Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 13

'ദൈവത്തിന്റെ കണക്കുപുസ്തകം'

ആദിത്യന്‍ കാതിക്കോട്

'ദൈവത്തിന്റെ 
കണക്കുപുസ്തകം'

ദൈവത്തിന് അങ്ങിനെയൊന്നുമില്ല
നമ്മുടെ കണക്കുകൂട്ടല്‍ പോലെ
ഒന്ന്, രണ്ട്, മൂന്ന്, പിന്നെ നാല്
തുടര്‍ന്ന് പത്ത് വരെ ക്രമത്തില്‍
ദൈവത്തിന് അങ്ങനെയൊന്നുമില്ല
ജനനത്തിലെ കണിശത, മരണത്തില്‍
മുത്തഛന്‍ കിടക്കും മാസങ്ങളോളം
ചിലപ്പോള്‍ വര്‍ഷങ്ങള്‍
തുള്ളിവെള്ളമിറക്കാതെ, വായുകിട്ടാതെ
വായപിളര്‍ന്ന്, ഒന്ന് കഴിഞ്ഞുകിട്ടാന്‍
കട്ടിലൊന്നൊഴിഞ്ഞുകിട്ടാന്‍
ചുറ്റും ഉറ്റോരും, ഉടയോരും
ആകാംക്ഷയോടെ നിന്നും, ഇരുന്നും
അങ്ങിനെ ഒരു ദിനത്തിലാണ്
പേരക്കുട്ടികളിലൊരുവന്‍ ടിപ്പറിനടിയിലേക്ക്
ബൈക്കോടിച്ച് കയറ്റിയൊടുങ്ങുക
കാവില്‍ വിളക്ക് വെക്കാന്‍ പോയ ചെറുമകള്‍
പാമ്പുകടിയേറ്റ് നീലിക്കുക
മകന്റെ മരുമകള്‍ ചാപ്പിള്ളയെ പെറുക
മകളുടെ നാലാമത്തെ ആണ്‍തരി
ഗള്‍ഫില്‍ ഉറക്കത്തില്‍ മരിച്ച്, മരവിച്ച്
നാലാം നാള്‍ തിരികെ വരിക
അകത്ത് മുത്തഛന്‍ മരിക്കാന്‍ കഷ്ടപ്പെടുകയാവും
വായു കിട്ടാതെ വായ പിളര്‍ന്ന്, തളര്‍ന്ന്
മുത്തശ്ശി ഈലോകം തന്നെ മറന്ന്
പിറുപിറുത്ത് ഒരു മൂലയില്‍
ചുരുണ്ടുകിടക്കുന്നുണ്ടാകും.
ആദ്യം വന്നവര്‍ ആദ്യം പോവുക എന്നൊരു കണക്ക്
നമ്മുടെ കണക്കുകൂട്ടല്‍ പോലെ ഒരു കണക്ക്.
ദൈവത്തിന് അങ്ങിനെയൊന്നുമില്ല.  

ആദിത്യന്‍ കാതിക്കോട്

 

അലച്ചില്‍

ഒരു മരം
ഗര്‍ഭത്തില്‍ വഹിപ്പതൊരു
കാടിനെ.
ശിഖരമൊരു
തണലിന്നാത്മാവിനെ.
ഇലയൊരു
കുളിരിന്നാര്‍ദ്രതയെ.
കാണ്ഡമൊ
രലിവിന്നാഴത്തെ.
വേരോ
എന്നും അലച്ചിലിലാണ്;
അന്നം തേടിയുള്ള. 

സി.എ മജീദ

 

മനുഷ്യന്‍ 
അവന്‍ മാത്രം

ചെയ്ത തെറ്റുകളില്‍ പരിതപിച്ച്
കടല്‍ തലതല്ലിക്കരയുന്നു,
പാറക്കൂട്ടത്തില്‍ ആകാശം
എടുത്തു ചാടുന്നു,
കടലിന്നാഴങ്ങളില്‍
ഭൂമി നെഞ്ചു പിളര്‍ക്കുന്നു,
തെറ്റിന്‍ തേരിലേറിയ
മനുഷ്യന്‍
കടല്‍ക്കരയില്‍ കടല കൊറിച്ചും
ആകാശത്ത് പാറിപ്പറന്നും
ഭൂമിക്കുമേല്‍ ചാടിമറിഞ്ഞും
പിന്നെയും... പിന്നെയും.... 

ഹുസ്‌ന അമീന്‍, 

മലപ്പുറം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /107, 108
എ.വൈ.ആര്‍