ശത്രു സൈന്യത്തെ ഒറ്റക്ക് പരാജയപ്പെടുത്തിയവന്‍.'' തുടര്‍ന്ന് സ്വഫയില്‍ നിന്ന് മര്‍വയിലേക്ക് സഅ്‌യ് ആരംഭിക്കുന്നു. അല്ലാഹുവിന്റെ ഒരു ചിഹ്നത്തില്‍നിന്ന് അവന്റെ തന്നെ മറ്റൊരു ചിഹ്നത്തിലേക്കുള്ള പ്രയാണം. സഅ്‌യിന്റെ തുടക്കവും ഒടുക്കവും അല്ലാഹുവിന്റെ ചിഹ്നം തന്നെ! ഇബ്‌റാഹീം സമര്‍പ്പണത്തിന്റെ പര്യായമെങ്കില്‍ മഹതി ഹാജറ ത്യാഗത്തിന്റെ വീരാംഗന തന്നെ. ഏകത്വവും അധീശത്വവും സ്വഫയിലും മര്‍വയിലും പ്രഖ്യാപിച്ച് സപ്ത സഅ്‌യിന്നുശേഷം മര്‍വയില്‍നിന്ന് പുറത്തേക്ക്. അവശേഷിക്കുന്നത് തലമുണ്ഡനം മാത്രം. നാഥന് ശിരസ്സ് സമര്‍പ്പിക്കേണ്ടവന് ഇനിയെന്ത് കേശാലങ്കാരം! തല കൊടുക്കേണ്ടവന്‍ പ്രതീകാത്മകമായി മുടിയെങ്കിലും കൊടുത്തില്ലെങ്കില്‍ തീര്‍ഥാടകനെന്തു ത്യാഗി! അവനെന്തു പരിവ്രാജകന്‍!

തീര്‍ഥയാത്ര ഒരു പഠനയാത്ര

ഉംറ ഒരു പുണ്യയാത്ര തന്നെ. അല്ലാഹുവിനോടുള്ള വണക്കവും സമര്‍പ്പണവും ഉപാസനകളും ഏതാനും അനുഷ്ഠാനങ്ങളിലൂടെ പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു ആത്മീയ യാത്ര. ഒപ്പം അതൊരു പഠനയാത്ര കൂടിയാകണം. ആരാധനകള്‍ ഹൃദയത്തെ സ്വാധീനിക്കുന്ന ഓര്‍മകളായി നിറഞ്ഞ് നില്‍ക്കണം. അശാന്തിനിറഞ്ഞ, അപരിഷ്‌കൃതമായ ഇരുട്ട് നിറഞ്ഞ ഒരു ലോകത്ത് നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും മുമ്പെ ഹറമുകള്‍ സൃഷ്ടിച്ച ഇബ്‌റാഹീം നബി(അ)യുടെയും മുഹമ്മദ് നബി(സ)യുടെയും ജീവിതം. അവരോടൊപ്പം പീഡനങ്ങള്‍ ഏറ്റുവാങ്ങിയും പ്രതിസന്ധികള്‍ സഹിച്ചും സഹനത്തോടെ നിലയുറപ്പിച്ച ഒരു കുടുംബം. ഈ കഅ്ബക്കും മക്കക്കും മദീനക്കും മസ്ജിദുന്നബവിക്കും പിന്നില്‍ തങ്കലിപികളിലെഴുതിയ എത്രയെത്ര ചരിത്രപാഠങ്ങളുണ്ട്! കുളിര് പകരുന്ന ആധുനിക ഹറമിന്റെ സുഖശീതളാവസ്ഥയില്‍ വെളുത്ത മാര്‍ബിള്‍ തറയില്‍ സുജൂദില്‍ വീഴുമ്പോള്‍, ചീഞ്ഞളിഞ്ഞ കുടല്‍മാല പേറി എഴുന്നേല്‍ക്കാന്‍ പറ്റാതെ സുജൂദില്‍ കിടന്ന മുഹമ്മദ് നബിയെ ഓര്‍മ വരണം. ലക്ഷ്വറി ഹോട്ടലിലെ പൂണ്ട് പോകുന്ന ബെഡില്‍ കിടന്ന്, നിലാവില്‍ കുളിച്ച ഹറം കാണുമ്പോള്‍ പച്ചില തിന്ന് ശിഅബ് അബീത്വാലിബില്‍ കഴിഞ്ഞ നബി കുടുംബത്തെ മറന്ന് പോകരുത്.

പടച്ചവന്റെ അതിഥിയായെത്തിയ തീര്‍ഥാടകന് മധുര മനോഹര ഫലങ്ങള്‍ വിതരണം ചെയ്യപ്പെടുമ്പോള്‍ ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനയുടെ ഉത്തരമാണതെന്ന് തിരിച്ചറിയണം. ശീതീകരിച്ച മസ്അയില്‍ തണുപ്പിച്ച സംസം കുടിച്ച് വെളുത്ത മാര്‍ബിള്‍ തറയില്‍ സഅ്‌യ് ചെയ്യുമ്പോള്‍ കരിമ്പാറക്കെട്ടിലെ ഹാജറയുടെ പാദ നൊമ്പരം വിശ്വാസിക്ക് ഹൃദയനൊമ്പരമാകണം. പ്രകൃതിരമണീയവും സസ്യശ്യാമളവുമായ പ്രദേശങ്ങളിലൂടെ കടന്ന്‌വന്നിട്ടും ഇബ്‌റാഹീം നബി(അ) കരിമ്പാറകള്‍ മാത്രം നിറഞ്ഞ ഫലശൂന്യമായ മക്ക തെരഞ്ഞെടുത്തതിലെ ത്യാഗ മനസ്സ് വായിച്ചെടുക്കണം. രക്തസാക്ഷിത്വത്തിന്റെ ബലിത്തറയില്‍ ജീവന്‍ സമര്‍പ്പിച്ച സുമയ്യ, അമ്മാര്‍, യാസിര്‍(റ) എന്നിവരുടെ ചുടുനിശ്വാസങ്ങള്‍ ഹറമിലെ തെന്നലായ് അടിച്ച് വീശണം. ഉമയ്യത്തുബ്‌നു ഖലഫിന്റെ അടിമപ്പാളയത്തിലെ വിലാപം വിമോചന ഭവനമായ കഅ്ബക്ക് മുകളിലെ ബാങ്കൊലിയായി മാറ്റിയ ബിലാല്‍ ശുഭപ്രതീക്ഷയുടെ പ്രതീകമാകണം.

ഹിറാ ഗുഹയിലെ ഏകാന്ത ഭജനം. സൗര്‍ ഗുഹയിലെ വൈകാരിക വാസം. അഗ്നിപരീക്ഷണങ്ങള്‍ അതിജീവിച്ച ഹിജ്‌റ. കണ്ണീരും പുഞ്ചിരിയും ചാലിച്ചൊരുക്കിയ മസ്ജിദുന്നബവി. സ്വര്‍ഗപൂങ്കാവനം പോലെ റൗദ. വിജയഭേരി മുഴങ്ങിയ ബദ്ര്‍. ഹംസ(റ)യുടെയും മിസ്അബി(റ)ന്റെയും രക്തത്താല്‍ ചുവന്ന ഉഹ്ദ്. ഉദരത്തില്‍ കല്ല് കെട്ടി ത്യാഗവും അധ്വാനവും പരീക്ഷിക്കപ്പെട്ട അഹ്‌സാബ് (ഖന്‍ദഖ്). ഇസ്‌ലാമിക ലോകത്തിന് നേതൃത്വം നഷ്ടപ്പെട്ട, വിലാപം തളംകെട്ടിയ സഖീഫ ബനീ സാഇദ. പാദങ്ങളില്‍ തീപ്പൊരി പടര്‍ത്തി കുതിച്ചോടിയ സ്വഹാബികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ബഖീഉല്‍ മര്‍ഖദ്. ചരിത്ര പുരുഷന്മാര്‍ അവശേഷിപ്പിച്ച പൈതൃകങ്ങള്‍ കഥ പറയുന്ന മക്കയിലെയും മദീനയിലെയും മ്യൂസിയങ്ങള്‍. അറഫ തിരിച്ചറിവാകണം. മിന പിശാചിനെതിരെ പ്രതിരോധം തീര്‍ക്കണം. മുസ്ദലിഫ പുത്തനുണര്‍വിന്റെ വിശ്രമ സ്ഥാനമാകണം. പ്രവാചക ജീവിതത്തിലെ ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയായ പുണ്യപ്രദേശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദൈവിക ഭവനങ്ങള്‍ക്ക് പിന്നിലെ ചരിത്രങ്ങള്‍ അയവിറക്കണം.... ഒപ്പം ഗതകാല സമൂഹം ആദര്‍ശത്തിനുവേണ്ടി ബലികഴിച്ച ജീവനും ജീവിതവും ഹൃദയത്തിന്റെ അഗാധ തലങ്ങളെ സ്വാധീനിക്കണം. ഇബാദത്തുകളുടെ മഹത്വവും കര്‍മങ്ങളുടെ ചൈതന്യവും പ്രബോധന പാതയിലെ സഹന ചരിത്രങ്ങളും പ്രതിരോധ ഭൂമിയിലെ ത്യാഗോജ്വല സമരങ്ങളും ഹജ്ജിന്റെ സ്ഥലങ്ങള്‍ നല്‍കുന്ന ചരിത്ര പാഠങ്ങളും മനസ്സിലും മസ്തിഷ്‌കത്തിലും സ്വീകരിച്ച്, കാലം തേടുന്ന പ്രബോധക സംഘമായി മടങ്ങിവരണം. അതിനു ഉംറ തീര്‍ഥാടനം കഴിവതും ഇസ്‌ലാമിക നവോത്ഥാന സമൂഹത്തെ സജ്ജമാക്കുന്ന ആദര്‍ശ സംഘത്തോടൊപ്പമാകണം. അപ്പോഴാണ് ഉംറ തീര്‍ഥാടനം ആദര്‍ശ സാര്‍ഥകമായിത്തീരുന്നതും ആദര്‍ശ സമൂഹത്തിന് ജന്മം നല്‍കുന്നതും.

തീര്‍ഥാടനത്തിന് ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. വിദൂര ദിക്കുകളില്‍നിന്ന് ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകപ്പുറത്തും നിന്റെയടുത്തെത്തിച്ചേരും. അവിടെ അവര്‍ തങ്ങള്‍ക്കുപകരിക്കുന്ന രംഗങ്ങളില്‍ സാക്ഷികളാകാന്‍ വേണ്ടി (ഹജ്ജ് 27,28). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /107, 108
എ.വൈ.ആര്‍