'ഇസ്‌ലാമിക് സ്റ്റേറ്റി'ന്റെ പിന്നില്‍

ഐ.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് ലാവന്റ്' എന്ന ജിഹാദി സൈനിക പ്രതിഭാസത്തിന്റെ പൊടുന്നനെയുള്ള ഉദയത്തിന് ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ ലളിത വ്യാഖ്യാനം നല്‍കപ്പെടുന്നുണ്ട്. ശരീഅത്തും ഖിലാഫത്തും സ്ഥാപിക്കുകയാണ് ഈ സംഘത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. അല്‍ഖാഇദയുടെ മേലാടയില്‍ നിന്ന് പുറത്തിറങ്ങിയ ഈ സംഘം തീവ്രവാദത്തിലും ക്രൂരതയിലും അതിനെ കടത്തിവെട്ടുന്നു. 2004-ല്‍ ഇറാഖില്‍ രൂപം കൊണ്ട 'ജമാഅത്തുത്തൗഹീദ് വല്‍ ജിഹാദാ'ണ് ഇതിന്റെ തുടക്കം. അമേരിക്കന്‍ അധിനിവേശവിരുദ്ധ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളിലൊന്നായിരുന്നു അത്. അല്‍ഖാഇദയോട് ചേര്‍ന്നായിരുന്നു അന്ന് അതിന്റെ പ്രവര്‍ത്തനമെങ്കിലും ഉസാമാ ബിന്‍ ലാദിന്‍ കൊല്ലപ്പെട്ട ശേഷം സ്വതന്ത്രമായി. അബൂബക്കര്‍ അല്‍ ബഗ്ദാദി എന്ന പേരില്‍ പ്രസ്ഥാനത്തിനകത്ത് അറിയപ്പെടുന്ന അതിന്റെ പുതിയ നേതാവ്, ഉസാമയുടെ പിന്‍ഗാമിയായി ഐമന്‍ സവാഹിരിയെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഈ പുതിയ സംഭവവികാസത്തോടെ കിഴക്കന്‍ അറേബ്യയില്‍ അല്‍ഖാഇദയുടെ പ്രഭാവം മങ്ങി. സിറിയയില്‍ പോരാട്ടം നടത്തുകയും അവിടെ ഐ.എസിനോട് മത്സരിക്കുകയും ചെയ്യുന്ന 'നുസ്‌റ മുന്നണി' (ജബ്ഹത്തുന്നുസ്‌റ)ക്ക് മാത്രമായി അല്‍ഖാഇദയുടെ പ്രതിനിധാനം. രണ്ടു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണത് എത്തിച്ചത്.
ഖിലാഫത്ത് രാഷ്ട്രം സ്ഥാപിതമായി എന്ന അവകാശവാദത്തില്‍ അബൂബക്കര്‍ ബഗ്ദാദി മന്ത്രിമാരെയും ഗവര്‍ണര്‍മാരെയും നിയമിക്കുകയുണ്ടായി. അതിര്‍ത്തികള്‍ വ്യാപിപ്പിക്കുകയും ക്രിമിനല്‍ ശിക്ഷകള്‍ നടപ്പിലാക്കുകയും എതിരാളികളെ ജയിലിലിട്ടു പീഡിപ്പിക്കുകയും ചെയ്യലാണ് അയാളുടെ പ്രധാന ജോലി. ശിഈ വിരോധികളായ ഈ സുന്നീ സംഘം ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും അവരുടെ നിലനില്‍പിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
ആയുധ സ്രോതസ്സ്
ഏതാണ് അവരുടെ ആയുധ സ്രോതസ്സ്? ആരാണ് അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത്? ഇതൊക്കെ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ബഗ്ദാദിയുടെ അനുയായികളുടെ എണ്ണത്തെ സംബന്ധിച്ചും തിട്ടമില്ല. ഇറാഖില്‍ അയാളുടെ കീഴില്‍ പതിനായിരക്കണക്കിലും സിറിയയില്‍ ഏഴായിരത്തിനും എണ്ണായിരത്തിനുമിടയിലും പോരാളികളുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം മേയ് 30-ന് ലിമോന്തെ റിപ്പോര്‍ട്ട് ചെയ്തത്.
ഇറാഖിലെ രണ്ടാമത്തെ നഗരമായ മൂസിലും സിറിയക്ക് സമീപസ്ഥമായ നീനവാ ഗവര്‍ണറേറ്റ് കേന്ദ്രവും പിടിച്ചടക്കിയ ഐ.എസ് തങ്ങളുടെ അധികാരം സ്വലാഹുദ്ദീന്‍, കര്‍കൂക് എന്നീ ഗവര്‍ണറേറ്റുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയുണ്ടായി. ഇതിന് സമാന്തരമായി സിറിയയിലും അവര്‍ ദീറുസ്സൂര്‍, റിഖ എന്നീ ഗവര്‍ണറേറ്റുകള്‍ കൂടി പിടിച്ചടക്കി ഹസക്കക്ക് സമീപം പെട്രോള്‍ ഉല്‍പാദനം തുടങ്ങുകയും ചെയ്തു. മൂസിലിന്റെ ശീഘ്രപതനം ഞെട്ടിക്കുന്നതായിരുന്നു. ഇറാഖി സൈന്യവും പോലീസും ആയുധം ഉപേക്ഷിച്ച് അവിടെ നിന്ന് ഓടിപ്പോവുകയാണുണ്ടായത്. യൂനിഫോം ഊരിയെറിഞ്ഞ അവര്‍ ജനക്കൂട്ടത്തില്‍ മറഞ്ഞു. അമേരിക്കക്കാരില്‍ നിന്ന് പരിശീലനം നേടിയവരാണവര്‍ എന്ന് ഓര്‍ക്കണം. പക്ഷേ, അവരുടെ ശക്തി മുഴുവന്‍ ചോര്‍ന്നുപോയി. ഇതിന് തൃപ്തികരമായ ന്യായീകരണം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുകയാണ്.
ഒരു വെടിക്ക് രണ്ടു പക്ഷികള്‍?
ഗൂഢാലോചനാ സിദ്ധാന്തം പ്രഹേളികയുടെ എളുപ്പ പരിഹാരമാകാം. ഐ.എസ് മുന്നേറ്റം ആവശ്യവും അഭികാമ്യവുമാണെന്നാണ് അതിന്റെ താല്‍പര്യം. മൂസിലില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ പിന്മാറ്റം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇതിലൂടെ വ്യാഖ്യാനിക്കാം. ഒരു വെടിക്ക് രണ്ട് പക്ഷികളെ വീഴ്ത്താം എന്നതാണ് അതിന്റെ നേട്ടം. ഐ.എസിന്റെ ഭീകരവും അരോചകവുമായ മുഖം ദമസ്‌കസിലെയും സിറിയയിലെയും ഭരണകൂടങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ഈ രണ്ട് ഭരണകൂടങ്ങളും തകര്‍ന്നാല്‍ അതിനേക്കാള്‍ ഗര്‍ഹണീയമായ ഒരു ഭരണകൂടമാണ് വരാന്‍ പോകുന്നതെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഐ.എസ് സാന്നിധ്യത്തിലൂടെ സാധിക്കും. ഐ.എസിന് ഇസ്‌ലാമിക മുഖം നല്‍കിക്കൊണ്ട് അറബ് വസന്തത്തിലൂടെ രംഗത്ത് വന്ന ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ശക്തമായ എതിര്‍ വികാരം സൃഷ്ടിച്ചെടുക്കുകയും ചെയ്യാം. അതാണ് പല തല്‍പരകക്ഷികളും ഉന്നം വെക്കുന്ന രണ്ടാമത്തെ പക്ഷി.
മറ്റൊരു വീക്ഷണം
എന്നാല്‍ ഗൂഢാലോചനാ സിദ്ധാന്തത്തെ അപ്രസക്തമാക്കുന്ന മറ്റൊരു വീക്ഷണവുമുണ്ട്. മൂസിലില്‍ സ്ഥിതിഗതികളുടെ തകര്‍ച്ചക്ക് വസ്തുനിഷ്ഠ കാരണങ്ങളുണ്ടെന്നാണ് ഈ വീക്ഷണത്തിന്റെ വക്താക്കള്‍ പറയുന്നത്. ഇറാഖി സേന ആറു മാസത്തോളമായി വന്‍ ആള്‍ നഷ്ടം നേരിടുകയായിരുന്നുവത്രേ. എന്നിട്ടും ബഗ്ദാദില്‍ നിന്ന് അവര്‍ക്ക് ഒരു സഹായവും ലഭിച്ചില്ല. അത് അവരുടെ മനോവീര്യം കെടുത്തുകയും പിന്മാറ്റത്തില്‍ കലാശിക്കുകയും ചെയ്തു. മാലികീ ഭരണകൂടത്തോട് എതിര്‍പ്പുള്ള സുന്നീ ഗോത്രങ്ങളുടെ അനുഭാവവും ഐ.എസിന് ലഭിച്ചു.
ഐ.എസ് നേതൃത്വത്തിലുള്ള ഒരു സുന്നീ രാഷ്ട്രം ആപത്കരമായി കാണുന്നവരാണ് ഈ വീക്ഷാഗതിക്കാര്‍. ഐ.എസ് മുന്നേറ്റത്തില്‍ ബഅ്‌സ് ഘടകങ്ങളും പഴയ സദ്ദാം സൈനിക ഓഫീസര്‍മാരും വഹിച്ച പങ്കും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സിറിയയിലെ ഐ.എസ് സുസജ്ജമല്ലെന്നാണ് ഇവരുടെ അഭിപ്രായം. രണ്ടു തലത്തില്‍ സിറിയന്‍ ഭരണകൂടത്തിന് അവര്‍ പ്രയോജനകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷങ്ങളടക്കം ജനം അസദ് ഭരണകൂടത്തിന് ചുറ്റും കൂടാന്‍ അത് പ്രേരകമാകും എന്നതാണ് ഒന്ന്. രണ്ടാമതായി, നുസ്‌റ മുന്നണിയുമായുള്ള ഐ.എസിന്റെ ഏറ്റുമുട്ടല്‍ ഉഭയ വിഭാഗങ്ങളുടെയും ശക്തിക്ഷയത്തില്‍ കലാശിക്കുകയും ചെയ്യും.
ആരാണ് ഐ.എസിന്റെ പിന്നില്‍
ആരാണ് ഐ.എസിന്റെ പിന്നിലെന്ന ചോദ്യം അപ്പോഴും അവശേഷിക്കുകയാണ്. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മേല്‍ ഐ.എസ്സിനെ അടിച്ചേല്‍പിച്ചതാരാണ്? അതിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇറാഖ്-സിറിയന്‍ അതിര്‍ത്തികള്‍ കടന്ന് യൂറോപ്പിലേക്കും ആസ്‌ത്രേലിയയിലേക്കും വരെ വ്യാപിക്കുമ്പോള്‍ മനസ്സിനെ അലട്ടുന്ന ചോദ്യമാണിത്. ലോകത്തെവിടെയെങ്കിലും എന്തെങ്കിലും സംഭവിക്കുമ്പോള്‍ ഐ.എസ്സിന്റെ രക്തപങ്കിലമായ കൈകളിലേക്കാണ് വിരല്‍ ചൂണ്ടപ്പെടുന്നത്. ബദ്‌റുല്‍ ഇസ്‌ലാമിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിക്കാന്‍ ദഖ്ഹലിയയില്‍ നടന്ന വിലാപ യാത്രയില്‍ അമ്പതിനായിരം പേര്‍ പങ്കെടുത്തു എന്ന് അല്‍ അഹ്‌റാം അച്ചു നിരത്തിയപ്പോള്‍ സംഭവിച്ചത് അതാണ്. ഐ.എസ്സിന്റെയോ, ചുരുങ്ങിയത് ഇഖ്‌വാന്റെയോ ആക്രമണത്തിന്റെ ഇരകള്‍ എന്നാണ് ശീര്‍ഷകം വായിച്ചവര്‍ക്ക് തോന്നിയത്. വാസ്തവത്തില്‍ 'ബദ്‌റുല്‍ ഇസ്‌ലാം' എന്ന ഒരു ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയതാണ് സംഭവം.
ശരിയാണ്, ഐ.എസ്സില്‍ ആരോപിക്കപ്പെടുന്ന ചിലതില്‍ അതിശയോക്തികളും വ്യാജോക്തികളുമുണ്ട്. പക്ഷേ, അവരുടെ ദുഷ്‌ക്കീര്‍ത്തിക്ക് അത് ന്യായീകരണമാകുന്നില്ല. തീയില്ലാതെ പുകയുണ്ടാകില്ലല്ലോ. ഐ.എസ്സിന്റെ ചെയ്തികള്‍ തന്നെയാണ് അതിന് കാരണം. ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പത്തെയും ഖിലാഫത്തിനെയും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന സത്യസാക്ഷ്യ വചനത്തെ തന്നെയും അത് പങ്കിലമാക്കുകയും നിന്ദിക്കുകയും ചെയ്തിരിക്കുന്നു. തലവെട്ടുകയും സ്ത്രീകളെ പിടികൂടി അടിമകളാക്കുകയും പ്രതിയോഗികളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന കൊടും ഭീകരതയുടെ പര്യായമായി, സത്യസാക്ഷ്യവചനത്തെ തെറ്റിദ്ധരിക്കുന്ന പതനത്തോളം സ്ഥിതിഗതികള്‍ എത്തിയിരിക്കുന്നു. അറബ് ലോകത്തിന് പുറത്തുള്ള മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം സൃഷ്ടിക്കാനും ഐ.എസ് ചെയ്തികള്‍ കാരണമായിരിക്കുകയാണ്. മുസ്‌ലിംകളെ നാടുകടത്തണമെന്ന യൂറോപ്പിലെ വലതുപക്ഷ ഫാഷിസ്റ്റ് കക്ഷികളുടെ ആവശ്യത്തിന് ശക്തമായ ന്യായം ഒരുക്കിക്കൊടുക്കുകയാണവര്‍. ഐ.എസ്സിന്റെ ഖിലാഫത്ത് പദ്ധതിയെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്ന സാക്ഷ്യങ്ങളാണ് ഇവയൊക്കെ. ഇറാഖിലെ മാലികീ വിഭാഗീയ ഭരണകൂടത്തിന്റെ പീഡനങ്ങള്‍ക്കെതിരെയുള്ള സുന്നികളുടെ രോഷപ്രകടനത്തിന്റെ സൃഷ്ടിയാണ് ഈ സംഘടന എന്ന് പറയുന്നതിനെ ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍, ഇറാഖിലെയും സിറിയയിലെയും ന്യൂനപക്ഷങ്ങളുടെ നേരെ അവര്‍ അഴിച്ചുവിടുന്ന കൊടും ക്രൂരതകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും അത് മാപ്പ് നല്‍കുന്നില്ല.
ഐ.എസ്സിന്റെ പിന്നില്‍ സിറിയ തന്നെയാകാം എന്ന് മുമ്പ് ഞാന്‍ സൂചിപ്പിച്ചിരുന്നു. തങ്ങള്‍ വീണാല്‍ അതിനേക്കാള്‍ വലിയ ഭീകരരാണ് രംഗത്ത് വരിക എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് അസദ് ഭരണകൂടത്തിന്റെ ഉന്നമെന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍. എന്നാല്‍, തെളിവൊന്നുമില്ലാത്ത കേവലമൊരു നിഗമനമായിരുന്നു ഇത്. കഴിഞ്ഞ ഡിസംബര്‍ 12-ന് ലണ്ടനിലെ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ എന്റെ നിഗമനത്തെ സാധൂകരിക്കുന്ന ഒരു തെളിവ് ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. സിറിയന്‍ ഇന്റലിജന്‍സ് ഐ.എസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അജ്ഞരായിരുന്നില്ല എന്നാണ് മധ്യപൗരസ്ത്യ ദേശകാര്യ വിദഗ്ധനായ മാര്‍ട്ടിന്‍ ഗോലോവ് ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയിരിക്കുന്നത്. മുമ്പേ അടുത്ത ബന്ധമുണ്ടായിരുന്ന ഐ.എസ് നേതൃത്വത്തിലെ തന്നെ അഭിജ്ഞ വൃത്തത്തെ ഉദ്ധരിച്ചാണ് മാര്‍ട്ടിന്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സിറിയന്‍ ഇന്റലിജന്‍സും ഐ.എസ്സും തമ്മിലുള്ള സമ്പര്‍ക്കത്തിന് ഇടനിലക്കാരായി നിന്നത് സദ്ദാമിന്റെ ബഅ്‌സ് പട്ടാള ഓഫീസര്‍മാരായിരുന്നുവത്രേ. ദക്ഷിണ ഇറാഖിലെ ബൂക്കാ ജയിലില്‍ സഹതടവുകാരായിരുന്ന ഈ ഓഫീസര്‍മാരാണ് സിറിയയിലെ തങ്ങളുടെ കൂട്ടുകാരായ ബഅ്‌സ് സൈനിക ഓഫീസര്‍മാരുമായി ഐ.എസ്സിനെ ബന്ധപ്പെടുത്തിക്കൊടുത്തത്. 2009-ല്‍ ദമസ്‌കസിന് സമീപം സബ്ദാനി മേഖലയില്‍ സിറിയന്‍ ഇന്റലിജന്‍സ് പ്രതിനിധികളും, സിറിയയില്‍ അഭയം പ്രാപിച്ച ഈ മുന്‍ ഇറാഖീ ബഅ്‌സ് നേതാക്കളും പങ്കെടുത്ത രണ്ട് രഹസ്യ സമ്മേളനങ്ങളെക്കുറിച്ച് അബൂ അഹ്മദ് എന്ന വ്യാജ നാമം സ്വീകരിച്ച ഒരു ഐ.എസ് നേതാവ് തന്നോട് പറഞ്ഞതായി ഗാര്‍ഡിയന്‍ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സിറിയന്‍ ഇന്റലിജന്‍സും ഇറാഖിനകത്തെ സംഘടനയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായിരുന്നു ഈ രണ്ട് സമ്മേളനങ്ങളും. അല്‍ഖാഇദയുടെ ചിത്രം പെരുപ്പിച്ച് കാണിക്കുന്നതിലും അതിന്റെ ഓപ്പറേഷനുകള്‍ വിപുലപ്പെടുത്തുന്നതിലും ഈ സമ്മേളനങ്ങള്‍ക്ക് പങ്കുണ്ടായിരുന്നു. സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇത് സഹായകമായി. സിറിയന്‍ ഭരണകൂടത്തിന്റെ ആസൂത്രണം വിജയിച്ചു. അവരുടെ നിലനില്‍പ് ഉറപ്പിക്കാനായി. മേഖലയില്‍ ഇതു മൂലമുണ്ടായ ദുരന്തങ്ങളൊന്നും അവര്‍ക്ക് പ്രശ്‌നമായില്ല.
പ്രാദേശിക നിര്‍മിതി
ഐ.എസ് വിനയുടെ പ്രഭവ കേന്ദ്രം നിര്‍ണയിക്കാതെ ആ പ്രതിഭാസം മനസ്സിലാക്കാനോ അതിനെ നേരിടാനോ നമുക്ക് സാധിച്ചെന്ന് വരില്ല. തദ്‌സംബന്ധമായി വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ച കാരണം അതായിരുന്നു. ആ വീക്ഷണങ്ങളില്‍ മിക്കതും -ചുരുങ്ങിയത് ഈജിപ്തിലെങ്കിലും- വിദേശ കരങ്ങളിലേക്ക് സൂചന നല്‍കുന്നു എന്നതാണ് എന്റെ ശ്രദ്ധയാകര്‍ഷിച്ച ഒരു ഘടകം. ഇത്തരം അവസ്ഥകളില്‍ ഇസ്രയേലിലേക്ക് വിരല്‍ ചൂണ്ടുക ഒരു പതിവാണ്. അതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുളളൂ. അതിവിടെ പരത്തിപ്പറയേണ്ട ആവശ്യമില്ല. എന്നാല്‍, ഇത്തവണ ഈജിപ്ഷ്യന്‍ മാധ്യമ വ്യാഖ്യാനങ്ങളധികവും രാജ്യത്തെ രാഷ്ട്രീയ ഗതിക്കനുസരിച്ചാണെന്നതാണ് ശ്രദ്ധേയമായ ഒരു സംഗതി. പലരും അമേരിക്കന്‍ പങ്കിനെപ്പറ്റി പറഞ്ഞപ്പോള്‍ ഇസ്രയേലി പങ്കിനെപ്പറ്റിയുള്ള വര്‍ത്തമാനം വിരളമായിരുന്നു. ഈജിപ്ഷ്യന്‍ മാധ്യമങ്ങളുടെ ആക്രമണത്തിന്റെ സിംഹഭാഗവും അമേരിക്കയുടെ നേര്‍ക്കായിരുന്നു. അത് യാദൃഛികമാണോ അല്ലേ എന്നൊന്നും പറയാനാകില്ല.
ഡോ. ജലാല്‍ അമീന്‍ ഈയിടെ അല്‍ അഹ്‌റാമില്‍ (ലക്കം 2/23) എഴുതിയതാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. മുന്‍ചൊന്ന നിലപാട് തന്നെയാണ് അദ്ദേഹത്തിന്റേതെങ്കിലും അത് ഏറക്കുറെ സന്തുലിതമായിരുന്നു. 'അതൊരു പ്രാദേശിക നിര്‍മിതിയല്ല' എന്നു പറയാന്‍ ആദ്യമേ അദ്ദേഹം ഒട്ടും മടിച്ചില്ല. 'വിദേശ നിര്‍മിതി തന്നെയാണത്; ഏത് വിദേശകരം എന്ന് തിട്ടപ്പെടുത്താന്‍ എനിക്ക് സാധ്യമല്ലെങ്കിലും'- ഇങ്ങനെയാണ് അദ്ദേഹം എഴുതിയത്.
ചര്‍ച്ചക്ക് മുന്നോടിയായി രണ്ട് നിരീക്ഷണങ്ങള്‍ ഞാന്‍ പങ്കുവെക്കട്ടെ:
1. സാമൂഹിക പ്രതിഭാസങ്ങളെ ഒറ്റക്കാരണത്തിലേക്ക് ചുരുക്കിക്കെട്ടിയാല്‍ നമുക്ക് അബദ്ധം പിണയും. എന്തുകൊണ്ടെന്നാല്‍ മനുഷ്യ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്നതില്‍ നിരവധി ഘടകങ്ങളുണ്ടാകാം. ചിലത് പൈതൃകമായിട്ടുള്ള തനത് ഘടകങ്ങള്‍. ചിലത് ആര്‍ജിത ഘടകങ്ങള്‍. ഇനിയും ചിലത് രാഷ്ട്രീയ സാഹചര്യങ്ങളില്‍ വികസിക്കുന്ന മാറ്റങ്ങളും ഘടകങ്ങളും.
തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന, അല്ലെങ്കില്‍ വിരളമായ നിര്‍ബന്ധിതാവസ്ഥയുടെ ഘടകങ്ങളും ഇതോടു ചേര്‍ത്ത് പറയാവുന്നതാണ്. ഇത്തരം പ്രതിഭാസങ്ങളില്‍ പ്രാദേശിക ഘടകങ്ങള്‍ക്കും പങ്കുണ്ടാവാമെന്നര്‍ഥം. മേഖലാപരമായ മറ്റു ഘടകങ്ങള്‍ അതിനെ സ്വീകാര്യക്ഷമമാക്കും. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി അതില്‍ നിന്ന് മുതലെടുക്കാന്‍ വിദേശശക്തികളും ശ്രമിക്കും. മാത്രമല്ല, നമ്മെ അസ്വസ്ഥപ്പെടുത്തുകയും നമ്മില്‍ അരോചകത്വം സൃഷ്ടിക്കുകയും ചെയ്യുന്നതായി നാം കാണുന്ന ഈ വിനകള്‍ മറ്റു ചില പ്രാദേശിക വിഭാഗങ്ങള്‍ക്ക് സൗജന്യ സമ്മാനമായി ലഭിക്കുന്നതായും ചിലപ്പോള്‍ തോന്നാം. അത് ഭീകരാവസ്ഥ പൂണ്ട് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുമ്പോള്‍ തങ്ങളുടെ അടിച്ചമര്‍ത്തല്‍ നടപടികളെ ന്യായീകരിക്കാനും ഇതര മേഖലകളിലുള്ള സ്വന്തം പരാജയം മൂടിവെക്കാനും ഈ പ്രാദേശിക വിഭാഗങ്ങള്‍ അതിനെ ദുരുപയോഗം ചെയ്യും.
2. പാശ്ചാത്യ രാജ്യങ്ങള്‍, മുഖ്യമായും അമേരിക്ക നമ്മുടെ ഗുണകാംക്ഷികളല്ലായിരിക്കാം. എന്നാല്‍, നമുക്കെതിരെ ഉപജാപം നടത്താന്‍ മാത്രം നിര്‍ബന്ധിതമായ ഒരു സാഹചര്യമൊന്നും അവര്‍ക്കില്ല. ഒന്നാമതായി, അറബ് ലോകത്ത് നടക്കുന്ന ആഭ്യന്തര സംഘട്ടനങ്ങള്‍ വലിയ അധ്വാനമൊന്നുമില്ലാതെ തന്നെ തങ്ങള്‍ക്കനുകൂലമാക്കാന്‍ വിരോധികള്‍ക്ക് സാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. രണ്ടാമതായി അറബ് ഭരണകൂടങ്ങള്‍ വന്‍ രാഷ്ട്രങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന കേന്ദ്രങ്ങളാണെന്ന അവസ്ഥയും നിലവിലില്ല. പരസ്പര ബന്ധങ്ങളും നയതന്ത്ര താല്‍പര്യങ്ങളും സുസ്ഥിരവും അചഞ്ചലവുമാണ്. പാശ്ചാത്യ താല്‍പര്യങ്ങളെ ഹനിക്കത്തക്ക യാതൊരു സൂചനകളും മേഖലയിലെ ചക്രവാളത്തില്‍ പ്രകടമല്ല. മേഖലയിലെ ഭരണ നേതൃത്വങ്ങള്‍ക്ക് എന്തെങ്കിലും അപായ സന്ദേശമയക്കാന്‍ മാത്രം അവയെ അസ്ഥിരപ്പെടുത്താന്‍ പാശ്ചാത്യ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്ന ഒരു സാഹചര്യവുമില്ല.
ഉപര്യുക്ത പശ്ചാത്തലം വെച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വിലയിരുത്തിയാല്‍ അല്‍ഖാഇദയില്‍ നിന്ന് പുതിയൊരു തലമുറയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഐ.എസ് അത്തരമൊരു പദ്ധതിക്ക് എല്ലാ നിലക്കും അനുകൂലമായ ഇറാഖി സാഹചര്യത്തില്‍ നിന്ന് തന്നെ പൊട്ടിമുളച്ചതാണെന്ന് മനസ്സിലാക്കാനാകും. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഇറാഖി സെല്ലുകളുണ്ടെങ്കിലും തീവ്രവാദ സംസ്‌കാരം ആ നാട്ടില്‍ വേരോടി നില്‍ക്കുന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ഥ്യമത്രേ. സദ്ദാം ഭരണകൂടം അത്തരമൊരു പ്രാകൃതത്വത്തിന്റെയും ക്രൂരതയുടെയും മാതൃകയാണ് കാഴ്ച വെച്ചിരുന്നത്. അതാകട്ടെ സദ്ദാം പുതുതായി സ്വീകരിച്ച ഒരു ശൈലിയുമായിരുന്നില്ല. പണ്ടേയുണ്ടായിരുന്ന രീതി വ്യാപകമാക്കുക മാത്രമായിരുന്നു ആ ഭരണകൂടം. ഇറാഖീ ചരിത്രത്തില്‍ തന്നെ രേഖപ്പെട്ടു കിടക്കുന്നതാണത്. അബ്ബാസി ഖിലാഫത്തിന്റെ തുടക്കത്തില്‍ ബസറ തെരുവുകളില്‍ ഉമവികള്‍ക്ക് ലഭിച്ച വിഹിതം അതായിരുന്നു. വിപ്ലവാനന്തരം ബഗ്ദാദില്‍ ഹാശിമി രാജഭരണകൂടത്തിലെ ഫൈസല്‍ ഒന്നാമനും അദ്ദേഹത്തിന്റെ അമ്മാവന്‍ അബ്ദുല്‍ ഇലാഹും നേരിട്ട വിധിയും ഭിന്നമല്ല. 1957-ല്‍ മുന്‍ ഇറാഖി പ്രധാനമന്ത്രി നൂരി സഈദിന് വന്നുപെട്ട ഗതിയും അതുതന്നെ.
ഫലൂജയില്‍ അമേരിക്കന്‍ സേനക്കും ഇതേ അനുഭവമുണ്ടായി. ഇറാഖികളെ അപമാനിക്കുകയും ചെറുത്തുനില്‍പുകാരെ അബൂഗരീബ് തടവറയില്‍ നിന്ദിക്കുകയും ചെയ്ത അമേരിക്കന്‍ അധിനിവേശവും മാലികീ ഭരണത്തിന്‍ കീഴില്‍ സുന്നികള്‍ വിധേയരായ വിഭാഗീയ അടിച്ചമര്‍ത്തലുകളും പരിഗണിച്ചാല്‍ ഐ.എസ്സിന്റെ പ്രാകൃത നടപടികളില്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ല. അപരനെ നേരിടാന്‍ അവരും പൈതൃകത്തില്‍ നിന്ന് ഹിംസയെ പുറത്തെടുക്കുകയായിരുന്നു. ഇറാഖി സുന്നികള്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ വികാരം അവരും മുതലെടുത്തുവെന്നേയുള്ളൂ. അറബ് ലോകത്തെ പീഡിതരായ വിഭാഗീയവാദികള്‍ക്കും ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്കും ഐ.എസ് പ്രിയങ്കരമായി. അങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് നാം എത്തിച്ചേര്‍ന്നത്.
ഒരു വിദേശ ഉപജാപകനെ തേടുന്നതല്ല ഈ പശ്ചാത്തലം. ഓരോ തല്‍പര കക്ഷിയും അത് മുതലെടുക്കുക എന്നത് സ്വാഭാവികവും മനസ്സിലാക്കാവുന്നതുമാണ്. എന്നാല്‍, ഖിലാഫത്തിന്റെ വീണ്ടെടുപ്പും, അതിന്റെ മാര്‍ഗത്തില്‍ വിലങ്ങടിക്കുകയോ അതിനെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന സകലരുടെയും ഉന്മൂലനവുമാകട്ടെ, 2015-ല്‍ തന്നെ പ്രത്യക്ഷപ്പെടുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്ന 'പ്രതീക്ഷിക്കപ്പെടുന്ന മഹ്ദി' എന്ന സങ്കല്‍പവുമായാണ് അതിന് കൂടുതല്‍ ബന്ധം.
പാശ്ചാത്യ രാജ്യത്ത് വളര്‍ന്ന മുസ്‌ലിം തലമുറയുടെ വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന വിഷയമാണ് ഖിലാഫത്ത്. അവിടെ അവര്‍ അനുഭവിക്കുന്ന വിവേചനവും അപകര്‍ഷബോധവുമാണ് അവരുടെ ഒരു പ്രശ്‌നം. മതവിവരത്തിന്റെ കമ്മിയും അവരുടെ മറ്റൊരു പ്രശ്‌നമാണ്. ഐ.എസ് പദ്ധതികളിലേക്ക് അവര്‍ വേഗം ആകൃഷ്ടരാവുന്നതിന്റെ കാരണം ഇതത്രെ.
ഡോ. ജലാല്‍ അമീന്‍ അഭിപ്രായപ്പെട്ടതിന് വിപരീതമായി ഐ.എസ് ഒരു പ്രാദേശിക നിര്‍മിതിയാകുന്നത് നമ്മെ സന്തോഷിപ്പിക്കുന്ന കാര്യമല്ല. പക്ഷേ, അതാണ് ദുഃഖകരമായ സത്യം. അത് അംഗീകരിക്കാതെ നിര്‍വാഹമില്ല. ഇതര വിഭാഗങ്ങള്‍ അതില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്നതിന് അത് തടസ്സമല്ല എന്ന കാര്യം ഒപ്പം ഞാന്‍ ആവര്‍ത്തിക്കുന്നു.
സിറിയന്‍ ഭരണകൂടത്തിന് വലിയൊരു സേവനമാണ് ഐ.എസ് ചെയ്ത് കൊടുത്തത്. അസദ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങള്‍ ഐ.എസ്സിന്റെ ഭീകര പ്രവര്‍ത്തനങ്ങളേക്കാള്‍ എത്രയോ നിസ്സാരമാണെന്ന് വലിയൊരു വിഭാഗത്തെ ബോധ്യപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. ഫലസ്ത്വീന്‍ പ്രശ്‌നം വിസ്മരിച്ച് ഭീകരതയെ ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്ന ഭയാനകാവസ്ഥയിലേക്ക് അറബ് ലോകത്തെ അവര്‍ എത്തിക്കുകയും ചെയ്തു. ഇതിനൊക്കെ പുറമെയാണ് യൂറോപ്പും അമേരിക്കയും മുതല്‍ ജപ്പാന്‍ വരെ ലോകത്തുടനീളം ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പ്രതിഛായ കളങ്കപ്പെടുത്തിയ അവരുടെ നടപടികള്‍.
അറബ് ലോകത്ത് ഐ.എസ്സിന്റെ രംഗപ്രവേശത്തോടെ സംജാതമായ നിരാശാജനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തും പറയാം. ഒപ്പം, അതിനെക്കുറിച്ച് ഭീതി പരത്താനും സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി അതില്‍ നിന്ന് മുതലെടുക്കാനും ശ്രമിക്കുന്ന ഇതര വിഭാഗങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് പറയാം. എന്നാല്‍ നമ്മുടെ സ്വന്തം പരിസരത്ത് നിന്ന് തന്നെയാണ് അതിന്റെ ഉത്ഭവം എന്ന വസ്തുത നിങ്ങള്‍ക്ക് അവഗണിക്കാനാകില്ല. അടിച്ചമര്‍ത്തലിന്റെയും പീഡനങ്ങളുടെയും പശ്ചാത്തലമാണ് അതിന് ജന്മം നല്‍കിയിട്ടുള്ളതെന്നതും നിങ്ങള്‍ക്ക് നിഷേധിക്കാനാകില്ല. നാം ഏറ്റവും വിലമതിക്കുന്നതിനെ വികൃതമാക്കാന്‍ വേണ്ടി പലജാതി നിരക്ഷരരുടെയും വര്‍ഗീയവാദികളുടെയും പരിഛേദത്തില്‍ നിന്ന് ഏറ്റവും ഗര്‍ഹണീയമായവരെയാണ് അവര്‍ ഉല്‍പാദിപ്പിച്ചത്.
(കടപ്പാട്: അശ്ശുറുഖ്, കയ്‌റോ)
വിവ: വി.എ.കെ
Comments